
വര- ശ്രീലാല്‍ എ.ജി.
ഞങ്ങളുടെ വീടുകളിലേക്ക് ക്ഷണിക്കാതെ കയറിവന്നിരുന്നു ചിലര്‍. അവരില്‍ ചിലരെ കാണുമ്പോള്‍ ഈശ്വരാ എന്ന് പെണ്ണുങ്ങള്‍ നെഞ്ചത്ത് കൈവച്ചിരുന്നു. അരിച്ചെമ്പിലോ ഉലുവക്കുപ്പിയിലോ പഴയ പുസ്തകത്തിന്റെ ഉള്‍പ്പേജുകളിലോ പൂഴ്ത്തിവച്ച ചുരുണ്ട, മുഷിഞ്ഞ നോട്ടുകള്‍ക്ക് പരതിയിരുന്നു അവരപ്പോള്‍.
സ്‌കൂട്ടറിന്റെയോ സൈക്കിളിന്റെയോ പുറകില്‍ വലിയ കെട്ടുകളില്‍ പ്ലാസ്റ്റിക്ക് പാത്രങ്ങളുമായി വരുന്നവരാവും ചിലപ്പോള്‍ മുറ്റത്ത് നില്‍ക്കുന്നത്. അവര്‍ അപകടകാരികളല്ല. ചളുങ്ങിയ, പൊട്ടിയ പാത്രങ്ങളും പഴയ പുസ്തകങ്ങളും കൊടുത്ത് പെണ്ണുങ്ങള്‍ പുതിയവ വാങ്ങും. കാത് പൊട്ടിയ ബക്കറ്റിന് പകരം പുതിയതൊന്ന്, നിറമുള്ള ഒരു സോപ്പ് പെട്ടി, പേന്‍ ചീര്‍പ്പ്, മുറം, മാറാല തട്ടാന്‍ വലിയ കാലുള്ള ഒരു ചൂല്, ചവിട്ടികള്‍ എന്നിങ്ങനെ വീട് ആവശ്യങ്ങള്‍ നിരത്തും. പൈസ ആഴ്ച്ചതോറും തവണകളായി അടച്ചു തീര്‍ത്താല്‍ മതി. ഇന്നത്തെ emi യുടെ ആദ്യരൂപമാണ്. വീട്ടുപകരണങ്ങള്‍ മിക്കതും ഞങ്ങള്‍ അവരുടെ അടുത്തുനിന്നാണ് വാങ്ങുക. ഞാനൊരു പുതിയ ചെമ്പ് വാങ്ങിയെടീ എന്ന് കേട്ടാല്‍, അടവിനല്ലേ എന്ന് മറുചോദ്യം വരുംവിധം നാടിന് പരിചിതമായിരുന്ന സമ്പ്രദായമാണത്.
അടുത്ത ആഴ്ച്ച പാത്രക്കാരന്‍ വരുമ്പോ എനിക്കൊരു മുറം വാങ്ങണം, അരി ചേറാതെ വച്ചിട്ട് കല്ല് കടിച്ചിട്ട് വയ്യ, ബക്കറ്റൊക്കെ നാശായി, ചൊവ്വാഴ്ച്ചക്കാരനോട് പറഞ്ഞിട്ടുണ്ട് എന്നൊക്കെ പെണ്ണുങ്ങള്‍ അവരെ കാത്തിരുന്നു. രൊക്കം കാശ് കൊടുത്ത് സാധനങ്ങള്‍ വാങ്ങിക്കാന്‍ പറ്റാത്ത ഞങ്ങളെ കച്ചവടത്തിന് വരുന്നവര്‍ നന്നായി പരിഗണിച്ചു. എടുത്തോളീ ചേച്ച്യേ, പൈസ ഉള്ളപ്പോ തന്നാ മതി എന്ന് ഉദാരരായി.
തുണികള്‍ വില്‍ക്കാന്‍ വരുന്നവരും ഉണ്ട്.പാവാട, തുണി, മാക്‌സിയേയ് എന്ന് അവരുടെ ശബ്ദത്തിന്റെ കാറ്റില്‍ നാട്ടുവഴികളില്‍ പൊടിപറക്കും. അവിവാഹിതകളായ സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീടിന്റെ മുന്‍പിലെത്തുമ്പോള്‍ അടിവസ്ത്രങ്ങളുടെ പേരുകള്‍ മാത്രം ഉച്ചത്തില്‍ വിളിച്ചു പറയുന്ന ഒരാളുണ്ടായിരുന്നു അക്കൂട്ടത്തില്‍. അവരുടെ ചെറിയ വണ്ടിയില്‍ കെട്ടിവച്ച വലിയ തുണിക്കെട്ടുകള്‍ അഴിക്കുന്നത് കാത്ത് നാട് അവരെ വട്ടമിടും.
ഇത് എടുത്താ ലേശം എന്തെങ്കിലും കൊറച്ച് തരണം ട്ടോ എന്നും കഴിഞ്ഞ തവണ കൊണ്ടന്ന നൈറ്റി തിരുമ്പിയപ്പോ കളറ് പോയി ട്ടോ എന്നും ഇന്റെ പെണ്ണിനൊരു പാട്ടുപാവാട വേണം ന്ന് അത് പറയാന്‍ തുടങ്ങീട്ട് കൊറേയായി. ഇനി വരുമ്പോ ഒന്ന് കൊണ്ടരോണ്ട് എന്നുമൊക്കെ ആ വട്ടത്തിന് നടുവിലേക്ക് പെണ്ണുങ്ങള്‍ കുനിയും.
മറ്റൊരു കൂട്ടരുണ്ട്, പലിശയ്ക്ക് പണം കടം കൊടുക്കുന്നവര്‍. തമിഴ്‌നാട്ടുകാരായിരിക്കും അവര്‍. പണം പിരിക്കാന്‍ അവര്‍ വരുന്ന ദിവസമനുസരിച്ചാണ് ഞങ്ങളവരെ പേര് വിളിച്ചത്. ബുധനാഴ്ച്ച അണ്ണന്‍, ശനിയാഴ്ച്ച അണ്ണന്‍ എന്നിങ്ങനെ.
മഴ ഇടയില്ലാതെ പെയ്യാന്‍ തുടങ്ങുകയും പണി ഇല്ലാതാവുകയും ചെയ്യുന്ന വറുതിക്കാലങ്ങളില്‍, ബന്ധുവീടുകളിലെ വിശേഷങ്ങള്‍ക്ക് കൊടുക്കാനുള്ള കവറില്‍ നിറയ്ക്കാന്‍, അവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കാറാവുമ്പോള്‍, പെട്ടെന്ന് പൊട്ടിവീഴുന്ന ഒരാശുപത്രിയാവശ്യത്തിന് ഒക്കെ ഞങ്ങള്‍ അണ്ണന്മാരെ കാത്തിരുന്നു. നൂറ്റ്ക്ക് ഇരുപത് എന്ന മൂര്‍ച്ചയില്‍ എത്രയോ തവണ പോറി മുറിഞ്ഞിട്ടും ഞങ്ങളവരെ പിണക്കിയില്ല.
ബുധനാഴ്ച്ച അണ്ണന്റെ അടവ് രണ്ടാഴ്ച്ച കൊണ്ട് തീരും. ന്നിട്ട് കൊറച്ചൂടെ വാങ്ങാം. പലിശ കൊടുക്കണം, നേരെന്നെ. പക്ഷേ പൈസയ്ക്ക് പൈസ തന്നെ വേണ്ടേ എന്നൊക്കെ അച്ഛന്‍ അച്ഛനെ തന്നെയും ഞങ്ങളെയും ധൈര്യപ്പെടുത്തും. അണ്ണന്‍ വരുന്ന ദിവസം, കൊടുക്കാന്‍ പൈസ ഇല്ലെങ്കില്‍ അമ്മ ഞങ്ങളെ കൂട്ടിപ്പിടിച്ച് മുറിയില്‍ ഒളിക്കും. ചേച്ചീ, പൈസ കൊട് എന്ന് അണ്ണന്‍ മുറ്റത്ത്‌നിന്ന് വിളിക്കുമ്പോള്‍ അമ്മ ഞങ്ങളെ നോക്കി മിണ്ടല്ലേന്ന് ചുണ്ടില്‍ കൈവയ്ക്കും. ഒളിച്ചുകളിക്കുമ്പോള്‍ മിണ്ടാതെ, അനങ്ങാതെ ചിരിയടക്കി ഇരിക്കുമ്പോള്‍ തോന്നുന്നതുപോലൊരു നിഗൂഢ ആനന്ദം ഞങ്ങളപ്പോള്‍ അറിഞ്ഞു. അമ്മയുണ്ടല്ലോ, കണ്ടുപിടിക്കില്ല എന്ന ധൈര്യത്തില്‍ ഞങ്ങള്‍ അമ്മയുടെ പുറകില്‍ എത്ര നേരം വേണമെങ്കിലും അനങ്ങാതെ നില്‍ക്കുമായിരുന്നു. മുറ്റത്തുനിന്ന് ശബ്ദം കേള്‍ക്കാതെയാവുമ്പോള്‍ അമ്മ ദീര്‍ഘമായി നിശ്വസിക്കും. ആ ഒളിച്ചുകളിയില്‍ അമ്മയ്ക്ക് ഒരു രസവുമില്ല എന്ന് നെറ്റിയിലെ വിയര്‍പ്പും വാടിയ മുഖവും പറയും.
നാളെ അണ്ണന്‍ വരുമ്പോ എന്ത് പറയും? അമ്മ ആരോടെന്നില്ലാതെ ചോദിക്കുന്ന ചോദ്യം വീടിനുള്ളില്‍ വീണുകിടക്കുന്നുണ്ടാവും. അവയില്‍ ചവിട്ടുമ്പോള്‍ അമ്മയ്ക്ക് മാത്രം എപ്പോഴും പൊള്ളി. ഇറങ്ങി പോകാന്‍ കടത്തിണ്ണകളും അങ്ങാടിയും ഉണ്ടായിരുന്ന അച്ഛനോ കളിക്കാന്‍ ഒരു നാട് മുഴുവനുണ്ടായിരുന്ന ഞങ്ങള്‍ക്കോ അതിനുത്തരം കൊടുക്കേണ്ട. വീട്ടിലെ പെണ്ണുങ്ങളെ മാത്രം പേടിപ്പിക്കുന്ന സാന്നിധ്യമായിരുന്നു അണ്ണന്മാര്‍.
കക്ഷത്തില്‍ ഇറുക്കിപ്പിടിച്ച കറുത്ത ബാഗും കൊടുത്ത കാശിന്റെ കണക്കുകള്‍ കറുപ്പിച്ചെഴുതിയ ഡയറിയും നെറ്റിയില്‍ പേടിപ്പിക്കുന്ന ചുവന്നവട്ടക്കുറിയുമായി അവരെ കാണുമ്പോള്‍ പെണ്ണുങ്ങളുടെ നെഞ്ചിടിച്ചു. അടുത്താഴ്ച്ച തരാം അണ്ണാ എന്ന് വിറയലോടെ, മുഖം പേടിയില്‍ വലിഞ്ഞ് അവര്‍ പറഞ്ഞൊപ്പിക്കും. ചിലര്‍ ഒന്നും മിണ്ടാതെ തലയാട്ടി ഇറങ്ങിപ്പോകും. ചിലര്‍ മടുപ്പോടെ പിറുപിറുക്കും. ചിലര്‍ ഒച്ചയെടുക്കും. നിസ്സഹായതയുടെ ആള്‍രൂപം എന്ന പോലെ ഉമ്മറത്തെ ഒതുക്കുക്കല്ലില്‍ അമ്മ അവര്‍ പോയിക്കഴിഞ്ഞും ഏറെ നേരം കല്ലുപോലെ ഇരിക്കും. തൊടാനും മിണ്ടാനും പേടിച്ച് ഞങ്ങള്‍ ദൂരെ മാറിനില്‍ക്കും.
എന്നിട്ടും ഒരു നാട് അവരെ കാത്തിരുന്നു, വേറെന്താ ചെയ്യാ എന്ന ന്യായത്തിന്റെ പുറത്ത് അവരുടെ കയ്യില്‍നിന്ന് കാശ് വാങ്ങിച്ചു. അടയ്ക്കുന്ന തവണകള്‍ രേഖപ്പെടുത്താനുള്ള മഞ്ഞ കാര്‍ഡ് പെട്ടെന്ന് കയ്യെത്തുന്ന കണ്ണാടിയ്ക്ക് പുറകിലോ അടുക്കളപാത്രങ്ങള്‍ വച്ച പലകയുടെ വിടവുകളിലോ തിരുകിവച്ചു. അടുത്ത ആഴ്ച്ച അണ്ണന്‍ വരുമ്പോള്‍ എന്ത് പറയും എന്ന് പെണ്ണുങ്ങള്‍ വീണ്ടും പുകഞ്ഞു. ഇപ്പോഴുണ്ടോ അണ്ണന്മാര്‍? അവരുടെ കൈസഞ്ചിയിലെ പണത്തിന്റെ ബലത്തില്‍ യൂണിഫോം വാങ്ങാന്‍, കല്യാണം കൂടാന്‍, ആശുപത്രിയില്‍ പോവാന്‍ അവരെ കാത്തിരിക്കുന്നവര്‍?
അറിയില്ല.
Content Highlights: childhood memories involving moneylenders in rural Kerala, highlighting the financial struggles of a family
Published: 12 Jun 2025, 01:15 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented