'ഏഴ് രാത്രികളും ഏഴ് പകലുകളും നീണ്ട കൊടിയ പീഡനങ്ങൾക്കൊടുവിൽ അവരെനിക്ക് ശബ്ദം തിരികെത്തന്നു. നിന്നോട് സംസാരിക്കരുതെന്ന വ്യവസ്ഥയിൽ. നിന്നോട് സംസാരിക്കാനല്ലെങ്കിൽ പിന്നെ എനിക്ക് ശബ്ദമെന്തിന്?' ഈ സംഭാഷണം ഏത് ചിത്രത്തിലേതാണെന്ന് മനസ്സിലായോ? പി.പത്മരാജന്റെ 'ഞാൻ ഗന്ധർവ്വൻ'.
ഏതൊരു പെണ്ണും ആഗ്രഹിച്ചുപോകുന്ന ഒരു ഗന്ധർവ്വകാമുകൻ. അത് നിധീഷ് ഭരദ്വാജ് എന്ന നടൻ അനശ്വരമാക്കി. പണ്ട് സുവോളജി പരീക്ഷയ്ക്ക് തവളയെ കീറുമ്പോൾ ഞാൻ ആത്മാർത്ഥമായി ആഗ്രഹിച്ചിട്ടുണ്ട് അങ്ങനൊരു ഗന്ധർവ്വൻ വന്നെങ്കിലെന്ന്.
ശാപം കിട്ടി ഭൂമിയിലേക്കെത്തിയ ആ ഗന്ധർവ്വൻ ഭാമയെ(സുപർണ)സ്നേഹിച്ചത് മറന്നുകളയാനല്ല. സ്വർഗലോകത്ത് കാത്തിരിക്കുന്ന ഏത് കൊടിയ ശിക്ഷകളും അവൾക്കുവേണ്ടി ഏറ്റുവാങ്ങാൻ അയാൾ തയ്യാറാണ്. ഭൂമിയിലെ അവസാനത്തെ പെണ്ണാണ് ഭാമയെന്നും ഇനി തനിക്ക് ഒരു പെണ്ണിനെയും കാണേണ്ടെന്നും അയാൾ പറയുന്നു.
സ്വർഗത്തേക്കാൾ എത്ര മനോഹരമാണ് ഈ ഭൂമിയെന്നും സ്വർഗത്തിലെ അപ്സരസുകളേക്കാൾ സുന്ദരികളായ പെൺകുട്ടികൾ ഭൂമിയിലുണ്ടെന്നും വിഡ്ഢികളായ ദേവന്മാർക്കറിയില്ലെന്ന് പറഞ്ഞ് അയാളവളെ സ്നേഹം കൊണ്ട് മൂടുന്നു. പാറപോലും ഉരുകും വിധം അതിമനോഹരമായി പാടുന്നു. വേഷം മാറുന്നു, കളി പറയുന്നു, കുസൃതി കാട്ടുന്നു. മുത്തിന്നുളിലൊളിക്കുന്ന പൂമാരനായി പാലപ്പൂവുകൾക്കിടയിലൂടെ ഒരു ചിത്രശലഭമായി അയാൾ കടന്നുവരുന്നു.
സാധാരണചലച്ചിത്രങ്ങളിൽ ശ്രദ്ധിച്ചിട്ടില്ലേ? സുന്ദരിയായ നായികയുടെ വരവ്, പിന്നണിയിൽ പാട്ട്, നേർത്ത കാറ്റ്, പാറുന്ന മുടിയിഴകൾ...അങ്ങനെയങ്ങനെ. എന്നാൽ ഈ സിനിമയിൽ അതിസുന്ദരിയായ സുപർണയെയല്ല അങ്ങനെ പരിചയപ്പെടുത്തുന്നത്. അതിസുന്ദരനായ ഗന്ധർവ്വകാമുകനെയാണ്. അപ്പോൾ നേർത്ത കാറ്റടിക്കുന്നു, പാലപ്പൂവിന്റെ മനംമയക്കുന്ന ഗന്ധം. ആദ്യം കാണിക്കുന്നത് അയാളുടെ തോളിനുതാഴെ കൈയുടെ ഒരു വശമാണ്, ആഭരണമണിഞ്ഞത്, പാറിപ്പറക്കുന്ന മുടിയിഴകൾ. പെട്ടെന്ന് അയാളെ കാണാതായി, ഒരു കൊച്ചു ചിത്രശലഭമാകുന്നു. പിന്നീട് ജീൻസും ഷർട്ടുമണിഞ്ഞ് ചിരിച്ചുകൊണ്ട് പ്രത്യക്ഷപ്പെടുന്നു.
സൂര്യവെളിച്ചം കാണാത്ത, ചന്ദ്രവെളിച്ചം മാത്രമുള്ള രാത്രികൾ, ആശ്ലേഷിക്കാനായി ചുട്ടുപഴുത്ത ലോഹപ്രതിമകൾ, രക്തവും പാമ്പും പഴുതാരയും വമിക്കുന്ന തറ, ചാട്ടവാറടികൾ...ശിക്ഷകളോരോന്നായി അശരീരിയായി വന്നറിയിച്ചപ്പോഴും അവളെ മറക്കാൻ മാത്രം അയാൾ തയ്യാറായിരുന്നില്ല. ആ ശിക്ഷകളെ അതിജീവിക്കാൻ അയാൾക്ക് അവളുടെ ഓർമ മാത്രം മതിയായിരുന്നു.
സല്ലാപമേറ്റുണർന്ന വാരിജങ്ങളും ശുഭരാഗിയാം നവനീതചന്ദ്രനും, നിറവും വെളിച്ചവും പകർന്ന അവരുടെ അനുരാഗത്തിന് അവസാനമില്ലായിരുന്നു. എന്നിട്ടും അയാൾക്ക് അവളെ വിട്ട് പോകേണ്ടിവരുന്നു. ഭാമയുടെ മനസ്സിലെ മഞ്ഞുതുള്ളി ഓർമ പോലെ കാഴ്ചക്കാരുടെ മനസ്സിലും ഒരു തുള്ളി നോവായി ഗന്ധർവ്വൻ ബാക്കിയാകുന്നു.
ചിത്രശലഭമാകാനും മാനാകാനും മയിലാകാനും അവളുടെ ചുണ്ടിലെ ചുംബനമാകാനും ഒരു നിമിഷാർദ്ധം പോലും ആവശ്യമില്ലാത്ത ഗഗനചാരിയായ അയാൾ ഒരു മായക്കാഴ്ച പോലെ മോഹിപ്പിക്കുന്നു. ഒരു കവിത പോലെ, വായിച്ചുമറന്ന മുത്തശ്ശിക്കഥപോലെ ഗന്ധർവ്വകാമുകൻ എന്നെ മോഹിപ്പിച്ചുകൊണ്ടേയിരിക്കുന്നു. അന്നെത്തെപ്പോലെത്തന്നെ ഇന്നും.
Content Highlights: column on evergreen heroes in malayalam cinema-7
Published: 07 May 2025, 11:13 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented