കടുംമഞ്ഞ നിറത്തിലുള്ള സാരിയും കറുത്ത ബ്ലൗസും  ഉടുത്ത്  നിലക്കണ്ണാടിക്ക് മുന്നില്‍ നിന്നപ്പോള്‍ തന്റെ ഉടലാകെ മഞ്ഞനിറമായതായി താരയ്ക്ക് തോന്നി. അവള്‍ നെറ്റിയില്‍ ചുവന്ന പൊട്ട് തൊട്ട് പുറത്തേക്കിറങ്ങി. മുറ്റത്ത് ചന്ദ്രദാസ് കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു.

To advertise here,

'ഇന്നും മഞ്ഞ സാരിയാണോ....?'  അയാള്‍ ഒരു പുഞ്ചിരിയോടെ  ചോദിച്ചു.അവളപ്പോള്‍ അയാളുടെ നെറ്റിക്ക് മീതേ വെളുത്ത് തുടങ്ങിയ മുടിച്ചുരുളുകളിലേക്ക്  നോക്കി. അവളുടെ മുഖം ഇരുണ്ടു, ചെമ്പിച്ച നിറത്തിലുള്ള കൃഷ്ണമണികള്‍ കീഴ്‌പ്പോട്ട് നോക്കി,തടിച്ച മേല്‍ച്ചുണ്ട് വിറച്ചു.

'മഞ്ഞ നിറം നിങ്ങള്‍ക്ക് ഇഷ്ടാണോ..?'

' നീയല്ലേ ഉടുക്കുന്നത്, നിന്റെ ഇഷ്ടമാണ് നോക്കണ്ടത്..ലേറ്റ് ആക്കണ്ട വാ.. 'അയാള്‍ പറഞ്ഞു.

താര കാറിലേക്ക് കയറി. 

'ഇപ്പോള്‍ തന്നെ സമയം വൈകി' കാറില്‍ കയറുമ്പോള്‍ അയാള്‍ പറഞ്ഞു.

' നേരത്തെ എത്തിയിട്ടെന്തിനാ...?  'അവള്‍ പിറുപിറുത്തു.  അയാളത് കേള്‍ക്കാത്ത ഭാവത്തില്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്തു. താര കണ്ണുകള്‍ അടച്ച് സീറ്റിലേക്ക് ചാഞ്ഞു. 

' അമ്മയോട് സര്‍ജറിയുടെ കാര്യം നീ പറയണം... ' അയാള്‍ പറഞ്ഞു. താര മൂളി.

'അമ്മയ്ക്ക് ചെറിയ പേടി കാണും. അത് കൂട്ടാക്കേണ്ട  നമുക്കിത് എത്രയും പെട്ടെന്ന് നടത്തണം.. ' ഡ്രൈവിങ്ങിനിടയില്‍ അയാള്‍ കാറിലെ മ്യൂസിക് പ്ലെയര്‍  ഓണ്‍ ചെയ്തു. താര നിസ്സംഗതയോടെ പുറത്തെ വെയിലിലേക്ക് നോക്കിയിരുന്നു.

' നിനക്ക് പേടിയുണ്ടോ...?' അയാള്‍ ചോദിച്ചു. താര ഒന്നും മിണ്ടിയില്ല. 

കാര്‍ ബീച്ച് റോഡിലേക്ക്  തിരിഞ്ഞപ്പോള്‍ താരയുടെ ഉള്ള് പിടഞ്ഞു. നാല് ദിവസങ്ങള്‍ക്കു മുന്‍പ് ആ ചെറുപ്പക്കാരനെ കണ്ടത് ഇവിടെയാണ്.ആ ചെറുപ്പക്കാരന്‍, ആ പെണ്‍കുട്ടി, മഞ്ഞപ്പല്ലുകള്‍... താരയ്ക്ക് ആ ദിവസത്തിലെ സംഭവങ്ങള്‍ ഓരോന്നായി ഓര്‍മ വന്നു.

ഗര്‍ഭപാത്രം നീക്കം ചെയ്‌തേ തീരൂ എന്ന് ഡോക്ടര്‍ ഉറപ്പിച്ചു പറഞ്ഞത് അന്നായിരുന്നു. ഗര്‍ഭപാത്രത്തിലെ മുഴ താരയെ അലട്ടാന്‍ തുടങ്ങിയിട്ട് മാസങ്ങളായിരുന്നു. ഒടുവില്‍ ഗര്‍ഭപാത്രം തന്നെ നീക്കം ചെയ്യണമെന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ അവള്‍ക്ക് വല്ലാത്ത ആശ്വാസം തോന്നി. ചന്ദ്രദാസ് അന്ന് വല്ലാത്ത വിഷമത്തിലായിരുന്നു. തിരിച്ച് വരുമ്പോള്‍ അയാള്‍ ഒന്നും മിണ്ടിയില്ല  താരയ്ക്ക് ബോറടിച്ചു. അതുകൊണ്ടാണ് ബീച്ച് കണ്ടപ്പോള്‍ അയാളോട് ഇവിടെ നിര്‍ത്താമോ എന്ന് ചോദിച്ചത്.

വെയിലിന്റെ ചൂട് മാറി തുടങ്ങിയ പൂഴിമണലിലൂടെ താര ഒറ്റയ്ക്ക് നടന്നു, ചന്ദ്രദാസ് ഏതോ പരിചയക്കാരനോട് സംസാരിച്ചു നില്‍ക്കുകയായിരുന്നു. കടലിലിറങ്ങി കളിക്കുന്ന കുഞ്ഞുകുട്ടികളെ കണ്ടപ്പോള്‍ താരയ്ക്ക് പേടിയും വിഷമവും കലര്‍ന്ന  പരിഭ്രാന്തി ഉണ്ടായി. അത്തരം കാഴ്ചകളില്‍ നിന്നും നോട്ടം മാറ്റി ദുപ്പട്ടയുടെ ഷാള്‍ തല വഴി പുതച്ചു മുന്നോട്ട് നടക്കുമ്പോഴാണ് അവരെ കണ്ടത്. കൈകോര്‍ത്തു നടന്നു വരുന്ന  ചെറുപ്പക്കാരനും പെണ്‍കുട്ടിയും. കറുത്ത ടീ ഷര്‍ട്ട് ധരിച്ച ചെറുപ്പക്കാരന്‍ പെണ്‍കുട്ടിയുടെ ഏതോ തമാശയ്ക്ക് ചിരിച്ചുകൊണ്ട് മറുപടി പറയുമ്പോഴാണ് താര  ശ്രദ്ധിച്ചത്, അയാളുടെ താഴത്തെ നിര മുഴുവന്‍ മഞ്ഞപ്പല്ലുകളാണെന്ന്.അതുറപ്പാക്കാന്‍ വേണ്ടിയാണ് ചെറുപ്പക്കാരന് മുന്നിലേക്ക് ഓടിച്ചെന്ന് കൈകള്‍ വിടര്‍ത്തി തടസ്സം സൃഷ്ടിച്ചത്.

അപരിചിതയായ ഒരു സ്ത്രീ,  നെറുകയില്‍ സിന്ദൂരവും താലിമാലയും അണിഞ്ഞ ഒരുവള്‍ മുന്നില്‍ വന്ന് പല്ല് കാണിച്ച് ചിരിക്കാമോ എന്ന് യാതൊരു മുഖവുരയും കൂടാതെ ചോദിച്ചപ്പോള്‍ അവന്‍ പകച്ചു കാണണം. ചിലപ്പോള്‍ ഭ്രാന്തിയായി കണക്കാക്കി കാണും, ഒരു നിമിഷത്തെ അമ്പരപ്പിന് ശേഷം അവന്റെ കൂടെയുണ്ടായ പെണ്‍കുട്ടി താരയെ ഗൗനിക്കാതെ ചെറുപ്പക്കാരന്റെ കൈ പിടിച്ച് മുന്നോട്ടേക്ക് നടന്നു. അവന്‍ പക്ഷേ, നടത്തത്തിനിടയിലും താരയെ തിരിഞ്ഞു നോക്കി. താര അവര്‍ക്ക് പിന്നാലെ ഓടി, അവരുടെ മുന്നിലെത്തി അണച്ചുകൊണ്ട് ചോദ്യം ആവര്‍ത്തിച്ചു.

' ഒന്ന് ചിരിക്കോ...? ' 

' നിങ്ങള്‍ക്ക് ഭ്രാന്താണോ..? ' ആ പെണ്‍കുട്ടി അപ്പോള്‍ രോഷത്തോടെ ശബ്ദമുയര്‍ത്തി.   ചെറുപ്പക്കാരന്റെ കൈ പിടിച്ച് മുന്നോട്ട് വലിക്കാന്‍ തുടങ്ങി. പക്ഷേ താര അവരെ തടഞ്ഞു. പെണ്‍കുട്ടി അവളെ തള്ളിമാറ്റി. ചെറുപ്പക്കാരന്‍ പിടിക്കാന്‍ ശ്രമിക്കുമ്പോഴേക്കും താര മണലിലേക്ക് വീണു.

പിടഞ്ഞെഴുന്നേല്‍ക്കുമ്പോള്‍ ചന്ദ്രദാസ് ഓടി വരുന്നത് കണ്ടു. അപ്പോഴേക്കും അവര്‍ നടന്ന് നീങ്ങിയിരുന്നു.

'എന്താടോ..?' ചന്ദ്രദാസ് അവളുടെ ദേഹത്ത് പറ്റിയ പൂഴിത്തരികള്‍ തട്ടിക്കൊണ്ട് ചോദിച്ചു. ആരൊക്കെയോ തങ്ങളെ നോക്കി നില്‍ക്കുന്നത് താര കണ്ടു.

'ആ പയ്യനെ കണ്ടോ...?' താര ചോദിച്ചു.

'ഏത് പയ്യന്‍...? ' 

' ഇവിടെ ഇപ്പോള്‍ ഒരു പയ്യനുണ്ടായിരുന്നു. അവന്റെ പല്ലുകളുടെ താഴത്തെ നിര മുഴുവന്‍ മഞ്ഞനിറമാണ്... അരുണന്റെ പല്ലുകള്‍ പോലെ... '  താര പറഞ്ഞു.

'നമുക്ക് പോവാം...' കൂടുതലൊന്നും ചോദിക്കാതെ അയാള്‍ അവളെയും കൂട്ടി കാറിനടുത്തേക്ക് നടന്നു. കാറില്‍ കയറുമ്പോഴും അവള്‍ അരുണന്റെ പേര് പിറുപിറുത്തു. അയാള്‍ ഒന്നും മിണ്ടിയില്ല. 

അന്ന് വീട്ടിലെത്തിയതിനു ശേഷമാണ് താര മഞ്ഞ നിറമുള്ള വസ്ത്രങ്ങള്‍ മാത്രം ഉപയോഗിച്ച് തുടങ്ങിയത്. ചന്ദ്രദാസ് അതേക്കുറിച്ച് ചോദിച്ചപ്പോള്‍ മഞ്ഞ അരുണന്റെ ഇഷ്ടനിറമാണ് എന്ന് അവള്‍ പറഞ്ഞു.

'ബീച്ചിലിറങ്ങുന്നോ...? ' കാറിന്റെ സ്പീഡ് കുറച്ചുകൊണ്ട് അയാള്‍ ചോദിച്ചപ്പോള്‍ അവള്‍ ഓര്‍മകളില്‍ നിന്നും ഉണര്‍ന്നു. അവള്‍ വേണ്ടെന്ന് തലയാട്ടും മുന്‍പേ അയാള്‍ കാര്‍ അങ്ങോട്ടേക്ക് തിരിച്ചു.  ആദ്യം ഇറങ്ങിയത് താരയാണ്. വെയിലില്‍ തിരമാലകള്‍ തിളങ്ങുന്നുണ്ടായിരുന്നു. മണലിലേക്ക് അടിക്കുന്ന തിരകളുടെ ശബ്ദം. അവള്‍ കാറില്‍ ചാരി നിന്നുകൊണ്ട് കടലിലേക്ക് നോക്കി. ചന്ദ്രദാസ് അവളുടെ അടുത്ത് വന്ന് നിന്നു.

'ഈ അരുണന്‍ നിന്റെ അമ്മാവന്റെ മകനല്ലേ...?' പൊടുന്നനെ അയാള്‍ ചോദിച്ചു.

കൂറ്റനൊരു തിരമാല മറ്റ് തിരമാലകളെ വിഴുങ്ങി. അപ്രതീക്ഷിതമായി കുതിച്ചെത്തിയ ആ തിരമാലയുടെ വരവ് കണ്ട് കടലില്‍ കളിക്കുന്ന കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഞെട്ടി, പലരും മണലിലേക്ക് തിരിച്ചോടി. താരയ്ക്ക് തന്റെ മുന്നിലാകെ ഇരുട്ട് പടര്‍ന്നതായി തോന്നി.

'എനിക്കറിയാം അവനെ..' അയാള്‍ പറഞ്ഞു. താര ഞെട്ടി.

' എങ്ങനെ...?' 

'കല്യാണം കഴിഞ്ഞ ഇടയ്ക്ക് വിരുന്നിനു പോയപ്പോള്‍ ഒരിക്കല്‍ നിന്റെ അച്ഛന്‍ പറഞ്ഞിട്ടുണ്ട്. ആ പയ്യന് ലഹരി ഉപയോഗം ഉണ്ടായിരുന്നെന്നും, പെട്ടെന്നൊരിക്കല്‍ ആരോടും പറയാതെ നിന്റെ അമ്മാവന്‍ അവനെയും കൂട്ടി നാട് വിട്ട് പോയതാണെന്നുമൊക്കെ, പിന്നീടിതുവരെ അവരെക്കുറിച്ചൊരു വിവരവുമില്ലെന്നും...'

താന്‍ കേള്‍ക്കുന്നത് സത്യമാണോ നുണയാണോ എന്ന് തിരിച്ചറിയാനാകാതെ താര കുഴങ്ങി.  അവള്‍ക്ക് അച്ഛനോട് വെറുപ്പ് തോന്നി.

' ആരും കാര്യമായിട്ട് അന്വേഷിച്ചില്ല എന്ന് അച്ഛന്‍ പറഞ്ഞിരുന്നു. നീയും അവനും വലിയ കൂട്ടായിരുന്നെന്നും നിനക്ക് അവന്‍ അനിയനെ പോലെയായിരുന്നെന്നുമൊക്കെ അച്ഛന്‍ പറഞ്ഞു. അവന്റെ ഒളിച്ചോട്ടം നിനക്ക് വിഷമമായെന്നും അതേക്കുറിച്ചൊന്നും ചോദിക്കണ്ടാന്നും നിന്റെ അച്ഛന്‍ പറഞ്ഞതോണ്ടാ ഞാനിത് വരെ... ' പറഞ്ഞത് പൂര്‍ത്തിയാക്കാതെ  അയാള്‍ മുന്നോട്ട് നടന്നു.

തന്റെ കാലുകള്‍  അരയ്ക്ക് താഴെ നിന്നും അടര്‍ന്ന് പൂഴിയിലേക്ക് വീഴുന്നതായി തോന്നി താരയ്ക്ക്. ശരീരം വേച്ചു പോകുന്നത് പോലെ.... അവള്‍ കാറിന്റെ ഡോര്‍ തുറന്നു.

' അതെന്താ... പോവ്വാണോ..? '

' വയ്യ, ക്ഷീണം.. ' എങ്ങിനെയൊക്കെയോ പറഞ്ഞൊപ്പിച്ചു.

' ഇന്ന്. ഇന്ന് ഇനി അമ്മയെ കാണാന്‍ പോവണ്ട.. ' താര പറഞ്ഞു. ചന്ദ്രദാസ് മറുത്തൊന്നും ചോദിച്ചില്ല.

വീട്ടിലേക്ക് എത്തിയതും താര നേരെ കുളിമുറിയിലേക്ക് ഓടി. ഷവറിന് താഴെ ഒരുപാട് നേരം നിന്നു. കുളിച്ച് ഇറങ്ങിയപ്പോള്‍ ചന്ദ്രദാസ് മുറിയിലുണ്ടായിരുന്നു.

'ചപ്പാത്തിയും കറിയും ഞാന്‍ ഉണ്ടാക്കി.. നീ റസ്റ്റ് എടുത്തോ... ' അയാള്‍ ചിരിച്ചു. താരയ്ക്കപ്പോള്‍ അയാളോട് വാത്സല്യം തോന്നി.

'എനിക്ക് കുറച്ച് ആന്‍സര്‍ ഷീറ്റുകള്‍ നോക്കാനുണ്ട്.' അയാള്‍ മേശപ്പുറത്തിരുന്ന ചുവന്ന പേനയും എടുത്ത് പുറത്തേക്ക് പോയി.

ചന്ദ്രദാസിന്റെ പുസ്തക അലമാരിയോട് ചേര്‍ന്നിട്ട കസേരയില്‍ താര ഇരുന്നു. നനഞ്ഞ മുടി കസേരയ്ക്ക് പുറത്തൂടെ വിടര്‍ത്തിയിട്ടു. കറുത്ത ടൈലില്‍ മുടിയിലെ വെള്ളം വീണു.  

 അലമാരയുടെ ചില്ലില്‍ താരയുടെ പ്രതിബിംബം തെളിഞ്ഞു. ഇട്ടിരിക്കുന്ന നീല നൈറ്റിയില്‍ എവിടെയെങ്കിലും മഞ്ഞ നിറം പടര്‍ന്നിട്ടുണ്ടോ എന്ന് അവള്‍ ഉറ്റുനോക്കി. കടുംപച്ച ചട്ടയുള്ള ചന്ദ്രദാസിന്റെ ഡയറി ചില്ലുകള്‍ക്കിടയില്‍ കണ്ടു. അലമാര തുറന്ന് അതെടുത്ത് പൊടി തട്ടിക്കളയുമ്പോള്‍ 1991 എന്ന് അക്കങ്ങള്‍ തെളിഞ്ഞു. തുറന്ന ഡയറിയിലേക്ക് കണ്ണുകള്‍ ആര്‍ത്തിയോടെ പാഞ്ഞു.

' ഇന്നലെ എനിക്ക് പതിനഞ്ചാം പിറന്നാള്‍, ഒരാഴ്ച്ച മുന്‍പാണ് ആ സ്ത്രീ എന്റെയും അച്ഛന്റെയും ജീവിതത്തില്‍ നിന്നും ഇറങ്ങി പോയത്, ഇന്ന് മറ്റാരേക്കാളും ഞാന്‍ വെറുക്കുന്നു അവരെ. അച്ഛനോട് ഇന്നും ഞാന്‍ ചോദിച്ചു അച്ഛന് അവരെ കൊന്നു കളഞ്ഞൂടായിരുന്നോ എന്ന്... 'അയാളെഴുതിയ ആദ്യത്തെ ഡയറി. ഒരിക്കല്‍ അയാളത് അവളെ കാണിച്ചിട്ടുമുണ്ട്. അമ്മ കാമുകന്റെ കൂടെ ഇറങ്ങി പോയതില്‍ രോഷം കൊള്ളുന്ന കൗമാരക്കാരന്റെ മനസ്സ്.

താര ഡയറിയുടെ പേജുകള്‍ മറിച്ചു. ശൂന്യമായ കുറേ പേജുകള്‍ക്ക് ശേഷം വീണ്ടുമൊരു കുറിപ്പ്, ഡയറിയില്‍ അച്ചടിച്ച തീയതിക്ക് താഴെ ചുവപ്പ് മഷികൊണ്ട് മറ്റൊരു തീയ്യതി കുറിച്ചിട്ടിരിക്കുന്നു. 2001 ജൂണ്‍ 8

' അച്ഛന്‍ മരിച്ചു... പത്തു വര്‍ഷങ്ങള്‍ക്ക് മുന്‍പേ മരിച്ച ആ മനുഷ്യനെ ഇന്ന് ചിത കവര്‍ന്നു... '

അതിന് ശേഷമുള്ള ചുരുക്കം കുറിപ്പുകള്‍ ഒന്നോ രണ്ടോ വരികളില്‍ ഒതുങ്ങുന്നവ. ജോലി കിട്ടിയത്, പുതിയ വീടെടുത്തത്, ചുരുക്കം ചില ബന്ധുക്കള്‍ വീട് സന്ദര്‍ശിച്ചത്.. എല്ലാം പല വര്‍ഷങ്ങളില്‍ പല തീയതികളില്‍, ഏകപത്‌നീ വ്രതം പോലെ അനേകമനേകം വര്‍ഷങ്ങളുടെ ഓര്‍മ്മകള്‍ ഒരൊറ്റ ഡയറിയില്‍.

അടുത്ത കുറിപ്പ് പച്ചമഷിയിലായിരുന്നു.

2005 ഏപ്രില്‍ 28.

'താര.. അതാണ് പേര്, മിനിഞ്ഞാന്നായിരുന്നു വിവാഹം. ഒരു പാവം പെണ്‍കുട്ടി, ഡിഗ്രി പൂര്‍ത്തിയാക്കിയിട്ടില്ല.. സംസാരവും കുറവ്, പക്ഷെ സ്‌നേഹിക്കാന്‍ അറിയാം, നേര്‍ത്ത ഒരു പുഞ്ചിരിയില്‍ അത് പ്രകടിപ്പിക്കാനും...ജീവിക്കാന്‍ ആര്‍ത്തി തോന്നി തുടങ്ങിയിരിക്കുന്നു... ' നെഞ്ചിലൊരു അണ പൊട്ടിയത് പോലെ താരയ്ക്ക് തോന്നി.

ഡയറിയുടെ തുടര്‍പേജുകള്‍ അവള്‍ ഭ്രാന്തമായി മറിച്ചു നോക്കി. അച്ചടിച്ച ഡേറ്റുകളല്ലാതെ മറ്റൊന്നും അതില്‍ ഉണ്ടായിരുന്നില്ല.

പിന്നീടെന്തൊക്കെ നടന്നു? എന്തുകൊണ്ട് ഒന്നും എഴുതിയില്ല? അവള്‍ സ്വയം പിറുപിറുത്തു. കല്യാണം കഴിഞ്ഞ് കുട്ടികളുണ്ടാവാന്‍ വൈകിയപ്പോള്‍ കുഴപ്പം എനിക്കാണെന്ന് ഡോക്ടര്‍ പറഞ്ഞത്, എന്നെ ഒഴിവാക്കാന്‍ ഞാന്‍ യാചിച്ചത്, ചുറ്റുമുള്ളവരുടെ കുത്തുവാക്കുകള്‍ നിരന്തരം കേട്ടത്,  കോളേജും വീടുമല്ലാതെ പുറംലോകത്തെ പൂര്‍ണമായി അകറ്റിയത്,നാല് മാസം മുന്‍പ് നാല്‍പ്പത്തിയഞ്ചാം പിറന്നാളിന്  കേക്ക് കട്ട് ചെയ്ത് കൂട്ടുകാരന്റെ ചെറിയ കുട്ടിക്ക് നേരെ നീട്ടിക്കൊണ്ട് പൊട്ടിക്കരഞ്ഞത്,പിന്നീടുള്ള ദിവസങ്ങളില്‍ തങ്ങള്‍ക്കിടയില്‍ മൂകത മാത്രം നിറഞ്ഞ് നിന്നത്, എനിക്ക് വയറ് വേദന സഹിക്കാതെയായത്, ഒരാഴ്ച്ച മുന്‍പ് എന്റെ ഗര്‍ഭപാത്രത്തില്‍ മുഴയാണെന്ന് ഡോക്ടര്‍ പറഞ്ഞത്.... ഇതൊന്നും  നിങ്ങള്‍ക്ക് എവിടെയും എഴുതിവയ്ക്കേണ്ടേ എന്ന് ചോദിക്കാന്‍ തോന്നി താരയ്ക്ക്. ഡയറി കയ്യില്‍ പിടിച്ചു നില്‍ക്കുമ്പോള്‍ അവള്‍ക്ക് പൊട്ടിക്കരയാന്‍ തോന്നി. കരയുമ്പോള്‍ അവള്‍ക്ക് ചുമ വരും. നിര്‍ത്താതെ ചുമയ്ക്കും, അപ്പോഴൊക്കെ അരുണന്‍ കളിയാക്കുമായിരുന്നു.

അമ്മാവന്റെ കൂടെ സൈനിക ക്യാമ്പില്‍ കൂടെയുണ്ടായിരുന്ന ഗുജറാത്തു സ്വദേശിയുടെ മകന്‍. അതിര്‍ത്തിയിലെ വെടിവയ്പ്പില്‍ അയാള്‍ കൊല്ലപ്പെട്ടതിന്റെ നാലാം വര്‍ഷം ഭാര്യ ആത്മഹത്യ ചെയ്തു.അയാള്‍ കൊല്ലപ്പെടുമ്പോള്‍ ഭാര്യ ഗര്‍ഭിണിയായിരുന്നു. പ്രണയ വിവാഹം, വീട്ടുകാരുടെ എതിര്‍പ്പ്, ഒരേയൊരു മകന്‍. രണ്ട് പേരുടെയും മരണവിവരം അറിഞ്ഞിട്ടും  ബന്ധുക്കള്‍ കുട്ടിയെ ഏറ്റെടുക്കാന്‍ വന്നില്ല. മൂന്ന് വയസ്സുള്ള കുഞ്ഞിനെ ഗവണ്മെന്റ് ഏറ്റെടുക്കാന്‍ തീരുമാനിച്ചു. പക്ഷേ, അമ്മാവന്‍ അവനെ ദത്തെടുക്കാന്‍ അനുവാദം തേടി, നിയമപരമായി അതിന് അനുവാദം കിട്ടി. യാതൊരു മുന്നറിയിപ്പുമില്ലാതെ അമ്മാവന്‍ ഒരു ദിവസം അവനെയും കൊണ്ട് വീട്ടിലേക്ക് വരികയായിരുന്നു. അമ്മാമയും അച്ഛനും അമ്മയുമൊക്കെ ഞെട്ടിപ്പോയി. ഇനിയൊരിക്കലും ഞാന്‍ കല്യാണം കഴിക്കില്ല എന്നും ഇവന് വേണ്ടി ജീവിക്കുമെന്നും അമ്മാവന്‍ പ്രഖ്യാപിക്കുമ്പോഴും ആ ഏഴുവയസ്സുകാരി നോക്കിയത്, ചുരുണ്ട മുടിയും, വെളുത്ത് തുടുത്ത മുഖവുമുള്ള ആ കുഞ്ഞ് കുട്ടിയെയായിരുന്നു.വീട്ടില്‍ അതിനെ തുടര്‍ന്നുണ്ടായ കോലാഹലങ്ങളും അമ്മയുടെ എതിര്‍പ്പും, അമ്മാവന്‍ ജോലി രാജിവച്ചതും... ഒന്നിന്റെയും ഗൗരവം അവള്‍ക്കറിയില്ലായിരുന്നു.

അവന്റെ അച്ഛന്‍ ഇട്ട പേര് തിരുത്താനോ മാറ്റി വിളിക്കാനോ അമ്മാവന്‍ തയ്യാറായില്ല. അമ്മാമയും അച്ഛനും അവനെ അംഗമായി കൂട്ടിയപ്പോഴും അമ്മ ഇടഞ്ഞു നിന്നതും അവള്‍ സാരമാക്കിയില്ല. തനിക്കൊരു അനിയനുണ്ടെന്നും തനിക്കൊരു ചേച്ചിയുണ്ടെന്നും അവര്‍ പരസ്പരം വീമ്പു പറഞ്ഞു.

ഒരിക്കല്‍ അമ്മേയെന്ന് വിളിച്ചതിന് അമ്മ അവനെ വഴക്ക് പറഞ്ഞു. ആദ്യം മുതല്‍ക്കേ തന്നെ അമ്മയ്ക്ക് അവനോട് വലിയ അടുപ്പമോ സ്വന്തമെന്ന് കരുതാനോ കഴിഞ്ഞിട്ടില്ല.

'ചേച്ചി അമ്മേയെന്ന് വിളിക്കുന്നത് കേള്‍ക്കുമ്പോള്‍ എനിക്കും വിളിക്കാന്‍ കൊതി തോന്നി.'  അവനങ്ങനെ പറഞ്ഞപ്പോഴാണ് ഇനി നീയെന്നെ ചേച്ചിയമ്മ എന്ന് വിളിച്ചാ മതിയെന്ന് അവള്‍ പറഞ്ഞത്.അവള്‍ക്ക് അവനോടുള്ള വാത്സല്യം അളവറ്റതായിരുന്നു. കടല്‍ പോലെ, പുഴ പോലെ നിലയ്ക്കാതെ ഒഴുകുന്ന വാത്സല്യം.

' നിന്റെ പേര് ഉള്ള ഒരു കഥ ഇന്ന് മാഷ് ക്ലാസ്സില് പറഞ്ഞു.. ' സ്‌കൂള്‍ വിട്ട് വന്ന ഒരു വൈകുന്നേരം അമ്മാവന്റെ കൃഷിതോട്ടത്തിലൂടെ നടക്കുമ്പോള്‍ അവള്‍ പറഞ്ഞു. 

'എന്റെ കഥയോ... ' അവന്റെ കണ്ണുകളിലെ ആശ്ചര്യം കണ്ട് അവള്‍ ചിരിച്ചു.

' നിന്റെ കഥയല്ല, നിന്റെ അതേ പേരുള്ള ഒരു പാമ്പിന്‍മുട്ടയുടെ കഥ.. '

' ചേച്ചിയമ്മയ്ക്ക് പ്രാന്താ '

' ഞാന്‍ കഥ പറയാം, നീ കേള്‍ക്ക്.. ' കഥ കേള്‍ക്കാന്‍ അവന്‍ അവളുടെ അടുത്ത് ക്ഷമയോടെ ഇരുന്നു.

' മഹാഭാരതം അമ്മാമ വായിക്കുന്നത് നീ കേട്ടിട്ടില്ലേ , ആ കഥയിലെ രണ്ട് പെണ്‍പാമ്പുകളായിരുന്നു വിനതയും കദ്രുവും. അവരുടെ ഭര്‍ത്താവ് കശ്യപന്‍ അവര്‍ക്ക് രണ്ട് മക്കളുണ്ടാവാനുള്ള വരം കൊടുത്തു. കദ്രുവിന്റെ ആഗ്രഹം ആയിരം പാമ്പുകളെ പ്രസവിക്കണമെന്നായിരുന്നു, പക്ഷേ വിനത പറഞ്ഞത് കദ്രുവിന്റെ ആയിരം മക്കളെക്കാള്‍ ശക്തരായ രണ്ടു മക്കള്‍ മതിയെന്നും. '

' എന്നിട്ട്...? ' അവന്റെ കണ്ണുകള്‍ കഥയിലേക്ക് വിടരുന്നത് അവള്‍ കൗതുകത്തോടെ നോക്കി.

' കദ്രു മുട്ടയിട്ടു ആയിരം പാമ്പിന്‍ കുഞ്ഞുങ്ങള്‍ വിരിഞ്ഞു. വിനതയുടെ മുട്ട വിരിഞ്ഞില്ല, ദേഷ്യം വന്ന വിനത അതിലൊരു മുട്ട കുത്തിപ്പൊട്ടിച്ചു. ആ മുട്ടയില്‍ നിന്ന് ഇഴഞ്ഞു പുറത്ത് വന്ന കുഞ്ഞാ അരുണന്‍. '

' അയ്യോ, എന്നിട്ട് ആ പാമ്പിന്‍ കുഞ്ഞിന് ഒന്നും പറ്റിയില്ലേ..? ' അവന്റെ കവിളുകള്‍ കൂടുതല്‍ തുടുത്തു.

' ഇല്ല, മുട്ട താനേ വിരിയുന്നതിനു മുന്‍പല്ലേ പൊട്ടിയത്.. അതുകൊണ്ട് അവന്‍ ജീവിച്ചില്ല... '

' ഞാന്‍ ജനിക്കും മുന്‍പ് എന്റെ അച്ഛനെ അവര് വെടിവച്ചു കൊന്നത് പോലെ, അല്ലേ..' അവന്റെ ചോദ്യം കേട്ട് അവള്‍ പകച്ചു. അമ്മാവന്‍ തന്നെയാണ് അവന് തിരിച്ചറിവ് വന്നതിനു ശേഷം അവന്റെ കഥകള്‍ പറഞ്ഞു കൊടുത്തത്. പക്ഷേ ആദ്യമായിട്ടായിരുന്നു അവന്‍ അവന്റെ ജന്മത്തെ കുറിച്ച് ആവലാതിപ്പെട്ടതെന്ന് അവള്‍ ഓര്‍ത്തു.

' ഹാ ഇതാണ് അരുണന്റെ കഥ, ഇനി നിനക്ക് ഞാന്‍ ഒരു ജോലി തരട്ടെ..? ' അവനെ കൂടുതല്‍ ചിന്തിച്ചു വിഷമിക്കാതിരിക്കാന്‍ വേണ്ടി അവള്‍ പറഞ്ഞു. ' ഇത് പോലെ എന്റെ പേരില് എന്തേലും കഥയുണ്ടോന്ന് നീ കണ്ടുപിടിക്കണം... ' അവന്റെ മുഖം തെളിഞ്ഞു. 

അതിനു ഒരാഴ്ച്ചയ്ക്ക് ശേഷമാണു താരയുടെ കഥ കിട്ടിയെന്ന് പറഞ്ഞുകൊണ്ട് അവന്‍ ഓടി വന്നത്. കേള്‍ക്കട്ടെ എന്ന് അവള് പറഞ്ഞതും കൈകള്‍ രണ്ടും എളിയില്‍ കുത്തി പ്രായത്തിനു ചേരാത്ത ഗൗരവം മുഖത്ത് വരുത്തി നിന്ന അവനെ കണ്ടപ്പോള്‍ അവള്‍ ചിരിച്ചുപോയി.അവന് പറയാനുണ്ടായിരുന്നത് രാമായണത്തിലെ താരയുടെ കഥയായിരുന്നു. തന്റെ ഭര്‍ത്താവിനെ വധിച്ചയാളുടെ കൂടെ ജീവിതം പങ്കിട്ട വികല മനസ്സുള്ള ഒരുവളായി ആ താരയെ അവന്‍ അവള്‍ക്ക് മുന്നില്‍ വരഞ്ഞിട്ടു. ദേഹമാകെ ചളി പടരുന്നത് പോലെയാണവള്‍ക്ക് തോന്നിയത്.

' ഇങ്ങനൊന്നുമല്ല ആ താരയുടെ കഥ.. ' അവള്‍ എതിര്‍ത്തു.

' ഇങ്ങനെ തന്നെയാ.... ഞാന്‍ അമ്മമ്മയോട് ചോദിച്ചു. വേറൊരു താരയുടെ കഥയും അമ്മാമ പറഞ്ഞു തന്നു '

' ഏത് താര.. ' രാമായണത്തിലെ താരയെ മാത്രമേ തനിക്കറിയൂ എന്ന അര്‍ത്ഥത്തില്‍ അവളുടെ നെറ്റി ചുളിഞ്ഞു.

' ദേവന്മാരുടെ ഗുരു ബ്രിഹസ്പതിയുടെ ഭാര്യ, ആ താരയും ചീത്തയാ, ചന്ദ്ര ഭഗവാനോട് ഇഷ്ട്ടം തോന്നീട്ട് അവര്‍ അയാളുടെ കൂടെ ഇറങ്ങിപ്പോയി, ബൃഹസ്പതിയും ചന്ദ്രദേവനും കൂടെ വഴക്കായി, എന്നിട്ട് ചന്ദ്രദേവന്‍ അവളെ ഭര്‍ത്താവിന്റെ കൂടെ തിരിച്ചയച്ചു...' അവന്‍ ആവേശത്തിലായിരുന്നു.

' മതി, ഇനി പറയണ്ട.. ' അവനോട് ദേഷ്യപ്പെടുമ്പോള്‍ അവളോര്‍ത്തത് പുരാണങ്ങള്‍ എത്ര വികലമായാണ് സ്ത്രീകളെ അവതരിപ്പിച്ചിരിക്കുന്നത് എന്നായിരുന്നു.

' ചേച്ചിയമ്മയും ഈ താരമാരെ പോലെ  ഭര്‍ത്താവിനെ പറ്റിക്കല്ലേ... അയാള് കൊല്ലും.. ' അവനത് പറഞ്ഞപ്പോള്‍ അവള്‍ മറുപടിയൊന്നും പറയാതെ സ്വയം കലഹിച്ചു കൊണ്ട് അവന്റെ മുന്നില്‍ നിന്ന് മാറുകയാണ് ചെയ്തത്.

ചന്ദ്രദാസിന്റെ ഡയറി തിരികെ അലമാരിയില്‍ വയ്ക്കുമ്പോള്‍ മാര്‍ക്ക്വസിന്റെ പുസ്തകമാണ് മുന്‍നിരയില്‍ കണ്ടത്.ചന്ദ്രദാസിന്റെ ഇഷ്ട എഴുത്തുകാരില്‍ പ്രഥമന്‍. മഞ്ഞനിറമുള്ള റോസപ്പൂക്കളെ ഒരുപാടിഷ്ട്ടമായിരുന്നു അയാള്‍ക്കെന്ന് മുന്‍പൊരിക്കല്‍ ചന്ദ്രദാസ് പറഞ്ഞത് അവളോര്‍ത്തു. മഞ്ഞ നിറം അരുണന് പ്രാണനായിരുന്നു. മഞ്ഞപ്പല്ലുകള്‍ ഉള്ളത്‌കൊണ്ടാണോ മഞ്ഞ ഇഷ്ടം എന്ന് ചോദിച്ച് അവളവനെ കളിയാക്കും,അവന്റെ വസ്ത്രങ്ങളില്‍ കൂടുതലും മഞ്ഞ നിറമുള്ളതായിരുന്നു. ആ ഇഷ്ടംകൊണ്ടാണ്, അമ്മാവന്റെ കൂടെ ബോംബെയില്‍ പോയി മടങ്ങുമ്പോള്‍ കോളേജില്‍ പോയി തുടങ്ങിയിരുന്ന അവള്‍ക്കായി മഞ്ഞനിറമുള്ള സാരി അവന്‍ കരുതിയത്.

വരയ്ക്കാന്‍ അവന് ഇഷ്ടമായിരുന്നു.അമ്മാമ പറഞ്ഞു കൊടുക്കുന്ന  പുരാണ കഥകളില്‍ തനിക്കിഷ്ടപ്പെട്ട ഭാഗം ചിത്രമാക്കാന്‍ അവന് വല്ലാത്ത ആവേശമായിരുന്നു. ആ ആവേശത്തോടെയാണ് ഒരു ദിവസം അവന്‍ മുറിയിലേക്ക് ഓടി വന്നതും. കൃഷ്ണനെ മുലയൂട്ടുന്ന പൂതനയെ വരയ്ക്കണമെന്ന ആഗ്രഹത്തോടെ.

മുലയൂട്ടുന്നത് ഞാനിത് വരെ കണ്ടിട്ടില്ലല്ലോ ചേച്ചിയമ്മേ എന്നായിരുന്നു അവന്റെ വ്യസനം. പഠിച്ചു കൊണ്ടിരുന്ന പുസ്തകം അടച്ചു വച്ച് അവള്‍ ചിരിച്ചു. അവളിലെ മാതൃവാത്സല്യം ഉണര്‍ന്നു.

' നിനക്ക് മൂലയൂട്ടുന്നത് കാണണോ.. ' ചിരിച്ചുകൊണ്ട് അവള്‍ ചോദിച്ചു. തന്നെ കളിയാക്കുകയാണെന്നാണവന്‍ കരുതിയത്. അതുകൊണ്ടുതന്നെ നിഷേധാര്‍ത്ഥത്തില്‍ അവന്‍ തലയാട്ടിയപ്പോള്‍ ചുരിദാര്‍ ടോപ്പിനുള്ളില്‍ നിന്നും വലത്തേ മുലയെടുത്തു പുറത്തിട്ട് കൊണ്ട് അവള്‍ പറഞ്ഞു.

' ദേ, ഇത് നോക്കി വരച്ചോ... 'പവിത്രമായ ഒന്നെന്ന പോലെ അവന്റെ കണ്ണുകള്‍ അവളുടെ മുലക്കണ്ണിലേക്ക് ഉറ്റുനോക്കി. യാതൊരു സങ്കോചവുമില്ലാതെ  തുറന്ന് വച്ച മുലയോടെ അവന്‍ വരയ്ക്കുന്ന ചിത്രത്തിനടുത്തേക്ക് നടക്കുമ്പോഴാണ് അച്ഛന്റെ ശബ്ദം മുഴങ്ങിയത് .

' തന്തയില്ലാത്തവനേ... ' താരയ്ക്ക് മുന്‍പില്‍ പെന്‍സിലും കൊണ്ട് നിന്ന അരുണന്റെ കവിളിലായിരുന്നു അച്ഛന്റെ ആദ്യപ്രഹരം. രൂക്ഷമായ അച്ഛന്റെ നോട്ടം തന്റെ മാറിടത്തില്‍ പതിച്ചപ്പോള്‍ വിറയ്ക്കുന്ന കൈകളോട് ചുരിദാര്‍ ടോപ് നേരെയാക്കി കൊണ്ട് അവള്‍ അച്ഛനടുത്തേക്കോടി.

' അച്ഛന്‍ വിചാരിക്കുന്നത് പോലൊന്നും... '

' മിണ്ടരുത് നീ... ' അച്ഛന്റെ മറ്റൊരു മുഖത്തെയാണ് അവളന്ന് കണ്ടത്. തല താഴ്ത്തി നിന്ന അരുണനെ പുറത്തേക്ക് തള്ളിയത് അച്ഛനായിരുന്നു. അവര്‍ മുറിക്ക് പുറത്തേക്ക് കടന്നതും കിടക്കയിലേക്ക് വീണ് നെഞ്ചു കലങ്ങും വിധം പൊട്ടിക്കരയുമ്പോള്‍ ചെയ്ത തെറ്റെന്താണെന്ന് അവള്‍ സ്വയം ചോദിച്ചു കൊണ്ടിരുന്നു.

സത്യങ്ങള്‍ പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ രൂക്ഷമായ നോട്ടത്തോടെ അച്ഛന്‍ അവളെ നേരിട്ടു. അച്ഛനും അവള്‍ക്കും അരുണനും മാത്രമറിയുന്ന രഹസ്യമായിട്ടും  അര്‍ബുദം പോലെ അവരുടെ മനസ്സിലെ ഓരോ കോശങ്ങളിലും അത് വിട്ടുമാറാന്‍ മടിച്ചു നിന്നു. ചേച്ചിയമ്മേ എന്ന വിളി എന്നെന്നേക്കുമായി അകലുകയായിരുന്നു, ദിവസങ്ങള്‍ പിന്നിട്ടിട്ടും അരുണന്‍ അവളെ കാണാന്‍ വന്നില്ല,അച്ഛനെ ഭയന്ന് അങ്ങോട്ടേക്ക് പോകാന്‍ അവളും മടിച്ചു.

പഠിപ്പിലും സംസാരത്തിലും  ഉത്സാഹം കുറഞ്ഞു വരുന്നുവെന്ന സംശയം അമ്മയാണ് പറഞ്ഞത്, കല്യാണം ആലോചിക്കാന്‍ സമയമായി എന്ന അച്ഛന്റെ മറുപടി കേട്ടപ്പോള്‍ അച്ഛന്‍  ഏത് രീതിയിലാണ്  തന്നെയിപ്പോള്‍ കാണുന്നതെന്ന തിരിച്ചറിവ് അവളെ ഉലച്ചു കളഞ്ഞു.

ചന്ദ്രദാസിന്റെ ശബ്ദം കേട്ടപ്പോള്‍ താര മുറിയില്‍ നിന്നും പുറത്തേക്കിറങ്ങി, അയാളാരോടോ മൊബൈലില്‍ സംസാരിക്കുകയാണ്. അയാളാദ്യമായി ജീവിതത്തിലേക്ക് കടന്നു വന്ന ദിവസം അവളോര്‍ത്തു.

ബന്ധുക്കളാരുമില്ലാത്ത സല്‍സ്വഭാവിയായ നിയമ അധ്യാപകനെ അവള്‍ക്ക് വേണ്ടി കണ്ടെത്തിയത് അച്ഛന്‍ തന്നെയാണ്. ഇഷ്ടപ്പെട്ടോ എന്നുള്ള അച്ഛന്റെ പരുഷമായ ചോദ്യത്തിന് മുന്നില്‍ അവള്‍ തലയാട്ടി.അതിന്റെ പിറ്റേന്നാണ് അരുണന്‍ അവളെ കണ്ടത്, അവസാനമായി.

' അച്ഛനും ഞാനും ബോംബെയില്‍ പോവാണ്... ഇനി നാട്ടിലേക്കില്ല, അവിടെ പഠിക്കണം, എന്തെങ്കിലും ജോലി നോക്കണം..'  അത്രയും പറഞ്ഞ് അന്ന് മുറ്റത്ത് നിന്ന് അരുണന്‍ ഇറങ്ങി പോയപ്പോള്‍, അവന്റെ മഞ്ഞപ്പല്ലുകള്‍ ഇനിയൊരിക്കലും കാണാനാകില്ലല്ലോ എന്ന വേദന അവളില്‍ പടര്‍ന്നിരുന്നു. 

താര വരാന്തയിലേക്കിറങ്ങി .ചന്ദ്രദാസ് വാര്‍ത്ത ചാനലിനു മുന്നിലായിരുന്നു. അയാളെ കണ്ടപ്പോള്‍ അവള്‍ക്ക് ബാലിയെ ഓര്‍മ വന്നു, സുഗ്രീവനെയും ബൃഹസ്പതിയെയും ചന്ദ്രദേവനെയും ഓര്‍ത്തു.

ടി.വിയില്‍  രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധത്തിന്റെ അതിഭീകര കാഴ്ച്ചകളുടെ വിവരണം ആവേശത്തോടെ വായിക്കുന്ന അവതാരികയുടെ ശബ്ദം കേട്ടു നില്‍ക്കുമ്പോള്‍ ആകാശത്തെ നക്ഷത്രങ്ങളുടെ കൂട്ടത്തിലെ ഒരു ചുവന്ന നക്ഷത്രം തെന്നി ദൂരേക്ക് മാറുന്നതും, പതിയെ പതിയെ പറക്കുന്നതും അവള്‍ കണ്ടു. ചുവന്ന നക്ഷത്രം പറക്കുന്നത് കണ്ടാല്‍ ഉടനെയൊരു മരണവാര്‍ത്ത കേള്‍ക്കുമെന്ന്  അരുണന്‍ പറഞ്ഞതോര്‍മിച്ചുകൊണ്ട് അവളങ്ങനെ നിന്നു.