
സമൂഹത്തിലും മനുഷ്യമനസ്സിലുമുളള നിരവധി ശാരീരിക-മാനസികപ്രശ്‌നങ്ങളെ അടയാളപ്പെടുത്തുകയും പ്രമേയത്തിലും വിഷയാവതരണത്തിലും പുതുമ നിലനിർത്തുകയും ചെയ്യുന്ന കഥകളാണ് മിഥുൻ കൃഷ്ണയുടെ ‘ഭോഗവധം’ എന്ന സമാഹാരത്തിലുള്ളത്. നൂതനമായ ആശയങ്ങളും കാഴ്ചപ്പാടുകളും അവതരിപ്പിക്കുന്ന ഈ കഥകളിൽ പ്രമേയത്തെ പരോക്ഷമായി ദ്യോതിപ്പിക്കുന്ന തരത്തിലാണ് ശീർഷകങ്ങൾ നൽകിയിരിക്കുന്നത്.
'പാന്റി ഫെറ്റിഷിസം' എന്ന മാനസികവൈകല്യം വ്യക്തി ജീവിതത്തിലും സമൂഹത്തിലുമുണ്ടാക്കുന്ന പ്രശ്‌നങ്ങളാണ് 'ഭോഗവധം 'എന്ന കഥയിലെ മുഖ്യ പ്രമേയം. രാത്രിയിൽ സംഭ്രമത്തോടെ ഓടിക്കിതച്ച് വീട്ടിലെത്തുന്ന റെജിയെ അവതരിപ്പിച്ചുകൊണ്ടാണ് കഥ തുടങ്ങുന്നത്. പലതരത്തിലുള്ള ഇൻഫീരിയോരിറ്റി കോംപ്ലക്‌സുകൾ നിറഞ്ഞിരിക്കുന്ന ഇടമാണ് റെജിയുടെ മനസ്സ്. മറ്റുള്ളവരുടെ മുഖത്തുനോക്കി സംസാരിക്കാനുള്ള കഴിവില്ലായ്മ, എന്തോ ഒളിപ്പിക്കാനുള്ള വ്യഗ്രത, ഭയം ഇതെല്ലാം റെജിയുടെ സ്വഭാവത്തിൽ പ്രകടമാണ്. കുറിയവൻ എന്ന തോന്നൽ കാരണം സഹപാഠിയായ സജിഷയോട് തോന്നിയ പ്രണയം പോലും അയാൾ വെളിപ്പെടുത്തുന്നില്ല. 'പേടിത്തൊണ്ടൻ, എന്ന് മറ്റുള്ളവർ വിളിക്കുമ്പോഴും ഈ വൈകല്യം അയാളെ രാത്രിയിൽ പുറത്തിറങ്ങാൻ പ്രേരിപ്പിക്കുന്നു. കല്യാണം കഴിഞ്ഞ് രണ്ടു മാസം പൂർത്തിയാകുന്നതിനു മുന്നേ തന്നെ ഈ പ്രശ്‌നങ്ങൾ കാരണം ഭാര്യ രേഷ്മ സ്വന്തം വീട്ടിൽ പോയി നിൽക്കുകയാണ്. 'അവന് ഉറങ്ങാൻ കഴിയുന്നില്ല .അവൻ ഒരു വീടിന്റെ മുള്ളുവേലി ചാടി കടന്നു ' പിന്നാമ്പുറത്ത് തെളിഞ്ഞ വെളിച്ചത്തിലേക്ക് നോക്കി അയലിൽ വിരിച്ചിട്ട വസ്ത്രങ്ങൾ വാരിയെടുത്തു മണത്തു. സിരകളിൽ വിദ്യുത് പ്രവാഹം. കുളിരു കോരുന്നു. അതിൽ ചിലതെടുത്ത് അരയിൽ ചെരുതി. നാഭി തടത്തിൽ ചൂട് അരിച്ചു കയറി. ' ഇതെല്ലാം പാന്റി ഫെറ്റിഷിസത്തിന്റെ സൂചനകൾ നൽകുന്നു. ആരോ ഇരുട്ടത്ത് നിൽക്കുന്നത് കണ്ട് അയൽക്കാരനായ ഗണേശൻ ടോർച്ചടിച്ചു നോക്കുമ്പോൾ വേലിയിൽ കുരുങ്ങിക്കിടന്ന ഒറ്റ ചെരുപ്പ് കിട്ടുന്നുണ്ട്. അയാളുടെ ഭാര്യ ജയയും ഭയന്നുപോയിരുന്നു. എന്നാൽ നാണക്കേട് കാരണം അയാൾ പോലീസിനെ വിളിക്കുന്നില്ല. ഒറ്റച്ചെരുപ്പുമായി അയാൾ ചെരുപ്പ് കടയിൽ പോയി ചെറിയ ചെരുപ്പുകൾ ഇടുന്നവരുടെ ലിസ്റ്റ് എടുക്കുന്നു. തിരിച്ചുവരുന്ന വഴിയിൽ റെജിയെ കാണുകയും അവന്റെ ചെരുപ്പ് കാണുമ്പോൾ ചെരുപ്പിന്റെ ഉടമയെക്കുറിച്ച് മനസ്സിലാക്കുന്നു. റെജി അവിടെ നിന്നും ഓടി രക്ഷപ്പെട്ടതിനാൽ അയാൾ റെജിയുടെ വീട്ടിൽ എത്തി അവന്റെ അമ്മ ഗീതാമ്മയോട് മകനെക്കുറിച്ച് അന്വേഷിക്കുന്നു. എന്നിട്ട് അവന്റെ മുറിയിൽ കയറി അരിച്ചുപെറുക്കി ചെരുപ്പ് കണ്ടെത്തുന്നു. റെജിയെ കൊല്ലാൻ അരയിൽ വാക്കത്തിയുമായാണ് ഗണേശൻ നടക്കുന്നത്. റെജിയുടെ അച്ഛൻ ശിവാനന്ദൻ നായർ വാർഡ് മെമ്പറോട് സംസാരിക്കുമ്പോൾ റെജിക്ക് ഫെറ്റിഷിസം എന്ന അസുഖമാണെന്ന് പറയുന്നു. ഭാര്യ രേഷ്മയ്ക്ക് ആദ്യ രാത്രിയിൽ തന്നെ അവന്റെ സ്വഭാവം മനസ്സിലാകുന്നുണ്ട്.
ആദ്യമായി റെജിയുടെ മനസ്സിൽ ഈ പ്രശ്‌നം ഉണ്ടായത് വർഷങ്ങൾക്കു മുമ്പ് വിഷുപ്പുലരിയിൽ അവന്റെ അമ്മ ചൊല്ലി കേട്ട വരികളിൽ നിന്നാണ്. 'ബാല സ്ത്രീകടെ തുകിലും വാരിക്കൊണ്ട രയാലിൻ കൊമ്പത്തിരുന്നൊരോ ശീലക്കേടുകൾ പറഞ്ഞുo ഭാവിച്ചും നീലക്കാർവർണ്ണാ കണികാണാൻ' എന്ന വരികളാണ് സജിഷയെക്കുറിച്ചും കുളക്കടവിൽ അവളുടെ വസ്ത്രം കവർന്നുകാത്തിരിക്കുന്ന തന്നെ കുറിച്ചുമുള്ള ഇക്കിളിപ്പെടുത്തുന്ന ചിന്തകൾ അവനിൽ ഉണ്ടാക്കിയത്. രാവിലെ കണികാണിക്കാൻ പോകുന്ന സംഘത്തിനൊപ്പം സജിഷയുടെ വീട്ടിലും പോകണമെന്നും അവളുടെ മണമുള്ള വസ്ത്രം മോഷ്ടിക്കണമെന്നും അപ്പോൾ തന്നെ അവൻ ഉറപ്പിച്ചിരുന്നു. അന്ന് കിട്ടിയ അവളുടെ വസ്ത്രങ്ങൾ രഹസ്യമായി സൂക്ഷിക്കുകയും അവയെ തലോടുമ്പോഴും മണക്കുമ്പോഴും കിട്ടിയ ആനന്ദത്തിന് അയാൾ അറിയാതെ അടിമയായി തീരുകയും ചെയ്യുകയായിരുന്നു. ഈ സംഭവത്തിനു ശേഷം താൽപര്യം തോന്നുന്ന സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിച്ച് സുഖം കണ്ടെത്തുന്നത് പിന്നെ ഒരു പതിവാകുകയും ക്രമേണ അയാൾ പോലുമറിയാതെ ഈ സ്വഭാവത്തിന് അടിമയായി മാറുകയും ചെയ്തു.
ഗണേശൻ റെജിയുടെ വീട്ടിൽ വീണ്ടും വന്ന് മദ്യപിക്കുകയും മുറിയിൽ കയറി ഉറങ്ങുകയും ചെയ്തു. ആ സമയത്ത് ഗീതാമ്മ അയാൾ കിടന്ന റൂം അടച്ചുപൂട്ടി അയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആക്കി വയ്ക്കുന്നു. അപ്പോൾ ഒരാൾക്കൂട്ടം ഇവരുടെ വീട്ടിലേക് വരുകയും റെജിയെ അടിച്ച് മരത്തിൽ കെട്ടിവച്ചിരിക്കുകയാണെന്നും പച്ച ഈർക്കിൾ കയറ്റിയിട്ടുണ്ടെന്നും ആശുപത്രിയിലാണെന്നും പറയുന്നു. ഇതിനിടയിൽ ഗണേശൻ ബഹളമുണ്ടാക്കുകയും രണ്ട് മൂന്നു പേർ ചേർന്ന് അയാളെ തുറന്നുവിടുകയും ചെയ്യുന്നു. ഈ സംഭവത്തിനു ശേഷം ഒരു പക്ഷേ റെജിക്ക് കൃത്യമായ ചികിത്സ ലഭിച്ചേക്കാമെന്നും അയാളിൽ നിന്നും ഈ വൈകല്യം മാറിയിട്ടുണ്ടാകുമെന്നുമാണ് 'ഭോഗവധം'(ലൈംഗികതൃഷ്ണയുടെ നാശം) എന്ന ശീർഷകം സൂചിപ്പിക്കുന്നത്.
അടിവസ്ത്രങ്ങളുമായി ബന്ധപ്പെട്ട ഒരു ലൈംഗിക-മാനസിക പ്രശ്‌നമാണ് ഇന്നർഗാർമെന്റ് ഫെറ്റിഷിസം. ഇതിന്റെ ഉപവിഭാഗമായാണ് പാന്റീ ഫെറ്റിഷിസം വരുന്നത്. കൂടാതെ സ്റ്റോക്കിംഗ്, ബ്രാകൾ, ജെട്ടി എന്നിവ ഉൾപ്പെടെയുള്ള അടിവസ്ത്രങ്ങളോടുള്ള അമിതമായ ആസക്തിയേയും ഉത്തേജനത്തേയും (Paraphilia) സൂചിപ്പിക്കുന്നു. ഇത് ഒരു വ്യക്തിയുടെ ദൈനംദിന പ്രവർത്തനങ്ങളെയും ഭാര്യയുമായുള്ള ബന്ധത്തെയും സാമൂഹിക ഇടപെടലുകളെയുമെല്ലാം ബാധിക്കുന്നുണ്ട്. ഇതിനടിമയായ വ്യക്തി സാധാരണ ലൈംഗിക പ്രവർത്തനങ്ങളിൽ നിന്ന് വ്യത്യസ്തമായി സെക്ഷ്വൽ ഉത്തേജനത്തിനുവേണ്ടി അണ്ടർ ഗാർമെന്റ്‌സിൽ നിന്ന് ശാരീരിക സംതൃപ്തി അനുഭവിക്കുന്നു. പലപ്പോഴും ഉത്തേജനം ഉണർത്തുന്ന വസ്തുക്കൾ തൊടുന്നതിലൂടെയോ മണക്കുന്നതിലൂടെയോ കാണുന്നതിലൂടെയോ ഒക്കെയാണ് അവരിൽ ഇവർക്ക് ലൈംഗിക സംതൃപ്തി ലഭിക്കുന്നത്. എന്നാൽ ഇത് വളരെയധികം കുറ്റബോധവും ഉൽക്കണ്ഠയും ഉണ്ടാക്കുന്നു. പാവ്ലോവിന്റെ ക്ലാസിക്കൽ കണ്ടിഷനിങ് തിയറി അനുസരിച്ച് ഏതെങ്കിലും തരത്തിലുള്ള കണ്ടീഷനിങ് (ഉത്തേജനത്തിന് അനുയോജ്യമായ പ്രതികരണം) ആണ് ഇതിലേക്ക് നയിക്കുന്നത്. ഈ കഥയിൽ കുട്ടിക്കാലത്ത് ശ്രീകൃഷ്ണൻ സ്ത്രീകളുടെ ചേലകട്ടു കൊണ്ട് പോകുന്ന കാര്യം സ്വന്തം ജീവിതത്തിൽ അനുകരിക്കുകയും അത് പിന്നീട് ഇത്തരം ഒരു മാനസിക വൈകല്യത്തിലേക്ക് നയിക്കുകയുമാണ് ചെയ്യുന്നത്.
ലുണാറ്റിക്
ബാങ്കിൽ ജോലിയുള്ള പെണ്ണിനെ വിവാഹം കഴിച്ചാൽ കേരളത്തിലേക്ക് സ്ഥലം മാറ്റം കിട്ടാൻ എളുപ്പമായതുകൊണ്ട് ചേട്ടന്റെ വിവാഹം കഴിയുന്നതിന് മുന്നേ തന്നെ തനിക്ക് വിവാഹം കഴിക്കണമെന്ന് ബോംബെയിൽ ജോലിയുള്ള വാവ എന്നു വിളിക്കുന്ന അഖിൽ നിർബന്ധം പിടിക്കുന്നു. അതിൻ പ്രകാരമാണ് അവന്റെ അച്ഛനമ്മമാരായ ശശിയും സുമയും ബ്രോക്കറുമായി സംസാരിക്കുന്നതും ബാങ്കിൽ ജോലിയുള്ള ലൂണയുമായി വീഡിയോകോളിൽ പെണ്ണുകാണൽ ചടങ്ങ് നിശ്ചയിക്കുകയും ചെയ്യുന്നത്. പരമ്പരാഗത രീതികളെയും കാല്പ്പനിക സങ്കല്പങ്ങളെയും നിരാകരിക്കുന്ന രീതിയിലാണ് കഥാപാത്രങ്ങളുടെ അവതരണവും സംഭാഷണവും. പെണ്ണ് കാണൽ എന്ന് പറയുന്നുണ്ടെങ്കിലും യഥാർത്ഥത്തിൽ ആണ് കാണലാണ് നടക്കുന്നത്. നേരിൽ കാണാൻ പറ്റാത്തതു കൊണ്ട് വീഡിയോകോൾ ചെയ്യുന്ന അഖിൽ വിയർക്കുന്നുണ്ട്. 'തന്റെ വാടക മുറിയിൽ വാവ ഒരുങ്ങി നിന്നു. ശീതീകരിച്ച മുറിയിലും വിയർത്തുരുകി തുടങ്ങിയപ്പോൾ ഫേഷ്യൽ ക്രീമുകൾ ടിഷ്യൂ പേപ്പർ കൊണ്ട് തുടച്ചു. അവളാണ് ആദ്യം പരിചയപ്പെടുത്തുന്നതും ചോദ്യങ്ങൾ ചോദിക്കുന്നതും. അഭിപ്രായങ്ങൾ പറയാനും ഇഷ്ടാനിഷ്ടങ്ങൾ സ്വതന്ത്രമായി പ്രകടിപ്പിക്കാനും ലൂണ യാതൊരു മടിയും കാണിക്കുന്നില്ല.
'നിങ്ങൾ എന്താണ് വിയർക്കുന്നത് ? 'ഉണ്ണിക്കുടവയർ ഉണ്ടല്ലോ?' എന്നൊക്കെ അവൾ അവനോട് പറയുന്നുണ്ട്. കോൾ കട്ട് ചെയ്ത ശേഷം അവൻ അല്പം ഒരു ആശ്വാസത്തോടെ കട്ടിലിൽ പോയി വീണു. ഇതൊക്കെ കാല്പനിക സിനിമകളിലെ നായികമാരിലും ഒരു തലമുറ മുൻപുള്ള സ്ത്രീകളിലും കണ്ടിരുന്ന വികാരപ്രകടനങ്ങൾ ആണ്. കൂടാതെ ചെറുക്കന് പെണ്ണിനെ ഇഷ്ടമായി എന്നതിന് പകരം പെണ്ണിന് ചെറുക്കനെ ഇഷ്ടമായി എന്നാണ് പറയുന്നത്. ഇത്തരത്തിൽ കാലഹരണപ്പെട്ട പല ചിന്താഗതികളേയും പൂർണ്ണമായും പൊളിച്ചെഴുതുന്ന രീതിയിലാണ് ഈ കഥയുടെ നിർമ്മിതി.
തുടർന്ന് ലൂണയുടെ ജീവിതത്തെ കുറിച്ചുള്ള രഹസ്യം ഫ്‌ലാഷ്ബാക്ക് ടെക്‌നിക്കിലൂടെയാണ് വെളിപ്പെടുത്തുന്നത്. . അവളുടെ അച്ഛനായ അശോകൻ ലോറി ഡ്രൈവർ ആണ്. വർഷങ്ങൾക്ക് മുമ്പ് അശോകനും സുഹൃത്തായ സതീശനും ഉത്തരേന്ത്യൻ ഗ്രാമമായ ഷാജഹാൻപൂറിലെ റോസ് എന്ന ഗ്രാമത്തിലെത്തുന്നു. അവർ ഹോട്ടലിൽ നിന്ന് ആഹാരം കഴിച്ച ശേഷം വണ്ടി സ്റ്റാർട്ട് ആക്കിയപ്പോൾ ഒരു കുട്ടിയുടെ അസാധാരണമായ കരച്ചിൽ കേൾക്കുകയും വീടിനടുത്ത് എത്തിയപ്പോൾ മന്ത്രോച്ചാരണങ്ങൾക്കിടയിൽ ചുവപ്പ് പട്ടണിയിപ്പിച്ച് ഹോമകുണ്ഡത്തിനു സമീപം മരക്കുറ്റിയിൽ കൈകൾ പിന്നിൽ കെട്ടിവെച്ച ആറ് വയസ്സ് പ്രായം തോന്നിക്കുന്ന കുട്ടിയേയും വാളുമായി നിൽക്കുന്ന മന്ത്രവാദിയേയും കാണുന്നു. ഒരു കൂട്ടം സ്ത്രീകളും പരിപൂർണ്ണ നഗ്‌നരായി അതിനു ചുറ്റും നിൽക്കുന്നു. സതീശൻ കൈയിൽ കരുതിയ ലിവറ് എറിഞ്ഞത് മന്ത്രവാദിയുടെ കൈയിൽ കൊണ്ട് വാള് തെറിച്ചു തറയിൽ വീഴുന്നു. അതിനിടയിൽ തടസ്സം നിന്നവരെ തള്ളി മാറ്റി അശോകനും സതീശനും കുട്ടിയുടെ അടുത്തെത്തിയപ്പോൾ തീ ആളിപ്പടർന്നിരുന്നു. ആ കുഞ്ഞിനെയും എടുത്തു വരുമ്പോൾ വഴിയിൽ വച്ച് വൃദ്ധനായ ഒരാൾ വണ്ടി തടഞ്ഞ് തന്റെ പേര് ദാമോദർ എന്നാണെന്നും അവർ കുഞ്ഞിനെ നരബലി കൊടുക്കാൻ ഒരുങ്ങുകയായിരുന്നുവെന്നും എതിർത്ത അയാളെ വീട്ടിൽ നിന്ന് പുറത്താക്കി എന്നും പറയുന്നു. കുടുംബത്തിനും ഗ്രാമത്തിനും ഐശ്വര്യം വരാനായി മാനസിക വിഭ്രാന്തിയുള്ള കുഞ്ഞുങ്ങളെ ബലി കൊടുക്കുന്ന രീതിയാണ് അവിടെ നിലവിലുള്ളത്. അവൾ ചുമരിലും മറ്റും ചിത്രങ്ങൾ കോറിയിടാറുണ്ടെന്നും പട്ടികൾ,പാമ്പുകൾ, കുറുക്കന്മാർ ഇത്തരം ജീവികളെയെല്ലാം വരയ്ക്കുമെന്നും പറയുന്നു. കൂടാതെ ഈ പെൺകുട്ടി ശില്പങ്ങൾ നിർമ്മിക്കുകയും പടം വരയ്ക്കുകയും ചെയ്യുന്നതുകൊണ്ട് അവളെ മനോരോഗിയായാണ് ആ നാട്ടുകാർ കണക്കാക്കിയിരുന്നത്. മനോരോഗം വരുന്ന കുട്ടികളെ ദേവപ്രീതിക്കായി സമർപ്പിക്കുന്ന ആചാരം അവിടെ നിലവിലുണ്ട്. അതുകൊണ്ടാണ് അയാൾ ആ പെൺകുട്ടിയെ കേരളത്തിലേക്ക് കൊണ്ട് വന്ന് സ്വന്തം മകളായി വളർത്തുന്നത്.
അശോകനും ഭാര്യയും ജോലിയ്ക്ക് പോയിക്കഴിഞ്ഞാൽ പെയ്ന്റടിച്ച ചുവരിലെല്ലാം മഷിയൊഴിഞ്ഞ റെയ്‌നോൾഡ്‌സ് പേനയുടെ നിബ്ബു കൊണ്ട് പകൽ മുഴുവൻ അവൾ വരച്ചു തീർക്കുമായിരുന്നു.'വലുതായപ്പോഴും അവളുടെ ശീലത്തിന് മാറ്റമൊന്നും വന്നില്ല. വഴക്കുപറഞ്ഞിട്ടും തല്ലിയിട്ടും അവൾക്ക് ആ ശീലം അവസാനിപ്പിക്കാൻ കഴിഞ്ഞില്ല. സ്‌കൂളിലെ ടൊയ്‌ലറ്റിൽ ആദമിന്റെയു ഹവ്വയുടെയും ചിത്രം വരച്ച് ഹെഡ്മാസ്റ്റർക്കു മുന്നിലും അവൾ കൂസലില്ലാതെ നിന്നപ്പോൾ ഹെഡ്മാസ്റ്ററുടെ നിർബന്ധപ്രകാരമാണ് ഒരു സൈക്യാട്രിസ്റ്റിനെ കാണിച്ചത്. അദ്ദേഹം ബാബിലോണിയയിലെ അഹങ്കാരിയായിരുന്ന രാജാവ് നെബൂഖദ്നേസറിന്റെ കഥയിലൂടെയാണ് ലൂണയുടെ പ്രശ്‌നം അവതരിപ്പിച്ചത്. നാലുകാലിൽ കാളയെ പോലെ പുല്ലു തിന്ന നെബൂഖദ്നേസർ താൻ തന്നെ ഒരു മൃഗമായി തീർന്നു എന്ന് സ്വയം സങ്കല്പിച്ച് മൃഗത്തിന്റെ ശബ്ദവും ചേഷ്ടകളും അനുകരിച്ചിരുന്നു. അതുപോലെ ഒറ്റപ്പെട്ടുപോയ ലൂണയും താൻ വരയ്ക്കുന്ന ചിത്രങ്ങളിലൂടെ തനിക്കു ചുറ്റും ഒരു സാങ്കല്പിക ലോകം സൃഷ്ടിക്കുകയായിരുന്നു.മാത്രമല്ല ഒരു ദിവസം വളർത്തുനായ ആണെന്ന് ചിന്തിച്ച് പട്ടിക്കൂട്ടിൽ കയറി ഉറങ്ങാതിരുന്ന കാര്യം അശോകൻ ഡോക്ടറോട് വെളിപ്പെടുത്തുന്നുണ്ട്. അതിൽ നിന്നാണ് ലൈക്കാന്ത്രോപ്പി എന്ന ഒരു അസുഖമാണ് അവൾക്കെന്ന് അവർ മനസ്സിലാക്കുന്നത്. ഏഴു വർഷത്തെ ചികിത്സയ്ക്കുശേഷം ഈ രോഗത്തിൽ നിന്ന് മോചിതയായെങ്കിലും ബാത്‌റൂമിലും തനിക്ക് പ്രിയപ്പെട്ട ഇടങ്ങളിലുമെല്ലാം ചിത്രങ്ങൾ വരയ്ക്കുന്നത് മാത്രം നിർത്തിയില്ല.
തുടർന്ന് വർത്തമാന കാലത്തിലേക്ക് വരുന്ന കഥയിൽ പയ്യന്റെ വീടു കാണാൻപോകുന്ന കാര്യം അശോകൻ പറയുമ്പോൾ ഇനി ആ വീട്ടിലാണ് താൻ താമസിക്കേണ്ടതെന്നും അതിനാൽ വീടും ചുറ്റുപാടും തനിക്കും കൂടി ഇഷ്ടമാകേണ്ടതുണ്ടെന്നവൾ വാദിക്കുന്നു. തുടർന്ന് പയ്യന്റെ വീടുകാണാനായി ബന്ധുക്കളോടൊപ്പം അവന്റെ വീട്ടിലെത്തുമ്പോൾ തന്റെ മുറിയേതാണെന്ന് അവൾ അന്വേഷിക്കുന്നുണ്ട്. അത് ബന്ധുക്കളിൽ ഇഷ്ടക്കേട് ഉണ്ടാക്കുന്നുണ്ടെങ്കിലും അതൊന്നും അവളെ ബാധിക്കുന്നേയില്ല. മാത്രമല്ല ഇവരുടെ വിവാഹവും അഖിലിന്റെ ചേട്ടന്റെ വിവാഹവും ഒരുമിച്ച് നടത്തണമെന്ന് പറയുമ്പോൾ വിവാഹത്തെക്കുറിച്ച് തനിക്കൊരു സ്വപ്നമുണ്ടെന്നും അത് അഖിലുമായി സംസാരിച്ചുകഴിഞ്ഞെന്നും അത് സർപ്രൈസാണെന്നും പറയുമ്പോൾ സ്വന്തം ജീവിതം സ്വയം ഡിസൈൻ ചെയ്യുന്ന പുതുകാലത്തിലെ പെണ്ണിനെയാണ് ലൂണ പ്രതിനിധാനം ചെയ്യുന്നത്.
ലൈക്കാന്ത്രോപ്പിയ എന്ന പദം 'ലൈക്കോസ്, 'ചെന്നായ 'ആന്ത്രോപോസ് 'മനുഷ്യൻ എന്നീ വാക്കുകളിൽ നിന്നാണ് ഉണ്ടായിട്ടുള്ളത്. 'ചെന്നായ മനുഷ്യൻ' പുരാണങ്ങളിലും കെട്ടുകഥകളിലുമുള്ള ഒരു സങ്കല്പമാണ്. ഇത്തരം ചെന്നായ മനുഷ്യനുമായി ബന്ധപ്പെട്ട നിരവധി കഥകളും ഉണ്ട്. ഇതിനെ ഒരു പ്രത്യേകതരം മാനസികരോഗത്തി(ഡെല്യൂഷണൽ ഡിസോർഡറി )ന്റെ ഗണത്തിലാണ് പരിഗണിക്കുന്നത്. പഴയ യൂറോപ്യൻ കഥകളിൽ മനുഷ്യൻ പൂർണ്ണചന്ദ്ര ദിവസങ്ങളിൽ ചെന്നായയായി മാറുന്നു എന്ന ഒരു വിശ്വാസം ഉണ്ടായിരുന്നു. സ്ത്രീകൾ ചെന്നായയായി മാറുന്നതിന് were woman എന്നാണ് പറയുന്നത്. ലൂണയും ഇത്തരം മാനസിക പ്രശ്‌നത്തിന്റെ ഇരയാണ്. അതോടൊപ്പം 'മാഡ് വിമൺ ഇൻ ദി ആറ്റിക്ക് 'എന്ന പുസ്തകത്തിൽ സാന്ദ്രാ ഗിൽബർട്ടും സൂസൻ ഗുബാറും സ്ത്രീകളുടെ മാനസിക പ്രശ്‌നങ്ങളെ (madness) പുരുഷാധിപത്യ അടിച്ചമർത്തലുകൾക്കെതിരേയുളള പ്രതിഷേധമായി അവതരിപ്പിക്കുന്നുണ്ട്. ലൂണയുടെ പ്രശ്‌നവും ഒരു തരത്തിൽ ലുണാറ്റിക് (ഭ്രാന്തമായ) ഒരു പുരുഷാധിപത്യ സമൂഹത്തിന്റെ നിയമങ്ങളോടുള്ള പ്രതിഷേധ പ്രകടനമായി കാണാവുന്നതാണ്. സൈക്കോ അനലിറ്റിക്കൽ തിയറിയനുസരിച്ച് സാമൂഹികമായി അംഗീകരിക്കപ്പെടാത്ത, വേദനയുളവാക്കുന്ന ചിന്തകളെയോ (ട്രോമാറ്റിക് അനുഭവങ്ങളെ) പ്രേരണകളെയോ കലയിലേക്കോ മറ്റ് സ്വീകാര്യമായ പ്രവർത്തനങ്ങളിലേക്കോ തിരിച്ചു വിടുന്ന സബ്ലിമേഷൻ ടെക്‌നിക്കാണ് ലൂണയുടെ വരയിലൂടെ അവതരിപ്പിക്കുന്നത്.
ഫെമിനിസ്റ്റ് തിയറിയിൽ ഉപയോഗിക്കുന്ന 'ഫീമെയിൽ സബ്‌ജെക്റ്റിവിറ്റി, (ഒരു പെൺകുട്ടി തന്റെ തന്നെ സ്വത്വത്തെ തിരിച്ചറിയുന്നു) എന്ന ആശയം ലൂണ എന്ന കഥാപാത്രത്തിന്റെ സ്വഭാവ പ്രത്യേകതകളിലൂടെ കൃത്യമായി തുറന്നുകാട്ടുന്നു. ലൂണ എന്ന പെൺകുട്ടി തന്റെ ജീവിതത്തിലെ ഓരോ തീരുമാനങ്ങളിലും പുരുഷാധിപത്യ സമൂഹം നിർമ്മിച്ചു വച്ച നിയമങ്ങളെ പൂർണ്ണമായും നിഷേധിക്കുകയും തന്റെ ഇഷ്ടങ്ങളിൽ അധിഷ്ഠിതമായ പുതിയ രീതികൾ ആവിഷ്‌ക്കരിച്ച് നടപ്പാക്കുകയും ചെയ്യുന്നുണ്ട്. വിവാഹം എന്ന സാമൂഹ്യസ്ഥാപനത്തെ പോലും അവൾ തന്റെ രീതിക്കാണ് നിർവചിക്കാൻ ശ്രമിക്കുന്നത്. അതുകൊണ്ടാണ് വിർജീനിയ വൂൾഫിന്റെ 'Room of 0ne's 0wn 'എന്ന പുസ്തകത്തിൽ പറഞ്ഞിരിക്കുന്നത് പോലെ വിവാഹം കഴിഞ്ഞ് താമസിക്കേണ്ടി വരുന്ന വീട്ടിൽ തനിക്കു വേണ്ടി ഒരു മുറി അഥവാ ഒരു ഇടം അവൾ തന്നെ ഉറപ്പാക്കുന്നത്.
ആസ്വാദനത്തിന്റെ രസമുകുളങ്ങളെ ഉണർത്താനുള്ള കഴിവ് ഈ കഥകൾക്കുണ്ട്. നിരവധി പരീക്ഷണാത്മക സങ്കേതങ്ങളും കഥാപാത്രങ്ങളുടെ മാനസികതലത്തിലൂന്നിയ അവതരണവും ഈ കഥകൾക്ക് പുതുമ നൽകുന്നു. ഇതിലെ കഥകളെല്ലാം കഥാപാത്രങ്ങളുടെ മാനസിക തലത്തിലൂന്നിയ അവതരണ രീതിയ്ക്കാണ് പ്രധാന്യം നൽകിയിരിക്കുന്നത്. മനുഷ്യമനസ്സിലെ അതിസങ്കീർണ്ണവും നിഗൂഢവുമായ മാനസികലോകത്തെ യഥാതഥമായി ചിത്രീകരിക്കുന്നതിനായി പലതരം പ്രതീകങ്ങളും സങ്കേതങ്ങളും പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട്. ലുണാറ്റിക് എന്നത് ലൂണ എന്ന കഥാപാത്രത്തിന്റെ സൂചനയാണെന്ന് പ്രത്യക്ഷത്തിൽ തോന്നുമെങ്കിലും ലുണാറ്റിക് എന്നത് ഭ്രാന്തമായ ചിന്തകളുളള സമൂഹത്തിനെയാണ് കാണിക്കുന്നത്. ഇതിലെ കഥാപാത്രങ്ങളിൽ പലരും ബാല്യകാലത്തിലെ ദുരനുഭവങ്ങളാലും സമൂഹനിയമങ്ങളാലും തീവ്രമായ മാനസിക സംഘർഷത്തിലൂടെയും ആന്തരികമായ കുറ്റബോധത്തിലൂടെയും (internal guilt ) കടന്നു പോകുന്നവരാണ്. ലൈക്കാന്ത്രോപ്പിയും, പാന്റീ ഫെറ്റിസിസവുമെല്ലാം ചില ഉദാഹരണങ്ങൾ മാത്രം. മനുഷ്യ മനസ്സിന്റെ ആഴത്തിലുള്ള അവതരണവും കാലികപ്രസക്തമായ വിഷയങ്ങളുമാണ് ഈ കഥാലോകത്തെ സമ്പന്നമാക്കുന്നത്.
(ജി.ജി.എച്ച്.എസ്.എസ് വണ്ടൂരിലെ ഇംഗ്ലീഷ് അധ്യാപികയാണ് ലേഖിക)
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 17 Feb 2026, 05:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented