
മധുരം ഒട്ടും മധുരമല്ലാതാകുന്ന ഇടമാണല്ലോ പ്രമേഹരോഗാശുപത്രി. അച്ഛനുമമ്മയും ഒരുപാടു മധുരോധാരമായ ഓര്‍മ്മകളും അനുഭവങ്ങളും തന്നവരാണ്. അവര്‍ക്ക് പ്രമേഹം പത്തിവിടര്‍ത്തി രോഗാതുരരായപ്പോഴാണ് സൂക്ഷ്മ പരിശോധനകളും വിദഗ്ധ ചികിത്സകളും ഒക്കെയായി തിരുവനന്തപുരത്തെ പ്രശസ്ത സര്‍ക്കാര്‍ പ്രമേഹാശുപത്രിയിലേക്ക് വരുന്നത്. കൂട്ടുപോകുക എന്ന കടമ മാത്രം. വയറു നിറയെ മരുന്ന് കഴിക്കുന്ന രണ്ടു പേരാണ്. പഥ്യങ്ങളെല്ലാം കാറ്റില്‍ പറത്തി മധുരവും മറ്റും കഴിക്കും, എന്നാല്‍ ആശുപത്രിയില്‍ പോകുന്നതിനു രണ്ടു ദിവസത്തിനു മുന്‍പേ അതികഠിനമായ പഥ്യം തുടങ്ങും, എന്നാല്‍ മാത്രമേ ലാബ് റിപ്പോര്‍ട്ടില്‍ ഷുഗര്‍ കുറവ് കാണൂ എന്നാണവരുടെ വിശ്വാസം. വീട് വിട്ട് പുറത്തിറങ്ങാന്‍ യാതൊരു താല്പര്യവുമില്ലാത്ത എന്റെ അച്ഛനും എങ്ങനെങ്കിലും പുറത്തൊന്നിറങ്ങാന്‍ സാധിക്കണേ എന്നാഗ്രഹിക്കുന്ന എന്റെ അമ്മയും ഞാനും ഒരുമിച്ചുള്ള ഒരു പരദേശിമോക്ഷയാത്രയാണ് ഡയബറ്റിക് ആശുപത്രിയാത്ര.
അങ്ങനെയൊരിക്കല്‍ ലാബ്‌ടെസ്‌റ്റ് ഒക്കെ കഴിഞ്ഞ് ഡോക്ടറിനെ കാണാനുള്ള ഞങ്ങളുടെ ഊഴവും കാത്തിരിക്കുമ്പോഴാണ് അടുക്കളയൊച്ച കേള്‍ക്കാന്‍ തുടങ്ങിയത്. ഓട്ടുരുളിയില്‍ ചട്ടുകം ഇട്ടു ഇളക്കുകയും തട്ടുകയും ചെയ്യുന്ന ഒച്ചയാണ് ആദ്യം ശ്രദ്ധിച്ചത്. ആശുപത്രി കാന്റീന്‍ ഇത്ര സംഭവബഹുലമോ എന്നാദ്യം അന്തിച്ചു പോയി, അതും ഒരു പ്രമേഹാശുപത്രിയുടെ കാന്റീന്‍. നേരിയ സംസാരശബ്ദം കൂടെ കേള്‍ക്കാന്‍ തുടങ്ങി. അപ്പോഴാണ് അരികുവശത്തു ഒരു കസേരയില്‍ മടിയില്‍ മൊബൈല്‍ വെച്ച് അതീവ ശ്രദ്ധയോടെ കുനിഞ്ഞിരിക്കുന്ന ഒരു അമ്മാമയെ കണ്ടത്. മൊബൈലില്‍ മാത്രം ശ്രദ്ധയോടെ ഉറ്റു നോക്കുന്നു, അപ്പോള്‍ അതില്‍ നിന്നും വരുന്ന വോയിസ് ഓവര്‍ ഇങ്ങനെയാണ്: 'നെയ്യില്‍ വറുത്ത റവ മാറ്റി വെച്ചതിനു ശേഷം അതേ പാനില്‍ തന്നെ വെള്ളം ചൂടാക്കുക, അതിലേക്കു റവ കുറേശ്ശെ ഇട്ടു കൊടുത്തു കട്ട കെട്ടാതെ ചെറിയ തീയില്‍ ഇളക്കി എടുക്കുക, എടുത്തു വെച്ചിരിക്കുന്ന പഞ്ചസാരയും ചേര്‍ത്തിളക്കി, നെയ്യില്‍ മൂപ്പിച്ചു വെച്ചിരിക്കുന്ന ഉണക്കമുന്തിരിയും അണ്ടിപ്പരിപ്പും ചേര്‍ത്ത് വാങ്ങി വെയ്ക്കുക....' എനിക്ക് വല്ലാത്ത ഒരു വിമ്മിഷ്ടം തോന്നി,
മധുരം എത്ര നിയന്ത്രിക്കാന്‍ ശ്രമിച്ചിട്ടും സാധിക്കാതെ ഞങ്ങളാരും കാണാതെ ഡയറിമില്‍ക്ക് കഴിക്കുന്ന എന്റമ്മേം ചക്കയലുവ എന്നും ഒരു ബലഹീനതയായി കരുതുന്ന എന്റെ അച്ഛനേം എങ്ങനെ ഞാന്‍ കുറ്റം പറയും. ഈ അമ്മേം അങ്ങനെ തന്നെ ആകാനാണ് സാധ്യത, ഞാനുറപ്പിച്ചു. എത്ര സൂക്ഷ്മതയോടും ആകാംക്ഷയോടുമാണ് ആ കേസരി വരട്ടിയെടുക്കുന്നത്, എനിക്ക് മധുരമല്ല മറിച്ചു തൊണ്ടക്ക് താഴെ ഒരു വേദന കിനിയുന്നതായി തോന്നി, ഇടശ്ശേരിയുടെ പൊരിച്ച നഞ്ചു വായിച്ചപ്പോഴത്തെ അവസ്ഥ. ഈ അമ്മയും ഒരു പാട് മധുരം മക്കള്‍ക്ക് ഉണ്ടാക്കി കൊടുത്തിട്ടുണ്ടാവണം, ഒരു പക്ഷേ, അപ്പോഴൊന്നും ഇത്ര കൊതിയോടെ, രുചിയോടെ ഈ വസ്തുവിനെ നോക്കിക്കാണില്ലായിരിക്കും.
ഇപ്പോള്‍ മക്കളെ ഒന്നും കൂടെ കണ്ടില്ല, ആ അമ്മ ഒറ്റയ്ക്കാണ് അവിടെ ഇരിക്കുന്നത്, അമ്മ കഴിച്ചതും ഉണ്ടാക്കി കൊടുത്തതുമായ എല്ലാ മധുരങ്ങളും ഈ മൊബൈലിലൂടെ കാണാമല്ലോ. ഈ അമ്മക്ക് ഇത് കാണുമ്പോള്‍ എന്താകും തോന്നുക. ഓര്‍മകളും ദൃശ്യങ്ങളും തഴുകി ഉണര്‍ത്തുന്ന ചില രുചികളുണ്ടാകുമല്ലോ. അപ്പോള്‍ ഈ അമ്മയുടെ ഓര്‍മയും മധുരമുകുളങ്ങള്‍ ഉണ്ടാക്കുന്നുണ്ടാവാം. മധുരമുള്ള കേസരി മനസ്സ് കൊണ്ട് നുകര്‍ന്നു കാണും...
Content Highlights: diabetes and sweet food a memory about family
Published: 01 Apr 2024, 03:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented