തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിലായി 150-ലധികം ഫീച്ചര്‍ ചിത്രങ്ങളില്‍ അഭിനയിച്ച ചിരഞ്ജീവി തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര താരങ്ങളില്‍ ഒരാളാണ്. 46 വര്‍ഷത്തെ സിനിമാജീവിതത്തില്‍ അദ്ദേഹം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഇപ്പോഴിതാ 156 സിനിമകളില്‍ 537 പാട്ടുകളിലായി 24,000 നൃത്തച്ചുവടുകള്‍ അവതരിപ്പിച്ചതിന് ഇന്ത്യന്‍ സിനിമയിലെ മോസ്റ്റ് പ്രൊളിഫിക് ഫിലിം സ്റ്റാർ എന്ന ഗിന്നസ് റെക്കോർഡും അദ്ദേഹത്തെ തേടിയെത്തിയെത്തിരിക്കുന്നു. ആമിര്‍ ഖാനും ഗിന്നസ് റെക്കോർഡ് ടീമിലെ ഒരു അംഗവും ചേർന്ന് സെപ്റ്റംബർ 22-ന് ഹെെദരാബാദിൽ വെച്ചാണ് റെക്കോർഡിന്റെ സാക്ഷ്യപത്രം കൈമാറിയത്. 1978-ല്‍ സെപ്റ്റംബര്‍ 22-നാണ് ചിരഞ്ജീവി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. അതുകൊണ്ടാണ് ആ ദിവസം തന്നെ അംഗീകാരം നല്‍കാനായി തിരഞ്ഞെടുത്തത്. ചിരഞ്ജീവിയുടെ ആരാധകരും കുടുംബാംഗങ്ങളും ഉള്‍പ്പെടെ നിരവധി നടന്മാരും സംവിധായകരും ചടങ്ങില്‍ പങ്കെടുത്തു. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും സംവിധായകൻ രാജമൗലിയുമുൾപ്പെടെ നിരവധിപേരാണ് താരത്തിന് ആശംസകൾ നേർന്നുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.
''ഈ നിമിഷം അവിസ്മരണീയമാണ്. ഗിന്നസ് റെക്കോർഡ് ലഭിക്കുമെന്ന് ഞാന്‍ സ്വപ്‌നത്തില്‍ പോലും കരുതിയതല്ല. നൃത്തമാണ് എന്നെ ഒരു താരമാക്കിയതും കരിയറില്‍ അനേകം നേട്ടങ്ങള്‍ സമ്മാനിച്ചതും,'' തന്റെ നൃത്തച്ചുവടുകൾ അഭിനയജീവിതത്തിന് ഏറെ ഗുണം ചെയ്‌തെന്നും ചിരഞ്ജീവി കൂട്ടിച്ചേര്‍ത്തു.
''കുട്ടിക്കാലം മുതല്‍ നൃത്തച്ചുവടുകളിലൂടെ ഞാന്‍ ചുറ്റുമുള്ള ആളുകളെ രസിപ്പിക്കുമായിരുന്നു. ഒരു അഭിനേതാവാകാനുള്ള എന്റെ പ്രചോദനവും അതുതന്നെയായിരുന്നു. എന്‍.സി.സി ക്യാമ്പുകളിലെത്തുമ്പോൾ അലുമിനിയം പ്ലേറ്റുകള്‍ താളവാദ്യങ്ങളാക്കി മാറ്റിക്കൊണ്ട് നൃത്തം ചെയ്യുകയും സുഹൃത്തുക്കളെക്കൊണ്ട് നൃത്തം ചെയ്യിപ്പിക്കുകയും ചെയ്യുമായിരുന്നു. നൃത്തം എന്റെ ജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്.
സിനിമാ ജീവിതത്തിലും നൃത്തം വലിയ പങ്കുവഹിച്ചു. സിനിമാഗാനങ്ങളിലെ പ്രകടനത്തിലൂടെ കൂടുതൽ സംവിധായകര്‍ എന്നെ തിരഞ്ഞടുക്കാന്‍ തുടങ്ങി. സാവിത്രിയെപ്പോലുള്ള ഇതിഹാസങ്ങള്‍ക്ക് മുന്നില്‍ നൃത്തം ചെയ്തതും സ്‌ക്രീനിലെ എന്റെ ആദ്യ നൃത്തച്ചുവടുകളും ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. പ്രേക്ഷകര്‍ക്ക് സിനിമയിൽ പാട്ടുകൾ വേണം, അതുകൊണ്ടുതന്നെ ഞാന്‍ നിര്‍മ്മാതാക്കള്‍ക്ക് വാണിജ്യപരമായി നേട്ടമുണ്ടാക്കുന്ന ആളായി മാറി. എന്റെ പാട്ടുകള്‍ക്ക് എല്ലാ സംവിധായകരോടും, സംഗീതസംവിധായകരോടും, നൃത്തസംവിധായകരോടും ഞാന്‍ നന്ദി പറയുന്നു. പാട്ടുകള്‍ക്ക് സ്ഥാനമില്ലാതിരുന്ന സിനിമകളില്‍ പോലും അവര്‍ പാട്ടുകളുണ്ടാക്കി. ചിലപ്പോഴത് കഥാഗതിയെ തടസ്സമായെങ്കിലും, പാട്ടുകള്‍ക്ക് പ്രത്യേക പ്രേക്ഷകരുണ്ടായിരുന്നു.''
''നിങ്ങളുടെ യാത്ര നിരവധി നാഴികക്കല്ലുകൾ നിറഞ്ഞതാണ്, ഇനിയും ഒരുപാട് കാര്യങ്ങൾ വരാനുണ്ട്. ഞങ്ങൾ എപ്പോഴും നിങ്ങളെ പ്രചോദിപ്പിക്കാൻ കൂടെത്തന്നെയുണ്ടാകും''- ചടങ്ങിനിടയിൽ ആമിര്‍ പറഞ്ഞു
1978-ല്‍ പുനധിരല്ലു എന്ന ചിത്രത്തിലൂടെയാണ് ചിരഞ്ജീവി തന്റെ സിനിമാജീവിതം ആരംഭിക്കുന്നത്. 2012 മുതല്‍ 2014 വരെ അദ്ദേഹം കേന്ദ്ര ടൂറിസം മന്ത്രിയായിരുന്നു. 2006-ല്‍ പത്മഭൂഷണും ഈ വർഷം രാജ്യത്തെ രണ്ടാമത്തെ പരമോന്നത ബഹുമതിയായ പത്മവിഭൂഷണും അദ്ദേഹത്തെ തേടിയെത്തി. 2023-ല്‍ പുറത്തിറങ്ങിയ ഭോല ശങ്കര്‍ എന്ന ചിത്രത്തിലാണ് ചിരഞ്ജീവി അവസാനമായി അഭിനയിച്ചത്. മല്ലിഡി വസിഷ്ഠയുടെ വിശ്വംഭരയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് താരമിപ്പോൾ.
Content Highlights: chiranjeevi honoured by guiness world record
Published: 24 Sept 2024, 11:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented