ഉയിര്‍പ്പിന്റെ ആഘോഷമാണ് ഈസ്റ്റര്‍. എത്ര അടിച്ചമര്‍ത്തപെട്ടാലും അതിജീവിക്കാന്‍ കെല്പുള്ള മനുഷ്യസ്നേഹത്തെയാണ് ജീസസ് പ്രതിനിധാനം ചെയ്യുന്നത്. കേവലം മതപരമായ മതില്‍ക്കട്ടുകള്‍ക്ക് അതീതമാണ് ആ ഭാവന. തന്നെ നിഷ്ടൂരം പീഡിപ്പിച്ചവര്‍ക്ക് വേണ്ടിയും ദൈവത്തോട് പ്രാര്‍ത്ഥിച്ച മൂല്യബോധത്തിന്റെ കൂടി പേരാണ് ജീസസ്. ആത്മാവ് നഷ്ടപ്പെടുത്തി നേടുന്ന നൈമിഷിക ജയങ്ങളല്ല ത്യാഗോന്മുഖമായ പരാജയങ്ങളാണ് ആത്യന്തികമായി വിജയിക്കുന്നതെന്ന സന്ദേശമാണ് മൂന്നാം നാളിലെ ആ ഉയിര്‍പ്പ്. 

കാലം എത്ര നിഷേധിച്ചാലും നീതി ഒരുനാള്‍ വിജയിക്കുക തന്നെ ചെയ്യും എന്ന പ്രബോധനമാണ് ഓരോ ഈസ്റ്ററും. ഏകാധിപതികളും ഒറ്റുകാരും ഒരു നാള്‍ ആ നന്മയെ അംഗീകരിക്കേണ്ടി വരുമെന്ന ആശ്വാസം ആ ആഘോഷദിനം പങ്കുവെക്കുന്നുണ്ട്. പ്രതിബന്ധങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ച് കൂടുതല്‍ മെച്ചപ്പെട്ടൊരു ലോകം പണിതുയര്‍ത്താന്‍ എല്ലാം ത്യജിച്ച യേശുവിനോടുള്ള സ്മരണയുമാണ് ആ ദിനം. കൂടുതല്‍ ഭംഗിയുള്ള ഒരു കാലത്തെ വരവേല്‍ക്കാനുള്ള ആഹ്വാനത്തോടെയാണ് ലോകം മുഴുവന്‍ ഈസ്റ്ററിനെ കൊണ്ടാടുന്നത്.

placeholder
ഈസ്റ്റർ ബണ്ണി/ Wikipedia

ക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് മാനവകുലത്തിന് പ്രതീക്ഷയുടെ കൂടി അടയാളമാണ്. ഈസ്റ്റര്‍ ആഘോഷത്തെ ചുറ്റിപ്പറ്റി വിവിധ ആചാരങ്ങളും വിശ്വാസങ്ങളും ലോകമെമ്പാടും രൂപപ്പെട്ടിട്ടുണ്ട്.  ക്രിസ്തുവിന്റെ ഉയിര്‍പ്പിനെ വ്യത്യസ്തങ്ങളായ പല ആചാരങ്ങളിലൂടെയാണ് ലോകം അനുസ്മരിക്കുന്നത്. കൈനിറയെ സമ്മാനങ്ങളും മിഠായിപ്പൊതികളുമായി വരുന്ന ഈസ്റ്റര്‍ ബണ്ണി മുതല്‍ പുരാതന കാലത്തെ മെസോപ്പൊട്ടോമിയയിലെ ക്രിസ്ത്യനികള്‍ക്കിടയില്‍ ആചാരമായുണ്ടായിരുന്ന ഈസ്റ്റര്‍ മുട്ട വരെ അക്കൂട്ടത്തിലുണ്ട്. ജര്‍മനിയിലാണ് ഈസ്റ്റര്‍ ബണ്ണിയെന്ന മുയലിന്റെ ജനനം. വര്‍ഷത്തില്‍ ഒരുപാട് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നതിന്റെ ഭാഗമായാണ് മുയലുകള്‍ ഈസ്റ്ററിന്റെ  ഭാഗമായതെന്നാണ് വിശ്വാസം. ജീവന്റെ പ്രതീകമായാണ് മുട്ടകളെ കാണുന്നത്.  പല നാടുകളിലും ഈസ്റ്റര്‍ ബണ്ണിക്കും ഈസ്റ്റര്‍ മുട്ടയ്ക്കും പല വിശ്വാസങ്ങളാണ്. ചില രാജ്യങ്ങളില്‍ മുട്ടയെ അലങ്കരിച്ച് മുട്ടയ്ക്കുള്ളില്‍ ചോക്ലേറ്റും മധുര പലഹാരങ്ങളും കൈമാറുന്നത് ഈസ്റ്റര്‍ ആഘോഷത്തിന്റെ ഭാഗമാണ്.

ഫ്രാന്‍സില്‍ മണി മുഴങ്ങും
ഈസ്റ്ററിന് സമ്മാനപ്പൊതികളും മധുരപലഹാരങ്ങളും പള്ളിമണികള്‍ കൊണ്ടുവരുമെന്നാണ് വിശ്വാസം. പെസഹ വ്യാഴം മുതല്‍ ശനി വരെ പള്ളി മണികള്‍ മുഴങ്ങാറില്ല. ഈ ദിവസങ്ങളില്‍ മാര്‍പ്പാപ്പയുടെ അനുഗ്രഹം തേടി പള്ളിമണികള്‍ റോമിലേയ്ക്ക് പറക്കുമെന്നും ഈസ്റ്റര്‍ ദിവസം സമ്മാനങ്ങളും മധുരപലഹാരങ്ങളുമായി തിരികെ എത്തുമെന്നാണ് വിശ്വാസം. എന്നാല്‍ ബെസിയേഴ്സ് എന്ന ഗ്രാമത്തില്‍ ഈസ്റ്റര്‍ ആഘോഷങ്ങളുടെ ഭാഗമാകുന്നത് ഒരു ഭീമന്‍ ഓംലെറ്റാണ്. 15, 000 മുട്ടകള്‍ കൊണ്ട് ഭീമന്‍ ഓംലറ്റ് ഉണ്ടാക്കുന്നത്. ഇത് ഗ്രാമത്തില്‍ തന്നെ എല്ലാവര്‍ക്കും വിതരണം ചെയ്യുന്നതും പ്രധാന ചടങ്ങുകളുടെ ഭാഗമാണ്.

placeholder
ഈസ്റ്റർ എഗ്ഗ്സ് /Getty Images

പട്ടം പറത്തി ബര്‍മുഡ
ക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് പട്ടം പറത്തിയാണ് ബര്‍മുഡക്കാര്‍ ആചരിക്കുന്നത്. സ്നേഹത്തിന്റെയും സഹനത്തിന്റെയും പ്രതീകമായാണ് അവര്‍ ആഘോഷത്തെ കാണുന്നത്. ഈസ്റ്റര്‍ ദിനം കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം ചെലവഴിക്കാനും ബര്‍മുഡക്കാര്‍ ശ്രദ്ധിക്കാറുണ്ട്. പട്ടം നിര്‍മ്മിക്കുന്നതും തുടര്‍ന്നുള്ള ആഘോഷങ്ങളുടെ പ്ലാനിങ്ങും വരെ കുടുംബത്തിലുള്ളവര്‍ ചേര്‍ന്ന് തീരുമാനിക്കും. പല രൂപത്തിലും വര്‍ണത്തിലുമുള്ള പട്ടങ്ങളാണ് പട്ടം പറത്തലിന്റെ ഭാഗമാകുന്നത്. ഇതിന് പുറമെ തന്നത് വിഭവങ്ങള്‍ ഒരുക്കിയും പരമ്പരാഗത മത്സരങ്ങള്‍ സംഘടിപ്പിച്ചും ബര്‍മുഡക്കാര്‍ ഈസ്റ്റര്‍ ആഘോഷം

ഈസ്റ്റര്‍ മുട്ടകളെ അലങ്കരിച്ച് പോളണ്ട്
ഈസ്റ്റുമായി ബന്ധപ്പെട്ട് പോളണ്ടിന് നിരവധി സവിശേഷമായ ആചാരങ്ങളുണ്ട്. ഈസ്റ്റര്‍ മുട്ടകള്‍ വര്‍ണാഭമായി അലങ്കരിച്ചാണ് പോളണ്ടിന്റെ ഈസ്റ്റര്‍ ആഘോഷം. ചായങ്ങളും നിറങ്ങളും ചേര്‍ന്നുള്ള ഒരു കളര്‍ഫുള്‍ ആഘോഷം. ആത്മീയതയുടെയും സന്തോഷത്തിന്റെയും പ്രതീകമായാണ് പോളണ്ടുകാര്‍ ഈസ്റ്റര്‍ ആഘോഷത്തെ കാണുന്നത്. പോളണ്ടിന്റെ പരമ്പരാഗതമായിട്ടുള്ള ഭക്ഷണങ്ങള്‍ ഭംഗിയായി കൊട്ടകളില്‍ അലങ്കരിച്ചും പരസ്പരം സമ്മാനപൊതികള്‍ കൈമാറിയും ദിനത്തെ കൂടുതല്‍ മനോഹരമാക്കാറുണ്ട്.  ഈസ്റ്റര്‍ കഴിഞ്ഞുള്ള തിങ്കളാഴ്ച പരസ്പരം വെള്ളം ഒഴിച്ച് ആഘോഷങ്ങള്‍ക്ക് പരിസമാപ്തി കുറിക്കും. ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരസ്പരം മാറിയാണ് വെള്ളം ഒഴിക്കുന്നത്. വെറ്റ് മണ്‍ഡേ എന്നാണ് ഈ ദിനം അറിയപ്പെടുന്നത്.

മുട്ട വേട്ടയ്ക്കിറങ്ങി അമേരിക്ക
പലവിധ ചടങ്ങുകളാല്‍ പ്രസിദ്ധമാണ് അമേരിക്കയിലെ ഈസ്റ്റര്‍ ആഘോഷം. മുട്ടവേട്ടയാണ് അമേരിക്കയിലെ ഈസ്റ്റര്‍ ആഘോഷത്തെ വേറിട്ടതാക്കുന്നത്. വീടുകളിലും പൂന്തോട്ടങ്ങളിലുമായി ഒളിച്ചുവെച്ചിട്ടുള്ള മുട്ടകള്‍ കണ്ടെത്തുകയാണ് വേണ്ടത്. കുട്ടികളാണ് മുട്ട വേട്ടയ്ക്കിറങ്ങുന്നത്. ഏറ്റവും കൂടുതല്‍ മുട്ടകള്‍ കണ്ടെത്തുന്നവരാണ് വിജയികള്‍. ഇവര്‍ക്ക് മധുരപലഹാരങ്ങളും ചോക്ലേറ്റുകളുമടങ്ങിയ സമ്മാനപൊതികള്‍ നല്‍കും. യൂറോപ്പിലാണ് മുട്ടവേട്ടയുടെ ഉദ്ഭവമെങ്കിലും 18-ാം നൂറ്റാണ്ടോടെയാണ് ചടങ്ങ് അമേരിക്കയിലെത്തുന്നത്. ഈസ്റ്റര്‍ സണ്‍ഡേ നടക്കുന്ന ഈസ്റ്റര്‍ പരേഡ് എന്ന സാംസ്‌കാരിക പരിപാടിയും അമേരിക്കയിലെ പ്രധാന ഈസ്റ്റര്‍ ആഘോഷങ്ങളില്‍ ഒന്നാണ്. ഈസ്റ്റര്‍ തീമായിരിക്കും പരേഡിന്റെ മുഖ്യആകര്‍ഷണം. പുതിയ വസ്ത്രങ്ങള്‍ ധരിച്ചും ആശംസകള്‍ നേര്‍ന്നും പാട്ടുകള്‍ പാടിയും നൃത്തം ചെയ്തുമാണ് പരേഡ്. മധുരപലഹാരങ്ങളും സമ്മാനങ്ങളും അടങ്ങിയ ഈസ്റ്റര്‍ ബാസ്‌ക്കറ്റുകള്‍ പരസ്പരം കൈമാറുന്നതും ഈസ്റ്റര്‍ ചടങ്ങുകളുടെ ഭാഗമാണ്. സമ്മാനങ്ങളും മിഠായിപ്പൊതികളുമായി വരുന്ന ഈസ്റ്റര്‍ ബണ്ണിയും അമേരിക്കയുടെ ഈസ്റ്റര്‍ ആഘോഷങ്ങളുടെ ഒരു പ്രതീകമാണ്.

placeholder
വൈറ്റ്ഹൗസിന് മുന്നിലെ മുട്ടവേട്ട/Getty Images

മുട്ടയേറുമായി ഇംഗ്ലണ്ട്
ഇംഗ്ലണ്ടിലെ പ്രധാന ഈസ്റ്റര്‍ വിനോദങ്ങളിലൊന്ന് മുട്ടയേറാണ്. പുഴുങ്ങിയ മുട്ടകള്‍ രണ്ട് പേര്‍ പരസ്പരം എറിയുന്നതാണ് ആഘോഷം. ആരുടെ മുട്ടയാണോ കൂടുതല്‍ നേരം പൊട്ടാതെ നില്‍ക്കുന്നത്, അയാളാണ് വിജയിക്കുന്നത്. ഇതിന് പുറമെ കുതിരയോട്ടം, ഹാന്‍ഡ്ബോള്‍ ഗെയിംസ്, മുട്ടവേട്ട തുടങ്ങി വ്യത്യസ്തങ്ങളായ പല ആഘോഷങ്ങളും ഈസ്റ്ററിന്റെ ഭാഗമായി നടക്കാറുണ്ട്. പരമ്പരാഗത ചടങ്ങുകള്‍ക്കൊപ്പം തന്നെ സന്തോഷത്തിന്റെയും പ്രതീകമായാണ് ഈസ്റ്ററിനെ ഇംഗ്ലണ്ടുകാര്‍ കാണുന്നത്.  ഇംഗ്ലണ്ടില്‍ മുട്ടയേറാണെങ്കില്‍ കളിമണ്‍പാത്രങ്ങള്‍ വീടിന് പുറത്തേക്ക് വലിച്ചെറിയുന്നതാണ് ഗ്രീസിനെ ഈസ്റ്റര്‍ ആഘോഷങ്ങളില്‍ വേറിട്ട് നിര്‍ത്തുന്നത്. ഈസ്റ്ററിനു മുന്നോടിയായാണ് കളിമണ്‍ പാത്രങ്ങള്‍ എറിയുന്നത്. വസന്തത്തെ വരവേല്‍ക്കുന്നതിനു മുന്നോടിയായാണ് ചടങ്ങ് നടത്തുന്നതെന്നാണ് ഗ്രീസിന്റെ വാദം.