
വര- ശ്രീലാൽ എ.ജി.
ജനിച്ചു വളര്‍ന്ന നാട്ടില്‍ മൂന്ന് തിയറ്ററുകള്‍ ഉണ്ടായിരുന്നു. രണ്ടെണ്ണം ഓര്‍മ്മ വച്ചപ്പോഴേയുണ്ട്. ആനന്ദ്, സരണി എന്നിങ്ങനെയായിരുന്നു പേരുകള്‍. മൂന്നാമത്തേത് ഞാന്‍ പത്തിലോ മറ്റോ പഠിക്കുമ്പോഴാണ് വന്നത്, നാദം എന്നായിരുന്നു പേര്. സിനിമാഹാള്‍ ചുരുങ്ങിയത് ആയിരിക്കണം, സിനിമാള് എന്നാണ് ഞങ്ങള്‍ അവയെ വിളിക്കാറ്.
തിയറ്ററുകള്‍ ഉള്ളതിന്റെ പേരില്‍ കൂട്ടുകാര്‍ക്കിടയില്‍ ഞങ്ങള്‍ പൂക്കോട്ടുംപാടത്തുകാര് കാണിച്ച തലക്കനം കുറച്ചൊന്നുമല്ല. എങ്കിലും, പുതിയ പടങ്ങള്‍ കാണാന്‍ റിലീസിന് ശേഷം രണ്ടോ മൂന്നോ ആഴ്ച്ചയോ ചിലപ്പോള്‍ മാസങ്ങള്‍ തന്നെയോ കാത്തിരിക്കേണ്ടി വരും. ആ സമയം കൊണ്ട് നിലമ്പൂര്‍ പോയി സിനിമകള്‍ കണ്ടു വന്ന കുരുത്തംകെട്ട കൂട്ടുകാരുടെ സിനിമാക്കഥ പറച്ചിലില്നിന്ന് രക്ഷപ്പെടല്‍ അല്പം ശ്രമകരമായ പണിയാണ്. സസ്പെന്‍സ് ത്രില്ലറുകളുടെ മുഴുവന്‍ രസവും കെടുത്തിക്കളയും ആ കാഥികര്‍. തിയറ്ററുകളില്‍ പോയി സിനിമ കാണാന്‍ ഭാഗ്യമില്ലാത്തവര്‍ ഒഴിവുള്ള പിരീയഡുകളില്‍ കഥ കേള്‍ക്കാന്‍ അവരുടെ ചുറ്റും കൂടും.
'ഓ,അവന്റെയൊക്കെ ഒരു ഗമ, ആനന്ദില്‍ വരട്ടെ, അന്ന് തന്നെ പോയി കാണും' എന്ന് ഞങ്ങള്‍ മുഖം കോട്ടും.
വൈകീട്ട് അഞ്ച് മണിയൊക്കെ ആവുമ്പോള്‍ തിയറ്ററുകളില്‍ ഉറക്കെ പാട്ട് വയ്ക്കുന്ന പതിവുണ്ട് അന്നൊക്കെ. എസിയും സൗണ്ട് പ്രൂഫിങ്ങും ഒന്നും ഇല്ലാത്തതുകൊണ്ട് സിനിമയുടെ മുഴുവന്‍ ശബ്ദവും പുറത്തുകേള്ക്കും.
‘സിനിമാളിന്റടുത്ത് വീടുള്ളവര്‍ക്ക് എന്ത് സുഖാ, ശബ്ദരേഖ കേള്‍ക്കാലോ!’
എന്ന് അസൂയപ്പെടും ഞാനും മണിക്കുട്ടിയുമൊക്കെ ആ പാട്ട് കേള്‍ക്കുമ്പോള്‍.
'ന്നാ പുറപ്പെട്ടോളീ പോവാ'
അച്ഛന് ചില ദിവസം പെട്ടെന്ന് വന്ന്പറയും. സിനിമയ്ക്ക് പോവാം എന്നാണ് അതിനര്‍ത്ഥം. ഞാനും അനിയനും അതോടെ വെപ്രാളത്തിലാവും. അവന് ഒറ്റഓട്ടത്തിന് 'ഞങ്ങള്‍ സിനിമയ്ക്ക് പോവാ' എന്ന് കൂട്ടുകാരെ അറിയിച്ചിട്ട് വരും.
വൈകാതിരിക്കാന്‍ അമ്മയുടെ സാരിയുടെ മാച്ചിങ് ബ്ലൗസ് തിരഞ്ഞെടുത്ത് കൊടുത്തും, അമ്മമ്മയ്ക്ക് മുണ്ട് പിടിച്ചു കൊടുത്തും അച്ഛന്റെ ഷര്‍ട്ടും മുണ്ടും തേച്ചു കൊടുത്തും ഞാന്‍ ഓടിനടക്കും,
‘വേഗം അമ്മേ, വേഗം’ എന്ന് ഇടതടവില്ലാതെ പറയും. ‘ഈ പെണ്ണിത് തപ്പില് എലി കുടുങ്ങിയ മാതിരി ന്ന്’ അവര്‍ അരിശപ്പെടും.
ഞങ്ങള്‍ കുട്ടികള്‍ വേഗത്തില്‍ മുന്നില്‍ നടന്നും പതുക്കെ മാത്രം പുറകെ വരുന്നവരെ കാത്തുനിന്നും അക്ഷമരാവും. സിനിമയുടെ നേരം കണക്കാക്കി വഴിയില്‍ കാണുന്ന പരിചയക്കാര്,
‘ആ, മാറ്റിനിക്കായിരിക്കും ലേ?’
‘ഫസ്റ്റിനാ?’
‘എന്തേ സെക്കന്‍ഡ് ആക്കീ, കുട്ടികള്‍ ഉറങ്ങില്ലേ’
എന്നൊക്കെ കുശലം ചോദിക്കും.
രണ്ട് തിയറ്ററിലും അച്ഛന്റെ പരിചയക്കാരായിരിക്കും ടിക്കറ്റ് മുറിക്കാന്‍ നില്‍ക്കുന്നത്. അച്ഛനെ കണ്ടാല്‍ ടിക്കറ്റിന് പൈസ വാങ്ങില്ല. അതുകൊണ്ട് ഞാനോ അനിയനോ ആ പണിക്ക് നിയോഗിക്കപ്പെടും. സിനിമ തുടങ്ങുന്നതിന് അര മണിക്കൂര്‍ മുന്‍പേ ടിക്കറ്റ് കൊടുക്കൂ. സമയം ആയാല്‍ ഒരു നീണ്ട ബെല്ലടിക്കും. അതോടെ അനാവശ്യമായ ഒരു തിരക്കുണ്ടാവും, വരി നില്ക്കുന്നവര്ക്കിടയില്. ഒരു കൈ മാത്രം കടത്താവുന്ന ചെറിയ വിടവിലൂടെ കയ്യിട്ട് ടിക്കറ്റ് വാങ്ങി കഴിയുമ്പോള്‍ അച്ഛന് പ്രത്യക്ഷപ്പെടും. കയ്യില്‍ കൊറിക്കാനുള്ള കടലയോ മറ്റോ കാണും.
പരസ്യങ്ങള്‍ മുതല്‍ കാണണം എന്ന് നിര്‍ബന്ധമാണ് എല്ലാവര്ക്കും. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് സ്ക്രീനില്‍ തെളിഞ്ഞാല്‍ പെട്ടെന്ന് സിനിമാഹാള്‍ നിശ്ശബ്ദമാവും.
‘ശ്,ശ് തുടങ്ങി...’ എന്ന് ആരെങ്കിലും ഒച്ചയെടുക്കും. ലൈറ്റുകള്‍ അണയും, സന്തോഷം കൊണ്ട് എന്റെ നെഞ്ചിടിക്കുന്നത് ചുറ്റുമുള്ളവര്‍ കേള്‍ക്കുമോ എന്ന് ഞാന്‍ വല്ലാതാവും.
സ്വര്‍ഗചിത്ര അവതരിപ്പിക്കുന്ന എന്നോ രേവതികലാമന്ദിറിന്റെ എന്നോ പ്രണവം ആര്‍ട്സ് എന്നോ ഒക്കെ വലിയ, നിറമുള്ള അക്ഷരങ്ങളില്‍ തെളിയും. വിസിലടികള്‍, കയ്യടികള്‍, ആര്‍പ്പുവിളികള്‍ കൊണ്ട് തിയറ്റര്‍ വിറയ്ക്കും. മമ്മൂട്ടി ഇന്‍ ആന്‍ഡ് ആസ് എന്ന് തെളിയുമ്പോള്‍ അത് ഉച്ചസ്ഥായിലാവും, അപ്പോള്‍ മോഹന്‍ലാല്‍ ഫാന്‍സ് കൂവാന്‍ തുടങ്ങും, മോഹന്‍ലാല്‍ ഇന്‍ ആന്‍ഡ് ആസ് എന്ന് കണ്ടാല്‍ തിരിച്ചും.
സിനിമയുടെ ഇടയ്ക്ക് എപ്പോഴോ അച്ഛന് പുറത്തിറങ്ങി പോയിട്ടുണ്ടാവും. മിക്കവാറും പാട്ടുകള്‍ എത്തുമ്പോഴാണ് ആ ഇറങ്ങിപ്പോക്ക്,
‘ഓ, പാടിപ്പോയി, ഞാന്‍ ഒന്ന് പുകച്ചിട്ട് വരാം.’
പിന്നെ നോക്കണ്ട, പടം കഴിയുമ്പോള്‍ പുറത്തെ ചായക്കടയിലേക്ക് ചെന്നാല്‍ മതി. അച്ഛന് കാത്തിരിക്കുന്നുണ്ടാവും.
‘കാണാനല്ലെങ്കില്‍ പിന്നെ ടിക്കറ്റിന് പൈസ കളയുന്നത് എന്തിനാ മനുഷ്യാ...’ അമ്മ അച്ഛനെ കളിയാക്കും.
‘സിനിമയില്‍ എന്തിനാടീ പാട്ട്, സ്റ്റണ്ട് മാത്രം പോരേ?’
അച്ഛന് ചിരിക്കും.
അതിനകം ഞാന്‍ സിനിമയിലെ നടിയായി മാറിയിരിക്കും ഉള്ളുകൊണ്ട്. നടിയുടെ ചേഷ്ടകള്‍ അനുകരിച്ചായിരിക്കും കുറച്ചു ദിവസം നടപ്പ്. അനിയന് നായകന്റെ മാസ് ഡയലോഗുകള്‍ കാണാതെ പഠിച്ച്, സ്റ്റണ്ട് മുറകള്‍ പയറ്റി വീട്ടുകാരുടെ വാത്സല്യ ഉമ്മകള്‍ കൈപ്പറ്റും.
വീണ്ടും കാത്തിരിപ്പാണ്,
‘ന്നാ പുറപ്പെട്ടോളീ പോവാ’ എന്ന അച്ഛന്റെ വിളിക്ക്!
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 17 Oct 2025, 02:42 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented