പത്മരാജന്റെ 'മൂന്നാംപക്കം' എന്ന സിനിമ ഒരിക്കലും ഒരു പ്രണയചിത്രമല്ല. ഒരപ്പൂപ്പനും കൊച്ചുമോനും തമ്മിലുള്ള ഒരപൂർവ സ്നേഹത്തിന്റെ കഥ പറയുന്ന സിനിമയാണത്. എങ്കിലും ഈ ചിത്രത്തിലും ഒരു കാമുകനുണ്ട്. ഒരു പക്ഷേ, ജയറാമിന്റെ കാമുകവേഷങ്ങളിൽ ഇത്രമാത്രം നിഷ്‌കളങ്കത നിറഞ്ഞ മറ്റൊരു കാമുകനുണ്ടാവില്ല. പിൽക്കാലത്ത് ജോഡിപ്പൊരുത്തം തികഞ്ഞ നായികമാരൊത്തുള്ള ജയറാമിന്റെ പ്രണയസിനിമകൾ വെള്ളിത്തിരയിൽ ധാരാളം ഉണ്ടായെങ്കിലും 'മൂന്നാംപക്ക'ത്തിലെ ഭാസിയോളം സൗന്ദര്യം അവയ്ക്കൊന്നിനുമില്ലെന്ന് തോന്നിയിട്ടുണ്ട്.

ഭാസ്‌കരൻ എന്ന ഭാസി (ജയറാം), അവന്റെ ഭദ്ര (കിർത്തി സിങ്). രണ്ടുപേരും മാതാപിതാക്കൾ അടുത്തില്ലാതെ വളർന്നവർ. അപ്പൂപ്പന്മാർ കൂട്ടുള്ളവർ. ബാംഗ്ലൂരിൽ മെഡിസിന് പഠിക്കുന്ന ഭാസി, മൂന്ന് കൂട്ടുകാർക്കൊപ്പം നാട്ടിൽ അപ്പൂപ്പന്റെ അടുത്തേക്ക് വരികയാണ്. ആറ് വർഷത്തിനുശേഷം. അവിടെയാണ് അവന്റെ ഭദ്രയുമുള്ളത്.

അപ്പൂപ്പന്മാരുടെയും സഹായികളുടെയും ചങ്ങാതിമാരുടെയുമൊക്കെ കണ്ണുവെട്ടിച്ച്, ചീട്ടുകളിക്കിടയിൽ ജീരകവെള്ളം കുടിക്കാനെന്നുപറഞ്ഞ് അകത്തേക്ക് ചെല്ലുകയാണ് ഭാസി. അകത്ത് ഭദ്രയുണ്ട്. അവളുടെ ഓരോ പുതിയ ഫോട്ടോയും കിട്ടുമ്പോൾ അവൾ കൂടുതൽ സുന്ദരിയായി വരികയാണല്ലോയെന്ന് തോന്നാറുണ്ടെന്നും അവളെക്കാണാനാണ് ഇപ്പോൾ വന്നതെന്നും അവൻ പറയുന്നു. അവളും അപ്പൂപ്പനുമായിരുന്നു അവന്റെ ലോകം.

പിന്നീട് അപ്പൂപ്പൻ ആ വീടും സ്വത്തുക്കളും അവന്റെ പേരിലേക്ക് മാറ്റിക്കഴിയുമ്പോൾ ഈ വീടിനി നശിച്ച് പോവുമല്ലോയെന്ന് ഭദ്ര കളി പറയുന്നു. അപ്പോൾ അവൻ പറയുന്നുണ്ട്: വയസ്സാവുമ്പോൾ ഇവിടുത്തെ ഹോസ്പിറ്റലിൽ അവൻ ചീഫ് ഡോക്ടറായി ചാർജെടുക്കും. സന്ധ്യയ്ക്ക് അപ്പൂപ്പനെപ്പോലെ ഉമ്മറത്തിരുന്ന് ചീട്ടുകളിക്കും. അപ്പോൾ ഈ അമ്മൂമ്മ എനിക്ക് ജീരകവെള്ളം കൊണ്ടുത്തരും. അത്ര സിംപിളായിരുന്നു ഭാസി. അവന് സ്നേഹിക്കാൻ മാത്രമേ അറിയുമായിരുന്നുള്ളൂ.

ഭദ്രയുടെ അച്ഛന്റെയും അമ്മയുടെയും ഇപ്പോഴത്തെ വിശേഷം ചോദിച്ചറിഞ്ഞശേഷം അവളുടെ ഏകാന്തതയേയും മനസ്സിലെ ദു:ഖത്തേയും ഭാസി തിരിച്ചറിയുന്നുണ്ട്. അപ്പോൾ അവൻ പറയുന്നതിതാണ്: 'ഞാൻ എപ്പോഴും കൂടെയുണ്ടെന്ന് വിചാരിക്കണം. കൂടെയുണ്ടല്ലോ' എന്ന് പറഞ്ഞ് അവന്റെ കുട്ടിക്കാലത്തെ ഒരു ഫോട്ടോ പേഴ്സിൽ നിന്നെടുത്ത് ഭദ്ര കാണിക്കുന്നു. 'അയ്യേ, ഇതിലെന്റെ മങ്ങിണി കാണാം' എന്ന് നാണത്തോടെ പറയുന്ന ജയറാമിനെക്കാണാൻ എന്തു ഭംഗിയാണ്. അപ്പോൾ ഭദ്ര പറയും: 'ഭാസ്‌കരേട്ടന്റെ ഒരുപാട് ഫോട്ടോകൾ എന്റടുത്തുണ്ട്. പക്ഷേ, ഈ ഫോട്ടോയിലെ കുഞ്ഞിന്റെ കണ്ണുകളിലെ ഇന്നസെൻസ് ഉണ്ടല്ലോ. അതവിടെ നിന്നിപ്പോഴും മാഞ്ഞിട്ടില്ല'. ശേഷം താമരക്കിളി പാടുന്നു എന്ന പാട്ട്. പാട്ടിലൂടെ അവരുടെ പ്രണയം.
 

കിളിപ്പാട്ടു വീണ്ടും നമുക്കെന്നുമോർക്കാം
വയൽമണ്ണിൻ ഗന്ധം നമുക്കെന്നും ചൂടാം
പൂത്തിലഞ്ഞിക്കാട്ടിൽ തൂവെയിലിൻ നടനം
ആർത്തു കൈകൾ കോർത്തു നീങ്ങാം
ഇനിയും തുടർക്കഥയിതു തുടരാൻ....

ഭാസിയുടെ പ്രണയത്തിൽ കാമുകന്റെ കാർക്കശ്യങ്ങളില്ല. ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ ടോക്സിസിറ്റി ഒട്ടും ഇല്ല. അവൻ അടിമുടി സ്നേഹമായിരുന്നു. ആ സ്നേഹത്തെയാണ് കടലെടുത്തത്. ഭദ്രയുടെ കൈകോർത്ത് ആർത്തുല്ലസിച്ച് പാടാൻ, തുടർക്കഥ തുടരാൻ ഭാസി ബാക്കിയുണ്ടായില്ല. അതവന്റെ അവസാനത്തെ ആഘോഷമായിരുന്നു.

കൊച്ചുമോന്റെ ലോകത്തേക്ക് അപ്പൂപ്പനുംകൂടി പോകുന്നിടത്താണ് സിനിമ അവസാനിക്കുന്നത്. പക്ഷേ, കഥ അവിടെ തീരുന്നില്ലല്ലോ. കാരണം ഭാസ്‌കരേട്ടനില്ലാതെ ഭദ്ര ജീവിക്കുമോ? ആ കടലും നിശബ്ദതയും ഒറ്റപ്പെടലും ഭദ്ര അതിജീവിക്കുമോ? അതിജീവിക്കുമായിരിക്കും. കാരണം ഭാസി പറഞ്ഞതുപോലെ അവൻ കൂടെയുണ്ടെന്ന് കരുതി ഭദ്ര ശേഷംകാലം ജീവിക്കുമായിരിക്കും.