ഉറി, വിക്കിഡോണര്‍ തുടങ്ങിയ പല ഹിറ്റ് ചിത്രങ്ങളിലെയും നായിക കഥാപാത്രമായി തിളങ്ങിയ താരമാണ് യാമി ഗൗതം. കരിയറിൽ വലിയ അവാർഡുകളൊന്നും ലഭിക്കാത്തതിനെക്കുറിച്ച് യാമി ഗൗതം  അടുത്തിടെ മനസ്സ് തുറന്നു. താൻ അംഗീകാരം തേടുന്നത് നിർത്തിയതിനാൽ ഇത് തന്നെ അലട്ടുന്നില്ലെന്നും അവർ പറഞ്ഞു. ചില കാര്യങ്ങളിൽ നിന്ന് താൻ ഇപ്പോൾ അകലം പാലിക്കാറുണ്ടെന്നും ഒരു അവാർഡ് കിട്ടിയാൽ മാത്രമേ താൻ നല്ല നടിയാകൂ എന്ന് വിശ്വസിക്കുന്നില്ലെന്നും യാമി കൂട്ടിച്ചേർത്തു.

ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ യാമി പറഞ്ഞു, “ഭഗവദ്ഗീത ഞാൻ മനസ്സിലാക്കിയിടത്തോളം, ശ്രീകൃഷ്ണൻ അർജുനനോട് പറയുന്നത് സത്യമാണ്. വിജയത്തിൽ നിന്നും, തോൽവിയെക്കുറിച്ചുള്ള ഭയത്തിൽ നിന്നും മറ്റൊരാളിൽ നിന്നുള്ള അംഗീകാരം തേടുന്നതിൽ നിന്നും വിട്ടുനിൽക്കാൻ നിങ്ങൾക്ക് കഴിഞ്ഞാൽ, നിങ്ങൾ സുരക്ഷിതരാണ്. ഞാൻ ആരോടും ഒരു തരത്തിലുള്ള അംഗീകാരവും തേടുന്നത് നിർത്തി. അവാർഡ് കിട്ടിയാൽ മാത്രമേ ഞാൻ ഒരു നല്ല നടിയാകൂ എന്നൊന്നും ഇതിനർഥമില്ല.”

യാമിയെ സംബന്ധിച്ചിടത്തോളം പ്രേക്ഷകരുടെ സ്നേഹമാണ് ഏറ്റവും പ്രധാനം. “എൻ്റെ പ്രേക്ഷകർ എന്നെ സ്നേഹിക്കുന്നു, ചില സംവിധായകരും നിർമ്മാതാക്കളും എന്നെ വിശ്വസിച്ച് സിനിമകൾ ഏൽപ്പിക്കാൻ തയ്യാറാണ്, പ്രേക്ഷകർ നിങ്ങളെ ഉയർത്തുന്നതിനേക്കാൾ വലിയൊരു അവാർഡില്ല. മറ്റെല്ലാം നൈമിഷികമാണ്. പ്രേക്ഷകർക്ക് അതറിയാം.”

ഈ വർഷം 'ആർട്ടിക്കിൾ 370' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡിന് യാമി നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. എന്നാൽ, 'ജിഗ്ര' എന്ന ചിത്രത്തിലെ അഭിനയത്തിന് ആലിയ ഭട്ട് പുരസ്കാരം നേടി.

ഇമ്രാൻ ഹാഷ്മി നായകനായ  'ഹഖ്' എന്ന തൻ്റെ പുതിയ കോർട്ട്‌റൂം ഡ്രാമയുടെ റിലീസിനായി ഒരുങ്ങുകയാണ് യാമി. മുസ്ലീം സ്ത്രീകളുടെ വിവാഹമോചന അവകാശങ്ങളുമായി ബന്ധപ്പെട്ട പരിഷ്കാരങ്ങൾക്ക് വഴിയൊരുക്കിയ ചരിത്രപ്രധാനമായ ഷാ ബാനോ കേസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. ചിത്രത്തിൽ ഷാ ബാനോ ബീഗമായാണ് യാമി വേഷമിടുന്നത്. ചിത്രം നവംബർ 7-ന് തിയേറ്ററുകളിൽ എത്തും.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi