അരിസ്റ്റോട്ടിലിയൻ ഫിലോസഫിയിൽ പ്രതിപാദിക്കുന്ന 'യൂഡൈമോണിയ '( Eudaimonia ) എന്ന ഗ്രീക്ക് പദത്തിന് സ്വയം കണ്ടെത്തൽ, ആനന്ദം അനുഭവിക്കൽ എന്നൊക്കെയാണർത്ഥം. ധൈര്യപൂർവ്വമായ പ്രവൃത്തികളിലൂടെ കൂടുതൽ നേട്ടങ്ങളിലേക്ക് സഞ്ചരിക്കുക എന്നു കൂടി ഇതിനർത്ഥമുണ്ട്. സാധാരണ ജീവിതത്തിനുമപ്പുറം ജീവിതത്തിലെ ഉയർന്ന ലക്ഷ്യങ്ങളിലേക്കുള്ള സഞ്ചാരമാണ് ഇതിലൂടെ അർത്ഥമാക്കുന്നത്. എബ്രഹാം മാസ്ലോയുടെ 'സെൽഫ് ആക്ച്വലൈസേഷൻ തിയറി'യും മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾക്കും ഉപരി മാനസിക സന്തോഷത്തിലേക്ക് നയിക്കുന്ന ഘടകങ്ങളെക്കുറിച്ച് വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. മനുഷ്യമനസ്സിന്റെ സഞ്ചാരപഥങ്ങൾ അപഗ്രഥിക്കുകയും അത് സൂക്ഷ്മമായി രേഖപ്പെടുത്തുകയും ചെയ്യുന്ന കെ.രേഖയുടെ 'സഞ്ചാരി പ്രാവ് 'എന്ന നോവെല്ലയിലെ ഷാല മിസ്സിന്റെ സഞ്ചാരവും ആനന്ദത്തിേലേക്കും സ്വയം കണ്ടെത്തലിലേക്കുമുള്ള ഒരു യാത്രയാണ്. 

'സഞ്ചാരിപ്രാവി'ലെ ഷാലമിസ്സ് അസാധാരണമായ ഒരു കഥാപാത്രമാണ്. കുട്ടികളുടെ സംഭാഷണത്തിലൂടെയും ഷാലയുടെ മനസ്സിലെ ചിന്തകളിലൂടെയുമാണ് കഥയുടെ ഇതൾ വിടർത്തുന്നത്. കോളേജ് ടൂറിന് കുട്ടികളോടൊപ്പം മറയൂരിലെത്തിയ ഷാല മിസ്സിന്റെ നിഗൂഢമായ ജീവിതത്തിലൂടെയുള്ള ഒരു യാത്രയാണ് ഈ കഥ. കല്യാണം കഴിക്കാതിരുന്നതിനെക്കുറിച്ചും ജെ.എൻ .യുവിൽ പഠിച്ചിരുന്നപ്പോൾ പ്രണയം ഉണ്ടായിരുന്നുവെന്നും ഫ്രീക്കത്തിയാണെന്നും തോന്നുമ്പോൾ ബാഗുമെടുത്ത് എങ്ങോട്ടെങ്കിലും ഇറങ്ങിപ്പോകുമെന്നും ഒക്കെയുള്ള കേട്ടു കേൾവികൾ മുതൽ പഠിക്കുന്ന കാലത്തേ ഒരു കൊച്ചുണ്ടായിയെന്നും പിന്നെ ഭർത്താവുമായി പിരിഞ്ഞതാണെന്നും ഇത്തരത്തിൽ നിരവധി ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കാതെ നിരാശരായിരിക്കുന്ന കുറെ മനുഷ്യർ എപ്പോഴും ഷാലയ്ക്ക് ചുറ്റുമുണ്ട്. എന്നിരുന്നാലും അതിലൊന്നും പിടികൊടുക്കാതെ ആരെയും ഒരു വരയ്ക്കപ്പുറം കടത്താതെ തന്റെ ജീവിതം അവർ അടച്ചു പൂട്ടി സൂക്ഷിച്ചു. അവരുടെ പേര് പോലും ദുരൂഹമാണ്. ക്രിസ്ത്യനാണോ മുസ്ലീമാണോ ഹിന്ദുവാണോ എന്നൊന്നും തിരിച്ചറിയാൻ കഴിയാതെ രഹസ്യമായാണ് അവർ തന്റെ ഐഡന്റിന്റി നിലനിർത്തിയിരിക്കുന്നത്. അടുത്ത റൂമിലിരുന്ന് കുട്ടികൾ തന്നെക്കുറിച്ച് പരിഹസിച്ച് പറയുന്നതെല്ലാം അവർ ശ്രദ്ധിക്കുന്നുണ്ടെങ്കിലും അതിനോടൊന്നും പ്രതികരിക്കുന്നില്ല. മറ്റ് അധ്യാപകരിൽ നിന്ന് വ്യത്യസ്തമായി ഷാല കുട്ടികൾക്ക് പരിപൂർണ്ണ സ്വാതന്ത്ര്യം നൽകാറുണ്ട്. ടൂറിനിടയിൽ കുട്ടികൾ ബിയർ ഒളിപ്പിച്ച് കടത്തി അടിക്കുന്നതൊക്കെ അറിയാമെങ്കിലും ഇടപെടത്തില്ല കുട്ടികളാണെന്ന് കരുതി കണ്ണടയ്ക്കുമെന്ന് കുട്ടികൾ തന്നെ സംസാരത്തിനിടയിൽ സൂചിപ്പിക്കുന്നുണ്ട്.

ഇതിനിടയിൽ ജീപ്പ് ഡ്രൈവർ രാജിനെക്കുറിച്ച് മാലിനി അജിത്ത് എന്ന ക്ലാസ്സിലെ മിണ്ടാപ്പൂച്ചയായ കുട്ടി സംസാരിക്കുന്നത് അടുത്ത മുറിയിലിരുന്ന് ഷാല കേൾക്കുന്നു. മാലിനിക്ക് അയാളോട് ക്രഷ് തോന്നിയെന്നും എന്നാൽ ഷാലമിസ്സ് തങ്ങൾക്കിടയിൽ കയറി ഇരുന്നത് കൊണ്ട് തനിക്കയാളെ ഒന്നു തൊടാൻ പോലും പറ്റിയില്ലെന്നും മല കയറുമ്പോൾ വണ്ടി തിരിച്ചും മറിച്ചുമെടുത്തപ്പോൾ അവർ മുട്ടിയുരുമ്മിയെന്നും പറഞ്ഞ് ചിരിക്കുന്നു. നാട്ടിലേക്ക് മടങ്ങുന്നതിന്റെ തലേ ദിവസം അവർ കുട്ടികളെ കൂട്ടാതെ പുറത്തിറങ്ങി നടന്നു. ഒരു കടും കാപ്പിക്കായി ചായക്കടയിലെത്തിയപ്പോൾ രാജിനെ കണ്ടു. സംസാരത്തിനിടയിൽ അയാൾ അവരെ വീട്ടിലേക്ക് ക്ഷണിക്കുകയും തന്റെ ജീവിത കഥ വെളിപ്പെടുത്തുകയും ചെയ്യുന്നു. ഇരുപത്തിയൊന്നാം വയസ്സിൽ അയാൾ ഈശ്വരി എന്ന സ്ത്രീയെ കല്യാണം കഴിച്ചു. അതിൽ ഒരു മകൻ ഉണ്ടായി സുഖമായി കഴിഞ്ഞു പോകുന്നതിനിടയിൽ ഒരു ഡിസംബർ മാസത്തിലാണ് ദൂരെ നിന്ന് എൻജിനീയർമാരുടെ ഒരു ഗ്രൂപ്പ് അവിടേക്ക് വരുന്നത്. ബാക്കിയുള്ളവരെല്ലാം സന്തോഷിക്കുകയും ആഘോഷിക്കുകയും ചെയ്യുമ്പോൾ അവർ മാത്രം അതിൽ നിന്നെല്ലാം ഒഴിഞ്ഞു നിന്നിരുന്നു. രാജിന് അവരോട് എന്തോ ഒരു അടുപ്പം തോന്നി. അവരോട് വീട്ടുവിശേഷം ചോദിക്കുന്നുവെങ്കിലും തന്റെ ഊരോ പേരോ ഒന്നും തന്നെ അവർ വെളിപ്പെടുത്തിയില്ല. തികച്ചും ദുരൂഹമായ ഒരു കഥാപാത്രമായിരുന്നു അവർ. എന്നാൽ ആരോടോ സംസാരിക്കുന്നതിൽ നിന്ന് അവരുടെ പേര് 'ഇള 'എന്നാണെന്ന് അയാൾ മനസ്സിലാക്കുന്നു. പിന്നീട് അവർ രാജുമായി അടുക്കുകയും രാജിനെ കാണാൻ വരികയും രണ്ടാഴ്ച അയാളോടൊപ്പം റിസോർട്ടിൽ താമസിക്കുകയും ചെയ്തു. ഈശ്വരി കുഞ്ഞിനെയും കൊണ്ട് തന്റെ നാട്ടിലേക്ക് മടങ്ങിപ്പോയി. വീണ്ടും ഡിസംബർ മാസത്തിൽ അവൾ വന്നപ്പോഴുള്ള അവരുടെ പ്രണയത്തിന്റെ ആഴത്തെക്കുറിച്ച്. ' എന്റെ മനസ്സ് നിറയെ പ്രേമമായിരുന്നു .ഭൂമിക്കും ആകാശത്തിനും ഇടയിൽ ഭാരമില്ലാത്ത ശരീരവുമായി ഞാൻ അങ്ങനെ പറന്നു ജീവിച്ചു ' എന്നാണ് അയാൾ ഷാലയോട് പറയുന്നത്.

രാജിന്റെ വീട്ടിലെത്തിയപ്പോഴേക്കും തികച്ചും അപ്രതീക്ഷിതമായ ചില സംഭവങ്ങളായിരുന്നു ഷാലയെ കാത്തിരുന്നത്. ഈശ്വരി തിരിച്ചു വന്നിരുന്നു അതു മാത്രമല്ല എഴുന്നുനിൽക്കുന്ന എല്ലുകൾ മാത്രമുള്ള, തളർന്നു കിടക്കുന്ന പെൺശരീരമായി മാറിയ ഇളയും അവിടെ ഉണ്ടായിരുന്നു. ഒന്നും മനസ്സിലാകാതെ നിന്ന ഷാലയോട് തന്റെ ജീവിതത്തിലുണ്ടായ ദുരന്തത്തെ കുറിച്ച് അയാൾ പറയുന്നു. അടുത്ത വെക്കേഷനും പതിവ് തെറ്റിക്കാതെ ആഘോഷിക്കാനായി ഇള വന്നു. കമ്പത്തും തേനിയിലും മൂന്നാറിലും എല്ലാം അവർ പ്രണയലോലുപരായി യാത്രകൾ ചെയ്തു. പ്രണയത്തിൽ മുങ്ങിയ രാജ് അതിസാഹസികതയോടെ മലയിലേക്ക് വണ്ടി ഇടിച്ചു കയറ്റി. പക്ഷേ അത് പിഴച്ചു പോയിരുന്നു. ഒരു മാസം കഴിഞ്ഞാണ് അയാൾക്ക് ബോധം വന്നത്. പിന്നെയും മാസങ്ങൾ കഴിഞ്ഞാണ് കണ്ണു തുറന്നത് ഇളയെ തിരക്കി ആരും വന്നില്ല. ആ സമയത്ത് രാജിനെന്തോ അപകടം പറ്റി എന്ന തോന്നലിൽ വീട്ടുകാരുടെ എതിർപ്പിനെ മറി കടന്ന് ഈശ്വരി തിരിച്ചു വന്നു. എന്നാൽ തിരുനെൽവേലിയിൽ ഈശ്വരിയുടെ കുടുംബത്തോടൊപ്പം പോയ മകൻ പിന്നീട് തിരിച്ചുവന്നില്ല. അവന്റെ അച്ഛൻ മരിച്ചുപോയി എന്ന് അവൻ കൂട്ടുകാരോടൊക്കെ പറഞ്ഞു കഴിഞ്ഞിരുന്നു. അതുകൊണ്ട് ആ നാട്ടിൽ പോയി മകനെ കാണാൻ രാജിനും കഴിയുന്നില്ല.

തന്നെ ഉപേക്ഷിച്ച് പോയ രാജിനോട് വെറുപ്പില്ലേയെന്നും തന്റെ ഭർത്താവിനെ തട്ടിയെടുത്ത ഇളയോട് വൈരാഗ്യം തോന്നുന്നില്ലേയെന്നുമൊക്കെ ഷാല ചോദിക്കുമ്പോൾ 'ഞാനിപ്പോൾ രാജിന്റെ അമ്മയാണ് ടീച്ചർ. ഇവന്റെ ഭാര്യ ആകുന്നതിനെക്കാൾ നല്ലത് അമ്മയാകുന്നതാ, എനിക്കിപ്പോൾ മൂന്നു മക്കളാണ് ഇവനും ഇവളും പിന്നെ എന്റെ മകനും' എന്നാണ് ഈശ്വരിയുടെ മറുപടി. മാത്രമല്ല ഈ ദുരന്തത്തിന് ശേഷം തന്നെ പുതുജീവിതത്തിലേക്ക് കൊണ്ടു വന്ന ഈശ്വരിയെ രാജ് | 'അമ്മ' എന്നാണ് വിളിക്കുന്നത്. പ്രണയത്തിന് വേണ്ടി കൊലപാതങ്ങൾ പോലും ചെയ്തുകൂട്ടുന്ന ഈ കാലത്ത് ഇത്തരമൊരു പ്രണയകഥ ഷാലയെ വിസ്മയിപ്പിക്കുന്നു. രാജിന്റെ വിചിത്രമായ ഈ സ്‌നേഹം അവളുടെ മനസ്സിലും സ്‌നേഹത്തിന്റെ വിത്തു പാകി. അവനെ ചുംബിക്കണമെന്ന് തോന്നിയെങ്കിലും അധ്യാപികയാണെന്നുള്ള ബോധ്യം അവളെ തടയുന്നു. 'അടുത്ത ഡിസംബറിൽ ഉറപ്പായും ഞാൻ വരും, രാജ് എന്ന് കണ്ണുകൾ കൊണ്ട് പറഞ്ഞൊപ്പിച്ച് അവൾ നടന്നു' എന്ന് പറഞ്ഞാണ് കഥ അവസാനിപ്പിക്കുന്നത്.

സഞ്ചാരസാഹിത്യത്തിന്റെ വളർച്ച മനുഷ്യനെ പുതിയ മൂല്യങ്ങളിലേക്ക്, സ്വയം കണ്ടെത്തലിലേക്ക് പുതിയ തിരിച്ചറിവുകളിലേക്ക് നയിക്കുന്നു. ഹോഡോഫീലിയ ' എന്ന പദം' ഹോഡോ '( യാത്ര ) ഫീലിയ 'സ്‌നേഹം 'എന്നീ രണ്ട് പദങ്ങളിൽ നിന്നാണുണ്ടായത്. ഹോഡോഫീലിയ ( യാത്രയോടുള്ള അദമ്യമായ സ്‌നേഹം) എന്ന ഗ്രീക്ക് പദം ഈ കഥക്ക് ഏറെ അനുയോജ്യമാണ്. തന്റെ അടിസ്ഥാനആവശ്യങ്ങൾ നേടിയതിന് ശേഷം ആന്തരികമായ സൗഖ്യത്തിന് വേണ്ടിയുള്ള ശ്രമങ്ങൾ നടത്തുന്ന മനുഷ്യ മനസ്സിനെ വിവരിക്കുന്നു. അത്തരമൊരു ആന്തരിക സൗഖ്യത്തിന് വേണ്ടിയാണ് താൻ അടുത്ത വർഷം അവിടേക്ക് വരുമെന്ന് ഷാല പറയുന്നത്. തന്റെ ഇഷ്ടങ്ങൾക്കനുസരിച്ച് ധൈര്യപൂർവ്വം ജീവിക്കുന്ന ഷാലയും ഭർത്താവിന്റെ കാമുകിയെ സംരക്ഷിക്കുന്ന ഈശ്വരിയും കാലങ്ങളായി മനസ്സിൽ കൂട്ടിവച്ച വായനക്കാരന്റെ ചില പരമ്പരാഗത, ചിന്താരീതികളെ, കപട സദാചാരത്തെ തകർത്തുകളയുന്നു. പെൺമനസ്സിലെ സ്വാതന്ത്ര്യദാഹത്തിന്റെ, ധൈര്യത്തിന്റെ പുതുതലം കൂടി അവതരിപ്പിക്കുന്ന ഈ കഥ എറെ പുതുമയുള്ളതാണ്.

ഷാലയുടെ ബാഹ്യവും ആന്തരികവുമായ യാത്രകൾ (wanderlust) അവരെ പരിവർത്തനത്തിന് വിധേയയാക്കുന്നു. നിരന്തരമായി കുട്ടികളോടൊപ്പം യാത്രകൾ ചെയ്യാറുണ്ടെങ്കിലും മറയൂരിലേക്ക് നടത്തിയ യാത്രയിലാണ് അവർക്ക് സ്വയം തിരിച്ചറിയാൻ പൂർണമായും കഴിയുന്നത്. സ്വയം ആനന്ദം കണ്ടെത്തുന്നതിലൂടെ നിരവധി ചോദ്യങ്ങളാൽ കലുഷിതമായിരുന്ന മനസ്സിന് ആശ്വാസം ലഭിക്കുന്നു. കഥാപാത്രങ്ങളുടെ മാനസിക തലത്തിൽ ഊന്നിയ രചനാരീതിയാണ് കഥയെ കൂടുതൽ ആകർഷകമാക്കുന്നത്. ഷാല ഒരു സ്റ്റീരിയോ ടൈപ്പ് കഥാപാത്രമേയല്ല. മറയൂരിലേക്കുള്ള യാത്രയ്ക്കുശേഷം അവൾ കൂടുതൽ ശക്തയായി മാറുകയും സമൂഹത്തിലെ പരമ്പരാഗത ചിന്താഗതികളെ നിരാകരിച്ചു കൊണ്ട് പ്രണയം ആസ്വദിക്കാൻ തീരുമാനിക്കുകയും ചെയ്യുന്നു. ഷാല യാത്രയിലൂടെ നേടാൻ ശ്രമിക്കുന്നത് ഫ്രഡറിക് ഷില്ലറുടെ 'Letters upon the Aesthetic Education of Man 'ൽ പറഞ്ഞിരിക്കുന്നതുപോലെ path to moral and perosnal liberation നാണ്. അതുകൊണ്ടുതന്നെയാണ് മറ്റുള്ളവർ രചിക്കുന്ന എല്ലാ കഥകൾക്കും അതീതയായി ഒരു പ്രഹേളികയായി അവർ നിലകൊള്ളുന്നതും.

(ജി.ജി.എച്ച്.എസ്.എസ് വണ്ടൂരിലെ ഇംഗ്ലീഷ് അധ്യാപികയാണ് ലേഖിക)

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi