
വനിതാദിനത്തോടനുബന്ധിച്ച് ഒരു പ്രമുഖ സര്‍വ്വകലാശാലയിലെ വനിതാ ഉദ്യോഗസ്ഥര്‍ക്കായി ഫിനാന്‍ഷ്യല്‍ ഫ്രീഡം ഫോര്‍ വുമന്‍ എന്ന വിഷയത്തില്‍ ഒരു വര്‍ക്ക്‌ഷോപ്പ് നടത്താന്‍ അവസരം ലഭിച്ചു. വർക്ക്‌ഷോപ്പിന്റെ ഉദ്ഘാടന ചടങ്ങിന് ആശംസകള്‍ നേര്‍ന്ന പ്രസ്തുത സര്‍വ്വകലാശാലയിലെ അസോസിയേഷന്‍ നേതാവ് ചൂണ്ടിക്കാണിച്ചത് ഇപ്പോഴും മിക്ക സ്ത്രീകളുടെയും എടിഎം കാര്‍ഡുകള്‍ പോലും ഉപയോഗിക്കുന്നത് ഭര്‍ത്താക്കന്മാരാണ് എന്നാണ്. അതായത് ഭാര്യമാര്‍ പണമുണ്ടാക്കുന്ന യന്ത്രം മാത്രം. മിക്കവര്‍ക്കും അതുപയോഗിക്കുന്ന കാര്യത്തില്‍ നിയന്ത്രണം ഉണ്ടെന്ന് ചുരുക്കം. ഈ വിഷയത്തിന്റെ അധാര്‍മിക വശം നമുക്ക് പിന്നീട് പരിശോധിക്കാം.
ഭാര്യമാരുടെ എടിഎം കാര്‍ഡ് സ്ഥിരമായി ഭര്‍ത്താക്കന്മാര്‍ ഉപയേഗിക്കുന്നതിലെ നിയമവശം എല്ലാ ഭര്‍ത്താക്കന്മാരും അറിഞ്ഞിരിക്കുന്നത് പിന്നീട് പണി വരുന്നത് ഒഴിവാക്കാന്‍ സഹായിക്കും. എടിഎം കാര്‍ഡ് ആരുടെ പേരിലാണോ നല്‍കിയിരിക്കുന്നത് അയാള്‍ക്ക് മാത്രമേ അതുപയോഗിക്കാനുള്ള അവകാശമുള്ളൂ. ഭാര്യയുടെ പേരിലുള്ള കാര്‍ഡ് ഉപയോഗിക്കാനുള്ള അവകാശം ഭാര്യയ്ക്കു മാത്രം. ഭാര്യയുടെ സമ്മതത്തോടെ ഉപയോഗിച്ചാലും അത് നിയമവിരുദ്ധമാണ്. എടിഎം രഹസ്യ പിന്‍ മറ്റാര്‍ക്കും കൈമാറാന്‍ പാടില്ല. അങ്ങനെ കൈമാറുന്നത് നിയമവിരുദ്ധമാണ്.
എന്റെ ഭാര്യ, എന്റെ ഭാര്യയുടെ കാര്‍ഡ് അതില്‍ ബാങ്കിനെന്താണ് കാര്യം എന്നാകും ഭര്‍ത്താക്കന്മാര്‍ ഇത് വായിക്കുമ്പോള്‍ ചോദിക്കുക. ബാങ്കിനേ അതില്‍ കാര്യമുള്ളൂ എന്നാണ് അതിനുത്തരം. ബാങ്ക് ഇടപാടുകള്‍ നിയമപരമായി മാത്രമേ നടക്കുന്നുള്ളൂ എന്നുറപ്പാക്കേണ്ട ഉത്തരവാദിത്തം ബാങ്കുകള്‍ക്കുണ്ട്. ആ ഉത്തരവാദിത്തം അവര്‍ നിര്‍വ്വഹിക്കന്നുണ്ടോ എന്നുചോദിച്ചാല്‍ പലവിധത്തിലുള്ള ഉത്തരങ്ങളാകും ഉണ്ടാകുക. പക്ഷേ എടിഎം ഇടപാട് നടത്തുമ്പോള്‍ എന്തെങ്കിലും ബുദ്ധിമുട്ട് നേരിട്ടാലോ പരാതി ഉണ്ടായാലോ പുറത്താരോടും പറയാന്‍ പറ്റില്ല. കാര്‍ഡ് ഇട്ട് പിന്‍വലിക്കാന്‍ ശ്രമിക്കുമ്പോള്‍ പണം ലഭിച്ചുമില്ല, തിരികെ അക്കൗണ്ടിലേക്ക് പോയുമില്ല എങ്കില്‍ ആ പണം പോയത് തന്നെ. പരാതിപ്പെട്ടാല്‍ ബാങ്ക് സിസിടിവി പരിശോധിക്കും. പരാതിയില്‍ പറയുന്ന സമയത്ത് രാധികയുടെ കാര്‍ഡ് ഇട്ട് പണം പിന്‍വലിച്ചത് ഭര്‍ത്താവ് സുമേഷ് ആണെന്ന് കണ്ടെത്തും. അതോടെ പരാതി തള്ളും.
ഇത്തരത്തിലൊരു പരാതി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു യുവതി ഉന്നയിച്ചിരുന്നു. യുവതിയുടെ കാര്‍ഡ് ഉപയോഗിച്ച് ഭര്‍ത്താവ് 25000 രൂപ പിന്‍വലിക്കാന്‍ ശ്രമിച്ചു. പണം പുറത്തേക്ക് വന്നില്ല. അക്കൗണ്ടിലേക്ക് തിരികെ പോയതുമില്ല. പണം ഡിസ്‌പേഴ്‌സായി എന്ന് ബാങ്ക് വാദിച്ചു. മാത്രമല്ല യുവതി ആ സമയം ഇടപാട് നടത്തിയിട്ടില്ല. എടിഎം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ബാങ്ക്, യുവതിയുടെ ഭര്‍ത്താവാണ് എടിഎം കാര്‍ഡ് ഉപയോഗിച്ചത് എന്നു കണ്ടെത്തി. പരാതി തള്ളി. യുവതി ബാങ്കിംഗ് ഓംബുഡ്‌സ്മാനില്‍ പോയി. കാര്‍ഡ് കൈമാറ്റം ചെയ്ത്, രഹസ്യ പിന്‍ നമ്പര്‍ പങ്കുവെച്ച് ഇടപാട് നടത്തിയതിനാല്‍ പരാതി നിലനില്‍ക്കില്ല എന്ന് പറഞ്ഞ് ഓംബുഡ്‌സ്മാനും പരാതി തള്ളി. യുവതി ഉപഭോക്തൃതര്‍ക്ക പരിഹാര കോടതിയില്‍ പോയി ശക്തമായ തെളിവുമായി. ആര്‍.ടി.ഐ നിയമപ്രകാരം യുവതി അന്നത്തെ ദിവസത്തെ അതേ എടിഎമ്മിന്റെ കാഷ് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് സംഘടിപ്പിച്ചു. അതില്‍ 25,000 രൂപ അധികമായി ആ മെഷിനില്‍ ഉണ്ടായിരുന്നതായി കണ്ടെത്തി. അത് കോടതിയില്‍ സമര്‍പ്പിച്ചു. പക്ഷേ കാര്‍ഡ് കൈമാറ്റം ചെയ്ത്, പിന്‍ നമ്പര്‍ പങ്ക് വെച്ച് നടത്തിയ ഇടപാട് നിയമവിരുദ്ധമായതിനാല്‍ കോടതിയും പരാതി തള്ളി. ഭാര്യമാര്‍ക്ക് അസുഖം വല്ലതും വന്ന് കിടപ്പിലായാല്‍ അവരുടെ അക്കൗണ്ടിലെ പണം പിന്നെ എങ്ങനെ എടുക്കുമെന്നായിരിക്കും ഇപ്പോള്‍ ഭര്‍ത്താക്കന്മാര്‍ ചോദിക്കുന്നത്. ഈ ചോദ്യത്തിന് കോടതി നല്‍കിയ ഉത്തരം ചെക്ക് ഒപ്പിട്ട് നല്‍കൂ, ഭര്‍ത്താക്കന്മാര്‍ ബാങ്കില്‍ പോയി പണം മാറ്റിക്കൊള്ളും എന്നാണ്. അല്ലെങ്കില്‍ ഭര്‍ത്താവിന്റെ അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യാമല്ലോ. അല്ലെങ്കില്‍ ഗൂഗിള്‍ പേ വഴി നല്‍കാം.
ഭാര്യമാരുടെ എടിഎം കാര്‍ഡ് കൈവശം വെച്ച് ഉപയോഗിക്കുന്ന ഭര്‍ത്താക്കന്മാര്‍ ഇത് കൂടി അറിഞ്ഞുകൊള്ളുക. നിയമവിരുദ്ധമായി ഇങ്ങനെ ഉപയോഗിക്കുന്നതിന് പിടിച്ച് ജയിലിലിട്ട സംഭവമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതായി കണ്ടിട്ടില്ല. പക്ഷേ നിങ്ങള്‍ നിങ്ങളുടെ ഭാര്യയുടെ കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിച്ചതിന് തൊട്ടുപിന്നാലേ ആ എടിഎമ്മില്‍ മറ്റാരെങ്കിലും ഒരു തട്ടിപ്പ് നടത്തിയെന്ന് കരുതുക. പരിശോധനയില്‍ ആള്‍മാറാട്ടം നടത്തിയവരുടെ കൂട്ടത്തില്‍ നിങ്ങളും പെട്ടേക്കാം. തട്ടിപ്പ് കേസ് പ്രമാദമാണ് എങ്കില്‍ ചിലപ്പോള്‍ പെട്ടെന്ന് ജാമ്യം കിട്ടിയെന്നുപോലും വരില്ല. അതുകൊണ്ട് ആ കാര്‍ഡ് അങ്ങ് തിരിച്ചുകൊടുത്തേക്കെന്നേ.....
ഇക്കാര്യം ഞാന്‍ വര്‍ക്ക്‌ഷോപ്പില്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഒരു യുവതി എഴുന്നേറ്റ് നിന്ന് ചോദിച്ചു. ഭര്‍ത്താക്കന്മാരുടെ കാര്‍ഡ് ഭാര്യമാര്‍ക്ക് ഉപയോഗിക്കാവോ സാറേ. അച്ഛന്റെ കാര്‍ഡ് മകള്‍ക്കോ, തിരിച്ചോ, ചേട്ടന്റെ കാര്‍ഡ് അനിയത്തിക്കോ തിരിച്ചോ ഉപയോഗിക്കാന്‍ പാടില്ല എന്ന് പറഞ്ഞ് ഞാന്‍ തടിതപ്പി.
(ഈ പംക്തിയില്‍ പ്രതിപാദിക്കുന്ന വിഷയത്തെക്കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങളും അഭിപ്രായങ്ങളും അറിയിക്കാം. ഫോണ്‍: 9447667716. ഇ-മെയില്‍: jayakumarkk8@gmail.com)
Content Highlights: using your relatives ATM card can be risky
Published: 15 Mar 2025, 10:36 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented