ഗായിക സിതാര കൃഷ്ണകുമാർ രുചിയോർമയുടെ പൊതിതുറന്ന് ആദ്യം പുറത്തെടുത്തത് സ്‌കൂൾകാലമാണ്. ഒന്നാലോചിച്ചു നോക്കിയാൽ രുചിയും രാഗവും ഒരുപോലെയല്ലേ.. അസംഖ്യം കൈവഴികളായി പടർന്നു പിരിഞ്ഞും പല ഭാവങ്ങൾ പകർന്നും രണ്ടും ഒരുപോലെ മനം നിറയ്ക്കും.

To advertise here,

''മലപ്പുറംകാരിയാണ് ഞാൻ. പക്ഷേ, നൃത്തവും പാട്ടും പഠിച്ചത് കോഴിക്കോട്ട് നിന്ന്. അതിരാവിലെ ക്ലാസ്സിനു പോകും. കഴിക്കാനുള്ള ഭക്ഷണം പൊതിഞ്ഞെടുത്തുകൊണ്ടുള്ള പോക്കാണ്. ക്ലാസ്സിൽ നിന്ന് വസ്ത്രം മാറി സ്‌കൂൾ യുണിഫോമിട്ടാണ് മടക്കം. വീട്ടിൽ വന്ന് ഒരുങ്ങാനുള്ള നേരമൊന്നും കിട്ടില്ല. മുക്കാൽമണിക്കൂറോളമുണ്ട് ആ ബസ് യാത്ര. ബസിലിരുന്നായിരുന്നു എന്റെ ഭക്ഷണം. സീറ്റ് കിട്ടണേ എന്ന പ്രാർഥനയോടെയാണ് ബസിൽ കയറുന്നത്. ഇടയ്‌ക്കൊക്കെ അമ്മ വരുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറി വേറെ വല്ലതും വാങ്ങിത്തരും. ബസിലിരുന്ന് പഫ്‌സ് തിന്നതൊക്കെ ഓർമയിലുണ്ട്.''

മലബാർ മേന്മ

''എനിക്ക് എന്റെ നാടിന്റെ രുചികളോടാണ് ഏറ്റവും ഇഷ്ടം. അവിടുത്തെ നാടൻ കറികളും വിഭവങ്ങളും പലഹാരങ്ങളും തരുന്ന നിറവ് മറ്റെവിടെ നിന്നും കിട്ടുമെന്ന് തോന്നുന്നില്ല. പല സ്ഥലത്തും പോയി ബിരിയാണി കഴിച്ചിട്ടും മലബാറി ബിരിയാണിയുടെ അടുത്തെത്തുന്ന ഒരെണ്ണം കണ്ടിട്ടില്ല. ഹൈദരാബാദിൽ പോയപ്പോൾ അവിടുത്തെ പേരുകേട്ട പല ഹോട്ടലുകളിലും കയറി ബിരിയാണി രുചിച്ചുനോക്കി. ചില സൈഡ് ഡിഷുകളോടൊക്കെ താത്പര്യം തോന്നിയെങ്കിലും ബിരിയാണി അത്ര ഗംഭീരമായി തോന്നിയില്ല. നാട്ടിൻപുറത്തെ കല്യാണവീടുകളിൽ കിട്ടും ഇതിനേക്കാൾ നല്ല ബിരിയാണി എന്നുതോന്നി. ബിരിയാണിയിൽ പൈനാപ്പിൾ ചേർക്കുന്ന രീതിയോടും താത്പര്യമില്ല. ഒരുപാട് മസാല ചേർക്കാത്ത മിനിമം മലബാറി ബിരിയാണി തന്നെ കേമം. സാലഡ് പോലും പലപ്പോഴും ആവശ്യമില്ല.''

സഫലമല്ലാത്ത രുചിയാത്രകൾ

''ഒരുപാട് കാലം കൊതിച്ചുകൊതിച്ച് ഞാൻ ഒരു ഡ്യൂരിയൻ പഴം വാങ്ങിച്ചു. സിംഗപ്പൂരിന്റെ ദേശീയ പഴം ആണ്. ഒറ്റ നോട്ടത്തിൽ ചക്ക ആണെന്ന് തോന്നും. ഒരുപാട് പറഞ്ഞുകേട്ടിട്ടുമുണ്ട്. പക്ഷേ, വലിയ അബദ്ധമായിപ്പോയി. അതിനാണെങ്കിൽ അസഹ്യമായ ഗന്ധം. അതിന്റെ രുചിയും എനിക്ക് പിടിച്ചില്ല. വാങ്ങിച്ച അതേപോലെ തന്നെ പൊതിഞ്ഞ് വെയിസ്റ്റിലിട്ടു. പ്രതീക്ഷകൾ തകർന്നതിന്റെ സങ്കടം. പോരാത്തതിന്, നല്ല പണവും ചിലവായി. പലരും പുകഴ്ത്തി പറഞ്ഞതുകേട്ട് ചില ഹോട്ടലുകൾ തേടിപ്പിടിച്ചുപോയി ഭക്ഷണം കഴിച്ചിട്ടുണ്ട്. പല ഹോട്ടലുകളും നിരാശപ്പെടുത്തി. ചിലയിടത്ത് നിന്നൊക്കെ പണിയും കിട്ടി. വയറുവേദനയുടെ രൂപത്തിൽ.''

 

placeholder
സിതാര കൃഷ്ണകുമാർ

പാചകത്തിരക്കുകൾ

''പാചകം എനിക്കിഷ്ടമാണ്. ഞാൻ ആസ്വദിച്ച് ചെയ്യുന്ന അനേകം കാര്യങ്ങളിലൊന്നാണത്. പക്ഷേ, ഇപ്പോൾ പഴയപോലെ സമയം കിട്ടാറില്ല. എന്റെ തൊഴിൽ ജീവിതം അങ്ങനെയാണ്. നിരന്തര യാത്രകൾ. റെക്കോഡിങ്ങും ഷൂട്ടിങ്ങും എപ്പോൾ അവസാനിക്കുമെന്ന് മുൻകൂട്ടി പറയാൻ പറ്റില്ല.

ഈ വിഷുക്കാലത്ത് എന്റെ കുറച്ച് സുഹൃത്തുക്കൾ വീട്ടിൽ വിരുന്നുവന്നു. അവർക്ക് ഞാൻ ഒറ്റയ്ക്ക് സദ്യയൊരുക്കി. ഈയടുത്ത കാലത്ത് ഞാൻ നടത്തിയ ഏറ്റവും വലിയ പാചകപരീക്ഷണം അതായിരുന്നു. വീട്ടിലെ മറ്റുള്ളവർ പിന്തുടരുന്ന ഭക്ഷണ രീതിയല്ല എന്റേത്. ഞാൻ ഒരു പ്രത്യേക ഡയറ്റ് അനുസരിച്ചാണ് ഭക്ഷണം കഴിക്കുന്നത്. അത് മറ്റുള്ളവർക്ക് ബുദ്ധിമുട്ടാകാതിരിക്കാൻ പരമാവധി ശ്രമിക്കാറുണ്ട്. അതുകൊണ്ട് സ്വന്തം ടിഫിൻ തയ്യാറാക്കാൻ സമയം കണ്ടെത്തും.''

ചിത്രച്ചേച്ചി പഠിപ്പിച്ച ചിട്ടകൾ

''പൊതുവെ തണുപ്പ് തൊണ്ടയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. എസ്.പി.ബി. സാർ ഐസ് ക്രീം കഴിക്കുമായിരുന്നു. പക്ഷേ, എനിക്കത് പ്രശ്‌നമല്ലെന്ന് കരുതി നിങ്ങൾക്ക് അങ്ങനെയാകണമെന്നില്ല എന്ന് പറയുമായിരുന്നു. എല്ലാവരുടെയും ശരീരവും അതിന്റെ പരിധികളും പരിമിതികളും വ്യത്യസ്തമാണ്. ഓരോരുത്തരുടെയും അരുതുകൾ വെവ്വേറെയാണ്. അസിഡിറ്റി ഗായകരെ പെട്ടെന്ന് ബാധിക്കും. അതുകൊണ്ട് ഭക്ഷണം ശ്രദ്ധിച്ചേ പറ്റൂ. ചിലർക്ക് തണുപ്പ് കഴിച്ചാലും പ്രശ്‌നം ഉണ്ടാകില്ല. പക്ഷേ, പുളി ഒട്ടും പറ്റുന്നുണ്ടാകില്ല. ഞാൻ തണുത്തതൊന്നും അങ്ങനെ കഴിക്കാറില്ല. പുളി ഒട്ടുമില്ലാത്ത തൈര് കഴിക്കും.

സ്റ്റാർ സിങ്ങറിൽ ചിത്ര ചേച്ചിയ്‌ക്കൊപ്പം കൂടിയതിൽ പിന്നെയാണ് എനിക്ക് അടുക്കും ചിട്ടയും വന്നത്.  ചിത്ര ചേച്ചി എവിടെപ്പോയാലും ബാഗിൽ തണുപ്പിച്ചാറ്റിയ വെള്ളം കാണും. എരിവും പുളിയുമുള്ള ഭക്ഷണം ചേച്ചി ഒഴിവാക്കും. ആർക്ക് പെട്ടെന്ന് ഒരു അസുഖം വന്നാലും ചേച്ചിയുടെ ബാഗിൽ മരുന്ന് കാണും. ആ ശ്രദ്ധയും സംഗീതത്തോടുള്ള സമർപ്പണവും എന്റെ കാഴ്ചപ്പാടുകൾ തിരുത്തി. പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കൽ ഞാൻ കുറച്ചു. സ്വന്തമായി ടിഫിൻ കൊണ്ടുപോയിത്തുടങ്ങി. സംഗീതം കൊണ്ടും ജീവിതശൈലി കൊണ്ടും ചിത്ര ചേച്ചി എനിക്ക് വഴിവെട്ടമാണ്.''

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi