
വര- ശ്രീലാൽ എ.ജി.
മേക്ക് അപ്പ് എന്ന് ഇന്നത്തെ വിശാലാര്ഥത്തിലല്ല അന്ന് പ്രയോഗിച്ചിരുന്നത്. കഴിഞ്ഞില്ലേ മേക്ക് അപ്പ് ഇതുവരെ എന്ന് കേള്‍ക്കാത്ത പെണ്ണുങ്ങളുണ്ടാവുമോ നാട്ടില്‍? ഇവന് ഒരുങ്ങാന്‍ പെണ്ണുങ്ങളേക്കാള്‍ നേരം വേണമല്ലോ എന്ന് ആണുങ്ങളും ആക്ഷേപം കേട്ടിരിക്കും.
ഇന്നത്തെ പോലെയല്ല, ഫൗണ്ടേഷന്, ബിബി ക്രീം, സണ്‍സ്ക്രീന്‍, മോയിസ്ചറൈസര്‍, സെറ്റിങ് സ്പ്രേ എന്നൊന്നും കേട്ടിട്ട് തന്നെയില്ല ആരും.
വെളുത്ത ടാല്‍കം പൗഡര്‍, കണ്മഷി, പൊട്ട്, ചന്ദനക്കുറി, സുമംഗലികള്‍ക്ക് സിന്ദൂരം. തീര്‍ന്നു മുഖാലങ്കാരം.അല്പം കൂടി സൗന്ദര്യബോധം ഉള്ളവരുടെ കയ്യില്‍ ഫെയര്‍ ആന്‍ഡ് ലൗവ്ലി ക്രീമും റോസ് പൗഡര്‍ എന്ന് വിളിക്കുന്ന കവിളുകള്‍ തുടുപ്പിക്കാനുള്ള ഇളം പിങ്ക് നിറത്തിലുള്ള അന്നത്തെ ആഡംബര പൊടിക്കൂട്ടും കാണും.
പൊട്ടുകുത്തലാണ് പ്രധാനം. അതാണ് ഒരുക്കങ്ങളില്‍ അവസാനത്തെ പണി. ഒരു പൊട്ട് കൂടി തൊട്ടാല്‍ തീര്‍ന്നു എന്ന് പെണ്ണുങ്ങള് കാത്തുനിക്കുന്നവരെ സമാധാനിപ്പിച്ചു. പൊട്ടുകളില്‍ എത്രയോ സര്ഗ്ഗക്രിയകള് നടത്തി ഞങ്ങള്‍!
ശിങ്കാര്‍ എന്ന കമ്പനിയുടെ ചാന്തുകുപ്പി സാര്‍വ്വലൗകികമാണ് പെണ്ണൊരുക്കകൂട്ടങ്ങളില്. തിരിച്ചുതുറക്കുമ്പോള് അടപ്പിന്റെ കൂടെയുള്ള നീണ്ട കോല് ചാന്തില്‍ മുക്കി, നടുവേ വകഞ്ഞ മുടിയുടെ നേരെ താഴെ, പുരികങ്ങള്‍ക്ക് ഒത്ത നടുവില്‍ പൊട്ട് കുത്തുക എന്നത് നല്ല ശ്രദ്ധ വേണ്ട കലയാണ്. കൃത്യം വട്ടം ഒക്കാന്‍ വേണ്ടി വീണ്ടും വീണ്ടും അരികുകള്‍ വരച്ച് കടുകുമണി വലുപ്പ പൊട്ട് വലുതായി വലുതായി വരും. തൃപ്തി ആയില്ലെങ്കില്‍ ഇട്ടിരിക്കുന്ന ഉടുപ്പിന്റെ അടിവശം കൊണ്ട് അമര്‍ത്തി തുടച്ച് മായ്ക്കാം. പക്ഷെ നേരിയ ചുവപ്പ് നെറ്റിയില്‍ ബാക്കിയാവും. അതിന് മുകളില്‍ വീണ്ടും വരച്ച് വീണ്ടും മായ്ച്ച് നേരമെത്ര കളഞ്ഞിരിക്കുന്നു. നെറ്റിയുരഞ്ഞ് നീറുന്നതുവരെ!
പലനിറ ചെറിയ ചാന്തുകുപ്പികള് ഒറ്റവട്ട അടപ്പുള്ള ഡപ്പിയിലുണ്ട്, ഉത്സവങ്ങള്‍ക്ക് മാത്രം കിട്ടുന്ന അപൂര്‍വ നിറക്കൂട്ടം. അതുള്ളവര്‍ നിലം പൂത്തതുപോലെ നെറ്റിയില്‍ നിറങ്ങള്‍ വരച്ചു വയ്ക്കും, ഉടുപ്പിന്റെ നിറത്തിന് ചേരുന്ന നിറങ്ങള്‍ കൊണ്ട്. നിറങ്ങളോട് അതികൊതിയുള്ള എന്റെ നെറ്റിയില്‍ എന്നും പൂക്കള്‍ വിരിഞ്ഞു. ചിലപ്പോള്‍ നടുവില്‍ ചുവന്ന കേസരവും മഞ്ഞ ഇതളുകളും ഉള്ളവ. ചിലപ്പോള്‍ ഓറഞ്ചല്ലികള്ക്ക് നടുവില്‍ വെളുത്ത പുള്ളിയുള്ളത്. പിന്നെയൊരിക്കല്‍ ചുവപ്പിന് ചുറ്റും കറുത്ത അരികുള്ള അഴകുവൃത്തം!
ചാന്തുകുപ്പി അടപ്പിലെ കോലിന്റെ ഉരുണ്ട അടിവശം ആദ്യം നെറ്റിയില്‍ മുട്ടിച്ച് ശ്രദ്ധയോടെ മുകളിലേക്ക് വലിച്ചാല്‍ ഗോപി പൊട്ട്. അരികുകളില്‍ നിറം കടുപ്പിച്ച് ഒന്ന് ഭംഗിയാക്കണം എന്നേയുള്ളൂ. എന്നിട്ടും പോരെന്ന് തോന്നിയാല്‍ മൂക്കോ നെറ്റിയോ എന്ന് കൃത്യമായി പറയാന്‍ സാധിക്കാത്ത സന്ധിയില്‍ ഒരു പുള്ളി കൂടെ കുത്തും.
ഹാ, നിറവ്!
ഇത്രയും കലാബോധം ഇല്ലാത്തവര്‍ക്കും അപാരമായ പൂര്‍ണത ആഗ്രഹിക്കുന്നവര്‍ക്കും ഒട്ടിപ്പൊട്ടുകള് എന്ന ഓമനപ്പേരുള്ള ബിന്ദികളുണ്ട്. ശില്പ എന്ന പേരില്‍ മെറൂണ്‍, കറുപ്പ് നിറങ്ങളില്‍ ഗോപിപൊട്ടുകളും വട്ടപ്പൊട്ടുകളും പല വലുപ്പത്തില്‍ കിട്ടുമായിരുന്നു. ഫാന്‍സി സ്റ്റോറുകളുടെ ചുമരുകളില്‍ സുതാര്യ പൊതിയില്‍ ഡിസൈനര്‍ പൊട്ടുകള്‍ തൂങ്ങി കിടന്നു. തങ്കമണിഅലുക്കുകള് ഉള്ളവ, മഞ്ഞുതുള്ളി പോലെ വെളിച്ചം പ്രതിഫലിക്കുന്നവ, മിനുക്കമുള്ളവ, തിളക്കമുള്ളവ!
കല്യാണം പോലുള്ള വിശേഷങ്ങള്‍ക്ക് മാത്രം ഞങ്ങള്‍ ആ ആര്ഭാടങ്ങളില് വീണുപോകും. ഒരു തവണ തൊട്ട പൊട്ട് ശ്രദ്ധയോടെ നെറ്റിയില്‍ നിന്നിളക്കി പാക്കറ്റില്‍ തന്നെ ഒട്ടിച്ചു വയ്ക്കും. പെട്ടെന്ന് തീര്ന്നുപോവരുത്. കല്യാണപ്പെണ്ണിന് ആ ദിവസം മാത്രം തൊടാന്‍ ഒരു പാക്കറ്റില്‍ ഒരൊറ്റ പൊട്ട് മാത്രമുള്ളവയുമുണ്ട്. തിളങ്ങുന്ന കല്ലുകള്‍ ഒട്ടിച്ചു ചേര്‍ത്ത പൊട്ട്. പല നിറത്തില്‍, വില അല്പം കൂടുതലുള്ളത്. പട്ടിനൊപ്പം, പൊന്നിനൊപ്പം അണിയാന്‍ രാജകീയമായത്!
പൊട്ടിന് മുകളില്‍ ചന്ദനക്കുറി ശാലീനതയുടെ ലക്ഷണമാണ് അന്നും. അതിന്റെ പാതിഭാഗത്തുനിന്ന് രണ്ടും തമ്മില്‍ സുന്ദരമായി പടര്‍ന്ന് കലരുന്നതുപോലെ സിന്ദൂരം ചേര്‍ത്ത് വരയ്ക്കുമായിരുന്നു. അതിന് മുകളില്‍ ഗണപതി ഹോമത്തിന്റെ പ്രസാദം എന്ന നാട്യത്തില്‍ കരികൊണ്ട് ഒരു കുറിയും. നെറ്റി നിറഞ്ഞു! മെറൂണ്നിറ വട്ടപ്പൊട്ടിന്റെ അരികുകളില്‍ ഐലൈനര്‍ കൊണ്ട് കറുത്ത അതിരു വരച്ചാണ് മണിക്കുട്ടി പൊട്ട് തൊടാറ്. കുങ്കുമചെപ്പില്‍ മോതിരവിരല്‍ മുക്കി നെറ്റിയില്‍ ശ്രദ്ധയോടെ തൊട്ടാല്‍ ഭംഗിയുള്ള ചുവന്ന വട്ടപ്പൊട്ടായി. കവികളുടെ ദൗര്‍ബല്യം, വിയര്‍പ്പില്‍ നനഞ്ഞ ഒഴുകി പരക്കുന്ന പെണ് ഭംഗി!
നെറ്റിയില്‍ നിന്ന് പറിച്ചെടുക്കുന്ന ഈ നിറങ്ങള്‍ക്ക് എന്ത് പറ്റുമെന്നോ പിന്നീട്? കണ്ണാടിയുടെ അരികുകളില്‍, കട്ടില്‍ത്തലയ്ക്കലെ ചുമരില്‍, കുളിമുറിയുടെ നനഞ്ഞ, പായല്‍പ്പച്ച ചുമരുകളില്‍ അവ ഉപേക്ഷിക്കപ്പെടും. വിരലുകള്‍ പിന്നവയുടെ നേര്‍ക്ക് വരികയേയില്ല. ഒരിക്കല്‍ അവയെ അലങ്കാരമാക്കിയവര്‍ പോലും അവരെ മറക്കും. കണ്ടിട്ടില്ലേ ചുമരുകളില്‍, കണ്ണാടിച്ചില്ലില്‍ അവരെ?
ആരുടെ നെറ്റിയില്‍ നിന്നാവും അവരിറങ്ങി പോന്നിട്ടുണ്ടാവുക എന്ന് ഞാന്‍ ഓര്‍ക്കാറുണ്ട് കാണുമ്പോള്‍. എന്തെന്ത് കാഴ്ചകള്‍ കണ്ടിരിക്കും, എന്തെല്ലാം പുകഴ്ത്തലുകള്‍ കേട്ടിരിക്കും, എത്ര വിയര്‍പ്പില്‍ നനഞ്ഞിരിക്കും എന്നൊക്കെ....!
(ഒരുക്കങ്ങളില്‍ പൊട്ട് മാത്രം ഇത്രയുമായി. ഇനിയുമുണ്ട് പെണ്ണോര്‍മ്മകള്‍. കണ് വരകള്‍,നഖചായങ്ങള്,കമ്മല്തിളക്കങ്ങള്, പാദസരക്കിലുക്കങ്ങള്‍, വളയുലച്ചില്)
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Published: 28 Aug 2025, 11:39 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented