അയാളുടെ ഓട്ടോറിക്ഷയുടെ പേര് രാധിക എന്നായിരുന്നു. അയാളുടെ പേര് കണ്ണന്‍ എന്നും. പുത്തന്‍ ബജാജ് ബാക്ക് എന്‍ജിന്‍ വണ്ടി വാങ്ങി വീടെത്തിയ ദിവസം താക്കോല്‍ കൈയില്‍വെച്ചുതന്നിട്ട്, തലയില്‍ തൊട്ടുഴിഞ്ഞ് നല്ലവഴി നേര്‍ന്ന അയാളുടെ അമ്മൂമ്മ ഇട്ട പേരാണത്. അമ്മൂമ്മ അധികം വൈകാതെ മരിച്ചുംപോയി. നഗരത്തില്‍ പെട്ടെന്നു കിട്ടുന്ന ഓട്ടം പോകുന്നതുപോലെയാണ് ഓരോ മരിപ്പും. തിരികെയെത്താന്‍ ഒരുവഴിയുമില്ല. അത്രയ്ക്ക് പെരുകിക്കഴിഞ്ഞു വണ്ടികള്‍. ഒരിഞ്ച് സ്ഥലമില്ലാത്തതുപോലെ വാഹനങ്ങള്‍ ഞെക്കിഞെരുക്കിവെച്ചിരിക്കുകയാണ് ടൗണിനെ. അതിനിടയിലൂടെ തിരക്കിട്ട് നടന്നുപോകുന്ന മനുഷ്യരും.
നഗരത്തിനുചുറ്റും ഒരു പുഴ വലയംതീര്‍ത്തൊഴുകുന്നതിനാല്‍ പുറംറോഡുകള്‍ നിര്‍മിക്കുക അത്ര എളുപ്പമല്ല.
''പാലങ്ങള്‍ പലതു പണിതാലേ ഇതിനൊക്കെ പരിഹാരമാകൂ,'' ലാസര്‍ എന്ന ഓട്ടോക്കാരന്‍ ആത്മഗതം പറഞ്ഞു. ഓട്ടോക്കാര്‍ക്ക് എപ്പോഴും പ്രശ്‌നങ്ങളാണ് നാവറ്റത്ത്. ഒരുകാര്യവുമില്ലെങ്കിലും ഇങ്ങനെ ഓരോന്ന് പറഞ്ഞുകൊണ്ടിരിക്കും, വെറുതേ ഒരു സമാധാനത്തിന്. പെട്രോളിന്റെ വിലക്കയറ്റം, വണ്ടിയുടെ സി.സി. മുടക്കം, പിള്ളേരുടെ പഠനച്ചെലവ്, വര്‍ക്ക്‌ഷോപ്പ്, ആശുപത്രി, രാഷ്ട്രീയം... അങ്ങനെയങ്ങ് പോകും.
''ഒയ്യോ, എന്നാ ഒരു മഴയാ എരച്ചുകേറണെ... വേനലിന്റെ പണിക്കൂട്ടു തീര്‍ന്നോ?'', ആരോ ചോദിച്ചു. പടിഞ്ഞാറുനിന്ന് മഴയുടെ ഇരുട്ടുവണ്ടികള്‍ കിഴക്കോട്ട് ഓട്ടം പോവുകയാണ്. കിഴക്ക് കാറ് നിറഞ്ഞാല്‍ കറുത്തുപെയ്യുമെന്നുറപ്പാണ്.
ഇങ്ങനെയൊരു ഇരുണ്ടുകേറ്റം കണ്ടിട്ട് എത്രയോ മാസങ്ങളാകുന്നു.
''ഇതെന്നാടാവേ, ഇന്ന് പെയ്യുവോ?'', അയാള്‍ തല പുറത്തേക്കിട്ട് ചോദിച്ചു. രണ്ടുമണിക്കൂറായി ഓട്ടമില്ലാതെ സ്റ്റാന്‍ഡില്‍ വെറുതേകിടപ്പാണ്. കിടന്നുകിടന്ന് ടയര്‍ മണ്ണിലുറച്ചു.
''ഇതിന്നു തകര്‍ക്കണമട്ടാ,'' പിന്നിലെ ഓട്ടോയില്‍നിന്ന് മറുപടി വന്നു.
''ഉഗ്രന്‍ കയറ്റമാ... ഓഹ്, ഒന്നു പെയ്യട്ടെ. ഈ മുടിഞ്ഞ ആവി ഒന്നു കുറയട്ടെ. വല്ലാത്ത പുഴുക്കമാ രാത്രിക്ക്. ഇപ്പത്തന്നെ എല്ലാം ഉണങ്ങിക്കരിഞ്ഞു. പെരുമ്പെയ്ത്താണേല്‍ വെളുപ്പിന് പാടത്ത് ഊത്തയും കേറും. ഒറ്റാലുമായി ഒന്നു പോയിനോക്കാം.''
''ചേട്ടാ, കിഴക്കേ കോട്ട വരെ പോണം,''
അതുപറഞ്ഞതും ഒരു ചെറുപ്പക്കാരി ഓടിവന്ന് വണ്ടിയില്‍ക്കയറി ഇരുന്നതും ഒരുമിച്ച്. യാത്രക്കാരിയുടെ ഇടത്തേ കൈയിലെ കുപ്പിവളകള്‍ ഒന്നു കിലുങ്ങി. അയാള്‍ക്കിഷ്ടമാണ് കുപ്പിവളകളുടെ ശബ്ദം. അയാള്‍ തന്റെ കാക്കിഷര്‍ട്ടിന്റെ അഴിഞ്ഞുകിടന്ന ബട്ടനുകള്‍ തിരക്കുപിടിച്ച് ശരിയാക്കിയിട്ടു. വായിച്ചുകൊണ്ടിരുന്ന വീക്കിലി ചുരുട്ടി പടുതക്കമ്പിയുടെ ഇടയില്‍ തിരുകിവെച്ചു. കിക്കര്‍ രണ്ടുവട്ടമടിച്ചിട്ടും വണ്ടി സ്റ്റാര്‍ട്ടായില്ല.
''അയ്യോ, ചേട്ടാ ഒന്നു വേഗന്നാവട്ടെ. മഴയ്ക്കുമുന്‍പ് വീടെത്തണം.''
''ഇപ്പോ ആവും, പെട്രോളില്‍ കരടുകയറിയതാവും...''
''ഓഹ്...'', യാത്രക്കാരി അക്ഷമയായി.
മൂന്നാമത്തെ ശ്രമത്തില്‍ വണ്ടി സ്റ്റാര്‍ട്ടായി. ഡ്രൈവര്‍ മെല്ലെ പിന്നിലേക്കുതിരിഞ്ഞ് ഒന്നു പുഞ്ചിരിച്ചു. യാത്രക്കാരിയും നെടുവീര്‍പ്പിട്ടു. ഓട്ടോ നഗരത്തിരക്കിലേക്ക് വേഗംകൂട്ടി മുരണ്ടുനീങ്ങി. മഴ ആകാശത്ത് ഒരു സര്‍ക്കസുകളിക്കാരിയെപ്പോലെ, കാണാത്ത ട്രപ്പീസുകളില്‍ പിടിച്ച് തൂങ്ങിക്കിടന്നു. ഭൂമിയില്‍ അടുത്തകാലത്തൊന്നും കാണാത്ത ഒരു ഇരുട്ട് അതിവേഗം പരക്കുന്നുണ്ടായിരുന്നു. തുരുമ്പിച്ച ഒരു പഴയ വാഹനത്തെപ്പോലെ ഇരുട്ട് മുന്നില്‍ക്കയറിവന്ന് വഴിതടയുന്നു. അയാള്‍ വണ്ടിയുടെ ഹെഡ് ലൈറ്റ് ഓണാക്കി.
''മണി അഞ്ചര ആയതേയുള്ളൂ, വഴികാണാമ്മേല. ഭയങ്കര ഇരുട്ടാണല്ലോ...''
യാത്രക്കാരിയുടെ മുഖത്ത് വല്ലാത്ത ഒരാശങ്ക നിഴലിച്ചുനിന്നു. അയാള്‍ പറയുന്നത് തീരെ ശ്രദ്ധിക്കാത്തതുപോലെ അവളിരുന്നു. ഇടയ്ക്ക് മൊബൈല്‍ ഫോണ്‍ കൈയിലെടുത്ത് ആരെയോ വിളിച്ചിട്ട് കിട്ടാത്ത നിരാശയില്‍ അവള്‍ ഒന്നു മൂളി. വണ്ടി വളരെ പതുക്കെയാണ് നീങ്ങുന്നത്. ഇരുവശത്തും വാഹനങ്ങള്‍ തിങ്ങിക്കൂടി അരിച്ചുനീങ്ങുകയാണ്. മുട്ടിയുരുമ്മിയാണ് വണ്ടികളുടെ നില്‍പ്പ്. പെട്ടെന്ന് ഒരു ഇരുട്ടുകുന്ന് അപ്പാടെ ഇടിഞ്ഞുവീണതുപോലെ പെരുമഴ പെയ്യാന്‍ തുടങ്ങി. വാഹനങ്ങള്‍ ഇപ്പോള്‍ നിലച്ചമട്ടായി. പലതരം വണ്ടികളുടെ നീട്ടിപ്പിടിച്ച ഹോണടികള്‍ മഴയില്‍ക്കിടന്നു ഞെരുങ്ങി.
മഴ റോഡിലേക്ക് തറഞ്ഞിറങ്ങുന്നു.
''ഹോ, എന്തൊരു പെയ്ത്താണിത്. വഴിയാകെ ബ്ലോക്കായല്ലോ.''
''ഈശ്വരാ, ഇനി എന്തുചെയ്യും..'' യാത്രക്കാരി മുഖത്തു പതിക്കുന്ന മഴത്തുള്ളികളെ ഒരു ചെറിയ ടൗവല്‍കൊണ്ട് തുടച്ചു. കൈയിലിരുന്ന ബാഗുകൊണ്ട് അവള്‍ കാറ്റുപിടിക്കുന്ന സാരിത്തുമ്പ് ചേര്‍ത്തുവെച്ചു. പരിഭ്രമംകൊണ്ട് കണ്ണുകള്‍ പിടച്ചു. നെറ്റിയിലേക്ക് പാറിവീണ മുടിയിഴകളെ അവള്‍ കൈകൊണ്ട് വകഞ്ഞുനീക്കി. അപ്പോഴും കുപ്പിവളകള്‍ കിലുങ്ങി.
ഡ്രൈവര്‍ പെട്ടെന്ന് തിരിഞ്ഞുനോക്കി. ഒരു താടിക്കാരനാണ് ഡ്രൈവര്‍ എന്നത് അവള്‍ അപ്പോഴാണ് ശ്രദ്ധിച്ചത്.
''പേടിക്കണ്ട, നമുക്ക് വേറൊരു വഴി നോക്കാം. അല്പം ദൂരം കൂടും കേട്ടോ. റേറ്റും കൂടും. പക്ഷേ, സ്ഥലത്തെത്തിക്കാം.''
''ശരി, ഒന്നു വീടെത്തിയാല്‍മതി,'' അവള്‍ പറഞ്ഞു.
അയാള്‍ വണ്ടി ഒരുവിധത്തില്‍ ഇടത്തോട്ടുള്ള സര്‍വീസ് റോഡിലേക്കിറക്കി. അവിടെയും വാഹനങ്ങള്‍ കിടന്നു തിങ്ങുന്നുണ്ട്. എന്നിട്ടും ഒരഭ്യാസിയെപ്പോലെ അയാള്‍ വണ്ടിയോടിച്ച് തിരക്കുകളെ കുറച്ചൊന്നു പിന്നിലാക്കി. എങ്കിലും ഇടയ്ക്കിടെ വലിയ കുരുക്കുകളില്‍പ്പെട്ട് വേഗം വീണ്ടും കുറഞ്ഞു. ഒരു ലോറിക്കാരന്‍ അയാളെ മുട്ടന്‍ തെറി വിളിച്ചു. അയാള്‍ അത് കേള്‍ക്കാത്തമട്ട് വണ്ടി മുന്നോട്ടിരമ്പിച്ചെടുത്ത് ഓടിച്ചുപോയി. കാനകള്‍ മെത്തിയൊഴുകിയ പെയ്ത്തുവെള്ളം റോഡിലൂടെ ഒരു തോടുപോലെ ഒഴുകുന്നു. റോഡ് കാണാനേ പറ്റുന്നില്ല. എന്നിട്ടും മുന്നേപോയ വണ്ടികളുടെ ചക്രച്ചാലുപിടിച്ച് അയാളുടെ ഓട്ടോറിക്ഷ ഓടിക്കൊണ്ടിരുന്നു.
ഇപ്പോള്‍ അയാള്‍ക്കും ഓട്ടോയ്ക്കും മുന്നില്‍ മഴയുടെ പെരുങ്കാട് മാത്രം. മഴയുടെ ഹുങ്കാരം പതുക്കെ ഇമ്പമുള്ള ഒരു സിനിമാപ്പാട്ടിലേക്ക് പകര്‍ത്തപ്പെട്ടുവെന്ന് അയാള്‍ക്ക് തോന്നി. അയാളുടെ നീണ്ട താടിരോമങ്ങളില്‍ മഴയുടെ അനേകം മുത്തുകള്‍ തൂങ്ങിക്കിടന്നു. ആശ്വാസത്തോടെ യാത്രക്കാരി സീറ്റിലേക്ക് ഒന്നു ചാഞ്ഞു. ഇരുട്ടു പടര്‍ന്നുകിടന്ന റോഡ് മഴവെള്ളത്തില്‍ ഇടയ്ക്ക് മിന്നിത്തെളിഞ്ഞു. അപ്പോള്‍ ഒരു കരുത്തന്‍ കാറ്റ് വീശാന്‍ തുടങ്ങി. റോഡില്‍നിന്ന് വണ്ടി പാളിപ്പോകുംപോലെ തോന്നി അയാള്‍ക്ക്. വണ്ടിക്കുള്ളിലേക്ക് അവള്‍ ഒന്നുകൂടി ഒതുങ്ങിക്കൂടി.
പിന്നിലേക്ക് ഒന്നു ചരിഞ്ഞ് അയാള്‍ ചോദിച്ചു:
''സൈഡ് ഷീറ്റ് നിവര്‍ത്തണോ? ആകെ നനയൂല്ലോ...''
''വേണ്ട,'' അവള്‍ മുഖം തുടച്ചുകൊണ്ട് പറഞ്ഞു:
''കുഴപ്പമില്ല.''
വണ്ടി മഴയിലൂടെ ഓടിക്കൊണ്ടേയിരുന്നു. വൃത്താകൃതിയിലുള്ള ഒരു തടാകത്തെ ചുറ്റിയാണ് ഇപ്പോള്‍ ഓട്ടോ പോകുന്നത്. ഒരേവഴിക്കുതന്നെ ആവര്‍ത്തിച്ചു പോകുംപോലെ, തീരാതെ തീരാതെ തടാകം അവര്‍ക്കൊപ്പം പോന്നു. അവള്‍ക്ക് ചെറുതല്ലാത്ത ആശങ്ക തോന്നി. അത്ര പരിചയമുള്ള വഴികളല്ല ഇതൊന്നും. ഈ നഗരത്തില്‍ താന്‍ കാണാത്ത എത്രയോ വഴികള്‍ ഇനിയും എന്നോര്‍ത്ത് അവള്‍ വിസ്മയിച്ചു. തടാകത്തിലേക്ക് മഴ ആഞ്ഞുപെയ്യുകയാണ്. നിറയെ വിടര്‍ന്നുനിന്നിരുന്ന ആമ്പലുകളുടെ ഇലവട്ടങ്ങളില്‍ മഴ നൃത്തംചെയ്യുന്നു.
ഡ്രൈവര്‍ വേഗം അല്പം കുറച്ചു. ആ പ്രദേശം അത്രയേറെ ഇഷ്ടമാണയാള്‍ക്ക്, പ്രത്യേകിച്ചും മഴയത്ത്. നേര്‍ത്ത പുകമഞ്ഞ് തടാകത്തിനുമേലേ തങ്ങിനില്‍ക്കും. തീരത്തെ മരങ്ങള്‍ കാറ്റത്ത് ചില്ലകളനക്കും. അയാള്‍ക്ക് തന്റെ മകളെ ഓര്‍മ്മവന്നു. ഈ തടാകം കാണിക്കാന്‍ കുഞ്ഞുന്നാളിലൊരിക്കല്‍ ഓട്ടോറിക്ഷയുടെ മുന്നിലിരുത്തി അവളെ കൊണ്ടുവന്നിട്ടുണ്ട്. അന്നും പ്രതീക്ഷിക്കാതെ മഴ പെയ്തിരുന്നു. മഴയിലേക്ക് കൈകള്‍ നീട്ടിയുള്ള അവളുടെ അന്നേരത്തെ ചിരി കാണണമായിരുന്നു... ഇപ്പോള്‍ രണ്ടുവര്‍ഷമായി അവളെ കണ്ടിട്ട്. പ്രതീക്ഷിച്ച ജീവിതം ഓട്ടോക്കാരനില്‍നിന്നു കിട്ടാത്ത നിരാശയില്‍ മകളുടെ അമ്മ ബന്ധംതന്നെ ഉപേക്ഷിച്ച് പോയി. ഇപ്പോള്‍ പുറംനാട്ടിലെവിടെയോ ആണ്. അതൊക്കെ ഓര്‍ത്താല്‍ ഉള്ളില്‍ മറ്റൊരു മഴ ഇടിവെട്ടി പെയ്യാന്‍ തുടങ്ങും. അയാള്‍ ഗട്ടറുകളെ വെട്ടിച്ചുമാറ്റി വണ്ടിയോടിച്ചു.
''കിണറുപോലത്തെ കുഴികളാ...''
ഒരു പൂമരം തടാകത്തിന്റെ നനഞ്ഞ തീരത്ത്, നിറയെ ചുവന്ന പൂക്കളുമായി ആടിയുലഞ്ഞ് നിന്നു. മരത്തിന്റെ ചുവടുനിറയെ ഇലകളും പൂക്കളും പരന്നുകിടന്നു.
''ഓഹ്, രസമാണല്ലേ...'', അയാള്‍ സ്വയമെന്നോണം പറഞ്ഞു..
അവള്‍ ചാഞ്ഞ്, കണ്ണിലെ വെള്ളത്തിലൂടെ മരത്തെയും പൂക്കളെയും നോക്കി. ഒരു ചെമ്പട്ടുടുത്ത പെണ്ണിനെപ്പോലുണ്ട്.
''ഈ തടാകത്തില്‍ മഴപെയ്യുന്നത് ഒരു വല്ലാത്ത കാഴ്ചതന്നെയാണ്.'' അയാള്‍ പറഞ്ഞു.
''ഞാനിത് ആദ്യായിട്ട് കാണുവാ. ഇതിലേ വരാറില്ല... അതേ, ഒന്നു സ്പീഡ് കൂട്ടുമോ?'',
അവള്‍ വീണ്ടും വ്യഗ്രതകൊണ്ടു.
''തടാകത്തിന്റെ ഒത്ത നടുക്കായി ഒരു വിളക്കുമരമുണ്ട്. രാത്രിയില്‍ അത് തെളിയുമ്പോള്‍ കാണാന്‍ നല്ല ഭംഗിയാണ്,'' അയാള്‍ അതു പറഞ്ഞപ്പോള്‍ അവള്‍ വലിയ താത്പര്യം കാണിച്ചില്ല.
തടാകതീരത്തെ വഴി പെട്ടെന്ന് മറ്റൊരു വലിയ ബ്ലോക്കിലേക്ക് ചെന്നുകയറി.
''അയ്യോ, ഇത് പണിയാകുമോ?''
''ദൈവമേ... ഇന്നു ഞാന്‍ എപ്പോ വീടെത്തുമോ...''
''നമുക്ക് നോക്കാം. പേടിക്കാതിരിക്ക്,'' അയാള്‍ യാത്രക്കാരിയെ സമാധാനിപ്പിച്ചു.
വലത്തേ വഴിയിലൂടെ ട്രാഫിക് തെറ്റിച്ച് അല്പംകൂടി ഓടിയിട്ട് അയാള്‍ ഒരുവിധത്തില്‍ മെയിന്‍ റോഡില്‍നിന്നിറക്കി വണ്ടിയൊതുക്കി വഴിയരികില്‍ നിര്‍ത്തി. മുന്നോട്ട് പോകാനേ പറ്റാത്ത ബ്ലോക്ക്.
''നമുക്ക് രണ്ടുമിനിട്ട് ഒന്ന് ഒതുക്കിയിടാം. ഇങ്ങനെ പോയാല്‍ ഉള്ള പെട്രാള്‍ തീരും.''
വണ്ടി ഒന്നുകൂടി അരികുചേര്‍ത്ത് ഒരു പെട്ടിക്കടയുടെ മുന്നില്‍ നിര്‍ത്തിയിട്ട് അയാള്‍ ഇറങ്ങി.
''ഞാനിപ്പോ വരാം, ഒരു ചായകുടിക്കട്ടെ. പെട്ടിക്കടയുടെ തകരഷീറ്റിന്റെ അടിയിലേക്ക് കയറിയിട്ട്, തലയില്‍ കെട്ടിയിരുന്ന ചുവന്ന തോര്‍ത്തഴിച്ച് അയാള്‍ കൈയും മുഖവും തുടച്ചു. അപ്പോള്‍ കഴുത്തിനുതാഴേവരെ നീട്ടിവളര്‍ത്തിയ അയാളുടെ ചുരുണ്ട മുടി തോളത്തേക്കഴിഞ്ഞുവീണു. മഴയിലൂടെ അയാളെ നോക്കിയപ്പോള്‍ സത്യത്തില്‍ അന്നേരം അവള്‍ക്ക് അല്പം പേടി തോന്നി. ഇത്രയും നേരം ഇയാളാണോ തന്നെയുംകൊണ്ടോടിയത്.
''ഞാനിപ്പോ വരാം. പേടിക്കണ്ട. ബ്ലോക്ക് അപ്പോഴേക്കും മാറും,'' അവളുടെ പരിഭ്രമം കണ്ട് അയാള്‍ ഉറക്കെ വിളിച്ചുപറഞ്ഞു.
''ശരി, ഒന്നു വേഗന്നാവട്ടെ,'' അവള്‍ പിറുപിറുത്തു.
അതുവരെ ചുറ്റിവന്ന തടാകം തൊട്ടടുത്തുതന്നെ അവള്‍ക്കിപ്പോഴും കാണാം. അതിനിയും തീര്‍ന്നിട്ടില്ല. നേര്‍ത്ത മഞ്ഞുമൂടി തടാകം ചാറ്റല്‍മഴയില്‍ നരച്ചുകിടക്കുകയാണ്. അല്പനേരത്തേക്ക് അവള്‍ ആ സന്ധ്യയെ മറന്നു. അവിടെ ഇറങ്ങി, ആ തടാകത്തിന്റെ കരയില്‍, മഴയില്‍ നൃത്തംചെയ്യാന്‍ കഴിഞ്ഞെങ്കില്‍. ഓര്‍മ്മകളിലെ ഏതൊക്കെയോ വേദികള്‍ അവളുടെ മനസ്സില്‍ ചിലങ്കകെട്ടി നൃത്തമാടാന്‍ തുടങ്ങി. ഒരു നര്‍ത്തകിയാവണമെന്നതായിരുന്നു ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം. ചെറുപ്പംമുതല്‍ക്കേ നൃത്തം പഠിച്ചിരുന്നു. കല്യാണത്തിനുമുന്‍പ് അവള്‍ ഡാന്‍സ് പഠിപ്പിച്ചിരുന്നു. നിറയെ കുട്ടികളുണ്ടായിരുന്നു. ഇപ്പോള്‍ എത്രയോ വര്‍ഷമായി ചിലങ്കകെട്ടിയിട്ട്. അതിപ്പോള്‍ എവിടെയെന്നുപോലും അറിയാത്തതുപോലെ ജീവിതം അവളെ മാറ്റിയെഴുതിക്കഴിഞ്ഞു. പഴയ ഏതോ ഒരു ജന്മത്തിലായിരുന്നുവോ താന്‍ നൃത്തംചെയ്തിരുന്നത് എന്നൊക്കെ അവള്‍ സംശയിച്ചു.
നമ്മളാഗ്രഹിക്കുന്നതല്ലല്ലോ ദൈവം പലപ്പോഴും വെച്ചുനീട്ടുന്നത്. ജീവിതമെന്നാല്‍ അവള്‍ക്ക് പ്രാണനും കൈയില്‍പ്പിടിച്ചുള്ള ഒരു ഓട്ടമാണിപ്പോള്‍. ഓടിയോടി എവിടെവരെ എത്തുമെന്ന് പിടിയില്ലാത്ത ഓട്ടം. സൂപ്പര്‍മാര്‍ക്കറ്റിലെ അക്കൗണ്ടന്റിന്റെ ജോലി അവള്‍ ഇഷ്ടമായിട്ട് ചെയ്യുന്നതല്ല. പക്ഷേ, വേറേ നിവൃത്തിയില്ല. കുട്ടികളുടെ ആവശ്യങ്ങള്‍, വീട്ടുചെലവ് എല്ലാം നടക്കണം. വിവാഹംകഴിഞ്ഞ ആദ്യനാളുകളില്‍ത്തന്നെ മനസ്സിലായതാണ് ആ പൊരുത്തക്കേട്. അച്ഛന്‍ ആഗ്രഹംപോലെ ഒരു സര്‍ക്കാര്‍ജോലിക്കാരനെത്തന്നെയാണ് അവള്‍ക്കുവേണ്ടി കണ്ടുപിടിച്ചത്. പക്ഷേ, അവള്‍ക്കുചേര്‍ന്ന ഒരു ബന്ധമായിരുന്നില്ല അത്. അഞ്ചുവര്‍ഷം എങ്ങനെയൊക്കെയോ ഉന്തിയുരുട്ടി പിടിച്ചുനിന്നു. മദ്യം മണക്കാത്ത ഒരു രാത്രിപോലും ആ ഓര്‍മ്മകളിലില്ല.
മടുത്തപ്പോള്‍ അച്ഛന്‍ പറഞ്ഞു, ഇനി വേണ്ട ഈ യാതന എന്ന്. ഒടുവില്‍ കോടതിവഴി വേര്‍പിരിഞ്ഞു. രണ്ടും നാലും വയസ്സുള്ള കുട്ടികള്‍. അവരെ അയാള്‍ക്ക് വേണ്ടെന്നുപറഞ്ഞതുമാത്രം നന്നായി. ഇപ്പോള്‍ മനസ്സമാധാനമെങ്കിലും ബാക്കിയുണ്ട്, നോക്കിനില്‍ക്കുന്നവര്‍ക്കെങ്കിലും. അതുമതി. കിട്ടുന്ന പണിയെടുത്ത് കുട്ടികളെയുംകൊണ്ട് ഒറ്റയ്ക്കങ്ങ് ജീവിക്കാന്‍ തീരുമാനിച്ചു. അച്ഛന്‍ പണ്ട് തന്റെ പേരിലെഴുതിവെച്ച ഓടിട്ട ഒരു പഴയ വീട് നഗരപരിസരത്തുണ്ട്. ആ വീടിന്റെ തണലിലാണ് ഇപ്പോള്‍ ജീവിതം. അച്ഛന്‍ ഒരുവര്‍ഷം മുന്‍പ് മരിച്ചു. അമ്മ അവളെ വിട്ട് ചെറുപ്പത്തില്‍ത്തന്നെ പൊയ്ക്കളഞ്ഞല്ലോ.
''അതേ, ഒരു ചായ കുടിച്ചാലോ?'',
ആവിപറക്കുന്ന ചായഗ്ലാസ് വണ്ടിക്കുള്ളിലേക്ക് നീട്ടി ഓട്ടോക്കാരന്‍ പുഞ്ചിരിച്ചു:
''ബ്ലോക്ക് മാറാതെ ഏതായാലും പോകാന്‍ പറ്റില്ല. റോഡിലേക്ക് വാകമരം വീണുകിടക്കുവാ.''
''ഏയ്, വേണ്ട,'' അവള്‍ പറഞ്ഞു. സത്യത്തിലവള്‍ ജോലികഴിഞ്ഞിറങ്ങി മഴയ്ക്കുമുന്‍പേ കയറി ഓടിപ്പോന്നതാണ്. ഒരു ചായപോലും കുടിച്ചിട്ടില്ല. നല്ല തലവേദനയുമുണ്ട്.
''ഇത് കുടിക്ക്ന്നേ. ഈ മഴ ഒന്നു കുറയാതെ ഏതായാലും വഴി ക്ലിയറാവില്ല. പേടിക്കണ്ട, ഞാന്‍ കൊണ്ടാക്കാം,'' അയാള്‍ ചായഗ്ലാസ് വണ്ടിക്കുള്ളിലേക്ക് നീട്ടിപ്പിടിച്ച് നിന്നു.
അവള്‍ മടിയോടെ ചായ വാങ്ങി.
''താങ്ക്സ്...''
''ഓഹ്, എന്തിനാന്നേ...''
അയാള്‍ മുടികോതി പിന്നിലേക്കിട്ട് ചിരിച്ചു. എന്നിട്ട് കടയുടെ കീഴിലേക്ക് മാറിനിന്ന് ഒരു സിഗരറ്റ് കത്തിച്ച് പുകയൂതി.
അവള്‍ ചൂടുചായ ഊതിയൂതി കുടിച്ചു. നല്ല കടുപ്പമുള്ള ചായ. എങ്കിലും, പാകത്തിന് പാലുചേര്‍ത്തിട്ടുണ്ട്. അസാധാരണമായ രുചി. ഈ മഴയില്‍ അവള്‍ ഏറ്റവുമാഗ്രഹിച്ച ഒന്ന്...
ചായക്കടയില്‍നിന്ന് പുക പുറത്തേക്കൊഴുകിവന്ന് മഴയില്‍ മാഞ്ഞുപോകുന്നു. ചായയുടെ ആവി അവളുടെ കണ്ണടച്ചില്ലില്‍ പറ്റിനിന്നു. ഇടയ്ക്ക് അവളുടെ നിശ്വാസത്തില്‍ തെളിഞ്ഞുവന്ന കണ്ണടയിലൂടെ അകലെയുള്ള മരങ്ങളെയും തടാകത്തെയും കണ്ടു. അരികിലെ റോഡില്‍ പതുക്കെ നീങ്ങുന്ന വാഹനങ്ങള്‍, അവയുടെ പിന്‍വെളിച്ചങ്ങള്‍, മഴയെ മുറിച്ചുനീങ്ങുന്ന മഞ്ഞലൈറ്റുകള്‍..
ഒരുപരിചയവുമില്ലാത്ത ഒരാളുടെ കൈയില്‍നിന്നു വാങ്ങിക്കുടിച്ച ചായ അന്നേരം അവളില്‍ നേരിയ കുറ്റബോധമുണ്ടാക്കി. അതു വേണ്ടായിരുന്നു.
ഇനിയിപ്പോള്‍ പറഞ്ഞിട്ടെന്തുകാര്യം.
അയാള്‍ വണ്ടിക്കരികില്‍ വന്ന് ഗ്ലാസ് തിരികെ വാങ്ങി. ചായയുടെ വില അവള്‍ എടുത്തുകൊടുത്തപ്പോള്‍ അയാള്‍ വാങ്ങിയില്ല.
''പൈസ ഞാന്‍ കൊടുത്തു. ദാ, ഇപ്പോ വരാം,''
ചുരുളന്‍മുടി മുഖത്തുനിന്നു നീക്കിക്കൊണ്ട് അയാള്‍ പറഞ്ഞു.
''ഒരു നേര്‍ച്ചയാ മുടിനീട്ടാമെന്ന്. മരിക്കുംമുന്‍പ് അമ്മ നേര്‍ന്നതാ. അതാണിപ്പോ ഈ കോലം...''
അയാള്‍ അവളെ നോക്കി ചിരിച്ചു. അവള്‍ വിചാരിച്ചത്ര പ്രായമില്ല അയാള്‍ക്ക്. ഏറിയാല്‍ നാല്‍പ്പത്. ആണുങ്ങള്‍ മുടി നീട്ടിവളര്‍ത്തുന്നത് എന്തുകൊണ്ടോ അവള്‍ക്കിഷ്ടമായിരുന്നു. ചെറുപ്പത്തില്‍ അവളെ നൃത്തം പഠിപ്പിച്ചിരുന്ന മാഷിനും ഇങ്ങനെ ചുരുണ്ടുനീണ്ട മുടിയുണ്ടായിരുന്നു. അയാള്‍ സിഗരറ്റിന്റെ അവസാന പഫ് കൂടി ആഞ്ഞുവലിച്ച് മഴയിലേക്ക് പുകയൂതി.
''ഈ മഴ കുറയണേയില്ലല്ലോ. ഏതായാലും പോയിനോക്കാം. കവല കടന്നുകിട്ടിയാല്‍ പിന്നെ രക്ഷപ്പെടാം.''
''വീട്ടില്‍ കുട്ടികള്‍ തനിച്ചാണേ, അതാ പേടി,'' അവള്‍ പറഞ്ഞു.
''അയ്യോ... വേറേ ആരുമില്ലേ വീട്ടില്‍?''
''ഇല്ല,'' അതു പറഞ്ഞുകഴിഞ്ഞാണ് അവള്‍ക്ക് അബദ്ധമായല്ലോ എന്നുതോന്നിയത്.
''ഹസ്ബന്‍ഡ് വരാന്‍ വൈകുമല്ലേ?'', അയാള്‍ ചോദിച്ചു.
''ആഹ്, അതേ... വൈകും,''
അവള്‍ ഉള്ളാന്തി ഒന്നു ചിരിച്ചു.
പല വഴികള്‍, തിരിവുകള്‍, പലതും ബ്ലോക്ക്. പിന്നെയും വേറൊരു വഴി. ഇന്നേവരെ അവള്‍ പോയിട്ടില്ലാത്ത വഴികള്‍. മഴമാത്രം വിടാതെ അവരെ പിന്തുടര്‍ന്ന് പെയ്തുകൊണ്ടേയിരുന്നു.
ഒടുവില്‍, അവള്‍ പറഞ്ഞുകൊടുത്ത ചെറിയ ഒരു മണ്ണുവഴിയിലേക്കിറങ്ങി, അവളുടെ വീട്ടുപടിക്കല്‍ ചെന്ന് വണ്ടി കിതച്ചുനിന്നു.
ഗേറ്റിലേക്ക് ചാഞ്ഞുനിന്ന നനഞ്ഞ ചെമ്പരത്തികള്‍ മഴത്തുള്ളികള്‍ പൊഴിച്ചു. നിറയെ മരങ്ങളുള്ള തൊടി. മുറ്റത്ത് അനേകം പൂച്ചെടികള്‍, ചെറുമരങ്ങള്‍, പടര്‍പ്പുവള്ളികള്‍ നിറയെ പൂക്കള്‍...
ഗന്ധരാജന്റെ ഒരു വലിയ ചില്ല റോഡിലേക്ക് ചായുന്നു. മഞ്ഞ മൊസാന്റയുടെ വലിയ പൂക്കള്‍ മഴയില്‍ കുതിര്‍ന്നുനില്‍ക്കുന്നു. ഒരു വലിയ മൈലാഞ്ചിച്ചെടി മുടിതോര്‍ത്തിനില്‍ക്കുന്നു. പലതരം റോസാപ്പൂക്കള്‍. മഴയുടെ തോര്‍ച്ചയില്‍ അവ ആലസ്യത്തോടെ നിന്നു.
അവള്‍ വണ്ടിയില്‍നിന്ന് തിരക്കുപിടിച്ച്, എങ്കിലും ആശ്വാസത്തോടെ, ഇറങ്ങി.
വീട്ടില്‍ വെളിച്ചമുണ്ട്. ഇറയത്തെ ഇരുമ്പുഗ്രില്ലില്‍ പിടിച്ച് കുട്ടികള്‍ അവളെ നോക്കിനില്‍ക്കുന്നു.
പേഴ്സ് തുറന്നുകൊണ്ട് അവള്‍ ചോദിച്ചു:
''എത്രയായി?''
അയാള്‍ ചെടികളുടെ നനവില്‍നിന്ന് നോട്ടം തിരിച്ചെടുത്തു. കാറ്റത്തു പെയ്തുനില്‍ക്കുന്ന മൈലാഞ്ചിയിലായിരുന്നു അയാളുടെ കണ്ണ്. അയാളുടെ സ്വപ്‌നമായിരുന്നു അങ്ങനെയൊരു വീട്. നിറയെ പൂച്ചെടികള്‍, തണല്‍വിരിക്കുന്ന മരങ്ങള്‍, മുല്ലവള്ളികള്‍...
''അമ്പത്,'' അയാള്‍ പറഞ്ഞു.
''ഇത്രേം ഓടിയിട്ടോ! അതു പറ്റില്ല,''
അവള്‍ നൂറിന്റെ ഒരു നോട്ടെടുത്ത് വണ്ടിക്കുള്ളിലേക്ക് നീട്ടി.
''ഇതിരിക്കട്ടെ...''
''അയ്യോ, വേണ്ട. അതിനുള്ള ഓട്ടമില്ലല്ലോ...''
അയാള്‍ പോക്കറ്റില്‍നിന്ന് അന്‍പതുരൂപയുടെ, ചെറിയ നനവുള്ള ഒരു നോട്ടെടുത്ത് അവള്‍ക്ക് തിരികെക്കൊടുത്തു.
തോര്‍ത്തുകൊണ്ട് മുടി ചേര്‍ത്തുപിടിച്ച് ഒരു തലേക്കെട്ട് കെട്ടിയിട്ട് അയാള്‍ വണ്ടി സ്റ്റാര്‍ട്ടാക്കി.
''പോകട്ടെ...''
''ശരി, താങ്ക്സ്...'', അവള്‍ കുടനിവര്‍ത്തി ഗേറ്റിലേക്ക് തിരിഞ്ഞു.
ആനിമിഷം പെട്ടെന്ന് മഴ തുള്ളിയെടുത്തു.
വളരെ മെല്ലെ അല്പദൂരം ഓടിയിട്ട് എന്തോ മറന്നതുപോലെ ഓട്ടോ ചരല്‍ക്കല്ലുകളില്‍ പരുങ്ങിനിന്നു.
''അതേയ്,'' അയാള്‍ അവളെ നോക്കി വിളിച്ചു.
അവള്‍ ചെമ്പരത്തിയുടെ ചില്ലകള്‍ വകഞ്ഞ് തിരിഞ്ഞുനിന്നു.
''ഒരുകാര്യം പറഞ്ഞാല്‍ എന്നോട് ക്ഷമിച്ചേക്കുമോ...?''
''അയ്യോ, എന്താണ്?''
''സത്യത്തില്‍ വേറേ ചില എളുപ്പവഴികള്‍ ഇവിടേക്കുണ്ടായിരുന്നു. എന്തുകൊണ്ടോ അന്നേരം ആ മഴയില്‍ നിങ്ങളെയും ഇരുത്തി അല്പദൂരംകൂടി ഓടിക്കാന്‍ തോന്നി. സോറി...''
അവളുടെ മുഖം ഒന്നു വാടി. പിന്നെ, അയാളെ അദ്ഭുതപ്പെടുത്തിക്കൊണ്ട് മൃദുവായി ചിരിച്ചു.
''സാരമില്ല, എനിക്കത് അറിയാമായിരുന്നു.''
അയാള്‍ തലേക്കെട്ടഴിച്ചു. അഴിഞ്ഞുവീണ നനഞ്ഞ മുടിയും മുഖവും തുടച്ചു.
ഓഫായിപ്പോയ വണ്ടി അയാള്‍ വീണ്ടും സ്റ്റാര്‍ട്ടാക്കി.
''പോകട്ടെ, ഇനിയും കാണാം,'' അയാള്‍ പറഞ്ഞു.
അവള്‍ തലയാട്ടി.
ഓട്ടോറിക്ഷ ഒട്ടും തിരക്കില്ലാതെ മുന്നോട്ടുനീങ്ങി. തിരിഞ്ഞുനോക്കിയപ്പോള്‍ അവള്‍ ഓട്ടോയുടെ പിന്നിലെഴുതിയ പേര് വായിച്ചു.
രാധിക!
അവളുടെ പേരും രാധിക എന്നായിരുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: A poignant story of an auto driver and passenger on a rainy night, exploring themes of life, loss, and unexpected connections.
Published: 13 Jul 2025, 01:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented