
അധികാരസ്ഥാനത്തിരിക്കുന്നവര്‍ അഴിമതിയാരോപണങ്ങള്‍ നേരിടുമ്പോഴെല്ലാം പൊതുചര്‍ച്ചയിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്ന പേരാണ് സീസറിന്റെ ഭാര്യയുടേത്. സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണം പോലും. പറയുന്നവര്‍ സീസറിന്റെ ഏതു ഭാര്യ എന്നുകൂടി വിശദീകരിച്ചാല്‍ നന്നാകും. ജീവിച്ചിരുന്നത് ബി.സി.യിലായിരുന്നു എന്നതുകൊണ്ട് ഭാര്യമാര്‍ എന്ന ബഹുവചനം തത്കാലം കണ്ടില്ലെന്നുവെക്കാം. എന്നാലും ഈ പാവം പരേതകളെ വര്‍ത്തമാനകാല ചര്‍ച്ചകളില്‍ വലിച്ചുകൊണ്ടുവരുന്നതെന്തിന് !
മൂന്ന് ഭാര്യമാരാണ് ജൂലിയസ് സീസര്‍ക്ക് ഉണ്ടായിരുന്നത്. ഇതില്‍ രണ്ടാം ഭാര്യയുമായി ബന്ധപ്പെട്ട ഒരു സംഭവത്തില്‍ നിന്നുമാണ് സീസറുടെ ഭാര്യ സംശയത്തിന് അതീതയായിരിക്കണം എന്ന ചൊല്ല് രൂപാന്തരപ്പെട്ടത്. ആദ്യ ഭാര്യ കോര്‍ണീലിയയുടെ മരണത്തിനുശേഷമാണ് സീസര്‍ പോംപെയ എന്ന രണ്ടാം ഭാര്യയെ സ്വീകരിക്കുന്നത്. റോമന്‍ ഔദ്യോഗിക മതത്തിന്റെ മുഖ്യപുരോഹിതനായി സീസര്‍ അവരോധിക്കപ്പെട്ട കാലം. ബോണ ഡിയ ദേവതയുടെ പേരില്‍ പോംപെയ, സീസറുടെ ഔദ്യോഗികവസതിയില്‍ ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. പുരുഷന്മാര്‍ക്ക് പ്രവേശനാനുമതി നിഷേധിച്ചിരുന്ന ചടങ്ങില്‍ ഒരു ചെറുപ്പക്കാരന്‍ വേഷം മാറിയെത്തി. അയാള്‍ പിടിക്കപ്പെടുകയും ചെയ്തു. ഭാവനയും വിടുവായത്തവും ആവശ്യത്തിലധികം കൈമുതലായുള്ളവര്‍ എല്ലാക്കാലത്തും ഉണ്ടാകുമല്ലോ. അവര്‍ ഈ ചെറുപ്പക്കാരന്‍ പോംപെയയുടെ കാമുകനാണെന്ന് എരിപൊരി കഥ പറഞ്ഞുപരത്തി.

സീസറുടെ മൂന്നാം ഭാര്യയായത് കാല്‍പ്പൂര്‍ണിയ. പതിനഞ്ചു വര്‍ഷം ഈ വിവാഹബന്ധം നീണ്ടുനിന്നു. ബ്രൂട്ടസിന്റെ അമ്മ സെര്‍വില്യയുമായി ഏതാണ്ട് രണ്ടു പതിറ്റാണ്ട് നീണ്ടു നിന്ന പ്രണയമുണ്ടായിരുന്നത്രേ സീസര്‍ക്ക്. കഥകള്‍ ശരിയെങ്കില്‍ മകന്റെ കയ്യാലാണ് സീസര്‍ അരുംകൊല ചെയ്യപ്പെട്ടത്. സ്വന്തം സഹോദരന്മാരെയും അനിയത്തിയെയും കൊന്ന് സിംഹാസനം നേടിയെടുത്ത ഈജിപ്ഷ്യന്‍ റാണി ക്ലിയോപാട്രയുമായും സീസര്‍ക്ക് ബന്ധമുണ്ടായിരുന്നു. സംശയങ്ങള്‍ക്ക് അതീതമായ വ്യക്തതയോടെ കൊലപാതകങ്ങള്‍ ചെയ്തതുകൊണ്ടാകാം, അല്ലെങ്കില്‍ സംഗതി കൊലയായതുകൊണ്ടാകാം ക്ലിയോപാട്രയുമായുള്ള അടുപ്പം സീസര്‍ക്ക് തെറ്റായി തോന്നാതിരുന്നത്. മറിച്ച്, അളവറ്റ സമ്പാദ്യങ്ങള്‍ കയ്യടക്കിവെച്ചിരുന്ന ക്ലിയോപാട്ര പങ്കാളിയായത് അഭിമാനവുമായിരുന്നു.
ഭാര്യമാര്‍ മൂവരും പ്രഭുകുടുംബാംഗങ്ങള്‍, വിവാഹങ്ങള്‍ രാഷ്ട്രീയ സാമ്പത്തിക ഉന്നമനം ലക്ഷ്യം വെച്ചുകൊണ്ടുള്ള ചടങ്ങുകളായിരുന്നു. വിവാഹത്തിലൂടെ നേടിയെടുത്ത സ്വാധീനമുപയോഗിച്ച് തന്റെ അധികാരങ്ങള്‍ ഊട്ടിയുറപ്പിക്കുകയായിരുന്നു സീസര്‍. പോരാതെ ധാരാളം സ്ത്രീകളുമായി സീസര്‍ക്ക് ബന്ധവുമുണ്ടായിരുന്നു. അങ്ങനെയുള്ള സീസറാണ് ഭാര്യയുടെ വ്യക്തിത്വത്തിന് മാര്‍ക്കിടുന്നത് ! അദ്ദേഹം കത്തിക്കിരയായത് അധികാരത്തോട് കാണിച്ച ഭ്രമം കൊണ്ടാണ്. കൊലയെ ന്യായീകരിക്കാനാകില്ല. പക്ഷേ, കൊലപാതകികളുടെ ലക്ഷ്യം, അധികാരത്തെ ഏകാധിപതിയില്‍ നിന്ന് രക്ഷിക്കുകയായിരുന്നു എന്ന് മറക്കരുത്. ചുരുക്കിപ്പറഞ്ഞാല്‍ ചരിത്രം തന്നെ തച്ചുടയ്ക്കുന്ന ഒരു നുണയാണ് സീസറുടെ മാഹാത്മ്യം. അപ്പോപ്പിന്നെ സീസര്‍ ഭാര്യക്കിട്ട മാര്‍ക്കും പൊക്കിക്കൊണ്ട് വരുന്നതില്‍ എന്ത് കാര്യം!
Content Highlights: julius caesar and his political image
Published: 15 Mar 2025, 03:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented