ഗൃഹലക്ഷ്മി കഥാമത്സരത്തില് മൂന്നാം സമ്മാനം നേടിയ കഥ

''ഇന്ത വാഴ്കൈയിൽ ആകപാടെ രണ്ടേ രെണ്ട് ആസൈയാണ് എനക്ക് ഉണ്ടായിരുന്നത്. ഒന്ന് ഈ പേര് മാറ്റതുക്ക്. ഇന്നിര പീയെസ്...''
അസ്തമയസൂര്യൻ ചുറ്റും തീർത്ത പ്രകാശവലയം ഭേദിച്ച് ഇന്നിരാമ്മയുടെ വെയിലൊട്ടിയ ശബ്ദം പുറത്തുവന്നു. മുറ്റത്തെ എറതിണ്ടിന്മേൽ കാല് നീട്ടിയിരുന്ന്, കാലങ്ങളായി തന്റെ വിലാസമായ ആ നിസ്സഹായനാമത്തെക്കുറിച്ച് അവർ വാചാലയായി.
''അച്ഛൻ വെല്യ കാങ്ക്രസ്സ്‌കാര്‌റകൾ അന്ന്. നെഹ്റു അവരടെ കുട്ടിക്ക് പോട്ട മാതിരി എനക്ക് ഇന്ത പേര് വെച്ചു... വളന്ത് വളന്ത് ആ പൊണ്ണ് ഊരുക്ക് പെരിയ ഒരു പടകാളി ഡെയ്ഞ്ചറായി...വീട്ടിലെ ഇരുന്ത കാങ്ക്രസ്സ് കെളവൻ ഇതൊന്നും അറിയാതെ, പാക്കാതെ, യെരന്തും പോയി. ആനാ പേരെല്ലാം ചേഞ്ച് ആക്കണന്നാ, അത് പെരിയ കഷ്ടം. ഗോർമെന്റ് വേല. അതിനാലെ മുടിയലേ.''
മലയാളവും തമിഴും ഒരുപോലെ ചുവയ്ക്കുന്ന ഏതോ ഒരിനം സങ്കരഭാഷയിൽ തന്റെ അമ്മമ്മ ഇന്ദിരയുടെ ജീവിതകഥ കേട്ടുകൊണ്ടിരുന്നപ്പോൾ ഇന്ദിരാപ്രസാദിന് സഫാരി ചാനലിലെ 'ചരിത്രം എന്നിലൂടെ' എപ്പിസോഡിനുള്ളിൽ കുടുങ്ങിപ്പോയപോലെയാണ് തോന്നിയത്. സ്‌ക്രീനിന്റെ ഓരത്തിരുന്ന് കഥയിൽ കാൽമുക്കുന്നത് സങ്കല്പിച്ചുകൊണ്ട് ഒരു എൻഗേജ്ഡ് കേൾവിക്കാരിയെന്ന നിലയ്ക്ക് താൻ തീർച്ചയായും ചോദിക്കേണ്ട ആ ചോദ്യം അവൾ ഇന്നിരാമ്മയോട് ചോദിച്ചു.
''അപ്പോ രണ്ടാമത്തെ ആസയെന്താരുന്നു അമ്മമ്മേ?''
തന്റെ മുന്നിലെ പ്ലേറ്റിലെ കടല കളഞ്ഞ മിക്‌സ്ചർ ഒരുപിടി വാരി വായിലിട്ട് ചവച്ചുകൊണ്ട്, അവൾ മറുപടി കേൾക്കാനായി തയ്യാറായി.
''അതുവാ...'' ഇന്നിരാമ്മയുടെ ചുണ്ടത്തെ മുറുക്കാന്റെ ചോപ്പ് അവരുടെ കവിളുകളിലേക്ക് മെല്ലെ പരന്നു. കണ്ണൊന്ന് ചെറുതായി. ഒരു കുഞ്ഞിച്ചിരി അമർത്തിപ്പിടിച്ച് അവർ സ്വരം താഴ്ത്താതെ തുടർന്നു.
''കല്യാണം പണ്ണാതെ ഒരു കൊളന്തയെ പെറ്റു വളത്തതുക്ക്...'' അവരുടെ സ്വരത്തിൽ ആവേശത്തിന്റെ തിളപ്പ്.
''അപ്പോ എനക്ക് പതിനാറ് വയസ്സ്. കാതലിക്കണം, പുള്ളൈ പെറ്റ് വളത്തനം, ആനാ തിരുമണം മട്ടും വേണ്ട... അന്ത കാലത്തെല്ലാം ഇപ്പടിപ്പെട്ട ആസ യാറകിട്ടയും സൊല്ല മുടിയുമാ?''
ആയിരത്തിത്തൊള്ളായിരത്തി അറുപതുകളുടെ ആദ്യ വർഷങ്ങളിൽ ചെമ്പൂക്കാവിൽ, കുടുംബത്തിൽ കേറ്റാൻ കൊള്ളാത്ത ഒരു വിപ്ലവം കൊണ്ടുവന്ന, പാറോത്ത് ശങ്കരൻനായരുടെയും ചിരുതയുടെയും മകൾ ഇന്ദിരാ പി.എസ്., ജീവിതത്തിൽ താൻ നേരിട്ട ആദ്യത്തെ സൈദ്ധാന്തികസമസ്യ അഞ്ചിമേടുള്ള തന്റെ വീടിന് മുന്നിലെ റോട്ടിലൂടെ തേരാപാരാ പോകുന്ന തെലുങ്കന്മാർക്ക് മുന്നിൽ വീണ്ടും അവതരിപ്പിച്ചു. ചരിത്രകാരന്മാർ പേരിടാൻ മറന്ന ആ ഒറ്റയാൾ വിപ്ലവത്തിന്റെ കഥ അവരുടെ കൊച്ചുമകൾ ഇന്ദിരാപ്രസാദ് വാ പൊളിച്ചിരുന്ന് കേട്ടു.
''നിന്റെ അമ്മേ വയറ്റിലായപ്പോ ചെമ്പൂക്കാവ് വിട്ട് ഞാൻ മതിരാശിക്ക് വണ്ടി കേറി... അങ്കെന്ന് താൻ നമ്മ അമലു അക്കാവുടെ പാട്ടിയെ പാത്തത്. അവർ കൂടെ ഇവിടെ വന്നു...നിന്റെ അമ്മാവേ പെറ്റ് വളത്തി ഇവളോ പെരിയ ആളാക്കി... ആനാ അതിന്റെ വല്ല ആലോചനേം നിന്റെ അമ്മാവുക്കിരിക്കാ... ഉനക്കും എനക്കും അല്ല...അന്ത കോവറാണിക്ക് താൻ ഇന്ത പേരെ വെക്കണം... ഇന്നിര.''
അമ്മമ്മയോടുള്ള സ്നേഹം പാലുപോലെ പതഞ്ഞു പൊന്തി ഇന്ദിരാപ്രസാദിന് ശ്വാസംമുട്ടി. ചെറുതായി കണ്ണും കാണാതായി.
ഇത്രയും ലക്ഷണമൊത്തൊരു കാർന്നോത്തിയുടെ പാരമ്പര്യമോർത്ത് അവളുടെ കൈത്തണ്ടയിലെയും കഴുത്തിന് പിറകിലെയും രോമങ്ങൾ എഴുന്നേറ്റ് നിന്നു. മലയാളത്തിന്റെ പ്രിയ കഥാകാരി മേഴ്സി പ്രസാദ് എന്ന മേഴ്സിദിസ് പീയെസ്സിനെ ചന്നംപിന്നം ചീത്ത വിളിക്കാൻ ഇങ്ങനെ ഒരു പെമ്പ്രന്നോത്തിയെ ഈ ഭൂമിമലയാളത്തിൽ വെച്ചുപൊറുപ്പിക്കുന്ന പ്രപഞ്ചത്തിന് ഇന്ദിരാപ്രസാദ് ആകാശത്ത് നോക്കി നന്ദിപറഞ്ഞു. തന്റെ ഒറ്റ നില കോൺക്രീറ്റ് വീടിന്റെ മുറ്റത്തെ എറതിണ്ടിന്മേലിരുന്ന ഇന്നിരാമ്മയെ അവൾ മുറുകെ കെട്ടിപ്പിടിച്ചു. 'ഉസ്താദ് ഹോട്ടലി'ൽ തിലകനെ കണ്ട ദുൽഖറിനേക്കാൾ വികാരവിവശയായി അവളവർക്കൊരു ഉമ്മ കൊടുത്തു: ''ഇങ്ങളൊരു ജിന്നാണ് അമ്മമ്മേ...'' അത് കണ്ട തൊട്ടപ്പുറത്തെ വീടിന്റെ മുറ്റത്ത്, മുല്ലപ്പൂ കോർത്തുകൊണ്ടിരുന്ന അമലു അക്ക കുലുങ്ങിക്കുലുങ്ങി ചിരിച്ചു.
അമ്മമ്മയെ അന്വേഷിച്ചുള്ള നീണ്ട യാത്രയ്ക്കൊടുക്കം ആന്ധ്ര-തമിഴ്‌നാട് ബോർഡറിലുള്ള അഞ്ചിമേട് എൻ.എച്ച്. ജങ്ഷൻ സ്റ്റോപ്പിലെ ഇന്നിരാമ്മയുടെ പെട്ടിക്കടയ്ക്ക് മുന്നിൽ അന്തംവിട്ട് നിന്നതിന്റെ 12-ാം പക്കമാണ് ഈ ആസൈകഥയൊക്കെ ഇന്ദിരാപ്രസാദ് കേൾക്കുന്നത്. അവൾ വന്നിറങ്ങിയ വെങ്കട്ടഗിരി റൂട്ടിലോടുന്ന ആന്ധ്രാപ്രദേശ് എസ്ആർടിസി ബസ്സിന്റെ ഇരമ്പത്തിന്റെ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കിൽ ഒരു പെട്ടിപ്പീടിക തെളിഞ്ഞുവരുന്നിടത്താണ് കാര്യങ്ങൾ ആരംഭിക്കുന്നത്. നിലനിൽക്കുന്ന ചരിത്രത്തിന്റെ ഭാരംമൂലം ചരിത്രോത്പാദനം നിർത്തിയ ഏതോ ഉൾനാട്ടിൽ കാലുകുത്തിയ ഒരു ഞെട്ടലോടെ അവളാ കടയിലേക്ക് നോക്കി.
ഒരു ബേസ് മോഡൽ എൽ.ജി. ഫ്രിഡ്ജിന്റെ ഉയരവും ഒന്നര ഫ്രിഡ്ജിന്റെ വീതിയുമുള്ള ഒരു മരപ്പെട്ടി. ഒരു അനൗദ്യോഗിക സിറ്റ്ഔട്ട് എന്നപോലെ പീടികയുടെ ഇറയത്തുനിന്ന് വലിച്ച ഒരു ചെറിയ താർപ്പായ രണ്ട് മുളങ്കഷണങ്ങൾക്ക് മേലെ കെട്ടിനിർത്തിയിരുന്നു, താർപ്പായ സിറ്റ്ഔട്ടിന്റെ രണ്ട് വശത്തും. ചെറിയ വെട്ടുകല്ല് കഷണങ്ങൾക്ക് മേലെ ബാലൻസ് ചെയ്തുവെച്ച കോൺക്രീറ്റ് പോസ്റ്റുകൾ കൊണ്ടുള്ള ഇരിപ്പിടങ്ങൾ ഉണ്ടായിരുന്നു. ഇന്ദിരാപ്രസാദ് നോക്കുമ്പോൾ അവൾ ഇതുവരെ കണ്ടിട്ടില്ലാത്ത അവളുടെ അമ്മമ്മ പെട്ടിപ്പീടികയുടെ പടിയിന്മേലിരുന്ന് മുറുക്കുകയാണ്. അവർക്ക് ചുറ്റുമുള്ള കോൺക്രീറ്റ് പോസ്റ്റുകളിലായി മൂന്നുനാല് വൃദ്ധന്മാർ ഇരിക്കുന്നു. അതിലൊരാൾ അയാളുടെ മുന്നിലുള്ള രണ്ട് പ്ലാസ്റ്റിക് ഗ്ലാസുകളിലേക്ക് അതിസൂക്ഷ്മമായി ബ്രാണ്ടി പകരുകയായിരുന്നു. മറ്റൊരാൾ തണുത്തവെള്ളത്തിന്റെ നൂറ് എംഎൽ പാക്കറ്റ് മൂല കടിച്ച് പൊട്ടിക്കാൻ ശ്രമിക്കുന്നു.
അമ്മയുടെ പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ആൽബത്തിന്റെ മടക്കിലെവിടെയോ കണ്ട തടിച്ചുലഞ്ഞ ശരീരത്തിന്റെയും ചുരുണ്ട് പാറിയ മുടിയുടെയും കളറുള്ള, വെറ്റില ചവയ്ക്കുന്ന, ത്രീ ഡൈമെൻഷൻ പതിപ്പിലേക്ക് അവൾ ഉറ്റുനോക്കി. അവർ അവളെ തുറിച്ചുനോക്കുന്നതും വായിലുള്ള മുറുക്കാൻ റോട്ടിലേക്ക് നീട്ടിത്തുപ്പുന്നതും ഏതോ ആനിമേഷൻ പടത്തിലെ രംഗങ്ങൾപോലെ അവൾ കണ്ടുനിന്നു. ടാർപ്പായയുടെ നീല നിഴലിൽനിന്ന് അവൾ ഇന്നേവരെ കേൾക്കാത്തതും എന്നാൽ ഏറെ പരിചിതവുമായ ഒരു സ്വരം തെല്ലൊരു മടിയുടെയും ചടപ്പിന്റെയും ലാഞ്ഛന പേറി ഇഴഞ്ഞിറങ്ങി വന്നു.
''മ്മാ... യെങ് കാവാലി?''
പൊടിയും ചെളിയും മുറുക്കാൻകറയും പട്ടിക്കാഷ്ടവും നിറഞ്ഞ ആ റോഡരികിൽനിന്ന്, ഒരു ശരാശരി മലയാളം സീരിയലിനുവേണ്ട എല്ലാ വികാരത്തള്ളിച്ചകളും ആവശ്യത്തിനേറെ ചേർത്ത ഇടറിയ ശബ്ദത്തിൽ ഇന്ദിരാപ്രസാദ്, ഇന്നിരാമ്മയെ 'അമ്മമ്മേ...' എന്ന് വിളിച്ചു. എന്നാൽ വിളികേട്ട ഇന്നിരാമ്മയുടെ മുഖത്ത് വലിയ ഭാവവ്യത്യാസങ്ങൾ ഒന്നും ഉണ്ടായില്ല. തെല്ലൊന്ന് ഉലഞ്ഞ ശരീരത്തെ ഒന്നുകൂടെ ഉലച്ച്, മെല്ലെ തന്റെ ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റ്, അല്പം മുന്നേ മുറുക്കിത്തുപ്പിയ റോഡോരത്തേക്ക് അവർ ഇറങ്ങിവന്നു. കുറച്ചൊന്ന് മങ്ങിയ ചുവപ്പ് കോട്ടൺസാരിയുടെ മുന്താണികൊണ്ട് മുഖം തുടച്ച്, ഭാവവ്യത്യാസങ്ങളേതുമില്ലാതെ അവളെ നോക്കി:
''ഗർപ്പക്കാരി പൊൺകൾ ഇങ്ങനെ വെയിലത്ത് നിക്ക കൂടാത് മ്മാ... വാ വീട്ടുക്കുള്ള വാ...''
ഇന്ദിരാപ്രസാദിന്റെ കൈയിൽനിന്ന് ബാഗ് വാങ്ങി ഇന്നിരാമ്മ തൊട്ടപ്പുറത്തെ ഇടവഴിയുടെ അങ്ങേയറ്റത്തെ ലൈനിലെ വീട്ടിലേക്ക് കയറി. തന്റെ കുഞ്ഞു വയറ് താങ്ങി അവൾ അവരെ അനുഗമിച്ചു.
അറ്റമില്ലാത്ത ജൈവികശ്രേണിയുടെ പിളർന്നുകൊണ്ടിരിക്കുന്ന ഒരു നൂലറ്റത്തിന്റെ സ്ഥലകാലബന്ധിതമായ കേവലമാത്രയിലാണ് താനെന്ന് ഇന്ദിരാപ്രസാദിന് ആദ്യമായി തോന്നുമ്പോൾ താൻ ഗർഭവതിയാണെന്ന് അവൾക്കറിയില്ല. ഇന്നിരാമ്മയെ അവൾ കണ്ടിട്ടില്ല.
പിന്നീട് അഞ്ചിമേട് നിന്ന, മുറതെറ്റിയ മാസങ്ങളോരോന്നും ഇഴയാൻ മടിച്ചപ്പോൾ, നാളെയോ മറ്റന്നാളോ തന്നിൽനിന്ന് വേരുകൾ വളരുമെന്നും, ജീവന്റെ പുരാവൃത്തത്തിലെ, ആരും കാണാത്ത ഒരു ഇഴയിലെ, അതിസാധാരണയായൊരു പൊട്ടായി താൻ വിസ്മരിക്കപ്പെടുമെന്നും ഓർത്ത് അവൾ സ്വയം ആശ്വസിച്ചു. ജനിതക ചരിത്രത്തിൽ ആവർത്തനസാധ്യതയില്ലാത്ത ഒരു അനന്യനിമിഷത്തിന്റെ വക്കത്തുനിൽക്കുന്ന തന്നിൽനിന്ന് പൊട്ടിപ്പുറപ്പെടാനിടയുള്ള വംശചരിത്രങ്ങളുടെയും രാജ്യങ്ങളുടെയും ഭൂഖണ്ഡങ്ങളുടെയും മഹായുദ്ധങ്ങളുടെയും പ്രളയങ്ങളുടെയും അതിജീവനങ്ങളുടെയും കണക്കുകളോർത്തപ്പോൾ ചില പ്രഭാതങ്ങളിൽ ഇന്ദിരാപ്രസാദിന് തലകറങ്ങി.
അവൾക്കുചുറ്റും ദിനോസറുകളും മുൾച്ചെടികളും അമീബകളും നൃത്തംവെച്ചു. അത്തരം ദിവസങ്ങളിൽ ഇന്നിരാമ്മ അവൾക്ക് പ്രാതലിനൊപ്പം നാടൻമുട്ട കലക്കിയ ആട്ടിൻപാൽ കൊടുത്തു. അനേകം ഗർഭപാത്രശൃംഖലകളിലൂടെയും അംനിയോട്ടിക് കൈവഴികളിലൂടെയും കൈമാറ്റപ്പെട്ട് അവൾക്കുള്ളിലെത്തിയ അണ്ഡങ്ങളിൽ ഒന്ന് വിരിഞ്ഞുകൊണ്ടിരുന്ന ഒരു ഞായറാഴ്ചദിവസം, താനടങ്ങുന്ന ജന്തുകുലത്തെ ഇതുവരെ പേറിയതും ഇനി പേറാനിരിക്കുന്നതുമായ മുപ്പത്തിമുക്കോടി മുട്ടത്തോടുകളെയും ഗർഭപാത്രങ്ങളെയും ടെസ്റ്റ്ട്യൂബുകളെയും ഓർത്ത് ഇന്ദിരാപ്രസാദ് കുരിശുവരച്ചു.
''ആരാ അമ്മമ്മേ എന്റെ അമ്മേടെ അച്ഛൻ?''
അമലു അക്ക പൂകെട്ടാൻ മറന്ന ഒരു സായാഹ്നത്തിലാണ് ഇന്ദിരാപ്രസാദ് ഇന്നേവരെ മേഴ്സി പ്രസാദ് പോലും ചോദിക്കാത്ത ആ മില്യൺ ഡോളർ ചോദ്യം ഇന്നിരാമ്മയോട് ചോദിച്ചത്.
''അവങ്ക പെരിയ അവധൂതരെടി... ഊരെല്ലാം സുത്തി പാക്കവര്. പെരിയ അറിവാളി. അവങ്ക രവിവർമ മാതിരി ഒരു ഓവിയർ. ആർടിസ്റ്റ്... ആനാ അവര് എഴുതര പടത്തിലെ. കോഴി ഇല്ലേ... അത് മട്ടും താൻ ഇറുക്കും. ഊരിലെന്ന് ഊരെ പോയി... ഉലകത്തിലിരുക്ക എല്ലാ ജാതി കോഴിയുടെയും പടം വരക്കത് താ അവങ്കക്ക് വാഴ്കൈ...''
മേഴ്സിപ്രസാദിന്റെ മനസ്സിനെ മുറുക്കിയടച്ച അടപ്പ് ഇനിയാ അവധൂതന്റേതാകുമോയെന്ന് ഇന്ദിരാപ്രസാദിന് സംശയമായി. ഇത്രയേറെ മതിലുകൾ അവരുടെ ഉള്ളിൽ പണിത ആ ഡി.എൻ.എ. ആര് മറന്നുവെച്ചതായിരിക്കുമെന്ന ഒരു അന്തവും കുന്തവുമില്ലാത്ത ചിന്തയുടെ ചിലന്തിവലയിലെ നിസ്സഹായയായ ഇരയായി അവൾ കൈയും കാലും ഒട്ടിക്കിടന്നു.
''വയറ്റിൽ ആയപ്പോ ഞാന്താൻ സൊന്നത്... പൊക്കോളാൻ. റൊമ്പ അഴുതിട്ടാൻ പാവം... പോകതുക്ക് മുന്നാടി ആമ്പുളൈ ന്നാ ഗബ്രിയേൽ... പൊമ്പുളൈന്നാ മേഴ്സിദിസ് ന്ന് പറഞ്ഞു...''
ഇന്നിരാമ്മയുടെ പിന്നിയ സാരിയുടെ മുന്താണിത്തുമ്പ് പേരറിയാത്ത ഒരു ഹിപ്പി അവധൂതനായി പൊഴിച്ച കണ്ണുനീർ കുടിച്ച് കറുത്തു.
''അന്ത പെരിയ ആള് പോട്ട അവ്‌ളോ നല്ല പേരെല്ലാം ഇപ്പടി കൊല പണ്ണിട്ടേൻ നിന്റെ അമ്മ... എവളോ തയിരിയം ന്ന് പാര്.''
ഫെയ്‌സ്ബുക്കിലാകെ ഗുൽമോഹർ പൂത്തുലഞ്ഞ ഒരു വേനൽക്കാലത്താണ്, യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർമാൻ അജയ്‌ദേവ് ഇന്ദിരാപ്രസാദിന് റിക്വസ്റ്റ് അയക്കുന്നത്. മേഴ്സിപ്രസാദിന്റെ കഥകളുടെ വലിയ ഒരു ആരാധകനാണെന്ന ആദ്യ സന്ദേശം അയാൾ അവൾക്കുനൽകാനായി സുക്കർബർഗിന് കൈമാറി. അവൾ അത് സീൻ ആക്കി വിട്ടു.
പിന്നീട്, രണ്ടുമാസം തുടർച്ചയായി ഹായ്കളും, ഹലോകളും കൊണ്ട് ഇൻബോക്‌സ് നിറച്ചപ്പോൾ ഏറെ ഗതികെട്ടാണ്, ''അവരുടെ കഥ ഇഷ്ടമാണേൽ അവർക്ക് മെസ്സേജ് അയക്ക് ഹേ'' എന്ന് അവൾ തെല്ലൊന്ന് ചൊടിക്കുന്നത്. അത് പറഞ്ഞുകഴിഞ്ഞ് അവൾക്ക് തോന്നിയ സഹതാപതരംഗത്തിലാണ് ചെയർമാൻ ചെക്കന്റെ ഒറ്റവഴി പ്രണയം സഫലമായതെന്ന് പറയാം.
മൂന്നരയ്ക്ക് കോളേജ് കഴിഞ്ഞ്, മെക്കാനിക്കൽ ലാബിന്റെ മുന്നിൽ എൻഎസ്എസ്‌കാര് കെട്ടിയ സ്നേഹാരാമത്തിലെ ഊഞ്ഞാലിൽ ഇരുന്ന് കണ്ണും കണ്ണും നോക്കിയും പള്ളിമൂല ഐസ് & ബേക്‌സിലെ ചില്ലിചിക്കൻ സാൻഡ്വിച്ച് പകുത്തുകൊണ്ടും അവർ പ്രണയം പങ്കിട്ടു. പള്ളിമൂല ജങ്ഷനാകെ അവരുടെ പ്രണയത്തിന്റെ നിലാവെളിച്ചത്തിൽ മുങ്ങിയ ഒരു വൈകുന്നേരം തന്റെ അമ്മയുടെ യഥാർഥനാമത്തെക്കുറിച്ച് ഇന്ദിരാപ്രസാദ് അജയ്‌ദേവിനോട് പറഞ്ഞു.
''അമ്മേടെ ശരിക്കുള്ള പേര് മേഴ്സിദിസ് ന്നാ... അച്ഛനെ കെട്ടി, പിന്നെ വല്യേ എഴുത്തുകാരിയൊക്കെ ആയപ്ലാ അമ്മ അത് മേഴ്സിപ്രസാദ്ന്ന് ആക്കീത്...'' ഒട്ടൊരു അദ്ഭുതത്തോടെ അജയ്ദേവ് പൊട്ടിച്ചിരിച്ചു.
''ഗാബോയുടെ ഭാര്യേടെ പേരാരുന്നു മേഴ്സിദിസ്... മൂപ്പർക്ക് വേറൊരു പെണ്ണില് ഒരു ജാരസന്തതിയുണ്ടായിരുന്നു... ഇന്ദിരാന്നാരുന്നു ആ കുട്ടീടെ പേര്... ഗാബോ ആളൊരു ചിന്ന ഇന്ദിരാജി ഫാൻ ആയിരുന്നെ... എന്തായാലും നിന്റെ ഫാമിലി ഹിസ്റ്ററിക്ക് പറ്റിയ പേരുകളാ...''
പാതിരാകഴിഞ്ഞ യാമങ്ങളിൽ അങ്ങോട്ടും ഇങ്ങോട്ടും പിന്നെന്താ, വേറെന്താ, പിന്നെ പറ എന്നിങ്ങനെയുള്ള മന്ത്രോച്ചാരണങ്ങൾ ആ പ്രണയത്തെ കൂടുതൽ ദൃഢമാക്കി. അവധിദിവസങ്ങളിൽ തേക്കിൻകാട് മൈതാനത്തിനുചുറ്റും അവർ പ്രേമപുരസ്സരം കൈപിടിച്ചുനടന്നു. കൈയിൽ കാശുള്ള ദിവസങ്ങളിൽ അവർ ബെന്നെറ്റ് റോട്ടിലുള്ള ഹാഓമിങ്ങിലെ ഇരുട്ടിലിരുന്ന് അമേരിക്കൻ ചോപ്‌സി കഴിച്ചു.
അങ്ങനെയൊക്കെ കാര്യങ്ങൾ അല്ലലില്ലാതെ പോയിക്കൊണ്ടിരിക്കേ ആ ബന്ധത്തിൽ കാലുഷ്യം ഉണ്ടാകുന്നത്, പ്രണയപാരവശ്യത്തിന്റെ മൂർധന്യത്തിൽ ഇന്ദിരാപ്രസാദ് അജയ്‌ദേവിന് മാത്രം കാണാനായി അയച്ചുകൊടുത്ത ഒരു വീഡിയോ ലീക്കായപ്പോഴാണ്. കാമുകന്റെ വഞ്ചനയിൽ മനംനൊന്ത ഇന്ദിരാപ്രസാദ് ആദ്യം ചെയ്തത് ഫെയ്‌സ്ബുക്കിലെ റിലേഷൻഷിപ് സ്റ്റാറ്റസ് സിംഗിൾ ആക്കുകയായിരുന്നു.
അങ്ങനെ ആർക്കുമുന്നിലും തോറ്റുപരിചയമില്ലാത്ത അജയ്‌ദേവ് ആകട്ടെ, പിറ്റേന്നുതന്നെ, തന്നെ ചതിച്ച ഇന്ദിരാപ്രസാദ് മറ്റാർക്കോ അയച്ചുകൊടുത്ത വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നതെന്നുപറഞ്ഞ് പോസ്റ്റിട്ടു. കാര്യങ്ങൾ ഇത്രയൊക്കെ ആയെങ്കിലും വീഡിയോ വിഷയം മാധ്യമങ്ങൾ വഴി മേഴ്സിപ്രസാദിന്റെ ശ്രദ്ധയിൽ പെടുന്നതോടുകൂടിയാണ് അമ്മയും മകളും തമ്മിലുള്ള ആകെ കുഴഞ്ഞ ബന്ധത്തെ കൂടുതൽ പിടിച്ചുലച്ച ആ മോറൽ ഡിലെമ ഉണ്ടാകുന്നത്.
വിവരം അറിഞ്ഞ ഉടനെ, കേരളത്തിൽ വീഡിയോ ലീക്കായ സാധാരണ പെണ്മക്കളുടെ സാധാരണ അമ്മമാരെപ്പോലെ നെഞ്ഞുതല്ലി കരയാനോ, ആത്മഹത്യാ ഭീഷണി മുഴക്കാനോ പോയിട്ട് കാര്യമെന്താണെന്ന് മകളോടൊന്ന് അന്വേഷിക്കാൻപോലും മേഴ്സിപ്രസാദ് തുനിഞ്ഞില്ല. പകരം തന്റെ മകളുടെ വീഡിയോ അവളെ ചതിയിൽ പെടുത്താനായി ആരെല്ലാമോ ചേർന്ന് മോർഫ് ചെയ്തുണ്ടാക്കിയതാണെന്ന് മാധ്യമങ്ങൾക്കുമുന്നിൽ ആശങ്കയോടെ അവർ ആരോപിക്കുന്നത് ഇന്ദിരാപ്രസാദ് തെല്ലൊരു അവജ്ഞയോടെ കേട്ടിരുന്നു. അവർ തനിക്കുചുറ്റും വാക്കുകൾകൊണ്ട് പണിയാൻ ശ്രമിക്കുന്ന സഹതാപത്തിന്റെ മതിലിനെക്കുറിച്ചോർത്തപ്പോൾ ഇന്ദിരാപ്രസാദിന് ആദ്യമായി അവളോടുതന്നെ പുച്ഛം തോന്നി, കരച്ചിലുവന്നു.
വിഷമമൊക്കെ ഒന്ന് ഒതുങ്ങി, ചിന്തയ്ക്കൊരു തെളിച്ചം വന്നപ്പോഴാണ് ഇന്ദിരാപ്രസാദ് അന്ന് ഫെയ്‌സ്ബു
ക്കിൽ ലൈവ് പോയത്. ആ വീഡി
യോയിൽ ഉള്ളത് താൻതന്നെയാണെന്നും, ആ വീഡിയോ താൻ പ്രേമപുരസ്സരം അജയ്ദേവിന് സമ്മാനിച്ചതാണെന്നും, വഞ്ചകനായ ആ യൂണിയൻ ചെയർമാന് തന്റെ വിശ്വാസത്തിന്റെ വിലയറിയില്ലായിരുന്നുവെന്നും അവൾ ലോകത്തോട് വിളിച്ചുപറഞ്ഞു. സമയത്തിന്റെയും സ്ഥലത്തിന്റെയും വ്യക്തികളുടെയും അതിർവരമ്പുകൾക്കപ്പുറം ഡിജിറ്റൽ ലോകത്തിന്റെ
ചുമരിൽ പായലുപോലെ ആ വീഡിയോ പടർന്നൊട്ടിയ സ്ഥിതിക്ക്, അത് മലയാളികൾ എന്നും ഓർമ്മയിൽ സൂക്ഷിക്കുന്ന ഒരു ആർട്ട് പീസ് ആയി മാറട്ടെ എന്ന് അവൾ ആശംസിച്ചു. മകളുടെ വീഡിയോ പിടിച്ച പയ്യനെ തല്ലിക്കൊന്ന് തീതിന്ന് ജീവിക്കുന്ന ജോർജ്കുട്ടിക്കുവേണ്ടി കൈയടിക്കുന്ന മലയാളികൾ പ്രതീക്ഷിച്ചപോലെത്തന്നെ അവളെ കല്ലെറിഞ്ഞു. കല്ലേറുകൊണ്ട് പൊട്ടിയ ചുണ്ടിലൊരു ചിരിയോടെ ഇന്ദിരാപ്രസാദ് അന്ന് വൈകുന്നേരം സഫയറിൽ പോയി ഒരു ബിരിയാണി കഴിച്ചു.
''അതിനൊക്കെ ശേഷാണ് അമ്മമ്മേ ഞാൻ എന്റെ വയറ്റിലുള്ള കുട്ടീന്റെ അച്ഛനെ കാണണെ... ഹിമാചലിലെ ഒരു ഗ്രാമത്തിൽവെച്ച്. ഒരു പാവം മലകയറ്റക്കാരനായിരുന്നു അയാള്. പൂവമ്പഴംപോലൊരു ഗുജറാത്തി ചെക്കൻ, ഇമ്രാൻ. അക്കണ്ട ഹിമാലയം ഫുള്ള് ഞങ്ങൾ കയറിയെറങ്ങി നടന്നു... അവിടത്തെ പൊഴേലൊക്കെ മുങ്ങിക്കുളിച്ചു. കാട്ടിലും മേട്ടിലും ഒക്കെ കെടന്നൊറങ്ങി. സ്നേഹിച്ചു... ദാ, വയറ്റിലാളിണ്ടന്ന് അറിഞ്ഞപ്പോ ഞാൻ ഒരു ഉമ്മയൊക്കെ കൊടുത്ത് റ്റാറ്റാ പറഞ്ഞിങ്ങ് പോന്നു.''
ഒരു ഉച്ചനേരത്താണ് ഹിമാചലിൽനിന്ന് ഇന്ദിരാപ്രസാദ് ചെമ്പൂക്കാവിലെ വീട്ടിലെത്തിയത്. അവൾ എത്തുമ്പോൾ അവിടെ ആരും ഉണ്ടായിരുന്നില്ല. വൈകീട്ട് മേഴ്സിപ്രസാദ് എത്തിയപ്പോൾ താൻ മൂന്നുമാസം ഗർഭിണിയാണെന്നും കുട്ടിയെ ഒറ്റയ്ക്ക് വളർത്താനാണ് തീരുമാനമെന്നും അവൾ അമ്മയെ അറിയിച്ചു. പതിവുപോലെ അവർ യാതൊന്നും ചോദിച്ചില്ല. ഇത്തരം സന്ദർഭങ്ങളിൽ സാധാരണ വീടുകളിൽ ഉണ്ടാകുന്നതുപോലുള്ള അക്രമങ്ങളോ ബഹളങ്ങളോ ഉണ്ടായില്ല. പരസ്പരം ഒന്നും മിണ്ടാതിരുന്ന മൂന്നാഴ്ചകൾക്കുശേഷം, ഒരു വൈകുന്നേരം മേഴ്സിപ്രസാദ്, ഇന്ദിരാപ്രസാദിന്റെ മുറിയിലേക്ക് വന്നു.
''നാളെത്തൊട്ട് ഈ വയറുംവെച്ച് അധികം പുറത്തേക്കൊന്നും ഇറങ്ങണ്ട. കൺസൽറ്റേഷനും ഡെലിവറിക്കും ഉള്ള ഏർപ്പാടൊക്കെ ശ്രീകുമാറിനോട് പറഞ്ഞ് ഞാൻ ചെയ്തിട്ടുണ്ട്. കുട്ടീടെ കാര്യങ്ങളും അവരെന്നെ നോക്കിക്കോളും.''
പിറ്റേന്ന് രാവിലെത്തന്നെ ഇന്ദിരാപ്രസാദ് തന്റെ അമ്മമ്മയെ തേടി ഇറങ്ങി.
''മൻഷ്യര് മാതൃഭാഷ മറക്കൂലാന്നല്ലേ പറയാ... അമ്മമ്മ എങ്ങന്യാ മലയാളം മറന്നേ...?''
ജീവനും ജീവിതവും ചില ജൈവികയാഥാർഥ്യങ്ങളുടെയും സാർവലൗകികമായ സത്യങ്ങളുടെയും ആകത്തുകയാണെന്നുള്ള അബദ്ധധാരണകൾക്കപ്പുറത്തുള്ള ചാരനിറക്കള്ളിയിൽ എത്തിപ്പെട്ടതിനുശേഷമുള്ള ഇന്ദിരാപ്രസാദിന്റെ ചില തിരിച്ചറിവുകളിലായിരുന്നു ഈ ചോദ്യത്തിന്റെ ഉദ്ഭവം. മനുഷ്യസാഹചര്യങ്ങളുടെ അവസ്ഥാന്തരങ്ങൾ അളക്കാൻ മാപിനികളില്ലാത്തപോലെത്തന്നെ, പല ഭാഷകൾ ഇടകലർന്ന സാഹചര്യങ്ങളിൽ ജീവിക്കുന്ന ഒരു മനുഷ്യന് തന്റെ മാതൃഭാഷയുമായുള്ള ബന്ധം അളക്കാൻ പ്രത്യേകിച്ചൊരു അളവുകോലില്ലെന്ന് ഹിമാചലിൽ കഴിഞ്ഞ ഒരിടക്കാലത്ത് ഇന്ദിരാപ്രസാദിന് തോന്നിയിരുന്നു.
മലയാളവും തമിഴും തെലുഗുവും കലർന്ന ഒരു സ്‌പെക്ട്രത്തിലെവിടെയോ കുടുങ്ങിക്കിടക്കുന്ന ഇന്നിരാമ്മയുടെ വർത്തമാനഭാഷയെ തന്റെ ഭാഷാസിദ്ധാന്തത്തിന്റെ ഒത്ത നടുക്ക് കൊണ്ട് പ്രതിഷ്ഠിക്കാനുള്ള വകുപ്പുകളെക്കുറിച്ചുള്ള ചിന്ത കാര്യമായപ്പോഴാണ് അവൾ മേൽപ്പറഞ്ഞ ചോദ്യം തന്റെ അമ്മമ്മയോട് ചോദിക്കുന്നത്.
''അതുവാ... നിന്റെ അമ്മാ എന്റെ കൂടെ ആയിരുന്നപ്പോ, അവങ്കക്ക് കത്തിക്കുടുക്കരെ ടൈമിലെ മലയാളം എനക്ക് നല്ലാ വരും. ആനാ, അവള് ചെമ്പൂക്കാവില് പോയതുക്കപ്പുറം ഇന്ത അഞ്ചിമേട്ടിലെ മലയാളത്തിൽ പേസതുക്ക് യാര്? അമലു അക്കാക്കിട്ടെയും അന്ത നാട്ടാർ പൊണ്ണക്കിട്ടെയും തമിഴ് പേസിപ്പേസി, തമിഴ് നല്ലാ പേസ ആരംഭിച്ചിട്ടേ... തെലുഗ് കൂടെ വസ്തുന്ദി... നീങ്ക അമ്മാ ആണെങ്കിലോ, ഉയിരേ പോയാലും എനക്കൊരു കത്ത് പോടമാട്ടെ, ഫോൺലെ കൂപ്പിടമാട്ടെ... പിന്നെ, മലയാളം എപ്പടി ഞാപഗം ഇരിക്കും.''
അച്ഛനില്ലായ്മ എന്ന അവസ്ഥയുടെ പുക മേഴ്സിദിസിന്റെ ജീവിതത്തെ സാരമായി ബാധിക്കുന്നത് ഒരു സ്വാതന്ത്ര്യദിനത്തിൽ സ്‌കൂൾ അസംബ്ലിയിൽവെച്ചാണ്. തൊട്ടപ്പുറത്തെ വരിയിൽനിന്ന മൂന്ന് എയിലെ കുസുമകുമാരിയുമായും ജയലളിതയുമായും കടലാസുകൊടിയുടെ പേരിലുണ്ടായ കശപിശ, പെഴച്ചുണ്ടായ പെണ്ണിനോട് കൂട്ട് വെട്ടാനുള്ള കാംപെയ്നിൽ അവസാനിച്ചതോടെ, മേഴ്സിദിസിന്റെ കാര്യങ്ങൾ ആകെ കഷ്ടത്തിലായി.
എന്നാൽ, അടുത്ത മൂന്നുവർഷത്തിനുള്ളിൽ, കൃത്യമായിപ്പറഞ്ഞാൽ തന്റെ ജനനരഹസ്യമറിഞ്ഞതോടെ, അച്ഛനില്ലായ്മയുടെ അനന്തരഫലങ്ങളെക്കാൾ അമ്മയുണ്ടായ്മയുടെ ആധിവ്യാധികളായി മേഴ്സിദിസിന്റെ വിഷയം. ഇന്നിരാമ്മയുടെ സ്വാർഥവിപ്ലവത്തിന്റെ നാണംകെട്ട പ്രതീകമായുള്ള ജീവിതത്തിന്റെ സാധ്യത അവളുടെ ഉറക്കം കെടുത്തി. തന്റെ ജനനവും നാട്ടിലെ കുടിയന്മാർക്ക് ആവശ്യമുള്ള വെള്ളവും മിക്സ്ചറും വിൽക്കുന്ന ഇന്നിരാമ്മയുടെ ബിസിനസും അഞ്ചിമേട്ടിൽ തന്നെ ഒരു അന്യഗ്രഹജീവിയാക്കുമെന്നുള്ള തിരിച്ചറിവ് വന്നപാടേ, ചെമ്പൂക്കാവിലെ വീട്ടിലേക്ക് പോകാനുള്ള തന്റെ സമരം അവളാരംഭിച്ചു. പാറോത്ത് വീടിനെപ്പറ്റിയുള്ള കേട്ടുകേൾവിക്ക് പുറത്ത് പതിനേഴാംവയസ്സിൽ മേഴ്സിദിസ് നടത്തിയ സമരമെന്തായാലും ആഗ്രഹിച്ചതുപോലെ അടുക്കും ചിട്ടയുമുള്ള ഒരു ജീവിതം അവൾക്ക് കൊടുത്തു.
അഞ്ചിമേട്ടെ നീലാകാശത്തെക്കാൾ മേഴ്സിദിസിന് പ്രിയം തോന്നിയത് പാറോത്തെ അമ്മാമ്മേടെ വലിയ അടുക്കളയോടും അമ്മാച്ഛന്റെ റേഡിയോ വെച്ച ഓഫീസ്മുറിയോടും ആയിരുന്നു. പാറോത്തെ ചിരുതമ്മയാകട്ടെ, ഓമനിച്ച് വളർത്തിയ ഇളയപുത്രി വരുത്തിവെച്ച മാനക്കേടും ചീത്തപ്പേരും മായ്ച്ചുകളയാൻ വടക്കുംനാഥൻ കൊടുത്ത ഒരു പുണ്യമായി മേഴ്സിദിസിനെ കണ്ടു. തിരി തെരയ്ക്കാൻതൊട്ട് ഒന്നരയുടുക്കാൻവരെയുള്ള പാഠങ്ങൾ ഉരുവിട്ട് കൊടുത്ത്, ആ വൃദ്ധ അവളെ മകളായി കൂടെക്കൂട്ടി.
മുപ്പെട്ടുവെള്ളിയാഴ്ച ചിരുതമ്മേടെ കൂടെയുള്ള പാറമേക്കാവ് യാത്രയും ശനിയാഴ്ചകളിലെ വടക്കുംനാഥൻ ദർശനവും എല്ലാ മലയാളമാസാവസാനവുമുള്ള ഗുരുവായൂർപ്പോക്കും ശീലമായതോടെ, മേഴ്സിദിസ് പതിയെ ഇന്നിരാമ്മയെയും അഞ്ചിമേടിനെയും മറന്നു. ഇന്നിരാമ്മ കളഞ്ഞിട്ടുപോയ അറുപഴഞ്ചൻ ജീവിതത്തിൽ മേഴ്സിദിസ് കണ്ടെത്തിയ ആ ആനന്ദത്തിന്റെ മടക്കുകളിലെവിടെയോ ഒളിഞ്ഞിരുന്ന, അണ്ഡത്തിൽനിന്ന് അണ്ഡത്തിലേക്ക് പകരുന്ന പകയുടെ ചില പുഴുമുട്ടകൾ അന്ന് ആരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. എന്നിരുന്നാലും കാലചക്രം ഭക്തിസാന്ദ്രമായ ആ സമയബിന്ദു വിട്ട് ഒരുപാട് മുൻപോട്ടേക്ക് ഉരുളുന്നതിനുമുൻപേതന്നെ, മേൽപ്പറഞ്ഞ പുഴുമുട്ടകൾ വിരിയുകയും മേഴ്സിദിസ് 'മേഴ്സി പാറോത്തായി' പരിണമിക്കുകയും ചെയ്തിരുന്നു.
മേഴ്സി പാറോത്ത് ആകസ്മികമായല്ല സാഹിത്യത്തിലേക്ക് കാൽ വയ്ക്കുന്നത്. വളരെ ആസൂത്രിതമായി ക്യുറേറ്റ് ചെയ്ത ഒരു പൊതുജീവിതത്തിന് ഉടമയാണവർ. താനെഴുതുന്ന കഥകൾപോലെത്തന്നെ എഴുത്തുകാരിയെന്ന നിലയിലുള്ള തന്റെ പ്രതിച്ഛായയും മരീചികകളുടെ ഒരു കലാപ്രദർശനമായിരിക്കണമെന്ന് അവർ അവരോടുതന്നെ സദാ ശഠിച്ചുകൊണ്ടിരുന്നു. അതിനാൽത്തന്നെ, തന്റെ ആദ്യ കഥ അച്ചടിച്ചുവന്നതിന്റെ പിറ്റേന്നുതൊട്ട്, മേഴ്സി പാറോത്ത് വലിയ ചുവന്ന ഒരു സിന്ദൂരപ്പൊട്ട് സ്ഥിരമാക്കി. ബംഗാൾ കോട്ട സാരികളും അഴിച്ചിട്ട നീളൻ ചുരുൾമുടിയുമൊക്കെയായി, ആകപ്പാടെ ഒരു കമലാദാസ് എസ്‌തെറ്റിക്‌സ് കൈമുതലാക്കിയാണ് അവർ തന്റെ സാഹിത്യജീവിതത്തിന് പതിയെ താക്കോൽ കൊടുത്തത്.
പാറോത്തെ വീട്ടിലെ വലിയ അടുക്കളയെക്കുറിച്ചും അമ്മയുടെ കൂടെ ഗുരുവായൂർ നിർമാല്യം തൊഴുന്നതിനെക്കുറിച്ചും ഗൃഹാതുരത കുത്തിനിറച്ച് അവരെഴുതിയ കഥകളും കവിതകളും ഓർമ്മക്കുറിപ്പുകളും ഒരുമാതിരിപ്പെട്ട വാരികകളിലും ആനുകാലികങ്ങളിലും അക്കാലത്ത് അച്ചടിച്ചുവന്നു. അവസാനവർഷ പി.ജി. പരീക്ഷയ്ക്കുമുൻപുതന്നെ, മലയാളം ഡിപ്പാർട്ട്മെന്റിലെ ഗസ്റ്റ് അധ്യാപകനും യുവകവിയുമായ പ്രസാദ് ബാലനെ വിവാഹം ചെയ്യുന്നതോടെയാണ് തന്റെ തൂലികാനാമമായി 'മേഴ്സിപ്രസാദ്' എന്ന പേര് മേഴ്സി പാറോത്ത് തിരഞ്ഞെടുക്കുന്നത്.
ഊരും പേരുമില്ലാത്ത ഒരച്ഛന്റെ പേരിലും കുടിയന്മാർക്ക് ഗ്ലാസും വെള്ളവും വിൽക്കുന്ന ഒരമ്മയുടെ പേരിലും അറിയപ്പെടാതിരിക്കാൻ തിരഞ്ഞെടുത്ത ജീവിതം കൊടുത്ത തറവാട്ടുവാലിന്റെ ആഢ്യത്വത്തിലും പിന്നീട് പ്രണയം സമ്മാനിച്ച കവിനാമത്തിന്റെ തണലിലും അവർ മാന്യതയുടെ പുതിയൊരു ജീവിതാധ്യായം രചിച്ചു.
എന്നാൽ, ഇന്നിരാമ്മ മകളുടെ കല്യാണവിവരം അറിയുന്നത് വർഷങ്ങൾക്കുശേഷം ഒരുച്ചനേരത്ത് രജനിയുടെ 'ബാഷ' കാണാനായി ടി.വി. ചാനലുകൾ മാറ്റുന്നതിനിടയ്ക്ക്, മേഴ്സിപ്രസാദിന്റെ ഒരു ഓണം സ്‌പെഷ്യൽ ഇന്റർവ്യൂ മിന്നിമറഞ്ഞപ്പോഴാണ്. അന്ന് മേഴ്സിപ്രസാദിന്റെ കാലിലൊട്ടിനിന്ന ഇന്ദിരാപ്രസാദിനെ അവർ രണ്ടുമിനിറ്റുനേരം തുറിച്ചുനോക്കി.
അന്നേരം അവരുടെ ഗർഭപാത്രത്തിൽനിന്നൊരു മുറുമുറുപ്പ് അവരുടെ ഹൃദയത്തിന്റെ കട്ടിളപ്പടിയോളം വന്നെത്തിനോക്കിയശേഷം വരണ്ടൊട്ടിയ ഫലോപ്പിയൻ ട്യൂബ്യൂകളിലൊന്നിന്റെ ഇരുട്ടിൽപ്പോയി ഒളിച്ചിരുന്നു. ആ ലക്ഷണംകെട്ട മുറുമുറുപ്പ് വീണ്ടും എഴുന്നേൽക്കുന്നതിനുമുൻപേ, നിറം മങ്ങിയ പ്ലാസ്റ്റിക് കവർ പൊതിഞ്ഞ റിമോട്ടിന്മേൽ 34 അമർത്തി ഇന്നിരാമ്മ ജയ ടി.വി. വെച്ചു.
പ്രസാദ് ബാലനുമായുള്ള വിവാഹശേഷം മേഴ്സിപ്രസാദ് ദാമ്പത്യജീവിതത്തിൽ സ്ത്രീകളനുഭവിക്കുന്ന വിവിധതരം ഏകാന്തതകളെക്കുറിച്ച് തിരിച്ചും മറിച്ചും മറിച്ചും തിരിച്ചും കഥകളെഴുതി. ഭർത്താവിൽനിന്നോ കാമുകനിൽനിന്നോ മാത്രം ലഭിക്കുന്ന ദുഃഖങ്ങൾ ആക്രാന്തത്തോടെ കളക്ട് ചെയ്യുന്ന പെണ്ണുങ്ങൾ: പങ്കാളി ഉപേക്ഷിച്ചുപോയവർ, മറന്നുപോയവർ, ചതിച്ചുപോയവർ, സ്വയം വിലപിക്കുന്നവർ... അക്കാലത്ത് അവരെഴുതിയ കഥകളിലെ സ്ത്രീകഥാപാത്രങ്ങളുടെ ആളോഹരി ആനന്ദത്തിന്റെ ശരാശരി എടുത്തുനോക്കിയാൽ, അത് പൂജ്യത്തിനും താഴേയായിരുന്നു. പലവിധ പീഡകളാൽ നോവുന്ന പെണ്ണുങ്ങൾക്കുവേണ്ടി അവർ തന്റെ പേന പടവാളാക്കി.
അക്കാലത്ത് പ്രമാദമായ ഒട്ടുമിക്ക സ്ത്രീപീഡനക്കേസുകളെക്കുറിച്ചും അവർ ഘോരഘോരം പ്രസംഗിക്കുകയോ കഥയെഴുതുകയോ ചെയ്തിരുന്നു. അങ്ങനെ, കണ്ണുനീർത്തുള്ളിയും സ്ത്രീയും തമ്മിലുള്ള ഉപമ രൂപകമായി മാറിക്കൊണ്ടിരുന്ന ഒരു വേനൽക്കാലത്താണ് മേഴ്സിപ്രസാദ് പ്രസവിക്കുന്നത്. പ്രസവവേദനയുടെ മൂർധന്യത്തിലാണ് മേഴ്സിപ്രസാദിന് കുഞ്ഞിന്റെ പേര് വെളിപാടുണ്ടാകുന്നത്. പാതി അബോധത്തിൽ ''പ്രസാദിനോട് ഇന്ദിരയെന്ന് പറ...'' എന്നവൾ ലേബർറൂമിൽ കിടന്ന് അലറിക്കൂവി.
കണ്ണ് തുറന്നപ്പോൾ തനിക്കരികേ കിടത്തിയ പല്ലിക്കുഞ്ഞിന്റെ മുഖത്ത് അവൾ അഞ്ചിമേടും പിഞ്ഞിയ കോട്ടൺ സാരിയുടെ ചുവപ്പും കണ്ടു. കുഞ്ഞ് കരഞ്ഞപ്പോഴൊക്കെ തനിക്ക് കാണാൻ പറ്റാത്ത ഒരാകാശം കാണാനുള്ള കരച്ചിലാണതെന്ന് അവൾ വിശ്വസിച്ചു. താൻ പെറ്റിട്ട ആ പല്ലിക്കുഞ്ഞിന്റെ മുഖത്തെ തന്റേടം നിറഞ്ഞ കൂസലില്ലായ്മയുടെ ജനിതകചരിത്രം കൂടുതൽ വ്യക്തമാക്കാനാരംഭിച്ചതോടെ, മേഴ്സിപ്രസാദ് തന്റെ ഹൃദയത്തിന്റെ വാതിലടച്ച് സീൽ വെച്ചു. അവർ ജീവിതത്തിൽ ഒറ്റപ്പെട്ട, ദുഃഖിതരായ സ്ത്രീകളെക്കുറിച്ച് വാശിയോടെ കൂടുതൽ കഥകളെഴുതി.
'അവസാനത്തെ തളിരിലയും ഞെട്ടറ്റുപോകുന്നതിന്റെ വേദന.
സിരകളിൽ നിറംപരത്തുന്ന ക്ലോറോഫിലിന്റെ കുത്തുന്ന കടുപ്പം. ജീവിതമാകുന്ന പഴുപ്പിന്റെ ലാഞ്ഛന മുറ്റുന്ന മടുപ്പ്. മാറ്റത്തിന്റെ കുളവാഴ പൊതിഞ്ഞ ശിഖരങ്ങളുടെ ചരിത്രത്തിൽ രേഖപ്പെടാതെപോയ ചെറുത്തുനിൽപ്പ്. പരിണാമത്തിന്റെ പിന്നിയ നൂലറ്റങ്ങളുടെ നഖങ്ങൾക്കുള്ളിലെ മണൽത്തരി കുത്തിയമർന്ന നോവ്. ജീവന്റെ ചക്രത്തിലെ എതിർബിന്ദുക്കൾ പറഞ്ഞ കഥയുടെ പൊരുൾ.'
ഇന്ദിരാപ്രസാദിന്റെ ഒൻപതാംമാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ച, ഒരു ഉച്ചനേരത്താണ് മേഴ്സിദിസ് ഇന്നിരാമ്മയുടെ പെട്ടിക്കടയ്ക്ക് മുന്നിൽ വെങ്കിട്ടഗിരി റൂട്ടിൽ ഓടുന്ന ആന്ധ്രാപ്രദേശ് എസ്ആർടിസി ബസിൽ വന്നിറങ്ങുന്നത്. പൊടിമറയ്ക്കുള്ളിലൂടെ അവരുടെ ചുവന്ന സിന്ദൂരപ്പൊട്ടും അഴിച്ചിട്ട നീണ്ട് കറുത്ത ചുരുൾമുടിയും അഞ്ചിമേട്ടുകാർക്ക് മുന്നിൽ അനാവൃതമായി. ഇന്നിരാമ്മ ഭാവമാറ്റങ്ങളേതുമില്ലാതെ, പെട്ടിക്കടയുടെ ഇടുക്കിൽ നിന്നിറങ്ങി വന്ന് മേഴ്സിപ്രസാദിന്റെ പെട്ടിയെടുത്ത് ലെയ്‌നിനരികിലേക്ക് നടന്നു. പെട്ടിയുടെ ഉടമ നിശ്ശബ്ദയായി അവരെ അനുഗമിച്ചു.
അഞ്ചിമേട്ടിലെ രണ്ട് മുറി വീടിന്റെ ഉമ്മറത്ത് ആ മൂന്ന് പെണ്ണുങ്ങളും മുഖത്തോട് മുഖം നോക്കിയിരുന്നു. മേഴ്സിദിസിനൊപ്പം അബദ്ധത്തിൽ വന്ന് കയറിയ കനമുള്ള ഒരു നിശ്ശബ്ദത, വിവരമറിഞ്ഞെത്തിയ അകന്ന ഏതോ പരിചയക്കാരനെപ്പോലെ തല ചൊറിഞ്ഞും, സീലിങ് ഫാനിന്റെ ഇതളെണ്ണിയും അവർക്കൊപ്പമിരുന്നു. വൈകുന്നേരമായപ്പോൾ ഇന്നിരാമ്മ എല്ലാവർക്കും എരുമപ്പാലൊഴിച്ച ചൂട് ചായ കൊണ്ടുവന്ന് വെച്ചു. താൻ കാപ്പി മാത്രമേ കുടിക്കാറുള്ളെന്ന് മേഴ്സിപ്രസാദ് മുറുമുറുത്തു. എഴുത്തുകാരി പറഞ്ഞത് കേട്ടില്ലെന്ന ഭാവത്തിൽ ഇന്നിരാമ്മ തന്റെ ചായ ഊതിക്കുടിച്ചു.
ഇന്ദിരാപ്രസാദ് മുന്നിലെ സ്റ്റീൽ ഗ്ലാസിലെ ചായ ചൂടാറുന്നതും കാത്ത് ഉമ്മറപ്പടിയുടെ അരികിലൂടെ നടക്കുന്ന ചോണനുറുമ്പുകളുടെ എണ്ണമെടുക്കുകയായിരുന്നു. അവൾക്കാകെ പുകച്ചിലെടുക്കുന്നുണ്ടായിരുന്നു. നാലുമണി വെയിലിന്റെ തിളക്കത്തിൽ ആ കുടുസ്സുമുറിയിലേക്ക് നീന്തിവന്ന നക്ഷത്രപ്പൊടികൾക്കിടയിലെ കണ്ണാടികൊണ്ടുള്ള ജനിതകമീനുകളിലേക്ക് അവൾ ഉറ്റുനോക്കി. അവയ്ക്കുള്ളിലാകെ പിങ്ക് നിറത്തിലുള്ള ഡിഎൻഎ ഗോവണികൾ. ഒരു ട്രപ്പീസുകാരിയെപ്പോലെ അതിലൊന്നിൽനിന്ന് മറ്റൊന്നിലേക്ക് ചാടാൻ ഒരുങ്ങിനിൽക്കുന്ന പൂർണഗർഭിണിയായ തന്നെക്കണ്ടപ്പോൾ അവളുടെ നെഞ്ചാളി.
ഉള്ളംകൈയിലെ തണുപ്പിലേക്ക് അവൾ തന്റെ അടിവയറമർത്തി. തുടയിടുക്കിലെ വിയർപ്പൊലിച്ച് താൻ നിൽക്കുന്ന പടി നനയുന്നതും അതിൽ വഴുതി ഗോവണിയിൽനിന്ന് തന്റെ പിടിവിടുന്നതും അവളറിഞ്ഞു. നക്ഷത്രപ്പൊടികൾക്കും കണ്ണാടിമീനുകൾക്കും ഇടയിലൂടെ അടിവയറ് താങ്ങിയുള്ള, പിടിത്തംവിട്ട ആ വീഴ്ചയിൽ അവളുടെ ഇടംകൈ പിങ്ക് ഗോവണിപ്പടികൾ തിരഞ്ഞുകൊണ്ടിരുന്നു. യോനീമുഖം തുളയുന്ന വേദനയിൽ അവൾ ബംഗാൾ കോട്ട സാരിയും സിന്ദൂരപ്പൊട്ടും കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ കയ്യന്യാദികുപ്പിയും സ്വപ്നം കണ്ടു.
കണ്ണ് തുറക്കുമ്പോൾ അവൾക്ക് ചുറ്റും പിങ്ക് ഗോവണികളായിരുന്നു. അതിലൊന്നിലിരുന്ന് മേഴ്സിദിസ് ബ്രാണ്ടിയൊഴിച്ച പ്ലാസ്റ്റിക് ഗ്ലാസുകളിലേക്ക് നൂറ് എംഎൽ വെള്ളപ്പാക്കറ്റ് കടിച്ചുപൊട്ടിച്ചൊഴിച്ചു. മറ്റൊന്നിൽ മുണ്ടും നേര്യതും ഉടുത്ത ഇന്നിരാമ്മ തിരിതെരച്ചുകൊണ്ടിരുന്നു. ഫെയ്‌സ്ബുക്ക് ലൈവ് പോകുന്ന ചിരുതമ്മ. അബോർഷൻ ക്ലിനിക്കിലിരിക്കുന്ന അമലു അക്ക. ഇന്ദിരാപ്രസാദിന് ചുറ്റുമുള്ള ഒരായിരം പിങ്ക് ഗോവണികളിൽ ഒരായിരം പെണ്ണുങ്ങൾ. അവർക്കെല്ലാം ഒരേ ഛായ, ഒരേ മുഖം.
ഇന്നിരാമ്മയുടെ മറുപിള്ള മണക്കുന്ന ഉമ്മറത്ത്, പഴയ എഡിസൺ ബൾബിന്റെ മഞ്ഞവെട്ടത്തിൽ വഴുവഴുത്തൊരു പെൺകുഞ്ഞിനെ മേഴ്സിദിസ്, ഇന്നിരാമ്മയുടെ മടിയിൽ ചാരിക്കിടന്ന ഇന്ദിരയുടെ കൈകളിലേക്ക് കൊടുത്തു. അമ്മയുടെ നെഞ്ചിന്റെ ചൂടുകൊണ്ട് കുറുകിയ കുഞ്ഞിനെ ഇന്ദിര 'മേഴ്സിദിസ്, മേഴ്സിദിസ്, മേഴ്സിദിസ്' എന്ന് മൂന്ന് തവണ പേര് ചൊല്ലി വിളിച്ചു. അഞ്ചിമേട്ടെ കുടുസ്സുമുറിയിലെ നാല് ഗർഭപാത്രങ്ങളും ഒരേ താളത്തിൽ മിടിച്ചു. പ്രപഞ്ചത്തിലെ മുപ്പതുമുക്കോടി ഘടികാരങ്ങളും ആ ഗർഭതരംഗത്തിന്റെ തരിപ്പുപറ്റി ഒരു നിമിഷത്തിന്റെ ഇഴനേരത്തേക്ക് നിശ്ചലമായി.
ലോകം അതിന്റെ ചലനം വീണ്ടെടുത്തപ്പോൾ ഇന്ദിര മുറുക്കാൻ ചവച്ച്, താക്കോലെടുത്ത് പെട്ടിക്കട തുറക്കാൻ ഇറങ്ങി. അവരുടെ കൈയിൽ നൂറ് എംഎൽ വെള്ളപ്പാക്കറ്റുകൾ നിറച്ച വലിയൊരു കവർ ഉണ്ടായിരുന്നു. പുറത്ത് വെങ്കിട്ടഗിരി റൂട്ടിലോടുന്ന ബസ്സിന്റെ ശബ്ദം ഉമ്മറത്തേക്ക് ഇഴഞ്ഞുകയറി വന്നു. മേഴ്സിദിസ് ബാഗ് എടുത്ത് അഞ്ചിമേട് ബസ്സ്‌റ്റോപ്പിലേക്ക് നടന്നു. ഉറങ്ങിക്കിടന്ന മേഴ്സിദിസിന്റെ നെറുകയിൽ തലോടിക്കൊണ്ട് ഇന്ദിര കണ്ണടച്ചുകിടന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Explores the complex, intergenerational bonds between three generations of women., Highlights the intersection of personal identity, societal expectations, and motherhood., Analyzes the impact of heritage and DNA on individual life choices., A poignant look at the evolution of language and culture across borders.
Published: 23 May 2026, 01:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented