കാലം കുറേയേറെ പിന്നിലേക്ക് പോകണം. മൂന്ന് വ്യാഴവട്ടമെങ്കിലും പിറകിലേക്ക്. 1988-ൽ തൃശൂർ കേരള കാർഷിക സർവ്വകലാശാലയിലെ നാലുവർഷത്തെ ബി.എസ്.സി ഫോറസ്ട്രി കോഴ്‌സിന് അഡ്മിഷൻ ലഭിച്ച സമയം. വനം വകുപ്പിലെ റെയിഞ്ച് ഓഫീസർ തസ്തികയിലേക്ക് പദമൂന്നാനുള്ള പ്രതീക്ഷകളുമായാണ് കോഴ്‌സിന് ജോയിൻ ചെയ്തത്. ആദ്യ സെമസ്റ്ററിന്റെ പകുതിയോളമായിക്കാണും. അപ്പോഴാണ് പറമ്പിക്കുളം ടൈഗർ റിസർവ്വിൽ വന്യജീവി സെൻസസ് നടക്കാൻ പോകുകയാണെന്ന് അറിഞ്ഞത്.

വോളന്റീയേഴ്‌സായി പങ്കെടുക്കാനുള്ള സുവർണാവസരമാണ്. വന്യജീവികളെ അടുത്തുകാണാനും കാടുമായി പരിചയിക്കാനും കിട്ടുന്ന അസുലഭ സന്ദർഭം! വനത്തെക്കുറിച്ചും വന്യജീവികളെക്കുറിച്ചും കേട്ടറിവ് മാത്രമാണുള്ളത്. ആ വാർത്ത കേട്ടപ്പോഴേ മനസ്സുകൊണ്ട് തയ്യാറായിക്കഴിഞ്ഞിരുന്നു. രണ്ട് തരത്തിലാണ് സെൻസസ് നടത്തുന്നത്. കടുവകളുടെ കാനേഷുമാരിയും പിന്നെ പൊതുവായുള്ള മൃഗങ്ങളുടെ കണക്കെടുപ്പും. കൃത്യമായ ദിശാസൂചകങ്ങൾ നൽകി ഒരോ വോളന്റീയറിനുമൊനൊപ്പം ഒരോ ബീറ്റ് ഫോറസ്റ്റ് ഓഫീസറും വാച്ചറുമടങ്ങുന്ന മൂന്നംഗ ടീം ആയാണ് യാത്ര.

ആദ്യ മൂന്നു ദിവസങ്ങളിൽ ടൈഗർ സെൻസസാണ്. മുഖ്യമായും റിസർവ്വോയറിന്റെ ഓരങ്ങൾ കേന്ദ്രീകരിച്ചാണ് കടുവകളുടെ കണക്കെടുപ്പ്. വെള്ളം കുടിക്കാനായി വേനലിൽ വന്യമൃഗങ്ങൾ മുഖ്യമായും ആശ്രയിക്കുന്നത് ആ ജലസംഭരണിയെയാണല്ലോ. അതുകൊണ്ടുതന്നെ അവയുടെ കാലടയാളങ്ങൾ അവിടത്തെ ചെളിയിൽ പതിയുക സ്വാഭാവികവും.

പഗ് മാർക്കുകൾ (pug marks) എന്നറിയപ്പെടുന്ന അത്തരം കാലടയാളങ്ങളുടെ കണക്കെടുത്താണ് രാത്രിഞ്ചരന്മാരുടെ എണ്ണം കണക്കാക്കുന്നത്. ഇന്നിപ്പോൾ ക്യാമറാ ട്രാപ്പുകൾ ഉപയോഗിച്ചെടുക്കുന്ന ചിത്രങ്ങളിൽ കടുവകളുടെ ശരീരത്തിലെ വരകളും (stripes) കാടിനുള്ളിൽ അവയുടെ സാന്നിധ്യം അറിയിക്കുന്ന മറ്റ് അടയാളങ്ങളുമാണ് (മരങ്ങളുടെ പുറന്തൊലിയിലെ നഖപ്പാടുകളും നായാട്ട് അവശിഷ്ടങ്ങളും കാഷ്ടങ്ങളും ഉൾപ്പടെയുള്ളവ) സെൻസസിനും മറ്റുമായി ഉപയോഗിക്കുന്നത്.

പ്‌ളാസ്റ്റർ ഓഫ് പാരീസും സ്‌ളേറ്റിന്റെ ഒരു ഫ്രെയിമും ഒരു മഗ്ഗുമാണ് സെൻസസിന് അന്നൊക്കെ കൊടുത്തുവിടുന്നത്. പഗ്മാർക്ക് നിലത്തുപതിച്ച സ്‌ളേറ്റിന്റെ ഫ്രെയിമിനുള്ളിലാക്കിയ ശേഷം വെള്ളത്തിൽ നന്നായിക്കുഴച്ച് ലൂസ്സാക്കിയ പ്‌ളാസ്റ്റർ ഓഫ് പാരീസ് കാലടയാളത്തിന് തകരാറുപറ്റാതെ ഫ്രെയിമിനുള്ളിലേയ്ക്ക് പകർത്തുക. തുടർന്ന് അഞ്ച് മിനിട്ടോളം കാത്തിരിക്കുക.

പെട്ടെന്ന് കട്ടപിടിക്കുന്ന പാളാസ്റ്റർ ഓഫ് പാരീസിൽ പതിഞ്ഞ കാല്പാടുകൾ ഉണക്കിയെടുത്ത് ഒരു തുണി സഞ്ചിയിലാക്കി അടുത്ത സ്ഥലത്തേക്ക് പോകുക. തീരെ വെയിലില്ലെങ്കിൽ ചുള്ളിക്കമ്പുകൾ മുകളിലിട്ടു കൂട്ടിക്കത്തിച്ചും പ്‌ളാസ്റ്റർ ഓഫ് പാരീസ് കട്ടകൾ ഉണക്കിയെടുക്കാറുണ്ട്. മൂന്ന് ദിവസങ്ങളിലായി എനിക്ക് നാലഞ്ച് പഗ് മാർക്കുകൾ കിട്ടി. ഓരോന്നും സസൂക്ഷ്മം പരിശോധിച്ച് ഡി.എഫ്.ഒ ഞങ്ങളോടായി പറഞ്ഞു.

''ആൺകടുവകളുടെ കാല്പാടുകൾ സമചതുരാകൃതിയിലാണ്. പെൺകടുവകളുടേതും പുലികളുടേതും ദീർഘചതുരാകൃതിയിലും'' -അതായത് ഒറ്റയ്ക്ക് കാണപ്പെടുന്ന സമചതുരാകൃതിയിലെ കാലടയാളം ഏകാന്തപഥികനായ ഏതെങ്കിലും ആൺകടുവയുടേതായിരിക്കും. ദീർഘചതുരാകൃതിയിലുള്ള അടയാളത്തോടൊപ്പം കുഞ്ഞുങ്ങളുടെ കാലടയാളങ്ങൾ കൂടി ഉണ്ടെങ്കിൽ അത് തള്ളക്കടുവയും കുഞ്ഞുങ്ങളും ആകാനാണ് സാധ്യത. കാരണം, മരം കയറികളായ പുലികളിലെ അമ്മമാർ മിക്കപ്പോഴും കുഞ്ഞുങ്ങളെ മരച്ചില്ലകളിലും മറ്റും ഒളിപ്പിച്ചുവയ്ക്കുകയാണ് പതിവ്.

ദിവസങ്ങൾ പെട്ടെന്നാണ് കഴിഞ്ഞത്. പൊതുവായുള്ള മൃഗങ്ങളുടെ കണക്കെടുപ്പാണിനിയുള്ളത്. അതായത് ജനറൽ സെൻസസ്. ജി.പി.എസ്സുകളും മൊബൈൽ ഫോണുകളും പ്രചാരത്തിലില്ലാത്ത കാലമായിരുന്നെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

സെൻസസ് നടത്തുന്ന വനമേഖല ബ്‌ളോക്കുകളും ഗ്രിഡ്ഡുകളുമായി തരം തിരിച്ചിരിക്കും. തന്നിരിക്കുന്ന ദിശകൾ (350 North, 450 South എന്നിങ്ങനെ) വടക്കുനോക്കിയന്ത്രത്തിൽ നോക്കിയാണ് ഓരോ ടീമുകളും പോകേണ്ടത്. അത്തരം വഴികളെ ട്രാൻസെക്ടുകൾ (transects) എന്നാണ് പറയുന്നത്. ഓരോ പോയിന്റിൽ നിന്നും ദിശാസൂചകങ്ങൾ നോക്കി വഴിവെട്ടി മുന്നിൽപ്പോകുന്ന തദ്ദേശവാസികളായ ഫോറസ്റ്റ് വാച്ചറുടെ പിന്നിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ, അതിനും പിന്നിലായി വോളന്റീയർ എന്ന ക്രമത്തിലാണ് സഞ്ചാരം.

''ആനയെക്കണ്ടാൽ കഴിവതും ഒഴിവായിപ്പോകുക. കാരണം അതിന്റെ സ്വഭാവം പ്രവചനാതീതമാണ്. സുരക്ഷിതമെന്ന് തോന്നുന്ന അകലത്തിൽ നിന്നുമാത്രം അവയെ നിരീക്ഷിക്കുക. എന്നാൽ, ഇലച്ചാർത്തുകൾക്കുള്ളിൽ മറ്റേതെങ്കിലും മൃഗങ്ങളുടെ ശബ്ദം കേട്ടാൽ അടുത്ത് പോയിത്തന്നെ നോക്കാം. ഒരുവേള അതൊരു കൂരനോ മുള്ളൻപന്നിയോ ആകാനും മതി. അത്യപൂർവ്വമായ ഒരു കാഴ്ചയാകും അത്'' -സെൻസസിനു ഫുറപ്പെടും മുമ്പുള്ള ഡി.എഫ്.ഒയുടെ ഉദ്‌ബോധനമാണ്. അദ്ദേഹം തുടർന്നു.

''വനയാത്രയ്ക്കിടെ ശബ്ദമുണ്ടാക്കാനോ കടും വർണങ്ങളിലുള്ള വസ്ത്രങ്ങൾ ധരിക്കാനോ പാടില്ല. അത് മൃഗങ്ങളെക്കാണാനുള്ള സാധ്യത കുറയ്ക്കുകയും ടീമിന്റെ സുരക്ഷയെത്തന്നെ ദുർബലപ്പെടുത്തുകയും ചെയ്യും''

ചുവടുകളെണ്ണിയുള്ള നടത്തത്തിനിടയിൽ വഴിയിലെവിടെയെങ്കിലും വന്യജീവികളേയോ കൂട്ടങ്ങളേയോ കണ്ടാൽ ആകെ എണ്ണം, ആണ്-പെണ്ണ്, മുതിർന്നവ, കുട്ടികൾ, അതുവരെ ട്രാൻസെക്ടിലൂടെ സഞ്ചരിച്ച ദൂരം, സമയം എന്നിവയൊക്കെയും തന്നിരിക്കുന്ന പ്രൊഫോർമയിൽ രേഖപ്പെടുത്തണം. മനുഷ്യനെ കണ്ടാലുടൻ വന്യജീവികൾ ഓടിമറയുകയാണ് പതിവ്. അതുകൊണ്ടുതന്നെ അവയെ എത്രയും വേഗത്തിൽ എണ്ണിത്തിട്ടപ്പെടുത്തേണ്ടതുണ്ട്.

പോയിക്കഴിഞ്ഞാൽ ട്രാൻസെക്ടിൽ നിന്നും അവ നിന്നിരുന്ന ദിശയും ആ സ്ഥലത്തേക്കുള്ള ദൂരവും അളന്നെടുക്കണം. ശേഷം വീണ്ടും മുന്നോട്ട്... അവസാനം മറുവശത്ത് റോഡിലെത്തുമ്പോൾ അവിടെ കാത്തുകിടക്കുന്ന വനം വകുപ്പിന്റെ ജീപ്പിൽ തിരികെ ഹെഡ് ക്വാർട്ടേഴ്‌സിലേയ്ക്ക്. ഓരോ ദിവസവും സെൻസസ് കഴിഞ്ഞ് ക്യാമ്പിലെത്തിയാൽപ്പിന്നെ വിശേഷങ്ങൾ പങ്കുവയ്ക്കലാണ്. മുള്ളൻ പന്നിയെക്കണ്ടു...മ്‌ളാവിനെക്കണ്ടു...മാനിനെ കണ്ടു... കാട്ടിയെക്കണ്ടു... ആനയെക്കണ്ടു...അങ്ങനെ നീളുന്ന വീരസ്യം പറച്ചിൽ.

കടുവയെ സാധാരണ പകൽ സമയങ്ങളിൽ കാണുന്നത് തുലോം കുറവായതിനാൽ അത്തരത്തിലാരും അവകാശവാദം ആരും ഉന്നയിച്ചില്ല. എന്നിരുന്നാലും സെൻസസിനിടയിൽ അന്നുവരേയും വന്യജീവികളിലൊന്നിനേയും നേരിൽ കാണാൻ കഴിഞ്ഞിരുന്നില്ലെന്നത് എന്നെ നിരാശപ്പെടുത്തി. മൂന്നാം ദിവസവും സ്ഥിരം പ്രാതലായ ഉപ്പുമാവും പൊതിഞ്ഞെടുത്ത് രാവിലെ എട്ട് മണിക്ക് തന്നെ യാത്ര തിരിച്ചു.

അടിക്കാടുകൾ നിറഞ്ഞിരുന്ന തേക്കുതോട്ടത്തിൽ കൊഴിഞ്ഞുണങ്ങിയ ഇലകൾ നിലമാകെ മൂടിക്കിടന്നിരുന്നു. സമയം പതിനൊന്നരയെങ്കിലും ആയിക്കാണും. മുന്നിൽ നടന്നിരുന്ന വാച്ചർ പെട്ടെന്ന് തിരിഞ്ഞുനിന്ന് ചൂണ്ടുവിരലുയർത്തി ചുണ്ടുകളിലമർത്തി നിൽക്കാനുള്ള മുന്നറിയിപ്പുതന്നു. ട്രാൻസെക്ടിന് ഇടതുവശത്ത് താഴെയായി ഉണങ്ങിനിന്നിരുന്ന അരിപ്പൂച്ചെടികളുടെ പൊന്തയ്ക്കകത്ത് ഒരിലയിളക്കം. അതിനോടൊപ്പം ഉണങ്ങിയ ഇലകളും ചില്ലകളും പതിയെ ഞെരിഞ്ഞമരുന്ന ശബ്ദം!

ഡി.എഫ്.ഒ. പറഞ്ഞ വാക്കുകളായിരുന്നു മനസ്സിൽ നിറയെ. പൊന്തയ്ക്കുള്ളിൽ മറഞ്ഞിരിക്കുന്നത് ഒരുവേള കൂരനോ, കേഴയോ മറ്റേതെങ്കിലും വന്യമൃഗങ്ങളോ ആകാം!. ഇക്കണ്ട ദിനങ്ങളിലൊക്കെയും അനന്തമായി നീണ്ട എന്റെ കാത്തിരിപ്പിനിതാ അറുതിയാകുന്നു! വിശേഷപ്പെട്ട ആ കണിക്കായി കണ്ണുകൾക്കൊപ്പം മനസ്സും തുടികൊട്ടുന്നു. ഏറെയടുത്തെത്തിപ്പോഴാണ് ശരിക്കും ഞാൻ അതിനെ തിരിച്ചറിഞ്ഞത്.

എന്നെത്തന്നെ ഉറ്റുനോക്കിക്കൊണ്ട് കാട്ടുപൊന്തയ്ക്കുള്ളിൽ നിന്നും ഒരു തടിയൻ കരടി പുറത്തേയ്ക്കിറങ്ങി വരുന്നു! കഷ്ടി അഞ്ച് വാര മാത്രം ദൂരെനിന്നുള്ള ആ നോട്ടത്തിന്റെ തീക്ഷ്ണതയിൽ ഞാൻ ചേതനയറ്റ് നിന്നുപോയി. എന്നാൽ, ശ്വാസമടക്കിപ്പിടിച്ചുള്ള ആ നിൽപ്പിനിടയിലും ഞാനത് വ്യക്തമായിത്തന്നെ കാണുകയും ചെയ്തു. ആ തള്ളക്കരടിയുടെ മുതുകത്ത് അള്ളിപ്പിടിച്ചുകിടക്കുന്ന ഇത്തിരിപ്പോന്ന മൂന്ന് കുഞ്ഞുങ്ങൾ! തള്ളക്കരടിയുമായി കണ്ണുകൾ തമ്മിൽ കോർത്തുള്ള ആ നില്പ് എത്ര നേരം തുടർന്നുവെന്നറിയില്ല. നിശ്ചേതനായി നിന്നുപോയ എനിക്ക് നേരെ വന്ന കരടി, പുറം തിരിഞ്ഞ് സാവധാനം കുഞ്ഞുങ്ങളുമായി കാടിനുള്ളിലേയ്ക്ക് നടന്നുമറഞ്ഞു.

ഞാൻ തിരിഞ്ഞുനോക്കുമ്പോൾ പുറകിൽ അവിശ്വസനീയതയോടെ എന്നെ പിൻപറ്റുന്ന നാലുകണ്ണുകൾ! പിന്നിൽ സുരക്ഷിതമായ അകലത്തിൽ നിൽക്കുന്ന വാച്ചറും സ്റ്റാഫുമാണ്. ശരിക്കും മരണമാണ് തെല്ലിട മുമ്പ് മുഖാമുഖം നിന്നിരുന്നതെന്ന് ഞാൻ തിരിച്ചറിയാൻ സമയമേറെയെടുത്തു. അത്രമേൽ അപകടകാരിയാണ് കരടിയെന്ന് അന്നെനിക്കറിയുകയുമില്ലായിരുന്നു. ഭാവം പകർന്ന് രണ്ടുകാലിൽ നിവർന്നുനിന്നും പിന്നെ ഓടിയടുത്തെത്തിയുമുള്ള കരടിയുടെ ഉരുക്കുകൈ താഡനത്തിൽ കൂർത്തുമൂർത്ത നഖങ്ങളിൽക്കുടുങ്ങി മുഖത്തുനിന്നും കണ്ണുൾപ്പടെ മാംസം പറിഞ്ഞിളകിപ്പോയ മനുഷ്യരെ ഞാൻ സർവ്വീസിൽ പിന്നീട് പലവുരു കണ്ടിട്ടുണ്ട്.

വർഷങ്ങൾക്കിപ്പുറം നട്ടെല്ലിലൂടെ കൊടിയ ശീതം അരിച്ചുകയറുന്ന ഓർമയായി ആ കാഴ്ച മുന്നിൽത്തന്നെ നിൽക്കുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi