തോളില്‍ തൂക്കിയിട്ടിരിക്കുന്ന കനത്ത തുണിബാഗില്‍ ഒന്ന് പതിയെ തട്ടി അവള്‍ പറഞ്ഞു: ''ഇതാണെന്റെ വീട്...''എനിക്കൊന്നും മനസ്സിലായില്ല. എന്റെ മുഖഭാവം കണ്ട് വീണ്ടും അവള്‍ പറഞ്ഞു: ''സംശയിക്കേണ്ട. എന്റെയും എന്റെ അമ്മയുടെയും വീടാണ് ഈ വലിയ തോള്‍സഞ്ചി...''
ഞാന്‍ അതിലേക്ക് നോക്കി. എന്തൊക്കെയോ കുത്തിനിറച്ചുവെ ച്ചിരിക്കുന്നു. കാലം ഒഴുക്കിനിടയില്‍ എനിക്കുചുറ്റും തളംകെട്ടുകയും, എന്നിട്ട് പതിയെ, ഒന്നും സംഭവിക്കാത്തപോലെ കണ്‍മുന്നിലൂടെ ഒഴുകിപ്പോവുകയും ചെയ്തു...
വളരെ വര്‍ഷങ്ങള്‍ക്കുമുന്‍പാണ്. പതിവുപോലെ ആശുപത്രിക്കുള്ളില്‍ റൗണ്ട്‌സിനിറങ്ങിയതായിരുന്നു ഞാന്‍. തിരക്കേറിയ ഒ.പി. വിഭാഗത്തില്‍ക്കൂടി വേഗത്തില്‍ നടക്കുമ്പോഴാണ് ഒരു സ്ത്രീയുടെ നിര്‍ത്താത്ത ചുമ കേള്‍ക്കുന്നത്. വളരെ ബുദ്ധിമുട്ടുതോന്നിക്കുന്ന ചുമ. ഞാന്‍ തിരിച്ചുനടന്ന് അവരുടെ അടുത്തെത്തി.
തലകുനിച്ച് ഒരു കസേരയിലിരുന്ന് വളരെ ശക്തിയായി ചുമയ്ക്കുന്നു. അവരുടെ മകള്‍ നെഞ്ചുതടവിക്കൊടുക്കുന്നു. രണ്ടുപേരും ശരീരം മറയുന്ന കറുത്ത പര്‍ദയിലാണ്. തലയും കറുത്ത തുണികൊണ്ട് മറച്ചിട്ടുണ്ട്.
''എന്തുപറ്റി?'' ഞാന്‍ മകളോട് ചോദിച്ചു.''ഇന്നലെ രാത്രിമുതല്‍ വല്ലാത്ത ചുമ. ഡോക്ടറെക്കാണാന്‍ വന്നതാണ്. പേരുവിളിച്ചിട്ടില്ല.''
ചുറ്റുമിരിക്കുന്ന രോഗികളെല്ലാവരും ക്ഷീണിതരും അവശരുമായിരുന്നു. എന്നാലും ഈ ഉമ്മയുടെ വല്ലാത്ത പാരവശ്യം കണ്ട് പെട്ടെന്ന് ഡോക്ടറെക്കാണാനുള്ള സൗകര്യം ചെയ്തുകൊടുത്തു. പിന്നീട് എന്റെ ജോലികള്‍ തുടരാനായി അവിടെനിന്ന് പോയി. അല്പം കഴിഞ്ഞ് വീണ്ടും അതേവഴി വന്നപ്പോള്‍ മരുന്നൊക്കെ കഴിച്ച് അല്പം ആശ്വാസത്തോടെ ഒരു ട്രോളിയില്‍ കിടക്കുകയാണ് ആ ഉമ്മ. അപ്പോഴാണ് ഞാന്‍ അവരെ കൂടുതല്‍ ശ്രദ്ധിക്കുന്നതും, മകളെ നോക്കി ഒന്ന് ചിരിക്കുന്നതും. നിഷ്‌കളങ്കമായ മുഖമാണ് ആ പെണ്‍കുട്ടിയുടേത്. ചമയമില്ലാത്ത മുഖത്ത് കണ്ണുകള്‍ തിളങ്ങുന്നുണ്ടായിരുന്നു. ലോകം നല്‍കുന്ന അടികള്‍ക്കൊന്നും തകര്‍ക്കാന്‍ പറ്റാത്ത തിളക്കമായിരുന്നു അതെന്ന് ഞാനപ്പോള്‍ അറിഞ്ഞിരുന്നില്ല. ആ പെണ്‍കുട്ടിയുടെ വിരലുകള്‍ക്കാവട്ടെ തണുപ്പായിരുന്നു.
''വീടെവിടെയാ?''ഞാന്‍ ചോദിച്ചു.
ആശുപത്രിയില്‍ കാണുന്ന അപരിചിതരോട് പേരുചോദിക്കുന്നതിനെക്കാള്‍ നല്ലത്, വീടെവിടെയെന്ന് ചോദിക്കുന്നതാണ്. പേരെന്തായിരുന്നാലും ഒരു ആശുപത്രിജീവനക്കാരിക്ക് അതറിഞ്ഞിട്ട് പ്രത്യേകിച്ച് കാര്യവുമില്ല. എന്നാല്‍, വളരെ ദൂരെനിന്നെത്തുന്നവര്‍ക്കും മറ്റു സഹായികളില്ലാത്തവര്‍ക്കും സ്ത്രീകള്‍ മാത്രമായി വരുന്നവര്‍ക്കും പെണ്‍കുട്ടികള്‍ക്കും പണം കുറവുള്ളവര്‍ക്കുമൊക്കെ ഓരോതരം വ്യത്യസ്ത പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. അവരില്‍ സഹായം വേണ്ടവരുണ്ടാകാം.
ഒരു കൈകൊണ്ട് അമ്മയുടെ മുതുക് തടവി, മറു കൈകൊണ്ട് തോളില്‍ക്കിടന്ന ഒരു കനത്ത ബാഗില്‍ തട്ടി മകള്‍ പറഞ്ഞു: ''ഇതാണ് വീട്...''
എന്നിലെ ആകാംക്ഷ വളര്‍ന്നു. എന്നാല്‍, മര്യാദപാലിച്ച് ഒന്നും മിണ്ടാതെ നിന്നു. അപ്പോള്‍ പെട്ടെന്ന് അവള്‍ ചോദിച്ചു: ''എന്റെ കൈയില്‍ ഞാന്‍ വരച്ച യേശുവിന്റെ കുറച്ച് ചിത്രങ്ങളുണ്ട്. ഞാന്‍ യേശുവിന്റെ ചിത്രങ്ങള്‍ മാത്രമേ വരയ്ക്കാറുള്ളൂ. രണ്ടെണ്ണം വാങ്ങാമോ? 100 രൂപയാണ് വില. 50 രൂപ വെച്ച് മാഡത്തിന് തരാം.'' (അന്നത്തെക്കാലത്ത് 50 രൂപയ്ക്കും വിലയൊക്കെയുണ്ട്.)
എന്തുകൊണ്ടായിരിക്കും യേശുവിന്റെ പടം മാത്രം വരയ്ക്കുന്നത്? അത്തരമൊരു ചോദ്യത്തിന് പ്രസക്തിയില്ലെന്നറിയാവുന്നതുകൊണ്ട് ചോദിച്ചില്ല. രണ്ടുചിത്രം ഞാന്‍ വാങ്ങിക്കുകയും ആശുപത്രിയിലുള്ള ചാപ്പലിന്റെ ചാര്‍ജ് വഹിക്കുന്ന സിസ്റ്റര്‍ ഡൊമിനിക്കിനോട് ഈ ചിത്രങ്ങളെക്കുറിച്ച് ഫോണില്‍ പറയുകയും ചെയ്തു. സിസ്റ്റര്‍ ഈ കുട്ടിയുടെ കൈയില്‍നിന്ന് 15 ചിത്രം വാങ്ങി. ''ഞായറാഴ്ച മഠത്തില്‍ പോകുമ്പോള്‍ അവിടെയുള്ളവര്‍ക്ക് കൊടുക്കാം,'' സിസ്റ്റര്‍ പറഞ്ഞു.
പെണ്‍കുട്ടി വളരെ സന്തോഷത്തോടെ എന്റെ കൈയില്‍ പിടിച്ചു. അപ്പോള്‍ ആ കൈകള്‍ക്ക് ചൂടുണ്ടായിരുന്നു. ട്രോളിയില്‍ക്കിടന്ന് ഉറങ്ങുകയായിരുന്ന അവളുടെ അമ്മ കണ്ണുകള്‍ തുറന്നു. ക്ഷീണിച്ച ശബ്ദത്തില്‍ പറഞ്ഞു: ''മോളേ, നല്ല ആശ്വാസമുണ്ട്. നമുക്കിനി പോകാം.''
''പേരെന്താ?'' ആ പെണ്‍കുട്ടിയോട് ഞാന്‍ ചോദിച്ചു.''ആമിന.''
എനിക്കെന്തോ, ആ അമ്മയോടും മകളോടും അല്പംകൂടി സംസാരിക്കണമെന്നുതോന്നി. ''കാന്റീനില്‍നിന്ന് കാപ്പികുടിച്ചിട്ട് പോകാം,'' ഞാന്‍ പറഞ്ഞു. മകള്‍, വേണ്ടെന്ന് പറയാന്‍ തുടങ്ങുമ്പോഴേക്കും അമ്മ പറഞ്ഞു: ''ചൂടുവെള്ളംകൊണ്ട് ഒന്ന് തൊണ്ടനനച്ചാല്‍ നന്നായിരുന്നു...''
കാപ്പികുടിച്ച് സ്വസ്ഥമായിരിക്കുമ്പോള്‍ ചോദിക്കണം, അവളുടെ ബാഗെങ്ങനെ വീടായതെന്ന്. ചൂടുകാപ്പി ഊതിക്കുടിച്ച് അവള്‍ പറഞ്ഞു: ''മാഡം, ഞാന്‍ പറഞ്ഞ പേര് എന്റെ ശരിയായ പേരല്ല. മുസ്ലിം വേഷമാണെങ്കിലും ഞങ്ങള്‍ മുസ്ലിങ്ങളല്ല. ഞങ്ങളുടെ ശത്രുക്കളെ പേടിച്ച്, അവരില്‍നിന്ന് രക്ഷപ്പെടാനാണ് ഈ വേഷമിട്ടുതുടങ്ങിയത്. ഈ വേഷത്തില്‍ പെട്ടെന്നാരും തിരിച്ചറിയില്ലല്ലോ. പിന്നെയത് ശീലമായി.''
മുന്നില്‍ വന്നുപെടുന്ന നിസ്സഹായരെ ചോദ്യങ്ങള്‍ ചോദിച്ച് ഉത്തരം പറയിക്കുന്നത് മോശമാണെന്നൊരു തോന്നലുണ്ടായിരുന്നു. പക്ഷേ, അവരുടെ കഥകളറിയാന്‍ വല്ലാത്ത ആകാംക്ഷയും! അവളുടെ കൈപ്പത്തി കാപ്പിക്കപ്പിനെ മുറുകെപ്പിടിച്ചിരുന്നു. അവള്‍ തുടര്‍ന്നു: ''യേശുവിന്റെ പടം വരച്ചുകൊടുക്കുന്നതുകൊണ്ട് ഞാന്‍ ക്രിസ്ത്യാനിയാണെന്നും വിചാരിക്കേണ്ട. ഞങ്ങള്‍ ക്രിസ്ത്യാനികളുമല്ല.''
അത്രയുമായപ്പോള്‍ എന്തെങ്കിലും പറയണമല്ലോ എന്നുവിചാരിച്ച് ഞാന്‍ പറഞ്ഞു: ''നിങ്ങള്‍ ഏതുമതത്തിലെ ആള്‍ക്കാരാണെന്നുള്ളതൊന്നും ഒരു പ്രശ്‌നമേയല്ലല്ലോ. ആശുപത്രിയിലല്ലേ നമ്മള്‍.''
സത്യം പറഞ്ഞാല്‍ അപ്പോള്‍ എന്റെ മനസ്സ് ആകെ കുഴഞ്ഞുമറിഞ്ഞു. അറിയാത്ത കഥയുടെ ശേഷിപ്പുകള്‍ അവളുടെ ചുണ്ടില്‍ കാപ്പിപ്പതയായി ഉരുണ്ടുകൂടുന്നത് ഞാന്‍ വെറുതേ നോക്കിയിരുന്നു. ആമിനയെന്ന പേരുതന്നെയാണ് എന്റെ മനസ്സില്‍ ആ കുട്ടിക്കായി തീരുമാനിക്കപ്പെട്ടത്. അത് മാറ്റാനാവുകയില്ലെന്ന് തോന്നി.
''കാസര്‍കോട്ടാണ് ഞങ്ങളുടെ വീട്. അച്ഛന്‍ വളരെയേറെ സ്വത്തുള്ള ഒരു കുടുംബത്തിലെ ആളായിരുന്നു. പ്രേമവിവാഹമായിരുന്നു അച്ഛന്റെയും അമ്മയുടെയും. അച്ഛന്റെ വീട്ടുകാര്‍ക്ക് വിവാഹം ഇഷ്ടമായിരുന്നില്ല. ബന്ധുക്കള്‍ അച്ഛനെ പലവിധത്തില്‍ ഉപദ്രവിച്ചുകൊണ്ടിരുന്നു. വലിയൊരു ഭാഗം സ്വത്തിന് അച്ഛനും അവകാശമുണ്ടായിരുന്നു. അഞ്ചുവര്‍ഷം മുന്‍പ് അച്ഛന്‍ മരിച്ചു. അച്ഛനെ കൊന്നതാണെന്നാണ് അമ്മ വിശ്വസിക്കുന്നത്. തെളിവൊന്നും ഞങ്ങളുടെ കൈയിലില്ല. അച്ഛന്റെ മരണശേഷം അവിടെ താമസിക്കുന്നത് അപകടമാണെന്നുപറഞ്ഞ് അമ്മ എന്നെയുംകൂട്ടി അവിടെനിന്നിറങ്ങി. ആദ്യമൊരു വാടകവീട്ടിലാണ് താമസിച്ചത്. അച്ഛന്‍ മരിച്ചശേഷം എനിക്ക് സ്‌കൂളില്‍ പോകാന്‍ പറ്റിയില്ല. അന്നേ ചിത്രം വരയ്ക്കാന്‍ ഇഷ്ടമുണ്ടായിരുന്നു. അച്ഛന്‍ വാങ്ങിത്തന്ന, ചിത്രം വരയ്ക്കാനുള്ള സാധനസാമഗ്രികളൊന്നും ഞാന്‍ ഒരിക്കലും ഉപേക്ഷിച്ചില്ല.
വാടക കൊടുക്കാന്‍ സാധിക്കാതെ, ആ വീടുപേക്ഷിക്കുമ്പോള്‍ എനിക്കും അമ്മയ്ക്കും മുന്നില്‍ ലക്ഷ്യമൊന്നുമുണ്ടായിരുന്നില്ല. മരിക്കാനിഷ്ടമായിരുന്നില്ല. ജീവിക്കണമെന്ന് അതിയായ ആഗ്രഹവുമുണ്ട്. അമ്മ പറഞ്ഞു, ആ നാട്ടില്‍ നിന്നാല്‍ കൊല്ലപ്പെടും, അവര്‍ ജീവിക്കാന്‍ സമ്മതിക്കില്ല എന്നൊക്കെ. ഒരു ബാഗില്‍, കൈയിലുണ്ടായിരുന്ന മൂന്നുജോഡി വസ്ത്രങ്ങളും, വരയ്ക്കാനുള്ള സാധനങ്ങളുമായി ഞങ്ങള്‍ നാടുവിട്ടുപോന്നു. പിന്നീട് ബാഗ് ഞങ്ങളുടെ വീടും ട്രെയിന്‍ ഞങ്ങളുടെ നാടുമായി...''എനിക്കൊന്നും പറയാന്‍ സാധിക്കാതെ കണ്ണുമിഴിച്ച് ആ കുട്ടിയെ നോക്കിയിരുന്നു.
അല്പം കഴിഞ്ഞ് മര്യാദകളൊക്കെ മറന്ന് ചോദിച്ചുപോയി: ''ട്രെയിനോ! നാടോ!'' അവള്‍ ചിരിച്ചു. നല്ല ഭംഗിയുള്ള ചിരി. മേശപ്പുറത്തിരുന്ന ബിസ്‌കറ്റ് കഴിച്ചുകൊണ്ട് അവള്‍ പറഞ്ഞു: ''അമ്മ പറഞ്ഞത് എന്നെപ്പോലെ ഒരു പെണ്‍കുട്ടിയെ കൂടെക്കൂട്ടി എവിടെപ്പോയിക്കിടന്നാലും അത് പ്രശ്‌നമായിരിക്കുമെന്നാണ്. ചാവുന്നതാണ് ഭേദമത്രേ. ട്രെയിനിനു തലവെച്ചാലോ എന്ന് അമ്മ ചോദിച്ചു. പക്ഷേ, ട്രെയിന്‍ ഞങ്ങളുടെ നാടായിമാറുകയായിരുന്നു. വീടെടുത്തു താമസിക്കാന്‍ പൈസയില്ല.
കഴിഞ്ഞ അഞ്ചുവര്‍ഷമായി, എവിടെയെങ്കിലുമൊക്കെയിരുന്ന് യേശുവിന്റെ ചിത്രം വരയ്ക്കും. അതൊക്കെ കൂട്ടിവെച്ച്, ഞങ്ങള്‍ അപ്പോഴുള്ള നാട്ടിലെ, തിരക്കുള്ള പള്ളിയില്‍ ഞായറാഴ്ചകളില്‍ പോകും. ഈ ചിത്രങ്ങള്‍, ആരെങ്കിലുമൊക്കെ വാങ്ങിക്കും. അങ്ങനെ കുറച്ച് പണം കിട്ടും. വൈകിട്ട് എട്ടുമണിയടുപ്പിച്ച്, ഞങ്ങള്‍ ഏതുനാട്ടില്‍ നില്‍ക്കുന്നുവോ, ആ നാട്ടില്‍നിന്ന്, ആ സമയത്തുള്ള ഒരു ട്രെയിനില്‍ ടിക്കറ്റെടുത്ത് കയറും. രാവിലെ അഞ്ചുമണിയടുപ്പിച്ച് ട്രെയിന്‍ എവിടെയെത്തുമോ, അവിടേക്കാണ് ടിക്കറ്റെടുക്കുക. തെക്കോട്ടാണോ വടക്കോട്ടാണോ ട്രെയിന്‍ എന്നൊന്നും നോക്കാറില്ല. വിലകുറഞ്ഞ ടിക്കറ്റ് കിട്ടുന്ന ഏതു ട്രെയിനാണെങ്കിലും അതില്‍ കയറും. രാവിലേ പ്രഭാതകൃത്യങ്ങളും കഴിഞ്ഞ് ഞങ്ങള്‍ സ്റ്റേഷനിലിറങ്ങും. ഏതു പള്ളിയാണ് അവിടെയുള്ളതെന്നന്വേഷിക്കും. അവിടേക്ക് യേശുവിന്റെ പടവുമായി ഞങ്ങള്‍ പോകും. കഴിഞ്ഞ അഞ്ചുവര്‍ഷമായി ജീവിതം ഇങ്ങനെയാണ് പോകുന്നത്. ഇപ്പോള്‍ മിക്ക പള്ളികളും ഞങ്ങള്‍ക്കറിയാം.''
അവളെ ചേര്‍ത്തുനിര്‍ത്തി ഞാന്‍ പറഞ്ഞു: ''ഉമ്മയ്ക്ക് എന്താവശ്യമുണ്ടെങ്കിലും, എന്ത് വയ്യായ്ക വന്നാലും, ഇങ്ങോട്ട് കൊണ്ടുവന്നോളൂ. വേണ്ടത് ചെയ്‌തോളാം.''അവള്‍ സ്‌നേഹം വഴിയുന്ന കണ്ണുകളോടെ പറഞ്ഞു: ''ഇന്നുകിട്ടിയ പൈസ ഞങ്ങള്‍ക്ക് ഒരുമാസത്തേക്ക് ജീവിക്കാനുള്ളതെങ്കിലുമുണ്ട്. എറണാകുളത്തെ പള്ളികളിലും ഇടയ്ക്ക് വരാറുണ്ട്. പലരും ചിത്രങ്ങള്‍ വാങ്ങാറുണ്ട്. കറുപ്പും വെളുപ്പും മാത്രമായ, നിറമില്ലാത്ത, എന്റെ യേശുവിന്റെ ചിത്രങ്ങള്‍ക്ക് ആവശ്യക്കാരുള്ളതുവരെ എനിക്കെന്റെ അമ്മയെ നോക്കാന്‍ സാധിക്കും...''
ഞാന്‍ അതുവരെ സംസാരിച്ചിരുന്നതിന്റെ സ്വാതന്ത്ര്യമെടുത്തു ചോദിച്ചു: ''അവകാശപ്പെട്ടതൊക്കെ ഉപേക്ഷിക്കണോ? അര്‍ഹതപ്പെട്ടത് കിട്ടാനുള്ള സംവിധാനങ്ങളുണ്ടാക്കാമല്ലോ. ഈ നാട്ടില്‍ നിയമങ്ങളൊക്കെയുണ്ടല്ലോ...''
''ഇല്ല മാഡം, അതൊന്നും ആലോചിക്കാന്‍ പോലും വയ്യ. ഞങ്ങളെ മറ്റാരും അന്വേഷിച്ചുവന്ന് ഉപദ്രവിക്കരുതെന്ന് മാത്രമേ ആഗ്രഹിക്കുന്നുള്ളൂ.''
അവള്‍ക്ക് അച്ഛന്റെ വീട്ടുകാരെക്കുറിച്ചോ, അവിടെയുണ്ടായ ദുരനുഭവങ്ങളെക്കുറിച്ചോ ഓര്‍ക്കാന്‍ പോലും ഇഷ്ടമുണ്ടായിരുന്നില്ലെന്ന് എനിക്കുതോന്നി. ''ഈ ലോകത്ത് ഒരുപാട് നല്ലമനുഷ്യരുമുണ്ട്. ചില പള്ളികളില്‍ ചെല്ലുമ്പോള്‍ അവിടെയുള്ളവര്‍ പറയും, ഒരാഴ്ചയൊക്കെ അവിടെത്തന്നെ താമസിച്ചുകൊള്ളാന്‍. അവിടെത്തന്നെയിരുന്ന് ചിത്രങ്ങള്‍ വരച്ച്, അവിടെ വരുന്നവര്‍ക്ക് കൊടുത്തോളാന്‍ അനുവാദം തരും. അവിടെനിന്ന് ഭക്ഷണവും കിട്ടും. അത്തരമവസരങ്ങളിലാണ് ഞങ്ങള്‍ കൈയിലുള്ള വസ്ത്രങ്ങളൊക്കെ കഴുകിയുണക്കുന്നത്. അഞ്ചാറുദിവസം കഴിയുമ്പോള്‍ ഞങ്ങള്‍ അവിടെനിന്ന് അടുത്ത ട്രെയിന്‍ പിടിക്കും. ഇപ്പോള്‍ കഴിച്ച കാപ്പിയും ബിസ്‌കറ്റും അടയും ഞങ്ങള്‍ ഒരിക്കലും മറക്കില്ല മാഡം...''
ആ അമ്മ അതുവരെ ഒന്നും മിണ്ടിയിരുന്നില്ല. ചുമ മാറി കാപ്പികുടിച്ച് ആശ്വാസമായപ്പോള്‍ അവര്‍ പറഞ്ഞു: ''എന്റെ കാലം കഴിയുമ്പോള്‍ എന്റെ മോള്‍ക്ക് ആരുണ്ടെന്നുള്ളതാണ് എന്റെ ഏറ്റവും വലിയ സങ്കടം. അവള്‍ പറയുന്നത് യേശുവുണ്ടെന്നാണ്. യേശുവിന്റെ അമ്മയും ഉണ്ടെന്നുപറയുന്നു...''
അമ്മയുടെ സങ്കടം മാറ്റി ഒന്ന് ചിരിപ്പിക്കാനെന്നോണം ആമിന അപ്പോള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു: ''പിന്നെ ട്രെയിനുകളുമുണ്ടല്ലോ ഇഷ്ടംപോലെ!''
സമാധാനത്തോടെ ചിരിച്ചുകൊണ്ടായിരുന്നു രണ്ടുപേരും എന്നോട് യാത്രപറഞ്ഞിറങ്ങിയത്. ഞാന്‍ നോക്കിനിന്നു. ഹിന്ദുവായി ജനിച്ച്, മുസ്ലിം വേഷം ധരിച്ച്, യേശുവിനെ വരച്ച് ജീവിക്കുന്ന ഒരു പെണ്‍കുട്ടി! അന്നുവരെ ഞാന്‍ മനസ്സില്‍ സങ്കല്പിച്ചിട്ടില്ലാത്ത ഒരു ചിത്രമായിരുന്നു അത്. മനസ്സില്‍നിന്ന് ആ അമ്മയും മകളും പിന്നെ ഒരിക്കലും പടിയിറങ്ങിപ്പോയില്ല. പക്ഷേ, പിന്നീടൊരിക്കലും അവര്‍ പടികയറി വന്നതുമില്ല.
ട്രെയിന്‍ യാത്രയ്ക്കിടയില്‍ ഞാന്‍ ഇപ്പോഴും അവരെ തിരയാറുണ്ട്. പള്ളികളില്‍ പോയാല്‍ അവിടെയും തിരയാറുണ്ട്. ഒരിക്കലും കണ്ടിട്ടില്ല. ആമിനയ്ക്ക് എത്ര വയസ്സായിട്ടുണ്ടാവും ഇപ്പോള്‍? ഉമ്മ മരിച്ചുകാണുമോ? ആമിനയുടെ ബാഗ് തന്നെയായിരിക്കുമോ അവളുടെ വീട് ഇപ്പോഴും? ട്രെയിന്‍ തന്നെയാണോ അവളുടെ നാട്? നമ്മളെപ്പോലെയുള്ള ഒരു നാടും ഒരു വീടും അവള്‍ക്ക് ഉണ്ടായിക്കാണുമോ? എന്നെങ്കിലും കാണാമെന്നു പറഞ്ഞ് പോയ അവളെ ഞാനിനി കാണുമോ? അറിയില്ല. ജീവിതത്തിനുമുന്നിലുള്ള ആമിനയുടെ നിശ്ചയദാര്‍ഢ്യം എത്ര വലുതായിരുന്നു.
കുറച്ചുവര്‍ഷങ്ങള്‍ക്കുമുന്‍പ്, ചെന്നൈയിലുള്ള എന്റെ അനിയത്തി വിനീത, ട്രെയിനില്‍ എന്റെ വീട്ടിലേക്കു വരികയായിരുന്നു. വന്നയുടനേ, ട്രെയിനില്‍ കണ്ടുമുട്ടിയ ഒരു സ്ത്രീയെക്കുറിച്ച് അവള്‍ പറഞ്ഞു: ''ചേച്ചീ. ഞാനൊരു സ്ത്രീയെ പരിചയപ്പെട്ടു. ചേച്ചിക്ക് ഒരു കഥയെഴുതാന്‍ പറ്റിയേക്കും. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി അവര്‍ അമേരിക്കയിലാണ്. അവിടെയുള്ള, ഒരു സര്‍ക്കസ് ട്രൂപ്പിലാണ് ജോലി. അവിടെ എന്റര്‍ടെയ്ന്‍മെന്റ് ട്രെയിനുണ്ടത്രെ. ആ ട്രെയിനിലുള്ളത് കുറച്ച് സര്‍ക്കസ്സുകാരും മജീഷ്യന്‍സുമാണ്.
കുട്ടികളെ സന്തോഷിപ്പിക്കാനുള്ള മറ്റു പല ഉപാധികളുമുള്ള ആ ട്രെയിന്‍ എപ്പോഴും സഞ്ചരിച്ചുകൊണ്ടിരിക്കും. ഓരോരോ സ്ഥലത്തെത്തുമ്പോള്‍ അവിടെ പരിപാടികളവതരിപ്പിക്കുകയും വീണ്ടും യാത്രതുടരുകയും ചെയ്യും. ട്രെയിനിനുള്ളില്‍ എല്ലാ സൗകര്യങ്ങളുമുണ്ട്. ട്രെയിന്‍ അവര്‍ക്കു വീടുമാണ്, ജോലിസ്ഥലവുമാണ്. പക്ഷികളും മൃഗങ്ങളുമൊക്കെ ട്രെയിനില്‍ത്തന്നെയുണ്ട്. അവര്‍ക്കൊക്കെ പ്രത്യേകം ബോഗികളാണ്. കുടുംബമായിട്ടാണ് എല്ലാവരും ഈ ട്രെയിനിനുള്ളില്‍ ജോലിക്കായെത്തുന്നത്. ട്രെയിനില്‍ ജീവിക്കുന്ന കുട്ടികള്‍ക്കായി ഒരു ബോഗി സ്‌കൂളാക്കിയിട്ടുണ്ട്. അവിടെ കുട്ടികളെ ഭാഷയും കണക്കും സയന്‍സുമൊക്കെ പഠിപ്പിക്കുന്നുണ്ട്. അവിടെയുള്ള കുട്ടികളെ ചിത്രം വരയ്ക്കാന്‍ പഠിപ്പിക്കലാണ് ആ സ്ത്രീയുടെ ജോലി. ആ ട്രെയിനാണ് അവരുടെ മേല്‍വിലാസം! അവര്‍ക്ക് അടുത്ത ബന്ധുക്കളൊന്നുമില്ല. അമ്മയുണ്ടായിരുന്നു. മരിച്ചുപോയി, അതിനുമുന്നേ അച്ഛനും. രണ്ടുവര്‍ഷത്തിലൊരിക്കല്‍ അമ്മയുടെ മരണദിവസമടുപ്പിച്ച് അവര്‍ നാട്ടിലെത്തുംപോലും. അന്നവര്‍ നാട്ടിലെ ഒരു ട്രെയിനില്‍ യാത്രചെയ്യുമെന്ന്!''
ഞാന്‍ അന്തംവിട്ടിരുന്നുപോയി. അവള്‍ ചോദിക്കയാണ്: ''ചേച്ചീ, ഇങ്ങനെയൊക്കെ ജീവിക്കുന്ന മനുഷ്യരുണ്ടാകുമോ?''
ആമിനയായിരിക്കുമോ അത്? ആമിനയ്ക്കങ്ങനെ അമേരിക്കയിലൊക്കെ പോകാനുള്ള സൗകര്യമുണ്ടായിക്കാണുമോ? ആമിനയല്ലെങ്കില്‍ മറ്റാരായിരിക്കുമത്? അല്ല, ആയിരിക്കില്ല, ആവാന്‍ സാധ്യതയില്ല... മനസ്സ് പായുന്നു...
വിനീതയോട് ആമിനയെക്കുറിച്ചു പറയുകയോ, രണ്ടും ഒരാളാണോ എന്ന ചര്‍ച്ചയിലേര്‍പ്പെടുകയോ ഒന്നും ചെയ്തില്ല. ഇതാ, ഇതുവരെ ആമിനയെക്കുറിച്ച് എഴുതുകയോ പറയുകയോ ചെയ്തിട്ടില്ല. ആമിനയെപ്പോലെ ചില സ്ത്രീകളെങ്കിലും അങ്ങനെയാണ്. കടലിളകിവന്നാലും, ആകാശമിടിഞ്ഞുവീണാലും, കൊടുമുടികള്‍ പറന്നടിച്ചാലും, പ്രളയം ഭൂമിയെ വിഴുങ്ങിയാലും, അവര്‍ ജീവിതത്തെ, മരണത്തെയെന്നപോലെ ഉറ്റുനോക്കും. ചിലര്‍ക്കെങ്കിലും മരണംപോലെതന്നെയാണ് ജീവിതവും.
ആമിന ഒരു പേരല്ല എനിക്ക്. സ്ത്രീകള്‍ തോള്‍സഞ്ചിപോലെ കൊണ്ടുനടക്കുന്ന വീടും, ട്രെയിന്‍ പോലെ ഓടിയോടി എത്തിക്കൊണ്ടിരിക്കുന്ന നാടുമാണ്!
Content Highlights: a heartfelt note by writer thanuja bhattathiri
Published: 28 Aug 2023, 11:30 am IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented