"സോറി, വൈകിപ്പോയി. ഇക്കണ്ട ഫ്‌ളക്‌സ് ബോര്‍ഡൊക്കെ താണ്ടിയല്ലേ ഇങ്ങെത്താനൊക്കൂ."

പറഞ്ഞതില്‍ പോയിന്റുണ്ട്. റോഡിനിരുവശവും കട്ടൗട്ടുകളാണ്. മൂന്നു മാസം മുമ്പ് തുടങ്ങിയതാണ്. ബൈപ്പാസിന്റെ വീതികൂട്ടല്‍. കുടുംബങ്ങള്‍ വീട് പൂട്ടിയിറങ്ങി. കച്ചവടക്കാര്‍ എന്നേക്കുമായി ഷട്ടറിട്ടു. ചുരുക്കം ഭാഗ്യവാന്മാര്‍ക്ക് തരിശുഭൂമിക്ക് മോഹവില കിട്ടി. എല്ലാം പൊളിച്ചു നിരപ്പാക്കി പണി തകൃതിയായി പോകുന്നു. പക്ഷേ, റോഡിനിയും വലുതായിട്ടില്ല. പി.ഡബ്ള്യു.ഡി കുഴിക്കുന്ന കുഴിയൊക്കെ നിരത്തി വാട്ടര്‍ അതോറിറ്റി പുതിയ കുഴികുത്തുകയല്ലേ? ആ പൊടി ബഹളത്തിന്റെ നടുവിലൂടെയാണ് ഫാന്‍സിന്റെ വക വന്‍മതില്‍ നിര്‍മാണം.  

"എന്താണ് അവിടെയൊരു ആള്‍ക്കൂട്ടം? പള്ളിയ്ക്ക് മുന്നിലാണല്ലോ. ഇനി വല്ല മരണവും?"

"അതൊന്നുമല്ല. ഈ പോണവന്മാരെ കണ്ടില്ലേ?" നിരത്തിലൂടെ ഒരു പറ്റം ചെറുപ്പക്കാര്‍ പോകുന്നു. "എല്ലാര്‍ക്കും വെള്ളയും നീലയും 10-ാം നമ്പര്‍ കുപ്പായം. പാലഭിഷേകത്തിനു പോണതാ. ഇവരെ കാത്താണ് അവര്‍ നില്‍ക്കുന്നത്."

വരുന്നവഴിക്ക്  അഭിഷേകങ്ങള്‍ നാലെണ്ണം കണ്ടു. ഒരെണ്ണം മഞ്ഞള്‍ കൊണ്ടായിരുന്നു. മഞ്ഞപ്പടയ്ക്ക് മഞ്ഞളഭിഷേകം പോലും. എല്ലാ ജേഴ്‌സിക്കും കളറൊത്ത സാധനം കിട്ടുമോയെന്ന് അപ്പോള്‍ തൊട്ട് സംശയമാണ്.

"അങ്ങാടിയിലെ ഏറ്റവും വലിയ കട്ടൗട്ട് ഇതാകുമെന്ന് പറയുന്നത് കേട്ടു."

"ബസ് സ്റ്റാന്റിനടുത്തുള്ള കട്ടൗട്ടിന്റെയത്ര വരുമോ? മീന്‍ മാര്‍ക്കറ്റില്‍ നിന്നുവരെ കാണാന്‍ പറ്റണ സൈസുണ്ടതിന്."

"പുതിയത് വെച്ച സ്ഥിതിക്ക് കളറുപോയ പഴയതൊക്കെ കളയുമായിരിക്കും."

എവിടന്ന് ! കഴിഞ്ഞ ലോകകപ്പിനു വെച്ച മെസ്സിയുടെ ഫ്‌ളക്‌സ് വഴിവക്കില്‍ ഇപ്പോഴുമുണ്ട്. കുറേ പാല് കുടിച്ച പടമാണതും. ഇപ്പോള്‍ വള്ളിച്ചെടികള്‍ വലിഞ്ഞു കയറിയിട്ടുണ്ട്. ചെറിയ ചെരിവുള്ള നെയ്മറുണ്ട് തൊട്ടടുത്ത്. അഭിഷേകവും ആരവവും കൂടിപ്പോയാല്‍ രണ്ടാഴ്ച കാണും. പിന്നെ മങ്ങി, നരച്ച അനാഥമുഖങ്ങളായി, കണ്ണേറു കോലങ്ങളായി മാറും. മഴ വല്ലാതെ പെയ്ത കഴിഞ്ഞ മാസം ഓടകള്‍ പൊക്കിക്കെട്ടേണ്ടി വന്നിരുന്നു. കോണ്‍ക്രീറ്റിന് മറയായത് സുവാരസാണ്. ജീവനുണ്ടായിരുന്നെങ്കില്‍ ചവിട്ടിപ്പോയവരെ അങ്ങേര് ഓടിച്ചിട്ട് കടിച്ചേനെ. ബസ്സ്‌റ്റോപ്പുകളുടെ ചോരുന്ന ഷീറ്റിന് പുതപ്പായവരുണ്ട്. ഇറച്ചിക്കടയില്‍ കോഴിക്കൂട്ടിനു മുകളിലായി വേറെചിലരെ കിടത്തിയിട്ടുണ്ട്.  

കൂട്ടത്തില്‍ അതുവരെ മിണ്ടാതിരുന്നവന്‍ തലപൊക്കി. "നല്ലൊരു കാറ്റടിച്ചാല്‍ ഇതൊക്കെ റോഡില്‍ക്കൂടെ പോകുന്നവരുടെ തലയില് വീഴില്ലാന്ന് എന്താ ഉറപ്പ്?"

"അങ്ങനത്തെ ആവലാതികളൊക്കെ മുനിസിപ്പാലിറ്റിയില്‍ എത്തിയതാ. എന്നിട്ടെന്താവാന്‍? മനുഷ്യര്‍ക്ക് പഴയ ആത്മാര്‍ത്ഥത ഒന്നൂല്ല ജോലിയില്‍." വേറൊരുത്തന്‍ പരിഭവിച്ചു.  

"വരുന്ന വേസ്റ്റ് എന്തുചെയ്യുമെന്നാ ഞാനോര്‍ക്കുന്നത്. താരങ്ങളെ ആരാധകര്‍ കത്തിക്കൂലാന്ന് പ്രതീക്ഷിക്കാം. ഇപ്പൊത്തന്നെ എന്താ ചൂട്."ഭാവിയും ചര്‍ച്ചയിലേക്കു വന്നു.

"ആരേലും വി.പി.ടി. അപ്പാര്‍ട്മന്റ്‌സിനു മുന്നിലൂടെ രാത്രി പോയിരുന്നോ?"

"വീടിനു മുന്നില്‍ കാഴ്ചയുണ്ടെന്ന് ഇയാള് വിളിച്ചു പറയണ്ടേ? അതല്ലേ മര്യാദ. വേറെ വല്ലവരും പറഞ്ഞ് നമ്മളറിയണത് മോശം."
മറുപടിയില്ല.

"നിങ്ങളൊന്നും കേള്‍ക്കുന്നില്ലേ, മൂത്തോരെ? മിണ്ടാട്ടമില്ലല്ലോ. സൂക്കേടാണോ?"

"വയറിനൊരു വല്ലായ്മ." കൂടുതലൊന്നും പറഞ്ഞില്ല. രാത്രി ഉറങ്ങിയിട്ടേയില്ല. സന്ധ്യയ്ക്കാണ് ഒരു ട്രക്കില്‍ പുതിയബോര്‍ഡ് കൊണ്ടുവന്നത്. ആദ്യത്തെ സംഭവമല്ലാത്തതു കൊണ്ട് കൗതുകം തോന്നിയില്ല. അടുത്ത വണ്ടിയില്‍ പല നിറത്തിലുള്ള ലൈറ്റുകളുടെ മാല വന്നു. ബോര്‍ഡിലും ചാരിവെച്ച മരത്തിലും അടുത്തുള്ള ചുമരിലും ഗേറ്റിന്റെ കാലിലും ലൈറ്റുമാല കൊരുത്തി. വഴിയിലൂടെ പോയ വണ്ടിക്കണ്ണുകളില്‍ ഒന്നുപോലും ഉടക്കാതെ പോയില്ല. മിന്നിയും മായ്ഞ്ഞും പല നിറങ്ങള്‍... രാത്രി നിറച്ചാര്‍ത്ത് കാണാനും ഗോഷ്ടി കാട്ടി ഫോട്ടോ പിടിക്കാനും കുറേപ്പേര്‍ വന്നു. കാണുന്നവര്‍ക്കൊക്കെ നിറക്കാഴ്ച രസക്കാഴ്ചയായി. പക്ഷേ, കളറാക്കല്‍ കണ്ണിലടിച്ചിട്ട് ഉറങ്ങാന്‍ പറ്റിയിട്ടില്ല. നേരം പുലര്‍ന്നിട്ട് ഇരുപത്തിമൂന്നാം കൊട്ടുവായാണ് വിഴുങ്ങുന്നത്. വയസ്സാം കാലത്ത് ഉറക്കം പോയാല്‍ വലിയ പാടാണ്. കഴിച്ചതൊന്നും നേരാം വണ്ണം ദഹിക്കില്ല.  

"പറ്റാത്തത് വല്ലോം കഴിച്ചുകാണും. അതല്ലെങ്കില്‍ ഗ്യാസ് ട്രബിള്‍."

"മീനും പച്ചക്കറിയുമൊക്കെ വിഷമല്ലേ? വെള്ളവും മോശം. ഫുഡ് പോയിസണ്‍ തന്നാവും."

"പറഞ്ഞ് പറഞ്ഞ് വൈബ് ഡാര്‍ക്കാക്കല്ലേ. വെറുതെയിരുന്ന് ബോറടിച്ചോണ്ടാവും. അങ്ങാടിയൊക്കെ ചുറ്റി പാലഭിഷേകം കണ്ട് വായോ... പോസിറ്റീവ് വൈബ് വരട്ടെ."

ഉറങ്ങിയാലല്ലാതെ ചെക്കന്‍ പറഞ്ഞ സാമാനം വരില്ല. പാലഭിഷേകക്കാര്‍ ജാഥയായി പോവുന്നു. മിശിഹായ്ക്ക് വേണ്ടി തൊണ്ടകീറി കുറച്ചുപേര്‍ ബൈക്കില്‍ പിന്നാലെയുണ്ട്. പിറകിലിരിക്കുന്ന ഒരുത്തന്റെ കയ്യില്‍ ആരുടെയൊ ഉറക്കമെടുക്കാന്‍ ലൈറ്റുകള്‍! ഇവനൊക്കെ എന്തിന്റെ സൂക്കേടാണ് ? ഇരുപത്തിനാലാമത്തെ കോട്ടുവായ തൊണ്ടയില്‍ തന്നെ ചത്തു. ആളാകെയൊന്ന് നിവര്‍ന്നു. ഇവര്‍ക്ക് മുമ്പേ അങ്ങെത്തണം. ബൈക്കുകള്‍ക്കും മുമ്പ്. പണി പറ്റിച്ചിട്ടേ ഇനി ഉറങ്ങുന്നുള്ളു. 'ഞാനൊന്ന് പോയിനോക്കട്ടെ. പറയുന്ന വലിപ്പണ്ടോന്ന് കാണാല്ലോ.'

"ഒറ്റയ്ക്ക് പോണ്ട, മൂത്തോരേ."

"ഏയ്... ഒന്ന് വയറ്റീന്നു പോയാ ശരിയാവുംന്നെ." എന്റെ വക അഭിഷേകം കഴിഞ്ഞിട്ട് മതി നിന്റെയൊക്കെ പാലഭിഷേകം. മൂത്ത കാക്ക വടക്കുനോക്കി ചിറകുവിരിച്ചു.