ഒമ്പത് മണിക്കൂറില്‍ 140 ഭാഷകളിലായി പാട്ടുപാടി ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ കയറി സുചേത സതീഷ് എന്ന മലയാളി പെണ്‍കുട്ടി. കണ്‍സേര്‍ട്ട് ഫോര്‍ ക്ലൈമറ്റ് എന്ന് പേരിട്ട സംഗീതപരിപാടി നവംബര്‍ 24-ന്, ദുബായിലെ ഇന്ത്യന്‍ കോണ്‍സലേറ്റ് ഓഡിറ്റോറിയത്തില്‍വെച്ചാണ് നടന്നത്.  

കാലാവസ്ഥാ വ്യതിയാനം എന്ന അതീവഗുരുതരമായ വിഷയത്തെക്കുറിച്ച് അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് സുചേത ഈ പരിപാടി അവതരിപ്പിച്ചത്. 

101 വിദേശഭാഷകളിലും 39 ഇന്ത്യന്‍ ഭാഷകളിലുമുള്ള പാട്ടുകളാണ് സുചേത വേദിയില്‍ പാടിയത്. ഒരു ഭാഷയില്‍നിന്ന് മറ്റൊന്നിലേക്കുള്ള മനോഹരമായ സഞ്ചാരമായിരുന്നു അത്. 

121 ഭാഷകളില്‍ പാടിയ മറ്റൊരു ഇന്ത്യക്കാരിയുടെ റെക്കോര്‍ഡാണ് സുചേത തകര്‍ത്തത്. നേരത്തെ 2021-ല്‍ 120 ഭാഷകളില്‍ പാടിയതിന്റെ റെക്കോര്‍ഡും സുചേതയുടെ പേരിലായിരുന്നു. ഓരോ ഭാഷയിലും മൂന്ന് മിനിറ്റ് വീതമാണ് പാടിയത്. 

ടി.സി.സതീഷ്- സുമിത എന്നിവരുടെ മകളാണ് സുചേത. 'കാലാവസ്ഥാ വ്യതിയാനം സത്യമാണ്. അത് തടയുകയെന്നത് നമ്മുടെ ഓരോരുത്തരുടേയും കടമയാണ്'', പരിപാടി തുടങ്ങുന്നതിനുമുമ്പ് സുചേത പറഞ്ഞു. വരികളോ മറ്റൊന്നും നോക്കാതെ ഇംഗ്ലീഷ് അക്ഷരങ്ങളുടെ ക്രമം നോക്കിയാണ് സുചേത പാടിയത്.