തന്റെ 36-ാം വയസ്സില്‍ ശരീരത്തില്‍ ഏറ്റവും കൂടുതല്‍ മാറ്റങ്ങള്‍ വരുത്തുകയും ശരീരം മുഴുവന്‍ പച്ചകുത്തുകയും ചെയ്ത സ്ത്രീ. അമേരിക്കയിലെ ബ്രിഡ്ജ്പോര്‍ട്ട് സ്വദേശിനിയായ എക്‌സ്‌പെറന്‍സ് ലുമിനസ്‌ക ഫ്യൂര്‍സിനയ്ക്ക് ഇതിനോടകം ലഭിച്ചത് ഇരട്ട റെക്കോഡുകളാണ്. ഇതോടെ ചരിത്രത്തിലെതന്നെ ഏറ്റവും കൂടുതല്‍ ടാറ്റൂ ചെയ്ത സ്ത്രീയും ശരീരഘടനയില്‍ മാറ്റം വരുത്തിയ സ്ത്രീയുമായി ഇവള്‍ മാറിക്കഴിഞ്ഞു. മെഡിക്കല്‍ ഓഫീസറായി അമേരിക്കന്‍ സൈന്യത്തില്‍ പ്രവര്‍ത്തിച്ചശേഷമാണ് ഫ്യൂര്‍സിന ശരീരത്തില്‍ ഈ പരീക്ഷണങ്ങൾ നടത്തിയത്.

പത്തുവര്‍ഷത്തിനിടയില്‍ ഫ്യൂര്‍സിന നടത്തിയത് എണ്‍പത്തൊമ്പത് മോഡിഫിക്കേഷനുകളാണ്. ഇരട്ടനാവ് മുതൽ സ്കാൽപ് ഇംപ്ലാന്റേഷൻ വരെ ശരീരത്തിൽ 99.98% മാറ്റങ്ങൾ. തലമുതല്‍ പാദം വരെ ടാറ്റൂകൊണ്ടുതീര്‍ത്ത മനോഹരമായ കാന്‍വാസ്. മഷിപടര്‍ന്ന ശരീരത്തില്‍ ഇനി ടാറ്റൂ ചെയ്യാൻ ഒരിടവും ബാക്കിയില്ല. കൃഷ്ണമണി, നാവ്, മോണ, ജനനേന്ദ്രിയം ഉള്‍പ്പെടെ അതിസൂക്ഷ്മമായ ശരീരഭാഗങ്ങളില്‍ പോലും അവൾ മഷി പടര്‍ത്തി. 'ഇരുട്ടിനെ മനോഹരമാക്കുക' എന്ന പ്രമേയം ഉൾക്കൊണ്ടുകൊണ്ടാണ് ഫ്യൂര്‍സിയാന ഇത്തരത്തിലൊരു ശ്രമം നടത്തിയത്. 

''ഞാന്‍ ഒരു ആര്‍മി വെറ്ററനാണ്. സൈന്യത്തില്‍ നിന്ന് പിരിഞ്ഞതിനുശേഷമാണ് സര്‍ഗ്ഗാത്മകതയ്ക്കായി സമയം ചെലവിട്ടത്. റെക്കോഡിനായി അപേക്ഷിക്കുമ്പോള്‍ പേടിയുണ്ടായിരുന്നെങ്കിലും സ്ത്രീയെന്ന നിലയില്‍ സ്വയം തെളിയിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. ഗിന്നസ് റെക്കോഡ് കിട്ടിയപ്പോള്‍ ആശ്ചര്യവും സന്തോഷവും തോന്നി. കുട്ടിക്കാലം മുതല്‍ ഗിന്നസ് റെക്കോഡും അത് ലഭിച്ചവരെയും ഞാന്‍ അദ്ഭുതത്തോടെ നോക്കാറുണ്ട്. എന്നാല്‍ ഇന്ന് അതിലൊരു ഭാഗമാകാന്‍ സാധിച്ചതിൽ സന്തോഷം തോന്നുന്നു. എന്റെ ജീവിതത്തിനായി സൂക്ഷിക്കാന്‍ കഴിയുന്ന ഒരു ചെറിയ നിമിഷം മാത്രമാണിത്.'' റെക്കോഡ് ലഭിച്ച വേളയില്‍ ഫ്യൂര്‍സിന പറഞ്ഞു