
''രാത്രി ഭക്ഷണം കുറച്ചാല്‍ മതി. എന്നാ തടി ഒന്ന് മെനയാകും.''
''ഒരു ഭംഗിയില്ലാത്ത തടിയാണ് നിന്റേത്.''
ഒരുപക്ഷേ, എന്റെ ജീവിതത്തില്‍ ഞാന്‍ ഒത്തിരി തവണ കേട്ടിട്ടുള്ള വാക്കുകളാണിത്. ഓര്‍മവെച്ച കാലം മുതല്‍ എന്റെ ഉടലിന്മേല്‍ എന്തോ കറയുള്ള കണക്ക് അസ്വസ്ഥമാകുന്ന സമൂഹം എന്നെ നിരന്തരം ഭയപ്പെടുത്തി. മെലിഞ്ഞിരിക്കുക എന്നതാണ് ജീവിതത്തിന്റെ അടിസ്ഥാനപരമായ സംഗതി എന്ന തെറ്റിദ്ധാരണപോലും എനിക്ക് ഉണ്ടായിരുന്നു.
ആത്മവിശ്വാസത്തോടെ ഞാന്‍ കൊണ്ടുനടക്കുന്ന എന്റെ ഉടല്‍ എത്രത്തോളം പ്രശ്നവത്ക്കരിക്കപ്പെടുന്നുണ്ട്, അപരന്റെ കണ്ണില്‍ അത് എത്രത്തോളം നിന്ദയ്ക്ക് വിധേയമാകുന്നുണ്ട് എന്നതിന്റെ ഉദാഹരണങ്ങളാണ് ഇത്തരം വിലയിരുത്തലുകള്‍. എത്രത്തോളം വണ്ണം ആകാമെന്നും എത്രത്തോളം മെലിയാമെന്നും ആ ഉടലിന്റെ അവകാശിയല്ല തീരുമാനിക്കുന്നത്, പകരം അഴകളവുകളെ കുറിച്ച് മുന്‍ധാരണയോടെ വിധിനിര്‍ണയം നടത്തുന്ന സമൂഹമാണ്.
പലപ്പോഴും ബോഡി ഷെയിമിങ്ങിനെ തമാശയായി ആനന്ദിക്കുന്ന ആഘോഷിക്കുന്ന മനുഷ്യരെ ജീവിതത്തില്‍ കണ്ടിട്ടുമുണ്ട്. ഉടലിന്റെ മുകളിലുള്ള അവഗണനയുടെയും കളിയാക്കലുകളുടേയും ഭാരം പേറിക്കൊണ്ട് എന്റെ ബാല്യകാലമത്രയും ആത്മവിശ്വാസക്കുറവിന്റെ ഇരുട്ടിലേക്ക് വീണുപോയിട്ടുണ്ട്. ആള്‍കൂട്ടത്തില്‍ അപമാനിതയാകാതിരിക്കാന്‍ പലപ്പോഴും ഉള്‍വലിച്ചിലുകളിലൂടെ ഞാന്‍ എന്റെ ശരീരത്തെ ഒളിപ്പിച്ചുവെച്ചു. പൊന്തിയ പല്ലിനു മുകളില്‍ പരിഹാസം ചൊരിയുന്ന കൂട്ടുകാരന്‍ സ്‌കൂളില്‍ നിന്നും പേര് വെട്ടി പോകണേയെന്ന് ഉള്ളുരുകി പ്രാര്‍ത്ഥിച്ചുപോയിട്ടുണ്ട്. കളിയാക്കലുകള്‍ക്കിടയില്‍, ഉടല്‍നിന്ദകള്‍ക്കിടയില്‍ എന്റെ ശരീരം ഞെരിഞ്ഞമരുന്നത് ഞാന്‍ വേദനയോടെ തിരിച്ചറിഞ്ഞു. പലപ്പോഴും എന്റെ കുഞ്ഞുസ്വപ്നങ്ങളില്‍, എന്നെ പരിഹസിച്ചുകൊണ്ട് പിന്നാലെ ഓടിവരുന്ന ആള്‍ക്കൂട്ടത്തെ കണ്ട് ഞാന്‍ പേടിച്ചുണര്‍ന്നു. കല്ല്യാണവീടുകളില്‍, സ്‌കൂളില്‍, എന്തിന് മരണവീടുകളില്‍ പോലും എന്റെ പൊങ്ങിയ പല്ലും, തടിയും വിഷയങ്ങളായി. ആരെങ്കിലും സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ എന്റെ വണ്ണത്തിലും നിറത്തിലുമൊന്നും അവരുടെ കണ്ണ് പതിയല്ലേ എന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. അഴകിന്റെ മുന്‍ധാരണകളുടെ ഫ്രയിമില്‍ കൊളളാതെ എന്റെ ശരീരം തെറിച്ചുനിന്നു. കറുത്ത്, തടിച്ച സ്ത്രീകള്‍ക്ക് ജീവിതം അത്രയൊന്നും സുഗമമായിരിക്കില്ല എന്ന ബോധ്യത്തെ എന്റെ ഉള്ളില്‍ കുത്തിവെയ്ക്കാനേ കൗമാരകാലത്തിനും സാധിച്ചിട്ടുള്ളൂ.

ആളുകളുടെ മുന്‍പിലിരുന്ന് ഭക്ഷണം കഴിക്കാന്‍പോലും എനിക്ക് ഭയമായിരുന്നു. പ്രിയപ്പെട്ട ഭക്ഷണത്തിന്റെ രുചിയോര്‍മ്മകളില്‍ നാവില്‍ കപ്പല്‍ ഓടിയാലും കഴിക്കാന്‍ ഞാന്‍ പേടിച്ചു. ഈ ഭക്ഷണമൊക്കെ ഇത്രയും കഴിച്ചിട്ടാ നിന്റെ തടി ഇത്രയും ബോര്‍ ആയത് എന്നു തുടങ്ങിയ എന്നെ അസ്വസ്ഥമാക്കുന്ന വാക്കുകള്‍ കേള്‍ക്കാതെ ഇരിക്കാന്‍ ഞാന്‍ എന്റെ പ്രിയപ്പെട്ട പല ഭക്ഷണവും വേണ്ടെന്ന് വെച്ചു. അങ്ങനെ എത്ര പേര്‍ക്ക് വേണ്ടി, എന്റെ ഇഷ്ടങ്ങളെ ഞാന്‍ കുരുതി കൊടുത്തിട്ടുണ്ട്. ആശങ്കകളും വിലയിരുത്തലുകളും കവിഞ്ഞുനില്‍ക്കുന്ന ഉടലിന്റെ തടിച്ച ആവരണത്തില്‍ ഞാന്‍ വീര്‍പ്പുമുട്ടി. അമ്മേ ഞാന്‍ വളരെ മോശമോണോ കാണാന്‍ എന്നു ചോദിച്ചുകൊണ്ട്, ഇരുകൈകളുംകൊണ്ട് അമ്മയെ കെട്ടിപിടിച്ച് ഏങ്ങലടിച്ചുകരഞ്ഞ ദിവസങ്ങള്‍ അപൂര്‍വ്വമായിരുന്നില്ല. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഒരിക്കല്‍ സംഘനൃത്തത്തിന് പേര് നല്‍കി. മെലിഞ്ഞ ആറു പെണ്‍കുട്ടികള്‍ക്കിടയില്‍ തടിച്ച നീ ശരിയാകില്ല എന്ന് സഹപാഠിയുടെ പറച്ചില്‍ ഒരു ഞൊടികൊണ്ട് തല്ലിക്കെടുത്തിയത് എന്റെ നൃത്തം ചെയ്യാനുള്ള ആഗ്രഹം മാത്രമായിരുന്നില്ല.
ഓഫീസില്‍ നിന്നും വീട്ടിലേക്കുള്ള യാത്രയ്ക്കിടെ ബസ്സില്‍ തൊട്ടടുത്ത സീറ്റില്‍ ഇരുന്ന മധ്യവയസ്‌ക എന്നോടു പറഞ്ഞത് ഇന്നും മറക്കാനാവാത്ത കാര്യമാണ്. കൈത്തണ്ട നിറയെ രോമം നിറഞ്ഞുനില്‍ക്കുന്നല്ലോ. കണ്ടിട്ടുതന്നെ വൃത്തികേട്...കരടിയുടെ കൈകള്‍പോലെ എന്നവര്‍ പറഞ്ഞപ്പോള്‍ അതിന് നിങ്ങള്‍ക്കെന്താണ് എന്ന് തിരിച്ചുചോദിക്കാന്‍ കഴിഞ്ഞു. പക്ഷേ അവരുടെ ആ പറച്ചില്‍ ഇന്നും ഒരു ശ്വാസംമുട്ടലായി എന്റെ ഉളളിലുണ്ട്. അങ്ങനെ കളിയാക്കലുകളില്‍ പിടഞ്ഞ്, ഞാന്‍ ഉള്ളുരുകി കരഞ്ഞിട്ടുണ്ട്. കറുത്താലും കുട്ടി സുന്ദരിയാണ് എന്നതില്‍പ്പരം അസഹ്യമായ കമന്റ് വരാനില്ല. എന്തിനാണ് കറുത്താലും എന്ന വാക്ക് അവിടെ ചേര്‍ക്കുന്നത് എന്ന് എനിക്ക് ഇന്നും അറിയില്ല. ഡയറ്റ് ചാര്‍ട്ടുകളും ബ്യൂട്ടി ടിപ്സുകളും എന്റെ നേരെ നീട്ടുന്ന മനുഷ്യരോട് ഒന്നേ പറയാനുള്ളു, ഈ രൂപത്തില്‍, ഈ ശരീരത്തില്‍ ഞാന്‍ സന്തുഷ്ടയാണ്.
ബോഡി ഷെയ്മിങ്ങ് വര്‍ത്തമാനങ്ങളും പ്രവൃത്തികളും ഒരു മനുഷ്യന് നല്‍കുന്ന ട്രോമ വളരെ വലുതാണ്. അത്തരം മാനസിക ആഘാതങ്ങളെ അതിജീവിക്കാന്‍ എല്ലാ മനുഷ്യര്‍ക്കും സാധിക്കണമെന്നില്ല. ബോഡി ഷെയ്മിങ്ങ് ഉണ്ടാകുമെന്നതുകൊണ്ടുമാത്രം ആളുകളെ അഭിമുഖീകരിക്കാന്‍ സാധിക്കാത്ത എത്രയോ മനുഷ്യരുണ്ട്. കാക്കയെ പോലുള്ള കുട്ടി, കരടിയെ പോലുള്ള കൈകള്‍ തുടങ്ങിയ വിശേഷണങ്ങള്‍ ഒരു മനുഷ്യന്റെ മാനസികാരോഗ്യത്തെ വളരെയധികം ബാധിക്കും എന്ന ചിന്തയാണ് ഇത്തരം കമന്റുകള്‍ പാസാക്കുന്ന ഓരോരുത്തര്‍ക്കും ഉണ്ടാവേണ്ടത്. സൗന്ദര്യമെന്നാല്‍ വെളുത്ത് മെലിഞ്ഞിരിക്കുന്നതാണ് എന്ന് ബോധ്യത്തില്‍ നിന്നും സമൂഹം പുറത്തുവരണം. കറുപ്പും വെളുപ്പും വണ്ണവും മെലിച്ചിലുമെല്ലാം സ്വാഭാവികവും ജൈവികവുമാണെന്ന് മനസ്സിലാക്കാന്‍ ഇന്നും നമ്മുടെ സമൂഹത്തിന് സാധിച്ചിട്ടില്ല.
തീവ്രമായ ഉടല്‍ നിന്ദയ്ക്ക് വിധേയരാകുന്ന മനുഷ്യരോട് ഒന്നേ പറയാനുള്ളൂ...നിങ്ങളുടെ ശരീരമാണ്, അതിന്റെ അഴകും അളവും തീരുമാനിക്കേണ്ടത് നിങ്ങളുടെ സ്വാതന്ത്ര്യമാണ്. സന്തോഷം പൂത്തുലഞ്ഞ ഒരു മനസ്സുകൊണ്ട് ശരീരത്തെ സ്നേഹിക്കുക. ബോഡി ഷെയിമിങ്ങിന്റെ സ്‌കെയിലുകളില്‍ തട്ടി ഉടഞ്ഞുപോകാതിരിക്കുക. നിങ്ങളോളം നിങ്ങളെ ഉള്‍ക്കൊള്ളാന്‍, സ്നേഹിക്കാന്‍ വേറെ ആര്‍ക്കാണ് സാധിക്കുക....
Content Highlights: pen point
Published: 15 Dec 2024, 04:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented