
മഴയും പ്രണയവും എത്ര സുന്ദരമായാണ് പത്മരാജന്‍ സിനിമകളിലെ പാട്ടുകളില്‍ ഇഴചേരുന്നത്. മുന്തിരിത്തോട്ടങ്ങളുടെ കുളിരും മധുരവും കയ്പും ഇത്ര മനോഹരമായി മറ്റെവിടെ കാണാന്‍ കഴിയും. പാലപ്പൂവും മകരനിലാവും എത്രയോ കൗമാരക്കാരുടെ പ്രണയപ്രതീകങ്ങളായി. മേഘം പൂത്തുതുടങ്ങിയപ്പോള്‍ മഴ പെയ്തിറങ്ങിയത് ഒരുപാട് ക്ലാരമാരുടെയും ജയകൃഷ്ണന്‍മാരുടെയും മനസ്സിലേക്കാണ്. ആ മേഘപ്പെയ്ത്തില്‍ അവരുടെ പ്രണയം അടിമുടി നനഞ്ഞു. കാലങ്ങള്‍ക്കിപ്പുറവും ആ പ്രണയമേഘങ്ങള്‍ പൂത്ത് പുതിയ തലമുറകളിലേക്കും പെയ്തിറങ്ങിക്കൊണ്ടിരിക്കുന്നു. മുന്തിരിവള്ളികള്‍ തളിര്‍ക്കുന്നതും മാതളനാരകം പൂക്കുന്നതും നമ്മുടെ ഉള്ളില്‍ത്തന്നെയല്ലേ?
ആടിവാ കാറ്റേ, പാടി വാ കാറ്റേ
ആയിരം പൂക്കള്‍ നുള്ളി വാ
1983-ല്‍ പുറത്തിറങ്ങിയ കൂടെവിടെ എന്ന സിനിമയിലെ ഈ പാട്ട്. ജോണ്‍സണ്‍-ഒ.എന്‍.വി.കുറുപ്പ് കൂട്ടുകെട്ടിനൊപ്പം എസ്.ജാനകിയുടെ മനോഹരമായ ശബ്ദം. ആ ശബ്ദത്തിലൂടെ കാറ്റിനെയും അതിന്റെ കുളിരിനെയും എല്ലാ തീവ്രതയോടെയും അനുഭവിക്കാം, എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞാലും, എത്ര കാലം കഴിഞ്ഞാലും. കേള്‍ക്കുന്നവരുടെ മനസ്സും ആടുകയും പാടുകയും ചെയ്യുന്നു. 'കൂടെവിടെ'യിലെ തന്നെ മറ്റൊരു മനോഹരഗാനമാണ്
നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം. അതികാലത്തെഴുന്നേറ്റ് മുന്തിരിത്തോട്ടങ്ങളില്‍ പോയി മുന്തിരിവള്ളികള്‍ തളിര്‍ത്തു പൂവിടരുകയും മാതളനാരകം പൂക്കുകയും ചെയ്തുവോ എന്നുനോക്കാം. അവിടെവെച്ച് ഞാന്‍ നിനക്കെന്റെ പ്രേമം തരും...
പവിഴംപോല്‍ പവിഴാധരം പോല്‍
പനിനീര്‍ പൊന്‍ മുകുളം പോല്‍
നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ (1986) എന്ന സിനിമയിലെ എവര്‍ഗ്രീന്‍ ഹിറ്റ്. ഒ.എന്‍.വി.കുറുപ്പ്-ജോണ്‍സണ്‍ ടീമിന്റെ മറ്റൊരു മാജിക്. യേശുദാസിന്റെ ശബ്ദം കൂടിയാകുമ്പോള്‍ മറ്റെന്തുവേണം? മുന്തിരിവള്ളിപ്പടര്‍പ്പുകള്‍ക്കിടയില്‍ സോളമന്റെയും സോഫിയുടെയും പ്രണയവും പൂത്തുലയുന്നു. പുലര്‍കാലത്തെ മഞ്ഞില്‍ മാതളനാരകം തളിര്‍ ചൂടുന്നതും പൂക്കുന്നതും അനുഭവിച്ചറിയാം ഈ പാട്ടിലൂടെ.
വാനമ്പാടി ഏതോ തീരങ്ങള്‍ തേടുന്നു
വാനമ്പാടീ പോരൂ കാടെല്ലാം പൂത്തു
ദേശാടനക്കിളി കരയാറില്ല (1986) എന്ന സിനിമയ്ക്ക് ഏറെ പുതുകളുണ്ട് അവകാശപ്പെടാന്‍. അതുവരെ മലയാളസിനിമയില്‍ അങ്ങനെയൊന്നും കാണാത്ത പുതുമയേറിയ കഥാതന്തു തന്നെയാണ് ഒരു സവിശേഷത. സംഗീതസംവിധായകന്‍ രവീന്ദ്രന്‍ ആദ്യമായി പത്മരാജനോടൊപ്പം ഒരുമിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. അതിനൊപ്പം ഒ.എന്‍.വി കുറുപ്പ്-യേശുദാസ് ടീമും. വാനമ്പാടികള്‍ പോലെ പാറിനടന്ന രണ്ട് പെണ്‍കുട്ടികളുടെ കഥ. അപൂര്‍ണതയുടെ ഭംഗി നിലനിര്‍ത്തിക്കൊണ്ട് പത്മരാജന്‍ വീണ്ടും കണ്ണുകളെ ഈറനണിയിക്കുന്നു.
ഓരോ മഴ പെയ്യുമ്പോഴും, ആ പുതുമഴയില്‍ നനഞ്ഞുകുതിര്‍ന്ന് മണ്ണ് സുഗന്ധം പടര്‍ത്തുമ്പോഴും, ആ ഭ്രാന്തന്റെ ചങ്ങലക്കിലുക്കം കേള്‍ക്കുമ്പോഴും ക്ലാരയെ ഓര്‍മ വരുന്നുണ്ടാവാം ജയകൃഷ്ണന്. അല്ലെങ്കിലും ചില പ്രണയങ്ങളങ്ങനെയാണ്. അടിമുടി നനച്ചുകുതിര്‍ത്ത്, ഓര്‍മകള്‍ മാത്രം ബാക്കിയാക്കി അത് മടങ്ങും.
മേഘം പൂത്തുതുടങ്ങി
മോഹം പെയ്തുതുടങ്ങി
മേദിനി കേട്ടു നെഞ്ചില്‍ പുതിയൊരു താളം
തൂവാനത്തുമ്പികളിലെ (1987) ഈ മനോഹരഗാനത്തിനുപിന്നില്‍ പെരുമ്പാവൂര്‍ ജി.രവീന്ദ്രനാഥും ശ്രീകുമാരന്‍ തമ്പിയുമാണ്. ഒരൊറ്റ രാത്രി കൊണ്ടാണ് ഈ ഗാനം ശ്രീകുമാരന്‍ തമ്പി എഴുതിത്തീര്‍ക്കുന്നത്.
ഉണരുമീ ഗാനം ഉരുകുമെന്നുള്ളം
ഈ സ്നേഹലാളനം നീ നീന്തും സാഗരം
മൂന്നാംപക്കം (1988) എന്ന സിനിമയിലെ ഈ പാട്ട് ഇളയരാജ-ശ്രീകുമാരന്‍ തമ്പി ടീമിന്റേതാണ്. ഈ പാട്ടിലൂടെ മികച്ച ഗായകനുള്ള സംസ്ഥാനപുരസ്‌കാരം ജി.വേണുഗോപാല്‍ കരസ്ഥമാക്കി. ആ മുത്തശ്ശന്‍ എന്നോ കാത്തിരിപ്പ് തുടങ്ങിയതാണ്, വര്‍ഷങ്ങള്‍ക്കുമുമ്പ് കണ്ട കൊച്ചുമകനെ. പിന്നെയെപ്പോഴോ കടല്‍ ആ കൊച്ചുമകനെ കൊണ്ടുപോയപ്പോള്‍ മുതല്‍ വീണ്ടും മുത്തശ്ശന്‍ കാത്തിരിപ്പിലായി, മൂന്നാംപക്കം വരെ.
ദേവാങ്കണങ്ങള്‍ കൈയൊഴിഞ്ഞ താരകം
സായാഹ്നസാനുവില്‍ വിലോലമേഘമായ്
ഒരു മ്യൂസിക്കല്‍ ചലച്ചിത്രമാണ് 'ഞാന്‍ ഗന്ധര്‍വന്‍'(1991). ജോണ്‍സന്റെ സംഗീതവും കൈതപ്രത്തിന്റെ മനോഹരവരികളുമാണ് ഇതിലെ പാട്ടുകളുടെ ജീവനാഡി. ഈ പാട്ട് പാടിയിരിക്കുന്നത് യേശുദാസാണ്. ഹിന്ദുസ്ഥാനി സംഗീതത്തിലുള്ള ഗാനങ്ങള്‍ വേണമെന്ന് പറഞ്ഞുകൊണ്ടാണ് പത്മരാജന്‍ ജോണ്‍സണെ സമീപിച്ചത്. അപ്പോള്‍ ജോണ്‍സണ്‍ പറഞ്ഞു, 'എനിക്ക് ഹിന്ദുസ്ഥാനി സംഗീതം അറിയില്ല, ഞാന്‍ പഠിച്ചിട്ടുമില്ല. വേറെ ആരെയെങ്കിലും ഏല്‍പ്പിക്കുന്നതാവും നല്ലത്'. പക്ഷേ പത്മരാജന്‍ സമ്മതിച്ചില്ല. അങ്ങനെയാണ് ജോണ്‍സണ്‍ തന്നെ ഏറ്റെടുക്കുന്നത്.
Content Highlights: songs in padmarajan movies
Published: 23 May 2024, 01:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented