
മകൾ മഞ്ചാടിയുടെ പിറന്നാൾ മാസമാണ് ഫെബ്രുവരി. ഒരു മാസം മുൻപ് തന്നെ ഞാൻ ഒരുക്കങ്ങൾ തുടങ്ങി. വീട് മിനുക്കലും ഉടുപ്പുകൾ വാങ്ങലും കേക്ക് ഏത് തീമിൽ വേണമെന്ന ചർച്ചകളും ഒക്കെയായി. അവളെ എന്തൊക്കെ കൊതിപ്പിക്കുന്നു എന്ന് സദാ നിരീക്ഷിക്കുന്നുണ്ട്. എങ്ങനെയൊക്കെ സന്തോഷിപ്പിക്കാം എന്ന ചിന്തയാണ് ഓരോ പിറന്നാൾ വരുമ്പോഴും. അവൾ ഞങ്ങൾക്ക് വളരെ പ്രധാനമാണ് എന്നവൾക്ക് ബോധ്യപ്പെടണം എന്നൊരു തോന്നൽ എനിക്കുണ്ട്. കുട്ടിക്കാലത്തെ എന്നെ ആരും കണ്ടിട്ടില്ല എന്നുള്ള നഷ്ടബോധമോ നിരാശയോ എനിക്കുണ്ട്. അത് അവൾക്ക് ഉണ്ടാവരുത് എന്നൊക്കെയാണ് അമ്മചിന്തകൾ.
ഈ പിറന്നാൾ ഒരുക്കങ്ങൾക്കിടയിൽ പെട്ടെന്ന് എനിക്ക് മണിക്കുട്ടിയുടെ ഒരു പിറന്നാൾ ഓർമ്മ വന്നു. ഇത്തവണ മണിക്കുട്ടിക്കഥയിൽ ആ പിറന്നാൾക്കഥയാവാം. മലയാള മാസവും നാളും നോക്കിയാണ് അന്ന് ഞങ്ങൾ പിറന്നാൾ കണക്കാക്കിയിരുന്നത്. ആ കണക്ക് കൂട്ടൽ പ്രത്യേക ശ്രദ്ധ വേണ്ട കാര്യമാണ്. മലയാള മാസത്തിലെ നാലാം തിയ്യതിക്കുള്ളിൽ നാള് വരികയാണെങ്കിൽ അതല്ല, അതിന് ശേഷം അതേ നാള് വരുന്ന ദിവസമാണ് പിറന്നാളായി കണക്കാക്കേണ്ടത് എന്നോ മറ്റോ ഒരു നിയമമുണ്ട്. അതുകൊണ്ട് ആശയക്കുഴപ്പം പെട്ടെന്ന് ഉണ്ടാവുന്ന പരിപാടിയാണ് ഓരോ പുതുവർഷ കലണ്ടറിലും അവരവരുടെ പിറന്നാൾ കണ്ടെത്തുക എന്നത്.അതുകൊണ്ട് കലണ്ടർ കിട്ടുമ്പോൾ മുതൽ ഞങ്ങൾ അമ്മമാരുടെ പുറകേ കൂടും. എന്റെ പിറന്നാൾ എന്നാ അമ്മേ വരുന്നത് എന്ന ചോദ്യവുമായി.
എന്റെ അമ്മയുടെയും മണിക്കുട്ടിയുടെയും പിറന്നാൾ ഒരേ ദിവസമാണ്. സ്‌കൂൾ തുറന്നയുടനെയുള്ള മാസങ്ങളിൽ ഏതോ ഒന്നിലാണ്. ഞങ്ങളുടെ ക്ലാസിൽ അതേ സ്‌കൂളിലെ മായ ടീച്ചറുടെ മകൾ പഠിച്ചിരുന്നു, വർണ. അവൾക്ക് ക്ലാസ്സിലും, എന്തിന് സ്‌കൂളിൽ മുഴുവനും പ്രത്യേക പരിഗണന ഉണ്ടായിരുന്നു. കുട്ടികളും മറ്റ് ടീച്ചർമാരും അവളെ വിഐപിയായി പരിഗണിച്ചു. നന്നായി പഠിക്കുന്ന കുട്ടി കൂടി ആയതുകൊണ്ട് ഞങ്ങൾക്ക് അവളെ അത്ര ബോധിക്കില്ല.
നാലാം ക്ലാസ്സ് ആണ് പായമ്പാടം സ്‌കൂളിലെ അവസാനത്തെ ക്ലാസ്സ്. ആ വർഷം വർണ ഞങ്ങളെ കുറച്ചു പേരെ അവളുടെ വീട്ടിലേക്ക് പിറന്നാളിന് ഉണ്ണാൻ വിളിച്ചു കൊണ്ടുപോയി. സ്‌കൂളിന് അടുത്ത് തന്നെയാണ് അവളുടെ വീട്. ഉച്ചഭക്ഷണ സമയത്ത് പോയാൽ ബെല്ലടിക്കുന്നതിന് മുൻപ് തിരിച്ചെത്താവുന്ന അത്രയും അടുത്ത്. വർണയുടെ വലിയ വീട്ടിൽ നിലത്ത് വിരിച്ച ഇലയിൽ ജോലിക്കാരികൾ ഞങ്ങൾക്ക് വിഭവങ്ങൾ ഒരുപാടുള്ള സദ്യ വിളമ്പി. മുത്തശ്ശനും മുത്തശ്ശിയും ഞങ്ങൾ ഉണ്ണുന്നത് നോക്കിയിരുന്നു. അത്രയും വലിയ വീട് ഞങ്ങൾ ആദ്യമായി കാണുകയായിരുന്നു. ചേരാത്ത സ്ഥലത്ത് എത്തിയ പോലൊരു വേവലാതിയിൽ ഞങ്ങൾക്ക് അന്ന് നിറച്ചുണ്ണാൻ പറ്റിയില്ല. എങ്കിലും, വർണ ഞങ്ങളെ പിറന്നാൾ ഉണ്ണാൻ വിളിച്ചല്ലോ, അവൾക്ക് നമ്മളോട് ഇഷ്ടക്കുറവ് ഒന്നുമില്ലെന്ന് തോന്നുന്നു എന്ന് ഞങ്ങൾ പരസ്പരം പറഞ്ഞ് ആശ്വസിച്ചു.
ഒന്നോ രണ്ടോ മാസങ്ങൾ കഴിഞ്ഞു. ഒരു ദിവസം മണിക്കുട്ടി ഞങ്ങളെ കുറച്ചു പേരെ രഹസ്യമായി വിളിപ്പിച്ചു.
നാളെ എന്റെ പിറന്നാളാണ്, നമുക്ക് എന്റെ വീട്ടിലേക്ക് ഉണ്ണാൻ പോവാം.
ആശയം ഞങ്ങൾക്ക് ഇഷ്ടമായി. ഇത് തുടർന്നാൽ പലരുടെയും വീട്ടിൽ പോവാമല്ലോ എന്നാണ് ഞാൻ ചിന്തിച്ചത്. അമ്മ അന്ന് എനിക്ക് തൊട്ടടുത്തുള്ള വീടുകളിലേക്ക് മാത്രമേ പോവാൻ അനുവാദം തന്നിരുന്നുള്ളൂ.
എല്ലാവരും വീട്ടിൽ പറഞ്ഞ് അനുവാദം വാങ്ങിയാണ് പിറ്റേന്ന് സ്‌കൂളിലെത്തിയത്. വർണയുടെ വീട്ടിലേക്ക് പോവാനുള്ള അനുവാദം പെട്ടെന്ന് കിട്ടും, ടീച്ചറുടെ വീടാണല്ലോ. അതുപോലെയല്ല ഞങ്ങളുടെ വീടുകളിലേക്കുള്ള ഉണ്ണാൻ പോക്ക്.
വിശന്നു പൊരിഞ്ഞ് മണിക്കുട്ടിയുടെ വീട്ടിൽ ഞങ്ങൾ കുട്ടിപ്പട എത്തുമ്പോൾ അടുക്കളയിൽ അച്ഛമ്മ എന്തോ ഇളക്കിക്കൊണ്ട് നിൽക്കുകയാണ്. പായസം ആയിരിക്കും, ഞങ്ങൾ കൊതിയോടെ പരസ്പരം നോക്കി. മണിക്കുട്ടി മേശപ്പുറത്ത് പ്‌ളേറ്റുകൾ നിരത്തുകയായിരുന്നു. ഞങ്ങളെ അച്ഛമ്മ കണ്ടില്ലെന്ന് തോന്നി. അതാരും വക വച്ചില്ല. കുട്ടികളെ കണ്ടാൽ ഗൗനിക്കുന്ന മുതിർന്നവർ അന്നും കുറവായിരുന്നു.
‘വാ, ഇരിക്കെടീ...’
മണിക്കുട്ടി വിളിച്ചു. അത് കേട്ടാണ് അച്ഛമ്മ തിരിഞ്ഞു നോക്കുന്നത്. അവർ അന്ധാളിച്ചു,
‘ഇതെന്താ എല്ലാരും പാടെ? ഉസ്‌കൂളിൽ കഞ്ഞിയില്ലേ ഇന്ന്?’
ഞങ്ങൾ ഇരിക്കണോ എണീക്കണോ എന്നറിയാതെ മണിക്കുട്ടിയെ നോക്കി.
‘ഇബരൊക്കെ ഇന്റെ പിറന്നാൾ സദ്യ ഉണ്ണാൻ വന്നോരാ, ഇന്റെ കൂട്ടുകാരാ...’
അച്ഛമ്മ ഒരു നിമിഷം സ്തംഭിച്ചു നിന്നു.
‘ഓ ന്റെ ദൈവേ, കണ്ടോ പെണ്ണിന്റെ അഹമ്മതി. ആരോട് ചോയ്ച്ചിട്ടാടീ ഇയ്യ് ഇവറ്റോളെ കൂട്ടി വന്നത്? പിറന്നാളിന് സദ്യ ഇണ്ടാക്കി വയ്ക്കാൻ ആരേ ഏല്പിച്ചു ഇന്നെ?’
മണിക്കുട്ടി തല കുനിച്ചു നിന്നു. പിറന്നാൾക്കാരിയുടെ കണ്ണ് നിറഞ്ഞു.
അച്ഛമ്മ ഞങ്ങളുടെ പ്ലേറ്റിൽ രാവിലെ ഉണ്ടാക്കിയതിൽ ബാക്കിയുള്ള പുട്ട് വിളമ്പി. ഉണങ്ങി ബലം വച്ച അത് കഴിക്കാൻ പറ്റാതെ സ്‌കൂളിലെ വിഐപി കുഴയുന്നത് കണ്ടപ്പോൾ എനിക്ക് ചെറിയൊരു സന്തോഷം തോന്നാതിരുന്നില്ല.
പിന്നെ അവരവരുടെ വീട്ടിൽ പോയി ഉണ്ണാനുള്ള നേരം ഉണ്ടായിരുന്നില്ല. എല്ലാവരും അന്ന് ഉച്ചയ്ക്ക് പട്ടിണിയായി. പിറന്നാൾക്കാരി അന്ന് മുഴുവൻ മുഖം വാടി നടന്നു. പിറന്നാളിന് ക്ഷണിച്ചു വരുത്തി ഉണക്കപ്പുട്ട് വിളമ്പിയ കാര്യം പറഞ്ഞ് തരം കിട്ടുമ്പോഴൊക്കെ വർണ അവളെ കളിയാക്കി. ഏറെ വലുതായിട്ടും ആ പിറന്നാൾ ഓർക്കാൻ മണിക്കുട്ടി ഇഷ്ടപ്പെട്ടില്ല. ആരെങ്കിലും അതോർമ്മിപ്പിക്കാൻ ശ്രമിച്ചാൽ അവൾ വലിയ ബഹളമുണ്ടാക്കി അവരെ നിശബ്ദരാക്കും.
മഞ്ചാടിയുടെ പിറന്നാൾ ഒരുക്കങ്ങൾ എന്നെ കൊണ്ടിട്ട ഓർമ്മ ഇതായിപ്പോയി മണിക്കുട്ടീ. നിനക്കിപ്പോഴും ആ ഓർമ്മയെ ഭയമാണോ എന്നെനിക്കറിയില്ല. ആണെങ്കിൽ ഇതോടെ ആ ഭയം ഒഴിഞ്ഞു പോട്ടെ. എന്റെ അമ്മയുടെ അറുപതാം പിറന്നാൾ ഈ വർഷം ഞങ്ങൾ ആഘോഷിക്കും. അന്നാണല്ലോ നിന്റെയും പിറന്നാൾ, ഞാൻ ഓർക്കും. നിന്നെയും നമ്മുടെ കുട്ടിക്കാലത്തെയും നമുക്ക് ആഘോഷിക്കാൻ പറ്റാതെ പോയ അസംഖ്യം പിറന്നാളുകളും ഓർക്കും. അതുകൊണ്ടെന്താ, നമ്മളിപ്പോൾ പ്രിയപ്പെട്ട ഒരാളുടെയും പിറന്നാൾ മറന്നു പോവുന്നില്ലല്ലോ അല്ലേ?
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 04 Mar 2026, 05:45 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented