പുഴ ജീവിതത്തെ സ്വാധീനിച്ച പോലെ തന്നെ അമ്പലവും ഞങ്ങളുടെ ജീവിതത്തില്‍ ഇടപെട്ടു. ഓണവും വിഷുവും പെരുന്നാളും പോലെ ഞങ്ങള്‍ ഉത്സവങ്ങളും പള്ളിപ്പെരുന്നാളുകളും ആഘോഷിച്ചു. കാത്തിരിക്കാന്‍ അവസരങ്ങള്‍ വളരെ കുറവായിരുന്നു അന്ന്. ചെലവില്ലാതെ, ഒരുപാട് അധ്വാനിക്കാതെ, സമാധാനമായി ആസ്വദിക്കാന്‍ പറ്റുന്ന ഒരവസരമായിരുന്നു അമ്പലത്തിലെ ഉത്സവം.

To advertise here,

വൃശ്ചിക മാസത്തില്‍ അഖണ്ഡനാമവും കുംഭത്തില്‍ ശിവരാത്രിയുമാണ് പ്രധാന ഉത്സവങ്ങള്‍. നിലം ഒരുക്കി ചാണകം മെഴുകി നാല് വശത്തും കമുകിന്റെ പൊളി കൊണ്ട് അതിര് തിരിച്ച് കളം ഒരുക്കും. നടുവില്‍ അല്പം ഉയരത്തില്‍ പീഠം.അവിടെയാണ് അഖണ്ഡനാമം നടത്തുക. വൃശ്ചികത്തിലെ ഏതെങ്കിലും ശനിയാഴ്ച്ചയാണ് തിയ്യതി കണ്ടെത്തുക. പ്രദേശത്തെ അയ്യപ്പക്ഷേത്രങ്ങളില്‍ ഒരേ ദിവസം ചടങ്ങ് വരാതെ ഭാരവാഹികള്‍ ശ്രദ്ധിക്കും.

ഒരു പുലരി മുതല്‍ അടുത്ത ദിവസം പുലരി വരെ മുറിയാതെ നാമജപം നടക്കുന്ന ആചാരമാണ് അഖണ്ഡനാമം

അയ്യപ്പനെ സ്തുതിക്കുന്ന,
ഭൂതനാഥ സദാനന്ദ
സര്‍വഭൂത ദയാപര
രക്ഷ രക്ഷ മഹാബാഹോ
ശാസ്‌തേ തുഭ്യം നമോ നമഃ
എന്ന സ്തുതിയാണ് ആവര്‍ത്തിച്ച് പാടുക.

ഗായകര്‍ ഒരു വശത്ത് ഒതുങ്ങി നില്‍ക്കും. ഇലത്താളവും ഗഞ്ചിറയുമാണ് വാദ്യങ്ങള്‍. നടുവിലെ പീഠത്തില്‍ മാലയിട്ട ഒരു ഭക്തന്‍ തംബുരുവുമായി നില്‍ക്കും. അതാണ് നാരദന്‍. മറ്റു സ്വാമിമാരും മാളികപ്പുറങ്ങളും ( വ്രതമെടുത്ത് മാലയിട്ട ഭക്തനെ സ്വാമി എന്നും ഭക്തയെ മാളികപ്പുറം എന്നുമാണ് വിളിക്കുക) വൃത്തത്തില്‍ ഒന്നോ രണ്ട് ചുറ്റുകളായി നില്‍ക്കും. സ്തുതി ആദ്യം വളരെ പതുക്കെ ചൊല്ലി തുടങ്ങും. താളത്തില്‍ വട്ടം ചുറ്റിക്കൊണ്ട് ഭക്തര്‍ ഒരു പ്രത്യേക നൃത്തം ചെയ്യും. ആരോഗ്യവും പ്രായവും അനുസരിച്ച് നൃത്തത്തിന്റെ ചുവടുകള്‍ മാറും.

വയസായവര്‍ വെറുതെ വട്ടത്തില്‍ നടന്ന് കൈ കൊട്ടുകയേയുള്ളൂ. പക്ഷേ ചെറുപ്പക്കാര്‍ തങ്ങളുടെ മുഴുവന്‍ താളബോധവും മെയ് വഴക്കവും പുറത്തെടുക്കും. സ്തുതി പതുക്കെ വേഗം കൂടിക്കൂടി വരും. കണ്ടുനില്‍ക്കുന്നവര്‍ക്ക് പോലും ചുവട് വയ്ക്കാന്‍ തോന്നുന്ന തരത്തിലൊരു ലഹരി ആ ആട്ടത്തിന് ഉണ്ടായിരുന്നു. ഞങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് ചുവട് വയ്ക്കുന്നവരില്‍ ചിലരോട് ആരാധനയും ഉണ്ടായിരുന്നു. വിയര്‍ത്തു തിളങ്ങുന്ന ഉറച്ച ചില ശരീരങ്ങള്‍ പെണ്‍കുട്ടികള്‍ പ്രേമത്തോടെ നോക്കി. സുന്ദരികളായ പെണ്‍കുട്ടികള്‍ നോക്കുന്നു എന്നറിയുമ്പോള്‍ ചെറുപ്പക്കാരായ സ്വാമികള്‍ പുതിയ ചുവടുകള്‍ അവതരിപ്പിച്ചു. ബ്രഹ്‌മചര്യം അനുഷ്ഠിക്കുന്ന സ്വാമിമാരെ അങ്ങനെ നോക്കുവാന്‍ പാടില്ല എന്ന് പെട്ടെന്ന് ഓര്‍മ്മ വരുന്ന ഞങ്ങള്‍ മനസ്സില്‍ അയ്യപ്പനോട് മാപ്പിരന്നു.ഏറ്റവും ഉച്ചസ്ഥായില്‍നിന്ന് സ്തുതി വേഗം കുറയുന്നതോടെ ഒരു റൗണ്ട് അവസാനിക്കും.ഗായകരും ചുവട് വയ്ക്കുന്നവരും മാറി മാറി വരും.

അങ്ങനെ നിലക്കാത്ത ജപം പിറ്റേന്ന് പുലരി വരെ തുടരും. അന്ന് ചൂണ്ടി കാണിച്ച് ചിണുങ്ങുന്ന വളകളോ മാലകളോ കളിപ്പാട്ടങ്ങളോ ശിവരാത്രിക്ക് വാങ്ങി തരാം എന്ന വാഗ്ദാനം കിട്ടും. പിന്നീട് കാത്തിരിപ്പാണ്. പുറത്തിറങ്ങാന്‍ വിലക്കില്ലാതെ ഒരു മുഴുവന്‍ രാത്രിയാണ് കിട്ടുന്നത്. കണ്ണെത്തുന്നിടത്ത് മുഴുവന്‍ പരിചയക്കാരായിരുന്നു, അപകടഭീതി ഒട്ടുമില്ലായിരുന്നു. കുട്ടികള്‍ കൂട്ടമായി അമ്പല പറമ്പില്‍ അലഞ്ഞു നടന്നു. ഒന്ന് രണ്ടെണ്ണം 'വീശു'മ്പോള്‍ സ്‌നേഹം കൂടുന്ന നാട്ടിലെ മാമന്മാര്‍ ഞങ്ങള്‍ക്ക് പൊരിയും കടലയും വാങ്ങി തന്നു.

അമ്പലത്തിന് പുറകില്‍ റബ്ബര്‍ തോട്ടമാണ്. അവിടെയാണ് ആനകളെ തളയ്ക്കുക. പരമാവധി രണ്ട് ആനകള്‍. കൂരിരുട്ടില്‍ അവ ചെവിയുടെ അനക്കം മാത്രമായി കുട്ടികളെ പേടിപ്പിച്ചു. ഇത്രയും വലിയ ആനയെ ഒരു വടിത്തുമ്പില്‍ അടക്കി കൊണ്ടുനടക്കുന്ന പാപ്പാനോട് ഞങ്ങള്‍ വീരാരാധന സൂക്ഷിച്ചു. ആനപ്രേമികള്‍ റബ്ബര്‍ തോട്ടത്തിലും മേളപ്രേമികള്‍ നടപ്പന്തലിലും കൂട്ടംകൂടി നിന്നു.

ഞങ്ങളുടെ പ്രിയപ്പെട്ട സ്ഥലം കടകളായിരുന്നു. കടയെന്ന കനമുള്ള പേര് അതിന് ചേരുകയേയില്ല. പീടിക എന്ന് ഞങ്ങളവയെ വിളിച്ചു. വളപ്പീടിക, കളിപ്പാട്ടപ്പീടിക, അലുവപ്പീടിക....

ശിവരാത്രിയുടെ പിറ്റേന്ന് വന്നു നോക്കിയാല്‍ അങ്ങനെയൊരു പീടിക അവിടെ ഉണ്ടായിരുന്നു എന്ന് തോന്നുകയേയില്ല. താത്കാലിക ഷെഡുകളായിരുന്നു അവ. ഒരമ്പലത്തില്‍ നിന്ന് മറ്റൊരു അമ്പലത്തിലേക്കോ പള്ളിയിലേക്കോ അവ സഞ്ചരിച്ചു.

പെണ്‍കുട്ടികള്‍ കുപ്പിവള പീടികയുടെ മുന്‍പില്‍ വട്ടമിട്ടു നിന്നു. വളകളുടെ ധാരാളിത്തത്തില്‍ അവര്‍ക്ക് കണ്ണഞ്ചി. ഒറ്റ നിറത്തിലുള്ളവ, ഇടയില്‍ സ്വര്‍ണപ്പൊട്ടുകളുള്ളവ, ഒരേ വളയില്‍ രണ്ട് നിറഭേദങ്ങള്‍, പലനിറ വളകള്‍ ഒറ്റ സെറ്റാക്കിയത്, കൊത്തുകളുള്ളവ, പുറംവശം ചതുരത്തിലുള്ളത്, ഒരേ നിറത്തിന്റെ പല വകഭേദങ്ങള്‍.... ശ്രദ്ധ തെറ്റിയാല്‍ ചെട്ടിച്ചി ( വള വില്പനക്കാരികളെ വിളിക്കുന്ന പേര്, അതൊരു ജാതീയ അടയാളപ്പെടുത്തലാണോ എന്നറിയില്ല) നമ്മുടെ കൈ പ്രത്യേക രീതിയില്‍ ഒറ്റ കൈ കൊണ്ട് ഒതുക്കി വള ഇട്ടു തരും. നമുക്ക് തിരഞ്ഞെടുക്കാനുള്ള സമയം തരില്ല. ഏതെങ്കിലും ഒരു വളയില്‍ തോടേണ്ട താമസം നമ്മുടെ കൈ അവരുടെ കയ്യില്‍ ഒതുങ്ങും, വളയിടലും കഴിയും. കച്ചവടം നഷ്ടമാവാതിരിക്കാനുള്ള അവരുടെ തന്ത്രമാണ്. കുട്ടികള്‍ മിക്കപ്പോഴും അതില്‍ വീഴും. അമ്മമാരും ചേച്ചിമാരും കടുത്ത സ്വരത്തില്‍, 'ഞങ്ങള്‍ നോക്കി തീര്‍ന്നില്ല' എന്ന് പറഞ്ഞ് കൈ വലിക്കും. ആ ധൈര്യം കാണിക്കുന്നവര്‍ക്ക് മാത്രം ഇഷ്ട വളകള്‍ സ്വന്തമാക്കാം. ചെട്ടിച്ചികള്‍ ഇട്ടാല്‍ എത്ര ചെറിയ വളയും കയ്യില്‍ കേറും. രണ്ട് വിരലുകളിക്കിടയില്‍ ഓരോ വളകള്‍ വച്ച് ഇളക്കി, പൊട്ടലില്ല എന്നുറപ്പു വരുത്തി അവര്‍ സോപ്പോ എണ്ണയോ ഒന്നുമില്ലാതെ നിസ്സാരമായി ചെറിയ വളകള്‍ ഇട്ടു തന്നു.

പുരുഷന്മാര്‍ വളയിട്ടു തരുന്ന കടകള്‍ക്ക് മുന്‍പില്‍ തിരക്ക് കുറവായിരുന്നു. കണ്ണില്‍ കണ്ട ചെക്കന്മാരുടെ മുന്‍പില്‍ പോയി കയ്യും നീട്ടി നിക്കരുത് എന്ന, അച്ഛന്റെയോ ആങ്ങളുടെയോ കാമുകന്റെയോ ഭര്‍ത്താവിന്റെയോ താക്കീത് ഓര്‍മയുള്ള പെണ്ണുങ്ങള്‍ ആ ഭാഗത്തേക്ക് പോയതേയില്ല. 'തെറിച്ചവള്‍' എന്ന പേര് കിട്ടിയ അതീവ ധൈര്യവതികള്‍ മാത്രം വളകളുടെ ഭംഗി മാത്രം നോക്കി. ചെട്ടിച്ചിയോ ചെട്ടിയാരോ എന്നത് അവര്‍ ശ്രദ്ധിച്ചില്ല.

അരിമണിയിലും ചിരട്ട മോതിരത്തിലും മറ്റും പേരെഴുതി തരുന്ന പീടികയാണ് തിരക്കുള്ള മറ്റൊരു സ്ഥലം. ഭംഗിയുള്ള തിളങ്ങുന്ന മഞ്ഞ മഷിയില്‍ മോതിരത്തിന്റെ പരന്ന മുകള്‍ വശത്ത് പേരെഴുതി തരും. കാമുകന്റെയോ കാമുകിയുടെയോ പേര് എഴുതി വാങ്ങി ചിലര്‍ രഹസ്യമായി സൂക്ഷിച്ചു വച്ചു. ആദ്യത്തെ വിവാഹമോതിരം! കുറേക്കൂടി സൗന്ദര്യബോധമുള്ളവര്‍ ഒരേ അരിമണിയില്‍ രണ്ട് പേരുടെയും പേര് കൊത്തി വാങ്ങിയത് ചെറിയ ചില്ലുകുപ്പിയില്‍ ഇട്ടടച്ചു വാങ്ങി. സൂക്ഷിച്ചു നോക്കിയാല്‍ മാത്രം ആ അക്ഷരങ്ങള്‍ കാണാം. എന്തെന്ത് പ്രണയ മോഹങ്ങള്‍ ആ പീടികകള്‍ക്ക് ചുറ്റും നിരന്നു നിന്നു! മോഹവസ്തുക്കള്‍ ഇനിയുമുണ്ട് ഉത്സവപ്പറമ്പില്‍.

പറയാം.
(തുടരും)
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi