അക്കാലത്ത് വീട്ടുപേര് പറഞ്ഞ് മനുഷ്യരെ സൂചിപ്പിക്കുന്നത് കുറവാണ്, ജാതിപ്പേരാണ് മനുഷ്യരെ അടയാളപ്പെടുത്തുക. ദിശകളും അതേ ആവശ്യത്തിന് ഉപയോഗിക്കും. തെക്കേതിലെ, വടക്കേതിലെ എന്നൊക്കെ. പെരുന്നാന്മാരുടെ വീടിന്റെ വളവിന്റെ അടുത്ത്, പാടത്തിന്റെ അടുത്തുള്ള നായന്മാരുടെ, ഗൾഫിൽ പോയ തീയ്യന്റെ എന്നൊക്കെ കേൾക്കുന്നത് സ്വാഭാവികമാണ് അന്ന്. ആ ശീലം തുടരുന്ന അമ്മയും അമ്മമ്മയും ഒക്കെ അത്തരത്തിൽ തന്നെ ആളുകളെ സൂചിപ്പിക്കുന്നത് ഞങ്ങൾ അല്പം മുതിർന്നപ്പോൾ എതിർത്തിട്ടുണ്ട്. പറയുന്നത് പഴയ ഓർമ്മകൾ ആണല്ലോ, അക്കാലം അതുപോലെ ആവിഷ്‌കരിക്കുന്നതുകൊണ്ടാണ് അങ്ങനെ തന്നെ എഴുതുന്നത്. അതിലൊരു നീതികേടുണ്ടോ എന്ന സംശയത്തോടെ തന്നെ.

To advertise here,

പെരുങ്കൊല്ലമ്മാരോടൊത്തെ അപ്പുണ്ണീന്റെ രണ്ടാമത്തോള്, അതാണ് മണിക്കുട്ടി പ്രായമുള്ളവർക്ക്. എനിക്കും ചിത്രയ്ക്കും ഒക്കെ വെറും മണിക്കുട്ടിയും. ഉയരം കുറഞ്ഞ് തുടുത്ത പെൺകുട്ടിയായിരുന്നു അവൾ. നളിനിചേച്ചിയുടെ സമൃദ്ധമായ തലമുടി അവൾക്കും കിട്ടിയിരുന്നു. ഞങ്ങളുടെ നാലാം ക്ലാസ് വരെ മണിക്കുട്ടിയുടെ വീട്ടിൽ ചേച്ചിയും അച്ഛച്ഛനും അച്ഛമ്മയും അച്ഛന്റെ അനിയനായ കുട്ടിയച്ഛൻ എന്ന് അവളും, അതുകൊണ്ട് ഞങ്ങളും വിളിക്കുന്നയാളും മാത്രമാണ് ഉണ്ടായിരുന്നത്.

നളിനിചേച്ചിയും അപ്പുണ്ണി ഏട്ടനും ബാംഗ്ലൂർ ആയിരുന്നു. അവൾക്ക് താഴെയുള്ള അനിയൻ പൃഥ്വിരാജ് എന്ന മണിക്കുട്ടൻ അവരുടെ കൂടെയും. ദിവസവും അച്ഛച്ഛന്റെ ചീത്ത കേൾക്കുന്ന കുട്ടികളായിരുന്നു അവർ. ഉച്ചത്തിൽ ചിരിച്ചാൽ, ഉറച്ചു സംസാരിച്ചാൽ അയാൾ ഒച്ചയെടുക്കും. കുട്ടികളായ ഞങ്ങൾക്ക് അയാളെ പേടിയായിരുന്നു. അതേ പേടി കൊണ്ടായിരിക്കണം, അച്ഛമ്മയും അയാളോട് സംസാരിക്കാറില്ലായിരുന്നു. ഇടുങ്ങിയ ഒരു മുറിയിൽ ഒറ്റക്കെട്ടിലിൽ ഇരുന്ന് രണ്ടു പാളികളുള്ള ജനാലയുടെ ഒരു പാളി മാത്രം തുറന്നിട്ട് ബീഡി വലിച്ചു കൊണ്ട് ഞങ്ങളെ നോക്കിയിരിക്കുന്ന അയാളെ കാണുമ്പോൾ കുട്ടിക്കൂട്ടത്തിന്റെ ചിരി പെട്ടെന്ന് ഒതുങ്ങും. ആ കണ്ണിൽ പെടാത്ത ഭാഗത്തേക്ക് നീങ്ങിയിരുന്നാലേ പിന്നീട് ഞങ്ങൾക്ക് കളിക്കാൻ സാധിക്കുമായിരുന്നുള്ളൂ. അയാൾക്കുള്ള ഭക്ഷണം അച്ഛമ്മ ഹാളിലെ കട്ടിലിൽ വച്ചുകൊടുക്കും. വിളിച്ചില്ലെങ്കിലും അയാൾ വന്നു കഴിക്കും. അങ്ങനെ തമ്മിലൊരു വാക്കുപോലും മിണ്ടാതെ, എന്നാൽ കാര്യങ്ങളൊക്കെ അറിഞ്ഞും ചെയ്തും രണ്ടുപേരും ദീർഘകാലം ഒരേ വീട്ടിൽ ജീവിച്ചു. അത് എങ്ങനെയാണ് മനുഷ്യർക്ക് സാധിക്കുക എന്ന് എനിക്കിപ്പോഴും മനസ്സിലായിട്ടില്ല. അവർ തമ്മിൽ സ്‌നേഹം ആയിരുന്നോ? അതോ പരസ്പരം എല്ലാം അറിഞ്ഞുകൊണ്ടുതന്നെ അകന്നു നിൽക്കുകയായിരുന്നോ?

മണിക്കുട്ടി ആ വീട്ടിൽ പേടിച്ചാണ് കഴിഞ്ഞിരുന്നത് എന്ന് ഉറപ്പാണ്. പുറത്തിറങ്ങിയാൽ അവളുടെ മുഴുവൻ പ്രസരിപ്പും പുറത്തുവരും . കക്കുകളിയിലും കൊത്തങ്കല്ലിലും മണിക്കുട്ടിയെ തോൽപ്പിക്കാൻ പറ്റില്ല. അച്ഛച്ഛൻ വീട്ടിൽ ഉണ്ടെങ്കിൽ അവൾ കളിക്കാൻ വരില്ല. വിളിക്കാൻ ചെന്നാൽ കണ്ണുവെട്ടിച്ച് ഇറങ്ങി വരും, പിന്നെ വരാം പൊയ്‌ക്കോ എന്ന് അയാളുടെ ചീത്ത ഞങ്ങൾക്ക് കൂടി കിട്ടാതിരിക്കാൻ വെപ്രാളപ്പെടും.

അച്ഛനും അമ്മയും അടുത്തില്ലാത്തതിന്റെ സങ്കടങ്ങൾ മണിക്കുട്ടിയും ചേച്ചി മുത്തുവും കൊണ്ടുനടന്നിരുന്നോ എന്ന് എനിക്ക് അറിയില്ല. അത്രയൊന്നും ചിന്തിക്കാനുള്ള പ്രായമില്ലല്ലോ അന്ന്.

അതൊരു ഏപ്രിൽ ഒന്നായിരുന്നു. കരുതിയിരുന്നില്ലെങ്കിൽ കൂട്ടുകാരോ വീട്ടുകാരോ നമ്മളെ ദയയില്ലാതെ പറ്റിച്ചു കളയും. അബദ്ധം പറ്റിയ നമ്മൾ ജാള്യതയോടെ നിൽക്കുമ്പോൾ ക്രൂരമായി കളിയാക്കും. അതുകൊണ്ട് ഏപ്രിൽ ഫൂൾ ഞങ്ങളുടെ പേടിസ്വപ്നമായിരുന്നു. നാളെ ഏപ്രിൽ ഒന്നാണ്, സൂക്ഷിക്കണം എന്ന് എത്ര തവണ ഉരുവിട്ട് തലേദിവസം ഉറങ്ങാൻ കിടന്നാലും പിറ്റേന്ന് എണീറ്റ് വരുമ്പോഴേക്കും ഞങ്ങൾ അത് മറന്നുപോയിരിക്കും. ഒന്നുറങ്ങിയാൽ തീരുന്ന സങ്കടങ്ങളും പേടികളുമൊക്കെയേ അന്ന് ഉണ്ടായിരുന്നുള്ളൂ.

അങ്ങനെയൊരു ഏപ്രിൽ ഒന്നിന് ഞാൻ മണിക്കുട്ടിയെ പറ്റിക്കാൻ തീരുമാനിച്ചു. പതിവിലും നേരത്തെ ഉണർന്ന് അവളുടെ വീട്ടിലേക്ക് ഓടി. ഹാളിലെ കട്ടിലിൽ സുഖമായി ഉറങ്ങിക്കിടക്കുന്നവളെ അച്ഛച്ഛനും അച്ഛമ്മയും കേൾക്കാതെ തട്ടിയുണർത്തി. ഉറക്കച്ചടവിൽ മുന്നിൽ എന്നെ കണ്ടപ്പോൾ അവൾ ചിരിച്ചു.
'എന്താ ഇത്ര നേരത്തെ? മാങ്ങ പെറുക്കാൻ പോവാനാ?'

'അല്ല, വേം എണീക്ക് നളിനിചേച്ചിയും അപ്പുണ്ണിയേട്ടനും വരുന്നുണ്ട്. മോളിലെ തോട്ടത്തിലെത്തി, വേഗം വാ കാണിച്ചു തരാം'

ഞാൻ അവളുടെ കൈപിടിച്ചു വലിച്ചു. ഒറ്റ ചാട്ടത്തിന് പുതപ്പ് വലിച്ചെറിഞ്ഞ് അവൾ എന്റെ കൈപിടിച്ചു. കണ്ണിലെ ഉറക്കം മാഞ്ഞ് തിളങ്ങി. ആ ആവേശം കണ്ട നിമിഷം തന്നെ എനിക്ക് ഉള്ളു കാളി. ചെയ്തത് വലിയ തെറ്റായി എന്ന സങ്കടം എന്നെ അനങ്ങാൻ സമ്മതിച്ചില്ല. വീടിനു പുറത്തേക്ക് അവളെന്നെ വലിച്ചുകൊണ്ട് ഓടി. പറമ്പിന്റെ അതിരിൽ ചെന്ന് മുകളിലെ തോട്ടത്തിലൂടെയുള്ള ചവിട്ടു വഴിയിലേക്ക് നോക്കി.
'എവിടെ?'
അവൾ എന്നെ നോക്കി ആകാംക്ഷയോടെ ചോദിച്ചു.

'ഏപ്രിൽ ഫൂൾ' പറഞ്ഞൊപ്പിക്കാൻ ഞാൻ പാടുപെട്ടു. മണിക്കുട്ടി ഒന്നും പറഞ്ഞില്ല. മുഖം വാടി, ഒന്നും മിണ്ടാതെ നടന്നു വീട്ടിലേക്ക് കയറി പോയി. ഞാനാ നിൽപ്പിൽ കരഞ്ഞുപോയി. അവളാരോടും പരാതി പറഞ്ഞില്ല. ഇപ്പോഴും ഇത് ഞങ്ങൾക്ക് രണ്ടുപേർക്കേ അറിയൂ എന്നാണ് തോന്നുന്നത്.

അതിന്റെ പേരിൽ അവൾ എന്നോട് പിണങ്ങിയില്ല. അന്ന് ഉച്ചയ്ക്കും അരിഞ്ഞ മാങ്ങയിൽ മുളകും ഉപ്പും വെളിച്ചെണ്ണയും കുഴച്ചത് പൊടുവണ്ണിയിലയിൽ പൊതിഞ്ഞ് എന്നെ തിരഞ്ഞു വന്നു. സങ്കടത്തിൽ വീട്ടിലിരുന്നു പോയ എന്നെ ചോറും കൂട്ടാനും കളിക്കാം എന്ന് കളിമേളങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയി. സാരമില്ലെന്ന് പറയാതെ പറഞ്ഞു.

എന്റെ മണിക്കുട്ടിയുടെ കുട്ടിക്കാലത്തെ ഏറ്റവും വലിയ മുറിവിലാണ് അന്ന് ഞാൻ ഉപ്പ് പുരട്ടിയത്. അന്നത് അറിയില്ലായിരുന്നു, ആ മുറിവിന്റെ വേദന. ചെയ്തു പോയല്ലോ എന്ന് ഇപ്പോഴും നോവിക്കുന്നുണ്ട് അന്നത്തെ അവളുടെ മുഖം. അവൾ എന്നെ തല്ലിയിരുന്നെങ്കിലോ മിണ്ടാതെ നടന്നിരുന്നെങ്കിലോ കളിക്കാൻ വരണ്ട എന്ന് വിലക്കിയിരുന്നെങ്കിലോ ചെയ്ത തെറ്റിന്റെ ശിക്ഷയാണെന്ന് സമാധാനിച്ചേനെ. പക്ഷേ അവളത് ചെയ്തില്ല എന്ന് മാത്രമല്ല, ഒരിക്കലും എന്നെ നീക്കി നിർത്താൻ ശ്രമിച്ചില്ല. ആരെയും അതിനവദിക്കുകയും ചെയ്തില്ല.

മുറിഞ്ഞ കുട്ടിക്കാലത്തിന് മണിക്കുട്ടി എനിക്ക് കൂട്ടിരുന്നിട്ടേയുള്ളൂ. അതുകൊണ്ടാണ് വർഷങ്ങൾക്കുശേഷവും ഞാൻ അവളെ ഈ വിധം ഓർക്കുന്നത്. അത്രയും സ്‌നേഹത്തോടെ, അലിവോടെ.

ആ മുഴുവൻ സ്‌നേഹത്തോടെ അവളെ കെട്ടിപ്പിടിക്കണം എന്നുണ്ടായിരുന്നു അവസാനം കണ്ടപ്പോഴും. പക്ഷേ മുതിരുമ്പോൾ പരസ്പരം തൊടാനുള്ള മടി കൂടി നമ്മളോടൊപ്പം വളരുന്നുണ്ട്. കെട്ടിപ്പിടിക്കാൻ അനുവദിക്കാത്ത അദൃശ്യമായൊരു മതിൽ കൂടി നമ്മളൊക്കെ ഇടയിൽ കെട്ടിവയ്ക്കുന്നുണ്ട് എന്ന് തോന്നുന്നു. അതുകൊണ്ട്, ഈ അക്ഷരങ്ങൾ കൊണ്ട് ഞാൻ എന്റെ മണിക്കുട്ടിയെ മുറുക്കെ അണച്ചു പിടിയ്ക്കുന്നു. ഞാൻ തന്ന അന്നത്തെ വേദനയ്ക്ക് മാപ്പ് ചോദിക്കുന്നു. എന്റെ മുറിഞ്ഞ കുട്ടിക്കാലം നിന്നോട് കടപ്പെട്ടിരിക്കുന്നു മണിക്കുട്ടീ. നിനക്ക് അതറിയില്ലെങ്കിലും.

മണിക്കുട്ടി കഥകൾ തുടരും.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi