
ലോകത്ത് ജീവിച്ചിരിക്കുന്നവയിൽ ഏറ്റവും ഉയരം കുറഞ്ഞ ആട് എന്ന നേട്ടം ഇടുക്കിയിലുള്ള ഒരു കുഞ്ഞൻ ആടിന്. ഇടുക്കി കുട്ടിക്കാനത്തുള്ള കർഷകനായ ലെനു പീറ്ററിന്റെ 'കറുമ്പി' എന്ന ആടാണിത്. കുള്ളൻ ആടുകളുടെ ഇനത്തിലുള്ള കനേഡിയൻ പിഗ്മി ആടാണ് കറുമ്പി. നാലുവയസ്സുണ്ടെങ്കിലും, നീളം വെറും 40.50 സെന്റിമീറ്ററേയുള്ളൂ. അങ്ങനെയാണ് കറുമ്പി ഗിന്നസ് വേൾഡ് റെക്കോർഡ്‌സിലെത്തിയത്.
ഗിന്നസ് വേൾഡ് റെക്കോർഡ്‌സിന്റെ വെബ്‌സൈറ്റിൽ ഈ കുഞ്ഞൻ ആടിനെക്കുറിച്ചുമുള്ള വിവരണങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലെനുവിന്റെ ഫാമിൽ കനേഡിയൻ പിഗ്മി ഇനത്തിൽ പെട്ട മൂന്ന് ആൺ ആടുകളും ഒമ്പത് പെണ്ണാടുകളും 10 കുഞ്ഞുങ്ങളുമുണ്ട്. കറുമ്പിക്കും നാലുമാസമുള്ള കുഞ്ഞുണ്ട്. മാത്രമല്ല, ഇപ്പോൾ ഈ കുഞ്ഞനാട് ഗർഭിണിയുമാണ്.
എപ്പോഴും ഓടിച്ചാടി നടക്കുന്ന, കറുമ്പി അടക്കമുള്ള കുഞ്ഞൻ ആടുകൾ ഇവിടെയെത്തുന്ന ഓരോ സന്ദർശകരെയും ആകർഷിക്കാറുണ്ട്. ഒരിക്കൽ ഒരു സുഹൃത്ത് പറഞ്ഞപ്പോഴാണ്, കറുമ്പി എത്ര ചെറുതാണെന്ന് ലെനുവും ശ്രദ്ധിക്കുന്നത്. പൂർണവളർച്ച എത്തിയപ്പോഴും, അവളുടെ നീളം ഒരടി മൂന്നിഞ്ച് മാത്രം. ഏറ്റവും നീളം കുറഞ്ഞ ആടുകളുടെ ഇനത്തിൽ പെട്ടതിനാൽ, 53 സെന്റിമീറ്ററിൽ കൂടുതൽ ഉയരംവെക്കാറില്ല കനേഡിയൻ പിഗ്മി ആടുകൾ.
അധ്യാപകൻ കൂടിയായ ലെനു, 16 വർഷം മുമ്പാണ് കൃഷിയിലേക്ക് തിരിഞ്ഞത്. കനേഡിയൻ പിഗ്മി ആടുകൾക്ക് പുറമെ താറാവ്, മുയൽ, പശു, കോഴി, പന്നി, ടർക്കി, ഫ്‌ളയിങ് ഡക്ക് എന്നിവയെല്ലാം അദ്ദേഹത്തിന്റെ ഫാമിലുണ്ട്.
അതിനൊപ്പം വിദേശത്തുനിന്നുള്ള പഴങ്ങളും ഇദ്ദേഹത്തിന്റെ ഫാമിൽ സുലഭമായി വളരുന്നു. മൾബറി, ഇസ്രയേൽ അത്തി, തായ്‌ലൻഡ് ചാമ്പ, അവക്കാഡോ, പിയർ ആപ്പിൾ, റെഡ് ലേഡി പപ്പായ തുടങ്ങിയവ ഇതിലുൾപ്പെടും.
Content Highlights: worlds shortest living goat in kerala
Published: 23 Mar 2025, 03:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented