പൂക്കളിലും പുൽക്കൊടികളുടെ അറ്റത്തും തൂങ്ങിനിൽക്കുന്ന ഇത്തിരിക്കുഞ്ഞൻമാരായ എലികളെ ചിത്രങ്ങളിലും വീഡിയോകളിലുമെല്ലാം പലരും കണ്ടിരിക്കും. പരമാവധി ഏഴു സെന്റിമീറ്റർ വരെ വളരുന്ന, നാലുമുതൽ ആറു വരെ ഗ്രാം ഭാരവുമുള്ള എലികളാണിവ. യൂറേഷ്യൻ ഹാർവെസ്റ്റ് മൈസ് എന്നു വിളിക്കുന്ന ഇക്കൂട്ടരെ സാധാരണയായി ഗോതമ്പ്, ഓട്സ് പോലുള്ള ധാന്യവിളകളുടെ വയലുകളിലും നീളമുള്ള പുല്ലുകളിലും മറ്റ് ഉയരമുള്ള സസ്യങ്ങളിലുമെല്ലാമാണ് കാണപ്പെടുന്നത്. ഉയരത്തിലുള്ള തണ്ടുകളിൽ ഉണങ്ങിയ പുല്ലുകൊണ്ടും മറ്റും കൂടുകൾ നെയ്യുന്നു. മറ്റ് എലികളെപ്പോലെ കൃഷിക്കാർക്ക് കാര്യമായ പ്രശ്നങ്ങളൊന്നും ഇവയുണ്ടാക്കാറില്ല, പോരാത്തതിന് കീടങ്ങളെ തിന്നു നശിപ്പിക്കുകയും ചെയ്യും.
വടക്കൻ ഇംഗ്ലണ്ടിൽ ധാരാളമുണ്ടായിരുന്ന ഹാർവെസ്റ്റ് മൈസ് ഒരു കാലത്ത് വംശനാശത്തിന്റെ വക്കിലെത്തിയിരുന്നു. തീവ്രമായ കൃഷി രീതികളും വെള്ളപ്പൊക്കവുമൊക്കെയാണ് അവയുടെ ആവാസവ്യവസ്ഥയ്ക്ക് ഭീഷണിയുണ്ടാക്കിയത്.
ഇതു തിരിച്ചറിഞ്ഞ മൃഗസംരക്ഷകർ കുഞ്ഞനെലികൾക്ക് അടച്ചുറപ്പുള്ള വീടുണ്ടാക്കിക്കൊടുക്കാൻ തീരുമാനിച്ചു. ടെന്നീസ് ബോളുകൾക്ക് ചെറിയ ദ്വാരമിട്ടാൽ ഇവയെ പുനരധിവസിപ്പിക്കാമെന്നും വെള്ളം കടക്കാത്ത കൂടൊരുക്കാമെന്നും തിരിച്ചറിഞ്ഞു. പരീക്ഷണാടിസ്ഥാനത്തിൽ സംഗതി വിജയിക്കുകയും ചെയ്തു. അങ്ങനെ 2001 മുതൽ ബ്രിട്ടനിലെ വിവിധ മൃഗസംരക്ഷകർ ടെന്നീസ് ബോളുകൾ ശേഖരിച്ച് കൃഷിയിടങ്ങളിൽ സ്ഥാപിച്ചുതുടങ്ങി.
ദ്വാരത്തിനുള്ളിൽ ഇരപിടിയൻ പക്ഷികളിൽ നിന്നും കീരികളിൽ നിന്നും താരതമ്യേന സുരക്ഷിതരായിരിക്കും. കുഞ്ഞുങ്ങളെയും സംരക്ഷിക്കാം. സാധാരണയായി എലികൾ കൂടുണ്ടാക്കുന്ന ഇടങ്ങൾ കണ്ടെത്തി അവിടെയാണ് ബോളുകൾ സ്ഥാപിച്ചത്. നിലത്തു നിന്ന് ഏകദേശം ഒരു മീറ്ററോ ഒന്നര മീറ്ററോ ഉയരത്തിൽ തൂണുകൾ നാട്ടിയും ബോളുകൾ വെച്ചു.
വിംബിൾഡൺ സംഭാവന
വിംബിൾഡൺ ടൂർണമെന്റിൽ എല്ലാ വർഷവും 54,000-ലധികം ടെന്നീസ് ബോളുകൾ ഉപയോഗിക്കുന്നുണ്ട്. മത്സരത്തിനിടെ കേടുപാടുകൾ സംഭവിക്കാനിടയുള്ളതിനാൽ ഇടയ്ക്കിടെ മാറ്റുന്നതാണ് ഇത്രയധികം ബോളുകൾ ആവശ്യമായി വരാൻ കാരണം. ഉപയോഗിച്ച പന്തുകൾ മൈതാനത്തുള്ള കാണികൾക്ക് വിൽക്കാറുണ്ട്. ചിലത് കാണികൾ എടുത്തുകൊണ്ടുപോവുകയും ചെയ്യും. ഇപ്പോൾ ടെന്നീസ് ബോളുകളുടെ വലിയൊരു ശതമാനവും ഹാർവെസ്റ്റ് മൈസുകളുടെ സംരക്ഷണത്തിനായി സംഭാവന ചെയ്യുകയാണ്. വിംബിൾഡൺ കൂടാതെ, ബ്രിട്ടനിലെ പല ടെന്നീസ് ക്ലബ്ബുകളും ഉപയോഗിച്ച ബോളുകൾ വിവിധ വന്യജീവി സംരക്ഷണ സംഘടനകൾക്ക് ദാനം ചെയ്യുന്നുണ്ട്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 03 Jul 2025, 06:00 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented