
പെണ്‍കുട്ടിക്കാലത്തെ ഏറ്റവും വലിയ കൊതി പാദസരങ്ങളോടായിരുന്നു. ഞങ്ങള്‍ ജ്വല്ലറിയില്‍ പോവുന്നത് പിന്നിലെ ആണി ഇളകിപ്പോയ കമ്മലിന് ചേരുന്ന ചെമ്പിന്റെ ആണി തിരയാനും പഴക്കം കൊണ്ട് കറുത്തുപോയതോ പൊട്ടിപ്പോയതോ ആയ വെള്ളി പാദസരങ്ങള്‍ മാറ്റി വാങ്ങിക്കാനും മാത്രമായിരുന്നു.ചില്ലലമാരകളില്‍ തിളങ്ങുന്ന തങ്കഭംഗികളെ അടക്കിപ്പിടിച്ച കൊതിയോടെ ഒളികണ്ണിട്ടു നോക്കിക്കൊണ്ട് പ്ലാസ്റ്റിക് ബോക്‌സുകളില്‍ അടച്ച് സൂക്ഷിക്കുന്ന,ജ്വല്ലറിയില്‍ പ്രദര്‍ശിപ്പിക്കാത്ത പാദസരങ്ങളില്‍ തൊടുമ്പോള്‍ അത്യാനന്ദത്തിന്റെ വെള്ളിത്തണുപ്പ് വിരലുകളിലൂടെ പാഞ്ഞ് ഹൃദയത്തെ തൊട്ടു.
ഒറ്റ ചെയിനില്‍ നിറയെ കിലുങ്ങുന്ന മണികളുള്ള 'കിലുക്കാപാദസര'മാണ് വെള്ളിയിലെ റാണി. തൂക്കം കൂടുതലാണ്,അതുകൊണ്ട് വിലയും. ബാല്യം പിന്നോട്ടും കൗമാരം മുന്നോട്ടും വലിക്കുന്ന വല്ലാത്ത കാലത്ത് ഓരോ കാലടിയിലും ഇടങ്ങളെ കിലുക്കി ഉണര്‍ത്തുന്ന അവ ധരിച്ച് പെണ്‍കുട്ടികള്‍ ഞാന്‍ വലുതായിപ്പോയോ എന്ന സംശയത്തില്‍ അല്പം നാണം കലര്‍ന്ന ജാള്യതയോടെ നടന്നു. കട്ടിച്ചെയിനില്‍ കൊളുത്തിന്റെ ഭാഗത്ത് മൂന്ന് മണികളുള്ള കൊലുസുകള്‍ ഞങ്ങളുടെ അമ്മമാരും ചേച്ചിമാരും വാങ്ങി ധരിച്ചു. 'ഇനിയീ വയസാംകാലത്ത്' എന്ന് അമ്മമാര്‍ പാദസരത്തിന്റെ കിലുക്കുകള്‍ ഇളക്കി കളഞ്ഞു. വലിയ വൈവിധ്യങ്ങള്‍ ഒന്നുമില്ലാത്ത ഡിസൈനുകള്‍ ആയിരുന്നു അന്ന്. ചെയിനില്‍ ഇടയില്‍ പലനിറ ഇനാമല്‍ പുള്ളികള്‍ ഉണ്ടയിരുന്നവയ്ക്ക് ധാരാളം ആരാധകരുണ്ടായിരുന്നു എന്നോര്‍മ്മയുണ്ട്.
ഓരോകാലത്ത് ഓരോ പരിഷ്‌കാരങ്ങള്‍ കൊലുസുകള്‍ സ്വീകരിച്ചു. ചെയിനില്‍ താഴേയ്ക്ക് നീളത്തില്‍ താഴേയ്ക്ക് തൂങ്ങുന്ന അലുക്കുകളുടെ അറ്റത്ത് ഓരോ കുഞ്ഞ് മുത്തുകള്‍ ഉള്ളവ, പലനിറത്തിലുള്ള തിളക്കമുള്ള മണികള്‍ ഇടയില്‍ കോര്‍ത്തുണ്ടാക്കിയ ലളിതമായ, എന്നാല്‍ അപാര ഭംഗിയുള്ളവ, കൊളുത്തിനു പകരം സ്‌ക്രൂ ഉള്ള വീതികൂടിയ, നിറയെ കിലുക്കമുള്ള തമിഴ്‌നാട് ശൈലിയില്‍ ഉള്ളവ, നൂലുപോലെ നേര്‍ത്തവ, കയറുപിരി പോലെ രണ്ട് ചെയിനുകള്‍പിണച്ച് ഇടയില്‍ നിറം കൊടുത്തത്, മാമ്പഴാകൃതി തൊങ്ങലുകള്‍ തൂങ്ങുന്നവ. അങ്ങനെ എത്രയെണ്ണം കിലുങ്ങുന്നു ഓര്‍മ്മയിലെന്നോ! കൊളുത്തിന്റെ ഭാഗത്തിന് പുറമേ ചെയിനില്‍ തുല്യ അകലത്തില്‍ മൂന്ന് മണികള്‍ വീതം രണ്ടിടത്ത് കൂടി പിടിപ്പിച്ചവയ്ക്കും ആവശ്യക്കാരുണ്ടായിരുന്നു. നേരത്തെ പറഞ്ഞ,വളര്‍ന്നു പോയോ എന്ന് സംശയിക്കുന്നവര്‍. സാധാരണ പാദസരങ്ങളേക്കാള്‍ ഉച്ചത്തില്‍ കിലുങ്ങിക്കൊണ്ട് അവ അവരുടെ ചലനങ്ങളില്‍ പെണ്‍മ കുടഞ്ഞിട്ടു.
ഇളനീരുപോലെതുടുത്ത, ഇതുവരെ നിലം തൊട്ടിട്ടില്ലാത്ത,അരികുകളില്‍ ഇളം ചുവപ്പുനിറം പടര്‍ന്ന പിഞ്ചുകാലുകള്‍ക്ക്, ആദ്യആര്‍ത്തവ മുതിര്‍ച്ചയ്ക്ക്, പത്താം ക്ലാസില്‍ നല്ല മാര്‍ക്ക് വാങ്ങിയ മിടുക്കിയ്ക്ക്, ആരെങ്കിലും കണ്ടാലോ എന്ന് പേടിച്ച് പ്രേമിക്കുന്ന കാമുകിക്ക്, വിവാഹവാര്‍ഷികത്തിന് എനിക്കെന്ത് വാങ്ങിത്തരുമെന്ന് കാതരയാവുന്ന ഭാര്യയ്ക്ക് ഒക്കെ സമ്മാനം വെള്ളിക്കിലുക്കങ്ങളായിരുന്നു. സര്‍വ്വസമ്മത സമ്മാനം. വാത്സല്യം,പ്രേമം,സ്‌നേഹം,അഭിമാനം എല്ലാത്തിനും ചേരുന്നവ.
(മൂവായിരം രൂപ ശമ്പളമുളള എന്റെ കാമുകന്‍ എനിക്ക് തന്ന ആദ്യത്തെ സമ്മാനം കറുത്ത മുത്തുകള്‍ കോര്‍ത്ത വെള്ളിക്കൊലുസായിരുന്നു. തിരക്കില്ലാത്ത ട്രെയിനില്‍വച്ച് അതെന്റെ കാലില്‍ കെട്ടിത്തന്നശേഷം അവനെന്റെ കാലുകളില്‍ ഉമ്മ വച്ചു. ഇവനല്ലാതെ വേറാര് എന്ന് ഞാന്‍ എന്റെ പ്രേമത്തില്‍ തൃപ്തയായി!) കറുത്താല്‍ മാറ്റി തരണം ട്ടോ എന്ന മുന്‍കൂര്‍ നിബന്ധനയില്‍ ഞങ്ങള്‍ ജ്വല്ലറിയിലെ കസേരയിലിരുന്ന് കാല്‍ നീട്ടിക്കൊടുത്തു. അവിടുത്തെ ചേട്ടന്‍ കയ്യിലെ ചെറിയ ആയുധം കൊണ്ട് കൊലുസിന്റെ കൊളുത്ത് മുറുക്കി ഉറപ്പിച്ചു. മറ്റാരെങ്കിലും ചെയ്താല്‍ വേണ്ടത്ര മുറുകില്ല എന്നും പാദസരം വീണുപോകും എന്നും ഞങ്ങള്‍ പേടിച്ചു. രാപ്പനി ഉള്ളതോണ്ടാ പെണ്ണിന്റെ പാദസരം ഇങ്ങനെ കറുത്ത് പോവുന്നത് എന്ന് അമ്മമാരും അമ്മൂമ്മമാരും പ്രഖ്യാപിച്ചു. ഒരിക്കലും വെള്ളിയുടെ നിലവാരത്തെ ഞങ്ങള്‍ സംശയിച്ചതേയില്ല.
'സുഭദ്രേടെ പെണ്ണിന്റെ കാലിലിത്തെ പോയി, പോണ വഴിയൊക്കെ ഒന്ന് നോക്കിക്കോളീ കൂട്ടരേ...' ഗൗരവം കൂടുമ്പോള്‍ പാദസരം ഞങ്ങള്‍ക്ക് കാലിലിത്തെ ആവും, കമ്മല്‍ കാതിലിത്തെ, മാല കഴുത്തിലിത്തെ...! എത്ര നാള്‍ കാത്തിരുന്നാലാണ് ഒരു പുതിയ പാദസരം കിട്ടുക! ഒരാളുടെ കാലിലെ കൊലുസ് വീണുപോയാല്‍ കൂട്ടം മുഴുവന്‍ തിരയാന്‍ ഇറങ്ങുമായിരുന്നു. റോഡരികിലെ ചെളിയില്‍നിന്നോ നീരൊഴുക്ക് കുറയുമ്പോള്‍ പുഴയിലെ പൂഴി മണലില്‍നിന്നോ തട്ടിക്കൊട്ടലിനിടയില്‍ വീട്ടിലെ ഏതെങ്കിലും ഇരുട്ടുമൂലയില്‍നിന്നോ കാണാതെ പോയ പാദസരങ്ങള്‍ ചിലപ്പോള്‍ കണ്ടുകിട്ടി. നിധി കിട്ടിയതുപോലെ ഞങ്ങളപ്പോള്‍ സന്തോഷിച്ചു.
നിറയെ കിലുങ്ങുന്ന മണികളുള്ള പാദം നിറഞ്ഞു കിടക്കുന്ന ഒരു കൊലുസ് എനിക്ക് വാങ്ങി തരണം എന്ന് അമ്മ ആഗ്രഹിച്ചിരുന്നു. അങ്ങനെ ഒരെണ്ണം വാങ്ങാന്‍ ഏഴായിരം രൂപയെങ്കിലും വേണം എന്ന് വെള്ളിക്കടയിലെ അണ്ണന്‍ പറഞ്ഞപ്പോള്‍ അമ്മയുടെ മുഖം വാടി.
'ഊരുക്ക് പോയി വരുമ്പോത് വാങ്കി വറേന്‍'
അയാള്‍ അമ്മയോട് പറഞ്ഞു. വേണ്ട എന്ന് മാത്രം പറഞ്ഞ് അമ്മ എന്നെ നോക്കി. ഒന്നും മിണ്ടാതെ ഞങ്ങള്‍ തിരിച്ചു പോന്നു. പിന്നെ ഒരിക്കലും തമ്മില്‍ പാദസരങ്ങളെക്കുറിച്ച് സംസാരിച്ചില്ല. എനിക്ക് പെണ്‍കുഞ്ഞുണ്ടായപ്പോള്‍ ഏറെ അലഞ്ഞ് ഞാന്‍ അങ്ങനെ ഒരു പാദസരം വാങ്ങി. അവളതിട്ട് ഓടി നടക്കുമ്പോള്‍ അമ്മ നിറഞ്ഞു ചിരിച്ച് അവളുടെ കൂടെ നടന്നു. കാലം എത്ര ഭംഗിയായാണ് പ്രായശ്ചിത്തം ചെയ്യുന്നത്!
നിറമുള്ള, ഭംഗിയുള്ള പുതിയ കിലുക്കങ്ങള്‍ക്ക് ഞങ്ങള്‍ കാത്തിരുന്ന ആ പെണ്‍കുട്ടിക്കാലം. ഉപ്പമാര്‍ ഗള്‍ഫിലുള്ള മൊഞ്ചത്തികള്‍ കാലില്‍ ഇറുക്കി അണിഞ്ഞിരുന്ന സ്വര്‍ണകൊലുസുകള്‍ നോക്കി ഞങ്ങള്‍ കൊതിച്ചു. എന്റെ കല്യാണത്തിന് സ്വര്‍ണ പാദസരം വാങ്ങി തരില്ലേ എന്ന് അമ്മമാരോട് വീണ്ടും വീണ്ടും ചോദിച്ചു. തങ്കക്കൊലുസുകള്‍ക്ക് വേണ്ടി ഉടനെ കല്യാണം കഴിക്കാനും കുഞ്ഞിപ്പെണ്ണുങ്ങള്‍ ഒരുക്കമായിരുന്നു അന്ന്!
Content Highlights: A nostalgic look back at the cherished anklets of childhood, the dreams they held, and the simple joys they brought.
Published: 29 Jun 2025, 12:30 pm IST
ABOUT THE AUTHOR
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented