കാന്താരി ചിക്കന്‍ സ്റ്റ്യൂ 
ചിക്കന്‍    : ഒരു കി.ഗ്രാം
വെളിച്ചെണ്ണ     : 40 മില്ലി
സവാള അരിഞ്ഞത്     : രണ്ടെണ്ണം
കറിവേപ്പില     : ആവശ്യത്തിന്
മല്ലിച്ചപ്പ്     : ആവശ്യത്തിന്
ഇഞ്ചി നീളത്തില്‍ അരിഞ്ഞത് : രണ്ട് മീഡിയം കഷണം
കാന്താരിമുളക്     : 10 ഗ്രാം
ഉരുളക്കിഴങ്ങ് കഷണങ്ങളാക്കിയത്: രണ്ടെണ്ണം
കറുവാപ്പട്ട    : മൂന്നെണ്ണം
ഏലയ്ക്ക    : 10 എണ്ണം 
കുരുമുളക് തരിയായി പൊടിച്ചത്: ഒരു ടീസ്പൂണ്‍
തേങ്ങ ഒന്നാംപാല്‍    : അരക്കപ്പ്
തേങ്ങ രണ്ടാംപാല്‍    : അരക്കപ്പ്
ഉപ്പ്   : ആവശ്യത്തിന്

ഒരു പാന്‍ ചൂടായി വരുമ്പോള്‍ അതിലേക്ക് 30 മില്ലി വെളിച്ചെണ്ണ ഒഴിക്കുക. കറുവാപ്പട്ട, ഏലയ്ക്ക എന്നിവ ചേര്‍ത്ത് മൂപ്പിക്കുക. അതിലേക്ക് കാന്താരിമുളക്, ഇഞ്ചി എന്നിവയിട്ട് പച്ചമണം മാറുമ്പോള്‍ അരിഞ്ഞുവെച്ചിരിക്കുന്ന സവാള, ആവശ്യത്തിന് കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക. അതിലേക്ക് ഉരുളക്കിഴങ്ങ് ചേര്‍ത്ത് നന്നായി ഇളക്കണം. ശേഷം ചിക്കന്‍  ഇട്ട്  ഇളക്കിയോജിപ്പിക്കുക. തേങ്ങയുടെ രണ്ടാംപാലും ഉപ്പും ചേര്‍ത്ത് 15 മിനിറ്റ് വേവിക്കുക. നന്നായി വെന്തുവരുമ്പോള്‍ തേങ്ങയുടെ ഒന്നാംപാല്‍കൂടി ചേര്‍ക്കാം. 10 ഗ്രാം പച്ചവെളിച്ചെണ്ണയും കുരുമുളകുപൊടിയും മല്ലിയിലയും ചേര്‍ത്ത് ഇളക്കി സെര്‍വിങ് ബൗളിലേക്ക് മാറ്റാം.

വട്ടയപ്പം
പച്ചരി കുതിര്‍ത്തത്  : ഒരു കപ്പ്
തേങ്ങ ചിരകിയത്  : മുക്കാല്‍ കപ്പ്
ചോറ്  : കാല്‍ കപ്പ്
പഞ്ചസാര  : രണ്ട്‌ ടേബിള്‍ സ്പൂണ്‍
യീസ്റ്റ്  : അര ടീസ്പൂണ്‍
ഉപ്പ്  : ആവശ്യത്തിന്
കുതിര്‍ത്ത അരി, തേങ്ങ, ചോറ്, പഞ്ചസാര, യീസ്റ്റ്, ഉപ്പ് എന്നിവ ചേര്‍ത്ത് അരച്ചെടുക്കുക. മാവ് അഞ്ചുമുതല്‍ ഏഴ് മണിക്കൂര്‍ പുളിക്കുന്നതിനുവേണ്ടി മാറ്റിവയ്ക്കുക. ഒരു പാത്രത്തില്‍ അല്പം ബട്ടര്‍ പുരട്ടി അതിലേക്ക് പുളിച്ച മാവ് മുക്കാല്‍ഭാഗം ഒഴിക്കുക. ശേഷം സ്റ്റീമറില്‍ വെച്ച് വേവിച്ചെടുക്കാം. 

placeholder
ചെമ്മീന്‍ ഉലര്‍ത്തിയത്

ചെമ്മീന്‍ ഉലര്‍ത്തിയത്
പൊടിച്ചെമ്മീന്‍  : ഒരു കി.ഗ്രാം
ചെറിയുള്ളി അരിഞ്ഞത്  : 200 ഗ്രാം
തേങ്ങ ചിരവിയത്   : അര മുറി (ചതച്ചെടുത്ത്)
ചെറിയുള്ളി അരിഞ്ഞത്  : 40 ഗ്രാം
ഇഞ്ചി അരിഞ്ഞത്  : 40 ഗ്രാം
പച്ചമുളക് നാലായി മുറിച്ചത്  : നാലെണ്ണം
തക്കാളി ചെറുതായി അരിഞ്ഞത്: രണ്ടെണ്ണം
നാരങ്ങനീര്   : ഒരു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി   : ഒന്നര ടീസ്പൂണ്‍
മുളകുപൊടി  : മൂന്ന് ടീസ്പൂണ്‍
കറിവേപ്പില : ആവശ്യത്തിന്
വെളിച്ചെണ്ണ  : ആവശ്യത്തിന്
പാന്‍ ചൂടാകുമ്പോള്‍ അതിലേക്ക് കടുകും ഇഞ്ചിയും വെളുത്തുള്ളിയും അരിഞ്ഞുവെച്ച ചെറിയുള്ളിയും പച്ചമുളകും ചേര്‍ത്ത് വഴറ്റുക. അതിലേക്ക് മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, മുളകുപൊടി എന്നിവ ചേര്‍ത്ത് ചെറുചൂടില്‍ ഇളക്കി പച്ചമണം മാറ്റുക. ശേഷം ചെമ്മീന്‍ ഉപ്പും തക്കാളിയും ചേര്‍ത്ത് ചെറുചൂടില്‍ ഇളക്കി വേവിക്കുക. അതിലേക്ക് തേങ്ങയും നാരങ്ങനീരും കറിവേപ്പിലയും ചേര്‍ത്ത് ഇളക്കി യോജിപ്പിച്ച് സെര്‍വിങ് ബൗളിലേക്ക് മാറ്റാം.

ബീഫ് ചോപ്ഡ് വിന്‍ദാരി
ബീഫ്  : അര കി.ഗ്രാം
ഉണക്കമുളക്  : നാലെണ്ണം
മല്ലി   : അര ടേബിള്‍ സ്പൂണ്‍
കടുക്  : അര ടേബിള്‍ സ്പൂണ്‍
ഉലുവ  : കാല്‍ ടേബിള്‍ സ്പൂണ്‍
കുരുമുളക്  : ഒരു ടേബിള്‍ സ്പൂണ്‍
ഏലയ്ക്ക  : രണ്ട്
കരയാമ്പൂ  : ഒന്ന്
പട്ട  : ചെറുത്
ഇഞ്ചി  : ചെറിയ കഷണം
വെളുത്തുള്ളി  : നാലല്ലി
പച്ചമുളക്  : ഒന്ന്
സവാള  : രണ്ട്
വെളിച്ചെണ്ണ  : മൂന്ന് ടേബിള്‍ സ്പൂണ്‍
വിനാഗിരി  : രണ്ട് ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി  : അര ടീസ്പൂണ്‍
കശ്മീരി മുളകുപൊടി  : ഒന്നര ടീസ്പൂണ്‍
ഉപ്പ്  : പാകത്തിന്
കറിവേപ്പില  : ആവശ്യത്തിന്
ശര്‍ക്കര  : ഒരു ടീസ്പൂണ്‍
ചെറിയ ജീരകം  : അര ടീസ്പൂണ്‍
ബീഫ് കഷണങ്ങളാക്കി മുറിച്ച്, കഴുകിവെക്കുക. പാന്‍ ചൂടാക്കി അതിലേക്ക് ഉണക്കമുളക്, പട്ട, ഏലയ്ക്ക, ചെറിയ ജീരകം, ഉലുവ, മല്ലി എന്നിവയിട്ട് പച്ചമണം മാറുന്നതുവരെ വറുക്കുക. അതിലേക്ക് കടുക്, ഇഞ്ചി, വെളുത്തുള്ളി, വിനാഗിരി എന്നിവ ചേര്‍ത്ത് അരച്ചെടുക്കുക. ബീഫിലേക്ക് മഞ്ഞള്‍പൊടി, അരച്ച മസാല എന്നിവ ചേര്‍ത്ത് മിക്‌സ്‌ചെയ്ത് കുറച്ചുനേരം മാറ്റിവെക്കുക. ശേഷം ബീഫ് കുറച്ച് വെള്ളം ഒഴിച്ച് വേവിച്ചെടുക്കുക. മറ്റൊരു പാത്രത്തില്‍ വെളിച്ചെണ്ണ ചൂടാക്കി രണ്ട് സവാള പൊടിയായി അരിഞ്ഞത്, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നിവ നന്നായി വഴറ്റിയെടുക്കുക. അതിലേക്ക് കുറച്ച് ഉപ്പ്, മഞ്ഞള്‍പ്പൊടി, കശ്മീരിമുളകുപൊടി എന്നിവ ചേര്‍ത്തിളക്കി പച്ചമണം മാറുമ്പോള്‍ വേവിച്ച ബീഫ് ചേര്‍ക്കാം. ഗ്രേവിക്ക് ആവശ്യംപോലെ വെള്ളം ഒഴിക്കാം. കുറച്ച് വിനാഗിരി, ശര്‍ക്കര, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്തിളക്കി വിളമ്പാം.

കൂണ്‍ പാല്‍ക്കട്ടി കറി
പനീര്‍  : 200 ഗ്രാം
കൂണ്‍ : 200 ഗ്രാം
ചെറിയുള്ളി  : 50 ഗ്രാം
ഇഞ്ചി നീളത്തില്‍ അരിഞ്ഞത്: 30 ഗ്രാം
വെളുത്തുള്ളി ചെറുതായി അരിഞ്ഞത്: 30 ഗ്രാം
വെള്ളം  : ആവശ്യത്തിന്
വറ്റല്‍മുളക്  : രണ്ടെണ്ണം
കറിവേപ്പില  : ആവശ്യത്തിന്
ഉപ്പ്  : ആവശ്യത്തിന്
മഞ്ഞള്‍പ്പൊടി  : അര ടീസ്പൂണ്‍
മല്ലിപ്പൊടി : രണ്ട്‌ ടീസ്പൂണ്‍
കടുക്  : അര ടീസ്പൂണ്‍
വെളിച്ചെണ്ണ  :30 മില്ലി
തേങ്ങാപ്പാല്‍  : ഒരു തേങ്ങയുടെ 
കറിവേപ്പില  : രണ്ട് തണ്ട്
പാന്‍ ചൂടായതിനുശേഷം അതിലേക്ക് കടുക്, വറ്റല്‍മുളക് എന്നിവ ഇടുക. ശേഷം അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, ചെറിയുള്ളി ഇവ ചേര്‍ത്ത് ചെറുചൂടില്‍ ലൈറ്റ് ബ്രൗണ്‍ നിറമാവുന്നതുവരെ ഇളക്കുക. ശേഷം മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി എന്നിവയിട്ട് പച്ചമണം മാറുന്നതുവരെ ഇളക്കുക. അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിക്കുക. വെള്ളം തിളച്ചാല്‍ കൂണും പനീറും ഉപ്പും ചേര്‍ത്ത് ഇളക്കാം. തേങ്ങാപ്പാലും കറിവേപ്പിലയുമിട്ട് തിളവരുമ്പോള്‍ സെര്‍വിങ് ബൗളിലേക്ക് മാറ്റാം.

placeholder
കൂണ്‍ പാല്‍ക്കട്ടി കറി

രാമങ്കരി താറാവ് റോസ്റ്റ്
താറാവ് : ഒരു കി.ഗ്രാം (ചെറുതായി മുറിച്ചത്)
വെളുത്തുള്ളി :  ഒരെണ്ണം നുറുക്കിയത്
ഇഞ്ചി : ഒരു വലിയ കഷണം (ഇഞ്ചിയും വെളുത്തുള്ളിയും പേസ്റ്റാക്കുക)
പച്ചമുളക്  : അഞ്ച് എണ്ണം
കുരുമുളക് ചതച്ചത്  : ഒരു ടേബിള്‍ സ്പൂണ്‍
ചെറിയുള്ളി  : 10 എണ്ണം
മല്ലിപ്പൊടി  : രണ്ടര ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി  : അര ടീസ്പൂണ്‍
കശ്മീരി മുളകുപൊടി: മൂന്ന് ടേബിള്‍ സ്പൂണ്‍
ഉപ്പ് : ആവശ്യത്തിന്
ഗരം മസാല  : ഒന്നര ടീസ്പൂണ്‍
വെളിച്ചെണ്ണ : ആവശ്യത്തിന്
ഉരുളക്കിഴങ്ങ് ആറായി മുറിച്ച് വറുത്തത്: രണ്ടെണ്ണം
വെളുത്തുള്ളി അരിഞ്ഞത്: ഒരെണ്ണം
ഇഞ്ചി നീളത്തില്‍ അരിഞ്ഞത്: ഒന്നര കഷണം
കറിവേപ്പില  : ആവശ്യത്തിന്
സവാളഅരിഞ്ഞത്  : മൂന്നെണ്ണം
തേങ്ങാപ്പാല്‍  : 150 മില്ലി.
തക്കാളി നാലായി മുറിച്ചത്: രണ്ടെണ്ണം
താറാവിറച്ചിയിലേക്ക് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, കുറച്ച് ഗരംമസാല, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് വേവിച്ചെടുക്കുക. അതില്‍നിന്ന് താറാവിറച്ചിയുടെ സ്റ്റോക്ക് എടുത്ത് മാറ്റിവയ്ക്കുക. ഒരു പാന്‍ ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക. നീളത്തില്‍ അരിഞ്ഞ ഇഞ്ചിയും വെളുത്തുള്ളിയും വഴറ്റുക. സവാളയും കറിവേപ്പിലയും ഉപ്പും ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് വേവിച്ച താറാവിറച്ചിയും ഗരം മസാലപ്പൊടിയും ആവശ്യത്തിന് കുരുമുളകുപൊടിയും തക്കാളിയും വറുത്ത ഉരുളക്കിഴങ്ങും തേങ്ങാപ്പാലും ചേര്‍ത്ത് മീഡിയം തീയില്‍ വേവിച്ചെടുത്ത് വിളമ്പാം. 

placeholder
ഫയര്‍ റോസ്റ്റഡ് ബീറ്റ്റൂട്ട് സാലഡ്

ഫയര്‍ റോസ്റ്റഡ് ബീറ്റ്‌റൂട്ട് സാലഡ്
ബീറ്റ്‌റൂട്ട് കഷണങ്ങളാക്കി ഓവനില്‍ റോസ്റ്റ് ചെയ്തത് (ബീറ്റ്റൂട്ട് സില്‍വര്‍ ഫോയില്‍ പൊതിഞ്ഞ് കരിയില്‍ ചുട്ടെടുക്കാവുന്നതാണ്): അര കി.ഗ്രാം
മാതളനാരങ്ങ : 80 ഗ്രാം
ഫെറ്റാചീസ്  : 50 ഗ്രാം
റോക്കറ്റ് ലെറ്റിയൂസ്‌ : 50 ഗ്രാം
പിസ്ത  : 60 ഗ്രാം
വിനാഗിരി : ഒരു ടീസ്പൂണ്‍
സുമാക്ക് പൗഡര്‍  : ഒരു ടീസ്പൂണ്‍
ഉപ്പ്  : ആവശ്യത്തിന്
മൊളാസിസ്  : 30 മില്ലി

ഒരു ബൗളില്‍ റോസ്റ്റ് ചെയ്ത ബീറ്റ്‌റൂട്ട് കഷണങ്ങള്‍ ഇടുക. ഇതിലേക്ക് ഉപ്പും വിനാഗിരിയും മിക്‌സ് ചെയ്യുക. ഇത് ഒരു സെര്‍വിങ് പ്ലെയ്റ്റില്‍ നന്നായി അറേഞ്ച് ചെയ്യുക. മുകളില്‍ പിസ്ത, മാതളനാരങ്ങ, ഫെറ്റാചീസ്, റോക്കറ്റ് ലെറ്റിയൂസ് എന്നിവ വിതറുക. അതിനുമുകളിലേക്ക് മൊളാസിസ് സോസും സുമാക്ക് പൗഡറും ചേര്‍ത്ത് സെര്‍വ്ചെയ്യാം.