അമേരിക്കന്‍ സാഹസിക സഞ്ചാരിയും യൂട്യൂബറുമായ അലക്‌സിസ് റോസ് ആല്‍ഫോര്‍ഡിന് 26 വയസ്സായിട്ടേയുള്ളൂ. ഇതിനകം രണ്ട് ഗിന്നസ് ലോകറെക്കോഡുകള്‍ ഇവര്‍ക്ക് സ്വന്തമായുണ്ട്.
ആറ് ഭൂഖണ്ഡങ്ങളിലെ 27 രാജ്യങ്ങളിലൂടെ 200 ദിവസം കൊണ്ട് ഇലക്ട്രിക് കാറില്‍ യാത്ര നടത്തിയതിന്റെ ലോക റെക്കോര്‍ഡാണ് ഒടുവില്‍ സ്വന്തമാക്കിയത്. ഈ യാത്രയില്‍ 30,000-ത്തിലധികം കിലോമീറ്ററാണ് അവര്‍ സഞ്ചരിച്ചത്. അതിനായി എടുത്ത സമയം പതിനെട്ട് മാസവും.
ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് പ്രകാരം, ലോകത്തിലെ 195 രാജ്യങ്ങളും സന്ദര്‍ശിച്ച ഏറ്റവും പ്രായം കുറഞ്ഞയാളും അലക്‌സിസ് തന്നെ. യു.കെ.യില്‍നിന്നുള്ള ജെയിംസ് ആസ്‌ക്വിത് എന്നയാളുടെ റെക്കോഡാണ് അവര്‍ തിരുത്തിയത്. 24 വയസ്സുള്ളപ്പോഴാണ് ജെയിംസ് ആ നേട്ടംകുറിച്ചത്. എന്നാല്‍, 21 വയസ്സും 277 ദിവസവുമായപ്പോള്‍ അലക്‌സിസ് ആ റെക്കോര്‍ഡ് മറികടന്നു. ഇപ്പോഴും യാത്രകള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. അതുകൊണ്ടാവാം അവരുടെ ഇന്‍സ്റ്റഗ്രാമിനിട്ട പേര് ലിമിറ്റ്‌ലെസ് ലെക്‌സി എന്നാണ്.
ലെക്‌സിയുടെ മാതാപിതാക്കള്‍ക്ക് കാലിഫോര്‍ണിയയില്‍ ഒരു ട്രാവല്‍ ഏജന്‍സിയുണ്ടായിരുന്നു. അതുകൊണ്ട് ചെറുപ്പംമുതലേ യാത്രകള്‍ ഈ പെണ്‍കുട്ടിയുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ''ഓര്‍മ വെക്കും മുമ്പുതന്നെ യാത്രകള്‍ എന്റെ ജീവിതത്തിന്റെ ഭാഗമാണ്. പലപ്പോഴും സ്‌കൂളില്‍ പോലും പോയിട്ടില്ല. യാത്ര ചെയ്യുന്നതുകൊണ്ട് സ്വയം പഠിക്കുകയായിരുന്നു. പിന്നെ അച്ഛനും അമ്മയും സഹായിക്കും. ലോകത്തിലുള്ള എല്ലാ സംസ്‌കാരങ്ങളെയും ജീവിതങ്ങളെയും കുറിച്ച് അറിയണമെന്നുള്ള ആഗ്രഹം എന്നില്‍ നിറച്ചത് മാതാപിതാക്കളാണ്''. 
പതിനെട്ട് വയസ്സിനുമുമ്പ് തന്നെ മാതാപിതാക്കള്‍ക്കൊപ്പം 72 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. അതിനുശേഷം ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ തുടങ്ങി. തുടര്‍ച്ചയായി യാത്ര ചെയ്യുമ്പോള്‍, അതിനുള്ള പണം കണ്ടെത്തുന്നതും ലെക്‌സി തന്നെ. യാത്രയ്ക്കിടയില്‍ ഏത് സ്ഥലത്താണോ ഉള്ളത്, അവിടെയുള്ള കടകളിലും മറ്റും ചെറിയ ജോലികള്‍ ചെയ്യും. പലപ്പോഴും മാതാപിതാക്കളുടെ ട്രാവല്‍ ഏജന്‍സിയില്‍ ട്രാവല്‍ കണ്‍സള്‍ട്ടന്റായി ജോലി ചെയ്തും പണമുണ്ടാക്കി. ''വലുതായാലും യാത്ര ചെയ്യണമെന്ന് ചെറുപ്പംമുതലേ മനസ്സിലുണ്ടായിരുന്നു. അതിനുള്ള പണം സ്വയം കണ്ടെത്തണമെന്നും ആഗ്രഹിച്ചു. അതുകൊണ്ട് കിട്ടുന്ന എല്ലാ ജോലിയും ചെയ്യുമായിരുന്നു. പോവുന്ന സ്ഥലത്തെ ചില ഹോട്ടലുകള്‍ താമസിക്കാനുള്ള സൗകര്യം തരും. പകരം അവര്‍ക്ക് കണ്ടന്റ് ഉണ്ടാക്കിക്കൊടുക്കാന്‍ പറയും. അവര്‍ക്കുവേണ്ടി ഫോട്ടോ എടുത്തുകൊടുക്കും, വ്‌ളോഗുകള്‍ തയ്യാറാക്കിനല്‍കും. അങ്ങനെയാണ് പലപ്പോഴും താമസത്തിനുള്ള പണം കണ്ടെത്തിയിരുന്നത്. യാത്രയ്ക്കിടയില്‍ സിം കാര്‍ഡും ഉപയോഗിക്കില്ല. പകരം വൈഫൈ കണക്ഷനില്‍ ഫേസ്ബുക്ക് മെസഞ്ചറിലാണ് കോളുകളെല്ലാം. അങ്ങനെയും പണം ചുരുക്കാം. പിന്നെ ആദ്യമേ തന്നെ പോവുന്ന സ്ഥലത്തെക്കുറിച്ച് നന്നായി പഠിക്കും. അവിടുത്തെ ഏറ്റവും ചെലവ് കുറഞ്ഞ താമസസൗകര്യങ്ങളും മറ്റും അങ്ങനെ കണ്ടെത്തും'', അലക്‌സിസ് പറയുന്നു.
Content Highlights: Alexis Rose Alford, youngest person to travel all countries
Published: 26 Jul 2024, 10:58 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented