ഗൃഹലക്ഷ്മി കഥാമത്സരത്തില് രണ്ടാം സ്ഥാനം നേടിയ കഥ

''മരിച്ച മനുഷ്യരുടെ മയ്യത്തുകൾ രണ്ട് ചേല്ക്കാണ് കുഞ്ഞോളേ…
ചിലർ സുബഹിപോലെ തണുത്ത്, ചിലർ മഗ് രിബ് പോലെ ചുവന്ന്. രണ്ടായാലും രാവിനും പകലിനുമിടയിലാണോർ. വെള്ളംകൊണ്ടും കണ്ണീരോണ്ടും കുളിപ്പിച്ച് മണ്ണിലേക്കിറക്കിവെക്കുംവരെ. മണ്ണിലാണ് വാതിൽ. പ്രാർഥിച്ചൊഴിക്കുന്ന ഉലുവാൻ മണമുള്ള വെള്ളമാണ് താക്കോൽ. നമ്മളത് കൊടുക്കുംവരെ, ഇരുലോകങ്ങൾക്കിടയിലെ വാതിലും തിരഞ്ഞ് അവർ അലഞ്ഞുനടക്കും.''
ഹാളിന്റെ വടക്കേ വരാന്തയിൽ നീണ്ട കുഷ്യനിൽ ചാഞ്ഞിരിക്കുന്ന വല്ലിമ്മയുടെ മടിയിൽ കിടക്കുകയായിരുന്നു അവൾ.
ജോ തും സാത് ഹോ തോ സഫർ ഹീ സഫർ ഹൈ ഹുസ്ൻ കാ,
ജോ തും നഹോ തു ശഹർ ഭീ ഏക് ഖാല ലഗ്താ ഹേം
ഇരിപ്പുമുറിയിൽനിന്ന് അഹമ്മദ് ഫറാസിന്റെ ഷേറുകൾ ഒഴുകിവരുന്നു. നിലത്ത് വിരിച്ച പേർഷ്യൻ കാർപ്പെറ്റിൽ ഹുക്കയ്ക്കരികിൽ സോഫയിലേക്ക് തലചായ്ച്ച് അബ്ബാജാൻ ഇരിക്കുന്നുണ്ടാകും.
നിന്നോടൊപ്പമായിരിക്കുമ്പോൾ എല്ലാ യാത്രയിലും മനോഹാരിത നിറയുന്നു, നിന്നസാന്നിധ്യത്തിൽ നഗരം മുഴുക്കെ ശൂന്യമായ് തോന്നുന്നു.
തികട്ടിവന്ന കരച്ചിലിനെ മറക്കാനെന്നവണ്ണം അവൾ അടുക്കളയിൽനിന്ന് വരുന്ന 'ഹലീം' വെന്ത മണത്തിലേക്ക് മുഖംതിരിച്ചു. ധാന്യങ്ങളും പയറുകളും ആട്ടിറച്ചിയുമൊക്കെ വെന്തുകുഴഞ്ഞിട്ടുണ്ടാകും. നെയ്യിൽ മൊരിഞ്ഞ ഉള്ളിയുടെ മേലാപ്പ് പകർന്നിരിക്കും. ഇത് സോഗിന്റെ ദിവസങ്ങളാണ്. ദുഃഖാചരണത്തിന്റെ. റസിയ ആപയും കൂട്ടരും ചെറിയ പാത്രങ്ങളിലേക്ക് ഹലീം പകരുകയാകും.
''അന്നം വിളമ്പലും കഴിക്കലും ഒരു ദുആയാണ്'' വല്ലിമ്മ അവളുടെ മുടിയിൽ വിരലോടിച്ചു.
വല്ലിമ്മയ്ക്ക് മടങ്ങിപ്പോകാൻ സമയമായിരിക്കുന്നു. എത്രപെട്ടെന്നാണ് പത്തുദിവസം മുൻപ് മാത്രം ആദ്യമായി നേരിൽക്കണ്ട ഈ സ്ത്രീയുടെ മടിത്തട്ട് തനിക്കേറ്റവും പ്രിയപ്പെട്ട ഇടമായത്!
''വല്ലിമ്മാ...'' അവൾ പാതി നിർത്തിയ വർത്തമാനത്തിലേക്ക് മടങ്ങി. ''വല്ലിമ്മാ, എന്റെ അമ്മിയുടെ മയ്യത്ത് എങ്ങനെയാ തോന്നിയത്? സുബഹിപോലെയോ മഗ് രിബ് പോലെയോ?''
വല്ലിമ്മയുടെ വിരലുകൾ ഒരുനിമിഷം നിശ്ചലമായി. സുഖത്തിലമർന്ന അവളുടെ നെറ്റിയിൽ ഒരുതുള്ളി കണ്ണുനീർ വീണു. നിഗാർ മൻസിലിൽ വന്നിറങ്ങിയതിന് ശേഷമുള്ള അവരുടെ ആദ്യത്തെ കണ്ണുനീർ.
''അവൾ സുബഹിപോലെ... മിനുസം... കുളിർമ...''
''ജഹാനാരാ ബീഗം, താങ്കൾ കണ്ണുതുറന്ന് കിനാവുകാണുകയാണോ? ഖയാലോം കീ ദുനിയാ സെ ബാഹർ ആയിയേ'' അദീബ് ഖാൻ അവളുടെ വിരലുകളിൽ മെല്ലെ തൊട്ടു. താഴെ വീഴാൻ പോയ നോട്ട്പാഡുകൾ സീറ്റിലേക്കെടുത്തുവെച്ച് അവൾ പതിഞ്ഞ ഒരു ചിരി ചിരിച്ചു. ആളുകൾ കയറുകയോ ഇറങ്ങുകയോ ചെയ്യാത്ത, ഉപേക്ഷിക്കപ്പെട്ട ഒരു സ്റ്റേഷനെ കടന്ന് പായുകയായിരുന്നു സമ്പർക്കക്രാന്തി എക്സ്പ്രസ്.
''അദീബ്, ഞാൻ വല്ലിമ്മയെ ഓർക്കുകയായിരുന്നു. കേരളത്തോടടുക്കുംതോറും അവരുടെ ഓർമ്മ നിറയുന്നു. എന്റെ അമ്മി മരിച്ച ദിവസം, 'ഇന്റെ കുട്ടിന്റെ മയ്യത്ത് ഞാൻ കുളിപ്പിക്കും' എന്നുപറഞ്ഞ് വാശിയിൽ കരിപ്പൂരിൽനിന്ന് ഡൽഹിയിലേക്കും അവിടെനിന്ന് സാകിർ നഗറിലേക്കും കാറ്റുപോലെ സഞ്ചരിച്ച് വന്നവളെപ്പറ്റി. അതൊരു വരവായിരുന്നു അദീബ്!
കഠിനവേദന തിന്നുമരിച്ച ബീഗത്തെച്ചൊല്ലിയുള്ള വേദനയോടൊപ്പംതന്നെ, മലബാറിൽനിന്ന് മകളെ അവസാനമായി കുളിപ്പിക്കാൻ വാശിയിൽ ഒരുങ്ങിവരുന്ന, അമ്മിയുടെ വർത്തമാനങ്ങളിൽ ദിനവും നിറയുന്ന കദിയുമ്മയെ കാണാനുള്ള ആകാംക്ഷയും നിഗാർമഹലിലെ അന്തേവാസികൾക്കുണ്ടായിരുന്നു. അതിനൊത്ത വരവുമായിരുന്നു വല്ലിമ്മയുടേത്. അവർ നടന്നുവന്നപ്പോൾ കാതിലകൾ കിലുങ്ങി. കുന്തിരിക്കഗന്ധം പരന്നു. ഹാളിൽ കിടത്തിയ അമ്മിയെ നോക്കാതെ അബ്ബയ്ക്കരികിലേക്കാണ് അവർ ആദ്യം ചെന്നത്.
''അസ്സലാമു അലൈക്കും''
''വ അലൈക്കുമസ്സലാം'' അബ്ബ തലതാഴ്ത്തി.
''കേരളത്തിലേക്ക് കച്ചവടത്തിനുവന്നിട്ട് പേരുകേട്ട മൊത്തവ്യാപാരിയുടെ മകളെ പ്രണയിച്ച്, അവളെയുംകൊണ്ട് രായ്ക്കുരാമാനം ഡൽഹിയിലേക്ക് വണ്ടികയറിയ ധൈര്യമൊന്നും അപ്പൊ അബ്ബയുടെ കണ്ണുകളിലുണ്ടായിരുന്നില്ല അദീബ്...
വല്ലിമ്മ അബ്ബയുടെ നെറുകയിൽ തൊട്ടു. അബ്ബ കുഞ്ഞുങ്ങളെപ്പോലെ കരഞ്ഞു. ആലംഖാനുണ്ടായ അനാഥത്വത്തിന്റെ ആഴം അപ്പോഴാണറിയുന്നതെന്നമട്ടിൽ നിഗാർമഹലിലപ്പോൾ ഏങ്ങലടികൾ ഉയർന്നു. വല്ലിമ്മ കരഞ്ഞില്ല. അബ്ബയുടെ തേങ്ങലമരുന്നതുവരെ നിശ്ചലയായി നിന്നു.
''അവളെ കാണണ്ടേ'' അബ്ബ പാതിമലയാളത്തിൽ ചോദിച്ചു.
''ഞാൻ കണ്ടുകൊള്ളാം''
വല്ലിമ്മ അമ്മിയുടെ മുഖത്തിന് മുകളിലുള്ള തുണിനീക്കി. വർഷങ്ങൾക്കുശേഷം കാണുകയാവും. അമ്മിക്ക് വയ്യെന്നറിഞ്ഞ് മാമന്മാർ വന്നുകണ്ടപ്പോഴും വയ്യാണ്ടിരുന്ന വല്ലിമ്മയ്ക്ക് വരാൻ പറ്റിയിരുന്നില്ല. വല്ലിമ്മ അമ്മിയുടെ നെറ്റിയിലും കണ്ണുകളിലും ചുംബിച്ചു. ഏതോ പ്രാർഥനയാൽ അവരുടെ ചുണ്ടുകളനങ്ങി. അമ്മിയുടെ കാലിനരികിൽ ഇരുന്ന ഞാനപ്പോൾ വിതുമ്പി. അതുകേട്ടിട്ടും വല്ലിമ്മ മുഖംതിരിച്ച് നോക്കിയില്ല.
''കുളിപ്പിക്കാനുള്ള ഒരുക്കങ്ങളെല്ലാം ചെയ്തില്ലേ? ഞാൻ പറഞ്ഞതെല്ലാം അതുപോലെ ഒരുക്കിയിട്ടില്ലേ?'' ആരോടെന്നില്ലാത്ത ആ ചോദ്യം, വിതുമ്പുന്ന സ്വരത്തിൽ ഞാനത് ഉറുദുവിലേക്ക് വിവർത്തനം ചെയ്തു.
''അമ്മീജീ... എല്ലാം തയ്യാറാണ്. എന്നാലും ദീർഘദൂരം യാത്രകഴിഞ്ഞുവരുകയല്ലേ? ക്ഷീണമകറ്റണ്ടേ?'' വല്ലിമ്മയുടെ കാലിലെ കെട്ടുനോക്കി റസിയ ആപ പറഞ്ഞു.
''വേണ്ട, അവൾ കാത്തിരിക്കുകയാണ്. കുളിപ്പിക്കുന്ന മുറിയിലേക്ക് കിടത്തിക്കോളൂ.''
വല്ലിമ്മ മേൽവസ്ത്രമൂരിവെച്ചു. അമ്മിയുടെ കഥകളിലെ വെളുത്ത തുണിയും പെങ്കുപ്പായവും തട്ടവും ചിറ്റും അരഞ്ഞാണവും താൻ ആദ്യമായി കണ്ടു. കിരീടംപോലെ മടക്കിമറിച്ചുവെച്ച തട്ടത്തിന് പുറത്തേക്ക് ഒരു പാതിവെളുത്ത മുടിയിഴ പാറിക്കിടന്നു. ധൃതിയില്ലാതെ, എന്നാൽ ഉറച്ച കാൽവെപ്പോടെ അവർ കിഴക്കേമുറിയിലേക്ക് നടന്നു. ഉമ്മയുടെ ഏറ്റവും പ്രിയപ്പെട്ട മുറി. അവിടെ എല്ലാം ഒരുക്കിവെച്ചിട്ടുണ്ട്. കുടങ്ങളിൽ നിറയെ വെള്ളം. സുഗന്ധം ചേർത്തതും അല്ലാത്തതും...
''മരിച്ചാൽ കദിയുമ്മാത്ത കുളിപ്പിക്കണം. അല്ലെങ്കി അവരൊരു തുള്ളി വെള്ളം മേത്തൊഴിച്ചാലും മതി.'' അമ്മിയുടെ നാട്ടിലെ പെണ്ണുങ്ങൾ പറയുമത്രേ. കദിയുമ്മയുടെ കൈകളിൽ സ്വർഗത്തിലേക്കുള്ള വഴിയുണ്ടെന്നും അവർക്ക് ജിന്നുകൾ പണിയാളരായ് ഉണ്ടെന്നും അന്നാട്ടുകാർ അടക്കം പറഞ്ഞിരുന്നത്രേ. സമ്പന്നതയുടെ നടുവിലായിട്ടും വല്ലിപ്പാക്ക് തൃപ്തിക്കുറവുണ്ടെന്നറിഞ്ഞിട്ടും മരിച്ച സ്ത്രീകളുടെ വിളിക്ക് കദിയുമ്മ ഉത്തരം നൽകി. രാവോ പകലോ സുബഹിയോ മഗ്രിബോ എന്നില്ലാതെ, മയ്യത്ത് വൃദ്ധയുടേതോ യുവതിയുടേതോ കുഞ്ഞുങ്ങളുടേതോ എന്നോർക്കാതെ, വരുമോ എന്ന വിളിക്കുപുറത്ത് അവർ ഇറങ്ങിപ്പുറപ്പെടാറുണ്ടത്രേ.
''ബേഠീ, അമ്മീജാൻ വിളിക്കുന്നു'' റസിയ ആപ വന്ന് വിളിച്ചപ്പോൾ ഓർമ്മകൾ മുറിഞ്ഞു.
കിഴക്കേമുറിയുടെ വാതിൽ കടന്നപ്പോൾ ആദ്യമായാണ് ആ മുറി കാണുന്നതെന്ന വിഭ്രാന്തിയുണ്ടായി. അമ്മിയെ കട്ടിലിൽ നഗ്നയാക്കി കിടത്തിയിരിക്കുന്നു. നേർത്തുവെളുത്ത തുണികൊണ്ട് മൂടിയിട്ടുണ്ട്.
''ആലം ഖാനെ വിളിക്കൂ...'' വല്ലിമ്മയുടെ ശബ്ദം.
റസിയ ആപ ഒന്ന് ശങ്കിച്ചുനിന്നിട്ട് പുറത്തേക്കിറങ്ങി. ഇതുവരെ കണ്ടിട്ടില്ലാത്ത മുഖഭാവവുമായി അബ്ബ വന്നു. അല്ലെങ്കിലും അമ്മിയുടെ രോഗത്തെപ്പറ്റി അറിഞ്ഞ ശേഷം, അമ്മി മൈറ്റി ലോർഡ് എന്ന് കളിയാക്കാറുള്ള, ആലംഖാൻ മറ്റൊരാളായി മാറിയിരുന്നല്ലോ.
''മോനേ, അവളുടെ മേൽ വീഴുന്ന ഏറ്റവും ഒടുക്കത്തെ തണ്ണീർ നിന്റെ കൈകൊണ്ടായിരിക്കണം. കഫൻപുടവയ്ക്കുമുൻപ് ഹുബ്ബിന്റെ നീർ തളിക്കാതെ ആരെയും യാത്രയാക്കരുത്.''
''വല്ലിമ്മ ചിലപ്പൊ മനുഷ്യർക്ക് തിരിയാത്തതൊക്കെ പറയും ജാൻ...'' അമ്മി പറഞ്ഞതോർത്തു. മുറിയിലപ്പോൾ ഞാൻ, അബ്ബ, വല്ലിമ്മ എന്നിവർ മാത്രം. അല്ല അമ്മിയും...
''ബിസ്മില്ലാഹി റഹ്മാനി റഹീം...'' വല്ലിമ്മ മന്ത്രിച്ചു. എന്നിട്ട് അമ്മിയുടെ ഇടതുവശത്തുനിന്ന് മുട്ടുകാൽ ഉയർത്തി അമ്മിയുടെ മുതുകിന് താങ്ങുകൊടുത്തു. വലതുകൈക്കൊണ്ട് അമ്മിയുടെ പിൻകഴുത്തിൽ പിടിച്ചു. ഇടതുകൈകൊണ്ട് വയർ അമർത്തിത്തടവി. ദിവസങ്ങളായി അന്നപാനീയങ്ങളൊഴിഞ്ഞ ആ വയറിൽനിന്ന് ഒന്നുമുണ്ടായിരുന്നില്ല പുറത്തുവരാൻ. മലർത്തിക്കിടത്തി ശീല ചുറ്റിയ കൈകൊണ്ട് പുതപ്പിച്ച തുണിക്കകത്തേക്ക് കൈയിട്ട് വല്ലിമ്മ അമ്മിയെ കഴുകി. ശീലമാറ്റിച്ചുറ്റി പല്ലുതേപ്പിച്ചു. അബ്ബ അടുത്തുതന്നെ നിന്ന് കുടത്തിൽനിന്നും കണ്ണിൽനിന്നും ജലം പകർന്നു. ഞാൻ നോക്കിനിൽക്കുകയായിരുന്നു അബോധത്തിലെന്നപോലെ.
''കുഞ്ഞോളേ...'' അപ്പോഴാണ് ജീവിതത്തിലാദ്യമായി ആ വിളി കേട്ടത്. ഒരു നിമിഷംപോലും സംശയിച്ചില്ല ആരെയാണെന്ന്.
''കുഞ്ഞോളേ, ഉമ്മയെ വുദു ചെയ്യിപ്പിക്കൂ...''
അബ്ബാ വെള്ളം ഒഴിച്ചു തന്നു. ഞാൻ അമ്മിയുടെ കൈകൾ പിടിച്ചു ജലം പകർന്നു. കാലങ്ങൾക്കുമുൻപ് ഒരു നാലു വയസ്സുകാരിയുടെ കൈകളിൽ വുദുജലം പകരുന്ന അമ്മിയെ ഓർമ്മവന്നു. ഇന്നിതാ താനത് തിരികെ ചെയ്യുന്നു. ബിസ്മില്ലാ... സുഗന്ധമുള്ള ഇലകൾ ചേർത്ത വെള്ളംകൊണ്ട് വല്ലിമ്മ അമ്മിയുടെ മുടി കഴുകി. അപരിചിതമെങ്കിലും സുഖം തോന്നുന്ന ഒരു ഗന്ധം. വല്ലിമ്മ മലബാറിൽനിന്ന് കൊണ്ടുവന്നതാണത്. ''ചരിച്ച് കിടത്തൂ'' വല്ലിമ്മയുടെ ശബ്ദം. അബ്ബ വിറയ്ക്കുന്ന കൈകളോടെ അമ്മിയെ തൊടുന്നു. സുഗന്ധജലംകൊണ്ട് പിരടി മുതൽ പാദം വരെ. വീണ്ടും വീണ്ടും...
അമ്മിക്ക് തണുക്കുന്നുണ്ടാവുമോ, ജന്മനാട്ടിൽനിന്നുള്ള സുഗന്ധം ആസ്വദിക്കുന്നുണ്ടാകുമോ, അതോ മൈറ്റി ലോർഡ് ആലംഖാൻ തന്നെ കുളിപ്പിക്കുന്നത് കണ്ട് ചിരിപൊട്ടുന്നുണ്ടാകുമോ?
''കുഞ്ഞോളേ, എന്റെ കൂടെ ഉച്ചരിക്കൂ...''
''ഫർളായ കുളിയെ ഞാൻ കുളിപ്പിക്കുന്നു...''
''ഫർളായ കുളിയെ ഞാൻ കുളിപ്പിക്കുന്നു...''
''ഫർളായ കുളിയെ ഞാൻ കുളിപ്പിക്കുന്നു...''
മൂന്നുതരം ശബ്ദങ്ങൾ... മൂന്നുതരം ഓർമ്മകൾ...
തലമുതൽ കാൽ വരെ മൂന്നുതവണ ജലസഞ്ചാരം. കർപ്പൂരം ചേർത്ത ജലംകൊണ്ട് ഒടുക്കത്തെ സ്നാനം. വല്ലിമ്മ നേർത്ത മുണ്ടുകൊണ്ട് അമ്മിയെ തോർത്തി. മുടി പിന്നിക്കെട്ടാനൊരുങ്ങി.
''ഞാൻ ചെയ്യാം...'' മുറിയിൽ അബ്ബയുടെ സ്വരം ആദ്യമായി കേട്ടു. വല്ലിമ്മയുടെ നിറം മാറിത്തുടങ്ങിയ കണ്ണുകൾ തിളങ്ങി. അബ്ബ അമ്മിയുടെ കീമോ തിന്ന് ബാക്കിയായ മുടി കോതിമെടഞ്ഞു. മൈറ്റി ലോർഡ് ആലംഖാനെക്കൊണ്ട് മുടി മെടയിപ്പിക്കുന്നവളാണ് താനെന്ന് ഇടക്കിടെ പറയുമ്പോൾ അമ്മിയുടെ കണ്ണുകളിൽ പ്രണയം നിറയാറുള്ളതോർത്തു.
''കുഞ്ഞോളേ, നമസ്കാരക്കുപ്പായം എടുക്കൂ...'' വെളുത്ത് ഊദ് പുകപ്പിച്ച അമ്മിയുടെ നമസ്കാരക്കുപ്പായം...
''ജാൻ നിനക്കറിയോ, നമസ്കാരക്കുപ്പായവുമെടുത്ത് ഒളിച്ചോടിപ്പോന്നവളാണ് നിന്റെ അമ്മി...'' അബ്ബ, ഇടക്കിടെ അമ്മിയെ കളിയാക്കും. ആ നമസ്കാരക്കുപ്പായത്തിന്റെ എത്രാമത്തെ കോപ്പിയാണിത്!
സുബഹിക്ക് അമ്മി മരിച്ച വിവരം പറയാൻ ആലുങ്ങൽ പുരയിലേക്ക് ഫോൺ വിളിച്ചപ്പോ വല്ലിമ്മ രണ്ടു കാര്യം നിർബന്ധപൂർവം പറഞ്ഞത്രെ. ഒന്ന്, താനാണവളുടെ മയ്യത്ത് കുളിപ്പിക്കുന്നത്, രണ്ട്, താൻ വരുമ്പോഴേക്കും ജഹനാരയോട് അമ്മിയുടെ നമസ്കാരക്കുപ്പായം കഴുകിയുണക്കാൻ പറയണം. വേറാരും വേണ്ട, അവൾത്തന്നെയത് ചെയ്യണം.
''ഉടനെയോ?'' റസിയ ആപയോട് ചോദിച്ചു. അമ്മിയെ ആശുപത്രിയിൽനിന്ന് കൊണ്ടുവരുന്നേയുള്ളൂ. തനിക്കപ്പോൾ കരച്ചിലുകളുണ്ടായിരുന്നില്ല. അമ്മിയുടെ അവസാനത്തെ ടെസ്റ്റ് റിസൽറ്റ് അബ്ബ അടുത്തിരുത്തി പറഞ്ഞപ്പോൾ തുടങ്ങിയ മരവിപ്പാണ്. പിന്നെയുള്ള കുറച്ചുദിവസങ്ങളെക്കുറിച്ചുള്ള ഓർമ്മയിൽ അമ്മിയുടെ വേദനനിറഞ്ഞ കരച്ചിൽ മാത്രമേ ഉള്ളൂ.
''ബേഠീ... നിന്റെ വല്ലിമ്മ ആജ്ഞ നടത്തിയെടുക്കാൻ കഴിവുള്ള സ്ത്രീയാണെന്നറിയില്ലേ?''
നേരം പുലർന്നിരുന്നില്ല. വിശാലമായ കുളിമുറിയിൽ പ്രവേശിച്ചപ്പോൾ റസിയ ആപ ചോദിച്ചു. ''ഞാൻ കൂട്ടുനിൽക്കണോ കുഞ്ഞേ? നീ തന്നെ ചെയ്യണമെന്ന് അവർ വാശിപറഞ്ഞിട്ടാണ്. അല്ലെങ്കിൽ ഞാൻ തന്നെ...'' അവരുടെ സ്വരമിടറി.
''വേണ്ട ആപ. ഞാൻ ചെയ്യാം. പൊയ്ക്കോളൂ...'' താൻ വാതിലടച്ചു. വീട്ടുജോലിക്കാരും ഇടയ്ക്ക് അമ്മിയും മാത്രം ഉപയോഗിക്കുന്ന കുളിമുറിയാണ്. താനിവിടെ കയറിയിട്ട് എത്രയോ ആയി. നടുവിലാണ് അലക്കുകല്ല്. അമ്മി പ്രത്യേകം പറഞ്ഞ് പണിയിച്ചതാണത്രെ, 'മലബാരി ഗുസൽ ഖാന' എന്ന് റസിയ ആപ കളിയാക്കിപ്പറയും.
ബക്കറ്റിൽനിന്ന് നമസ്കാരക്കുപ്പായം പുറത്തെടുത്തു. വാശിക്കാരിയാണ് വല്ലിമ്മ. പറഞ്ഞാൽ പറഞ്ഞത്. അമ്മി പറയാറുള്ള കഥകളോർത്തു. ആലുങ്ങൽ കുടുംബത്തിലെ രാജാത്തിയാണ് ഓർ. വല്ലിപ്പ മരിച്ചിട്ട് അബ്ബയും അമ്മിയും പോയപ്പോൾ ഞാൻ പോയിരുന്നില്ല. അതുകൊണ്ട് ആളെയിതുവരെ കണ്ടിട്ടില്ല.
അമ്മിയുടെ നമസ്കാരക്കുപ്പായം നിവർത്തിയപ്പോൾ പരിചിതമായ ആ ഗന്ധമുയർന്നു. അബ്ബ പ്രത്യേകം വരുത്തിച്ചുകൊടുക്കുന്ന 'മസ്കെ കാബ' യുടെ ഗന്ധം. അമ്മിയുടെ ഗന്ധം. ഞാനത് മുഖത്തോട് ചേർത്തു. അമ്മിയുടെ നമസ്കാരക്കുപ്പായത്തിൽ മുഖം ചേർത്തുകിടന്ന പതിനേഴ് വർഷങ്ങൾ തീർന്നുപോയിരിക്കുന്നു. ഇനിയീ ഗന്ധത്തിന് ആവർത്തനങ്ങളില്ല. ഒരു തുള്ളി കണ്ണീർ നമസ്കാരക്കുപ്പായത്തിൽ വീണു. മരവിച്ച ദിനങ്ങൾക്കുശേഷം താൻ കരയുകയാണ്. അകം പൊട്ടിയ കരച്ചിൽ.
''റബ്ബുൽ ആലമീനായ തമ്പുരാന്റെ എല്ലാ പടപ്പുകളും കരയും. മലായിക്കത്തുകളൊഴികെ. ജിന്നും ഇൻസും ഹയവാനാത്തും കരയും. നൊമ്പരം വന്നാൽ നമ്മള് കരയണം. കരച്ചിലോളം വല്യ മരുന്ന് ഇല്ല. നിനക്കറിയോ... പണ്ടുപണ്ട് മിസ്റിൽ ഒരു രാജകുമാരിയുണ്ടായിരുന്നു... കരയാനറിയാത്ത രാജകുമാരി...''
വല്ലിമ്മ പറഞ്ഞു കൊടുത്തതാണെന്നും പറഞ്ഞ് അമ്മി കഥ പറയുകയാണ്. എന്തിനോ കരഞ്ഞുകൊണ്ടിരിക്കുന്ന തന്നെ സമാധാനിപ്പിക്കാൻ...
''ബേഠീ...'' റസിയ ആപ ആവലാതിയോടെ വാതിലിൽ മുട്ടുന്നു.
''ഇതാ തീർന്നു ആപ...''
പുറത്തിറങ്ങിയപ്പോൾ വെളിച്ചം പരന്നിരിക്കുന്നു. അഗാധമായ ഒരു സമാധാനം ആത്മാവിലാകെ നിറഞ്ഞിരുന്നു അപ്പോൾ.
ആ നമസ്കാരക്കുപ്പായമാണിത്. അമ്മിയെ ഉടുപ്പിച്ചത്. എനിക്കപ്പോൾ നേർത്തൊരാനന്ദം തോന്നി. സമാധാനവും. വല്ലിമ്മയപ്പോൾ ആദ്യമായി എന്നെ നോക്കി പുഞ്ചിരിച്ചു. എന്റെ ഉള്ളറിഞ്ഞിട്ടെന്നപോലെ. അവർക്ക് ശരിക്കും ജിന്നുകൾ അടിയാളരായിട്ടുണ്ടാകുമോ?
വെളുത്ത കഫൻ പുടവ കൊണ്ടുവരപ്പെട്ടു. ഉലുവാൻ പുകപ്പിച്ച പഞ്ഞി എല്ലാ ദ്വാരങ്ങളിലും വെച്ചു. സുഗന്ധത്താൽ സീലു വെക്കപ്പെട്ട ശരീരം കഫൻ പുടവയിൽ. ഒന്ന് രണ്ട് മൂന്ന്... മൂന്ന് കെട്ട്. മുറിയാകെ പരിമളം, അനിർവചനീയമായത്.
''കുഞ്ഞോളേ, വരൂ, കുളിച്ച് മയ്യത്ത് നമസ്കരിക്കാം...'' എന്റെ കൈയിൽ തണുത്ത ഒരു സ്പർശം. അന്ന് പിടിച്ച ആ പിടിത്തം, പത്തുദിവസം കഴിഞ്ഞ് മലബാറിലേക്ക് മടങ്ങിയപ്പോഴാണവർ വിട്ടത്. കഥകളുടെ കാലമായിരുന്നു അത്. മിക്കതും മരിച്ചവരുടെ കഥകൾ, കുളിപ്പിക്കുന്നതിനിടെ മയ്യത്തുകൾ വല്ലിമ്മയോടു പറഞ്ഞ കഥകൾ...
അദീബ്, ആ പത്തുദിവസങ്ങളുടെ ധൈര്യത്തിലാണ് ഞാൻ പിന്നെ ജീവിച്ചത്, ആ ഒരു ധൈര്യമാണ് ഏറ്റവും നീറുന്ന ഒരു നൊമ്പരവും പേറി എന്നെ കേരളത്തിലേക്ക് വണ്ടി കയറ്റുന്നത്.''
അവളുടെ ശബ്ദത്തിന് ഉപ്പിന്റെ രുചിയാണെന്ന് അദീബിന് തോന്നി. കരയാത്ത ആ കണ്ണുകളിലേക്ക് അയാൾ ഭയപ്പാടോടെ നോക്കി. ആറുവർഷത്തെ തിരച്ചിലിനുശേഷം, അമർ അദീബ്ഖാനായുള്ള തിരച്ചിലുകൾ അവസാനിപ്പിക്കുകയാണെന്ന വാർത്തകൾ വന്ന ദിവസമായിരുന്നു അത്. ജഹനാരയുടെ പ്രതികരണമെന്തായിരിക്കുമെന്ന ഭയത്തോടെയാണ് നിഗാർ മൻസിലിൽ ചെന്നത്. മോനെച്ചൊല്ലിയുള്ള വേദനകളെക്കാൾ, കാത്തുകാത്തിരിക്കുന്ന അവളുടെ കണ്ണുകളാണ് പലപ്പോഴും അയാളെ കുഴക്കിയിരുന്നത്.
ചെന്നപ്പോൾ അവൾ അകംവരാന്തയിൽ ചാർപായയിൽ ഇരിക്കുന്നുണ്ട്.
'''അദീബ്, നീയറിഞ്ഞില്ലേ?''
''ഉം''
ഭയപ്പെടുത്തുന്ന ശാന്തത.
''നമുക്ക് ഉടനെ കേരളത്തിലേക്ക് പോകണം അദീബ്, ആലുങ്ങൽപുരയിലേക്ക്.''
എന്തിനെന്ന് ചോദിച്ചില്ല. പറയണമെന്ന് കരുതിയിട്ടില്ലെങ്കിൽ ആ ചോദ്യത്തിൽ കാര്യമില്ല.
''കേരളത്തിൽനിന്ന് വന്നതാണ് അവളുടെ വാശി'' അബ്ബജാൻ ഇടയ്ക്ക് അവളെ ചൊടിപ്പിക്കാൻപറയും.
അദീബ് തിരൂരിലേക്ക് ടിക്കറ്റെടുത്തു. ആറുവർഷം നീണ്ട തിരച്ചിലുകളും നിയമയുദ്ധങ്ങളുമാണ്. ഒരു കലുഷിതരാത്രിയിൽ ഹോസ്റ്റൽമുറിയിൽനിന്ന് ആരോ വിളിച്ചിറക്കിക്കൊണ്ടുപോയവനെ തിരഞ്ഞുള്ള അലച്ചിൽ, ഭയം, വേദന...
സിതാരോം സെ ആഗേ, ജഹാൻ ഓർ ഭീ ഹേൻ,
അഭീ, ഇഷ്ക് കേ ഇംതിഹാൻ ഓർ ഭീ ഹേൻ
രാത്രികളിൽ, അവളും അദീബും അമർ പാടുന്നത് കേട്ടു, നിഗാർ മൻസിലിന്റെ മുറികളിൽ, നീളൻവരാന്തകളിൽ, ഉറക്കമറ്റ് നടന്നു. പ്രതീക്ഷയുടെ ഒടുക്കത്തെ നാളവും അണഞ്ഞുപോയിരുന്നു. അല്ലെങ്കിലും അദീബിന്റെയുള്ളിൽ എന്നോ അത് കെട്ടുപോയിരുന്നല്ലോ, കേരളമെങ്കിൽ കേരളം, അമറില്ലാത്ത എല്ലായിടവും മൃതഭൂമിയാണ് അയാൾക്ക്.
അവനെ കാണാതായതിന്റെ ആദ്യദിനങ്ങളിലായിരുന്നു വല്ലിമ്മയുടെ മരണം. രണ്ടാളും പോയില്ല. ജഹനാരതന്നെ മയ്യത്ത് കുളിപ്പിക്കണമെന്ന അവരുടെ വസ്വിയ്യത്തും നടന്നില്ല.
കുറച്ചുമാസങ്ങൾ കഴിഞ്ഞപ്പോൾ ആലുങ്ങൽപുരയിൽനിന്ന് വിളി വന്നു. ജഹനാരയ്ക്ക് നീക്കിവയ്ക്കപ്പെട്ട സ്വത്തുവകകളുടെ പട്ടികയുമായി.
''വേറൊന്നുകൂടിയുണ്ട്'' മാമീജി അവളോട് പറഞ്ഞു.
''കുഞ്ഞോൾക്കുതന്നെ തരണമെന്ന് നിർബന്ധം പറഞ്ഞത്, വല്ലിമ്മയുടെ നോട്ടുപുസ്തകം''
''അതിലെന്താ''
''വേറെന്താകാനാ, മരിച്ചവരെ കുളിപ്പിക്കേണ്ടതെങ്ങനെയെന്ന് പറയുന്ന പുസ്തകം. മൂപ്പത്തിയുടെ സ്വന്തം കയ്യെഴുത്താ. നിനക്കിത് വേണ്ടിവരും എന്നും പറഞ്ഞു.''
അവൾ ചിരിച്ചു. ''വരാം മാമീജീ, അമർ വന്നിട്ട് അവനെയും കൂട്ടി വരാം. എന്റെ കുഞ്ഞിന് വല്ലാത്ത ആഗ്രഹമാണ് മലബാറിൽ വരാൻ''
''ആയ്ക്കോട്ടെ, അവനെയും കൂട്ടിവരൂ, പക്ഷേ, ഇത് വായിക്കണമെങ്കിലേ കുഞ്ഞോൾ അറബിമലയാളം പഠിക്കേണ്ടിവരും.''
''നല്ല കഥ, മലയാളംതന്നെ എഴുതാനും വായിക്കാനും അറിഞ്ഞൂട, എന്നിട്ടാ!'' ആ യാത്ര ഒരിക്കലും നടന്നില്ല. അമർ വന്നതേയില്ല. ഇന്നിതാ അവനില്ലാതെ ഒരു യാത്ര.
''നമുക്ക് ഫ്ളൈറ്റിൽ പോകാം ബീഗം...'' അദീബ് പറഞ്ഞുനോക്കിയതാണ്.
''വേണ്ട, ട്രെയിൻ മതി. അവിടെയെത്തുംമുൻപ് എനിക്ക് കുറച്ചുദിവസം സ്വന്തമായി വേണം.''
ഹസ്റത്ത് നിസാമുദ്ദീൻ സ്റ്റേഷനിൽനിന്ന് ട്രെയിൻ കയറിയ ഉടനെ ജഹനാര രണ്ട് നോട്ട്പാഡുകൾ പുറത്തെടുത്തു. അതിലൊന്ന് അമറിന്റെ മലബാറി ഫ്രണ്ട് സ്റ്റേഷനിലെത്തിച്ചുതന്നതാണ്. അദീബ് കൗതുകത്തോടെ അതെടുത്ത് തുറന്നു. അറബി അക്ഷരങ്ങളാണ്, എന്നാൽ, പൂർണമായും അറബി അക്ഷരങ്ങളുമല്ല.
''ഇതാണ് അറബിമലയാളം,'' ജഹനാര പറഞ്ഞു.
എന്നിട്ട് തന്റെ നോട്ട്പാഡെടുത്ത് എഴുതിത്തുടങ്ങി. ആദ്യമൊക്കെ അദീബിന് തമാശ തോന്നി. പിന്നപ്പിന്നെ അയാളുടെ ചിരി വറ്റി. ജഹനാര ആ രണ്ടുദിവസവും മറ്റൊന്നും ചെയ്തില്ല. അല്പംമാത്രം ഉറങ്ങി, അല്പംമാത്രം ആഹാരം കഴിച്ചു. ഇടയ്ക്ക് ദിവാസ്വപ്നങ്ങളിൽ മുഴുകി. നോട്ട്പാഡ് മുഴുവൻ പരിചിതമെങ്കിലും അയാൾക്ക് വായിക്കാനാകാത്ത ആ അക്ഷരങ്ങൾ നിറഞ്ഞു
''അദീബ്, അറബിമലയാളത്തിൽ കുഞ്ഞോളേ എന്നെങ്ങനെ എഴുതാമെന്ന് അറിയുമോ?''
അവൾ എഴുതിക്കാണിച്ച അക്ഷരങ്ങളിലേക്ക് അദീബ് നോക്കി. അയാളുടെ കണ്ണുകൾ ജലാർദ്രമായി.
''ബീഗം, വരൂ, അല്പനേരം എന്റെ മടിയിൽ കിടക്കൂ'' ജഹനാര അയാളുടെ മടിയിൽ മുഖം വെച്ചു.
രാത് ഭർ കാ ഹേ മെഹ്മാൻ അന്ദേരാ, കിസ്കെ രോകേ രുകാഹേ സവേരാ...
അയാൾ അവളുടെ ചെവിയിൽ പതിയെ മന്ത്രിച്ചു.
ഇരുട്ട് രാത്രിയിലെ ഒരു അതിഥിമാത്രമാണ്; പുലരിയുണരുന്നത് ആർക്കാണ് തടയാൻകഴിയുക?
പുലർച്ചെ അഞ്ചുകഴിഞ്ഞ് തിരൂർ സ്റ്റേഷനിലെത്തിയപ്പോൾ. വല്ലിമ്മയുടെ ഛായയുള്ള ഒരു യുവതി കാറുമായി നിന്നിരുന്നു. ആലുങ്ങൽപുരയിലേക്കുള്ള യാത്രയിൽ ആരും ഒന്നും മിണ്ടിയില്ല. ആലുങ്ങൽപുരയിലുള്ളവർക്കും അവരെ എങ്ങനെ നേരിടണമെന്ന് നിശ്ചയമില്ലായിരുന്നെന്ന് വ്യക്തം. വാക്കുകൾ മുറിഞ്ഞു. ആവർത്തിക്കുന്ന സലാമുകളുടെ ഉള്ളിൽ മൗനം വിറങ്ങലിച്ചു.
''അദീബേ, കുഞ്ഞോളേ, അല്പം വിശ്രമിച്ചോളൂ. ദീർഘയാത്ര കഴിഞ്ഞ് വന്നതല്ലേ?''
ജഹനാര, ചായക്കോപ്പ താഴെ വെച്ചു.
''വിശ്രമിക്കാം, അതിനുമുൻപ് എനിക്ക് വല്ലിമ്മയുടെ നോട്ടുപുസ്തകം കാണിച്ചുതരാമോ?''
ആരും എതിരുപറഞ്ഞില്ല. കുഞ്ഞ് മരിച്ച ഉമ്മയുടെ ഹൃദയത്തെക്കാൾ കനമുണ്ട്, കുഞ്ഞിനെ തിരഞ്ഞുതിരഞ്ഞ് നടക്കേണ്ടിവന്നവളുടെ ഹൃദയത്തിന്, എതിർക്കാനാവാത്ത മൂർച്ചയാണ് അവളുടെ ശബ്ദത്തിന്.
വല്ലിമ്മയുടെ മുറിയിൽ ഇളംമഞ്ഞനിറത്തിലുള്ള ജനൽവിരികളുണ്ടായിരുന്നു. വീതികുറഞ്ഞ കട്ടിലിനരികിൽ മരത്തിന്റെ മേശ. മാമീജി വലിപ്പ് തുറന്ന് ആ നോട്ടുപുസ്തകം പുറത്തെടുത്ത് അവൾക്ക് നൽകി പുറത്തേക്ക് നടന്നു.
എന്തുചെയ്യണമെന്നറിയാതെ അദീബ് ആ കട്ടിലിൽ ഇരുന്നു. അയാൾക്ക് ഉറങ്ങണമെന്ന് തോന്നി. യുഗങ്ങളോളം ഉണരാതെ ഉറങ്ങണമെന്ന്...
''മരിച്ചവരെ കുളിപ്പിക്കേണ്ട വിധം - പലേ കിതാബിൽനിന്നും സ്വന്തം അനുഭവത്തിൽനിന്നും എഴുതിയെടുത്തത്''
ജഹനാര ആദ്യപേജിലെ അറബിമലയാള അക്ഷരങ്ങൾ പെറുക്കിപ്പെറുക്കി വായിച്ചു.
താൻ അന്വേഷിച്ചുവന്നത് ഈ പുസ്തകത്തിലുണ്ടാകുമോ എന്ന ആശങ്ക ഒരുനിമിഷംപോലും കയറിവന്നില്ല. ഇല്ലാതെവിടെപ്പോകാൻ! ജിന്നുകൾ പണിയാളുകളായുള്ള തന്റെ പ്രിയപ്പെട്ട സ്ത്രീയുടെ അക്ഷരങ്ങളിൽ തനിക്ക് ശമനമാർഗമുണ്ടാകില്ലേ? ഈ ലോകത്തിൽ ജലദാഹിയായി അലയുന്ന തന്റെ കുഞ്ഞിനുള്ള മറുലോകത്തിലേക്കുള്ള വാതിൽ ഇതിൽ തെളിയുകില്ലേ? അവനായുള്ള അന്വേഷണം അവസാനിപ്പിച്ചെന്ന് വാർത്ത വന്ന ദിവസം ജഹനാര അദീബിനെ കാത്തുനിൽക്കുമ്പോഴാണ് ആ ഫോൺകോൾ വന്നത്
''ദീദീ'', തണുത്ത ഒരു സ്വരം.
''ഇനിയും പറയാതിരിക്കാൻ വയ്യ, ദീദീ... അമർ... അമർ... അവനെ തിരയണ്ട. കിട്ടില്ല, അപ്രകാരമാണ് ഞങ്ങളവനെ... പൊറുക്കൂ...''
ഫോൺ കട്ടായി.
അദീബ് വരുമ്പോഴേക്കും അവൾ ഈ തീരുമാനമെടുത്തിരുന്നു.
അവൾ അരിക് നുരുമ്പാൻതുടങ്ങിയ പേജുകൾ മെല്ലെ മറിച്ചു.
മയ്യത്ത് കുളിപ്പിക്കേണ്ടവർ ആരൊക്കെ?
മയ്യത്തിനുവേണ്ട വെള്ളത്തിന്റെ പാകം
മയ്യത്തിനുവേണ്ട ഉലുവാനിന്റെ അളവ്
മയ്യത്തിനെ തൊടുന്ന വിധം
അങ്ങനെയങ്ങനെ, പേജുകൾ തീരുന്നു. അവളുടെ ഹൃദയത്തിൽ വേദനയുടെ ഗസൽ അതിന്റെ ഉച്ചസ്ഥായിയിലേക്ക് കടന്നു. അമറും അദീബും അബ്ബയും പാടുന്നു. അമ്മിയും വല്ലിമ്മയും പാടുന്നു. ഇന്നുവരെ കേട്ട എല്ലാ വേദനയുടെ ഈണങ്ങളും അവളുടെ ഉള്ളിൽ വന്ന് പെയ്യുന്നു.
ശ്വാസം പിടഞ്ഞ് അവൾ ആ താൾ മറിച്ചു. വിറയ്ക്കുന്ന ചുണ്ടോടെ വിരൽ ചേർത്ത് ആ തലക്കെട്ട് വായിച്ചു.
''ദേഹമില്ലാത്തവരെ അവസാനമായ് കുളിപ്പിക്കുന്ന വിധം''
അവളുടെ കയ്യിലിരുന്ന് ആ അറബിമലയാളാക്ഷരങ്ങൾ വിറച്ചു.
Content Highlights: Exploration of the sacred ritual of bathing the deceased in Malabar culture., The intersection of personal grief and ancestral traditions., The significance of Arabi-Malayalam in preserving identity and heritage., A narrative journey from Delhi to Kerala, bridging loss and memory.
Published: 22 May 2026, 08:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented