ബുദ്ധിമുട്ടൊന്നുമുണ്ടായിരുന്നില്ല. എന്നാലും ചെറിയ രക്തസ്രാവത്തിലൂടെ ശരീരം സങ്കടം പറഞ്ഞുതുടങ്ങിയത് നാലുമാസം മുമ്പാണ്. 'പ്രായത്തിന്റെ കുഴപ്പം' എന്ന് ഗര്‍ഭപാത്രത്തെ സമാധാനിപ്പിച്ചു. രണ്ടുമാസം അങ്ങനെ പോയി. മറ്റാര്‍ക്കും ആവശ്യമില്ലാത്ത ഇത്തിരി സമയം കൈയില്‍ കിട്ടിയപ്പോള്‍,  സ്ത്രീകള്‍ സ്വന്തം ആരോഗ്യക്കാര്യത്തില്‍ കാണിക്കുന്ന പതിവ് ഉദാസീനതയെ മറികടന്ന് ഞാനൊരു ഡോക്ടറെ കണ്ടു. ആര്‍ത്തവവിരാമത്തിന് കാലമായിട്ടില്ല. എങ്കിലും അതിന്റെ ഒരുക്കങ്ങളാവാം എന്ന സമാധാനംകേട്ട് മടങ്ങി. രണ്ടുമാസം വീണ്ടും കടന്നുപോയി.

ആശങ്കകളില്ലെങ്കിലും ശരീരം അപ്പോഴും ചെറുതായി ചോര്‍ന്നൊലിക്കുന്നുണ്ട്. പരിചയത്തിലുള്ള ഡോക്ടര്‍ ദമ്പതികളെ കാണാമെന്നുവെച്ചത് അങ്ങനെയാണ്. ഡോ.അനീഷ ആരോഗ്യവകുപ്പില്‍. ഭര്‍ത്താവ് ഡോ.സിദ്ദിഖ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍. ഗര്‍ഭാശയഭിത്തിക്ക് കനംവെയ്ക്കുന്നതാണ്. പരിഹരിക്കാവുന്ന കുഴപ്പം മാത്രമേയുള്ളൂ. പതിവുപരിശോധനകള്‍ പറഞ്ഞു. അര്‍ബുദമില്ലെന്നുറപ്പാക്കാനുള്ള പിപ്പല്ലി ബയോപ്‌സി ഉള്‍പ്പെടെ.  

അവര്‍ പേടിപ്പിക്കാത്തതുകൊണ്ടാവാം, ഞാന്‍ പരിശോധനകള്‍ മറന്നു. രണ്ടാഴ്ച ഓടിപ്പോയി. അങ്ങനെയിരിക്കേ ഒരു മുന്നറിയിപ്പുമില്ലാതെ രോഗാശങ്ക കടന്നുവന്നു. പുതിയ കുപ്പായമിട്ടാല്‍ പുറത്തുപോവണമെന്ന് നിര്‍ബന്ധമുള്ള കുട്ടികളെപ്പോലെയാണ് രോഗഭീതി. അതു നമ്മളെ നിലത്തുനിര്‍ത്തില്ല. ഡോ. സിദ്ദിഖിന്റെ ഒ.പി.ക്ക് ഇനിയും ദിവസമുണ്ട്. ഞാനോടി; ഗൈനക് സംശയങ്ങള്‍ക്ക് എപ്പോഴും മറുപടി തരാറുള്ള പരിചയക്കാരനായ മറ്റൊരു ഡോക്ടറുടെ ക്ലിനിക്കുവരെ.

മണിച്ചിത്രത്താഴില്‍ ഡോ. സണ്ണി ഗംഗയുടെ ബാല്യത്തെക്കുറിച്ച് പറയുംപോലെയാണ് പിന്നീടുള്ള കാര്യങ്ങള്‍. രോഗവര്‍ണനയുടെ കടുംചായങ്ങള്‍, പരിശോധനയുടെ മന്ത്രവാദക്കളങ്ങള്‍. അന്നുതന്നെ അദ്ദേഹം ജോലി ചെയ്യുന്ന സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റാവാനും ബയോപ്‌സി നടത്താനും നിര്‍ദേശം. മെഡിക്കല്‍ കോളേജിലെ ഡോക്ടറെ കണ്ട കാര്യം പറഞ്ഞു. 'ഇന്‍ഷുറന്‍സ് ഉള്ളതിനാല്‍ അഡ്മിറ്റാവൂ, മൂന്നു പരിശോധനകളാണ്, വേദനയറിയില്ല. സുഖസൗകര്യങ്ങളുണ്ട്, ആകെ 60,000 രൂപയേ വരൂ' എന്നീ കാര്യങ്ങള്‍ പറഞ്ഞ് അദ്ദേഹം എന്നെ മെഡിക്കല്‍ കോളേജിനെ മറക്കാന്‍ പ്രരിപ്പിച്ചു. അടുത്ത പരിചയക്കാരനാണ്, അഭ്യുദയകാംഷിയാണ്. ആ സ്‌നേഹത്തിലാണ് അദ്ദേഹം പറയുന്നതെന്നറിയാം. ആവശ്യമെങ്കില്‍ ആവാം. പക്ഷേ അത്രയൊന്നും ആവശ്യമില്ലെന്നൊരു തോന്നല്‍. എവിടെയോ ഒരു കൊള്ള മണത്തു. പഴയ എസ്എഫ്‌ഐക്കാരിക്ക്, എപ്പോഴത്തെയും മെഡിക്കല്‍ കോളേജ് വിശ്വാസിക്ക് അവിടെത്തുടരാന്‍ തോന്നിയില്ല. പോയതിലും വേഗത്തില്‍ ഞാന്‍ തിരിച്ചോടി; മെഡിക്കല്‍ കോളേജ് ഒ.പി.വരെ.

ആ മൂന്നു ടെസ്റ്റുകള്‍ എന്തിനാണെന്ന സംശയം ഡോ.സിദ്ദിഖ് തീര്‍ത്തുതന്നു. രണ്ടു പരിശോധനകള്‍ പിപ്പല്ലി ബയോപ്‌സിക്ക് തുല്യമായവയാണ്. രണ്ടും സാംപിള്‍ എടുക്കാനുള്ളവതന്നെ. സാംപിള്‍ എടുപ്പ് കുറച്ചുകൂടി സുഖകരമായിരിക്കും എന്നുപറയാം. പക്ഷേ എടുത്ത സാംപിള്‍ പരിശോധിക്കുന്നതെല്ലാം ഒരേ രീതിതന്നെ. മൂന്നാമത്തെ ടെസ്റ്റ് എം.ആര്‍.ഐ. ആണ്. അത് വല്ല കുഴപ്പവുമുണ്ടെങ്കില്‍പ്പോരേ? മതി. തീരുമാനമായി.

ചില പ്രാഥമിക പരിശോധനകള്‍, പിപ്പല്ലി ബയോപ്‌സിക്കാവശ്യമായ ഒരു സൂചി, കൂട്ടുവന്ന രണ്ടു കൂട്ടുകാര്‍ക്കും എനിക്കും ഓരോ മാസ്‌ക്. ആകെ ചിലവ് ആയിരത്തില്‍താഴെ. അര്‍ബുദസാധ്യതയില്ലെന്ന പരിശോധനാഫലംകൂടി കിട്ടിയതോടെ ഞാന്‍ ഗര്‍ഭപാത്രത്തെ മറന്നു.

പക്ഷേ രോഗം അപ്പോഴും ബാക്കിയാണ്. ചികിത്സ മൂന്നുമാസംനീളുന്ന ഹോര്‍മോണ്‍ ഗുളികകള്‍. മൂന്നുമാസം, മറക്കാതെ, തെറ്റാതെ മൂന്നുനേരംവീതം ഗുളിക. അത്ര ഓര്‍മയും നിഷ്‌കര്‍ഷയുമുണ്ടായിരുന്നെങ്കില്‍ ഞാന്‍ ആരായേനേ!

പിന്നൊരു വഴിയുള്ളത് മറീന (MIRENA)യാണ്. ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കാവുന്ന ചെറിയൊരു സംഗതി. അതില്‍നിന്ന് മൂന്നുനേരം തെറ്റാതെ ദിവസവും ഹോമോണ്‍ ഉള്ളിലെത്തും. ഞാന്‍ ഓര്‍ത്താലും മറന്നാലും അഞ്ചുവര്‍ഷം സുരക്ഷിതം. പക്ഷേ സംഗതി ഉള്ളിലിടാന്‍ ഒരു തിയേറ്റര്‍ പ്രൊസീജ്യര്‍ വേണം. അനസ്തീഷ്യയില്ല. വേദന സഹിക്കണം.  

അതും മെഡിക്കല്‍ കോളേജില്‍ ചെയ്യാമെന്ന എന്റെ തീരുമാനം ചോദ്യം ചെയ്യപ്പെട്ടു. ലേബര്‍ റൂമിനെക്കുറിച്ചുള്ള പഴയ കഥകള്‍, പേടികള്‍, തിരക്ക്, സൗകര്യമില്ലായ്മ...പ്രിയപ്പെട്ടവര്‍ പല കാരണങ്ങള്‍ നിരത്തി. അതൊന്നും കാര്യമല്ലെന്നവിധം മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ അറിവിലും അനുഭവപരിചയത്തിലും ഞാന്‍ ആഴത്തില്‍ വിശ്വസിച്ചിരുന്നു. ഡോക്ടര്‍ ധൈര്യം തന്നു. ഞാനുറച്ചുനിന്നു.

എന്നിട്ടും ആശുപത്രിയില്‍ പോവേണ്ടദിവസം ഉള്ളില്‍ ആകുലത തിങ്ങി. പരിചയക്കാരനായ ഡോക്ടര്‍ തിയേറ്റിലുണ്ടാവില്ല. കടുപ്പക്കാരികളായ ജീവനക്കാര്‍, മയമില്ലാത്ത ഏതോ ഡോക്ടര്‍, വേദനയോടെയുള്ള മടക്കം... ഉള്ളില്‍ ഞാന്‍ ഇല്ലാത്ത ശത്രുക്കളെ സൃഷ്ടിച്ചു. സ്വകാര്യ ആശുപത്രികളുടെ പരിലാളനകള്‍ വേണ്ടെന്നുവെച്ചതില്‍ ദു:ഖിച്ചു. തീരുമാനം മാറ്റിയാലോ എന്നാലോചിച്ചു. എന്നിട്ടും വഴിതെറ്റാതെ മെഡിക്കല്‍ കോളേജിലെത്തി.

ഭര്‍ത്താവിനെ പുറത്തുനിര്‍ത്തണം എന്നതൊഴിച്ചാല്‍ മറ്റ് അസൗകര്യങ്ങളൊന്നുമില്ല. കൂട്ടുകാരിക്ക് പ്രവേശനമുണ്ട്. നല്ല വൃത്തിയും വെടിപ്പുമുണ്ട്. സമാധാനിപ്പിക്കുന്ന നല്ല മുഖങ്ങള്‍. അവര്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. പരിശോധനകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നുറപ്പുവരുത്തി. പ്രൊസീജ്യറിനുമുമ്പുള്ള  മുന്നറിയിപ്പുകടലാസില്‍ ഒപ്പുവെപ്പിച്ചു.

വെള്ളയും വെള്ളയും ധരിക്കണം. മുടി വൃത്തിയായി മൂടിക്കെട്ടണം. അത്രയേയുള്ളൂ നിര്‍ബന്ധങ്ങള്‍. മുടി കെട്ടിത്തരാന്‍ വന്ന ജീവനക്കാരി അത് അങ്ങേയറ്റം കലാപരമായിത്തന്നെ ചെയ്തു. വെള്ളതോര്‍ത്തുകൊണ്ടുള്ള ഒരു തലേക്കെട്ട്. അതില്‍ മുടി ഒതുങ്ങി. തീര്‍ത്തും ഗ്രാമീണമായ ഒരു ഗൃഹാന്തരീക്ഷം മനസ്സില്‍വന്നു. നല്ല സ്വസ്ഥതതോന്നി.

കാത്തിരിപ്പുമുറിയില്‍ മറ്റു രണ്ടുപേര്‍കൂടിയുണ്ട്. ഒരാള്‍ മലപ്പുറംകാരി. മറ്റേയാള്‍ അത്തോളി സ്വദേശി. അവര്‍ പഴയ പരിചയക്കാരെപ്പോലെ കഥ പറഞ്ഞു തുടങ്ങി. ഞാന്‍ കേള്‍വിക്കാരിയായി. രോഗവും ജീവിതവും ഇടകലര്‍ന്നു.

ഊഴമായി. തിയേറ്ററിലെത്തുംവരെ ജീവനക്കാരിലൊരാള്‍ കൂടെവന്നു. അവര്‍ പറഞ്ഞു,''പെട്ടെന്നു കഴിയും. റിലാക്‌സ്ഡ് ആയിരിക്കൂ.'' നല്ല അടുക്കും ചിട്ടയുമുള്ള തിയേറ്റര്‍. എല്ലാ സൗകര്യങ്ങളുമുണ്ട്. ഡോക്ടര്‍ക്കും നഴ്‌സിനുംപുറമേ ആവശ്യത്തിന് സഹായികളും. എന്താണ് ചെയ്യാന്‍ പോവുന്നതെന്നും ചെറിയ വേദനയുണ്ടാവുമെന്നും അവര്‍ പറഞ്ഞുതന്നു. അതുവരെ കടന്നുപോയ പല വേദനകളെ മനസ്സിലോര്‍ത്തെടുത്ത് ഞാന്‍ അപ്പോഴനുഭവിച്ചതിനെ ലഘൂകരിച്ചു. പിഴവില്ലാത്ത വൈദഗ്ധ്യം, പരിചയസമ്പത്തിന്റെ ധാരാളിത്തം...എല്ലാം സുഖമായി കഴിഞ്ഞു.

വീല്‍ ചെയര്‍ റെഡിയായിരുന്നു. തിയേറ്ററില്‍നിന്ന് മടങ്ങുംമുമ്പേ കരുതലുള്ള പല മുഖങ്ങളിലേക്കുനോക്കി ഞാന്‍ മനസ്സറിഞ്ഞൊരു നന്ദി പറഞ്ഞു. അധികമാരുമങ്ങനെ പറയാത്തതുകൊണ്ടാവാം, അവര്‍ ചിരിച്ചു. ഒരു മണിക്കൂര്‍ നിര്‍ബന്ധിതവിശ്രമം. അതുകഴിഞ്ഞുള്ള ക്ഷേമാന്വേഷണങ്ങള്‍. ബൈസ്റ്റാന്റര്‍ കൂടെയുണ്ടെന്ന് ഉറപ്പുവരുത്തി നഴ്‌സ് പോവാന്‍ അനുവാദം തന്നു. ചിലവെന്നു പറയാന്‍ കാര്യമായൊന്നുമുണ്ടായിരുന്നില്ല. 

മുമ്പെപ്പോഴും ആശ്രയിച്ചത് സ്വകാര്യ ആശുപത്രികളെയാണ്. മോശം അനുഭവങ്ങളില്ല. ഇന്‍ഷുറസുള്ളതുകൊണ്ട് ചിലവ് താങ്ങാനായിട്ടുമുണ്ടെങ്കിലും അനാവശ്യമായ പരിശോധനകള്‍ക്കും പണച്ചെലവുകള്‍ക്കും നിന്നുകൊടുക്കേണ്ടിവന്നിട്ടുണ്ട്. പക്ഷേ അതിനൊന്നുമാവാത്ത ലക്ഷക്കണക്കിനാളുകളെയോര്‍ത്തു. അവര്‍ക്കും നല്ല ചികിത്സയാവശ്യമുണ്ട്. അതിന് സര്‍ക്കാര്‍ ആശുപത്രികള്‍ ക്ഷീണമറിയാതെ, ആരോഗ്യത്തോടെ ഈ നാട്ടില്‍വേണം. പടിയിറങ്ങുമ്പോള്‍ ആശുപത്രിയെനോക്കി മനസ്സില്‍ പറഞ്ഞു, ''വീണുപോവരുത്. ഈ വരാന്തകളില്‍ കാത്തുനില്‍ക്കുന്നവര്‍ക്ക് താങ്ങാവശ്യമുണ്ട്.''