നിക്ക് വീട്ടില്‍ ഒരു ഇരട്ടപ്പേരുണ്ടായിരുന്നു. പഞ്ചമി, വേറൊന്നും കൊണ്ടല്ല നിര്‍ത്താതെ പതം  പറഞ്ഞു കരയുന്ന  ഒരു നല്ല സ്വഭാവം എനിക്കുണ്ടായിരുന്നതു കൊണ്ടാണ്  അങ്ങനെ വിളിച്ചിരുന്നത്, അങ്ങനെ പതം  പറഞ്ഞു കരയുന്ന ഒരു പഞ്ചമി ചേച്ചി വീടിനടുത്തുണ്ടായിരുന്നു. ഒരു സാധു സ്ത്രീ, ഒറ്റയ്ക്കാണ് താമസം, ആരുമില്ല കൂടെ, നല്ല വെളുത്തു പൂച്ചക്കണ്ണുള്ള ഒരു അമ്പതു അമ്പത്തഞ്ചു വയസ്സുള്ള ഒരു സ്ത്രീ. അവരുടെ ജീവിതമാര്‍ഗം അടുത്തൊരു ഷാപ്പില്‍ അവരുണ്ടാക്കിക്കൊടുക്കുന്ന പലഹാരങ്ങളാണ്. അതില്‍ കായ വറുത്തതും, അരിയുണ്ടയും ഒക്കെ ഉണ്ടാകും. 

To advertise here,

മിക്കവാറും വൈകുന്നേരങ്ങളില്‍ ഒരു വട്ടി  നിറയെ പലഹാരങ്ങളുമായി കൈലിയും ചുവന്ന ബ്ലൗസും ഒരു നേര്യതും തോളിലിട്ട് പഞ്ചമിച്ചേച്ചി വരമ്പത്തൂടെ ഷാപ്പിലേക്കു പോകും. ഞങ്ങടെ വീടിന്റെ അടുത്തെത്തുമ്പം അമ്മച്ചി തിണ്ണയില്‍ ഇരിപ്പുണ്ടെങ്കില്‍ വരമ്പത്തു നിന്ന് തന്നെ ഒരു കാല്‍ മറ്റേ കാലിന്റെ മുന്‍പില്‍ പിണഞ്ഞുവച്ച്  പതം പറയാന്‍ തുടങ്ങും. കുറച്ചു കഴിഞ്ഞു അവരുടെ പരിഭവം പറച്ചിലൊക്കെ കഴിഞ്ഞ് അവര്‍ ഷാപ്പിലേക്കു പോകും. ഒരീസം ഞാന്‍ അമ്മച്ചിയോടു ചോദിച്ചു അവരെന്താ അമ്മച്ചീ ആ വട്ടിയില്‍ കൊണ്ട് പോകുന്നതെന്ന്? അപ്പോള്‍ അമ്മച്ചിയാണ് പറഞ്ഞത് അത് അരിയുണ്ടയാണെന്നും ഷാപ്പില്‍ കൊടുക്കാന്‍ പോകുകയാണെന്നും.

ഷാപ്പും അരിയുണ്ടയും തമ്മില്‍ എന്തു ബന്ധം എന്ന് എനിക്കെത്ര ആലോചിച്ചിട്ടും മനസ്സിലായില്ല. ഷാപ്പില്‍ കള്ളും  കൂട്ടിയടിക്കാന്‍ പപ്പും പൂടേം കളഞ്ഞു കറി വെച്ച കോഴിയും കാടയും അല്ലേ ഉള്ളത്, തന്നെയുമല്ല പഞ്ചമി ചേച്ചിയുടെ അരിയുണ്ട അമ്മച്ചി പണ്ടെനിക്ക് വാങ്ങി തന്നിട്ടുണ്ട്. എന്തൊരു കട്ടിയാണതിന്, പല്ലു പൊട്ടി പോകാഞ്ഞത് ഭാഗ്യം. അത്രയും കടുകട്ടിയായ പാറക്കല്ലു പോലുള്ള അരിയുണ്ട വെച്ച് കള്ളുകുടിയന്മാര്‍ പരസ്പരം എറിഞ്ഞു കളിക്കുമോ? എനിക്ക് അത്ഭുതം തോന്നി. അപ്പോള്‍ അമ്മയാണ് ഷാപ്പിനുള്ളിലെ അരിയുണ്ട വ്യാപാരത്തിന്റെ വാണിജ്യസാധ്യതകളെപ്പറ്റി പറഞ്ഞു തന്നത്.

കള്ളു കുടിച്ച് കാശും കൊടുത്തു എഴുന്നേല്‍ക്കുമ്പോള്‍ അവര്‍ കുപ്പിഭരണികളിലിരിക്കുന്ന അരിയുണ്ടകള്‍ കാണുകയും, അതവരെ വീട്ടിലിരിക്കുന്ന തങ്ങളുടെ കുഞ്ഞുങ്ങളെയും, വീട്ടുകാരെയും ഓര്‍മ്മിപ്പിക്കുകയും, ആ ഓര്‍മ്മപ്പെടുത്തല്‍ ഈ അരിയുണ്ടകള്‍ വാങ്ങാന്‍ അവരെ പ്രലോഭിപ്പിക്കുകയും ചെയ്യും. അങ്ങനെയാണ് അവര്‍ അത് വാങ്ങാന്‍ നിര്‍ബന്ധിതരാകുന്നത്.അരിയുണ്ടകളും വാങ്ങി വീട്ടില്‍ പോകുന്ന വഴിക്ക് ഇരുട്ടില്‍  പമ്മി നില്‍ക്കുന്ന പട്ടികളെ എറിയുവാനും ഈ അരിയുണ്ടകള്‍ പ്രയോജനപ്പെടുത്താമല്ലോ.