ഞങ്ങളെ സ്‌കൂളിന്ന് ടൂറ് കൊണ്ടുപോവുന്നുണ്ട്, ഈയാഴ്ച്ച തന്നെ പേര് കൊടുക്കാന്‍ പറഞ്ഞിട്ടുണ്ട്.

അമ്മ കേട്ടില്ലെന്നാ തോന്നണത്.

‘അമ്മേ...’

ഇല്ല, ചെയ്യുന്ന പണിയല്ലാതെ ഒന്നും ശ്രദ്ധയിലില്ല.

‘അമ്മേ, നോക്കീ...’

രക്ഷയില്ല!

മൂളലെങ്കിലും കിട്ടുന്ന വരെ വിളിക്കന്നെ.

‘അമ്മേ...’

‘അമ്മേയ്...’

‘അമ്മോ...’

വിളിച്ച് വിളിച്ച് തൊണ്ടകാറി ഞാന്‍ നിര്‍ത്തുമ്പോ പതിയെ തിരിഞ്ഞുനോക്കി പല്ലുകടിച്ച് അമ്മ പറയും,

‘നിര്‍ത്തണ്ട, ഇനി കൊറച്ച് നേരം തന്തേ ന്ന് വിളി...’

അയ്ശരി, അവഗണന. കൂടെ അധിക്ഷേപവും. തന്തയ്ക്കും വിളിച്ചു.

ഇനി നിന്നിട്ട് കാര്യമില്ല.അടുത്ത വാക്ക് എങ്ങാനും മിണ്ടിയാല്‍ തുള്ളലാണ്, കയ്യില്‍ കിട്ടിയത് ആയുധമാവും. ഓടിപ്പാഞ്ഞ് രക്ഷപ്പെടേണ്ടി വരും. വീഴാന്‍ സാധ്യതയുണ്ട്. എവിടെയെങ്കിലും മുറിഞ്ഞാല്‍ ഈ തള്ളേന്റെ അടുത്ത് തന്നെ ചെല്ലണം. മുറിഞ്ഞ വേദനയുടെ പുറത്ത് പുറം പൊളിയുന്ന ചൂട് കൂടി സഹിക്കേണ്ടി വരും.

‘ഞാനില്ലടി, അച്ഛന് പണിയില്ല. പിന്നെ ഈ സ്ഥലം ഞങ്ങള് മുന്നേ പോയ സ്ഥലാ...’

കൂട്ടുകാരിയോട് ഒരു സത്യവും ഒരു നുണയും പറയും. സത്യം അച്ഛനോടും അമ്മയോടും പിണക്കം തോന്നാതിരിക്കാനും എന്നെത്തന്നെ ആശ്വസിപ്പിക്കാനും. നുണ അവളുടെ മുന്‍പിലങ്ങനെ താഴ്ന്നുകൊടുക്കാന്‍ കൂട്ടാക്കാത്ത എന്റെ കുട്ടിയഹന്ത കെട്ടിപ്പൊക്കുന്നത്.

മാസങ്ങളോ വര്‍ഷങ്ങളോ കൂടുമ്പോള്‍ വീട്ടില്‍ നിന്ന് എല്ലാവരും കൂടെ എവിടെയെങ്കിലും പോകുന്നെന്ന് കരുതുക.(അതിനെ ടൂറെന്നൊന്നും ഇന്ന് വിളിക്കാന്‍ പറ്റില്ല, ഗുരുവായൂര്‍ അമ്പലത്തിലേക്ക് തൊഴാന്‍ പോവുന്നതാണ് ഞങ്ങളുടെ പിക്‌നിക്!) നാളെത്താനുള്ള കാത്തിരിപ്പിന് എന്തൊരു പൊറുതിയില്ലായ്മയാണ്!

‘ഐശ്, ഒന്ന് വേഗം ആയെങ്കില്‍!’

ഇനി പത്ത് ദിവസം കൂടി. അല്ലെങ്കി ഇന്നത്തെ ദിവസം കൂട്ടണ്ട, നാളെ മുതല്‍ എണ്ണിയാല്‍ മതി. അപ്പോ ഒന്‍പത് ദിവസം കൂടിയുള്ളൂ. അതില് രണ്ട് ദിവസം ശനീം ഞായറും, അത് വേഗം പൊയ്‌ക്കോളും. അങ്ങനെയങ്ങനെ നീളമുള്ള വിചാരമാല. ഓരോ മുത്തും അക്ഷമയോടെ കോര്‍ത്തെടുക്കുന്ന എന്നെ ഓര്‍ക്കുമ്പോള്‍ അന്നത്തെ ‘ഡോപാമെെൻ റഷ്’ എത്രയായിരുന്നിരിക്കും എന്നൂഹിക്കാന്‍ പറ്റുന്നില്ല ഇപ്പൊ.

‘അടുത്ത ഈ ദിവസം ഈ നേരത്ത് നമ്മള് അവടെ ആയിരിക്കും ലേ...’

എല്ലാരും കൂടിയിരിക്കുമ്പോള്‍ ഇടയ്ക്കിടെ ചോദിക്കും. എനിക്കല്ലാതെ ആര്‍ക്കുണ്ട് ഇതിലിപ്പോ ഇത്ര വല്യ കാര്യം? ആരും പ്രോത്സാഹിപ്പിക്കില്ല. നിരുത്സാഹം വേണ്ടത്ര കൊട്ടുകയും ചെയ്യും.

‘തലേല്‍ക്കേറ്റി കൊണ്ടുനടന്നിട്ട് അവസാനം പോവാന്‍ പറ്റീലെങ്കി ഇവടെ കെടന്ന് എങ്ങാനും മോങ്ങീട്ടുണ്ടെങ്കി...’

അമ്മ വാചകം മുഴുമിപ്പിക്കില്ല. അപ്പഴത്തെ അമ്മയുടെ മനോനില അനുസരിച്ചുള്ള വികാരപ്രകടനങ്ങള്‍ ഉണ്ടാവും എന്നാണ് സൂചന.

‘അല്ലല്ലോ അച്ഛാ, നമ്മള് ഉറപ്പായിട്ടും പോവില്ലേ?’

‘നമ്മള് പോവും. അന്റെ അമ്മേനോട് പോവാന്‍ പറ.’

അച്ഛന്റെ ഉറപ്പ് കിട്ടിക്കഴിഞ്ഞു.

സമാധാനമായിട്ട് ബാക്കി മുത്തുകള്‍ കോര്‍ക്കാം.

ആനകള് എത്രയാണ് അവടെ!

വളേം മാലേം എന്തായാലും വാങ്ങണം.

ഗുരുവായൂരപ്പന്റെ ചോന്ന ലോക്കറ്റ് കിട്ടും അവടെ, മോതിരവും. അതൊരു അഞ്ച് എണ്ണം വാങ്ങാം. മണിക്കുട്ടിക്ക്, ചിത്രയ്ക്ക്, മുത്തൂന്, ഒന്ന് ഇനിക്ക്. ആ ചെക്കനും കൊടുത്തേക്കാം ഒന്ന്. ഞങ്ങള് ഗുരുവായൂര് പോവും ന്ന് പറഞ്ഞപ്പോ അവരൊക്കെയൊരു ചിരി ചിരിച്ചിട്ട്!

‘അയിന് അന്റെ അച്ഛന്‍ അമ്പലത്തില്‍ കേറാത്ത ആളല്ലേ, പിന്നെ ഇങ്ങളെ കൊണ്ടോവോ?’

‘അതൊക്കെ കൊണ്ടോവും. ഇന്നോടേ ഇന്റച്ഛന്‍ പറഞ്ഞതാണ് കൊണ്ടോവാം ന്ന്. അച്ഛന്‍ അകത്ത് കേറില്ല ന്നേള്ളൂ. കഴിഞ്ഞ പ്രാവശ്യം പോയപ്പളും അങ്ങനേന്നു.’

പോയി വന്നു കാണിക്കാന്‍ മോതിരോ ലോക്കറ്റോ എന്തായാലും കൊണ്ടരുംന്ന് അന്നേ ഉറപ്പിച്ചു.

ആ വാശിക്കാരി വീണ്ടും ദിവസങ്ങളെണ്ണും, ഇനി ആറ് ദിവസം കൂടി. പോകുന്നതിന്റെ തലേ ദിവസം രാത്രി ഉറക്കം വരികയേയില്ല. നേരം വെളുത്തുകിട്ടാന്‍ അവളെന്ത് പാടുപെട്ടു അന്ന്.

എത്ര വലിയ സന്തോഷങ്ങളുണ്ടായാലും അന്നത്തെ നിറവില്ലാത്തത് എന്തായിരിക്കും?

വളര്‍ന്നുപോയതുകൊണ്ടായിരിക്കും.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi