സഹതാപതരംഗങ്ങള്‍ക്ക് രാജ്യത്തിന്റെ ഭാഗധേയംവരെ മാറ്റിയെഴുതാന്‍ ശക്തിയുണ്ടെന്നിരിക്കെ കുടുംബത്തിന്റെ കാര്യം പറയേണ്ടതില്ലല്ലോ. രാജ്യത്തിലായാലും കുടുംബത്തിലായാലും പ്രിവിലേജ്ഡായ ഗുണഭോക്താക്കള്‍ക്ക് അനുകൂലമായി അതതുസമയങ്ങളില്‍ കൃത്യമായി അത്തരം തരംഗങ്ങള്‍ ഉണ്ടായിവരികയുംചെയ്യും. രാഷ്ട്രീയശരികളോ ധാര്‍മികമര്യാദകളോ പൂര്‍വചരിത്രമോ മറുഭാഗത്തെ പിന്തുണയ്ക്കണമെന്നില്ല. അവരുടെ പിടച്ചിലുകള്‍ മുഴുവന്‍ കണ്ടില്ലെന്ന് നടിക്കപ്പെടും. ഭൂരിപക്ഷവികാരത്തിന് എതിരായുള്ള നീക്കങ്ങളുടെ പേരില്‍ വാദി പ്രതിയായെന്നുംവരും.
ഞങ്ങളുടെ കാര്യത്തില്‍ അങ്ങനെയൊരു നിര്‍ണായകസന്ദര്‍ഭത്തിലാണ് അടുത്ത ഒത്തുതീര്‍പ്പുണ്ടാകുന്നത്. അതില്‍ ഏറ്റവും വലിയ പങ്കുവഹിച്ചത് കുടുംബം എന്ന പദമാണ്. ഇരുപക്ഷത്തെയും ബന്ധുക്കളുടെയും അഭ്യുദയകാംക്ഷികളുടെയും ഐകകണ്‌ഠ്യേനയുള്ള അഭിപ്രായം കുടുംബം ചിന്നിച്ചിതറരുത് എന്നുതന്നെയായിരുന്നു. നടന്ന സംഭവങ്ങള്‍ അതിന് കുറച്ചുകൂടി ബലം നല്‍കി, കാല്പനികമാനം നല്‍കി. ഭാര്യയെ പിരിയാതിരിക്കാന്‍, അവളോടുള്ള തന്റെ സ്‌നേഹം ഉദ്ഘോഷിക്കാന്‍ ഇത്തരമൊരു മാര്‍ഗം തിരഞ്ഞെടുത്ത പുരുഷന്‍ നിലവിലെ പൊതുബോധമനുസരിച്ച് ഉത്തമ നായകനല്ലാതെ മറ്റാരാകാനാണ്? സിനിമയില്‍ അത്തരമൊരു നായകനൊപ്പമല്ലേ ഭൂരിപക്ഷം പേരും നില്‍ക്കുക.
പങ്കാളികള്‍ക്കും പ്രണയികള്‍ക്കും പിന്നാലെ ചാരന്മാരെ അയക്കുക, അവരുടെ പ്രവൃത്തികള്‍ നിരീക്ഷിക്കുക, നുണപറയുകയും അഭിനയിക്കുകയും ആത്മഹത്യാഭീഷണി മുഴക്കുകയും ചെയ്ത് സ്‌നേഹം പിടിച്ചുപറ്റാന്‍ ശ്രമിക്കുക തുടങ്ങിയ കലാപരിപാടികള്‍ ആരുടെയും കുത്തകയൊന്നുമല്ല. അതില്‍ വലിപ്പച്ചെറുപ്പമോ ലിംഗഭേദമോ ഇല്ല. പലരും ഇപ്പോഴും പലതരത്തില്‍ അതു തുടരുന്നുമുണ്ട്. ഇതൊക്കെയും ബന്ധത്തിലുള്‍പ്പെട്ട വ്യക്തികളെ കൂടുതല്‍ അപമാനിക്കുകയല്ലേ എന്ന ചോദ്യം സൗകര്യപൂര്‍വം മുങ്ങിപ്പോകാറാണ് പതിവ്. എന്റെ കാര്യത്തിലും, സൂചിപ്പിച്ചപ്പോള്‍ത്തന്നെ, അതിലൊന്നും വലിയ കാര്യമില്ല എന്നാണ് മറുപടി കിട്ടിയത്. വലിയ കാര്യമില്ലായിരിക്കാം, പക്ഷേ, എനിക്ക് ഇതു തുടരാതിരിക്കാന്‍ ഈ ചെറിയ കാര്യം മതി എന്ന് ഞാന്‍ കടുംപിടിത്തം തുടര്‍ന്നു. അതോടെ നേരത്തേ സൂചിപ്പിച്ചതുപോലെ കാറ്റ് ശക്തമായി അപ്പുറത്തേക്കു വീശിത്തുടങ്ങി.
എല്ലാം പൊറുത്ത്, അഹങ്കാരിയായ ഭാര്യയെയും മക്കളെയും ഇങ്ങോട്ടുവന്നു സ്‌നേഹിക്കാന്‍ വെമ്പിനില്‍ക്കുന്ന ഭര്‍ത്താവിനെ/അച്ഛനെ തടഞ്ഞുനിര്‍ത്തിയിരിക്കുന്ന സ്‌നേഹരഹിതയായ ഭാര്യയും അമ്മയുമായി ഞാന്‍. ഒരേസമയം പലദിക്കുകളിലേക്കു തിരിഞ്ഞ് പടവെട്ടേണ്ടിവന്ന ആ കാലം മറക്കാനാവില്ല. ഇരിക്കുന്ന ചില്ലകളെല്ലാം ഓരോന്നായി മുറിഞ്ഞുവീഴുമ്പോഴാണ് ഒരു വിവാഹബന്ധത്തിന് കൊടുക്കേണ്ട വിലയെക്കുറിച്ച് സ്ത്രീകള്‍ മനസ്സിലാക്കുക. വാസ്തവത്തില്‍ അതാണ് അവളുടെ 'മര്യാദപഠിക്കല്‍' കാലം.
എല്ലാ വീടുകളിലും പെണ്‍കുട്ടികള്‍ക്കായി ഒരു മുറി കരുതണമെന്ന് ഇന്നു നാം പറയാറുണ്ട്. വിവാഹിതരായാലും ഇല്ലെങ്കിലും അവര്‍ക്ക് സ്വന്തമായ ഇടമെന്നു കരുതി കയറിവരാനും സ്വതന്ത്രമായി ശ്വസിക്കാനും അതുപകരിക്കും, സത്യമാണ്. പക്ഷേ, ഒരു മുറിയുണ്ടായതുകൊണ്ടുമാത്രം ഇത്തരം സാഹചര്യങ്ങളില്‍ പ്രത്യേകിച്ച് കാര്യമൊന്നുമില്ല എന്നതാണു സത്യം. മുറിയല്ല, അതുള്‍ക്കൊള്ളുന്ന വീടും അതു നില്‍ക്കുന്ന സമൂഹവും മനോഭാവങ്ങളും ഒരുപോലെ പ്രധാനമാണ്.
ഒരുദിവസം ഞാന്‍ കോളേജില്‍നിന്നെത്തിയപ്പോള്‍ ഭര്‍ത്താവ് വീട്ടിലുണ്ടായിരുന്നു. യാതൊന്നും സംഭവിക്കാത്തമട്ടില്‍ പ്രസന്നവദനനായി അദ്ദേഹം മുറ്റത്ത് ഉലാത്തുന്നു. മക്കള്‍ക്കൊപ്പം കളിക്കുന്നു. കഴിഞ്ഞുപോയ സംഘര്‍ഷഭരിതമായ ദിവസങ്ങള്‍ ചരക്കുവണ്ടിപോലെ മനസ്സിലൂടെ പാഞ്ഞുപോയി. അടുക്കളയിലെത്തിയ എന്നെ തടഞ്ഞുവച്ച് അമ്മ കാര്യം പറഞ്ഞു. അച്ഛനടക്കം ഇടപെട്ട് എല്ലാം പരിഹരിച്ചിട്ടുണ്ട്; ഇനി യാതൊന്നുമുണ്ടാവില്ല! ഞാന്‍ മൂഢയായി നിന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ നമ്മുടെ സിനിമകളില്‍ മനോഹരമായ പശ്ചാത്തലസംഗീതത്തിന്റെ അകമ്പടിയോടെ പൂക്കള്‍ വിരിയുന്നതൊക്കെ കാണിച്ചെന്നിരിക്കും. പക്ഷേ, യഥാര്‍ഥജീവിതത്തില്‍ ഉള്ളംകാലുവരെ വിയര്‍ക്കുകയാണ് ചെയ്യുക. നടക്കുമ്പോള്‍ വഴുതിപ്പോകും. ദേഷ്യവും സങ്കടവും സഹിക്കാനാവാതെ ഞാന്‍ പൊട്ടിത്തെറിച്ചു:
''ഇതെത്രാമത്തെ തവണയാണ്? എത്രകാലത്തേക്ക്?''
അമ്മ നടന്ന സംഭവങ്ങള്‍ വിശദീകരിച്ചു. രാവിലേ അദ്ദേഹം വന്നു. ഭയങ്കര കരച്ചിലായിരുന്നു. പതിവുപോലെ കാലുപിടിക്കലും ക്ഷമാപണവുമൊക്കെ നടന്നു. അതുകൊണ്ടൊന്നും കാര്യമില്ലെന്നു മനസ്സിലായപ്പോള്‍, താന്‍ വിഷവുമായാണ് വന്നിരിക്കുന്നത്, ഇവിടെവച്ചുതന്നെ അതു കഴിക്കാന്‍ പോവുകയാണ് എന്നുപറഞ്ഞത്രേ. കൈയിലെ ബാഗില്‍നിന്ന് ഒരു ബോട്ടില്‍ പുറത്തെടുക്കുകയും ചെയ്തുപോലും. ഈ ആത്മഹത്യ ഒഴിവാക്കണമെങ്കില്‍ ദാമ്പത്യം തിരിച്ചുകിട്ടിയേപറ്റൂ. അത്തരത്തിലൊരു പ്രകടനം ആരും പ്രതീക്ഷിച്ചതല്ല. പിന്നീട് ആര്‍ക്കും ഒന്നും പറയാനുണ്ടായിരുന്നില്ല. എന്തുചെയ്യാന്‍പറ്റും? കഴിഞ്ഞതൊക്കെ കഴിഞ്ഞു, ഇനി ആവര്‍ത്തിക്കില്ലെന്നു വാക്കുതന്നിട്ടുണ്ട്.
വാസ്തവത്തില്‍ വിവാഹേതരബന്ധങ്ങളെക്കുറിച്ചുള്ളതൊക്കെ അസൂയാലുക്കള്‍ പറഞ്ഞുപരത്തിയ കഥകളാണ്. കുടുംബം കൂടെയില്ലാതെ ജീവിക്കുന്ന പുരുഷന്മാര്‍ക്ക് അത്തരം പ്രശ്‌നങ്ങള്‍ സ്വാഭാവികമാണ്. കൂട്ടുകാര്‍ക്ക് അവരുടെ വീടുകളിലിരുന്ന് മദ്യപിക്കാന്‍ പറ്റില്ലല്ലോ. അപ്പോള്‍ ഒറ്റയ്ക്ക് ജീവിക്കുന്ന സുഹൃത്തിന്റെയടുത്തേക്ക് അവര്‍ കമ്പനിക്ക് വരും. അങ്ങനെ സംഭവിച്ചുപോയതാണ്. അവിടത്തെ താമസം മതിയാക്കുകയാണ്. ഇനി സ്വന്തം വീട്ടില്‍നിന്ന് പഴയതുപോലെ നിത്യവും ട്രെയിനില്‍ ജോലിക്കുപോയിവരാനാണ് തീരുമാനം. അവിടെ അച്ഛനുമമ്മയും ഉണ്ടല്ലോ. ഇനി ജീവിതത്തിന് ഒരു അടുക്കും ചിട്ടയും വരും.
നേരത്തേ നാം മഞ്ജുവിന്റെ കാര്യം സൂചിപ്പിച്ചിരുന്നല്ലോ. ഉപേക്ഷിച്ചു പോയ ഭര്‍ത്താവ് തിരിച്ചുവന്ന് തന്റെ കിടപ്പറയില്‍ അവകാശഭാവത്തോടെ കിടക്കുന്നതുകണ്ടപ്പോള്‍ ലോകത്തെ മുഴുവന്‍ വെറുത്തുപോയി എന്നാണവള്‍ പറഞ്ഞത്. എന്റെ അനുഭവം അതില്‍നിന്ന് ഒട്ടും ഭിന്നമായിരുന്നില്ല. കുട്ടികള്‍ അച്ഛനൊപ്പം കളിക്കുകയും സ്‌നേഹം പങ്കുവയ്ക്കുകയും ചെയ്യുന്നതു കണ്ടു. കുഞ്ഞുങ്ങളുടെ സന്തോഷം കണ്ടില്ലേ എന്ന് അദ്ദേഹം ആര്‍ദ്രമായ സ്വരത്തില്‍ എന്നോടുചോദിച്ചു. അവരെ ആ സന്തോഷത്തില്‍നിന്നു വിടര്‍ത്താന്‍ എനിക്ക് സാധിക്കുമായിരുന്നില്ല; അതിന് അവകാശവുമില്ല. എന്നാല്‍, ഭാര്യയെന്നനിലയ്ക്ക് എന്റെ ശരീരമോ മനസ്സോ അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ സന്തോഷിക്കുന്നില്ല എന്നു തിരിച്ചറിഞ്ഞുകഴിഞ്ഞ സ്ഥിതിക്ക്, ആ സത്യത്തെ ഞാനെങ്കിലും ഇനിമേല്‍ അവഗണിക്കാന്‍ പാടില്ല എന്നുറപ്പിച്ചു. നേരത്തേയുണ്ടായിട്ടുള്ള പോസ്റ്റ്മോര്‍ട്ടം ടേബിള്‍ രാത്രികള്‍ ഇനിയെന്റെ ജീവിതത്തിലുണ്ടാവില്ല. അവയുണ്ടാക്കുന്ന ആത്മനിന്ദ കുടഞ്ഞുകളയാന്‍ ദിവസങ്ങളും മാസങ്ങളും പോരാതെവരും.
തീര്‍ച്ചയായും, സംതൃപ്തമായ ദാമ്പത്യജീവിതത്തിലേക്കുമാത്രം റിസര്‍വുചെയ്യപ്പെട്ട ഒന്നല്ല രതി. അത് മനുഷ്യരെ ജീവിതത്തിന്റെ സൗന്ദര്യത്തിലേക്ക് അടുപ്പിച്ചുനിര്‍ത്താനുള്ളതാണ്. എന്നാല്‍, ദാമ്പത്യത്തില്‍ തുടരുന്ന മനുഷ്യര്‍ക്ക് ജീവിതത്തിലെ ഇടര്‍ച്ചകളില്‍ ആയുധമായോ അഭയമായോ പാഥേയമായോ അത് രൂപം മാറാറുണ്ട്. വിവാഹത്തിനുപുറത്തുണ്ടാകുന്ന ബന്ധങ്ങള്‍ ചിലപ്പോള്‍ വിവാഹത്തിലെ പരിക്കുകള്‍ പരിഹരിക്കാന്‍ പര്യാപ്തമായെന്നുവരും. പലകാരണങ്ങള്‍കൊണ്ട് മരിച്ചുകൊണ്ടിരിക്കുന്ന ഒരു ദാമ്പത്യത്തിന് വെന്റിലേറ്റര്‍ സപ്പോര്‍ട്ടുപോലെ പ്രവര്‍ത്തിക്കുന്ന രതിബന്ധങ്ങളുണ്ട്.
മനുഷ്യരുടെ ജീവിതത്തില്‍ അതുമൊരു സ്വാഭാവികതയാണ്. ഭര്‍ത്താവിനെതിരേ തെളിവുശേഖരിക്കുന്ന സമയത്ത് അതെന്റെ മനസ്സിലേക്ക് വന്നില്ല. വിവാഹേതരബന്ധത്തിനു തെളിവുണ്ടായാല്‍ എനിക്ക് മോചനം കിട്ടുമല്ലോ എന്ന ചിന്തയ്ക്കായിരുന്നു അന്ന് പ്രാമുഖ്യമുണ്ടായിരുന്നത്. അതെന്തോ ആവട്ടെ, ചിലപ്പോഴെങ്കിലും രണ്ടുമനസ്സുകളെ ചേര്‍ത്തുനിര്‍ത്താന്‍ ആ രണ്ടില്‍ പെട്ടതല്ലാത്ത ശരീരങ്ങള്‍ക്കും സാധിച്ചേക്കും. അത്തരത്തിലൊരു സാധ്യതയും ശേഷിച്ചിട്ടില്ലാത്ത ബന്ധങ്ങള്‍ അസ്ഥികൂടം മാത്രമായി തുടര്‍ന്നെന്നുവരും. അത് മാനസികമായ മരണമാണ്. അങ്ങനെയൊരവസ്ഥയിലേക്ക് എന്തിന്റെ പേരിലായാലും സ്വയം വലിച്ചെറിയാന്‍ ഞാന്‍ തയ്യാറായില്ല. സ്ത്രീക്ക് സ്വന്തം ശരീരത്തിനുമേല്‍ നിയന്ത്രണമില്ലാത്ത നമ്മുടെ വ്യവസ്ഥയില്‍ അതൊരു പ്രയാസമുള്ള തീരുമാനമാണ്.
ശരീരത്തെയും അതിന്റെ ആനന്ദങ്ങളെയും വല്ലാത്ത ഭീതിയോടെയും വെറുപ്പോടെയും കാണുകയെന്നതാണ് ശരീരനിഷേധത്തിന്റെ പാര്‍ശ്വഫലങ്ങളിലൊന്ന്. അതും നാം പലതവണയായി സൂചിപ്പിച്ചിട്ടുണ്ട്. നമ്മുടെ നാട്ടിലെ ദാമ്പത്യത്തിലെ പൊതുയുദ്ധതന്ത്രങ്ങളില്‍ ശരീരനിഷേധം വളരെ സാധാരണമായ ഒന്നാണ്. അത് ഒരര്‍ഥത്തില്‍ മനുഷ്യത്വവിരുദ്ധംകൂടിയാണ്. ഒരുവീട്ടില്‍ പരസ്പരം അന്യരായി, കുഞ്ഞുങ്ങളുടെ ഭാവിയെക്കരുതിമാത്രം മുന്നോട്ടുപോകുന്ന ബന്ധങ്ങള്‍കൊണ്ട് പങ്കാളികള്‍ക്ക് യാതൊരു ഗുണവുമില്ല. എങ്കിലും മനസ്സ് സമ്മതിക്കില്ലെങ്കില്‍ എന്തു നിവൃത്തി?
ദാമ്പത്യം പുനഃസ്ഥാപിക്കാന്‍ ഞാന്‍ തയ്യാറായിരുന്നില്ല. മാനസികമായി പൊരുത്തപ്പെടാനാവുന്നതുവരെ സഹജീവിതം വേണ്ടെന്നുവയ്ക്കാനും മറ്റുള്ളവരുടെ മുന്നില്‍ എല്ലാം ശരിയായി എന്നമട്ടില്‍ പെരുമാറാനുമാണ് അന്നു ഞങ്ങള്‍ ഏറെനേരം സംസാരിച്ചെടുത്ത തീരുമാനം. അനതിദീര്‍ഘമാണെങ്കിലും ഒരിക്കല്‍ നിലനിന്നിരുന്ന ആ സ്‌നേഹജീവിതം വീണ്ടും ഞാന്‍ ആഗ്രഹിച്ചില്ല, ആവശ്യപ്പെട്ടതുമില്ല. കുട്ടികള്‍ക്കുവേണ്ടി യാത്രകള്‍ പോകാനും കൊല്ലത്തെ വീട്ടില്‍ പോകാനും മനസ്സുവയ്ക്കണമെന്ന് അദ്ദേഹം പറഞ്ഞത് ഞാന്‍ സമ്മതിച്ചു. അതവരുടെ വീടാണ്. മറ്റാര്‍ക്കും അവകാശമില്ല.
ആ വര്‍ഷം എനിക്ക് തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍നിന്ന് കോഴിക്കോട് ആര്‍ട്സ് കോളേജിലേക്ക് അപ്രതീക്ഷിതമായി സ്ഥലംമാറ്റമുണ്ടായി. കോഴിക്കോട്ട് താമസിക്കുക എന്ന ആലോചന അപ്പോഴും ഉണ്ടായില്ല. മക്കള്‍ ചെറുതാണ്. മകന്‍ മുലപ്പാലുകുടിക്കുന്ന പ്രായമാണ്. പഴയതുപോലെ പറശ്ശിനിക്കടവുമുതല്‍ കോഴിക്കോടുവരെ ട്രെയിനില്‍ പോയിവരികയെന്ന ഓപ്ഷനാണ് സ്വീകരിച്ചത്. സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യന്‍ സ്‌കൂളില്‍ അധ്യാപികയായിരിക്കെ അഞ്ചുവര്‍ഷം പോയിവന്ന വഴിയാണ്. ജീവിതം അപ്പാടെ മാറ്റിമറിച്ച ഒന്നായിരുന്നു എന്നെസംബന്ധിച്ചിടത്തോളം ഇത്തവണത്തെ ട്രാന്‍സ്ഫര്‍.
സൗഹൃദങ്ങള്‍ക്ക് മനുഷ്യരുടെ ജീവിതത്തെ എത്രത്തോളം സ്വാധീനിക്കാനാവുമെന്ന് ഞാന്‍ പഠിച്ചത് ഇക്കാലത്താണ്. ഓരോ മനുഷ്യനും ഈ ഭൂമിയില്‍ ഇടമുണ്ട്. നിരന്തരഭീഷണികള്‍ക്കും അപമാനങ്ങള്‍ക്കും -അവ ആരില്‍നിന്നുണ്ടാകുന്നതായാലും- കീഴടങ്ങേണ്ട കാര്യമില്ല. ആരും എവിടെയും അനിവാര്യരല്ല. ആരുമില്ലെങ്കിലും ജീവിതം കൃത്യമായി പൂക്കുകയും തളിര്‍ക്കുകയും ചെയ്യും. ചെറിയൊരു കാലയളവാണ് മനുഷ്യര്‍ക്ക് ഈലോകത്തിലുള്ളത്. പരസ്പരം പരിഗണിച്ചും സ്‌നേഹിച്ചും സര്‍ഗാത്മകമായി അത് ജീവിച്ചുതീര്‍ക്കുകയാണ് കരണീയം.
നിരാശകളും വിങ്ങലുകളും മാത്രമല്ല, ആഘോഷങ്ങളും ആനന്ദങ്ങളും എല്ലാവരെയും കാത്തിരിക്കുന്നുണ്ട്. ജീവിതത്തിലെ സംഘര്‍ഷങ്ങളെയും മുഷിവുകളെയും നേരിടാന്‍ അവയാണ് മനുഷ്യരെ പ്രാപ്തരാക്കുന്നത്. പ്രശ്‌നങ്ങള്‍ നിരവധിയുണ്ടാവും. അവയെ നേരിടാന്‍ ഏറ്റവുമാദ്യം ചെയ്യേണ്ടത് കൈയില്‍ കിട്ടുന്ന ആയുധമെടുത്ത് തിരിഞ്ഞുനില്‍ക്കുകയാണ്. ഭയന്നോടാനൊരുങ്ങിയാല്‍ ലോകത്തിന്റെ അവസാനംവരെ ഓടേണ്ടിവരും. സങ്കടങ്ങളെയും നിരാശകളെയും ചിരിയിലൊതുക്കി ജീവിതത്തിന്റെ സൗന്ദര്യങ്ങളിലേക്ക് നടക്കുന്ന മനുഷ്യരുള്ള കോഴിക്കോട് ജീവിതത്തില്‍ വീണ്ടും പുതിയ പാഠങ്ങള്‍ തന്നു. ജീവിതത്തെ മറ്റൊരുവിധത്തില്‍ കാണാന്‍ പഠിപ്പിച്ചു. സ്ത്രീകളെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായ പ്രയാസങ്ങളുണ്ടാവുമെങ്കിലും, പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടുണ്ടാവുമെങ്കിലും സ്ഥലംമാറ്റങ്ങള്‍ നല്ലതാണ്. ഒരേ സ്ഥലത്ത് നിരന്തരമായി അടഞ്ഞുകിടക്കുന്നതുകൊണ്ട് ആര്‍ക്കെന്ത് പ്രയോജനം!
പുലര്‍ച്ചെയും രാത്രിയിലുമടക്കമുള്ള യാത്രകാരണം ജോലി തുടരാനാവാത്തവിധം ശാരീരിക-മാനസിക പ്രയാസങ്ങള്‍ നേരിട്ടിരുന്നു. രണ്ടുമാസത്തോളം അവധിയെടുക്കേണ്ടിവന്നു. നേരത്തേയുണ്ടായിരുന്ന തീരുമാനപ്രകാരം അവധിദിവസങ്ങളില്‍ ഭര്‍ത്താവ് വന്നു. കുട്ടികളുമായി ഞങ്ങള്‍ ബീച്ചിലും പാര്‍ക്കിലും പോയി. അവര്‍ കളിക്കുന്ന സമയത്ത് തികഞ്ഞ അന്യരായി നിശ്ശബ്ദരായി അത് നോക്കിയിരുന്നു. ജീവിതത്തിന്റെ പരിണതികളോര്‍ത്ത് ചിലനേരം അതികഠിനമായ ഹൃദയവേദന തോന്നിയിരുന്നു. എനിക്കുമാത്രമല്ല അതുണ്ടായിരിക്കുകയെന്ന് നൂറുശതമാനം ഉറപ്പാണ്.
കുടുംബം വ്യക്തികള്‍ക്കുമേലേയാണ് എന്നുവിശ്വസിക്കുന്ന ഒരു മനുഷ്യനാണ് തൊട്ടപ്പുറത്ത് ഒരു പാറപ്പുറത്ത് ഇരിക്കുന്നത്. കുടുംബത്തെ നിലനിര്‍ത്തുകയെന്നതുമാത്രമാണ് അയാളുടെ ജീവിതലക്ഷ്യം. അതയാളുടെ അഭിമാനപ്രശ്‌നമാണ്. അതിന്റെ ഭാഗമായി ആ വ്യവസ്ഥയിലുള്‍പ്പെട്ട അംഗങ്ങള്‍ എരിഞ്ഞുതീരേണ്ടിവന്നാലും പ്രശ്‌നമല്ല എന്നതും ഒരു നിലപാടാണ്. അതില്‍ത്തന്നെ പുരുഷന്റെ സര്‍വാധികാരം ചോദ്യംചെയ്യപ്പെടാതിരിക്കുകയോ മൗനമായി അംഗീകരിക്കപ്പെടുകയോ വേണം.
അതിന്റെപേരിലാണ് ഞങ്ങള്‍ തമ്മില്‍ സംഘര്‍ഷം നടക്കുന്നത്. ഞങ്ങള്‍ രണ്ടുപേരും രണ്ടുതരം ചിന്താഗതിക്കാരാണ്. ഏതുകാര്യത്തിലും പരസ്പരം പരിക്കുപറ്റിക്കാവുന്ന തരത്തില്‍ സങ്കീര്‍ണമാണ് ആ അഭിപ്രായവ്യത്യാസം. കലക്കങ്ങള്‍ തെളിയുന്നതിനനുസരിച്ച് എനിക്കത് മനസ്സിലാകുന്നുണ്ട്. അത്തരം സാഹചര്യങ്ങളില്‍ മാന്യമായി വേര്‍പെട്ടുപോകുന്നതിനെക്കുറിച്ചു ചിന്തിക്കാവുന്നതാണ്. പക്ഷേ, അക്കാര്യം എങ്ങനെ പറഞ്ഞുഫലിപ്പിക്കണമെന്ന് എനിക്കറിയില്ലായിരുന്നു.
സുഹൃത്തിന്റെകൂടെ ഭക്ഷണം കഴിക്കാനെത്തുന്ന സ്ത്രീ പിഴയാണെന്നും ലിവിങ് ടുഗദര്‍ വ്യഭിചാരമാണെന്നും മനുഷ്യരുടെ ഗുണം അവരുടെ ജാതിയനുസരിച്ചിരിക്കുമെന്നും പെണ്‍കുട്ടികള്‍ മറ്റൊരു വീട്ടിലേക്ക് കൊടുക്കപ്പെടേണ്ടവരാണെന്നും സ്ത്രീകള്‍ക്ക് അവകാശങ്ങളില്ലെന്നും ആണ്‍കുട്ടികള്‍ സര്‍വവിധാനുകൂല്യങ്ങളോടുംകൂടി വളര്‍ത്തപ്പെടേണ്ടവരാണെന്നും അദ്ദേഹം വാദിക്കുന്നത് എന്നെ തോല്‍പ്പിക്കണമെന്ന വാശിയുടെ പുറത്തല്ല, അതാണ് സത്യമെന്ന ഉത്തമബോധ്യത്തിലാണ്. അത്തരത്തിലാണ് അദ്ദേഹത്തിന്റെ വ്യക്തിത്വം രൂപപ്പെട്ടിരിക്കുന്നത്. ആ വ്യക്തിത്വവുമായി ഒത്തുപോകാന്‍ സാധിക്കാത്ത എന്നെ തിരികെ അങ്ങോട്ടുതന്നെ തള്ളിവിടുന്നവരോടുമുഴുവന്‍ എനിക്ക് അമര്‍ഷം തോന്നി.
കുട്ടികള്‍ക്കുവേണ്ടിമാത്രമുള്ള ജീവിതം സ്ത്രീക്കായാലും പുരുഷനായാലും പുറമേ പറയുന്നതുപോലെ അത്ര മനോഹരമൊന്നുമല്ല, ജീവിതത്തിന് യാന്ത്രികമായ ഒരു ചിട്ട കൈവന്നേക്കുമെന്നതൊഴിച്ചാല്‍. അത്തരമൊരു ചിട്ടയുടെ ഭാഗമായാണ് പിറ്റേവര്‍ഷമെങ്കിലും കോഴിക്കോട്ട് ഒരു വാടകവീട് സംഘടിപ്പിക്കാമെന്ന ആലോചനയിലേക്ക് ഞങ്ങളെത്തുന്നത്. ദമ്പതിമാര്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ഇരുവരുടെയുമല്ലാത്ത സ്ഥലങ്ങളില്‍ താമസിക്കുന്നത് ഒരു രക്ഷാമാര്‍ഗമാണ്. വെള്ളിയാഴ്ചതോറും എറണാകുളത്തുനിന്ന് വൈകിട്ട് പുറപ്പെട്ടാല്‍ കോഴിക്കോട്ട് രാത്രി എത്തിച്ചേരാം. തിങ്കളാഴ്ച രാവിലേ ജനശതാബ്ദിക്ക് തിരിച്ചും പോകാം എന്ന നിര്‍ദേശം അദ്ദേഹം മുന്നോട്ടുവച്ചു. ശനിയും ഞായറും പൂര്‍ണമായി കുടുംബം ഒന്നിച്ചുണ്ടാവുമല്ലോ. കുട്ടികളെ കോഴിക്കോട്ട് ചേര്‍ക്കാവുന്നതേയുള്ളൂ.
ജീവിതം അത്തരമൊരു ട്രാക്കിലാവുമ്പോള്‍ ഞങ്ങളുടെ ബന്ധത്തിലെ ഉലച്ചിലുകള്‍ ഇല്ലാതായേക്കാം. എല്ലാ അഭിപ്രായവ്യത്യാസങ്ങളും നിലനില്‍ക്കെത്തന്നെ എനിക്ക് അത് സ്വീകാര്യമായാണ് തോന്നിയത്. എന്റെ വീട്ടുകാരുമായി യാതൊരു ബന്ധവും ആഗ്രഹിക്കാത്ത ഒരു വ്യക്തിയെ അങ്ങോട്ടുവരാന്‍ നിര്‍ബന്ധിതനാക്കുന്നതും ശരിയല്ലല്ലോ. അടുത്ത ട്രാന്‍സ്ഫറിന്റെകൂടി സ്ഥിതിയറിഞ്ഞിട്ട് കോഴിക്കോട്ട് സ്‌കൂളും വീടും അന്വേഷിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഇനിയും ഒരു ട്രാന്‍സ്ഫര്‍ വന്നാല്‍ കാര്യങ്ങള്‍ പാളിപ്പോകും. അത് ഒഴിവാക്കിയെടുത്താല്‍ ഒരുപക്ഷേ ജീവിതത്തിന്റെ ഗതിമാറും. ചില അടുത്ത സുഹൃത്തുക്കളോട് അത് സൂചിപ്പിച്ചു.
ഓരോ തവണയും സഹജീവിതം പുനരാരംഭിക്കുന്നതിനെക്കുറിച്ചാലോചിക്കുമ്പോള്‍ ഇത് അവസാനവട്ടശ്രമമാണ് എന്നുതോന്നിയിരുന്നത് സത്യമാണ്. ഇക്കുറിയും അങ്ങനെതന്നെ. പ്രത്യാശയുടെ ഒരു കിരണം അധികമായി വീണുകിടപ്പുണ്ടായിരുന്നുവെന്നുമാത്രം.
മാനസികമായോ സാമ്പത്തികമായോ ശാരീരികമായോ യാതൊരുതരം പങ്കുവയ്ക്കലുകളുമില്ലാതെ സാങ്കേതികമായിമാത്രം ചട്ടപ്പടിബന്ധം തുടരുന്ന ആസമയത്താണ് ഒരു വിദേശയാത്രയ്ക്കുള്ള അവസരം കിട്ടുന്നത്. തായ്ലന്‍ഡിലേക്കാണ്. ഒരാള്‍ക്ക് അമ്പതിനായിരം രൂപയോളം വേണ്ടിവരും. അനുജത്തിയും രണ്ടു സുഹൃത്തുക്കളുമാണ് ഒപ്പം. അധികമൊന്നുമാലോചിക്കാതെ ഞാന്‍ സമ്മതം മൂളി. കുറച്ചുദിവസത്തേക്കാണെങ്കിലും കുഞ്ഞുങ്ങളെ നാട്ടില്‍ നിര്‍ത്തിയിട്ട് പോകണം. അമ്പതിനായിരം വലിയ തുകതന്നെയാണ്. എന്നാലും ഞാനതിന് തയ്യാറെടുത്തു. പി.എഫില്‍നിന്ന് ലോണെടുക്കാം. ആവശ്യങ്ങള്‍ വേറെയും നിരവധിയാണ്. പക്ഷേ, യാതൊരു ചലനാത്മകതയുമില്ലാതെ, ദുരനുഭവങ്ങള്‍ മാത്രം വീണ് ഉറച്ചുപോയ എന്റെ ജീവിതത്തെ ഉണര്‍ത്തിയെടുക്കാന്‍ യാത്രപോലെ ഉതകുന്ന മറ്റൊന്നില്ലെന്ന് തീര്‍ച്ചയായിരുന്നു. മനുഷ്യര്‍ പെട്ടെന്നൊരുദിനം അവരവര്‍ക്കുവേണ്ടി ജീവിച്ചുതുടങ്ങുകയല്ല, ഏറെനാളത്തെ അനിശ്ചിതത്വങ്ങള്‍ക്കും തയ്യാറെടുപ്പുകള്‍ക്കും ശേഷമാണ് അതുസംഭവിക്കുക.
Content Highlights: rajasree about indian marriages
Published: 09 Feb 2025, 10:55 am IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented