
പാതിയില്‍ പൊലിഞ്ഞുപോയ സ്വപ്നത്തെക്കുറിച്ച്, ഒരിക്കല്‍ രാധാലക്ഷ്മി പത്മരാജന്‍ ഇങ്ങനെ എഴുതി :
രാത്രി, പതിനേഴാമത്തെ
കാറ്റുവീശാന്‍ തുടങ്ങിയപ്പോള്‍
സ്നേഹിച്ചു മതിയാവാതെ,
താലോലിച്ചു മതിയാവാതെ,
ജീവിച്ചു മതിയാവാതെ,
ഏതോ ഒരു ശാപത്തിന്റെ
ഊരാക്കുടുക്കില്‍പ്പെട്ട് ഈ
ഭൂമിയേയും സമസ്ത
ചരാചരങ്ങളേയും
വിട്ടുപിരിയേണ്ടിവന്ന എന്റെ
ഗന്ധര്‍വന്‍...
സ്നേഹത്തിന്റെ ഗീതമുതിര്‍ത്തുകൊണ്ട് ഓണാട്ടുകരയില്‍നിന്ന് വടക്കുംനാഥന്റെ ദേശത്തെത്തിയ ഗന്ധര്‍വനെക്കുറിച്ച്, ഈ ഭൂമിയിലൊരിടത്ത് നിന്റെ കുഴിമാടത്തിനടുത്ത് ഇത്തിരി മണ്ണ് കണ്ടെത്തി വിശ്രമിക്കണം എന്നെഴുതിവെച്ച ഗന്ധര്‍വനെക്കുറിച്ച് അവര്‍ക്കങ്ങനെയേ ഓര്‍ക്കാനാവൂ.
സ്‌നേഹത്തിന്റെ തണുപ്പേറ്റ നാളുകള്‍
പൂജപ്പുരയിലുളള വീട്ടിലേക്ക് കയറുമ്പോള്‍ ആദ്യം കണ്ണില്‍പ്പെടുക മതിലുകളില്‍ പടര്‍ത്തിയ വള്ളിച്ചെടികളാണ്. ''നോക്കുന്നിടമെല്ലാം പച്ചച്ചിരിക്കണം, അതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. ഒരിക്കല്‍ മൂന്നാറില്‍ ഷൂട്ടിങ്ങിനുപോയി തിരിച്ചുവന്നത് ഒരു ചാക്കുനിറയെ വള്ളിച്ചെടിയുമായിട്ടായിരുന്നു. അത് മതിലില്‍ പടര്‍ത്തി. പക്ഷേ, ഇതിങ്ങനെ പടര്‍ന്നതുകാണാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല'', രാധാലക്ഷ്മി പറഞ്ഞു. ഇരുപത്തിയാറ് വര്‍ഷങ്ങളുടെ സ്നേഹവും പ്രണയവും പകര്‍ന്നുനല്‍കിയാണ് പത്മരാജന്‍ മടങ്ങുന്നത്.
വീട്ടിലേക്ക് കയറുമ്പോള്‍ പത്മരാജന്റെ ജീവന്‍ തുടിക്കുന്ന ചിത്രമാണ് നമ്മളെ സ്വാഗതം ചെയ്യുക. ''തൃശ്ശൂര്‍ ആകാശവാണിയിലൂടെയാണ് ഞങ്ങള്‍ പരിചയപ്പെടുന്നതും അടുക്കുന്നതും. 1965 ഏപ്രില്‍ 21-നാണ് ഞാന്‍ ആകാശവാണിയില്‍ ജോയിന്‍ ചെയ്യുന്നത്. 26-ന് ചുരുണ്ടമുടിയും വെളുത്തനിറവും മയങ്ങുന്ന കണ്ണുകളുമുള്ളൊരു ചെറുപ്പക്കാരനുമെത്തി, പത്മരാജന്‍. അവിടുന്നാണ് ഞങ്ങളുടെ സൗഹൃദം തുടങ്ങുന്നത്. പത്മരാജനും ഞാനും കോളേജ് കഴിഞ്ഞിറങ്ങിയതേയുള്ളൂ. ഞാനെപ്പോഴും കലപിലാ മിണ്ടിക്കൊണ്ടിരിക്കും. നാട്ടിലെയും വീട്ടിലെയും വിശേഷങ്ങളെല്ലാം പറയും. പത്മരാജന്‍ ഇതൊക്കെ കേള്‍ക്കുന്നുണ്ടോ എന്നുപോലും അറിയില്ല. അതിനിടയിലെപ്പോഴോ ഞങ്ങള്‍ പ്രണയമറിഞ്ഞു. വിരഹമറിഞ്ഞു. എല്ലാം കഴിഞ്ഞ് വിവാഹവും. 1970 മാര്‍ച്ച് 24-നായിരുന്നു വിവാഹം. അവിടുന്നങ്ങോട്ട് 21 വര്‍ഷങ്ങള്‍ക്കുശേഷമുള്ള മറ്റൊരു 24-ാം തീയതി വരെ ഞാന്‍ ജീവിച്ചത് ഏതോ സ്വര്‍ഗ്ഗത്തിലായിരുന്നു.'' രാധാലക്ഷ്മി ഓര്‍മകളിലേക്ക് ഇറങ്ങിച്ചെന്നു. 1991 മാര്‍ച്ച് 24-നാണ് പത്മരാജന്‍ മരിക്കുന്നത്.
''വിവാഹം വരെയുള്ള നാളുകളില്‍ കത്തുകളിലൂടെയാണ് ഞങ്ങള്‍ വിശേഷങ്ങള്‍ പങ്കുവെച്ചിരുന്നത്.
'നിനക്കായി ഒരു സമ്മാനം ഞാന്‍ തരുന്നുണ്ട്. ഒരു മഞ്ചാടിക്കുരു' എന്നൊരിക്കല്‍ അദ്ദേഹമെഴുതിയപ്പോള്‍ 'ആ മഞ്ചാടിക്കുരു സ്ഫടികപ്പാത്രത്തിലിട്ടു സൂക്ഷിക്കും' എന്ന് ഞാന്‍ മറുപടിയും എഴുതിയതാണ്.
''കുഞ്ഞുങ്ങളുണ്ടായപ്പോള്‍ അദ്ദേഹത്തിന് സെന്റിമെന്റ്്സ് ഒരുപാട് കൂടി. സ്നേഹത്തിന്റെ അങ്ങേയറ്റം. ആര്‍ക്കും പറഞ്ഞാല്‍ മനസ്സിലാവില്ല. പക്ഷേ, എല്ലാ പൂര്‍ണതയോടെയും ഞാനത് അനുഭവിച്ചറിഞ്ഞതാണ്. കുറച്ചുകാലമല്ലേ കുഞ്ഞുങ്ങളെ സ്നേഹിക്കാന്‍ പറ്റിയുള്ളൂ. അതുകൊണ്ടാവാം പപ്പനെയും മാതുവിനെയും ഭയങ്കര ഇഷ്ടമായിരുന്നു. അവരെ കണ്ടാല്‍ പിന്നെ എഴുത്തുമില്ല, വായനയുമില്ല. മറ്റൊരു കുട്ടിയായി മാറും''.
നവംബറിന്റെ നഷ്ടവും നാരായണിക്കുട്ടിയും
''ദേശാടനക്കിളികള്‍ കരയാറില്ല എന്ന സിനിമ മുതലുള്ള അടുപ്പമാണ് അദ്ദേഹത്തിന് മോഹന്‍ലാലുമായിട്ട്. ലാലിനെ ഭയങ്കര ഇഷ്ടമായിരുന്നു. ലാലിന് തിരിച്ചും. ഇദ്ദേഹം മരിച്ചശേഷം ലാലിന്റെ അമ്മ മിക്കവാറും എല്ലാ ആഴ്ചകളിലും ഇവിടെ വരുമായിരുന്നു. വരുമ്പോള്‍ എന്തെങ്കിലുമൊക്കെ കൊണ്ടുവരും. അതുപോലെ തന്നെയാണ് ജയറാമുമായുള്ള അടുപ്പവും. അമ്മേ എന്നും വിളിച്ച് ഇടയ്ക്കൊക്കെ ഫോണ്‍ ചെയ്യും ജയറാം. മോളുടെ കല്യാണത്തിന് ഗുരുവായൂരിലെ ചടങ്ങ് മുഴുവന്‍ നടത്തിയത് ജയറാമാണ്. ഒരു ലക്ഷം രൂപയാണ് അന്നെന്റെ കൈയില്‍ കൊണ്ടുത്തന്നത്,'' സ്നേഹം കൊണ്ട് എല്ലാവരെയും ബന്ധിപ്പിച്ച ആ ഗന്ധര്‍വന്റെ ഓര്‍മയിങ്ങനെ രാധാലക്ഷ്മിയിലൂടെ കടന്നുപോയി.

''അദ്ദേഹത്തിന്റെ എല്ലാ സിനിമകളും ഇഷ്ടമാണ്. എങ്കിലും 'നവംബറിന്റെ നഷ്ട'വും 'ശാലിനി എന്റെ കൂട്ടുകാരി'യുമാണ് ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്നത്. 'ശാലിനി എന്റെ കൂട്ടുകാരി'യിലെ ശാലിനിയും 'നവംബറിന്റെ നഷ്ട'ത്തിലെ മീരയും എന്റെ കൂട്ടുകാരി നാരായണിക്കുട്ടിയുടെ ജീവിതത്തില്‍ നിന്നെടുത്തതാണ്. ഒന്നാം ക്ലാസ് മുതല്‍ ഗ്രാജ്വേഷന്‍ വരെ ഞങ്ങള്‍ ഒരുമിച്ചായിരുന്നു പഠിച്ചത്. തമിഴ്നാട്ടിലായിരുന്നു അവളുടെ കുടുംബം. അച്ഛന്‍ പോലീസുകാരന്‍. തെറ്റുകണ്ടാല്‍ ആരാണെന്നൊന്നും നോക്കാതെ ശിക്ഷിക്കും. അവര്‍ക്ക് ആറേഴ് മക്കളുണ്ടായിരുന്നു. അതില്‍ അവളും ചേട്ടനും ഒരു ജോലിക്കാരിയും കൂടിയാണ് പഠിക്കാന്‍വേണ്ടി ചിറ്റൂരിലേക്ക് വരുന്നത്. അവരവിടെ ഒരു വീടെടുത്ത് താമസിച്ചു. രാമേട്ടനെന്നായിരുന്നു ആ ചേട്ടനെ വിളിച്ചിരുന്നത്.
ഞാന്‍ അക്കാലത്ത് വോളിബോളിന്റെ ക്യാപ്റ്റനൊക്കെയായിരുന്നു. നാരായണിക്കുട്ടിയും വോളിബോള്‍ കളിക്കും. ഒരിക്കല്‍ ഇന്റര്‍ കോളേജിയറ്റ് ടൂര്‍ണമെന്റ് നടക്കുകയാണ്. വിക്ടോറിയ കോളേജും കോഴിക്കോട് പ്രൊവിഡന്‍സ് കോളേജും മെഡിക്കല്‍ കോളേജുമാണ് എതിര്‍ ടീമുകള്‍. ആദ്യത്തെ കളി മെഡിക്കല്‍ കോളേജുമായിട്ടായിരുന്നു. അതില്‍ ഞങ്ങള്‍ ജയിച്ചു. പക്ഷേ പ്രൊവിഡന്‍സിനോട് തോറ്റു. അതോടെ നാരായണിക്കുട്ടി കരയാന്‍ തുടങ്ങി. ടീച്ചര്‍മാരും ഞങ്ങളും സമാധാനിപ്പിച്ചിട്ടും കരച്ചില്‍ നിര്‍ത്തുന്നേയില്ല. രാമേട്ടന്‍ കളിയാക്കുമെന്നതായിരുന്നു അവളുടെ പ്രശ്നം. 'അതു സാരമില്ല, രാമേട്ടന് കുറേ മിഠായിയൊക്കെ വാങ്ങിക്കൊണ്ടുപോവാം', ഞാനവളെ സമാധാനിപ്പിച്ചു. അവള്‍ സ്റ്റോപ്പിലിറങ്ങി മിഠായി വാങ്ങി. വീട്ടിലേക്ക് കേറിച്ചെല്ലുമ്പോള്‍ കാണുന്ന കാഴ്ച, രാമേട്ടന്‍ തൂങ്ങിനില്‍ക്കുന്നതാണ്. 'ശാലിനി എന്റെ കൂട്ടുകാരി'യില്‍ വേണു നാഗവള്ളിയാണ് രാമേട്ടന്റെ കഥാപാത്രം ചെയ്തത്''.
നാല്പതുകളുടെ ആവര്‍ത്തനം
''നാല്പതുകളിലാണ് പത്മരാജന്റെ രണ്ട് ചേട്ടന്‍മാരും മരിക്കുന്നത്. ആദ്യം മരിക്കുന്നത് രണ്ടാമത്തെ ചേട്ടനാണ്. പട്ടാളക്കാരനായിരുന്നു. നാല്പത് വയസ്സേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് ജീവിതത്തിന്റെ ഭാഗമായി മാറി മരണം. അടുത്തത് മൂത്തചേട്ടന്‍. അത് നാല്പത്താറാമത്തെ വയസ്സിലായിരുന്നു. ചേട്ടന്‍ മരിച്ചശേഷം ഞങ്ങള്‍ വീട്ടിലേക്ക് കയറുമ്പോള്‍ അമ്മയുടെ വായില്‍നിന്ന് അറിയാതെ ഒരു വാചകം വീണു, 'രാധേ, നിന്റെ അവസ്ഥയും ഇതുതന്നെ' എന്ന്. എല്ലാ മക്കളും പോവുന്നു, അതുകൊണ്ട് ഭ്രാന്തമായ ഒരു അവസ്ഥയിലായിരുന്നു അമ്മ. അങ്ങനെ പറഞ്ഞതാണ്.
പിന്നീട് അദ്ദേഹത്തിനും നല്ല മരണഭയമുണ്ടായിരുന്നു. ഒറ്റയ്ക്ക് ഒരു മുറിയില്‍ കിടക്കുന്നതുപോലും പേടിയായിരുന്നു. ആദ്യമൊക്കെ കുറേക്കാലം സംവിധായകന്‍ അജയനായിരുന്നു കൂട്ട്. അജയന്റെ പടം കഴിഞ്ഞപ്പോള്‍ വേണുവോ ജോഷി മാത്യുവോ ആരെങ്കിലും മുറിയിലുണ്ടാവും, ഒറ്റയ്ക്ക് കിടക്കില്ല. രണ്ടാമത്തെ മരണത്തോടെ വീട്ടിലെല്ലാവര്‍ക്കും പേടിയായി. അക്കാലത്ത് പൂജകളും പ്രാര്‍ഥനകളുമായിരുന്നു ആശ്രയം. പക്ഷേ വിധിയെ തടുക്കാനാവില്ലല്ലോ...''
തടസ്സങ്ങളുടെ ഘോഷയാത്ര
''ഞാന്‍ ഗന്ധര്‍വന്‍ എന്ന സിനിമ തുടങ്ങുമ്പോഴേ ഓരോ തടസ്സങ്ങളായിരുന്നു. നായകനായ നിതീഷ് ഭരദ്വാജിനെ കാണാന്‍വേണ്ടിയുള്ള ആദ്യ ബോംബെ യാത്ര. പക്ഷിയിടിച്ചതിനാല്‍ വിമാനം പെട്ടെന്ന് താഴെയിറക്കേണ്ടിവന്നു. പിന്നീട് കാട്ടുമാടന്‍ നാരായണനെ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു, 'അശരീരികളെ, അതായത് നമ്മള്‍ കാണാത്ത, കേട്ടുമാത്രം പരിചയിച്ചവരെ തൊട്ടുകളിക്കരുത്. അതപകടമാണ്'. തടസ്സങ്ങള്‍ കണ്ടപ്പോള്‍ 'ഈ സിനിമ ചെയ്യണ്ടാ' എന്ന് ഞാനും പറഞ്ഞു. അദ്ദേഹം സമ്മതിച്ചില്ല, 'നിങ്ങളെന്ത് പറഞ്ഞാലും ഞാനവനെ കാച്ചാന്‍ പോവുകയാണെ'ന്ന് പറഞ്ഞു.
അതിനിടയില്‍ നായകനും നായികയ്ക്കും അസുഖങ്ങള്‍ വന്നു. നിര്‍മാതാവിനെ മാറ്റേണ്ടിവന്നു. നമുക്കിതെല്ലാം അന്ധവിശ്വാസങ്ങളാണ്. പക്ഷേ അനുഭവത്തില്‍ വരുമ്പോള്‍ ശരിയാണോ എന്ന് സംശയിച്ചുപോകും. ഫാന്റസിയുടെ ലോകത്തേക്ക് ഇറങ്ങിച്ചെല്ലാന്‍ നിശ്ചയിച്ച അദ്ദേഹം ഇക്കുറി സൂപ്പര്‍ നാച്വറല്‍ ശക്തികളുടെ അസാധാരണമായ സംഭാഷണരീതികളിലേക്ക് എത്തിനോക്കാനാണ് തീരുമാനിച്ചത്.
'സൂര്യസ്പര്‍ശമുള്ള പകലുകളില്‍, ഇനി നീ ഇല്ല. പകലുകള്‍ നിന്നില്‍നിന്നും ചോര്‍ത്തിക്കളഞ്ഞിരിക്കുന്നു. ചന്ദ്രസ്പര്‍ശമുള്ള രാത്രികളും. നിനക്കിനി ആകെയുള്ളത് ഇന്നത്തെ ഈ രാത്രി മാത്രം. ഇന്നത്തെ രാത്രി, രാത്രിയുടെ പതിനേഴാമത്തെ കാറ്റുവീശാന്‍ തുടങ്ങുമ്പോള്‍ നീ ഈ ഭൂമിയില്‍നിന്നും യാത്രയാകും. ഒരിക്കലും തിരിച്ചുവരവില്ലാത്ത യാത്ര-ഒന്നിനും നിന്നെ തിരികെ വിളിക്കാനാവില്ല. നീ സമ്മാനിച്ച രുദ്രാക്ഷം, ഈ നിമിഷം മുതല്‍ അവളുടെ കഴുത്തില്‍ ശക്തിഹീനമായ കറുത്ത പാഴ്ക്കല്ല്'- എന്ന് അദ്ദേഹം എഴുതിവെച്ചു. വരാന്‍പോകുന്ന വിപത്തിനെക്കുറിച്ച് തെല്ലുപോലും സംശയിക്കാതെ മോനും ഞാനും അദ്ദേഹത്തിന്റെ വരികളുടെ ഭംഗിയില്‍ അതീവസന്തുഷ്ടരായി. പതിവില്‍നിന്നും വിട്ട്, ആ തിരക്കഥ മുഴുവന്‍ സ്വന്തം ശബ്ദത്തിലദ്ദേഹം ടേപ്പിലാക്കി.
ഗന്ധര്‍വനായി മടക്കം
ഒടുവില്‍ എങ്ങനെയൊക്കെയോ പടം റിലീസായി. ആദ്യത്തെ ഒന്നുരണ്ടു ദിവസങ്ങളിലെ തിയേറ്റര്‍ റിയാക്ഷന്‍ നോക്കി, പടത്തിനിടയ്ക്ക് ജനങ്ങള്‍ക്ക് ഇഷ്ടപ്പെടാതെ വരുന്ന ഭാഗങ്ങള്‍ മുറിച്ചുമാറ്റുന്നൊരു പതിവുണ്ട്. 'ഞാന്‍ ഗന്ധര്‍വനി'ലെ ദേവാങ്കണങ്ങള്‍ എന്ന പാട്ടുസീന്‍ എടുത്തുകളയണം എന്ന് നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടു. സ്വന്തം ശരീരത്തിലെ ഒരുഭാഗം വെട്ടിമാറ്റിയതുപോലെയാണ് അതു കട്ട് ചെയ്തപ്പോള്‍ അദ്ദേഹത്തിന് തോന്നിയത്. വല്ലാത്ത മാനസികസമ്മര്‍ദത്തിലായിരുന്നു. അതിനിടയിലാണ് ഗുഡ്നൈറ്റ് മോഹന്‍ വിളിക്കുന്നത്, 'നായകനെയും കൂട്ടി എല്ലാ സിനിമാശാലകളിലും ഒന്നുപോയി വരാം'. അങ്ങനെ ജനുവരി 22-ന് വൈകുന്നേരം അദ്ദേഹം വീട്ടില്‍നിന്നിറങ്ങി. പിറ്റേദിവസം വിളിച്ചിരുന്നു. ശബ്ദത്തില്‍ ഒരുക്ഷീണം പോലെയുണ്ടായിരുന്നു. പിന്നീടൊരിക്കലും ആ ചുണ്ടുകള്‍ എന്നോടൊന്നും ഉരിയാടിയിട്ടില്ല. ആ മുഴങ്ങുന്ന ശബ്ദം ഞാന്‍ പിന്നെ കേട്ടിട്ടുമില്ല. അവസാനമായി മുതുകുളത്തേയ്ക്ക്, അദ്ദേഹത്തിന്റെ നാട്ടിലേക്കുള്ള യാത്രയില്‍ ഞാന്‍ വീണ്ടും ആ ശബ്ദം കേട്ടു. ഇക്കുറി അത് വേറെ ഏതോ ലോകത്തുനിന്നായിരുന്നു. ആ ശബ്ദത്തിന്റെ മാസ്മരികതയില്‍ ലയിച്ച് ഞാനിരുന്നു:
'ഞാന്‍, ഗന്ധര്‍വന്‍. ചിത്രശലഭമാകാനും മേഘമാലകളാകാനും പാവയാകാനും പറവയാകാനും മാനാകാനും മനുഷ്യനാകാനും- നിന്റെ ചുണ്ടിന്റെ മുത്തമാകാനും നിമിഷാര്‍ധം പോലും ആവശ്യമില്ലാത്ത ഗഗനചാരി'.
Content Highlights: director p padmarajan 78th birth anniversary may 23 radhalakshmi padmarajan
Published: 23 May 2023, 01:08 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented