
കുട്ടിക്കാലത്തിന്റെ വിദൂരമായ ഓര്‍മ്മകളില്‍ ഒരു കാഷായവസ്ത്രത്തിന്റെ തുമ്പുകള്‍ പാളുന്നു; അതില്‍നിന്ന് കടുകെണ്ണയുടെ ഗന്ധം കാറ്റില്‍ കലരുന്നു.
കൂട്ടുകുടുംബത്തെക്കാള്‍, ഒരു കമ്യൂണിന്റെ ഛായയായിരുന്നു കോട്ടയ്ക്കല്‍ കിഴക്കേ കോവിലകത്തെ അച്ഛന്റെ തറവാടിന്. അകത്തേയ്ക്കും പുറത്തേയ്ക്കും കടക്കാന്‍ കോട്ടവാതിലുകള്‍, ചുറ്റിലും ആമ്പല്‍ക്കുളങ്ങള്‍, അമ്പലങ്ങള്‍, പ്രാര്‍ഥനയുടെ പ്രഭാതങ്ങളും പ്രദോഷങ്ങളും, മണിയൊച്ചകള്‍, ശംഖനാദങ്ങള്‍, ചെണ്ടയുടെയും ഇടയ്ക്കയുടെയും നാദങ്ങള്‍, തുളസിയുടെയും തെച്ചിയുടെയും ചന്ദനത്തിന്റെയും ഗന്ധങ്ങള്‍, നിവേദ്യച്ചോറും പല പല പായസങ്ങളും, അരയാലിലകളില്‍പ്പോലും കഥകളിക്കൊട്ടിന്റെ താളം... ബാല്യകൗമാരങ്ങളുടെയും യൗവനത്തിന്റെയും വലിയൊരുഭാഗം അവിടെ ചെലവഴിച്ച എനിക്ക് ഇപ്പോഴും അതൊരു മായാപ്രപഞ്ചമാണ്. ആ ലോകത്തിന്റെ സന്ധ്യയിലേക്ക് വല്ലപ്പോഴും മാത്രം ഒരു സന്ന്യാസി കടന്നുവന്നു. കുട്ടിയായ എന്നോട് അച്ഛന്‍ പറഞ്ഞു:
''സന്ന്യാസിമാമനാണ്, നമസ്‌കരിക്കൂ...''
ഞാന്‍ നമസ്‌കരിച്ചെഴുന്നേല്‍ക്കുമ്പോള്‍ അദ്ദേഹം അച്ഛനോടു പറയും:
''ബംഗാളില്‍ എല്ലാവര്‍ക്കും പാദനമസ്‌കാരമാണ്. പിന്നെ തലയില്‍ പുരട്ടാന്‍ മുതല്‍ കറിയിലൊഴിക്കാന്‍ വരെ കടുകെണ്ണയും...''
പിന്നെയും അവരെന്തൊക്കെയോ സംസാരിച്ചിരിക്കും; ഉച്ചത്തില്‍ ചിരിക്കും. ഒന്നും മനസ്സിലാവാതെ ഞാനെന്ന കുട്ടി നില്‍ക്കും.
വര്‍ഷങ്ങള്‍ കുറെയേറെക്കഴിഞ്ഞപ്പോള്‍, അച്ഛന്റെ അമ്മയുടെ കിടക്കയ്ക്കരികില്‍ എപ്പോഴും രണ്ട് പുസ്തകങ്ങള്‍ കണ്ടു: ശ്രീരാമകൃഷ്ണവചനാമൃതവും ശ്രീരാമകൃഷ്ണലീലാമൃതവും. രാവിലത്തെയും വൈകുന്നേരത്തെയും ദൈവികപ്രാര്‍ഥനകള്‍ക്കൊടുവില്‍ ഈ പുസ്തകങ്ങളില്‍നിന്ന് ഏതെങ്കിലും ഭാഗങ്ങള്‍ അവര്‍ സ്ഥിരമായി വായിച്ചുപോന്നു. അവരുടെ നിത്യസംഭാഷണങ്ങളില്‍ ശ്രീരാമകൃഷ്ണപരമഹംസരുടെ അനന്യമായ ഉപമകള്‍ കടന്നുവന്നു. അവ മനസ്സിലാക്കാനുള്ള ശേഷി അന്നെനിക്കില്ലായിരുന്നു. അതും കഴിഞ്ഞ് കുറച്ചുവര്‍ഷങ്ങള്‍ക്കുശേഷമാണ് അച്ഛന്‍ എന്റെ കൈയിലേക്ക് 'വിവേകാനന്ദസാഹിത്യസര്‍വസ്വ'ത്തിന്റെ ഏഴ് കനപ്പെട്ട വാല്യങ്ങള്‍ വെച്ചുതന്നത്.
മഴവില്ലും മേഘസ്‌ഫോടനങ്ങളും മിന്നും താരങ്ങളും നിലാവും നീഹാരധൂളികളും നിറഞ്ഞ വലിയൊരാകാശമായിരുന്നു ആ പുസ്തകങ്ങള്‍ എനിക്ക് തുറന്നിട്ടുതന്നത്.
വിവേകാനന്ദനിലൂടെ ഞാന്‍ ശ്രീരാമകൃഷ്ണ പരമഹംസരിലേക്കെത്തി. 'ലീലാമൃതം' വായിക്കുമ്പോള്‍ അച്ഛന്‍ പറഞ്ഞു:
''മൈത്രാനന്ദസ്വാമികളാണ് ഇത് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്...''
ആളെ മനസ്സിലാവാതെ ഞാന്‍ നിന്നപ്പോള്‍ അച്ഛന്‍ തുടര്‍ന്നു:
''കോട്ടയ്ക്കല്‍ വന്നിരുന്ന സന്ന്യാസിമാമനെ ഓര്‍മ്മയില്ലേ?''

ഓര്‍മ്മയില്‍ അപ്പോഴും പഴയ കാഷായവസ്ത്രം പാളി; കടുകെണ്ണ മണത്തു. അച്ഛന്റെ അമ്മമ്മയുടെ ജ്യേഷ്ഠത്തിയുടെ മകളുടെ മകനാണ് മൈത്രാനന്ദസ്വാമി എന്ന് അച്ഛന്‍ ബന്ധം വിവരിച്ചു. അച്ഛന്റെ അമ്മമ്മയുടെ ജ്യേഷ്ഠത്തി മഹാകവി കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ ഭാര്യയായിരുന്നു. കവിതയും സന്ന്യാസവും തമ്മില്‍ എവിടെയോ ഇഴചേരുന്നു. അമ്മയുടെ മനോരോഗമാണ് പൂര്‍വാശ്രമത്തിലെ കിഴക്കേ കോവിലകം കുട്ടിയനുജന്‍ രാജയെ ശ്രീരാമകൃഷ്ണാശ്രമത്തിലെത്തിച്ചതും സ്വാമി മൈത്രാനന്ദയാക്കിയതും.
കോട്ടയ്ക്കല്‍ വല്ലപ്പോഴും വന്നുപോയിരുന്നകാലത്ത് അദ്ദേഹം കൊല്‍ക്കത്തയിലെ ബേലൂര്‍ മഠത്തിലായിരുന്നു. 'കൊല്‍ക്കത്ത', 'ബംഗാള്‍' എന്നീ രണ്ട് വാക്കുകളും അന്നാണ് ഞാന്‍ ആദ്യമായി കേട്ടത്. അങ്ങനെ വിദൂരമായ രക്തബന്ധത്തിലൂടെ ശ്രീരാമകൃഷ്ണ പരമഹംസരുടെയും വിവേകാനന്ദന്റെയും ലോകം എന്റെ ജീവിതത്തിലേക്ക് കണ്ണിചേര്‍ക്കപ്പെട്ടു.
ആ വായനയുടെ പ്രേരണകള്‍ വര്‍ഷങ്ങള്‍ക്കുശേഷം എന്നെ ആദ്യമായി കൊല്‍ക്കത്തയിലെത്തിച്ചു. ദക്ഷിണേശ്വരം ക്ഷേത്രത്തിലും ബേലൂര്‍ മഠത്തിലും പരമഹംസര്‍ സമാധിയായ കോസിപ്പുര്‍ ഉദ്യാനവസതിയിലും കൊല്‍ക്കത്തയില്‍നിന്ന് 300 കിലോമീറ്റര്‍ ദൂരെമാറിയുള്ള പരമഹംസരുടെ ജന്മഗ്രാമമായ കമാര്‍ പുക്കൂരിലും ശാരദാദേവിയുടെ ജന്മഗ്രാമമായ ജയറാംബാടിയിലുമെത്തിച്ചു. പല ഋതുക്കളില്‍, പല മനോഭാവങ്ങളില്‍ ഇവിടങ്ങളിലേക്കുള്ള യാത്രകള്‍ ഞാന്‍ തുടര്‍ന്നു. വിവേകാനന്ദസാഹിത്യം വീണ്ടും വീണ്ടും വായിച്ചു. ഒരുതവണ അച്ഛന്‍ പറഞ്ഞു:
''ഗുഡ്‌വിന്‍ എന്ന മനുഷ്യനില്ലെങ്കില്‍ നമ്മളിന്ന് വായിക്കുന്ന വിവേകാനന്ദസാഹിത്യമില്ല...''

ആരാണീ ഗുഡ്‌വിന്‍? അന്വേഷിച്ചുപോയപ്പോള്‍ മനസ്സിലായി, വിവേകാന്ദന്റെ സ്റ്റെനോഗ്രാഫറായിരുന്നു; ബ്രിട്ടീഷുകാരനായിരുന്നു. 27-ാം വയസ്സില്‍ മരിച്ചു. ഏറ്റവും കൗതുകകരമായൊരു കാര്യമുണ്ടായിരുന്നു: ഊട്ടിയില്‍വെച്ചാണ് ഗുഡ്‌വിന്‍ മരിച്ചത്; അദ്ദേഹത്തിന്റെ ശവകുടീരം ഇപ്പോഴും അവിടെയുണ്ട്.
ആ കല്ലറ കാണാന്‍ മാത്രമായിരുന്നു ഇത്തവണ ഊട്ടിയിലേക്കു പോയത്.
ഊട്ടിയിലേക്കുള്ള യാത്രയില്‍ കൂട്ടായുണ്ടായിരുന്നത് ശ്രീരാമകൃഷ്ണപ്രസ്ഥാനത്തിന്റെ കേരളത്തിലെ അധിപതി സ്വാമി സദ്ഭവാനന്ദയും തൃശ്ശൂരിലെ ശ്രീരാമകൃഷ്ണ സ്‌കൂളിലെ സാമൂഹികശാസ്ത്രാധ്യാപകനും ആശ്രമത്തിലെ വളരെക്കാലമായുള്ള അന്തരംഗഭക്തനുമായ എം.എസ്. രാജേഷുമായിരുന്നു. സദ്ഭവാനന്ദസ്വാമിയുമായി ഏറെ പഴക്കമുള്ള പരിചയമായിരുന്നു. സ്വന്തം സന്ന്യാസം മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാത്ത സന്ന്യാസിയായിട്ടാണ് അദ്ദേഹം എപ്പോഴും പെരുമാറിക്കണ്ടിട്ടുള്ളത്.
ആത്മാവ്, സംസാരം, മോക്ഷം എന്നീ വാക്കുകള്‍ വെറുതേ പറഞ്ഞ് മുഷിപ്പിക്കില്ല. പകരം, ആശ്രമത്തില്‍ തന്നെത്തേടിവരുന്ന അണ്ണാറക്കണ്ണനെയും മയിലിനെയും പൂച്ചയെയും നായ്ക്കുട്ടികളെയും പലതരം കിളികളെയും കുറിച്ചാണ് ഈ സന്ന്യാസി എപ്പോഴും സംസാരിക്കുക. മനുഷ്യര്‍ക്കൊപ്പംതന്നെ നമുക്കുചുറ്റുമുള്ള മൃഗകുലത്തെയും ചരാചരപ്രപഞ്ചത്തെയും അദ്ദേഹം ചേര്‍ത്തുപിടിക്കുന്നു. അതാണ് ദൈവത്തിലേക്കും മോക്ഷത്തിലേക്കുമുള്ള മാര്‍ഗമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ശക്രാന്ദസ്വാമികള്‍, മൃഡാന്ദസ്വാമികള്‍, മൈത്രാനന്ദസ്വാമികള്‍, ഗോലോകാനന്ദസ്വാമികള്‍ തുടങ്ങി ശ്രീരാമകൃഷ്ണമഠത്തിന്റെ കേരളത്തിലെ തലമുതിര്‍ന്ന സന്ന്യാസിവര്യരുമായെല്ലാം അടുത്തബന്ധം പുലര്‍ത്തിയിരുന്ന രാജേഷില്‍ ആ സത്സംഗങ്ങള്‍ പകര്‍ന്ന സംസ്‌കാരം പ്രകടമായിരുന്നു.
*********
യാത്രയുടെ ലക്ഷ്യത്തിനും ഉദ്ദേശ്യത്തിനുമനുസരിച്ച് യാത്രികന്റെ/യാത്രികയുടെ വികാരവിചാരങ്ങളില്‍ മാറ്റംവരും എന്നത് ഒരു അനുഭവസത്യമാണ്. ക്രിസ്മസ് ആഘോഷിക്കാനായി എത്രയോതവണ ഊട്ടിയിലേക്ക് വന്നിട്ടുണ്ട്. ചുരം കയറി മുകളിലെത്തുമ്പോഴേക്കും, മഞ്ഞിന്റെ മറയിലൂടെ നക്ഷത്രങ്ങള്‍ ചിരിച്ചുതുടങ്ങിയിരിക്കും. ശീതക്കാറ്റ് വാള്‍ വീശും. വീഞ്ഞുപാത്രങ്ങള്‍ നുരഞ്ഞ് കവിയും. കാരള്‍ സംഘത്തിന്റെ പാട്ട് ഏതേതൊക്കെയോ വഴികളില്‍നിന്നും വിദൂരമന്ത്രണംപോലെ കേള്‍ക്കും. എന്നാല്‍ ഇത്തവണത്തെ യാത്രയില്‍ മനസ്സ് നിറയെ വിവേകാനന്ദനും ഗുഡ്‌വിനും മാത്രമായിരുന്നു.

1893 സെപ്റ്റംബര്‍ 11-ന് ചിക്കാഗോയില്‍ നടന്ന മതമഹാസമ്മേളനത്തിലെ 'അമേരിക്കയിലെ സഹോദരീ സഹോദരന്മാരെ..' എന്ന അപ്രതീക്ഷിത അഭിസംബോധനാപ്രസംഗത്തിലൂടെ സ്വാമി വിവേകാനന്ദന്‍, അദ്ദേഹംപോലും പ്രതീക്ഷിക്കാത്ത തരത്തില്‍, പടിഞ്ഞാറന്‍ മാനത്ത് ഒരു സൂര്യനെപ്പോലെ ജ്വലിച്ചുയര്‍ന്നപ്പോള്‍ ലോകപ്രശസ്തിയും അദ്ദേഹത്തിന് പിറകേ വന്നു. അമേരിക്കയില്‍ അങ്ങോളമിങ്ങോളമുള്ള ക്ലാസുകള്‍ക്കും പ്രഭാഷണങ്ങള്‍ക്കുമുള്ള ക്ഷണം അദ്ദേഹത്തിന് ലഭിച്ചുകൊണ്ടേയിരുന്നു. ഗഹനമായ അദ്ദേഹത്തിന്റെ വേദാന്തപ്രഭാഷണങ്ങള്‍ എഴുതിയെടുക്കാന്‍ ഒരു ചുരുക്കെഴുത്തുകാരന്‍ (Stenographer) നിര്‍ബന്ധമായി. അദ്ദേഹത്തിന്റെ ആതിഥേയര്‍ ഹെറാള്‍ഡ് പത്രത്തില്‍ ഇങ്ങനെയൊരു പരസ്യം കൊടുത്തു:
Wanted-'A rapid shorthand writer to take down lectures for several hours a week. Apply at 228 west 39th street'
മൂന്ന് പേര്‍ അപേക്ഷിച്ചവരില്‍ ഏറ്റവും മിടുക്കന്‍ 25 വയസ്സുകാരനും 11 വര്‍ഷത്തെ പത്രപ്രവര്‍ത്തന പരിചയവുമുള്ള ജോസയ്യ ജോണ്‍ ഗുഡ്‌വിന്‍ എന്ന ബ്രിട്ടീഷുകാരനായിരുന്നു. ദരിദ്രനും ഹൃദയനിര്‍മലത്വവുമുള്ളയാളായിരുന്ന ഗുഡ്‌വിന്‍. 'ദൈവം എന്നെ സഹായിക്കും, എനിക്കൊപ്പം ജോലിചെയ്യാനുള്ള കരത്തെ കൊണ്ടുവന്നുതരും' എന്ന വിവേകാനന്ദന്റെ വിശ്വാസം ഗുഡ്‌വിനിലൂടെ സത്യമായി. അമേരിക്കയില്‍ തുടര്‍ന്ന് വിവേകാനന്ദന്‍ നടത്തിയ എല്ലാ പ്രഭാഷണങ്ങളും വേദാന്തക്ലാസുകളും ഗുഡ്‌വിന്‍ ചുരുക്കെഴുത്തില്‍ എഴുതിയെടുത്തു. അവ പിന്നീട് വിപുലീകരിച്ച്,വിവേകാനന്ദനെ കാണിച്ച് തിരുത്തിയെടുത്ത് സൂക്ഷിച്ചു. ഇന്ന് നാം വായിക്കുന്ന വിവേകാനന്ദ പ്രഭാഷണങ്ങളുടെ മുഖ്യഭാഗം ഗുഡ്‌വിന്‍ എഴുതിയെടുത്ത് ശേഖരിച്ചവയാണ്. ഇല്ലെങ്കില്‍ അവയെല്ലാം അമേരിക്കയുടെ കാറ്റില്‍ പറന്നുപോകുമായിരുന്നു.
കഷ്ടിച്ച് ജീവിക്കാന്‍ ലഭിക്കുന്ന ശമ്പളം മാത്രമായിരുന്നില്ല ഗുഡ്‌വിനെ വിവേകാനന്ദനുമായി ചേര്‍ത്തുനിര്‍ത്തിയത്. ശ്രീരാമകൃഷ്ണ പരമഹംസരുടെ ജീവിതമെഴുതിയ സ്വാമി ശാരദാനന്ദയോട് ഗുഡ്‌വിന്‍ പറഞ്ഞു:
''ദരിദ്രമായ ബാല്യമായിരുന്നു എന്റേത്. ജീവിക്കാന്‍ വേണ്ടി പലയിടങ്ങളിലും ഞാന്‍ അലഞ്ഞു. എല്ലാ ആള്‍ക്കാരുമായും ഞാന്‍ കൂട്ടുകൂടി. അവരില്‍പ്പലരും എനിക്ക് ജോലിയും ശമ്പളവും തന്നു, എന്നാല്‍ ആരും ഹൃദയത്തില്‍നിന്നുള്ള സ്‌നേഹം തന്നില്ല. അമേരിക്കയില്‍വെച്ച് സ്വാമി വിവേകാനന്ദനെ കണ്ടതിന് ശേഷമാണ് സ്‌നേഹം എന്താണ് എന്ന് ഞാനറിഞ്ഞത്... ഇത്രമേല്‍ കുലീനനും സ്‌നേഹമയനുമായ ഒരു മനുഷ്യനെ ഞാന്‍ കണ്ടിട്ടില്ല..''
വിവേകാനന്ദന്‍ അമേരിക്കയില്‍നിന്നും ഇന്ത്യയിലേക്ക് പോന്നപ്പോള്‍ ഗുഡ്‌വിനേയും ഒപ്പം കൂട്ടി. ഗുഡ്‌വിന്‍ ശുഭ്രവസ്ത്രം ധരിച്ച്, പാതി മുണ്ഡനം ചെയ്ത് ബ്രഹ്മചാരിയായി. വിവേകാനന്ദന് ഏറെ പ്രിയപ്പെട്ടവനായി. അതോടെ ആശ്രമജീവികളില്‍നിന്നുതന്നെ ഗുഡ്‌വിന് 'പാര'കള്‍ വന്നുതുടങ്ങി. പലപ്പോഴും അദ്ദേഹം പരിഹസിക്കപ്പെടുകയും അപഹസിക്കപ്പെടുകയും ചെയ്തു. ഒരു പുതിയ ഇംഗ്ലീഷ് ജേര്‍ണല്‍ തുടങ്ങാനായി ഗുഡ്‌വിന്‍ മദ്രാസിലേക്കയച്ച്, വിവേകാനന്ദന്‍ തകര്‍ന്നുതുടങ്ങിയ തന്റെ ആരോഗ്യത്തെ അല്പമെങ്കിലും രക്ഷിക്കാന്‍ ഹിമാലയത്തിലെ അല്‍മോറയിലേക്കുപോയി. പുതിയ ജേണല്‍ തുടങ്ങാന്‍ സാധിച്ചില്ലെങ്കിലും 'ബ്രഹ്മവാദിന്‍' എന്ന മാസികയുടെ നടത്തിപ്പില്‍ സഹായിച്ചുകൊണ്ട് ഗുഡ്‌വിന്‍ മദ്രാസില്‍ തുടര്‍ന്നു.
മദ്രാസില്‍ ചൂടുകൂടിയപ്പോള്‍ അക്കാലത്തെ എല്ലാ യൂറോപ്യന്‍ വംശജരേയുംപോലെ ഗുഡ്‌വിന്‍ ഊട്ടിയുടെ തണുത്ത തടങ്ങളിലേക്ക് പോന്നു. വിദൂരജന്മദേശമായ ഇംഗ്ലണ്ടിനെപ്പോലെ ഊട്ടി ഗുഡ്‌വിനെ ചേര്‍ത്തുപിടിച്ചു. ഊട്ടിയില്‍വെച്ച്, ബ്രിട്ടീഷുകാരന്റെ സ്വതസിദ്ധമായ ക്രിക്കറ്റ് ഭ്രമം ഗുഡ്‌വിനില്‍ ഉദിച്ചു. നല്ല മഴപെയ്യുന്ന പകലില്‍ അദ്ദേഹം ക്രിക്കറ്റ് കളിച്ചു. പനിപിടിച്ചു. മരുന്നുകള്‍ ഒന്നും ഫലം കണ്ടില്ല. ഒടുവില്‍, 1898 ജൂണ്‍ 2-ാം തീയതി ഇരുപത്തിയേഴാമത്തെ വയസ്സില്‍ ഗുഡ്‌വിന്‍ മരിച്ചു. മരണവിവരം കുറച്ചുദിവസങ്ങള്‍ കഴിഞ്ഞാണ്, അല്‍മോറയില്‍ വിവേകാനന്ദന്‍ അറിഞ്ഞത്. കേട്ടയുടനെ അദ്ദേഹം പറഞ്ഞു:
''എന്റെ വലതുകരം നഷ്ടപ്പെട്ടു'' എന്നിട്ട് സിസ്റ്റര്‍ നിവേദിതയോട് തുടര്‍ന്നു:
''ഇങ്ങനെയൊരു പുണ്യാത്മാവിനെ തിരഞ്ഞെടുത്തുകൊണ്ടുപോയതില്‍ എനിക്ക് ഈശ്വരനോട് അതിരറ്റ കോപവും അപ്രീതിയുമാണ് തോന്നിയത്. നിരപരാധിയും സേവനനിരതനുമായ ഒരു ശുദ്ധാത്മാവിനെ അപഹരിച്ച ശക്തിയോട്, അതേത് ഈശ്വരന്റെ ഇച്ഛാശക്തിയായിരുന്നാലും ആ ഈശ്വരനെ വകവരുത്തണമെന്ന്പോലും തോന്നിപ്പോവുന്നു. ജീവിച്ചിരുന്നെങ്കില്‍ ഗുഡ്‌വിന്‍ എന്തെന്ത് കാര്യങ്ങള്‍ ചെയ്യുമായിരുന്നില്ല..!''
അന്ന് രാത്രി ഹിമധവളമായ വിദൂരതയിലേക്ക് നോക്കി വിവേകാനന്ദന്‍ ഈ വരികള്‍ കുറിച്ചു:
'ആത്മാവേ!നക്ഷത്രഖചിതമായ നിന്റെ പന്ഥാവിലൂടെ അതിദ്രുതം ഗമിച്ചാലും
എവിടെ ചിന്ത എക്കാലത്തും സ്വതന്ത്രമായിരിക്കുന്നുവോ
എവിടെ സമയവും ബോധവും കാഴ്ചയെ മങ്ങലേല്‍പ്പിക്കാതിരിക്കുന്നുവോ
അനുഗ്രഹീതനായവനേ (അവിടേക്ക്) അതിദ്രുതം നയിച്ചാലും
അനശ്വര ശാന്തിയും അനുഗ്രഹവും നിനക്ക് മേലുണ്ടാവട്ടെ!'
ആലോചനകള്‍ എപ്പോഴോ മുറിഞ്ഞപ്പോള്‍, ഊട്ടി അതിന്റെ സകലവിധ നിറപ്പകിട്ടുകളോടെയും വന്ന് പൊതിഞ്ഞു. മഞ്ഞുവിരലുകള്‍ ശരീരത്തിലൂടെ എന്തോ പരതിക്കൊണ്ട് പാഞ്ഞു.
രാമകൃഷ്ണപുരത്തെ കുന്നിന്‍ചെരുവിലാണ് ഊട്ടിയിലെ ശ്രീരാമകൃഷ്ണാശ്രമം. ചെറിയ പൂന്തോട്ടത്തിന് നടുവിലെ ചുവന്ന പഴയ കെട്ടിടത്തിന് നൂറ് വര്‍ഷത്തോളം പഴക്കമുണ്ട്. 1924-26 കാലഘട്ടത്തില്‍ ശ്രീരാമകൃഷ്ണ പരമഹംസരുടെ പ്രഥമശിഷ്യരിലൊരാളായ സ്വാമി ശിവാനന്ദ അസുഖത്തെത്തുടര്‍ന്ന് ഇവിടെ വന്ന് പാര്‍ക്കുകയും ചെറിയ രീതിയിലുള്ള ആശ്രമത്തിന് തുടക്കമിടുകയും ചെയ്തു. പ്രാര്‍ഥനയും സാധുജനപാലനവും വേദാന്തപ്രചാരണവുമൊക്കെയായി ആശ്രമം വളര്‍ന്നു. ഇപ്പോഴത്തെ ആശ്രമാധ്യക്ഷനായ സ്വാമി രാഘവേശാനന്ദ ഒരു വര്‍ഷത്തിലധികം ബ്രസീലില്‍ ആശ്രമത്തിന്റെ അധിപതിയായിരുന്നു. നന്നായി ഇംഗ്ലീഷില്‍ സംസാരിക്കും, മനോഹരമായി ഭജന പാടും.
ആശ്രമത്തിന്റെ സ്വന്തമായ ചെറിയ ചായത്തോട്ടത്തിന് നടുവിലെ ഒന്നാംതരം അതിഥി മന്ദിരം സ്വാമിജി താമസിക്കാന്‍ തന്നു. വലിയ ചില്ലുചുമരുകളുള്ള ആ മുറിയില്‍ക്കിടന്നാല്‍ ഊട്ടിയുടെ ഭൂമിയും ആകാശവും മുഴുവന്‍ കാണാന്‍ സാധിക്കും
''ഒരു ചായ കുടിച്ചതിന് ശേഷം നമുക്ക് ഗുഡ്‌വിന്റെ കല്ലറ കാണാന്‍ പോവാം'' സ്വാമിജി പറഞ്ഞു. ആ തണുപ്പില്‍ അപ്പോള്‍ ഒരു ചായയെങ്കിലും അത്യാവശ്യമായിരുന്നു.
ചൂട് ചായ കുടിക്കുമ്പോള്‍ താഴ്വരയില്‍നിന്നും തണുത്ത കാറ്റ് ഞങ്ങളെ വന്ന് തൊട്ടു. അതില്‍ വാടിത്തുടങ്ങിയ ജമന്തിപ്പൂക്കളുടെ ഗന്ധമുണ്ടായിരുന്നു.
ആശ്രമത്തില്‍നിന്നും ഒരു വിളിപ്പാട് ദൂരെ മാറിയുള്ള സെന്റ് തോമസ് പള്ളിയിലേക്കാണ് സ്വാമിജി ഞങ്ങളെ കൊണ്ടുപോയത്. ഊട്ടിയിലെ രണ്ടാമത്തെ ഏറ്റവും പഴയ പള്ളിയാണിത്. മരപ്പലകകള്‍ നിരത്തിയതായിരുന്നു അതിന്റെ അകത്തളം. കാലം നടന്ന് നടന്ന് അവയില്‍പ്പലതും തേഞ്ഞിരിക്കുന്നു. മരത്തിന്റെ ബെഞ്ചുകള്‍, കമ്പികള്‍ തുരുമ്പിച്ച ശരറാന്തലുകള്‍, പ്രാര്‍ഥനകളുടെ നിശ്വാസങ്ങള്‍ തട്ടിപ്പഴകിയ മച്ചുകള്‍, വര്‍ണച്ചില്ലുജാലകങ്ങള്‍... പള്ളിക്ക് ചുറ്റും സെമിത്തേരിയാണ്. 1860-ല്‍ നിര്‍മിച്ച ഈ പള്ളിയുടെ സെമിത്തേരിയില്‍വെച്ചാണ്, ഇ.എം. ഫോസറ്ററുടെ 'എ പാസ്സേജ് ടു ഇന്ത്യ'യുടെ പ്രശസ്തമായ ചില ഭാഗങ്ങള്‍ ഐതിഹാസിക സംവിധായകന്‍ ഡേവിഡ് ലീന്‍ ചിത്രീകരിച്ചത്. പാതി കാടുമൂടിയ ആ സെമിത്തേരിയിലെ കല്ലറകളില്‍ ഒന്നര നൂറ്റാണ്ടാണ് ഉറങ്ങുന്നത്.

പള്ളിമുറ്റത്തിനോട് ചേര്‍ന്ന് പുല്‍ക്കാടിന് നടുവില്‍ ഉയരത്തിലുള്ള ഒരു സ്തംഭത്തിന് താഴെ ഗുഡ്‌വിന്റെ കല്ലറ സ്വാമിജി ചൂണ്ടിക്കാണിച്ചുതന്നു. ജോസയ്യ ഗുഡ്‌വിന്‍ ഓഫ് ഇംഗ്ലണ്ട് ജേര്‍ണലിസ്റ്റ് എന്നെഴുതിയ ആ കല്ലറയില്‍ അദ്ദേഹം സ്വാമി വിവേകാനന്ദന്റെ സ്റ്റെനോഗ്രാഫറായിരുന്നു എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.ഗുഡ്‌വിന്‍ മരിച്ചപ്പോള്‍ വിവേകാനന്ദന്‍ എഴുതിയ കവിത കല്ലറയുടെ ഒരു വശത്തായി വായിക്കാം.
നൂറ്റിയിരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ചെറുതായി മഴപെയ്യുന്ന ജൂണിലെ ഏതോ സമയത്ത്, ആരൊക്കെയോ ചേര്‍ന്ന്, ശോഷിച്ച് ഭാരം കുറഞ്ഞ ശരീരം ഇവിടെ കൊണ്ടുവന്നിരിക്കാം. ആ മരണത്തില്‍ വിലപിക്കാന്‍ ബന്ധുക്കളോ ഉറ്റ സുഹൃത്തുക്കളോ ഉണ്ടായിരുന്നിരിക്കില്ല. അടക്കവും പ്രാര്‍ഥനയും കഴിഞ്ഞ് അവര്‍ പിരിഞ്ഞിരിക്കാം.അപ്പോള്‍, ഈ പള്ളിയിലെ മണിനാദംകേട്ട് അങ്ങ് ദൂരെ ഹിമാലയത്തില്‍ അല്‍മോറയില്‍ ഒരു കാഷായധാരിയുടെ കണ്ഠമിടറിയിരിക്കാം- സന്ന്യാസിക്കും അതിജീവിക്കാന്‍ സാധിക്കാത്ത ജന്മാന്തരബന്ധങ്ങളേയും സൗഹൃദങ്ങളേയും ഓര്‍ത്ത്.
ഇന്നത്തെപ്പോലെ സഞ്ചാര സൗഹൃദമുള്ള കാലമായിരുന്നെങ്കില്‍ വിവേകാനന്ദന്‍ ഈ കല്ലറയ്ക്ക് മുന്നില്‍ വന്നുനിന്നേനെ; കാഷായത്തില്‍നിന്നും രണ്ട് തുള്ളി കണ്ണുനീര്‍ കല്ലറയില്‍ പൊഴിഞ്ഞേനേ.
ഒന്നേകാല്‍ നൂറ്റാണ്ട് പഴക്കമുള്ള ആ കല്ലറയ്ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ ആലോചിച്ചുപോയത് മനുഷ്യന്റെ സഞ്ചാരങ്ങളെക്കുറിച്ചും അന്തിമ വിധിയെക്കുറിച്ചുമായിരുന്നു. ഇംഗ്ലണ്ടില്‍ ജനിച്ച്, ധൂമകേതുവിനെപ്പോലെ പാഞ്ഞുകത്തി, അമേരിക്കയില്‍ സ്വാമി വിവേകാനന്ദന് ശിഷ്യപ്പെട്ട്, ഒടുവില്‍ 27-ാം വയസ്സില്‍ ഊട്ടിയില്‍വെച്ച് പനിപിടിച്ച് മരിച്ച് ഇവിടെയുറങ്ങുന്നു ഒരു മനുഷ്യന്‍. ഒരു പക്ഷേ, ഇരുപത്തിയേഴാം വയസ്സാവുമ്പോഴേയ്ക്കും അദ്ദേഹത്തിന്റെ ജന്മ നിയോഗം തീര്‍ന്നിരിക്കണം. അത്തരം ഒരു യൂറോപ്യന് ഉറങ്ങാന്‍ ഏറ്റവും നല്ല സ്ഥലം ഊട്ടി തന്നെയാണ്. തണുപ്പും ഏകാന്തതയും കാട്ടുപുഷ്പങ്ങളുടെ ഗന്ധവും ഗുഡ്‌വിന്റെ നിത്യനിദ്രയ്ക്ക് കാവല്‍നില്‍ക്കുന്നു.
സ്ഥാപകന്റെ ആത്മമിത്രം നിത്യനിദ്രയിലാണ്ടുകിടക്കുന്ന ഈ പള്ളിയുമായി ശ്രീരാമകൃഷ്ണാശ്രമം ഇപ്പോഴും നല്ല ബന്ധം പുലര്‍ത്തുന്നു.ഗുഡ്‌വിനെക്കുറിച്ചറിയുന്ന അപൂര്‍വം ചിലര്‍ വല്ലപ്പോഴും ഇവിടെയെത്തും. വിവേകാനന്ദന്റെ ജന്മദിനമായ ജനവരി 12-ന് കുട്ടികള്‍ രാമകൃഷ്ണാശ്രമത്തിലെ സന്ന്യാസിമാരുടേയും പള്ളിയിലെ പുരോഹിതരുടേയും നേതൃത്വത്തില്‍ ഇവിടെ വന്ന് പൂക്കള്‍ അര്‍പ്പിച്ച് പ്രാര്‍ഥിച്ച് മടങ്ങുന്നു. അപ്പോള്‍, ഗുഡ്‌വിനിലൂടെ വിവേകാനന്ദനും വിവേകാനന്ദനിലൂടെ ഗുഡ്‌വിനും ഓര്‍ക്കെപ്പെടുന്നു.
രാത്രിയില്‍, ഊട്ടിയുടെ ആകാശത്ത് നിറയെ നക്ഷത്രങ്ങളായിരുന്നു. തണുപ്പിന്റെ മറയിലൂടെ അവ കൂടുതല്‍ തിളങ്ങി. ജീവബന്ധങ്ങളേയും ജന്മവിധിയേയുമോര്‍ത്ത് കിടക്കവേ ഞാന്‍ വീണ്ടുമെന്തിനോ സന്ന്യാസിമാമനേയും എന്റെ അച്ഛന്റെ അമ്മയേയും ഓര്‍ത്തു. കടുകെണ്ണ മണക്കുന്ന കാഷായത്തിന്റെ പാളല്‍ ഓര്‍ത്തു. എത്രയെത്ര ദൂരങ്ങളിലേക്കും ഏതൊക്കെ ഇടങ്ങളിലേക്കുമാണ് അവ എന്നെ കൊണ്ടുപോകുന്നത്! വാസനാബദ്ധമായ ജന്മബന്ധങ്ങള്‍; അതിലൂടെ തുടരുന്ന ജീവിതവും അന്വേഷണങ്ങളും. എല്ലാറ്റിന്റേയും പൊരുളുകള്‍ക്കപ്പുറം എന്താണ് എന്ന് മാത്രം അറിയില്ല. അതറിയാതെ ഇങ്ങനെ പോകുന്നതാണ് അതിന്റെയൊരു രസം.
Content Highlights: Goodwin's role on Swami Vivekananda's life
Published: 11 Oct 2023, 12:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented