ർമ്മകളാണ് കൂടെ പൊഴിയുന്നത് എന്ന് തോന്നുന്നു. കാറ്റ് വീശുന്നതോടെ തോളിലൊരു തോർത്ത് വലിച്ചിട്ട് ഇറങ്ങി ഓടിയിരുന്ന പെണ്ണുങ്ങളുണ്ടായിരുന്ന ഒരു കാലത്തേക്കാണ് ഈ കാറ്റെന്നെ വിളിക്കുന്നത്.

To advertise here,

വേഗം പോയില്ലെങ്കിൽ ഒറ്റ ചുള്ളി* കിട്ടില്ല,ഇപ്പോ തന്നെ തോട്ടം മുഴുവൻ പെണ്ണുങ്ങളായിരിക്കുമെന്ന് വേവലാതിപ്പെട്ട് ഓടുന്ന അമ്മയെ കണ്ണിൽ കാണുന്നു. പോവുന്ന പോക്കിൽ ഉറക്കെ വിളിച്ചു പറയും,

'നളിനീ, പോര് വേഗം, ഇല്ലെങ്കി ഒരൊറ്റ കൊള്ളി* കിട്ടില്ല ട്ടോ...'

വിളിച്ചത് നളിനിയെ ആണെങ്കിലും കേൾക്കുന്ന സകല പെണ്ണുങ്ങളും ജാഥയായി റബ്ബർ തോട്ടത്തിലേക്ക് നടക്കുകയോ ഓടുകയോ ചെയ്യും. കാറ്റിന്റെ കരുത്ത് കൂടുമ്പോൾ ഓടും, കുറയുമ്പോൾ പ്രതീക്ഷ കുറഞ്ഞ നടത്തം.

അസാമാന്യ വഴക്കത്തോടെ, അതിയായ ആവേശത്തോടെ പെണ്ണുങ്ങൾ ചെയ്യുന്നപണി, വിറക് പെറുക്കൽ!

റബ്ബർത്തോട്ടങ്ങൾ അവർക്ക് മുന്നിൽ വിധേയത്വത്തോടെ നിവർന്നുകിടക്കുന്ന ഇലയുതിർക്കാലം!

അമ്മയെവിടെപ്പോയി എന്നോ അച്ഛമ്മ/അമ്മമ്മ ഇല്ലേ കുട്ടിയേ ഇവടെ എന്നോ ചോദിച്ചാൽ സുലഭമായി കിട്ടിയിരുന്ന ഉത്തരം, 'വിറക്‌പെറുക്കാൻ പോയി.'

ചീ എന്ന് കരയുന്ന മഞ്ഞു വീണു നനഞ്ഞ ഇലകളിൽ ചവിട്ടി, തട്ടായി തിരിച്ച തോട്ടത്തിലൂടെ പെണ്ണുങ്ങൾ പരതി നടക്കും. പെറുക്കിക്കൂട്ടുന്ന ചുള്ളലുകൾ* ഏതെങ്കിലും മരത്തിന് കീഴിൽ കൂട്ടിയിടും. ഇതെന്റെ, ഇത് നിന്റെ എന്ന് അടയാളം വയ്ക്കും. ഇടയിൽ ചില കള്ളികൾ കൂട്ടത്തിൽ വലിയ ചില വിറകുകൊള്ളികൾ കടത്തിയെന്ന് വരും, തങ്ങളുടെ വിറകു കൂട്ടത്തിലേക്ക് സദാ കണ്ണ് വേണം. ഒരു റബ്ബർ ചുള്ളിയുടെ പേരിൽ പെരും പോരുകൾ നടന്ന കഥയുണ്ട്, ചാവുന്നത് വരെ കണ്ടാൽ മിണ്ടാതെ നടന്നവരുണ്ട്. സൂക്ഷിക്കണം.

താങ്ങാവുന്ന ഭാരമായാൽ വിറക് ഉണങ്ങിയ വാഴക്കൈ കൊണ്ടോ ഇലകൾ ഊരിക്കളഞ്ഞ കാട്ടുവള്ളികൾ കൊണ്ടോ കെട്ടുകളാക്കും.ചില അതിവിദഗ്ധകൾ വിറക് നീളത്തിൽ അടുക്കി,ഭംഗിയായി കെട്ടും.ഒരു ശവപ്പെട്ടിയുടെ മട്ടായിരിക്കും ആ കെട്ട് വിറകിന്.ചെറിയ കെട്ടുകൾ ഒരു ആയത്തിൽ പൊക്കി, കാൽമുട്ടിലൊന്ന് താങ്ങി തലയിൽ വയ്ക്കാൻ സഹായം ആവശ്യമില്ല, അതിനൊരു താളവും ടൈമിങ്ങും മാത്രം മതി.

പക്ഷേ നീളത്തിൽ അടുക്കിയ വിറകു കെട്ടിന്റെ കഥ അതല്ല. മരത്തിൽ ലംബമായി ചാരിവച്ച വിറകുമായി അതിന്റെ ഉടമകൾ വിറക് തലയിൽ വച്ചുതരാൻ ഒരാളെ കാത്തിരിക്കും. തോർത്ത് ചുരുട്ടി തെരികയാക്കി, തലയിൽ വച്ചു കിട്ടിയാൽ വേഗത്തിൽ നടക്കും. താളബോധമുള്ള ആർക്കും ഇഷ്ടപ്പെടുന്ന, ഓട്ടത്തിനും നടത്തതിനും ഇടയിലുള്ള ഒരു പോക്കാണ് അത്. ദേഹം ഭംഗിയിൽ ഇളകും. പുറകിൽ നിന്നാണ് ആ പോക്ക് കാണേണ്ടത്.കാലിലെ നനഞ്ഞ ചെരിപ്പും കൊലുസും താളത്തിൽ പാടുന്ന പാട്ടിന് എന്റെ ഓർമ്മ മുഴുവൻ മാർക്കും കൊടുക്കും. വലിയ വിറക് കെട്ട് തലയിലേറ്റി പോവുന്ന പെണ്ണുങ്ങൾക്ക് നേരെ തോട്ടത്തിലേക്ക് പോവാൻ പറ്റാതിരുന്ന പെണ്ണുങ്ങളുടെ കുശുമ്പ് നോട്ടങ്ങൾ തട്ടും. മുറ്റത്ത് അടുക്കളയോട് ചേർന്ന് എല്ലാർക്കുമുണ്ട് വിറകുപുരകൾ അന്ന്. ഉണക്കച്ചുള്ളികൾ നിറയെ അടുക്കിവച്ചിരുന്ന അത്തരം പുരകൾ കാണുമ്പോൾ എന്റെ അമ്മ കൊതിയാവുന്നു എന്ന് പറയാറുണ്ടായിരുന്നു. ആ പുരകളിൽ പൂച്ചകൾ പെറ്റു കിടന്നു, പാമ്പുകൾ തരംപോലെ ഒളിച്ചുതാമസിച്ചു.

'വിറക് എടുക്കാൻ കുട്ടികളെ വിടല്ലേ, നളിനിയേച്ചിയുടെ വിറക്‌പെരേന്ന് ഇന്നലെയാണ് വള്ളിക്കെട്ടനെ തല്ലിക്കൊന്നത്'

എന്നൊക്കെയുള്ള താക്കീതുകൾ കേട്ടിരുന്നു അന്ന്.

കാലം എത്രദൂരം മുന്നോട്ട് പോന്നു!നനഞ്ഞ കൊള്ളികൾ അടുപ്പിന്റെ അരികത്ത് കുത്തി നിർത്തി ചൂട് തട്ടിക്കും. തീ കെടുത്തിയ അടുപ്പിന്റെ കനലിന്റെ ചൂടിൽ അവ പിറ്റേന്ന് ചാരമാവാൻ തയ്യാറെടുക്കും.

'ഒരൊറ്റ കൊള്ളി വിറകില്ലല്ലോ കൃഷ്ണാ, നാളെ തീ പൂട്ടാൻ എന്താ ഞാൻ കണ്ടണ്ണത്...'അമ്മ എണ്ണിപ്പെറുക്കും.

ഒന്നോർത്താൽ ദൈവങ്ങൾക്ക് പരിഹരിക്കാനുള്ള പ്രശ്‌നങ്ങൾ എത്ര ചെറുതായിരുന്നു അന്ന്! കത്തിക്കാൻ ഉണങ്ങിയ വിറക്, കൂട്ടാൻ വയ്ക്കാൻ എന്തെങ്കിലും മാർഗം, തുണിയോ നാളികേരമോ കൊണ്ടാട്ടാമോ ഉണങ്ങിക്കിട്ടാനുള്ള വെയിൽ അത്രയൊക്കെയേ അവരോട് ഞങ്ങളുടെ അമ്മമാർ ആവശ്യപ്പെട്ടിരുന്നുള്ളൂ.

വിറകടുപ്പും കരിയും പുകയുമൊക്കെ തിരിച്ചു വരാൻ ഒരാഗ്രഹവുമില്ല. അടുക്കള കൂടുതൽ കൂടുതൽ ആയാസരഹിതമാവുന്നത് തന്നെയാണ് സന്തോഷം.ഈ ഓർമ്മയിൽ പോയ കാലം സ്വർഗമായിരുന്നു എന്ന തോന്നലേയില്ല.

(*കൊള്ളി എന്നും ചുള്ളൽ എന്നും ചുള്ളി എന്നും മരത്തിന്റെ ചെറിയ ചില്ലകളെ സൂചിപ്പിക്കാൻ ഞങ്ങളുടെ നാട്ടിൽ ഉപയോഗിക്കുന്നു. അതിന്റെ തരംതിരിവുകളുടെ യുക്തി എന്താണെന്ന് പിടിയില്ല.)

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi