നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന എല്ലാ പരാജയങ്ങൾക്കും മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത് ശീലമാക്കുന്നവരുണ്ട്. വിവാഹബന്ധത്തിൽ സന്തോഷമില്ലെങ്കിൽ, യാത്ര ഉദ്ദേശിച്ചതുപോലെ രസകരമായില്ലെങ്കിൽ, വിഷമങ്ങൾക്ക് പരിഹാരം കാണാനായില്ലെങ്കിൽ, കൈയബദ്ധങ്ങൾ പറ്റുമ്പോൾ തുടങ്ങി എന്തിനും ഏതിനും രണ്ടാമതൊരാളെ കുറ്റം പറയുന്നവരുടെ കാര്യമാണിവിടെ പറയുന്നത്.
കുറച്ചൊക്കെ പരാതി പറയുന്നതും മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതും സ്വാഭാവികമാണെങ്കിലും, ജീവിതത്തിലെ മോശം കാര്യങ്ങൾക്ക് സ്ഥിരമായി മറ്റുള്ളവരെ പഴിചാരുന്ന പ്രവണതയുണ്ടെങ്കിൽ അത് ഇരവാദമാണ് (വിക്ടിം മെന്റാലിറ്റി). തങ്ങളെപ്പോഴും നിസ്സഹായരും അനീതിക്ക് ഇരയാകുന്നവരുമാണ് എന്നാവും ഇരവാദികളുടെ എപ്പോഴത്തെയും മനോനില.
ഇരവാദം നിങ്ങളുടെ സ്വന്തം ജീവിതത്തിന് വലിയ ദോഷം ചെയ്തേക്കുമെന്നറിയാമോ? എപ്പോഴും വിക്ടിം കാർഡ് ഇറക്കുമ്പോൾ അത് നിങ്ങളെ മുന്നോട്ട് പോകാൻ അനുവദിക്കാതെ അത്തരം കാര്യങ്ങളിൽ തന്നെ തളച്ചിടും. വളർച്ചയെ തടസ്സപ്പെടുത്തും, എപ്പോഴും നിരാശയോടെ ജീവിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും.
മാനസികാരോഗ്യത്തെയും വ്യക്തിജീവിതത്തെയും തൊഴിൽപരമായ ലക്ഷ്യങ്ങളെയുമെല്ലാം ഇത് പ്രതികൂലമായി ബാധിക്കും. ജീവിതത്തിലെ നല്ല കാര്യങ്ങൾക്ക് സ്വയം യോഗ്യതയില്ലാത്തവരായി തോന്നുന്നതാണ് ഇതിന്റെ ഏറ്റവും വലിയ പരിണിതഫലം. കുറ്റപ്പെടുത്തുമ്പോൾ മറ്റുള്ളവർക്ക് ഉണ്ടാകുന്ന വേദനയേക്കാൾ എത്രമോ മോശമായി നമ്മെത്തന്നെ ബാധിക്കുന്ന പ്രശ്നമാണിത്.
എപ്പോഴും സമ്മർദ്ദം, വെല്ലുവിളികൾ അസാധ്യമായിത്തോന്നുക, ആശങ്ക എന്നിവയുമുണ്ടാകുന്നു. വിശ്വാസത്തെയും ബന്ധങ്ങളെയും ഇക്കാര്യം മുറിവേൽപ്പിക്കാറുണ്ട്. മാത്രവുമല്ല, സഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും നിങ്ങളുടെ സ്ഥിരം പരാതികൾ കേട്ട് മടുപ്പും തോന്നാം. നിങ്ങൾ സ്വയം വിമർശനം നടത്താനുള്ള സാധ്യതയും കുറയും. കംഫർട്ട് സോണിൽ നിന്ന് പുറത്തുകടക്കാൻ ബുദ്ധിമുട്ടുന്നവർ കൂടിയാണിവർ. തെറ്റു പറ്റുമ്പോഴും ക്ഷമിക്കാനുള്ള മനസ്സ് ഇവർക്കുണ്ടാവണമെന്നില്ല. എനിക്കു തെറ്റുപറ്റി എന്നു പറയുന്നതിനു പകരം, ബാഹ്യകാരണങ്ങളെ കുറ്റപ്പെടുത്തുന്നു.
ഇരവാദികൾ പഴയ വേദനകളെ മുറുകെ പിടിക്കുന്നവരാണ്. ഉദാഹരണത്തിന്, ഒരിക്കൽ പരാജയപ്പെട്ടതുകൊണ്ട് ഒരു സ്വപ്നം പിന്തുടരാതിരിക്കുക, ഒരു ഉറ്റസുഹൃത്ത് ഒരിക്കൽ നിങ്ങളെ വഞ്ചിച്ചതുകൊണ്ട് അയാളെ വിശ്വസിക്കാതിരിക്കുക തുടങ്ങിയവ. ഈ ചിന്താഗതി നിങ്ങളെ ജീവിതത്തിൽ തളച്ചിടാനിടയുണ്ട്.
എങ്ങനെ രക്ഷപ്പെടാം?
ഒറ്റരാത്രികൊണ്ട് ആർക്കും ഈ മനോനിലയിൽ നിന്ന് പുറത്തുകടക്കാനാവില്ല. പകരം, ഘട്ടംഘട്ടമായി മാറാം. തുടക്കത്തിൽ ചെറിയ തീരുമാനങ്ങളെടുത്ത് സ്വയം വെല്ലുവിളിക്കാം. മറ്റുള്ളവരല്ല, നിങ്ങളുടെ കാര്യങ്ങൾക്ക് ഒരു പരിധിവരെ ഉത്തരവാദികൾ നിങ്ങളാണെന്നും എന്തെങ്കിലും മാറ്റങ്ങൾ കൊണ്ടുവരാൻ നിങ്ങൾ വിചാരിച്ചാലും നടക്കുമെന്നും മനസ്സിനെ വിശ്വസിപ്പിക്കാം.
(ശ്രദ്ധിക്കുക, പൊതുവായ വിവരങ്ങാണിവ, വിദഗ്ധരുടെ നിർദേശത്തോടെ മാത്രം ജീവിതശൈലിയിൽ മാറ്റം വരുത്തുക)
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 15 Jul 2025, 06:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented