അന്നന്നത്തെ പണികളൊക്കെ തീർത്തിട്ട് ദീർഘമായൊരു ഉറക്കം, അതാണ് നമ്മുടെയൊക്കെ രീതി. ഉച്ചയ്ക്ക് അൽപം ഇടനേരം കിട്ടിയാൽ വേണമെങ്കൽ ഒരുറക്കം കൂടി പാസ്സാക്കാം. എന്നാൽ ദിവസവും പതിനായിരം തവണ ഉറക്കം പിടിക്കുന്നവരെപ്പറ്റി കേട്ടിട്ടുണ്ടോ? ദിവസേന 10,000-ത്തിലധികം തവണ ഉറങ്ങുന്ന ശീലമുള്ളവരാണ് ചിൻസ്ട്രാപ്പ് വിഭാഗത്തിൽ പെട്ട പെൻഗ്വിനുകൾ. പ്രത്യേകിച്ചും പ്രജനന കാലത്താണ് അവരിലിത് അധികമായി കണ്ടുവരുന്നത്.

To advertise here,

അതേസമയം, ഓരോ ഉറക്കത്തിനും ശരാശരി നാല് സെക്കൻഡ് മാത്രമേ ദൈർഘ്യമുണ്ടാവൂ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഉറക്കുന്ന സമയം ആകെ കണക്കുകൂട്ടിയാൽ ഏകദേശം 11 മണിക്കൂർ വരും. ഉറക്കം പലതവണകളായി മുറിയുന്നത് ഉറക്കത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്ന തിയറിയൊന്നും ഇവരുടെ കാര്യത്തിലില്ല.

അന്റാർട്ടിക്കയിലെ കിങ് ജോർജ്ജ് ഐലൻഡിലെ പക്ഷികളെക്കുറിച്ച് പഠനം നടത്തിയ ശാസ്ത്രജ്ഞരാണ് ചിൻസ്ട്രാപ്പുകളുടെ ഈ ശീലത്തെപ്പറ്റി കണ്ടെത്തിയത്. ഇടതടവില്ലാത്ത ഉറക്കത്തിലേക്ക് വഴുതിവീഴാത്തതുകൊണ്ട്, കൂടുകളിൽ തുടർച്ചയായി ശ്രദ്ധ പതിപ്പിക്കാനും മുട്ടകളും കുഞ്ഞുങ്ങളെയും വേട്ടക്കാരിൽ നിന്ന് സംരക്ഷിക്കാനും ഈ രീതി അവയെ സഹായിക്കുന്നു.

"മനുഷ്യർക്കിത് സാധ്യമല്ല. എന്നാൽ പെൻഗ്വിനുകൾക്ക് കഴിയും," ലിയോൺ നാച്ചുറോസെൻസ് റിസർച്ച് സെന്ററിലെ പ്രധാന ഗവേഷകനായ പോൾ-ആന്റോയിൻ ലിബൗറെൽ പറഞ്ഞു. ഭൂരിഭാഗം പാഠപുസ്തകങ്ങളിലും നമ്മൾ വായിക്കുന്നതിനേക്കാൾ വളരെ സങ്കീർണ്ണമാണ് ജീവികളിലെ ഉറക്കരീതികളെന്നും അദ്ദേഹം പറയുന്നു. മൂന്നുവർഷം മുമ്പ് ‘സയൻസ്’ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ പെൻഗ്വിനുകളുടെ മൈക്രോസ്ലീപ്പുകളെപ്പറ്റി വിശദമാക്കുന്നത്.

2019-ൽ അന്റാർട്ടിക്കയിലെ ഒരു പെൻഗ്വിൻ കോളനിയിൽ അടയിരിക്കുന്ന 14 ചിൻസ്ട്രാപ്പുകളെയാണ് അവർ പഠനവിധേയമാക്കിയത്. ബ്രൗൺ സ്കുവ എന്ന ഇരപിടിയൻ പക്ഷിയുടെ ഭീഷണിയുള്ള ഇടമായിരുന്നു ഇത്.

സ്കുവ പക്ഷികൾ പെൻഗ്വിൻ മുട്ടകൾ തിന്നാൻ സാധ്യതയുള്ളതുകൊണ്ട്, ഇണ ഭക്ഷണത്തിനായി ദിവസങ്ങളോളം മാറിനിൽക്കുമ്പോൾ, പെൻഗ്വിൻ ദമ്പതികളിൽ ഒരാൾ മുട്ടകൾക്കും കുഞ്ഞുങ്ങൾക്കും തുടർച്ചയായി കാവലിരിക്കാൻ നിർബന്ധിതരാകും. അതിക്രമിച്ചുകടക്കുന്ന മറ്റു പെൻഗ്വിനുകളിൽ നിന്നും സ്വന്തം കൂടും ഇവർക്ക് സംരക്ഷിക്കേണ്ടതുണ്ട്. അതുകൊണ്ട് അൽപാല്പമായി മാത്രമേ അവർ ഉറങ്ങുകയുള്ളൂ.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi