"ധൈര്യമുണ്ടേൽ ഇങ്ങനെ പെണ്ണുങ്ങള് വായിക്കണ തുക്കട പേപ്പറിൽ അല്ല അടിച്ചു വിടേണ്ടത്. തെളിവുണ്ടേൽ അവൻമാര് ആണുങ്ങള് വായിക്കണ പത്രത്തിൽ കൊടുക്കട്ടെ. ഇവൻ്റെയൊക്കെ ഉദ്ദേശം കുടുംബം പൂട്ടിക്കലാ" – കമലാകൾട്ട്

To advertise here,

കാലഘട്ടത്തിൽ വന്ന മാറ്റങ്ങളെ, ടെക്നോളജിയുടെ അതിപ്രസരം മനുഷ്യജീവിതത്തെ ഏതെല്ലാം തരത്തിൽ മാറ്റിയിരിക്കുന്നു എന്നതിനെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട് ആർദ്രാ കെ.എസ് ൻ്റെ 'കമലാകൾട്ട്' എന്ന പുസ്തകം. അനുപമമായ ശൈലിയും എഴുത്തു രീതിയിലെ മികവും പുതുസങ്കേതങ്ങൾ പരീക്ഷിച്ച് വിജയിപ്പിക്കാനുള്ള കഴിവും ഈ എഴുത്തുകാരിയുടെ പ്രത്യേകതകളാണ്. പരുത്തിക്കാട് എന്ന ഭൂമികയിലൂടെ സമകാലിക ജീവിതപ്രശ്നങ്ങളിലേക്കും പെൺമനസ്സിൻ്റെ ആഴങ്ങളിലേക്കും കടന്നു ചെല്ലുന്നത് ഈ പുസ്തകത്തെ വ്യത്യസ്തമാക്കുന്നു.

ഒരു കുറ്റാന്വേഷണ കഥ പോലെ ആദ്യവസാനം ആകാംക്ഷ നിലനിർത്തുന്ന കഥയാണ് 'വാറ്റ് പരമ്പര . ' വാറ്റുചാരായം ഉണ്ടാക്കി വിൽക്കുന്ന മന്ദാരത്തെക്കുറിച്ച് ഒരു പരമ്പര വന്ന ശേഷമാണ് മാപ്രസിദ്ധീകരണങ്ങളുടെ ഗണത്തിൽപ്പെടുന്ന ക്വീൻ മാഗസിനിൻ്റെ ജനസ്വാധീനം വർദ്ധിക്കുകയും നിത്യോപയോഗ സാധനങ്ങൾക്കൊപ്പം ഒരു ക്വീനും വാങ്ങുകയെന്നത് പരുത്തിക്കാട്ടുകാരുടെ ഒരു ശീലമായി മാറുകയും ചെയ്തത്. പരുത്തിക്കാട്ടിലെ മന്ദാരം വാറ്റ് തുടങ്ങിയ വിവരം ക്വീനിൻ്റെ പത്രാധിപരാണ് ആദ്യമറിഞ്ഞതെന്ന് സുഹൃത്തായ ബേബിയുടെ ഭാര്യ പറഞ്ഞാണ് മന്ദാരം അറിയുന്നത് .എക്സൈസുകാരെ എങ്ങനെയാണ് തളയ്ക്കേണ്ടത് എന്നതിനെക്കുറിച്ച് മന്ദാരത്തിന് വ്യക്തമായ ധാരണയുണ്ട് .എന്നാൽ തൻ്റെ പേരിൽ നിരന്തരമായി വന്നു കൊണ്ടിരിക്കുന്ന പരമ്പര തടയാൻ എന്ത് ചെയ്യണം എന്ന് അയാൾക്കറിയില്ല.

മന്ദാരം എന്ന പേര് മാഗസിനിൽ വന്ന കാര്യം അയാളുടെ അമ്മയുൾപ്പെടെയുള്ളവർ പറഞ്ഞപ്പോഴും അയാൾ അതത്ര കാര്യമാക്കി എടുത്തിരുന്നില്ല .എന്നാൽ കാലക്രമേണ തന്റെ പേരു കൊണ്ട് അപമാനം നേരിടുമോ എന്നും, സമൂഹത്തിന്റെ മുന്നിൽ അപമാനിതനാകുമോയെന്നുമുള്ള ഭയവുമെല്ലാം അയാളെ അലട്ടുന്നുണ്ട് .

സമൂഹത്തിൻ്റെ മുന്നിൽ ഉത്തമനായ ഭർത്താവും അച്ഛനും മകനുമൊക്കെയായിരുന്നു മന്ദാരം . വിവാഹശേഷം മന്ദാരം നാട്ടുകാരെക്കൊണ്ട് മോശം പറയിച്ചിട്ടില്ല .എന്നിട്ടും തൻ്റെ ജീവിതം ഇങ്ങനെ പരമ്പരയാക്കി അവതരിപ്പിക്കുന്നതിന് പിന്നിൽ ആരാണ് ഉള്ളതെന്ന രഹസ്യം കണ്ടു പിടിക്കാൻ മന്ദാരത്തിന് കഴിയുന്നില്ല. പരുത്തിക്കാട് നല്ല പനങ്കള്ളിനും വാറ്റിനും പേരുകേട്ട ഇടമായിരുന്നു. ബ്രിട്ടീഷുകാർ കള്ള് നിരോധിച്ച കാലത്തും പരുത്തിക്കാട്ടിൽ കള്ള് ലഭ്യമായിരുന്നു. മന്ദാരത്തിൻ്റെ അച്ഛൻ വേലപ്പനും ബേബിയുടെ അച്ഛൻ കുട്ടനുമായിരുന്നു ആദ്യകാല വാറ്റുകാർ . എന്നാൽ ആ കാലത്ത് വാറ്റുകയെന്നത് ഒളിച്ചും പാത്തും ചെയ്തിരുന്ന പ്രവൃത്തിയായിരുന്നില്ല . കുടിച്ച് കുടിച്ച് മന്ദാരത്തിൻ്റെ അച്ഛനാണ് ആദ്യം മരിച്ചത്. അതിനു ശേഷമാണ് പാമ്പുകടിച്ച് ബേബിയുടെ അച്ഛൻ മരിച്ചത്. ഇവരുടെ മരണശേഷം പരുത്തിക്കാട്ടിൽ പ്രമാദമായ വാറ്റ് കേസുകളൊന്നും ഉണ്ടായില്ല.

പിന്നീട് പരുത്തിക്കാട്ടിലെ വാറ്റിനെക്കുറിച്ച് എല്ലാവരുമറിയുന്നത് മന്ദാരം സ്കൂൾ പഠനം നിർത്തി ബേബിയെ കൂട്ടി മുത്തിമലയിൽ വാറ്റ് തുടങ്ങിയതിനുശേഷമാണ്. എന്നാൽ പോലീസ് പിടികൂടിയതോടെ മന്ദാരം ആ പണി നിർത്തി.

ഇതിനിടയിൽ ആരോടും കൂടുതൽ സംസാരിക്കാത്ത, ഒന്നിനെയും എതിർക്കാത്ത, കണ്ണുകളിൽ നിറയെ സ്വപ്നങ്ങൾ വഹിച്ചിരുന്ന സുനേത്രയെ മന്ദാരം വിവാഹം കഴിക്കുകയും അതിൽ മിടുക്കികളായ രണ്ട് പെൺകുട്ടികൾ ജനിക്കുകയും ചെയ്തു.

കൊറോണാ കാലം വന്നതോടെ സേലത്തെ പണി വിട്ടുപോന്ന ബേബിയെ സന്തോഷിപ്പിക്കാനായാണ് മന്ദാരം രണ്ടാമതും വാറ്റ് തുടങ്ങിയത്. അഞ്ഞൂറ് രൂപ മുതൽ രണ്ടായിരം രൂപ വരെ കുപ്പിയ്ക്ക് കിട്ടുന്ന അവസ്ഥയിലേക്ക് മന്ദാരത്തിൻ്റെ കച്ചവടം വളർന്നു. . പരുത്തിക്കാട്ടിലും സേലത്തുമുള്ള ആൾക്കാരെല്ലാം കല്യാണത്തിനും മറ്റാഘോഷങ്ങൾക്കും മന്ദാരത്തിന്റെ കുപ്പികൾക്കായി കാത്തിരിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ മാറി .

ഇതിനിടയിൽ ഒരു സബ് പ്ലോട്ട് എന്ന രീതിയിലാണ് ക്വീനിൻ്റെ എഡിറ്റർ കിരൺ മണിയുടെ കഥ വരുന്നത്. കൊറോണക്കാലത്ത് ഒന്നും ചെയ്യാനില്ലാതെ വീട്ടിൽ വെറുതെയിരുന്ന് മടുത്തപ്പോഴാണ് എഡിറ്റർ കിരൺമണി പുതിയ മാഗസിൻ തുടങ്ങുന്ന കാര്യം ആലോചിച്ചത്. ഒരുപാട് കാലം ഇംഗ്ലീഷിലും മലയാളത്തിലും ഒക്കെ പല മാഗസിനുകളിൽ പണിയെടുത്ത അനുഭവപരിചയത്തിലാണ് അവർ ക്വീൻ മാഗസീൻ തുടങ്ങാൻ തീരുമാനിക്കുന്നത്. ക്രിയാത്മകരായ നാല് കൂട്ടുകാരെയും ഒപ്പം കൂട്ടി. ആദ്യമൊന്നും മാഗസീൻ കാര്യമായി വിറ്റുപോയില്ല. കൊറോണക്കാലമായത് കൊണ്ടു തന്നെ ആദ്യമൊക്കെ മാസ്ക് വച്ച് ടൂ വീലറിലാണ് കടകളിൽ എത്തിച്ചിരുന്നത്. എങ്ങനെയെങ്കിലും വായിക്കപ്പെടാനായി പല കടകൾക്കും സൗജന്യമായി കോപ്പികൾ കൊടുത്തു, എന്നാൽ പേരില്ലാതെ അയച്ചു കിട്ടുന്ന മന്ദാരത്തെ ക്കുറിച്ചുള്ള 'വാറ്റ് പരമ്പര, ' ക്വീനിന്റെ ഡിമാൻ്റ് കുത്തനെ ഉയർത്തി .പേരില്ലാതെ അയക്കുന്നത് പ്രസിദ്ധീകരിച്ചാൽ പ്രശ്നമാകുമെന്ന് കിരൺ മണിയ്ക്കും സുഹൃത്തുക്കൾക്കും അറിയാമായിരുന്നുവെങ്കിലും മൂന്ന് കവറിലായി വന്ന കഥയ്ക്ക് നല്ല കൈയൊതുക്കമുണ്ടെന്ന് മനസ്സിലായതു കൊണ്ട് തന്നെയാണ് അവരത് പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചത്.

താൻ ചെയ്യുന്ന കാര്യങ്ങൾ എങ്ങനെയാണ് ഇത്ര കൃത്യമായി മാഗസീനിൽ അടിച്ചു വരുന്നതെന്നും അത് കണ്ടെത്തണം എന്നുമുള്ള മന്ദാരത്തിൻ്റെ നിർബന്ധ ബുദ്ധിയാണ് ക്വീനിൻ്റെ അഡ്രസ്സ് തേടിപ്പിടിച്ച് കിരൺ മണിയെക്കാണാൻ പ്രേരിപ്പിക്കുന്നത്. ഒരു ശനിയാഴ്ച രാവിലെ മന്ദാരം ബേബിയേയും കൂട്ടി കിരൺ മണിയെ കാണാൻ പോകുന്നു. എഴുതുന്ന ആളിനെക്കുറിച്ച് കിരൺ മണിക്കും സുഹൃത്ത് താമരയ്ക്കും അറിയില്ലെന്നും ആരോ ചിന്തിച്ചു കൂട്ടി എഴുതുന്നതാണെന്നും ആരായാലും കൊള്ളാവുന്ന എഴുത്ത് ആയതുകൊണ്ട് പ്രസിദ്ധീകരിച്ചു എന്നുമാണ് അവർ പറയുന്നത്. കിരൺ മണിയുടെ കവിളിൽ ഒറ്റയടി വച്ച് കൊടുത്ത് മന്ദാരം അവിടെ നിന്നു പോകുന്നു . കിരൺ മണി ക്വീനിലേക്ക് വന്ന പേരുവയ്ക്കാത്ത കവർ പരിശോധിക്കുമ്പോൾ അതിൽ നിന്നും 'കരുണ ചെയ്വാനെന്ത് താമസം കൃഷ്ണാ, പരമ്പര ഇതോടെ അവസാനിക്കുന്നു എന്ന ലെറ്റർ കിട്ടുന്നു. ഈ സൂചകങ്ങളിൽ നിന്നും വാറ്റു പരമ്പര എഴുതിയത് സുനേത്രയാണെന്ന് മനസ്സിലാക്കാo.

വളരെ സൂക്ഷ്മമായ സൂചകങ്ങളിലൂടെയാണ് ഈ കഥ അവതരിപ്പിക്കുന്നത്. മന്ദാരത്തിന്റെ 'സംസാരത്തിലുടനീളം പുരുഷാധിപത്യ സ്വഭാവത്തിന്റെ പ്രത്യേകതകൾ ദൃശ്യമാണ് . "ധൈര്യമുണ്ടേൽ ഇങ്ങനെ പെണ്ണുങ്ങള് വായിക്കണ തുക്കട പേപ്പറിൽ അല്ല അടിച്ചു വിടേണ്ടത്. തെളിവുണ്ടേൽ അവൻമാര് ആണുങ്ങള് വായിക്കണ പത്രത്തിൽ കൊടുക്കട്ടെ.ഇവൻ്റെയൊക്കെ ഉദ്ദേശം കുടുംബം പൂട്ടിക്കലാ ." സുനേത്ര വളരെയധികം സർഗ്ഗാത്മക കഴിവുകളുള്ള സ്ത്രീയാണ്. എന്നാൽ തൻ്റെ കഴിവുകൾ പ്രകടിപ്പിക്കാൻ പുരുഷാധിപത്യ പ്രവണതകൾ വച്ചു പുലർത്തുന്ന മന്ദാരത്തിനോടൊപ്പമുള്ള ജീവിതത്തിലും ഫാസിസ്റ്റ് രീതികൾ നിലനിൽക്കുന്ന കുടുംബമെന്ന സ്ഥാപനത്തിനുള്ളിലും അവൾക്ക് കഴിയുന്നില്ല .എലൈൻ ഷൊവാൾട്ടറുടെ ' Towards a Feminist Poetics 'എന്ന പുസ്തകത്തിൽ തങ്ങളുടെ ഐഡറ്റിൻ്റി വെളിപ്പെടുത്താൻ കഴിയാതെ സ്ത്രീകൾ എഴുതിയിരുന്ന ഒരു കാലത്തെക്കുറിച്ച് വെളിപ്പെടുത്തുന്നുണ്ട് .സുനേത്രയും പേരുവെളിപ്പെടുത്താതെ എഴുതുന്നത് അതിനെത്തുടർന്നുണ്ടാകുന്ന പ്രത്യാഘാതങ്ങളെ ഭയന്നാണ് "കരുണ ചെയ്യാനെന്തു താമസം കൃഷ്ണാ " എന്ന വാക്കിലൂടെയാണ് മറച്ചു വച്ച വ്യക്തിത്വം പുറത്തു വരുന്നത് .മന്ദാരത്തിൻ്റെ വാറ്റു പോലെ അതീവ രഹസ്യമായിത്തന്നെയാണ് സുനേത്രയുടെ എഴുത്തും. പെണ്ണവസ്ഥയെ സൂക്ഷ്മമായി അടയാളപ്പെടുത്തുന്നതിൽ വിജയിച്ചിരിക്കുന്നു രഹസ്യമായാണെങ്കിലും സ്ത്രീകൾക്ക് പ്രതിഷേധിക്കാനും ലക്ഷ്യങ്ങൾ നേടിയെടുക്കാനും കഴിയുമെന്നുള്ളതാണ് 'വാറ്റു പരമ്പര 'യിലെ സുനേത്രയിലൂടെ തെളിയിക്കുന്നത്.

കമലാ കൾട്ട്

ടെക്നോളജി യുഗത്തിൽ ഒരു നിമിഷം കൊണ്ട് എങ്ങനെയാണ് ജീവിതം മാറി മറിയുന്നതെന്നും പൊതുജന സമ്മതനായ ഒരു വ്യക്തി എത്ര പെട്ടെന്നാണ് പരിഹാസപാത്രമായി മാറുന്നതെന്നും കൃത്യമായി അടയാളപ്പെടുത്തുന്ന കഥയാണ് ' കമലാകെ.'

കമലാകെയുടെ വായിൽ നിന്ന് അബദ്ധത്തിൽ വീണുപോയ ഒരു വാക്ക് അവരുടെ ജീവിതത്തെ ആകെ മാറ്റിമറിച്ചു. അതിൻ്റെ പ്രത്യാഘാതങ്ങൾ കൂടുതൽ വിവരിക്കുന്നതിനു മുന്നേ നാലഞ്ചു കൊല്ലം മുൻപ് പരുത്തിക്കാട്ടിലെ ഭരണസമിതിയുടെ ബലഹീനതയായി കുത്തിനാട്ടിയ കൊടിമരക്കൊലക്കേസിനെക്കുറിച്ച് വിശദമായി അവതരിപ്പിക്കുന്നു. ഭരണകക്ഷിയുടെ ബലഹീനത അറിയിക്കാൻ നാട്ടിയ കൊടിമരം കമലകെയുടെ വീടിനടുത്താണ്. ചിങ്ങം ഒന്നാം തീയതി അഞ്ചുമണിക്ക് ഉണർന്ന കമലാകെ പ്രഭാത നടത്തത്തിനായി എണീറ്റപ്പോൾ കൊടിമരത്തിൽ കൊടി കാണാനില്ല . ഒരു വൻ പ്രശ്നമാക്കേണ്ടിയിരുന്ന ആ സംഭവത്തെ ഇരു ചെവിയറിയാതെ ആ സമയത്ത് തന്നെ സെക്രട്ടറി രതീഷിനെ വിളിച്ച് അവിടെ മറ്റൊരു കൊടി രഹസ്യമായി കെട്ടിക്കുകയും അത് ചെയ്ത ഗോവിന്ദനെ വീട്ടിൽ വിളിച്ച് അത് രമ്യമായി പരിഹരിക്കുകയും ചെയ്തു.അധികാര മോഹിയല്ലാത്ത നാട്ടുകാരുടെ കാര്യങ്ങളിൽ ആത്മാർത്ഥതയോടെ ഇടപെട്ടിരുന്ന , സ്വന്തം വീടിനോട് ചേർന്ന് കെട്ടിയ ചായ്പ്പിൽ നിർധനരായ കുട്ടികളെ പണം വാങ്ങാതെ പഠിപ്പിച്ചിരുന്ന നിസ്വാർത്ഥയായ ഒരു സ്ത്രീയെ തേജോവധം ചെയ്യുകയും ഒടുവിൽ അത് അവരുടെ മരണത്തിലേക്ക് വരെ എത്തിക്കുകയും ചെയ്യുന്ന സമകാലിക ജീവിതത്തിൻ്റെ നേർചിത്രം കൃത്യമായി ഈ കഥ രേഖപ്പെടുത്തുന്നു.

ആ നാട്ടിലെ ജോലിയുണ്ടായിരുന്ന സ്ത്രീകളിൽ ഒരാളും ആദർശശാലിയും ആത്മാർത്ഥതയോടെ ജനങ്ങളുടെ കാര്യങ്ങളിൽ ഇടപെടുന്ന ഒരാളുമാണ് കമല. കമലയെ ആദ്യമായി ഇനീഷ്യലും ചേർത്ത് കമലകെ എന്നു വിളിച്ചത് അവരുടെ മരിച്ചു പോയ ഭർത്താവായിരുന്നു. ഭർത്താവിൻ്റെ മരണശേഷവും അവർ പുനർ വിവാഹം കഴിക്കാതെ നാട്ടുകാരുടെ കാര്യങ്ങളിൽ ഇടപെട്ടും അവർക്ക് വേണ്ട സഹായങ്ങൾ ചെയ്തു കൊടുത്തുമാണ് മുന്നോട്ട് പോയിരുന്നത്. നൂലാമാല നിറഞ്ഞ പല കേസ് കെട്ടുകളും നിഷ്പ്രയാസം പരിഹരിക്കാനുള്ള കഴിവ് കമലകെയ്ക്കു ണ്ടായിരുന്നു. ഇതിനിടയിലാണ് പ്ലാവ് കേസ് വരുന്നത്. ഭർത്താവിൻ്റെ മരണ ശേഷം അവർക്ക് തുണയായത് അയൽവാസിയായ മൂത്താരുടെ മകൻ ജെൻസിക്കുട്ടനായിരുന്നു .മൂത്താർക്ക് പണിയില്ലാതിരുന്ന സമയങ്ങളിൽ അവനു വേണ്ടതെല്ലാം വാങ്ങിക്കൊടുത്തതും കമലയായിരുന്നു. അതിനിടയിലാണ് അവരുടെ അതിരിൽ ഒരു പ്ലാവ് താനേ മുളച്ചു വളർന്നു വന്നത്. നൂല് പിടിച്ചു നോക്കിയാൽ അത് മൂത്താരുടെ പറമ്പിലാണെന്നു പറയാം. ഏപ്രിൽ മേയാവുമ്പോൾ ചക്ക പഴുത്ത് താഴെ വീണ് കമലകെയ്ക്ക് പ്രശ്നമുണ്ടാക്കി. പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ അവർക്ക് നേരിടേണ്ടി വന്നു. എന്നാൽ കമലകെയുടെ വീടിരിക്കുന്ന ഭൂമി കൃഷ്ണൻ മൂത്താരുടെ അച്ഛൻ വാസ്വാരുടെ കയ്യിൽ നിന്ന് വാങ്ങിയതാണ് എന്ന സ്വാതന്ത്ര്യം ഉപയോഗിച്ച് അയാൾ പലതും ചെയ്തു കൂട്ടി. കമലകെ അതൊന്നും കാര്യമായി എടുത്തില്ല. ഒരു ഞായറാഴ്ച കമലകെ ട്യൂഷനെടുക്കുന്ന സ്ഥലത്തിൻ്റ തെക്കേ അതിരിൽ നിന്ന് അയാൾ ഉറക്കെ ശബ്ദമുണ്ടാക്കി. ഇതിനിടയിൽ കൊടി മരക്കേസിൽ ഉൾപ്പെട്ടിരുന്ന ഗോവിന്ദനും അഭിപ്രായം പറയാനെത്തി. എന്നാൽ ഈ പ്രശ്നത്തിൽ ഇടപെടാൻ വന്ന ജെൻസിക്കുട്ടനോട് നിയന്ത്രണം വിട്ട്"നീ അങ്ങോട്ട് മാറി നിൽക്കെടാ തടിയാ " എന്ന ബോഡിഷെയ്മിങ്ങിൻ്റെയും അരാഷ്ട്രീയതയുടെയും ഒരു വാചകം അവരുടെ വായിൽ നിന്ന് വീണു. ജെൻസിക്കുട്ടന്റെ ഫോണിൽ അത് കൃത്യമായി റെക്കോർഡ് ചെയ്യപ്പെട്ടു.ജെൻസിക്കുട്ടൻ ഇട്ട വീഡിയോയുടെ ഇടയിൽ നിന്ന് "നീ അങ്ങോട്ട് മാറിനിൽക്കെടാ തടിയാ " എന്ന ഭാഗം മാത്രം വെട്ടിയെടുത്ത് നിർമ്മിച്ച റീൽ കേരളത്തിൽ അങ്ങോളം ഇങ്ങോളം കറങ്ങി നടന്നു. ചിലയിടത്ത് കണ്ണട വെച്ച് സ്വർണ്ണമാലയിട്ട് കമലകെയുടെ വീഡിയോ പ്രത്യക്ഷപ്പെട്ടു. അത് ജെൻസിക്കുട്ടൻ കമലാകെയുടെ ഫോണിലേക്ക് ഫോർവേഡ് ചെയ്തു. ലക്ഷങ്ങൾ കണ്ട ആ വീഡിയോയെക്കുറിച്ചറിയാൻ നാട്ടുകാരും സുഹൃത്തുക്കളും അനന്തമായി വിളിച്ചു. ഈ സംഭവ മേൽപ്പിച്ച ആഘാതമാണ് കമലകെയുടെ മരണത്തിലേക്ക് നയിച്ചത്.

മിമെറ്റിക് (mimetic) തിയറിയിൽ വ്യക്തിഹത്യയുടെ അനന്തരഫലങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഒരു കൂട്ടം ജനങ്ങൾ മറ്റൊരു വ്യക്തിയെ നേരിട്ട് ആക്രമിച്ച് കൊല്ലാതെ നിരന്തരമായ അന്വേഷണങ്ങളിലൂടെ, വ്യക്തിഹത്യയിലൂടെ അവരുടെ മാനസിക ആരോഗ്യത്തെ തകർക്കുകയും അവരെ സമൂഹത്തിൽ നിന്നും ഒറ്റപ്പെടുത്തുകയും നിരാശ്രയരാക്കി മാറ്റുകയും അതവരുടെ മരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. വാൾട്ടർ ബഞ്ചമിൻ്റെ 'The Work of Art in the Age of Mechanical Reproductionൽ വ്യക്തിപ്രഭാവത്തിൻ്റെ തകർച്ചയിൽ വീഡിയോകൾ എന്ത് പങ്കാണ് വഹിക്കുന്നത് എന്നതിനെക്കുറിച്ച് സൂചിപ്പിക്കുന്നു. ഇൻ്റർനെറ്റിൽ ഒരു മാസ് റീപ്രൊഡക്ഷൻ ഉണ്ടാകുമ്പോൾ ഒരു ലീഡറിൻ്റെയോ ഒരു വ്യക്തിയുടേയോ ആരാധനാമൂല്യം (cult value) തകർക്കപ്പെടുകയും പ്രദർശനമൂല്യത്തിന് (Exhibition Value) പ്രാധാന്യം ലഭിക്കുകയും ചെയ്യുന്നു. കമലാകെ യെക്കുറിച്ച് സൃഷ്ടിക്കപ്പെട്ട മീമുകൾ (meme ) അവരുടെ സാമൂഹ്യ സ്വീകാര്യതയെ ബാധിക്കുകയും അതിനെത്തുടർന്നുണ്ടാകുന്ന മാനസിക സംഘർഷങ്ങളാണ് അവരുടെ മരണത്തിലേക്ക് വഴി തെളിക്കുന്നത് . ഏത് കൂരിരുട്ടിലും പ്രതികരണത്തിന്റെ ശ്രമങ്ങൾ പാളിപ്പോകാതെ നടപ്പിലാക്കാൻ ആർദ്രയുടെ സ്ത്രീകൾക്ക് കഴിയുന്നുണ്ട് . പുരുഷാധിപത്യ സമൂഹത്തിലും രക്ഷപ്പെടലിന്റെ സമാന്തര ലോകം സൃഷ്ടിക്കാൻ ഇവർ പ്രാപ്തരാണ് എന്നതാണ് ഈ കഥകളെ ശ്രദ്ധേയമാക്കുന്നത്.

ലക്ഷ്മി പ്രിയ എസ് എസ്
HSST ഇംഗ്ലീഷ്
GGHSS വണ്ടൂർ, മലപ്പുറം

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi