ഒരു പുരുഷാധിപത്യ സമൂഹത്തിൽ സ്ത്രീയായിരിക്കുന്നതിന്റെ വിഹ്വലതകൾ, സെക്കുലർ എന്നവകാശപ്പെടുമ്പോഴും മതം മനുഷ്യ ബന്ധങ്ങളെ ഭരിക്കപ്പെടുമ്പോൾ അനുഭവിക്കേണ്ടി വരുന്ന മാനസികാവസ്ഥകൾ, ബാല്യകാല അനുഭൂതികളെപ്പോലും മായ്ച്ചുകളഞ്ഞ് മനുഷ്യമനസ്സിന്റെ താളം തെറ്റിക്കുന്ന രക്ഷാകർതൃത്വത്തിലെ മേൽക്കോയ്മകൾ. ഇത്തരത്തിൽ ചുറ്റും നടക്കുന്ന ആധിപത്യരീതികളെ സൂക്ഷ്മമായി അവതരിപ്പിക്കാനുള്ള കരുത്താണ് ശ്രീമതി ഷാഹിനാ റഫീഖിന്റെ എഴുത്തിന്റെ പ്രത്യേകത. 'ഏക് പാൽതു ജാൻവർ' എന്ന പുസ്തകത്തിലൂടെ പലതരം ആധിപത്യങ്ങൾ സ്ത്രീജീവിതത്തെ എത്രമാത്രം തകർത്തുകളയുന്നു എന്ന് കൃത്യമായി അടയാളപ്പെടുത്തുന്നതോടൊപ്പം ജാതിവാലുകൾ മായ്ച്ചുകളയപ്പെടുന്ന ഒരു ലോകം വിഭാവനം ചെയ്യുന്നുമുണ്ട്.

'ഏക് പാൽതു ജാൻവർ' എന്ന കഥ സ്പന്ദന എന്ന സ്‌കൂൾ ടീച്ചറുടെ ദേഷ്യവും അസ്വസ്ഥതയും അവതരിപ്പിച്ചു കൊണ്ടാണ് പ്രമേയത്തിലേക്ക് കടക്കുന്നത്. ഇതിനിടയിൽ ജാതി, മതം, ആൺ പെൺ വ്യത്യാസം, ലിംഗ അസമത്വം, ഒരു സ്ത്രീ നിരന്തരം കടന്നു പോകേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ, പുരുഷനെന്ന പ്രിവിലേജ്ഡ് ജീവി അനുഭവിക്കുന്ന സ്വതന്ത്രജീവിതം ഇതിനെയെല്ലാം രസകരമായി അവതരിപ്പിക്കുന്നു. ഭർത്താവിന്റെ സുഖമില്ലാത്ത അച്ഛൻ, മൂന്ന് വയസ്സുകാരിയായ മകൾ, പലതരത്തിൽ ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന ജോലിക്കാരി, സ്‌കൂൾ കുട്ടികൾ ഇവരെല്ലാം അവളിൽ കടുത്ത സമ്മർദ്ദം സൃഷ്ടിക്കുന്നു. അതിനൊക്കെ പുറമേയാണ് ബാങ്കുദ്യോഗസ്ഥനായ ഭർത്താവ് വരുൺ തന്റെ മാത്രം ആഗ്രഹപ്രകാരം ഒരു പശുവിനെ വാങ്ങുന്നത്.

ഏഴുസെന്റിൽ ആണ് ഈ പശുവളർത്തൽ. വീട്ടിലും നാട്ടിലും കുട്ടികളുടെ ഇടയിൽ പോലും അവൾ പരിഹാസപാത്രമായി മാറുന്നു. പശു വന്നതോടെ സ്പന്ദന ഇഷ്ടത്തോടെ പരിപാലിച്ചിരുന്ന പൂന്തോട്ടം അത് നശിപ്പിച്ചു. മാത്രമല്ല അതുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങളെ നേരിടേണ്ടി വരുന്നുണ്ട്. കറവക്കാരനായ കരുൺ വലിയ തുക കൂലിയായി ആവശ്യപ്പെടുകയും അയാൾക്ക് തോന്നിയ സമയത്ത് വരുകയും പോവുകയും ആണ് ചെയ്യുന്നത്. ഇതിനൊക്കെ പുറമേ അടുത്ത വീട്ടിലെ പെൺകുട്ടികളെ നോക്കിയുള്ള അയാളുടെ ശൃംഗാരച്ചിരി, വഷളൻ നോട്ടം ഇതൊക്കെയും അയൽവാസികളിലും വെറുപ്പ് സൃഷ്ടിക്കുന്നു.

അയൽപക്കത്ത് താമസിക്കുന്ന മുസ്ലിം കുടുംബവുമായി വളരെ നല്ല ബന്ധമായിരുന്നു സ്പന്ദനയ്ക്ക് ഉണ്ടായിരുന്നത്. എന്നാൽ പശുവിന്റെ വരവിന് ശേഷം ടീച്ചറും മകളും അവരുടെ വീട്ടിൽ ചെന്നിട്ട് കാര്യമായ പരിഗണന ലഭിക്കുന്നില്ല. പശുവിനെക്കുളിപ്പിക്കുന്ന ചെളിവെള്ളം ഒഴുകി അവരുടെ വീട്ടിലേക്കാണ് പോയിരുന്നത്. അതിനെക്കുറിച്ച് കരുണിനോട് പറഞ്ഞപ്പോൾ അയാൾ അവരെ ജാതീയമായി അധിക്ഷേപിക്കുന്നത് അവരിൽ ഈർഷ്യയുണ്ടാക്കുന്നു.

വിശദമായ പത്രവായന, ടിവി ന്യൂസ് ഇതെല്ലാം കണ്ട് ആസ്വദിച്ച് ജീവിച്ചിരുന്ന കേരള മോഡൽ പുരുഷനായിരുന്ന വരുണിന്, കരുൺ വരാത്ത ദിവസങ്ങളിൽ പശുവിന്റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടി വരുന്നത് അയാളിലും സമ്മർദ്ദം സൃഷ്ടിക്കുന്നു. സ്വപ്നം പോലും നഷ്ടപ്പെട്ട അവസ്ഥയിൽ യന്ത്രജീവിതം നയിക്കുന്നതിനിടയിലാണ് കുഞ്ഞിന്റെ ശരീരത്തിൽ ചുവന്ന കുരുക്കൾ പ്രത്യക്ഷപ്പെടുന്നതും പശുവിന്റെ ശരീരത്തിൽ നിന്നുള്ള ചെറു പ്രാണികളിൽ നിന്നുണ്ടായ അലർജി ആണെന്ന് മനസ്സിലാക്കുകയും ചെയ്യുന്നത്.

അയൽവാസിയായ ഡോക്ടറും പശു തങ്ങൾക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് പരാതിപ്പെടുന്നു. ഇതിനിടയിൽ സ്‌കൂളിൽ നിന്ന് ഹെഡ്മാസ്റ്ററുടെ നിർബന്ധപ്രകാരം സ്പന്ദനയ്ക്ക് കുഞ്ഞിനെ വീട്ടിലാക്കി പോകേണ്ടി വരുന്നു. അതിനാൽ അവൾ അനിയത്തിയായ യാമിനിയെ വിളിച്ച് വരുത്തുന്നു. യാമിനി ഇസയെന്ന അന്യ മതക്കാരനുമായി പ്രണയത്തിലാണ്. തന്നോടൊപ്പം സമയം ചെലവഴിക്കാൻ അയാൾ പലപ്പോഴും ക്ഷണിക്കാറുണ്ടെങ്കിലും തിരക്കായതിനാൽ അവൾ അത് ഒഴിവാക്കിയിരുന്നു. എന്നാൽ ചേച്ചിയുടെ വീട്ടിലേക്ക് പോകുന്നത് അയാളെ പ്രകോപിതനാക്കുകയും യാമിനിയെ ജാതീയമായി അധിക്ഷേപിക്കുകയും ചെയ്യുന്നു. തുടർന്ന് പരസ്പരമുള്ള ജാതീയമായ അധിക്ഷേപങ്ങൾ അവരെ ബ്രേക്കപ്പിലെത്തിക്കുന്നു.

കൃത്യസമയത്ത് വരാത്ത കറവക്കാരനെ വരുൺ ശകാരിക്കുമ്പോൾ വീഡിയോ എടുത്ത് എഫ്ബിയിൽ പോസ്റ്റ് ചെയ്ത് അപമാനിക്കുമെന്ന് അയാൾ ഭീഷണിപ്പെടുത്തുന്നു. ഇതിനിടയിൽ വെകിളി പിടിച്ച പശു അമറാൻ തുടങ്ങി. രാവും പകലും പശു അമറിയപ്പോൾ എവിടെയെങ്കിലും അതിനെ ഉപേക്ഷിക്കാനായി വരുൺ പോകുന്നു. എന്നാൽ ഒരാൾക്കൂട്ടം തന്നെ പിന്തുടർന്ന് വരുന്നത് അയാൾ അറിയുന്നില്ല.

പശു എന്ന പ്രതീകത്തിലൂടെ മനുഷ്യനിൽ രൂഢ മൂലമായിരിക്കുന്ന ജാതി-മത വ്യത്യാസങ്ങളെ അവതരിപ്പിക്കുന്നു. കുടുംബത്തിനുള്ളിലെ അധികാര സമവാക്യങ്ങൾ ( Power dynamics ) കൃത്യമായി ഈ കഥ വെളിപ്പെടുത്തുന്നു. സ്പന്ദന വളരെയധികം ബുദ്ധിമുട്ടി വീട്ടുജോലികൾ ചെയ്യുമ്പോൾ വരുൺ പത്രം വായിച്ച് ചായ കുടിച്ച് സുഖമായി അലസമായി ഇരിക്കുന്നു. പുരുഷമേധാവിത്വവാദിയായ വരുൺ തന്റെ ഇഷ്ടങ്ങൾ നടപ്പിലാക്കുമ്പോൾ അത് ആ കുടുംബത്തിന്റെയൊന്നാകെയുള്ള സമാധാന അന്തരീക്ഷത്തെ തകർത്തുകളയുന്നു. ജോലിയുണ്ടായിരുന്നിട്ടും ഭർത്താവിന്റെ ഇഷ്ടങ്ങൾക്കനുസരിച്ച് ഒരു സ്ത്രീക്ക് സഹിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകളെ, സമ്മർദങ്ങളെ എല്ലാം കൃത്യമായി രേഖപ്പെടുത്തുന്നു. ഗോമാതയായി പരിവർത്തനം ചെയ്യപ്പെടുന്ന പശു സമകാലിക വർഗ്ഗീയ പ്രശ്‌നങ്ങളുടെ പ്രതീകമാണ്.

നിങ്ങടാൾക്കാര്
സിനിമാസ്‌ക്രിപ്റ്റ് എഴുതുന്നതിനെക്കുറിച്ചുളള ചിന്തകളിൽ തുടങ്ങുന്ന കഥ പല സാമൂഹിക വിഷയങ്ങളിലേക്കുo സഞ്ചരിക്കുന്നു. സ്‌ക്രിപ്റ്റ് റൈറ്ററുടെ സുഹൃത്തായ അമുദ വളരെ സ്വതന്ത്രമായി സംസാരിക്കുന്ന വ്യക്തിയാണ് 'ഒടുക്കത്തെ സത്യസന്ധതയാണ്' എന്നാണ് അവരെ വിശേഷിപ്പിച്ചിരിക്കുന്നത്'. കല്യാണശേഷം മറ്റൊരു പുരുഷനോട് ക്രഷ് തോന്നുന്നതിനെക്കുറിച്ചുo വിരസമായിത്തീരുന്ന ഭാര്യാഭർത്തൃ ബന്ധത്തെറിച്ചും ഭർത്താവ് കുറച്ചു നാൾ കഴിയുമ്പോൾ' ഭ്രാതാശ്രീ' യായി രൂപാന്തരപ്പെടുന്നതിനെക്കുറിച്ചും തുറന്ന് സംസാരിക്കാൻ അവൾക്ക് യാതൊരു മടിയുമില്ല. എക്‌സ്ട്രാ മാരിറ്റൽ അഫയേഴ്‌സിനെക്കുറിച്ചും അവൾ തന്റെ ഭർത്താവിനോട് പോലും തുറന്ന് പറയാറുണ്ട്. ഇവരുമായിട്ടുള്ള സംസാരത്തിനിടയിൽ എഴുത്തുകാരിക്ക് പുതിയൊരു കഥാപാത്രത്തെ കിട്ടുന്നു.

തുടർന്ന് കഥാപാത്രസൃഷ്ടിയെക്കുറിച്ചും കഥാപാത്രങ്ങളുടെ വേഷവിധാനത്തെക്കുറിച്ചും ചിന്തിക്കുന്നു. സുഹൃത്തായ നീമയോടൊപ്പം ഗൈനക്കോളജിസ്റ്റിനെ കാണാനായി പോകുന്നു. എന്നാൽ ഒരു ഡോക്ടറെ കാണാനിരിക്കുന്നതിനിടയിൽ മറ്റൊരു ഡോക്ടറുടെ ബോർഡ് കാണിച്ച് അവരുടെ അടുത്ത് പോകുന്നതെല്ലാം മുസ്ലീമുകളാണ് എന്ന് പറയുന്നു. തുടർന്ന് മുസ്ലീമുകളുടെ ജാതീയമായ കുറേ പ്രത്യേകതകളെക്കുറിച്ച് നീമ വാചാലമായി സംസാരിക്കുന്നു. ഇതിനെത്തുടർന്നുണ്ടാകുന്ന ചില സംഭവങ്ങൾക്ക് ശേഷം അവർ ബസിൽ യാത്രചെയ്യുമ്പോൾ ബസ് സഡൻ ബ്രേക്കിട്ടു. മുൻപേ പോയ ലോറിയും കാറും കൂട്ടിയിടിച്ച് അതിലുള്ള ഏഴ് പേരും മരിച്ചു. അപ്പോൾ' ഓ നമ്മ ടാൾക്കാരല്ല' എന്ന് ആരോ പറയുന്നതായി അവൾക്കു തോന്നുന്നു. മനുഷ്യമനസ്സിൽ ആഴത്തിൽ വേരോടിയിരിക്കുന്ന വിഭാഗീയ ചിന്താഗതിയേയും കപടസദാചാരത്തെയും വളരെ സൂക്ഷ്മമായാണ് ഈ കഥയിൽ അവതരിപ്പിച്ചിരിക്കുന്നത്.

'പുസ്തകപ്രകാശനം' എന്ന കഥ അഞ്ച് പേരെ കൊലചെയ്ത ശേഷം പോലീസ് സ്റ്റേഷനിലെത്തിയ പെൺകുട്ടി കൊലപാതകത്തിലേക്ക് നയിച്ച സംഭവപരമ്പരകൾ വിവരിക്കുന്നതോടെയാണ് ആരംഭിക്കുന്നത്. തന്റെ അച്ഛൻ ഒരു മലയാളം വാധ്യാരായിരുന്നുവെന്നും തുടർന്ന് കുട്ടിക്കാലത്ത് ചെറിയ തെറ്റുകൾക്ക് പോലും അയാൾ അവളെ ക്രൂരമായി അടിക്കുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നു എന്നും ആലങ്കാരികമായി അവതരിപ്പിക്കുന്നു. മലയാളത്തിലെയും ഇംഗ്ലീഷിലേയും ഒരു വിധം എല്ലാ സാഹിത്യപുസ്തകങ്ങളും അവൾ കുറച്ച് കാലങ്ങൾക്കുള്ളിൽ വായിച്ചുതീർത്തിരുന്നു.

തെറ്റുകൾ മാത്രം കണ്ടെത്തുന്ന അച്ഛന്റെ ശീലo കാരണം പെൺകുട്ടിയുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടുപോയിരുന്നു. അച്ഛന്റെ സ്വഭാവരീതികൾ കാരണം സ്വാഭാവികമായ പ്രണയബന്ധം പോലും അവൾക്ക് നിഷേധിക്കപ്പെടുന്നു. നിരവധി കാരണങ്ങളാൽ എഴുത്തുകാരോട് തോന്നിയ ദേഷ്യം കാരണം അവർ എഴുത്തുകാരെ ആകർഷിച്ച് തന്റെ വലയിലാക്കിയ ശേഷം യാതൊരു കുറ്റബോധവുമില്ലാതെ അവരെ കൊല്ലുന്നു. പ്രണയത്തിന്റെ രാജകുമാരൻ എന്ന് വിശേഷിപ്പിക്കപ്പെട്ട എഴുത്തുകാരൻ കൊല്ലപ്പെട്ടത് അയാളുടെ പുസ്തകത്തിൽ പ്രണയമില്ലാതിരുന്നതിനാലാണ്. മറ്റൊരു എഴുത്തുകാരൻ പുസ്തക പ്രകാശനത്തിനിടയിൽ നിലവാരമില്ലാത്ത കൃതിയെ പുകഴ്ത്തിപ്പറഞ്ഞതിന്റെ പേരിലാണ് കൊല്ലപ്പെട്ടത്. ബാല്യകാലത്തെ ദുരന്താനുഭവങ്ങൾ ( ചൈൽഡ്ഹുഡ്‌ ട്രോമ) എങ്ങനെ വൈകാരിക അസ്ഥിരതയിലേക്കും മാനസിക പ്രശ്‌നങ്ങളിലേക്കും നയിക്കുന്നു എന്ന് വ്യക്തമാക്കുന്നതോടൊപ്പം നിലവാരവില്ലാത്ത സാഹിത്യകൃതികളെ പരിഹാസരൂപേണ അവതരിപ്പിക്കുകയും നിരൂപണത്തിലെ കൊള്ളരുതായ്മകൾ തുറന്നു കാണിക്കുകയും ചെയ്യുന്നു.

സമൂഹത്തിൽ നിലനിൽക്കുന്ന ഇരട്ടത്താപ്പുകളുടെ ഒരു തുറന്നെഴുത്താണ് ഈ കഥകളിൽ കാണാൻ കഴിയുന്നത്. ജാതി, മതം, സാഹിത്യം, ലിംഗവ്യത്യാസം, കുട്ടിക്കാലാനുഭവങ്ങൾ ഇതെല്ലാം പ്രമേയമായി വരുന്ന കഥകളിലെ അവതരണ ഭംഗിയും അപ്രതീക്ഷിതമായ വഴിത്തിരിവുകളും കഥകളെ ആകർഷകമാക്കുന്നു. ബി.ആർ അംബേദ്കറുടെ ജാതി ഉൻമൂലനം
(Annihilatich of Caste) പ്രസിദ്ധീകരിച്ച് ഇത്രയും വർഷമായെങ്കിലും ജാതിസമ്പ്രദായം തുടച്ച് നീക്കുക എന്നത് സാധ്യമായിട്ടില്ലായെന്ന വേദനിപ്പിക്കുന്ന യാഥാർത്ഥ്യം കൂടി മുഖ്യ വിഷയമായി ഈ കഥകളിൽ വരുന്നു .

സ്വന്തം ആഗ്രഹങ്ങൾക്കനുസരിച്ച് ജീവിക്കാൻ കഴിയാതെ പുരുഷാധിപത്യ നിയമങ്ങളിൽ പെട്ടുപോയ ഒരു കൂട്ടം സ്ത്രീകളെ ഈ പുസ്തകത്തിൽ കാണാം. അച്ഛൻ, ഭർത്താവ് ഇത്തരം പലതരം പുരുഷ ലിംഗത്തിന്റെ പ്രതീകങ്ങൾ (phalic symbols) ഇതിലുണ്ട്. സമൂഹത്തിലെ സ്ത്രീകൾ അനുഭവിക്കുന്ന അസമത്വം തുറന്നുകാട്ടുന്ന ഈ കഥകളിൽ ലിംഗരാഷ്ട്രീയത്തിന്റെ (Gender politics) പ്രത്യേകതകളും ദൃശ്യമാണ്. സ്ത്രീകൾ തന്നെ സത്രീകൾക്ക് ആശ്വാസമായി മാറുന്ന നിരവധി സന്ദർഭങ്ങളുള്ള ഈ കഥകളിൽ പരമ്പരാഗത ആഖ്യാനരീതികളിൽ നിന്നുള്ള വ്യതിചലനം കാണാം. സമൂഹം പലരീതിയിൽ തകർക്കാൻ ശ്രമിക്കുന്ന സ്ത്രീയെ അടയാളപ്പെടുത്താൻ ശ്രമിക്കുന്ന കഥകൾ ഒരു പ്രതീകമായി വർത്തിക്കുന്നു.

സമൂഹം കല്പിച്ച് വച്ചിരിക്കുന്ന നിയതമായ രീതികളെ, പ്രതീക്ഷകളെ തകർത്തു കൊണ്ട് തങ്ങളുടെ വ്യക്തിത്വം മനസ്സിലാക്കി മുന്നേറാൻ കഴിവുള്ള, കുടുംബമെന്ന സാമൂഹ്യ സ്ഥാപനത്തിൽ നടമാടുന്ന ഫാസിസ്റ്റ് രീതികളെക്കുറിച്ചും നീതിനിഷേധത്തെക്കുറിച്ചും കൃത്യമായ അവബോധമുള്ള സ്തീകളാണ് ഇതിലുള്ളത്. വളരെ ധൈര്യപൂർവ്വം സ്ത്രീകളുടെ വിചാരധാരകളെ ആവിഷ്‌ക്കരിക്കുന്ന ഈ കൃതിയെ പെണ്ണെഴുതുന്ന പെൺ ജീവിതം എന്ന് വിശേഷിപ്പിക്കാം.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi