ഈ ഈസ്റ്ററിന് വീട്ടിൽ തന്നെകുറച്ച് ക്രാഫ്റ്റുകളുണ്ടാക്കി നോക്കിയാലോ? കടയിൽ നിന്ന് വാങ്ങുന്ന ക്രാഫ്റ്റുകൾക്കു പകരം വീട്ടിലുള്ള പഴയ സാധനങ്ങളും മറ്റുമുപയോഗിച്ച് രസകരമായ ക്രാഫ്റ്റുകളുണ്ടാക്കി ഈസ്റ്റർ ദിനത്തിൽ അലങ്കരിച്ചുവെക്കാം. അവധിക്കാലത്ത് കുട്ടികൾക്കും അതൊരു നല്ല അനുഭവമായിരിക്കും.

ഈസ്റ്റർ സമയത്തെ ക്രാഫ്റ്റുകളിൽ ഏറ്റവും പ്രധാനപ്പെട്ടത് ഈസ്റ്റർ മുട്ടകൾ തന്നെ. വെളുത്ത മുട്ടയ്ക്കു മുകളിൽ നിറമുള്ള ചിത്രങ്ങൾ വരച്ചെടുക്കുന്നതും വ്യത്യസ്ത ഡിസൈനുകൾ തയ്യാറാക്കുന്നതും കുട്ടികൾക്ക് കൗതുകമുണ്ടാക്കുമെന്ന് തീർച്ച. അതുപോലെ, പേപ്പറും കാർഡ്ബോർഡും ഉപയോഗിച്ച് ഈസ്റ്റർ ബണ്ണിയും ഈസ്റ്റർ കാർഡുകളുമൊക്കെയുണ്ടാക്കാം.

1. ഈസ്റ്റർ മുട്ടകളുണ്ടാക്കാൻ (Easter eggs) പുഴുങ്ങിയ മുട്ടയോ പ്ലാസ്റ്റിക് മുട്ടകളോ എടുക്കാം. വാട്ടർ കളർ/പെയിന്റ്, ബ്രഷ് എന്നിവ ഉപയോഗിച്ച് രസമുള്ള പൂക്കളും കുരിശുമെല്ലാം മുട്ടത്തൊലിയിൽ വരച്ചെടുക്കാം. പല നിറത്തിൽ പല മുട്ടകൾ തയ്യാറാക്കി ചേർത്തുവെക്കാം. നിറം ഉണങ്ങിയശേഷം അലങ്കാരമായി ഉപയോഗിക്കാം.

2. ഈസ്റ്റർ ബണ്ണിയുണ്ടാക്കാൻ വെളുത്ത പേപ്പറും സ്കെച്ച് പേനകളും കാർഡ് ബോർഡുമാണ് വേണ്ടത്. പേപ്പറിൽ ബണ്ണിയുടെ ആകൃതി വരയ്ക്കുക. ആകൃതിക്കൊത്ത് പേപ്പർ മുറിച്ചെടുക്കാം. ശേഷം ബണ്ണിക്ക് കണ്ണും മൂക്കും ചെവിയും വരച്ചുകൊടുക്കാം. അതിന് ആവശ്യമായ നിറങ്ങൾ നൽകിയ ശേഷം ശേഷം അതേ ആകൃതിയിൽ വെട്ടിയെടുത്ത കാർഡ് ബോർഡിൽ ഒട്ടിച്ചെടുക്കാം. ബണ്ണി റെഡി.

3. ഈസ്റ്റർ ബാസ്കറ്റ്

കാർഡ്ബോർഡും നിറമുള്ള പേപ്പറുകളും മുത്തുകളുമാണ് ഇതിനു വേണ്ടത്. കാർഡ് ബോർഡുകൾ ഇഷ്ടമുള്ള ആകൃതിയിൽ ചേർത്തുവെച്ച് പശവെച്ചൊട്ടിച്ച് ഈസ്റ്റർ ബാസ്കറ്റ് ഒരുക്കാം. അതിനുമേൽ നിറമുള്ള പേപ്പറുകൾ വിരിക്കാം. കുട്ടയിൽ മുത്തുകൾ കൊണ്ട് അലങ്കാരങ്ങൾ പിടിപ്പിക്കാം. ശേഷം, അതിൽ മുട്ടകളും പൂക്കളും മിഠായികളും നിരത്താം. കുട്ടകൾ ചുവരിൽ തൂക്കിയിടുകയോ മേശപ്പുറത്ത് വെക്കുകയോ ആവാം. ഈസ്റ്റർ ക്രോസും കാർഡ് ബോർഡിൽ വെട്ടിയെടുക്കാവുന്നതാണ്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi