2013-ൽ ഒരു നല്ല ഓർമ്മ വെറുതെ ഒന്ന് എഴുതിവച്ചതാണ്, വർഷങ്ങൾക്കിപ്പുറം ഇപ്പോൾ വെളിച്ചം കാണുന്നത്. പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ 'ഞാൻ ഗന്ധർവ്വൻ' എന്ന പത്മരാജൻ അങ്കിളിന്റെ ചിത്രത്തിൽ അഭിനയിക്കുന്നത് വരെ 'ഗന്ധർവ്വൻ' എന്ന ഈ പദം പണ്ടെപ്പോഴൊക്കെയോ കേട്ടിട്ടുണ്ടെങ്കിലും, അതിന്റെ പൊരുൾ ഞാൻ മനസിലാക്കിയിരുന്നില്ല. ശെരിക്കും പറഞ്ഞാൽ പത്മരാജൻ അങ്കിൾ പറഞ്ഞിട്ട് അദ്ദേഹത്തിന്റെ സന്തതസഹചാരി മോഹൻദാസേട്ടൻ വീട്ടിൽ വന്നു വിളിക്കുന്നത് വരെ ഗന്ധർവ്വന്മാർ എനിക്കു അന്യമായിത്തന്നെ നിന്നു. അതിസുന്ദരനും, അനിർവചനീയമായ ശബ്ദത്തിന് ഉടമയുമായിട്ടുള്ള സംഗീതജ്ഞർ ഇന്ദ്രമായാതന്ത്രജാലകങ്ങളിൽ കേമന്മാരത്രേ. അറിഞ്ഞപ്പോൾ ആദ്യം കുശുമ്പ് തോന്നിയത് ഉർവ്വശി-രംഭ- തിലോത്തമമാരോട്.

ദേവസഭകളിൽ നൃത്തം ആടുമ്പോൾ അവർക്കു പാടാൻ ഈ ഗന്ധർവന്മാരുണ്ടല്ലോ? സൂര്യചന്ദ്രന്മാരെപ്പോലെയോ, പാലും വെണ്ണയും പോലെയോ നൃത്ത-സംഗീതത്തെ വേർതിരിച്ചു കാണാനാകില്ല. ഒന്ന് മറ്റൊന്നിനോട് ചേർന്നുനിൽക്കുമ്പോൾ മാത്രമാണ് താള-ലയ-ഭാവങ്ങൾ സംഗമിക്കുന്നത്. നൃത്തത്തിന് സംഗീതം കൂടിയേ തീരു, മറിച്ചില്ലെങ്കിലും. ഇപ്പൊ പിന്നെ റിയാലിറ്റി സ്റ്റേജ് പരിപാടികളിലും നൃത്തകോലാഹലം നിർബന്ധമാണല്ലോ? നൃത്തം ഒരു ഉപാസനയായി കാണുന്ന എന്നെ പോലെ പലർക്കും അതിന്നു അനുയോജ്യരായിട്ടുള്ള വായ്പ്പാട്ടുകാരെ കണ്ടെത്തുക എന്നുള്ളത് ഒരു ഭാരിച്ച പണിതന്നെയാണ്.

കാലഗതിക്കനുസരിച്ച് ഈ കാലഘട്ടങ്ങളിൽ ലൈവ് ഓർക്കസ്ട്രയിൽ നിന്നും സി.ഡി. അവതരണത്തിലേക്കു കുതിച്ചോടുന്നവരെ അങ്ങനെ അങ്ങ് കുറ്റം പറയാൻ സാധിക്കില്ല. ഒരർത്ഥത്തിൽ ഈ കുതിച്ചോട്ടം കലയുടെ ആത്മാവിൽ നിന്നുമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ദേവലോകത്തു ഇന്ദ്രന്റെ സദസ്സിൽ ദേവജനങ്ങളെ സന്തോഷിപ്പിക്കാനായി പാടുന്ന ഈ ഗന്ധർവന്മാർ ദേവന്മാരുടെ ശാപത്തെ തുടർന്ന് ഭൂമിയിൽ എത്തി, സംവത്സരങ്ങൾ ഇവിടെ കഴിയേണ്ടിവരും എന്നതായിരുന്നു പദ്മരാജൻ അങ്കിളിന്റെ 'ഞാൻ ഗന്ധർവ്വൻ' എന്ന ചിത്രത്തിന്റെ ആധാരകഥ.

എന്റെ ബാല്യകാല സുഹൃത്തും, അമ്മേടെ നൃത്തവിദ്യാലയത്തിലെ വിദ്യാർത്ഥിനിയുമായ മാതു എന്ന മാധവിക്കുട്ടീടെ അച്ഛൻ എന്നല്ലാതെ പദ്മരാജൻ അങ്കിളിനെ കുറിച്ച് എനിക്കു വേറെ ഒന്നും അറിയില്ലായിരുന്നു. മാതുവിന്റെ വീട്ടിലെ ബാൽക്കണിയിൽ തന്റെ താടിരോമങ്ങൾ തടവിയൊതുക്കുന്ന ഗൗരവമേറിയ ആ മുഖത്ത് എന്നെ കാണുമ്പോൾ പടരുന്ന ചെറുപുഞ്ചിരിയുമാണ്-അതാണ് മാതുവിന്റെ അച്ഛൻ-അദ്ദേഹത്തെ കുറിച്ച് ഓർക്കുമ്പോൾ ആദ്യം ഓടി എത്തുന്ന മധുരോർമ്മ.
 

'നൊമ്പരത്തിപ്പൂവ്' എന്ന ചിത്രം ചെയ്യുമ്പോൾ പദ്മരാജൻ എന്ന എഴുത്തുകാരനെ കുറിച്ചോ, സംവിധായകനെ കുറിച്ചോ മനസ്സിലാക്കാൻ ഉള്ള പ്രായം എനിക്കില്ല. അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം ലാലു അലക്‌സ്-മാധവിയുടെ മകളായി ബുള്ളറ്റിൽ ചാടി കേറി ഇരുന്നപ്പോഴും, തലമുടി ഇറുക്കി വാരിക്കെട്ടി എന്നെ വേദനിപ്പിച്ചപ്പോഴും, കൊഞ്ഞനം കുത്താൻ പറഞ്ഞപ്പോഴും മഹത്തായ അഭിനയകല കാഴ്ചവയ്ക്കുകയാണ് എന്നായിരുന്നു എന്റെ വിചാരം.

നടിയെന്നനിലയിൽ എന്റെ ആത്മാർഥത നിറഞ്ഞുകവിഞ്ഞ ഒരു രംഗം ഇന്നും എന്റെ ഓർമയിൽ നിറഞ്ഞു നിൽക്കുന്നത്-ഒരു ബൈക്ക് അപകടം വരെ ഒരു ലോങ്ങ് ഷോട്ടിൽ ചിത്രീകരിക്കുന്നു. ആ ലോങ്ങ് ഷോട്ടിൽ അപകടത്തിൽപെട്ടു മരിച്ച മകളായി, തിക്കിലും തിരക്കിലും പെട്ട് മരിച്ച എന്നെയും കൊണ്ട് മോഹൻദാസേട്ടൻ ഓടുമ്പോൾ, ആ രംഗത്തെ ശബ്ദകോലാഹലത്തിലൂടെ മാത്രം ആവിഷ്‌കരിച്ചു സംവിധായകൻ മനോഹരമാക്കിയപ്പോൾ, ഇതൊന്നും അറിയാതെ ശ്വാസം അടക്കിപ്പിടിച്ച് മരണം തകർത്തഭിനയിച്ചു എന്നിലെ അഭിനേത്രി. വല്ലപ്പോഴും ആ രംഗം വീണ്ടും കാണുമ്പോൾ എന്റെ ആത്മാർത്ഥ അഭിനയത്തെ, ചെറു പുഞ്ചിരിയോടെ ഞാൻ പ്രകീർത്തിക്കാറുണ്ട്.

ഗന്ധർവനിൽ എത്തുമ്പോൾ കൗമാരപ്രായത്തിൽ മറ്റേതു കുട്ടിക്കും തോന്നുന്നത് പോലെ, ഗന്ധർവ്വനെ അടുത്തുകാണാമല്ലോ എന്നൊരിളക്കം മനസ്സിനെ വല്ലാതെ ബാധിച്ചിരുന്നു. ആ മോഹഘനം കാരണം തന്നെ പദ്മരാജൻ എന്ന മഹാപ്രതിഭയുടെ പേരും പ്രശസ്തിയും ഞാൻ അറിയാതെ പോയി.

എന്റെ ചെറുപ്രായത്തിൽ തന്നെ അദ്ദേഹത്തിന്റെ രണ്ടു സിനിമകൾ ഞാൻ ചെയ്‌തെങ്കിലും പിൽക്കാലത്തു സിനിമയുടെ വ്യാപ്തിയും വിസ്തീർണവും മനസ്സിലാക്കിയപ്പോൾ, അദ്ദേഹം ഇല്ലാത്ത സിനിമാലോകം എന്റെ കലാജീവിതത്തിൽ ഒരു തീരാനഷ്ടം തന്നെയാണ് എന്ന് തോന്നിയിട്ടുണ്ട്. എന്നാലും എപ്പോഴൊക്കെയോ ആ ഗന്ധർവ്വന്റെ നിറഞ്ഞ അനുഗ്രഹം എന്നോടൊപ്പം ഉണ്ടെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.

ശ്രീകൃഷ്ണനായി അഭ്രപാളികളിൽ ജീവിച്ച നിതീഷ് ഭരദ്വാജ് ആണ് ഗന്ധർവ്വനിലെ നായകൻ എന്നറിഞ്ഞ ഞാൻ പിന്നെ സാക്ഷാൽ കൃഷ്ണനോട് പരീക്ഷയ്ക്ക് ജയിപ്പിക്കണേ എന്ന് പ്രാർഥിക്കുന്നതിനുപകരം ഈ സിനിമയിൽ അഭിനയിക്കാൻ സാധിക്കണമേ എന്നാണ് പ്രാർഥിച്ചത്. പത്താം ക്ലാസ് എന്ന മഹാകടമ്പ കടക്കേണ്ട സമയം, കോൺവെൻറ്റ് വിദ്യാർത്ഥി, സ്‌കൂളിന്റെ 100% മേൽക്കൊയ്ത്ത്, നൃത്തപരിപാടികൾ, പോരാത്തതിന് സംസ്ഥാന സ്‌കൂൾ കലോത്സവം എന്നിങ്ങനെ ഒട്ടേറെ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു മുമ്പിൽ. നിങ്ങൾക്ക് തോന്നും ഇതൊക്കെ ഒരു പ്രശ്‌നമാണോ എന്ന്. ഒരു വിദ്യാർത്ഥിക്ക് അതും വിദ്യാഭ്യാസവും കലാപ്രവർത്തനങ്ങളും ഒന്നിച്ചു കൊണ്ടുപോവുക എന്നുള്ളത് ഞാണിൻ മേൽകളി തന്നെയാ സത്യം! അത് പിന്നെ സ്‌കൂൾ, കോളേജ് കഴിഞ്ഞും, കല്യാണം കഴിഞ്ഞും, എന്തിനു എന്റെ മോൾ ഉണ്ടായിട്ടും എന്റെ പഠിത്തവും കലയും ഒന്നിച്ചു തന്നെയാ ഇന്നും കൊണ്ടുപോയിക്കൊണ്ടിരിക്കുന്നത്.
 

വീട്ടിൽ പദ്മരാജൻ അങ്കിളിന്റെ ചിത്രം, അപ്പൊ അനുവാദം കിട്ടി. ആശ്വാസം. ഇനീപ്പോ സ്‌കൂളിൽ എന്ത് പറയും? ഒരുപാടു തല പുകച്ചില്ല. കാര്യം നല്ല വെടിപ്പായി തന്നെ അവതരിപ്പിച്ചു. പഠനത്തിൽ വീഴ്ചവരുത്തില്ല എന്ന ഉറപ്പിൽ അവിടെ നിന്നും കിട്ടി അനുവാദം. വേറെ എന്തിനേക്കാളും നിതീഷ് മാത്രമായിരുന്നു പ്രാധാന്യം. എന്റെ സമപ്രായക്കാരുടെ മുമ്പിൽ വീരവാദം പറയാനും, അങ്ങ് ബോംബയിൽ നിന്നു എന്നെ കാണാൻ വരുന്ന കൃഷ്ണന്റെ കഥകൾ അവരോട് പറഞ്ഞുല്ലസിക്കാനും ഉള്ള അവസരം. ഒന്നും ചിന്തിച്ചില്ല ഞാൻ കൃഷ്ണന്റെ മുമ്പിൽ കൈകൂപ്പി നിന്നു.

നായികയുടെ അനിയത്തിയാത്രെ ഞാൻ! സുപർണ്ണയുടെ വശ്യമായ സൗന്ദര്യത്തെ പല മാഗസിനുകളിലും, നേരിട്ടും കണ്ടപ്പോ എന്റെ മനസ്സിൽ അങ്കിൾ പറഞ്ഞ വാക്കുകൾ ആയിരുന്നു. സുപർണ്ണയുടെ പോലെ തന്നെയാ വിന്ദുജയുടെ മൂക്കുതാടി. അതിലെ ദ്വന്ദ്വാർത്ഥം ഞാൻ മാത്രം മനസ്സിലാക്കി 'സുപർണ്ണയെ പോലെ തന്നെ വിന്ദുജയും സുന്ദരി തന്നെ'. അതുകൊണ്ട് തന്നെ പത്രങ്ങളും മാഗസിനുകളും അവരുടെ സൗന്ദര്യത്തിനെ വാനോളം സ്തുതിച്ചപ്പോൾ എന്റെ മനസ്സും നിറഞ്ഞു.

ഒന്നുരണ്ടു ചെറിയ സീനുകൾ എടുത്തു. എം.ജി.സോമൻ അങ്കിൾ, സുലക്ഷണ ആന്റി, ഫിലോമിന ആന്റി, സുപർണ്ണ എന്നിവരുടെ കൂടെ. എന്നിട്ടും എന്റെ കൃഷ്ണാ നിന്നെ കണ്ടില്ലല്ലോ? അങ്ങനെ എല്ലാം ഒന്ന് കരയ്ക്ക് അടുപ്പിക്കുമ്പോൾ അതാ വരുന്നു വില്ലൻ. സിനിമയിലെ വില്ലനെക്കാൾ ആവേശത്തോടെ എന്നെ വസൂരി വലിഞ്ഞുമുറുക്കി. ആരെയും കാണാതെ ഒരു മുറിക്കുള്ളിലെ ജീവിതം എത്ര കഠോരം എന്ന് തിരിച്ചറിഞ്ഞ ദിവസങ്ങൾ. ഹോ! ഓർക്കാൻ പോലും ഇഷ്ടമില്ല ആ ദിവസങ്ങൾ. ആരോ പറയുന്നത് കേട്ടു ദേവിയുടെ കടാക്ഷം അനുഗ്രഹമായി വരുന്നതാണ് വസൂരിയെന്ന്. ഒറ്റയ്ക്ക് ഒരു മുറിയിലെ ശൂന്യതയിൽ നിന്നു രക്ഷപെടാൻ ആരെങ്കിലും പണ്ട് പറഞ്ഞു ഉണ്ടാക്കിയതാണെങ്കിലും അനുഭവത്തിൽ അനുഗ്രഹം എനിക്കുണ്ടായി. തിരക്കഥയിൽ എനിക്കായി എഴുതീട്ടുള്ള എല്ലാ സീനുകളിലും അഭിനയിക്കാൻ കഴിഞ്ഞില്ലെങ്കിലും, വസൂരിക്കലയുള്ള മുഖവുമായി ഞാൻ വീണ്ടും അഭിനയിക്കാൻ എത്തി.

പിന്നെ എപ്പോഴാ അബുദാബിയിലുള്ള എന്റെ വലിയമ്മാവൻ പറഞ്ഞറിഞ്ഞ ഒരു കാര്യമുണ്ട്. സിനിമ ഇറങ്ങിയപ്പോൾ സഹോദരിയുടെ മകളുടെ അഭിനയപാടവം കാണാനുള്ള ആവേശത്തിൽ കൂടെ ജോലിചെയ്യുന്നവരെയും കൂട്ടി തിയേറ്ററിൽ സിനിമ കണ്ട കഥ. നാലോ അഞ്ചോ സീനുകളിൽ മാത്രം പ്രത്യക്ഷപ്പെടുന്ന മരുമകൾ. അതും വസൂരിക്കലയുള്ള മുഖത്തോടെ. പാവം വലിയമ്മാവൻ കൈയിലെ കാശും പോയി മാനവും പോയി.

എന്തൊക്കെയാണെങ്കിലും എന്റെ പ്രാർത്ഥന കേൾക്കാൻ കൃഷ്ണൻ മറന്നില്ല. തൃശ്ശൂര് ഹൈവേ റോഡിൽ ആകാശവാണി നിലയത്തിനോടടുത്തുള്ള ഒരു വഴിയിൽ ഒരു വലിയ മരമുണ്ടായിരുന്നു. ഏതു മരമെന്നു ഓർമയില്ല. പക്ഷേ കരവിരുതനായ കലാസംവിധായകൻ രാജീവ് അഞ്ചൽ ആ മരത്തിനെ മണമില്ലാത്ത ഒരു പാലപ്പൂ മരമായി മാറ്റിയിരുന്നു. യൂണിറ്റിലെ പല അംഗങ്ങളെ പോലെ ഞാനും വിശ്വസിച്ചു അതൊരു പാലമരമാണ് എന്ന്. സ്ഥലത്തു വച്ച് ഭാമേച്ചിന്നു വിളിച്ചു ഓടിവരുന്ന ഞാൻ. അതാണ് ഷോട്ട്.

പക്ഷേ ഞാൻ കണ്ടത് ജീൻസും പാന്റും ലൈറ്റ് കളർ ഷർട്ടും ധരിച്ചു കൃഷ്ണൻ - സാക്ഷാൽ നിതീഷ് ഭരദ്വാജ്. കാലിൻമേൽ കാൽ കയറ്റിവച്ചു സഹസംവിധായകൻ പറഞ്ഞു കൊടുക്കുന്ന സംഭാഷണം മനഃപാഠമാക്കുന്നു. പക്ഷേ എന്ത് കൊണ്ടോ എനിക്കൊരു ആവേശവും ആഹ്‌ളാദവും തോന്നിയില്ല. കൃഷ്ണന്റെ ആടയാഭരണങ്ങൾ, വേഷഭൂഷാദികൾ, മയിൽപീലി ഇല്ലാത്തതു കൊണ്ടാണോ? ഒന്നുപോയി സംസാരിക്കാൻ പോലും മടി തോന്നി. നിജത്തിനും മായയ്ക്കും ഉള്ള വ്യത്യാസം ആദ്യമായി തിരിച്ചറിഞ്ഞത് പോലെ. എന്നാലും സ്റ്റിൽ ഫോട്ടോഗ്രാഫർ സുനിൽ ഗുരുവായൂരിനോട് വാങ്ങി അദ്ദേഹത്തിന്റെ ഒരു ചിത്രം ചോദിച്ചുവാങ്ങി. ഇന്നും ഭദ്രമായി ഞാൻ സൂക്ഷിച്ചു വച്ചിട്ടുണ്ട് ആ മനോഹരചിത്രം. ക്യാമറാമാൻ വേണുവേട്ടൻ, സോമൻ അങ്കിൾ, നല്ലൊരു നർത്തകിയായ സുലക്ഷണ ആന്റി, ഫിലോമിന ആന്റി, ഗണേശേട്ടൻ, പിന്നെ നമ്മുടെ ഇന്ദ്രൻസേട്ടനെയും പരിചയപ്പെടാൻ സാധിച്ചു. നാന വേണുവേട്ടനിലൂടെ ആദ്യമായി നടി എന്ന നിലയിൽ എന്റെ ചിത്രം നാന മാസികയിൽ അച്ചടിച്ചു വന്നു എന്നുകൂടി ഞാൻ ഓർക്കുന്നു.

placeholder
ഡോ.വിന്ദുജാ മേനോൻ

മലയാളസിനിമയുടെ മഹാപ്രതിഭകളിൽ ഒരാളായ പദ്മരാജൻ അങ്കിളിന്റെ രണ്ടു ചിത്രത്തിൽ അഭിനയിച്ചു. തൃശ്ശൂരിൽ നിന്നും തിരിച്ചു തിരുവനന്തപുരത്തേക്ക് കെഎസ്ആർടിസി ബസ്സിൽ അച്ഛനോടൊപ്പം പുറപ്പെടുമ്പോ എന്റെ കൊച്ചു മനസ്സ് നിറയുന്നുണ്ടായിരുന്നു. രാത്രിയിലെപ്പോഴോ വല്ലാത്തൊരു മുഴക്ക ശബ്ദം തുടർച്ചയായി കേട്ടപ്പോ ഉറക്കത്തിൽ പോലും ഞാൻ എണീറ്റു. അച്ഛന്റെ വലതു നെറ്റിയിൽ ഉണ്ണിയപ്പ വലിപ്പത്തിൽ ഒരു മുഴ. ഇരുന്ന സീറ്റിനോട് ചേർന്നുള്ള സ്റ്റീൽ ബാറിൽ തട്ടി തട്ടി ഒത്തൊരു വലിപ്പമുള്ള മുഴ.

നെറ്റിയിൽ കൈവച്ചു തടവിയപ്പോൾ അച്ഛൻ പറഞ്ഞു, 'ഗന്ധർവ്വൻ എന്നിൽ കൂടി മോളെ, കണ്ടില്ലേ എനിക്കു തന്ന സമ്മാനം. നിന്നെ അവിടെനിന്നും കൊണ്ടുവന്നപ്പോ എനിക്ക് തന്ന ശിക്ഷയാ ഈ മുഴ.' പിന്നെയെപ്പോഴോ 'ഗന്ധർവ്വൻ കൂടിയ പെണ്ണ്' എന്ന് കെട്ടിയവൻ കളിയാക്കിയപ്പോൾ അറിയാതെയെങ്കിലും ഞാൻ ഓർത്തു ഗന്ധർവ്വൻ കൂടിയിരുന്നെങ്കിൽ.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi