
മനുഷ്യനിലുള്ള അമൂർത്തമായ വികാരങ്ങൾ ജീവിതത്തെ ഉയർച്ചയിലേക്കോ താഴ്ച്ചയിലേക്കോ, കാണാത്ത, അറിയാത്ത വിസ്മയകരമായ ജീവിതത്തിലേക്കോ ഒക്കെ നയിച്ചേക്കാം. അവിടെയാണ് ജീവിതമെന്ന മഹാത്ഭുതം അതിന്റെ ആശ്ചര്യം ഒളിപ്പിച്ചിരിക്കുന്നത്. സ്‌നേഹത്തിന്റെ, ഓർമ്മയുടെ, ചിരിയുടെ ഒക്കെ ചില ഓർമ്മപ്പെടുത്തലുകൾ,നിസ്സാരമെന്ന് കരുതുന്ന നിമിഷങ്ങൾ ഇവയൊക്കെ ജീവിതഗതിയെ തിരിച്ച് വിട്ടേക്കാം. 'അവർ തൊട്ടു നീ തലോടി' എന്ന പി.എം. എ ഗഫൂറിന്റെ പുസ്തകം മനുഷ്യന്റെ ഉള്ളിലുള്ള നൻമയുടെ സ്നേഹത്തിന്റെ കരുണയുടെ ഒക്കെ വറ്റാത്ത തെളിനീരുറവകളെ ഉണർത്താൻ പ്രേരിപ്പിക്കുന്നു.
'സ്നേഹമേ ഇറങ്ങിപ്പോകാത്ത അത്ഭുതമേ' എന്ന അധ്യായം മറവിയ്ക്കും മായ്ക്കാനാകാത്ത റൂത്തിന്റെയും ആർതർ വാട്‌സിന്റേയും സ്നേഹത്തെക്കുറിച്ചാണ് വിവരിയ്ക്കുന്നത്. സ്നേഹമെന്ന അത്ഭുതത്തിന് മറവിയ്ക്കുമപ്പുറം ജീവനുണ്ടെന്ന് ഈ അധ്യായം നമ്മെ ഓർമ്മിപ്പിക്കും. വ്യത്യസ്ത വികാരങ്ങളാണ് പുസ്തകത്തിലുടനീളം പ്രതിപാദ്യ വിഷയമായി വരുന്നത്. ഓർമ്മ, സ്‌നേഹം, വിരഹം, മറവി, ചിരി ഇതെല്ലാം ജീവിതത്തിലെ നിധികളാണെന്നും ജീവിത ഗതിയെത്തന്നെ മാറ്റാൻ അവയ്ക്കുള്ള കഴിവ് അനിർവചനീയമാണെന്നും 'നിന്റെ ചിരികൊണ്ട്' എന്ന കുറിപ്പ് ഓർമ്മിപ്പിക്കുന്നു. അനാഥാലയത്തിൽ വളർന്ന സ്വർണ്ണലത എന്ന പെൺകുട്ടി ഒരു നേഴ്‌സായിരുന്നു. പനി പിടിച്ച് ആശുപത്രിയിലായ യുവാവിനെ അവൾ നന്നായി പരിചരിച്ചു. അവളുടെ സ്വഭാവഗുണത്തിൽ ആകൃഷ്ടനായ അയാൾ അവളെ പ്രണയിച്ച് വിവാഹം കഴിക്കുന്നു. എന്നാൽ ക്രമേണ സ്നേഹം കുറഞ്ഞ് വരുകയും ഒരു കുഞ്ഞും കൂടിയായപ്പോൾ ഉത്തരവാദിത്തമില്ലാത്ത അയാളുടെ രീതികൾ അവളെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്നു. കുഞ്ഞിനെ കൊല്ലാനായി വിഷക്കുപ്പിയുമായി അവന്റെ അടുത്തെത്തിയപ്പോൾ ആ കുഞ്ഞ് അമ്മയെ നോക്കി അതി മനോഹരമായി നിർത്താതെ ചിരിക്കുന്നു. ആ കുഞ്ഞിന്റെ ചിരി അവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു. ചിരിയിലൂടെ അമ്മയെ ജീവിതത്തിലേക്ക് നയിച്ച കുഞ്ഞ് ഇന്ന് ലോകമറിയുന്ന ദേശീയപുരസ്‌കാര ജേതാവും ആറ് ഭാഷകളിൽ നിറഞ്ഞാടുന്ന അഭിനേതാവുമായ പ്രകാശ്രാജ് ആണ്.
'തോറ്റാലും തലകുനിക്കാത്ത വിപ്ലവകാരിയായ' മുഹമ്മദ് അബ്ദുൽ റഹ്‌മാന്റെ പ്രണയം ഏതൊരു മനുഷ്യന്റെയും കരളലിയിപ്പിക്കുന്നതാണ്. ഇരുപത്തിയെട്ടാം വയസ്സിലാണ് കുഞ്ഞിബീവാത്തുവിനെ അദ്ദേഹം വിവാഹം കഴിച്ചത്. അബ്ദുൽ റഹ്‌മാന് അവളെ പ്രാണനായിരുന്നു. ഗർഭിണിയായിരുന്ന സമയത്ത് അവൾക്ക് വസൂരി പിടിപെട്ടു. അച്ഛനമ്മമാർ പോലു കയ്യൊഴിയുന്ന വസൂരിക്കാലത്തും അദ്ദേഹം അവൾക്ക് കൂട്ടായി. യാതൊരു മടിയും കൂടാതെ സഠരക്ഷിച്ചു. പ്രസവിച്ചത് ഒരു മാംസപിണ്ഡത്തെയായിരുന്നു. പ്രസവത്തോടെ കുഞ്ഞിബീവാത്തു മരിച്ചു. പുനർവിവാഹം ചെയ്യാനൊന്നും അദ്ദേഹം തുനിഞ്ഞില്ല. മാത്രമല്ല അവളുടെ കുടുംബസ്വത്തിൽ അർഹതയുണ്ടായിട്ടും സ്വീകരിച്ചില്ല. അവളുടെ വസ്ത്രങ്ങൾ നിധി പോലെയാണ് അദ്ദേഹം സൂക്ഷിച്ചിരുന്നത്. ജയിലിൽ പോയപ്പോൾപോലും ആ വസ്ത്രങ്ങൾ കൂടെക്കൂട്ടി. അത്രമാത്രം സുദൃഢമായ ഒരു സ്‌നേഹബന്ധം ആയിരുന്നു അവർ തമ്മിൽ ഉണ്ടായിരുന്നത്. പ്രണയത്തിന്റെയും സ്വത്തിന്റെയും പേരിൽ കൊലപാതകങ്ങൾ പോലും നടക്കുന്ന ഇക്കാലത്ത് ആർദ്രവും ഗാഢവുമായ പ്രണയത്തിന്റെ ഓർമ്മപ്പെടുത്തലാണ് ഈ അധ്യായം.
'വെങ്കലം 'എന്ന സിനിമയുടെ കഥ പറയുന്നതിലൂടെ പലപ്പോഴും ആട്ടിയകറ്റാൻ ശ്രമിച്ചിട്ടും ഒരു മാജിക്ക് പോലെ നമ്മുടെ മനസ്സിൽ തങ്ങിനിൽക്കുന്ന സ്‌നേഹമെന്ന വികാരത്തെ, അതുമായി ബന്ധപ്പെട്ട മനുഷ്യരെ അവതരിപ്പിക്കുന്നു.' കൊണ്ടു പോയി കളയൂ' എന്ന അധ്യായത്തിൽ ഒഴിവു ദിവസങ്ങളിൽ രോഗികളെ അന്വേഷിച്ച് നടന്നിരുന്ന ഗ്രൂപ്പിലെ ഒരു മനുഷ്യൻ ബാബു എന്ന ഒറ്റപ്പെട്ട മനുഷ്യനിലേക്ക് എത്തുന്നു. ദുർഗന്ധപൂരിതമായ അന്തരീക്ഷത്തിൽ ജീവിച്ചിരുന്ന ബാബു പുറത്ത് നിന്നുള്ള മനുഷ്യരെയൊന്നും സ്വീകരിക്കാൻ പറ്റാത്ത മാനസികാവസ്ഥയിലായിരുന്നു. എന്നാൽ ക്രമേണ ബാബു ഇവരുമായി സൗഹാർദ്ദത്തിൽ പെരുമാറുന്നു. ഒരു ദിവസം ബാബു ഒരു കുപ്പി സഹായഹസ്തവുമായി വന്ന മനുഷ്യനെ ഏൽപ്പിക്കുകയും കുട്ടികൾക്കൊന്നും കിട്ടാതെ ദൂരെയാരിടത്ത് ഉപേക്ഷിക്കണമെന്നും പറയുന്നു. തനിക്കാകെയുള്ള അമ്മയും പശുവും നഷ്ടപ്പെട്ടാൽ മരിയ്ക്കാനായി തയാറാക്കി വച്ചിരിക്കുന്ന വിഷക്കുപ്പിയായിരുന്നു അത്. എന്നാൽ ഇപ്പോൾ ഇയാൾ സഹായത്തിനെത്തിയതിനാൽ അതിന്റെ ആവശ്യമില്ല. ചില സന്ദിഗ്ധഘട്ടങ്ങളിൽ നമ്മെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ ചിലർ വരും. ദൈവം അയച്ച പോലെ
ദുരിതജീവിതത്തിലെ പ്രക്ഷുബ്ധതയിൽപ്പെട്ട് മരിക്കാം എന്ന് തീരുമാനിക്കുന്നവനരികിലേക്ക്' കാട്ടുചോല പാറക്കെട്ടിൽ ചെന്നിടിച്ചു ചിന്നിച്ചിതറുന്നതുപോലെ' ചിരിച്ച ആറാം ക്ലാസ്സുകാരി പെൺകുട്ടിയും മരിക്കാൻ തീരുമാനിച്ച ഒരാളെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ നിയോഗിക്കപ്പെട്ടവളായിരുന്നു.
'എന്റെ മനുഷ്യാ എന്റെ നിധിയേ', 'മനസ്സിന്റെ അവസ്ഥ പോലെ ചെയ്‌തോളൂ' എന്നീ അധ്യായങ്ങൾ ജീവിതത്തിൽ ഒരു മനുഷ്യൻ മറ്റൊരു മനുഷ്യന്റെ ജീവിതം മാറ്റിമറിച്ചതിന്റെ കഥയാണ്. അസീസ് യൗവനത്തിലെ ത്തിയെങ്കിലും മനസ്സിന് ചെറിയ പ്രശ്‌നമുള്ള വ്യക്തിയാണ്. അവന്റെ കുതിരയ്ക്ക് മാത്രമേ അവനെ മനസ്സിലാക്കാൻ കഴിഞ്ഞുള്ളൂ. എല്ലാ പ്രതിസന്ധികളിലും ആ കുതിര അയാൾക്കൊപ്പം നിൽക്കും. അവിടെയെത്തിയ മാഹിറെന്നെ അധ്യാപകൻ അസീസിനെ പഠിപ്പിച്ചു. അതോടെ അവന്റെ ജീവിതം മാറുന്നു. അസീസിന് മിസ്ഗീൻ എന്ന സുന്ദരി ജീവിത സഖിയാകുന്നു. പ്രായത്തിൽ കവിഞ്ഞ വിവേകവും അസാധാരണമായ കരുണയും ഉള്ള പെൺകുട്ടിയായിരുന്നു അവൾ. ആ നാട്ടിൽ ജീവിതം അസഹ്യമായപ്പോൾ അസീസും മിസ്ഗീനും ആ നാട്ടിൽ നിന്നും അപ്രത്യക്ഷരായി. കുറേ വർഷങ്ങൾക്ക് ശേഷം ഒരിക്കൽ മാഹിർ അവിടെയെത്തി. അദ്ദേഹത്തോടൊപ്പം അസീസും മിസ്ഗീനും തങ്ങളുടെ കുട്ടികൾക്കൊപ്പം വന്നു. സംസാരശേഷിയില്ലാതിരുന്ന അയാൾ സ്ഫുടമായി സംസാരിക്കുന്നത് കണ്ട് എന്തെങ്കിലും ചികിത്സ നടത്തിയിരുന്നോ എന്ന ഉമ്മയുടെ ചോദ്യത്തിന് 'ഞാനീ പെണ്ണുമായി പ്രണയത്തിലേർപ്പെട്ടു 'എന്ന മറുപടി നൽകുന്നു. ആ മറുപടിയിൽ അവന്റെ ജീവിതത്തെ മാറ്റിമറിച്ച എല്ലാ ചോദ്യങ്ങൾക്കുള്ള ഉത്തരവും ഉണ്ടായിരുന്നു.
'ആരും പ്രതീക്ഷിക്കാനില്ലാത്തവർക്ക് ഒന്നും ചെയ്യാനില്ലാത്തൊരാൾക്ക് ആരും വരാനില്ലാത്തൊരാൾക്ക് ആരും കൂടെ നിൽക്കാൻ ഇല്ലാത്തൊരാൾക്ക് ഭൂമിയിലിനി എന്താണ് കാര്യം എന്ന് ചിന്തിച്ച് മരണത്തെ അഭയമാക്കാം' എന്ന് ചിന്തിച്ചപ്പോഴാണ് ഒരു സ്ത്രീ അവളെ മാടി വിളിച്ചത്. സഹിക്കാവുന്നതിനുമപ്പുറം സഹിച്ച് കഴിഞ്ഞിരുന്ന അവളിൽ ജീവിതാസക്തി കെട്ടുപോയിരുന്നു. തണുത്തു നിന്ന അവളെ ചൂടിലേക്കവർ വിളിച്ചു. അവരുടെ അടുത്തിരുന്ന കട്ടിയുള്ള ഒരു പുസ്തകം അവളെ ആകർഷിച്ചു.ആ പുസ്തകം വായിച്ച് നോക്കിയപ്പോഴാണ് അവൾക്ക് മനസ്സിലാകുന്നത് അവൾ ജീവിച്ച ജീവിത കഥയായിരുന്നു അതിൽ ഉണ്ടായിരുന്നത് എന്ന്. ഇതു വരെയുള്ള അവളുടെ ജീവിതം മുഴുവൻ അതിൽ എഴുതിയിരുന്നു. കടന്നു പോയ വ്യഥകളുടെ തീക്കാറ്റ് മുഴുവൻ അതിലുണ്ടായിരുന്നു.പിന്നെയുള്ളത് ശൂന്യമായ പേജുകൾ മാത്രമായിരുന്നു. ശൂന്യമായ പേജുകളിലേക്ക് നോക്കി താൻ ഇന്ന് മരിക്കുമെന്നാണോ 'എന്റെ ജീവിതം ഇന്നത്തോടെ തീർന്നുവല്ലേ? എന്ന ചോദ്യത്തിനുത്തരമായി ' തീരുകയല്ല കുഞ്ഞേ ഇന്നു മുതൽ തുടങ്ങുകയല്ലേ പഴയ കാൽപ്പാടുകളെ പുതിയ തിരമാലകൾ മായ്ച്ചു കളഞ്ഞതു പോലെ നീയും നിന്റെ ഭൂതകാലത്തെ മായ്ക്കുക . ഇനി നിനക്കു വേണ്ടി ഒന്നു ജീവിച്ചു നോക്കുക ' എന്ന് പറയുന്നിടത്താണ് ജീവിതം ഒരത്ഭുതമായി രൂപാന്തരപ്പെടുന്നത്.
കെട്ടണമെന്നാഗ്രഹിച്ച പെണ്ണിനെ നാട്ടുകാരുടെ മുന്നിൽ വെച്ച് തന്നെ കൊലപ്പെടുത്തിയ അയാൾ ജയിൽ മോചിതനായി നാട്ടിലെത്തിയപ്പോൾ എല്ലാവരാലും തിരസ്‌കരിക്കപ്പെട്ടു. ആർക്കും വേണ്ടാത്തവനായി മാറിയ അയാൾ അലത്ത് തിരിഞ്ഞ് എത്തിയത് നാട്ടിലെ ഒരെഴുത്തുകാരന്റെ വീട്ടിലേക്കായിരുന്നു. ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോൾ താൻ ജയിലായിരുന്നു എന്നും കൊലപാതകിയാണെന്നുo പറയുന്നുണ്ടെങ്കിലും താനും ജയിലിൽ കിടന്നിട്ടുണ്ടെന്ന് പറഞ്ഞ് ലാഘവത്തോടെ അയാളെ ഭക്ഷണം കഴിക്കാൻ ക്ഷണിക്കുന്നു. പരോളിൽ ഇറങ്ങുമ്പോഴെല്ലാം അയാൾ അവിടേക്കെത്തും. എഴുത്തുകാരൻ മരിച്ച ശേഷം പള്ളി ഖബറിനരികിൽ വന്ന് ദുഃഖിതനായി ഇരിക്കും. കരുണയെന്ന വികാരത്തിലൂടെ എങ്ങനെ പരസ്പരം ബന്ധിതരാകാം എന്ന് കാട്ടിത്തരുന്ന ഈ കുറിപ്പിലെ എഴുത്തുകാരൻ മഹാനായ വൈക്കം മുഹമ്മദ് ബഷീർ ആയിരുന്നു.
'അവർ തൊട്ടു നീ തലോടി' എന്ന തലക്കെട്ട് ഏറെ അന്വർത്ഥമാണ്. ' അവർ തൊട്ടു' എന്നത് മനുഷ്യജീവിതത്തിലുള്ള സമൂഹത്തിന്റെ സ്വാധീനത്തെയും' നീ തലോടി' എന്നത് സ്‌നേഹത്തിന്റെയും ആശ്വാസത്തിന്റെയും സൂചകമാണ്. കൂടാതെ അവർ തൊട്ടു എന്നത് ജീവിതത്തിൽ നിരന്തരമായി നേരിടേണ്ടി വരുന്ന പലതരം പ്രതിസന്ധികൾ, വേദനകൾ, മുറിവുകൾ ഇതിന്റെയൊക്കെ പ്രതീകമാണ്. ആ മുറിവുകൾക്കിടയിലുo ആശ്വാസമായവർ, തലോടാൻ പ്രാപ്തരായവർ മനുഷ്യനായും ചിലപ്പോൾ ദൈവസാന്നിധ്യമായുമൊക്കെ ഈ ഭൂമിയിൽ തന്നെയുണ്ടെന്നുമുള്ള ഓർമ്മപ്പെടുത്തലാണ് നീ തലോടി എന്നത്. ജീവിതത്തിൽ മറ്റുള്ളവർ നൽകുന്ന വേദനകളേയും മുറിവുകളേയും ദുഃഖങ്ങളേയും ശമിപ്പിക്കാൻ പര്യാപ്തമായ ആശ്വാസമാകുന്ന മനുഷ്യർ ഇവിടെയുണ്ടെന്ന് ഈ പുസ്തകം ഓർമ്മിപ്പിക്കുന്നു.
ഇതിലെ അനുഭവക്കുറുപ്പുകളുo കഥാശകലങ്ങളും ജീവിതത്തെ കൂടുതൽ മൂല്യത്തോടെ കാണാൻ പ്രേരിപ്പിക്കുന്നു. അപ്രതീക്ഷിതമായി ജീവിതത്തിലേക്ക് വരുന്ന മനുഷ്യർ എങ്ങനെ ജീവിതത്തെ മാറ്റി മറിക്കുന്നു എന്ന് ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ചിന്തോദ്ദീപകമായ നിരവധി അനുഭവങ്ങൾ സിനിമ, കഥകൾ, സാഹിത്യം, ഷോർട്ട് ഫിലിം എന്നിങ്ങനെ നിരവധി മേഖലകളെ ഉൾപ്പെടുത്തി രചിച്ചിരിക്കുന്ന ഈ പുസ്തകം സ്നേഹത്തിന്റെ ദയയുടെ നൻമയുടെ വ്യത്യസ്തഭാവങ്ങളെ അനാവരണം ചെയ്യുന്നു. കുടുംബ ബന്ധങ്ങളിലെയും സ്‌നേഹ ബന്ധങ്ങളിലെയും ആഴo വെളിപ്പെടുത്തുന്ന രീതിയിൽ ലളിതമായ ഭാഷയിലുo ശൈലിയിലുമാണ് ഈ പുസ്തകത്തിന്റെ രചന. ശക്തമായ ആശയങ്ങൾ വായനക്കാരന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന രീതിയിലുള്ള അവതരണം പുസ്തകത്തിന്റെ മാറ്റ് കൂട്ടുന്നു . ജീവിത പന്ഥാവിൽ മുൾപ്പടർപ്പുകളെ വകഞ്ഞ് മാറ്റി മുന്നേറാൻ കഴിയുമ്പോഴാണ് ജീവിതം ഒരു അനുഗ്രഹമായി മാറുന്നത് എന്ന് പറയുന്ന ഈ പുസ്തകം ഒരു മുതൽക്കൂട്ടാണ്. മനുഷ്യനുള്ളിൽ തീക്ഷ്ണമായി ജ്വലിച്ചു നിൽക്കുന്ന വൈകാരികതയുടെ പ്രകടനമാണ് ഓരോ അധ്യായത്തിലും. അതുതന്നെയാണ് ഈ പുസ്തകത്തെ വായനക്കാരോട് ഇത്രമാത്രം ചേർത്ത് നിർത്തുന്നതും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Analysis of P.M.A. Gafoor's book Avar Thottu Nee Thalodi., Exploration of human emotions like love, memory, and resilience.
Published: 16 May 2026, 11:28 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented