
യേശുക്രിസ്തു കുരിശ്ശിലേറി മൂന്നാം ദിനം ഉയര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മയ്ക്കായി ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ കൊണ്ടാടുന്ന ആഘോഷമാണ് ഈസ്റ്റര്‍. ദൈവപുത്രന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ധന്യനിമിഷം. ഈസ്റ്റര്‍ ആശംസകളുമായി ബന്ധപ്പെട്ടുള്ള മിക്ക പോസ്റ്റുകളിലും പലനിറത്തിലുള്ള മുട്ടകളുടെ ചിത്രവും നിങ്ങള്‍ക്ക് കാണാനാകും. എന്താണ് ഈസ്റ്ററും മുട്ടയുമായുള്ള ബന്ധം? പലനാടുകളില്‍ പല കഥകളാണ് ഈസ്റ്റര്‍ മുട്ടയുമായി ബന്ധപ്പെട്ടുള്ളത്. ക്രിസ്ത്യന്‍, പേഗന്‍ വിശ്വാസങ്ങളില്‍ നിന്നാണ് ഈസ്റ്റര്‍ മുട്ടകളെന്ന ആശയം ഉടലെടുത്തതെന്നാണ് പ്രധാനമായും കരുതപ്പെടുന്നത്. പുരാതന റോമന്‍ സാമ്രാജ്യത്തില്‍ ക്രിസ്തീയ, ജൂത, സമരിറ്റന്‍ വിശ്വാസങ്ങള്‍ പിന്‍തുടരാതിരുന്ന ബഹുദൈവ വിശ്വാസികളായിരുന്നു പേഗനുകള്‍. പുതുജീവന്റെയും പ്രത്യാശയുടെയും അടയാളമായാണ് പേഗന്‍ സംസ്‌കാരങ്ങളില്‍ ഈസ്റ്റര്‍ മുട്ടകളെ കാണുന്നത്.
വസന്തകാല ആഘോഷങ്ങളുടെ ഭാഗമായി മുട്ടത്തോടുകള്‍ അലങ്കരിക്കുന്നത് ആയിരക്കണക്കിനു വര്‍ഷം മുന്‍പു തന്നെ നിലവിലുണ്ടായിരുന്നുവത്രേ. ഇതു പിന്നീടു വസന്തകാലത്തു നടക്കുന്ന ഈസ്റ്റര്‍ ആഘോഷത്തിലേക്കും എത്തുകയായിരുന്നുവെന്നു പറയപ്പെടുന്നു. മുട്ടകളും ഈസ്റ്ററുമായുള്ള ബന്ധത്തെ സാധൂകരിക്കുന്നതിനായി നിരവധി കഥകളാണ് പ്രചാരത്തിലുള്ളത്. അതിലൊരു കഥ മഗ്ദലന മറിയവുമായി ബന്ധപ്പട്ടുള്ളതാണ്. ക്രിസ്തുവിന്റെ ക്രൂശേറ്റത്തിനും ഉയര്‍ത്തെഴുന്നേല്‍പ്പിനും ശേഷം റോം ചക്രവര്‍ത്തിയുടെ മേടയിലെത്തിയ വിശുദ്ധ മഗ്ദലന മറിയം പീലാത്തോസിന്റെ വിചാരണ നടപടികളെ അപലപിക്കുകയും ക്രിസ്തു ഉയര്‍ത്തെഴുന്നേറ്റ വിവരം സഭയെ അറിയിക്കുകയും ചെയ്തു. എന്നാല്‍ ആ പ്രസ്താവനയില്‍ തെല്ലും ആശ്ചര്യം പ്രകടമാക്കാത്ത ചക്രവര്‍ത്തി, തീന്‍മേശയിലെ വെളുത്ത മുട്ട ചൂണ്ടിക്കാട്ടി 'ആ മുട്ട ചുവപ്പായി മാറാന്‍ സാധ്യതയില്ലാത്തതുപോലെ ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റിട്ടില്ല' എന്ന് പറഞ്ഞു. ഈ പ്രസ്താവന നടത്തിയ ഉടന്‍ തന്നെ മുട്ട രക്തച്ചുവപ്പായി മാറിയത്രേ.

പാസ്‌കല്‍ മുട്ടകളുടെ ചരിത്രം
പാസ്‌കല്‍ മുട്ടകള്‍ എന്നപേരിലും അറിയപ്പെടുന്ന ഈസ്റ്റര്‍ മുട്ടകളും ബ്രിട്ടനും തമ്മിലുള്ള ബന്ധം ആരംഭിക്കുന്നത് 1290-കളിലാണെന്നാണ് ചില ചരിത്രരേഖകള്‍ വ്യക്തമാക്കുന്നത്. എഡ്വേര്‍ഡ് ഒന്നാമന്റെ കുടുംബം ഈസ്റ്ററിന് 'രാജകീയ പരിവാരങ്ങള്‍'ക്കിടയില്‍ വിതരണം ചെയ്യുന്നതിനായി സ്വര്‍ണ്ണ ഇലയില്‍ പൊതിഞ്ഞതോ നിറമുള്ളതോ ആയ 450 മുട്ടകള്‍ വാങ്ങിയതായി ബ്രിസ്റ്റോള്‍ സര്‍വകലാശാലയിലെ ചരിത്ര പ്രൊഫസറായ റൊണാള്‍ഡ് ഹട്ടണ്‍ന്റെ 'സ്റ്റേഷന്‍സ് ഓഫ് ദി സണ്‍: എ ഹിസ്റ്ററി ഓഫ് ദി റിച്വല്‍ ഇയര്‍ ഇന്‍ ബ്രിട്ടണ്‍' എന്ന പുസ്തകത്തില്‍ പറയുന്നു. രണ്ടു നൂറ്റാണ്ടുകള്‍ക്കിപ്പുറം വത്തിക്കാന്‍ ഹെന്റി എട്ടാമന് സമ്മാനമായി ഒരു വെള്ളിക്കൂടില്‍ മുട്ടകള്‍ അയച്ചുനല്‍കിയതായും പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. 13-ാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടിലെ ഗ്രാമവാസികള്‍ പ്രഭുക്കന്മാര്‍ക്ക് സമ്മാനമായും പള്ളികളില്‍ നേര്‍ച്ചയായുമെല്ലാം മുട്ടകള്‍ നല്‍കിയിരുന്നു. ലങ്കാഷെയറിന്റെ തെക്കുപടിഞ്ഞാറന്‍ പ്രദേശത്തെ നിവാസികള്‍ 18-ാം നൂറ്റാണ്ടിന്റെ ആരംഭം വരെ മുട്ടകള്‍ ഉപയോഗിച്ചാണ് 'ഈസ്റ്റര്‍ കുടിശ്ശിക' അടച്ചിരുന്നതത്രേ.
അലങ്കാരത്തിന് പിന്നില്‍
പുരാതന കാലത്ത്, മുട്ടകള്‍ വസന്തത്തിന്റെയും ഫലഭൂയിഷ്ഠതയുടെയും പ്രതീകമായിരുന്നു, പിന്നീട് ക്രിസ്തീയ വിശ്വാസികള്‍ യേശുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിനെ പ്രതിനിധീകരിക്കാന്‍ അവയെ സ്വീകരിച്ചു. ഈസ്റ്ററിന് മുമ്പുള്ള ഉപവാസ കാലഘട്ടമായ നോമ്പുകാലവുമായി മുട്ടകള്‍ ചരിത്രപരമായി ബന്ധപ്പെട്ടിരിക്കുന്നു. ഈസ്റ്ററിന് മുന്നോടിയായുള്ള ഒരാഴ്ചക്കാലം വിശുദ്ധ ആഴ്ചയായി കണക്കാക്കിയിരുന്നതിനാല്‍ വിശ്വാസികള്‍ മുട്ടയുള്‍പ്പെടെയുള്ള മാംസാഹാരങ്ങള്‍ ഭക്ഷിച്ചിരുന്നില്ല. അതിനാല്‍ ആ ആഴ്ചയില്‍ ലഭിച്ച മുഴുവന്‍ മുട്ടകളും സൂക്ഷിച്ചുവെച്ച് അലങ്കരിച്ച് 'വിശുദ്ധ മുട്ട'കളെന്ന രീതിയില്‍ കുട്ടികള്‍ക്ക് സമ്മാനമായി നല്‍കിയിരുന്നു. ഈ രീതിയാണ് ഇന്നുകാണുന്ന ഈസ്റ്റര്‍ മുട്ടകളുടെ അലങ്കാരത്തിന് പിന്നിലെന്നും കരുതപ്പെടുന്നു.

ഈസ്റ്റര്‍ മുട്ടകളില്‍ ചായംതേക്കുന്ന രീതിയാരംഭിച്ചത് മെസൊപ്പൊട്ടോമിയയിലാണെന്ന വാദമുണ്ട്. ക്രൂശിലേറ്റുന്ന സമയത്ത് ക്രിസ്തുവിന്റെ ശരീരത്തില്‍ നിന്നിറ്റുവീണ രക്തത്തെ പ്രതിനിധാനം ചെയ്യാനായി ആദ്യകാലത്ത് ചുവന്ന നിറത്തില്‍ മാത്രമായിരുന്നു ഈ ചായം പൂശല്‍. പിന്നീടത് പലനിറങ്ങളിലേക്ക് മാറി. പൗരസ്ത്യ ഓര്‍ത്തഡോക്സ് പാരമ്പര്യത്തിലും, ക്രിസ്തു ക്രൂശില്‍ചൊരിഞ്ഞ തിരുരക്തത്തെ പ്രതിനിധാനം ചെയ്യാനായി മുട്ടകള്‍ക്ക് ചുവപ്പ് നിറം നല്‍കിത്തുടങ്ങി. പിന്നീട് ക്രിസ്ത്യന്‍ മിഷനറിമാര്‍ ഈസ്റ്റര്‍ കഥയുടെ വ്യത്യസ്ത വശങ്ങളെ പ്രതിനിധീകരിക്കാന്‍ മുട്ടകള്‍ക്ക് വ്യത്യസ്ത നിറങ്ങളില്‍ ചായം പൂശാനാരംഭിച്ചു.
ഉയര്‍ത്തെഴുന്നേല്‍പ്പിനെ പ്രതിനിധീകരിക്കാന്‍ മഞ്ഞയും, സ്നേഹത്തെ പ്രതിനിധീകരിക്കാന്‍ നീലയുമെല്ലാം അവര്‍ ഉപയോഗിച്ചു. നിറങ്ങള്‍ക്ക് പുറമെ ചില മുട്ടകളില്‍ ബൈബിള്‍ രംഗങ്ങള്‍ ചിത്രീകരിക്കുകയും ചെയ്യാറുണ്ട്. ഓര്‍ത്തഡോക്സ് പള്ളികളില്‍ നിന്ന് കാത്തലിക്, പ്രൊട്ടസ്റ്റന്റ് പള്ളികളിലേക്കും മുട്ടയില്‍ ചായം തേക്കുന്ന രീതിയെത്തി.

മുട്ടയ്ക്കുള്ളില്‍...
പ്രധാനമായും രണ്ടുതരത്തിലാണ് ഈസ്റ്റര്‍ മുട്ടകളുടെ നിര്‍മാണം. കോഴിയുടെയോ താറാവിന്റെയോ മുട്ട തിളപ്പിച്ചു പുറന്തോട് ചായങ്ങള്‍ കൊണ്ടോ വരകള്‍ കൊണ്ടോ അലങ്കരിച്ച് ആകര്‍ഷകമാക്കിയെടുക്കുന്നതാണ് പരമ്പരാഗത രീതിയിലുള്ള ഈസ്റ്റര്‍ മുട്ട. പിന്നീട് പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മറ്റുവസ്തുക്കള്‍കൊണ്ട് മുട്ടകളുണ്ടാക്കിത്തുടങ്ങി. ഉള്ളിത്തൊലി, ബീറ്റ്‌റൂട്ട്, പൂക്കള്‍ തുടങ്ങിയ പ്രകൃതിദത്ത വസ്തുക്കള്‍ കൊണ്ടാണ് മുട്ടകള്‍ക്ക് ആദ്യകാലത്ത് നിറം നല്‍കിയിരുന്നത്. പിന്നീട് കൃത്രിമ നിറങ്ങള്‍ ഉപയോഗിച്ചു തുടങ്ങി. അവയ്ക്കുള്ളില്‍ ചോക്ലേറ്റോ മധുരമുള്ള മറ്റുവസ്തുക്കളോ നിറച്ചാണ് വിതരണം നടത്തിയിരുന്നത്. ഉയര്‍ത്തെഴുന്നേറ്റ യേശുക്രിസ്തുവിന്റെ ഒഴിഞ്ഞ ശവകുടീരത്തെ പ്രതിനിധാനം ചെയ്യുന്നതിനായി അകം പൊള്ളയായ മുട്ടകളും കൈമാറിയിരുന്നു. കുട്ടികള്‍ക്കായി, ഒളിപ്പിച്ചു വയ്ക്കുന്ന മുട്ട തിരഞ്ഞു കണ്ടുപിടിക്കുന്ന ഈസ്റ്റര്‍ എഗ് ഹണ്ട് പോലുള്ള കളികളുമുണ്ട്. ആഘോഷ വേളകളെ ഗംഭീരമാക്കാന്‍ എഗ് റോളിങ്, എഗ് ഡാന്‍സിങ് പോലെ വിവിധ കളികളും ഈസ്റ്റര്‍ മുട്ട ഉപയോഗിച്ച് നടത്താറുണ്ട്
Content Highlights: the history of easter eggs
Published: 20 Apr 2025, 10:30 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented