
നാല് മക്കളായിരുന്നു അമ്മമ്മയ്ക്ക്. ഏറ്റവും ഇളയ മകനെ ഗര്‍ഭിണിയായിരിക്കുമ്പോഴാണ് അമ്മച്ഛന്‍ മരിക്കുന്നത്.നാലുപേരില്‍ ആദ്യം വല്യമ്മ ലീല. രണ്ടാമത്തെയാളാണ് അമ്മ. അമ്മയുടെ നേരെ താഴെയാണ് പ്രഭാവതി എന്ന പ്രഭ.മൂന്ന് പെണ്‍കുട്ടികള്‍ക്ക് ശേഷം അച്ഛനെ കാണാന്‍ യോഗമില്ലാതെ പോയ നാലാമന്‍, സത്യനാരായണന്‍. അമ്മമ്മയുടെ പുന്നാര ചെക്കന്‍, എന്റെ ഒരേയൊരു അമ്മാവന്‍.
ഭര്‍ത്താവ് മരിച്ചതിന് ശേഷം അമ്മമ്മ ആങ്ങളമാരുടെ അടുത്തേക്ക് തിരിച്ചു വന്നു. നാല് മക്കളും വളര്‍ന്നത് തറവാട്ടിലാണ്. അമ്മയും അനിയത്തി പ്രഭയും വലിയ കൂട്ടായിരുന്നു.വിലാസിനിക്ക് രണ്ടാമത്തേത് ഇരട്ടകളാണ് എന്ന് തെറ്റിദ്ധരിക്കും വിധം അവര്‍ എപ്പോഴും ഒരുമിച്ചായിരുന്നു. കാഴ്ച്ചക്കും ഒരുപോലെ.രണ്ടുപേര്‍ക്കും മുട്ടിറങ്ങി കിടക്കുന്ന തഴച്ച മുടി.പശുവിന് പുല്ലരിയാനും പാടത്ത് പുല്ലു പറിക്കാനും തയ്യല്‍ പഠിക്കാനും എന്തിനും ഏതിനും അവരൊരുമിച്ചായിരുന്നു.
അവരുടെ ഏറ്റവും ഇളയ അമ്മാവന്റെ മകന് പോളിയോ കൊടുക്കാന്‍ അമ്മയെ അമ്മായി കൂട്ടിനു വിളിച്ചു. "ഞാന്‍ പോവാം ചേച്ചീ" എന്ന് ആ ജോലി പ്രഭമേമ ഏറ്റെടുക്കുകയായിരുന്നു. അവര്‍ യാത്ര ചെയ്ത ബസ് വഴിയില്‍ അപകടത്തില്‍ പെട്ടു. തലയില്‍ ആഴത്തില്‍ മുറിവേറ്റ പ്രഭമേമ മരിച്ചു. തലമുടിയുടെ കട്ടി കാരണം മുറിവ് കാണാന്‍ വൈകിയതാണത്രേ. പ്രഭമേമയുടെ ശരീരം തറവാട്ടുവീട്ടിലെ വരാന്തയില്‍ കിടത്തിയപ്പോള്‍ അമ്മ കരഞ്ഞില്ല. "ഞാന്‍ പോവാം എന്ന് പറഞ്ഞതല്ലേ പ്രഭേ" എന്നുമാത്രം ചോദിച്ചു. അനക്കമില്ലാതെ, ഉറങ്ങാതെ, ആഹാരം കഴിക്കാതെ ഒരേ ഇരിപ്പിരുന്നു. "എന്റെ കുട്ടി" എന്ന് അമ്മമ്മ ആ ദിവസത്തെ ഓര്‍ക്കുമ്പോഴൊക്കെ കരഞ്ഞു. അനിയത്തിയുടെ കുഴിമാടത്തില്‍ ചെടികള്‍ നട്ടുപിടിപ്പിച്ചും അവിടം പുല്ലു പറിച്ച് വൃത്തിയാക്കിയുമാണ് അമ്മ അച്ഛന്റെ കൂടെ പോരുന്ന കാലം വരെ ജീവിച്ചത്.
ആ അപകടത്തിന്റെ നഷ്ടപരിഹാരത്തുക കൊണ്ട് വാങ്ങിയ വീട്ടിലാണ് ഞങ്ങള്‍ എല്ലാവരും പിന്നീട് കഴിഞ്ഞത്. അവര്‍ക്ക് അത് വെറും വീടായിരുന്നില്ല. ഞങ്ങളുടെ പ്രഭയുടെ ജീവന്റെ വിലയാണിത്, അവര്‍ വീടിനെ ചൂണ്ടിക്കാണിച്ചു. ഞങ്ങള്‍ക്കൊരു വീടുണ്ടാവാന്‍ കൂട്ടത്തിലൊരാള്‍ പോവേണ്ടി വന്നു എന്ന് പറയുമ്പോള്‍ അവരുടെ കണ്ണും മനസ്സും കലങ്ങി. കിണറും വഴിയും കറന്റുമില്ലാത്ത ആ വീട്ടിലാണ് നീണ്ട ഇരുപത് വര്‍ഷം ജീവിച്ചത്.
വഴിയില്ല എന്ന് പറയാനാവില്ല, ഒരാള്‍ക്ക് കഷ്ടിച്ച് നടന്നു കയറാന്‍ പറ്റുന്ന, വേലിച്ചെടി വകഞ്ഞു മാറ്റിയാല്‍ മാത്രം കാണുന്ന ഒരിടവഴിയുണ്ട്. അത് മറ്റൊരു വീടിന്റെ വഴിയിലേക്ക് മുട്ടും. അവിടെയെത്തുമ്പോള്‍ ഞാന്‍ നടക്കാറില്ല. ഓടും. ഇത് ഞങ്ങളുടെ വഴിയാണ് ഇതിലേ നടക്കരുത് എന്നവര്‍ പറയുമോ എന്നു പേടിച്ചാണ് ഓരോ തവണയും ആ വഴി കടന്നത്.
അയല്‍വക്കത്തെ വീടുകളില്‍നിന്ന് വെള്ളം ചുമന്നാണ് പകലുകളുടെ പകുതിയും തീര്‍ന്നു പോയത്. ഒരാള്‍ വെള്ളം കോരി അലുമിനിയം കുടങ്ങളില്‍ നിറയ്ക്കും ബാക്കിയുള്ളവര്‍ അത് ചുമന്ന് വീട്ടിലെത്തിക്കും. കന്നാസുകളും ഡ്രമ്മുകളും നിറഞ്ഞു കഴിഞ്ഞാല്‍ അമ്മ ഓരോ ചെറിയ പാത്രങ്ങളില്‍ കൂടി നിറയ്ക്കും. അഞ്ചാറു പേരുള്ള വീട്ടില്‍ ഒരു ദിവസം എത്ര വെള്ളം വേണമെന്നോ! വെള്ളം കരുതി ഉപയോഗിച്ചില്ലെങ്കില്‍ അമ്മക്ക് കലി വരും."വെറുതെ കിട്ടണതാന്ന് പറഞ്ഞിട്ട് കാര്യല്ല. അയലോക്കക്കാരുടെ മോന്തേം മോറും കണ്ടിട്ട് വേണം ഇത് ഏറ്റി കൊണ്ടു വരാന്‍. അതിന് വല്യ രസം ഒന്നൂല്ല." അമ്മ പറയും.
ഒരു കുടം നിറച്ച് അടുത്തത് നിറയ്ക്കാന്‍ ചെല്ലുമ്പോഴേക്ക് കപ്പിയും കയറും ഊരി വച്ചവരുണ്ട്. പറമ്പിലേക്ക് കയറാതിരിക്കാന്‍ ഇല്ലിക്കമ്പ് അതിരില്‍ നിരത്തിയവരുണ്ട്. "മൂപ്പര് പറഞ്ഞു ഇനി വെള്ളം കോരാന്‍ വരണ്ടന്ന്" എന്നുപറഞ്ഞു വാതിലടച്ചവരുണ്ട്. വേനല്‍ക്കാലം കഠിനമായിരുന്നു. എവിടെ പോവും വെള്ളത്തിന് എന്ന് അമ്മ നിന്നുരുകി.
"മണ്ണെണ്ണ തീര്‍ന്നാല്‍ നാളെ ഇരുട്ടത്ത് ഇരിക്കേണ്ടി വരും, മതി വായിച്ചത്" എന്ന് വിളക്കൂതുമ്പോള്‍ അമ്മ സങ്കടപ്പെട്ടിരിക്കില്ലേ? വെള്ളം കെട്ടികൊണ്ടുവരേണ്ടാത്ത, വഴി നടക്കാന്‍ ആരെയും പേടിക്കേണ്ടാത്ത, ഇരുട്ട് ഭയപ്പെടുത്താത്ത ഒരു വീട് അമ്മയും ഞാനും കുടം ഒക്കത്തു വച്ച് ഒരു വശത്തേക്ക് ചെരിഞ്ഞു നടക്കുമ്പോള്‍ സ്വപ്നം കണ്ടിട്ടുണ്ട്. എന്തൊരു ജീവിതമാണിത് എന്നിടയ്ക്ക് നിരാശ തോന്നുമ്പോള്‍ ഞാന്‍ വെറുതെ പൈപ്പ് തുറന്നു നോക്കും. ഒഴുകുന്ന വെള്ളത്തിനു താഴെ തണുക്കുവോളം നില്‍ക്കും. അടുക്കളയിലെ പാത്രങ്ങള്‍ തുറന്നു നോക്കും. എല്ലാം പകുതിയെങ്കിലും നിറഞ്ഞിരിക്കുന്നത് കാണും. ഉടുപ്പുകള്‍ അടുക്കി വച്ച നിറഞ്ഞ അലമാര തുറന്നു നോക്കും.വായിക്കാനും എഴുതാനുമായി ഞാനൊരുക്കി വച്ച മുറിയില്‍ പോയിരിക്കും.തഴമ്പുകള്‍ മാഞ്ഞ കൈപ്പടങ്ങള്‍ നോക്കും. നിറമുള്ള ഉടുപ്പുകളില്‍ ചിരിക്കുന്ന അമ്മയുടെ ചിത്രം നോക്കും. ചുമരുകളില്‍ തൂക്കിയ ഞങ്ങളുടെ ചിരിമുഖങ്ങള്‍ കാണും.
അനിയനെ വിളിക്കും, അവന്റെ പ്രസരിപ്പുള്ള ശബ്ദം കേള്‍ക്കും. "എന്താടീ ചേച്ച്യേ" എന്നവന്‍ വിളിക്കുമ്പോ "ഒന്നൂല്ലടാ, അവടെ കുഴപ്പം ഒന്നൂല്ലല്ലോ" എന്ന് ചോദിക്കും. ഇവടെ എല്ലാം ഉഷാറല്ലേ എന്ന് കേള്‍ക്കാന്‍.നമ്മളിത്ര കാലം അനുഭവിച്ച അത്രയും ഇനിയെന്തായാലും ഉണ്ടാവില്ല എന്നവന്‍ ഓരോ പ്രതിസന്ധികളിലും ഓര്‍മ്മിപ്പിക്കും. അതാണ് നിങ്ങളെയും ഓര്‍മ്മിപ്പിക്കുന്നത്, നിരാശപ്പെടരുത്. ജീവിതം ബെറ്റര്‍ ആയില്ലേ എന്നു മാത്രം നോക്കുക. പഴയ മുറിവുകളില്‍ തൊട്ട് ഉണക്കമായില്ലേ എന്നും. പുതിയ മുറിവുകളെ സൂക്ഷമതയോടെ കരുതുക. ജീവിതത്തെയും. കൂടുതല്‍ സമാധാനത്തില്‍ പുലരാന്‍ വേണ്ടത് ചെയ്യുക. തുടരുക.
(തുടരും)
Content Highlights: praveena narayanan shares ormaperumkoottam childhood memories about home
Published: 05 Apr 2025, 03:17 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented