റോക്കിയായി കടന്നുവന്ന് കന്നടപ്രേക്ഷകരുടെ മനംകവർന്ന താരമാണ് യഷ് (Yash). കെ.ജി.എഫ് എന്ന സിനിമയിലെ റോക്കി ഭായി ആയപ്പോൾ അദ്ദേഹത്തിന്റെ റേഞ്ച് തന്നെ മാറി. ഏറ്റവും വിലപിടിപ്പുള്ള പാൻഇന്ത്യൻ താരങ്ങളിലൊരാളായി യഷ്.

ഏറെ പ്രതീക്ഷയോടെ സിനിമാലോകം ഉറ്റുനോക്കുന്ന രാമായണ, ടോക്‌സിക് എന്നീ സിനിമകളാണ് അദ്ദേഹത്തിന്റേതായി ഇനി പുറത്തിറങ്ങാനിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലും ഒട്ടേറെ ആരാധകരുണ്ട് താരത്തിന്. 14.5 ദശലക്ഷം പേരാണ് അദ്ദേഹത്തെ ഫോളോ ചെയ്യുന്നത്. എന്നാൽ യഷിന്റെ ഫോളോയിങ് ലിസ്റ്റിൽ ഒരാളേയുള്ളൂ, അത് നടിയും അദ്ദേഹത്തിന്റെ ഭാര്യയുമായ രാധിക പണ്ഡിറ്റാണ്.

ഈയിടെ യഷ് 'ആപ് കി അദാലത്ത്' എന്ന പരിപാടിയിൽ പങ്കെടുത്തിരുന്നു. പരിപാടിയിൽവെച്ച് അദ്ദേഹത്തിന് നേരെയുണ്ടായൊരു ചോദ്യവും ഇതുമായി ബന്ധപ്പെട്ടുതന്നെ.

ആ ചോദ്യത്തോട് യഷ് പ്രതികരിച്ചതിങ്ങനെ, ''അവൾ എന്റെ ഭാര്യയാണെങ്കിലും, എനിക്കുള്ള ഒരേയൊരു സുഹൃത്തും അവളാണ്. പിന്നെ അവളെ ഫോളോ ചെയ്യേണ്ടതുണ്ടല്ലോ, അല്ലേ? എന്റെ ജീവിതത്തിൽ അവൾക്ക് വളരെ പ്രധാനപ്പെട്ട സ്ഥാനമാണുള്ളത്. ഞങ്ങൾ ഒരുമിച്ചാണ് വളർന്നത്. അവൾ എന്നെ അടുത്തറിയുകയും എന്റെ ജീവിതത്തിന്റെ ഭാഗമാവുകയും ചെയ്തിട്ടുണ്ട്. എന്റെ ജീവിതത്തിലെ ശക്തമായ ഒരു താങ്ങാണ് അവൾ; അതുകൊണ്ട് തന്നെ അവളെ ജീവിതപങ്കാളിയായി ലഭിച്ചതിൽ ഞാൻ അതീവ സന്തോഷവാനും ഭാഗ്യവാനുമാണ്. ഞാൻ വിജയിച്ചതുകൊണ്ടല്ല അവൾ എന്റെ ജീവിതത്തിലേക്ക് വന്നത്. അന്ന് എനിക്ക് വലിയ പ്രശസ്തിയോ നേട്ടങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല. ഇന്ന് ഞങ്ങൾക്ക് എല്ലാം സ്വന്തമായുണ്ടെങ്കിലും, ഒരുമിച്ചിരിക്കുന്നതിനും പരസ്പരം ചെലവഴിക്കുന്ന സമയത്തിനുമാണ് ഞങ്ങൾ ഏറ്റവും കൂടുതൽ വിലകൽപ്പിക്കുന്നത്''.

തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയെന്നാണ് യഷ് രാധികയെ വിശേഷിപ്പിച്ചത്. ''ഞാൻ വിജയിച്ചതുകൊണ്ട് മാത്രം എന്റെ ജീവിതത്തിലേക്ക് വന്ന ഒരാളല്ല അവൾ. ഞാനൊരു സാധാരണക്കാരനായിരുന്ന, ആരും അറിയാത്ത ഒരാളായിരുന്ന കാലത്താണ് അവൾ എന്റെ കൂടെയുണ്ടായിരുന്നത്. ഞങ്ങളുടെ ബന്ധത്തിന്റെ ഏറ്റവും മനോഹരമായ കാര്യം അതാണ്; അന്ന് ഞങ്ങളുടെ കൈവശം ഒരു കാർ പോലുമുണ്ടായിരുന്നില്ല, ഒന്നുമുണ്ടായിരുന്നില്ല. ഞങ്ങൾ ഒരുമിച്ച് വളർന്നു''.

ഈയിടെ 'ടോക്‌സിക്' സിനിമയുടെ ട്രെയിലർ ലോഞ്ച് ബംഗളൂരുവിൽവെച്ച് നടന്നിരുന്നു. സംംവിധായിക ഗീതു മോഹൻദാസ്, താരങ്ങളായ നയൻതാര, കിയാര അദ്വാനി, താര സുതാരിയ, ഹുമ ഖുറേഷി, രുക്മിണി വസന്ത് തുടങ്ങിയവരെല്ലാം പരിപാടിക്കെത്തിയിരുന്നു. അതേസമയം രാധികയ്‌ക്കൊപ്പമാണ് യഷ് പരിപാടിക്കെത്തിയത്. വേദിയിൽവെച്ച് സംസാരിക്കുമ്പോൾ നയൻതാര, ഏറ്റവും കൂടുതൽ പ്രശംസിച്ചതും രാധികയെ തന്നെ.

യഷ് ഒന്നുമല്ലാതിരുന്ന കാലത്താണ് രാധിക അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. സീരിയലുകളിലൂടെ സിനിമയിലേക്കെത്തിയതാണ് രാധിക. 2005-ൽ ഒരു ടെലിവിഷൻ പരമ്പരയുടെ സെറ്റിൽ വെച്ചാണ് രാധികയും യഷും ആദ്യമായി കണ്ടുമുട്ടിയത്. അന്ന് രാധിക ടെലിവിഷൻരംഗത്ത് വലിയ താരമായിരുന്നു. യഷ് പുതുമുഖവും. മുമ്പൊരു അഭിമുഖത്തിൽ അതിനെക്കുറിച്ച് യഷ് ഓർത്തെടുത്തതിങ്ങനെ, ''എന്റെ ഷൂട്ടിംഗ് കഴിഞ്ഞാൽ ഞാൻ മാറിപ്പോയി ഇരിക്കുമായിരുന്നു. പുസ്തകങ്ങൾ വായിക്കുകയോ എന്തെങ്കിലും കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുകയോ ചെയ്യും. വലിയ ലക്ഷ്യങ്ങളുള്ള ഒരാളായിരുന്നു ഞാൻ. എന്നാൽ, എല്ലാവരോടും സംസാരിക്കുകയും അവർക്ക് സൗകര്യപ്രദമായ അന്തരീക്ഷം ഒരുക്കുകയും ചെയ്യുന്ന പ്രകൃതക്കാരിയാണ് രാധിക. ഞാൻ നേരെ വിപരീത സ്വഭാവക്കാരനാണ്. എന്നെ അടുത്തറിയാത്തവർക്ക് ഞാൻ ഒരു സങ്കീർണ്ണമായ വ്യക്തിത്വമുള്ള ആളായാണ് തോന്നാറുള്ളത്. എന്നിട്ടും, ഞങ്ങൾ നല്ല സുഹൃത്തുക്കളായി''.

2008-ൽ രാധിക ആദ്യസിനിമയിൽ അഭിനയിക്കുമ്പോഴും, അതിൽ യഷിന്റെ സാന്നിധ്യമുണ്ടായിരുന്നു. 'മൊഗ്ഗിന മനസു' എന്ന ആ ചിത്രത്തിൽ അഭിനയിക്കാൻ രാധിക നേരത്തെ തന്നെ കരാർ ഒപ്പിട്ടിരുന്നു. ചിത്രത്തിൽ നായകനായി തീരുമാനിച്ചിരുന്നത് മറ്റൊരു താരത്തെയായിരുന്നു. അയാൾക്ക് പരിക്കേറ്റതിനെത്തുടർന്ന്, രാധികയ്ക്കൊപ്പം പ്രധാന വേഷം ചെയ്യാൻ യഷിന് അവസരം ലഭിക്കുകയായിരുന്നു. സിനിമയിൽ തകർത്തഭിനയിച്ച രാധികയ്ക്ക് കന്നഡസംസ്ഥാനപുരസ്‌കാരവും ലഭിച്ചു. പിന്നീട് ഒട്ടേറെ സിനിമകളിൽ അവരൊരുമിച്ചു.

സീരിയലിൽ തുടങ്ങിയ സൗഹൃദം പ്രണയത്തിലേക്കെത്താൻ അധികനാൾ വേണ്ടിവന്നില്ല. വിവാഹത്തിന് മുൻപ് 'ബാംഗ്ലൂർ ടൈംസി'ന് നൽകിയ അഭിമുഖത്തിൽ രാധിക ഇക്കാര്യം അനുസ്മരിച്ചത് ഇങ്ങനെയാണ്: ''അദ്ദേഹത്തിന് എന്നെ ഇഷ്ടമാണെന്ന് ആദ്യം എനിക്ക് മനസ്സിലായിരുന്നില്ല. അദ്ദേഹം നിരന്തരം സൂചനകൾ നൽകിക്കൊണ്ടിരുന്നു; താൻ ഒരാളുമായി പ്രണയത്തിലാണെന്ന് എന്നോട് പറയാറുണ്ടായിരുന്നു. പ്രണയത്തെക്കുറിച്ച് അദ്ദേഹത്തിന് വ്യത്യസ്തമായൊരു കാഴ്ചപ്പാടാണല്ലോ എന്നോർത്ത് എനിക്ക് സന്തോഷം തോന്നി; ആ പെൺകുട്ടി ആരാണെന്ന് ഞാൻ അദ്ദേഹത്തോട് ചോദിക്കാറുമുണ്ടായിരുന്നു. 'എനിക്കറിയില്ല, അവൾക്ക് എന്റെ സൂചനകളൊന്നും മനസ്സിലാകുന്നില്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അപ്പോൾ, വേറെ എന്തെങ്കിലും വഴികൾ പരീക്ഷിച്ചുനോക്കാൻ ഞാൻ അദ്ദേഹത്തോട് പറയുമായിരുന്നു.

ഒടുവിൽ, തന്റെ പ്രണയം തുറന്നുപറയാൻ തന്നെ യഷ് തീരുമാനിച്ചു. അതിനായി വാലന്റൈൻസ് ദിനം തിരഞ്ഞെടുത്തു. രാധിക ഒരു തിയേറ്ററിൽ സിനിമ കാണാൻ വരുന്നുണ്ടെന്ന് മനസ്സിലാക്കി യഷ്, രാധികയ്ക്ക് ഇഷ്ടപ്പെട്ട സാധനങ്ങളടങ്ങിയ ഒരു സമ്മാനപ്പൊതിയുമായി അവിടേക്ക് കുതിച്ചു.

''അവൾക്ക് ഇഷ്ടപ്പെട്ടതെല്ലാം ചേർത്തൊരു പ്രത്യേക സമ്മാനം നൽകാൻ ഞാൻ ആഗ്രഹിച്ചു. കടകളിൽ റെഡിമെയ്ഡ് സമ്മാനക്കൂടകൾ ലഭ്യമായിരുന്നെങ്കിലും അവയൊന്നും എനിക്ക് അത്ര ഇഷ്ടപ്പെട്ടില്ല. അതിനാൽ, കാർനേഷൻ പൂക്കൾ, ചോക്ലേറ്റുകൾ, സോഫ്റ്റ് ടോയ്‌സ് തുടങ്ങിയ അവൾക്ക് പ്രിയപ്പെട്ട വസ്തുക്കൾ ശേഖരിച്ച് ഒരു സമ്മാനക്കൂട തയ്യാറാക്കാൻ ഞാൻ തീരുമാനിച്ചു. ആ സമ്മാനക്കൂട അവളുടെ കാറിൽ വെക്കാമെന്ന് തീരുമാനിച്ചു. കാറിന്റെ നമ്പർ ഓർമ്മയുണ്ടായിരുന്നില്ല, പക്ഷേ അതൊരു കറുത്ത വെർണ കാറാണെന്ന് അറിയാമായിരുന്നു. ഒരുപാട് തിരഞ്ഞെങ്കിലും അതുകണ്ടില്ല. ഒടുവിൽ നമ്പർ അറിയാനായി അവളുടെ സഹോദരനെ വിളിച്ചു. ഏറെ തിരച്ചിലിനുശേഷമാണ് കാർ കണ്ടെത്തിയത്''.

അതിലൊരു കാർഡുമുണ്ടായിരുന്നു. യഷ് ആണ് അതിനുപിന്നിലെന്ന് രാധികയ്ക്ക് മനസ്സിലായി. പിന്നീട് ഫോണിലൂടെ യഷ് വീണ്ടും പ്രണയം തുറന്നുപറഞ്ഞു. കുറച്ചുനാളത്തെ ആലോചനകൾക്കുശേഷമാണ് രാധിക 'യെസ്' പറഞ്ഞത്. അതിനുശേഷവും പ്രണയം വർഷങ്ങളോളം ഇരുവരും രഹസ്യമായി സൂക്ഷിച്ചു. അക്കാലത്ത് കന്നഡസിനിമാമേഖലയിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റിയ താരങ്ങളിലൊരാളാൾ കൂടിയാണ് രാധിക. ഒടുവിൽ 2016-ലാണ് വിവാഹം കഴിക്കുന്നത്. വിവാഹത്തോടെ സിനിമയിൽനിന്ന് ബ്രേക്കെടുത്തു രാധിക. ദമ്പതിമാർക്ക് രണ്ടുകുഞ്ഞുങ്ങളുമുണ്ട്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi